Jan 6, 2008

അങ്ങനെ ഒരു ഡയറക്റ്റ് മാര്‍ക്കറ്റിംഗ് - 4

പതിനെട്ടരക്കമ്പനീലെ ആക്റ്റീവ് മെമ്പറും വേലികളിലിരിക്കുന്ന പാമ്പുകളെ മൊത്തത്തില്‍ ലേലത്തിനെടുത്ത് നാട്ടുകാരുടെ സ്നേഹമസൃണമായ പിതൃസ്തുതികള്‍ ആവോളമേറ്റുവാങ്ങുന്നവനും പരിസരവാസികള്‍ക്ക് തലവേദന, സമാധാനക്കേട്, നിദ്രാവിഹീനത മുതലായവ റീട്ടെയിലായും ഹോള്‍സെയിലായും വിതരണം ചെയ്യുന്നവനുമായ ഞാന്‍ ജോലിക്കു പോയിത്തുടങ്ങിയത് പ്രദേശവാസികളില്‍ ഒട്ടൊക്കെ ആശ്വാസവും തെല്ലൊരു ആശ്ചര്യവും ജനിപ്പിച്ചു എന്ന വസ്തുത ഞാന്‍ തിരിച്ചറിഞ്ഞു തുടങ്ങി. ഈ തിരിച്ചറിവാണ് പണ്ടാരടങ്ങിയ ഡയറക്റ്റ് മാ‍ര്‍ക്കറ്റിംഗുമായി മുന്നോട്ടുപോകുവാന്‍ എനിക്കേറ്റവും പ്രേരകമായത്. പെട്ടൊന്നൊരു തിരിച്ചുവരവും പതിവിന്‍പടി കലുങ്കിന്മേലിരിപ്പും നാട്ടുകാരിലുളവാക്കിയേക്കാവുന്ന വേദനയുടേയും നൈരാശ്യത്തിന്റെയും ആ‍ഴം എനിക്കു നല്ല നിശ്ചയമുണ്ടായിരുന്നു. എന്തായാലും നനഞ്ഞു, എന്നാപ്പിന്നെ വിസ്തരിച്ചൊന്നു കുളിച്ചു കേറിയാല്‍ ഉള്ള ചീത്തപ്പേരു നഷ്‌ടപ്പെടാതെ സൂക്ഷിക്കാമല്ലോ.

ഒരുനാള്‍ ജോലിയും കഴിഞ്ഞു വന്ന എന്നെക്കാത്ത് വീട്ടിലൊരാള്‍ ഇരിപ്പുണ്ടായിരുന്നു. പടിഞ്ഞാറേ വീട്ടിലെ അമീറുമോന്റെ ഉമ്മ. അമീറുമോന്‍ എന്റെ സുഹൃത്താണ്. തൊഴിലില്ല്ലാക്കമ്പനിയുടെ നെടുനായകനാണ്. ബഹറൈനില്‍ വാഹനങ്ങളുടെ സ്പെയര്‍പാര്‍ട്സു വില്‍ക്കുന്ന കടയിലായിരുന്നു. അരിയെത്രാന്നു ചോദിച്ചാ‍ല്‍ പയറഞ്ഞാഴി. എന്തെങ്കിലുമെടുക്കാന്‍ പറഞ്ഞാല്‍ ഒന്നൊന്നൊര മണിക്കൂര്‍ എല്ലായിടവും തപ്പിയിട്ട് അറബീടെ മുന്നില്‍ വന്ന് വെളുക്കെ ചിരിക്കും. പെട്രോള്‍ പമ്പിലേക്കു മാറ്റി. പെട്രോളു വണ്ടിക്കു ഡീസലടിച്ചു കൊടുത്തതിന്റെ പിറ്റെന്നാള്‍ നാട്ടില്‍ തിരിച്ചിറങ്ങി; അറബീടെ ചെലവില്‍ത്തന്നെ.

