Dec 28, 2011

റോമിംഗ് ഗിരി സ്പീക്കിംഗ്

“ഞാന്‍ കറ്റാനം ഗിരീഷ്... റോമിംഗില്‍ ഗിരി എന്നാണ് ഞാനറിയപ്പെടുന്നത്...”

കറ്റാനം ഗിരീഷ് സ്വയം പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്. “ഈവനിംഗ് ന്യൂസ്” സായാഹ്ന ദിനപ്പത്രത്തിന്റെ ചീഫ് എഡിറ്റര്‍ കം മൊതലാളി. പരമ സാധു, പരോപകാരി. പ്രത്യുപകാരങ്ങള്‍ ഏറ്റുവാങ്ങി ഏറ്റുവാങ്ങി ഗിരി ഇപ്പോള്‍ ഒന്നരക്കാലിലാണ് നടപ്പ്. ഇപ്പോഴത്തെ മന്ത്രി ശ്രീ കൊട്ടാരക്കര ഗണേഷ് കുമാറിനെതിരേ മുമ്പ് പത്രത്തില്‍ സത്യസന്ധമായി എന്തോ ഒന്നെഴുതിയതിന് ആ ജൂനിയര്‍ മാടമ്പിയുടെ ഗുണ്ടകള്‍ തല്ലിയൊടിച്ചതാണ് കാലെന്നും സംസാരമുണ്ട്.

പത്രവ്യവസായത്തിനു പുറമേ വണ്ടിക്കച്ചവടം, റെന്റ് എ കാര്‍, റിയല്‍ എസ്റ്റേറ്റ്, കൊട്ടേഷന്‍ വര്‍ക്കുകള്‍ തുടങ്ങി ഗിരി കൈ വെക്കാത്ത ബിസിനസുകളില്ല. ഇദ്ദേഹം ഇടപെടാത്ത പ്രശ്‌നങ്ങളില്ല, ഏറ്റെടുക്കാത്ത തര്‍ക്കങ്ങളില്ല, ആ തലയിലുദിക്കാത്ത ഐഡിയകളില്ല.

റെന്റിന് കൊടുക്കാനായി കാറുകള്‍ വാങ്ങും. രെജിസ്ട്രേഷനെടുക്കാന്‍ വണ്ടിയൊന്നിനു ഇരുപത്തയ്യായിരത്തില്‍ പരം രൂപ സര്‍ക്കാരിന് ഫീസ് കൊടുക്കണം. 4x25=ഒരു ലക്ഷം. ഇമ്മിണി പുളിക്കും. നാലു കാറ് വാങ്ങിയാല്‍ അതിലൊന്നിനു മാത്രമേ ഗിരി രെജിസ്ട്രേഷനെടുക്കൂ. ആ കിട്ടുന്ന രെജിസ്ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ച് നാലു കാറിനും ഒരേ നമ്പര്‍ പ്ലേറ്റുണ്ടാക്കി ഘടിപ്പിച്ച് വാടകക്ക് കൊടുക്കും. ഒരേ നമ്പറില്‍ നാലുകാര്‍! വണ്ടികള്‍ മൂന്നാലു മാസം ഓടിക്കിട്ടുന്ന പൈസ കൊടുത്ത് പിന്നീട് ബാക്കി മൂന്ന് കാറിന് രെജിഷ്ട്രേഷനെടുക്കും. ഇങ്ങനെയൊക്കെയാണ് ഗിരിയുടെ മറിപ്പുകള്‍.

ഭയങ്കരമായ ഗുണ്ടാസാമ്രാജ്യത്തിന്നധിപനായവന്‍ ഞാനേ എന്നാണ് ഭാവം. ദാവൂദും ഛോട്ടാരാജനുമൊക്കെ എന്റെ വിനീത ശിഷ്യന്മാര്‍ എന്നേ വിനയപൂര്‍വ്വം ഗിരി മൊഴിയുകയുള്ളൂ. ഗുണ്ടകളുടെ എണ്ണം കൂട്ടുന്നതിന്റെ സാമ്പിളൊരെണ്ണം പറയാം.

