Jun 22, 2011

ഇല്ലസ്‌ട്രേറ്റര്‍ - 3


അഡോബി ഇല്ലസ്ട്രേറ്റര്‍ CS4 വേര്‍ഷനാണ് ഞാന്‍ സ്ക്രീന്‍ ഷോട്ടുകള്‍ക്ക് ഉപയോഗിച്ചിരിക്കുന്നത്. ഇല്ലസ്ട്രേറ്റര്‍ ഇല്ലാത്തവര്‍ക്ക് അഡോബി വെബ്‌സൈറ്റില്‍ നിന്ന് 30 ദിവസത്തെ ട്രയല്‍ വേര്‍ഷന്‍ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. CS5 ഉം CS4ഉം തമ്മില്‍ ഇന്റര്‍ഫേസില്‍ വലിയ വ്യത്യാസമില്ല.
പഴയ വേര്‍ഷനുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് അതുമാകാം.

നമുക്ക് തുടങ്ങാം.

ഇല്ലസ്ടേറ്റര്‍ തുറക്കുക.
ആദ്യമായി പുതിയ ഡോകുമെന്റ് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

File മെനുവില്‍ നിന്ന് New സെലക്റ്റ് ചെയ്യുക.
ഡോകുമെന്റിന് Name ഫീല്‍ഡില്‍ പേരു കൊടുക്കാം. പേജ് സൈസ് സെലക്റ്റ് ചെയ്യാം.
Advanced വിഭാഗത്തില്‍ കളര്‍മോഡ് പ്രിന്റ് ചെയ്യാനുള്ള ഡോകുമെന്റ് ആണെങ്കില്‍ CMYK, സ്ക്രീനില്‍ കാണാനാണെങ്കില്‍ RGB തെരഞ്ഞെടുക്കാം. OK.


ഇനി വര്‍ക്ക് സ്പേസ്.

താഴെ ചിത്രത്തില്‍ കാണുന്നതാണ് ഇല്ലസ്ട്രേറ്ററിന്റെ വര്‍ക്ക് സ്പേസ്. ഇല്ലസ്ട്രേറ്ററില്‍ നമുക്ക് വര്‍ക്ക് ചെയ്യാവുന്ന ഏരിയക്ക് ആര്‍ട്ട് ബോര്‍ഡ് എന്നാണ് പറയുക. ചിത്രത്തില്‍ ക്ലിക്ക് ചെയ്ത് വലുതാക്കി കാണുക.


റ്റൂള്‍ ബോക്സ്.
മുകളിലെ സ്ക്രീന്‍ ഷോട്ടില്‍ റ്റൂള്‍ ബോക്സ് ഒറ്റ കോളമേയുള്ളൂ. അതിനെ രണ്ട് കോളം ബോക്സാക്കി മാറ്റാന്‍ റ്റൂള്‍ ബോക്സിനു ഏറ്റവും മുകളിലെ ആരോയില്‍ ക്ലിക്ക് ചെയ്യുക. Rectangle പോലെയുള്ള ചില റ്റൂളുകളുടെ കള്ളിയില്‍ അദൃശ്യമായ വേറെയും റ്റൂളുകള്‍ ഉണ്ടാവും. അത്തരം റ്റൂളുകളുടെ താഴെ വലത് മൂലക്ക് ഒരു ചെറിയ ആരോ മാര്‍ക്ക് ഉണ്ടാവും. അതിനര്‍ത്ഥം ആ കള്ളിയില്‍ വേറെയും റ്റൂള്‍‌സ് ഉണ്ടെന്നാണ്. ഹിഡന്‍ റ്റൂള്‍സ് എടുക്കുവാന്‍ റ്റൂള്‍ ഐക്കണില്‍ ക്ലിക്ക് ചെയ്ത് ഹോള്‍ഡ് ചെയ്താല്‍ മതി. റ്റൂളുകളുടെ ഷോര്‍ട്ട് കട്ട് കീകള്‍ ബ്രാക്കറ്റില്‍ കൊടുത്തിട്ടുണ്ട്.



ഫ്ലോട്ടിംഗ് പാലറ്റ് 
ഇല്ലസ്ട്രേറ്ററില്‍ നിര്‍മ്മിക്കപ്പെടുന്ന ഓബ്‌ജക്റ്റുകളുടെയും ടെക്‍സ്റ്റിന്റെയും ഒക്കെ പ്രോപര്‍റ്റീസ് അടങ്ങിയ പാലറ്റുകള്‍. പാലറ്റുകള്‍ക്ക് മുകളിലെ ആരോയില്‍ കിട്ടിയാല്‍ ഫ്ലോട്ടിംഗ് പാലറ്റ് എക്സ്‌പാന്‍ഡ് ആയി വരും. താഴെ ചിത്രങ്ങള്‍ നോക്കുക.



ടൈപ് റ്റൂള്‍ സെലക്റ്റ് ചെയ്ത് ആര്‍ട്ട്‌ബോഡില്‍ എവിടെയെങ്കിലും ക്ലിക്ക് ചെയ്തിട്ട് എന്തെങ്കിലും ടൈപ്പ് ചെയ്യുക.


ഇനി സേവ് ചെയ്യാം.

File>Save. ഫയല്‍ നെയിം കൊടുത്തിട്ട് ഫയല്‍ ടൈപ്പ് Adobe Illustrator(*.AI) തെരഞ്ഞെടുത്ത് ഒകെ ക്ലിക്ക് ചെയ്യുക.