അമീറുമോന്റെ ഉമ്മ ശുപര്‍ശയുമായി വന്നതാണ്. “മോന്റെ കമ്പിനീ അവനേങ്കുടെ ജോലിക്കെടുക്കണം. പേറിഷ്യേ പോയട്ടും ഗതിപിടിച്ചില്ല. വേലേംകൂലീമില്ലാതെ എത്ര നാളായിങ്ങനെ…മോന്‍ വിയാരിച്ചാ നടക്കും. ”
ഞാന്‍ ചിരിച്ചു പോയി. ഞാന്‍ വിയാരിച്ചില്ലേലും അമീറുമോന്‍ നടക്കും. പകലന്തിയോളം, തെക്കുവടക്ക് തേരാപ്പാരാ. അവന്റെ അഡ്രസ്സെങ്ങാനും ‘കമ്പിനീല്‍’ കിട്ടിയാല്‍ മതി. കോഴിക്കുഞ്ഞിനെ റാഞ്ചുന്നതു പോലെ കൊത്തിയെടുത്തോണ്ടു പോകും കമ്പനിപ്രാപ്പിടിയന്‍. ഞനാന്നേ ഒറ്റയ്‌ക്ക്. അമീറുമോന്‍ ബെസ്റ്റ് കമ്പനി. ഞാന്‍ സമ്മതം മൂളി.

അമീറുമോനു രണ്ടാഴ്ച ട്രെയ്‌നിംഗ് കൊടുക്കാന്‍ ഞാന്‍ തന്നങ്ങു നിശ്ചയിച്ചു. കൂടെ നടക്കാനൊരാളായല്ലോ. അങ്ങനെ നടന്നു കൊണ്ടിരിക്കുന്ന ഒരുനാളില്‍ ഒരുവീട്ടുമുറ്റത്ത് ഒരു യുവതിയും ഒരു റ്റീനേജ് പെണ്‍കുട്ടിയും വര്‍ത്തമാനം പറഞ്ഞു തലയറഞ്ഞു ചിരിക്കുന്നത് എന്റെ ശ്രദ്ധയില്‍പ്പെട്ടു. വേറെ വല്ലോം ആലോചിക്കാനുണ്ടോ, നേരേ അങ്ങോട്ടു കയറിച്ചെന്നു. പാവാടയും ബ്ലൌസുമാണ് പെണ്‍കുട്ടിയുടെ വേഷം. ഒരു സുന്ദരിക്കുട്ടി. പ്രായം പതിനെട്ടിനടുത്തുണ്ടാവും. ആ ചേച്ചീടെ വേഷം എന്തരോ, ഓര്‍ക്കുന്നില്ല. വര്‍ത്തമാനത്തില്‍ നിന്നും പെണ്‍കൊടി അയലത്തേതാണെന്നു ബോധ്യപ്പെട്ടു. ഞാന്‍ പെട്ടെന്ന് നാടോടിക്കാറ്റിലെ മോഹന്‍ലാലായി, അമീറുമോനെ ശ്രീനിവാസനാക്കി. ‘എന്നെ ഇവിടെ സാറേന്നു വിളിക്കണം…ഇന്നത്തെക്കച്ചോടം മുഴുവന്‍ നിനക്കു തരാം‘ ഞാന്‍ അവന്റെ കാതില്‍ കിടിലന്‍ ഓഫറിട്ടു, കാലില്‍ച്ചവിട്ടി. പതിവിലും ഉഷാറായി, ആംഗലേയം കൂടുതല്‍ ചേര്‍ത്ത് ഞാന്‍ ‘പിച്ചിംഗ്‘ തുടങ്ങി.പുട്ടിനു പീര പോലെ വാക്കുകള്‍ക്കിടയില്‍ ‘മാഡം വിളി’ ധാരാളം തിരുകി. മഹിളാമണികള്‍ ആശ്ചര്യ പരതന്ത്രരാ‍യി ഞങ്ങളെ മിഴിച്ചു നോക്കി നില്‍ക്കുകയാണ്.
‘അമീര്‍’ ഞാന്‍ വിളിച്ചു.
‘സര്‍’. ‍
‘പ്രോഡക്റ്റ് ഓരോന്നായി ഇവരെ കാണിച്ചുകൊടുക്കൂ…‘

അമീറുമോന്‍ ബാഗില്‍ നിന്നും ഓരോന്നുമെടുത്ത് തരുണീമണികളുടെ കയ്യിലേക്കു കൊടുത്തു. അവര്‍ തിരിച്ചും മറിച്ചും നോക്കി. ഗുണഗണങ്ങളെക്കുറിച്ച് വാഗ്വാദങ്ങളിലേര്‍പ്പെട്ടു.
അവസാനം ചേച്ചീടെ വാക്കുകള്‍: “ഇയ്യോടീ വിദ്യേ, സാധനമെല്ലാം കൊള്ളാം. പക്ഷേ…വിഷ്‌ണൂന്റച്ചന്റെ കാശ് വരാതെങ്ങനാ…”
ഒരുനിമിഷം. വിദ്യയുടേയും എന്റെയും കണ്ണുകള്‍ തമ്മിലിടഞ്ഞോന്നൊരു സംശയം.
വിദ്യ എന്നോടൊരു ചോദ്യം. “അപ്പഴേ നിങ്ങളിത് ഇന്‍സ്റ്റാള്‍മെന്റില്‍ കൊടുക്കുമോ?”
“നോ മാഡം…ഇന്‍സ്റ്റാള്‍‍മെന്റ് സ്കീം ഇപ്പോള്‍ ഞങ്ങളുടെ കമ്പനിക്കില്ല…“
“ഇയ്യോ എന്നെ മാഡമെന്നൊന്നും വിളിക്കണ്ട…” അവള്‍ നാണത്തോടെ പറഞ്ഞു.
പെട്ടെന്നൊരുപായം. ഒരു ചൂണ്ട ഇട്ടു നോക്കാം. കൊത്തിയാല്‍ ഊട്ടി…ഇല്ലേ ചട്ടി ഞങ്ങടെ കയ്യില്‍ത്തന്നെ…
“ഒരു കാര്യം ചെയ്യാം. ഞാനെന്റെ ഫോണ്‍ നമ്പര്‍ തരാം. കാശുള്ളപ്പോള്‍ എന്നെ വിളിച്ചാല്‍ മതി. അല്ലെങ്കില്‍ വിദ്യേടെ നമ്പര്‍ തരൂ, ഞാന്‍ വിളിച്ചന്വേഷിക്കാം…”
ചേച്ചി ഇടപെട്ടു. “നിങ്ങടെ നമ്പര് തന്നാ മതി. വേണവെങ്കി വിളിച്ചു പറയാം”
“ശരി മാഡം.” ഞാന്‍ ഒരു തുണ്ടുകടലാസ്സില്‍ എന്റെ നമ്പരെഴുതി ഒന്നു ചേച്ചിക്കും ഒന്നു വിദ്യക്കും കൊടുത്തു.
“അപ്പോള്‍ ശരി, ഞങ്ങളിറങ്ങട്ടെ…വിളിക്കണം കേട്ടോ” വിദ്യയുടെ മുഖത്തു നോക്കി മനോഹരമായിട്ടൊന്നു പുഞ്ചിരിച്ചിട്ടാണ് ഞാനത് പറഞ്ഞത്. പോകും വഴി ഒന്നു തിരിഞ്ഞു നോക്കിയപ്പോള്‍ ദാ വിദ്യ എന്നെത്തന്നെ നോക്കിനില്‍ക്കുന്നു…