Jun 15, 2011

അഡോബി ഇല്ലസ്‌ട്രേറ്റര്‍ പഠനപരമ്പര-2


വെക്റ്റര്‍ ഗ്രാഫിക്സ് എന്താണെന്നും അതിന്റെ മേന്മകളും കഴിഞ്ഞഅധ്യായത്തില്‍ വിശദീകരിച്ചുണ്ടല്ലോ. അഡോബി ഇല്ലസ്ട്രേറ്റര്‍ ഒരു വെക്റ്റര്‍ പ്രോഗ്രാം ആണെന്നും നാം മനസ്സിലാക്കി. ഇല്ലസ്ടേറ്റര്‍ അധികവും ഉപയോഗിക്കുന്നത് എന്തിന് വേണ്ടിയാണ്? ഇലസ്ട്രേനുകളും കാര്‍ട്ടൂണുകളും ഡയഗ്രങ്ങളും ചാര്‍ട്ടുകളും വരക്കാനും ലോഗോ ഡിസൈന്‍ ചെയ്യാനുമൊക്കെ ഇല്ലസ്ട്രേറ്റര്‍ ഒന്നാന്തരമാണ്.

വെക്റ്ററിന്റെ ഗുണങ്ങള്‍ ഒന്നുകൂടി പറയാം.
    റെസലൂഷന്‍ നഷ്‌ടപ്പെടാതെ അളവുകള്‍ പുനഃക്രമീകരിക്കാം.
    ഏതളവിലും വരകള്‍ ദൃഢവും മൂര്‍ച്ചയുള്ളതുമായിരിക്കും.
    ഹൈ റെസലൂഷനില്‍ പ്രിന്റ് ചെയ്യാം.
    ഫയല്‍ സൈസ് ചെറുതായിരിക്കും.
    ഇല്ലസ്ട്രേഷനുകള്‍ വരക്കാന്‍ ഉത്തമം.
ഫോട്ടോ റിയലിസ്റ്റിക് ഇമേജുകള്‍ നിര്‍മ്മിക്കുവാന്‍ വെക്റ്ററിനുള്ള പോരായ്‌മ ഇപ്പോള്‍ ഏറെക്കുറേ പരിഹരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു.

ഇല്ലസ്ട്രേറ്ററിന്റെ പൊതുവായ ഉപയോഗങ്ങള്‍
  1. ലോഗോയും ഐക്കണുകളും ഡിസൈന്‍ ചെയ്യാന്‍.

  2. മാപ്പുകള്‍ നിര്‍മ്മിക്കാന്‍.

  3. കാര്‍ട്ടൂണുകളും ഇല്ലസ്ട്രേഷനുകളും വരക്കാന്‍

    (ഇമേജ് കടപ്പാട് : http://glazemoo.blogspot.com/2010/07/vector-illustration-artworks.html)


  4. പാക്കേജ് ഡിസൈന്‍ ചെയ്യാന്‍.



  5. ഫോട്ടോ റിയലിസ്റ്റിക് ഇമേജുകള്‍ നിര്‍മ്മിക്കാന്‍.

  6. ഇന്‍ഫോ ഗ്രാഫിക്സ് നിര്‍മ്മിക്കാന്‍.

    (ചിത്രങ്ങള്‍ക്ക് ഗൂഗിള്‍ ഇമേജിനോട് കടപ്പാട്)
ഇല്ലസ്ട്രേറ്റര്‍ ഉപയോഗത്തിന്റെ ഏതാനും ഉദാഹരണങ്ങളാണിവ.

ഈ പഠനപരമ്പരയില്‍ അഡോബി ഇല്ലസ്ട്രേറ്റര്‍ ഉപയോഗിക്കാന്‍ പഠിപ്പിക്കുകയാണ് ചെയ്യുന്നത്. അടിസ്ഥാനപാഠങ്ങള്‍. അതായത് അഡോബി ഇല്ലസ്ട്രേറ്ററിന്റെ വര്‍ക്ക് സ്പേസ്, മെനു, ടൂള്‍സ്, ബേസിക് ഷേപ്‌സ്, കോമ്പൌണ്ട് പാത്ത്, പാത് ഫൈന്‍ഡര്‍, ഓബ്‌ജെക്സ് എഡിറ്റിംഗ്, ലെയര്‍, ലെയര്‍ ഗ്രൂപ്‌സ്, ഗ്രാഫിക് സ്റ്റൈലുകള്‍, കളര്‍, ട്രാന്‍‌സ്‌പെരന്‍സി, ഗ്രേഡിയന്റ്, മെഷ്, സിംബലുകള്‍, ടെക്സ്റ്റ് എഡിറ്റിംഗ്, സ്പെഷല്‍ എഫക്‍റ്റ്സ്, 3ഡി, ലൈവ് പെയിന്റ്, ലൈവ് ട്രേസ്, മാസ്‌കുകള്‍, ടെക്‍നിക്കുകള്‍, ട്യൂട്ടോറിയലുകള്‍ അങ്ങനെ ഇല്ലസ്ട്രേറ്റര്‍ എന്ന ഡ്രോയിംഗ് പ്രോഗ്രാമിന്റെ ഒട്ടു മിക്കവശങ്ങളും ഇതില്‍ ഉള്‍പ്പെടും. എന്നാല്‍ ഇതൊരു ഡ്രോയിംഗ് പഠനമല്ല എന്നോര്‍ക്കണം. നേരത്തെ പറഞ്ഞത് പോലെ കല പഠിപ്പിക്കുകയല്ല, കലക്ക് ഉപയുക്തമായ ടൂള്‍ പരിചയപ്പെടുത്തുക മാത്രമാണ് ഉദ്ദേശ്യം.

അടുത്ത ലക്കം മുതല്‍ ഇല്ലസ്ട്രേറ്റര്‍ പ്രാരംഭപാഠങ്ങള്‍ ആരംഭിക്കും.