ഉച്ച കഴിഞ്ഞു. ഇപ്പോള്‍ ഞങ്ങള്‍ മറ്റൊരു കസ്റ്റമറുടെ അടുത്താണ്. അത്യാവശ്യം കൊമ്പന്‍ മീശയൊക്കെയുള്ള ഒരു ചേട്ടനും ഭാര്യയും രണ്ടു മക്കളും. അവര്‍ ഒരു ടോര്‍ച്ചു വാങ്ങിയിരിക്കുന്നു. പൈസായും വാങ്ങി തിരിയവേ ചേട്ടന്റെ ചോദ്യം.” അപ്പഴേ, പത്തുകൊല്ലത്തെ ഗ്യാരണ്ടിയൊക്കെ ശരി. ഇതിനു വല്ല കേടും പറ്റിയാല്‍ നിങ്ങളെ എവിടെച്ചെന്നു തപ്പും?”
ഞാന്‍ ബില്ലില്‍ അഡ്രസ്സുണ്ടെന്ന പതിവു പല്ലവി ആവര്‍ത്തിച്ചു. ”ങാ, പിന്നേ ചെങ്ങന്നൂരു വരെ വരാ‍ന്‍ ആര്‍ക്കാ നേരം…”
അമീറുമോന്‍ ഇടപെട്ടു. “ഒരു കുഴപ്പോം വരില്ല ചേട്ടാ, അഥവാ വന്നാത്തന്നെ എന്റെ ഫോണ്‍ നമ്പര്‍ തരാം. വിളിച്ചു പറഞ്ഞാല്‍ മതി.” എനിക്കെന്തെങ്കിലും ചെയ്യാന്‍ കഴിയും മുമ്പേ അമീറുമോന്‍ അവന്റെ വീട്ടിലെ നമ്പര്‍ അയാള്‍ക്കു കൊടുത്തു കഴിഞ്ഞു. ഞാന്‍ സഹതാപത്തോടെ അമീറുമോനെ നോക്കി. പുറത്തിറങ്ങിയപ്പോള്‍ ഞാന്‍ ചൊദിച്ചു.’നീയെന്തിനാടാ നമ്പര്‍ കൊടുത്തത്?”
“ങേ, നീയാ പെണ്ണുങ്ങക്ക് നമ്പര് കൊടുത്തില്ലിയോ…”
“ഡാ, അത് സാധനം വാങ്ങാത്തോര്‍ക്കല്ലിയോ ഞാന്‍ നമ്പര്‍ കൊടുത്തത്…ആ, ഇനി വരുന്നെടത്ത് വെച്ചു കാണാം. ഈശ്വരോ രക്ഷതു…” ഞങ്ങള്‍ നടന്നു.

കുറെ ദിവസം കഴിഞ്ഞു വൈകിട്ടു വീട്ടിലെത്തിയ ഞാന്‍ കുളിക്കുന്നതിനായി കിണറ്റില്‍ നിന്നു വെള്ളം കോരിക്കൊണ്ടിരിക്കവേ പടിഞ്ഞാറേ വീട്ടില്‍ നിന്നൊരു അലര്‍ച്ച കേട്ടു.

“എറങ്ങെടാ വെളീല്…. ഈ മുറ്റത്തു കാല്‍ ചവിട്ടരുത്…” അമ്പരപ്പോടെ ഞാന്‍ നോക്കിയപ്പോള്‍ അമീറു മോന്റെ ബാപ്പ ഗര്‍ജ്ജിക്കുകയാണ്.
“ഇത്രേം നാള് വീട്ടിനാത്തു സഹിച്ചാ മതിയാരുന്നു. ഇപ്പം നാട്ടുകാരേം പറ്റിക്കാനെറങ്ങിയേക്കുന്നോ…ങാ ഹാ…” അങ്ങേരു ജ്വലിക്കുകയാണ്. അമീറുമോന്‍ തലകുമ്പിട്ടു നില്‍ക്കുന്നത് കണ്ട എനിക്കു ചിരി പൊട്ടി.
“എടാ പട്ടീ, എന്തെല്ലാം പങ്കപ്പാട് പെടേണ്ടി വന്നിട്ടെങ്കിലും നാട്ടുകാരെ പറ്റിച്ച് ജീവിക്കണ്ട ഗതികേട് ഈ കുഡുമ്മത്തിനൊണ്ടായിട്ടില്ലെടാ..എറങ്ങിപ്പോഡാ..ഈ വീട്ടിനാത്തു കേറിപ്പോകല്ല്…” വീടിന്റെ വാതില്‍ അമീറുമോന്റെ മുമ്പില്‍ താത്കാലികമായി കൊട്ടിയടക്കപ്പെട്ടു.

സംഗതി പിന്നീടറിഞ്ഞു. പത്തു കൊല്ലം ഗ്യാരന്റിയുള്ള ടോര്‍ച്ച് പത്താം നാള്‍ ചരമമടഞ്ഞതിന്റെ അനുശോചനമറിയിക്കാന്‍ മീശക്കാരന്‍ കസ്റ്റമര്‍ വിളിച്ചപ്പോള്‍ അമീറുമോന്റെ കഷ്‌ടകാലത്തിനു ഫൊണെടുത്തത് അവന്റെ ബാപ്പയായിരുന്നു. അപ്പന്‍, അമ്മ, അപ്പൂപ്പന്‍, വല്യപ്പൂപ്പന്‍, വല്യമ്മൂമ്മ എന്നിങ്ങനെ ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ മുഴുവന്‍ ആത്മാക്കള്‍ക്കും മീശക്കാരന്‍ നിത്യശാന്തി നേര്‍ന്നത് ഫോണില്‍ക്കേട്ട് ആഹ്ലാദം പൂണ്ട ബാപ്പ അമീറുമോനു സസ്പെന്‍ഷന്‍ ഓര്‍ഡര്‍ നല്‍കുന്ന തത്സമയ ദൃശ്യങ്ങളായിരുന്നു ഞാന്‍ കണ്ടത്.

പിന്നെ നടപ്പ് വീണ്ടും ഒറ്റക്ക്. തിരുവല്ല ടൌണിന്റെ പ്രാന്തപ്രദേശങ്ങളിലൂടെ ചുറ്റിത്തിരിയുന്ന പ്രഭാതനേരം. ഞാനൊരു മണിമാളികയുടെ കോളിങ്ബെല്‍ അമര്‍ത്തി കാത്തുനില്‍ക്കുകയാണ്.
കുറെനേരം കഴിഞ്ഞു ഒര‍മ്മാമ ഇറങ്ങിവന്നു. ഗുരുവായൂര്‍ കേശവന്റെ ഭാര്യേടെ അനിയെത്തിയെന്നു തോന്നും ആകാരം കണ്ടാല്‍. ശില്പാഷെട്ടിയുടെ ശരീരവടിവുള്ള ഒരു ചോക്ലേറ്റ് സുന്ദരി കയ്യിലൊരു ഫെമിനയുമായി പിന്നാലെ. അമ്മാമ പോട്ടെ, ചോക്ലേറ്റിനെ കണ്ടപ്പോള്‍ എന്റെ ആത്മവിശ്വാസം നഷ്ടപ്പെട്ടു. അമേരിക്കയിലെങ്ങാനും പഠിക്കുന്നതായിരിക്കണം. ആ ഭാഗത്തെ മിക്കവരും സ്റ്റേറ്റ്സിലാണ്.
“ങാ, എന്തുവേണം…” അമ്മാമ.
പതിവു പിച്ചിംഗിനു മുതിരാതെ ഞാന്‍ പതര്‍ച്ചയോടെ കാര്യം പറഞ്ഞു.
“ഇവിടെയൊന്നും വേണ്ട…”
പെട്ടെന്ന് ചോക്ലേറ്റ് ഇടപെട്ടു. “ങാ, നില്‍ക്ക് മമ്മാ, അയാള്‍ടെ കയ്യില്‍ എന്തെല്ലാമുണ്ടെന്ന് ഒന്നു കാണാല്ലോ…എന്തൊക്കെയാടോ പ്രോഡക്റ്റ്സ്?”
മനോഹരമായ ചിത്രപ്പണികളുള്ള ഒരു ബൌള്‍ സെറ്റുണ്ട് ബാഗില്‍. ‘അണ്‍ബ്രേക്കബിള്‍’ ആണു സാധനമെന്നാ പറയുന്നത്. മനേജര്‍ സാര്‍ കാര്‍പെറ്റു നിലത്തു ഒത്തിരി തവണ ഇട്ടിരുന്നു. പൂഴിമണ്ണില്‍ പാത്രമെറിഞ്ഞു നിരവധി വീട്ടമ്മമാരെ ഇതിനകം ഞാനും പറ്റിച്ചിട്ടുണ്ട്.
“മാഡം, ഇതു അഞ്ചു ബ്യൂട്ടിഫുള്‍ ബൌളുകളുടെ ഒരു സെറ്റാണ്. ഇതില്‍ സെര്‍വ്വ് ചെയ്ത് ആരെയും ഇമ്പ്രെസ്സ് ചെയ്യിക്കാം. ബിസൈഡ്‌സ്, ഇതു ‘അണ്‍ബ്രേക്കബിള്‍’ ആണ് മാഡം…“
“ഓഹോ, അപ്പം ഇതൊന്നു പൊട്ടിക്കണമെന്നു വെച്ചാല്‍ എന്നാ ചെയ്യും. ബുള്‍ഡോസര്‍ വിളിക്കണമല്ലേ?” അവള്‍ക്കു തമാശ.
“സീ മാഡം, ഇതു ഒരിക്കലും പൊട്ടില്ല, ഐ വില്‍ ഷോ യു…”
എനിക്കു പറ്റിയ ഭീമാബദ്ധം. പോര്‍ച്ചിന്റെ തറ ഗ്രാനൈറ്റ് പാകിയതാ‍ണെന്ന് ശ്രദ്ധിക്കാതെ ഞാനൊരു ബൌളെടുത്ത് നിലത്തിട്ടു.

പൊട്ടിത്തകര്‍ന്നത് ബൌളായിരുന്നില്ല; എന്റെ ഹൃദയമായിരുന്നു. ആള്‍മദ്ധ്യത്തില്‍ ഉടുതുണിഞ്ഞയഴിഞ്ഞവനെപ്പോലെ ഞാന്‍ അടിവയറും പൊത്തി നിലത്തേക്കു കുനിഞ്ഞിരുന്നു. അവളുടെ പൊട്ടിച്ചിരിയും കളിയാക്കലും പ്രതീക്ഷിച്ചു മുഖമുയര്‍ത്താതിരുന്ന എന്നെ അമ്പരപ്പിച്ചു കൊണ്ട്, എന്നെ രക്ഷപ്പെടുത്താനെന്ന വണ്ണം ഒരക്ഷരം മിണ്ടാതെ അവള്‍ പെട്ടെന്നകകത്തു കയറി കതകടച്ചു. തലയുയര്‍ത്താന്‍ കഴിയാതെ ഞാന്‍ പാടുപെടവേ വീണ്ടും വാ‍തില്‍ തുറക്കപ്പെട്ടു. അമ്മമയാണ്. “പോര്‍ച്ചില്‍ കുപ്പിച്ചില്ലൊന്നും കാണരുത്. മുഴുവന്‍ പെറുക്കിയെടുത്ത് വൃത്തിയാക്കിക്കോണം.“ കുനിഞ്ഞിരുന്നു നിലം തുടച്ചു ബാഗും തൂക്കി ഞാന്‍ നേരേ ഓഫീസിലെത്തി. ബാഗ് മാനേജരുടെ നേര്ക്ക് വലിച്ചെറിഞ്ഞു. മൂടും തട്ടി കായംകുളത്തേക്ക്.

പിറ്റേ ദിവസം ‘അക്ഷരാ കോളജി‘ലെത്തിയ എന്നെക്കാത്ത് ഗോഡ്‌ഫാദര്‍ സിനിമയില്‍ കല്യാണം മുടങ്ങിയ മന്ത്രിക്കൊച്ചമ്മക്ക് മുകേഷും ജഗദീഷുമൊരുക്കിയതിനേക്കാള്‍ ഗംഭീരമായൊരു സ്വീകരണവുമായി സഹ ‘അധ്യാപഹയര്‍‘ നില്‍ക്കുന്നുണ്ടായിരുന്നു.

14 Comments »

1.

പതിനെട്ടരക്കമ്പനീലെ ആക്റ്റീവ് മെമ്പറും വേലികളിലിരിക്കുന്ന പാമ്പുകളെ മൊത്തത്തില്‍ ലേലത്തിനെടുത്ത് നാട്ടുകാരുടെ സ്നേഹമസൃണമായ പിതൃസ്തുതികള്‍ ആവോളമേറ്റുവാങ്ങുന്നവനും പരിസരവാസികള്‍ക്ക് തലവേദന, സമാധാനക്കേട്, നിദ്രാവിഹീനത മുതലായവ റീട്ടെയിലായും ഹോള്‍സെയിലായും വിതരണം ചെയ്യുന്നവനുമായ ഞാന്‍ ജോലിക്കു പോയിത്തുടങ്ങിയത് പ്രദേശവാസികളില്‍ ഒട്ടൊക്കെ ആശ്വാസവും തെല്ലൊരു ആശ്ചര്യവും ജനിപ്പിച്ചു എന്ന വസ്തുത ഞാന്‍ തിരിച്ചറിഞ്ഞു തുടങ്ങി.

Comment by സിയ — February 8, 2007 @ 12:18 pm
2.

അടിപൊളി സിയാ
ഈ മാര്ക്കറ്റിംഗുകാര്‍ പിടിക്കുന്ന ഓരോ പുലിവാലേ.

Comment by നിസാര്‍ — February 8, 2007 @ 1:14 pm
3.

സിയാ, ഡയറക്റ്റ് മാര്‍ക്കറ്റിങ്ങ് എന്നൊക്കെ ബീറ്റാ വെര്‍ഷനില്‍ കണ്ടപ്പോള്‍ വല്ല കച്ചവടക്കാര്യമായിരിക്കും എന്നു കരുതി ഞാന്‍ ഇതുവരെ കയറിയില്ല. ഇന്നൊന്നു കയറി നോക്കിയപ്പോഴല്ലെ ഇതൊരു “ കതന “ കഥയാണെന്നു മനസ്സിലായത്. ആദ്യം മുതല്‍ വായിക്കട്ടേട്ടാ

Comment by കുറുമാന്‍ — February 8, 2007 @ 1:19 pm
4.

കൊള്ളാം സിയാ, തമാശകളുമായി തുടങ്ങിയ വിവരണങ്ങള്‍ തമാശയായി തന്നെ നിര്‍ത്തി. സിയായുടെ ജീവിതം മനോഹരമായി മാറട്ടെ എന്നു പ്രാര്‍ഥിക്കുന്നു..

Comment by venu — February 8, 2007 @ 2:06 pm
5.

അപ്പ വിദ്യ…

ഓണ്‍‌ടോ: വളരെ നന്നായിരുന്നു മൊത്തത്തില്‍, ഒന്നും ഓവറാകാതെയെഴുതി

Comment by സിജു — February 8, 2007 @ 3:11 pm
6.

സിയാ…. നന്നായി.
വാചകമടി.. അഥവാ.. പിച്ചിംഗ് കോളേജിലേ പറ്റു എന്ന്‌ മനസ്സിലായില്ലേ.

കൃഷ് | krish

Comment by കൃഷ് | krish — February 8, 2007 @ 4:55 pm
7.

സിയാ….ഹ.ഹ..ഹാ

എല്ലാ വീട്ടിലും കേറി വായ്‌ നോക്കാടാ..വളയിടീക്കാടാ…എന്നും പറഞ്ഞ്‌ ഡയറക്ട്‌ മാര്‍ക്കറ്റിങ്ങിനു പോയ ഒരുത്തനെ എനിക്കറിയാം.
തടി ഊരീത്‌ നന്നായി…..

Comment by sandoz — February 8, 2007 @ 5:17 pm
8.

‘ഡയറക്റ്റ്‌ മാര്‍ക്കറ്റിംഗ്‌’ അവസാന ഭാഗവും വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു കാര്യം വ്യക്തമായി; സിയ വിചാരിച്ചാല്‍ ഒന്നാംതരം ആക്ഷേപഹാസ്യം ഉണ്ടാവും. പിന്നെ, അനുഭവത്തിന്റെ തീച്ചൂളയില്‍ പൊള്ളിയതൊക്കെ ‘ഒരു തമാശ’ എന്നമട്ടില്‍ പറഞ്ഞാലും, അതിനുള്ളിലെ ചോരമണം വായനക്കാരിലെത്താതിരിക്കില്ല. അകമേയുള്ള നിശിതപരിഹാസം പുറമേയുള്ള ഹാസ്യമായി വായിച്ചാലും, ജീവിതസ്‌പന്ദങ്ങള്‍ അങ്ങനെതന്നെ കാണാനാവുന്നു.

“തുടരുകീ… യാഗാശ്വസഞ്ചാരം, പ്രിയ സിയ.”

Comment by പി. ശിവപ്രസാദ്‌ — February 10, 2007 @ 3:57 am
9.

“ഒരുനിമിഷം. വിദ്യയുടേയും എന്റെയും കണ്ണുകള്‍ തമ്മിലിടഞ്ഞോന്നൊരു സംശയം.”
കുറുക്കന്‍ ചത്താലും കണ്ണ് കോഴിക്കൂ‍ട്ടില്‍ത്തന്നെ.പിന്നീടെന്തുണ്ടായെന്നു പറഞ്ഞില്ല

Comment by Rajesh — February 10, 2007 @ 5:34 am
10.

സിയ,

നാലു ലക്കങ്ങളും കൂടെ ഒന്നിച്ചാണ് വായിച്ചത് (പ്രിന്‍റെടുത്ത്). വായിച്ച് ഒട്ടും മുഷിഞ്ഞില്ല.

തമാശയുടെ പുറംതോടണിഞ്ഞാണെങ്കിലും കഷ്ടപ്പാടുകളും നൊമ്പരങ്ങളും വായനക്കാരനെ ശരിക്കും തൊട്ടറിഞ്ഞ് പോകുന്ന എഴുത്ത്. വായിക്കുമ്പോള്‍ ഒട്ടും മടുപ്പ് തോന്നിപ്പിക്കാത്ത വിവരണം.

നന്നായിരിക്കുന്നു സിയ.

ശിവപ്രസാദ് പറഞ്ഞത് പോലെ, തീര്‍ച്ചയായും നല്ല ആക്ഷേപഹാസ്യം സിയയ്ക്ക് കാഴ്ചവെക്കാന്‍ കഴിയും :)

ആശംസകള്‍!

Comment by അഗ്രജന്‍ — February 12, 2007 @ 5:23 am
11.

സിയാ, ഇതും കലക്കി. പക്ഷെ നിര്‍ത്തിയത് കഷ്ടമായിപ്പോയി. നല്ല രസമായി വരികയായിരുന്നു.

Comment by ശ്രീജിത്ത് കെ — February 12, 2007 @ 5:18 pm
12.

ചാത്തനേറ്: ഇപ്പോഴാ കാണുന്നത്. മുഴുവനും വായിച്ചു. അസ്സലായി..(തല്ല് കിട്ടീട്ടുണ്ടോ)

Comment by കുട്ടിച്ചാത്തന്‍ — February 12, 2007 @ 6:17 pm
13.

വ‍ളരെ നന്നായിട്ടുണ്ട് സിയ , ജീവിതാനുഭവങല്‍ ഒരു പാടായല്ലെ ഈ കു‍റഞ കാലത്തിനിടക്കു

Comment by cherushola — October 2, 2007 @ 9:45 am
14.

വ‍ളരെ നന്നായി സിയ ജീവിതാനുഭവങല്‍ വിവരിച്ചിരിക്കുന്നു, ഈ കൊച്ചു പ്രായതില്‍ തന്നെ ഇത്രയും ജീവിതാനുഭവങല്‍, ഇതെല്ലാം ഭാവി ജീവിതം നന്നാക്കി എടുക്കാന്‍ സിയക്കൊരു മുതല്‍കൂട്ടാവട്ടെ, വായിച്ക്‍റിഞ്ഞ നമുക്കൂം..

Comment by cherushola — October 2, 2007 @ 10:39 am
Post a Comment