ഒരിക്കല്‍ കാറു വില്‍പ്പനയുടെ കാര്യം സംസാരിക്കാനായി മാരുതി സുസുക്കിയുടെ റെപ്രസേന്റേറ്റീവുകളായ കായംകുളത്തുള്ള രണ്ട് പയ്യന്മാര്‍ ഗിരിയുടെ വീട്ടിലെത്തുന്നു. മുണ്ടക്കല്‍ ശേഖരന്‍ കയറി മേഞ്ഞ മംഗലശ്ശേരി നീലകണ്ഠനെപ്പോലെ ഗിരി വേച്ച് വേച്ച് വന്നിട്ട് അവരോട് ഉമ്മറത്തേക്ക് കേറിയിരിക്കാന്‍ പറയുന്നു.
വന്നവര്‍ പരിയപ്പെടുത്തി: “ഞങ്ങള്‍ ഇന്‍ഡസ് മോട്ടോഴ്‌സില്‍ നിന്നാണ്. ഞാന്‍ ഷാ, ഇത് അനൂപ്...”
അപ്പോഴേക്കും ഗിരിക്ക് ഒരു ഫോണ്‍ കോള്‍.
“അതേ ഗിരിയാണ്...ങേ...കായംകുളത്തോ? ഒന്നും പേടിക്കണ്ട. നമ്മടെ പയ്യന്മാര്‍ അവിടെയുണ്ട്. ഒരു പ്രശ്‌നോമുണ്ടാകില്ല. അതേന്ന്...കേട്ടിട്ടില്ലേ കായംകുളം ഷാ, അനൂപ്...ആ പിന്നേ... അവന്മാരുടെ പേര് കേട്ടാല്‍ ലവര് വെറയ്‌ക്കും. ദാണ്ടെ രണ്ട് പേരും എന്റെ മുന്നിലിരിപ്പുണ്ട്. നിങ്ങള്‍ ധൈര്യമായിരിക്ക്. അവരെ ഞാന്‍
പറഞ്ഞേല്‍പ്പിച്ചോളാം...” ഇതാണ് ഗിരിയുടെ നടപ്പ് രീതികള്‍.

അങ്ങനെയിരിക്കെയാണ് കായകുളത്തുള്ള റെന്റ് എ കാറുകാരന്‍ പേട്ട നൌഷാദിന്റെ സ്കോര്‍പ്പിയോ കാര്‍ ഒരു കേസില്‍ കുടുങ്ങുന്നത്. നൌഷാദിന്റെ കയ്യില്‍ നിന്ന് സ്കോര്‍പ്പിയോ വാടകക്ക് എടുത്തവര്‍ അതില്‍ സ്പിരിറ്റ് കടത്തി. സേലത്ത് വെച്ച് തൊണ്ടിയടക്കം പോലീസ് വാഹനം പിടികൂടി. കേസില്ലാതെ വാഹനവും പ്രതികളും ഇറങ്ങും. പക്ഷേ അഞ്ച് ലക്ഷം രൂപ പോലീസുകാര്‍ക്ക് കൊടുക്കണം. അത്രയും കൊടുക്കാതെ കേസില്‍ നിന്ന് ഊരാന്‍ പറ്റുമോ എന്നസ്വേഷിച്ചു നടക്കുന്നു പേട്ട നൌഷാദ്. ആരൊക്കെയോ ഉപദേശിച്ചു. കറ്റാനം ഗിരി പുലിയാ. അയാള്‍ എത്ര വണ്ടിയാ ഇതുപോലെ ഇറക്കീട്ടുള്ളത്. ഗിരീഷേട്ടനെ കാണ്. കാര്യം നടക്കും.

നൌഷാദ് ഗിരീഷേട്ടനെ കണ്ടു. അല്‍പ്പം ചിന്തിച്ചിട്ട് ഗിരി പറഞ്ഞു: വണ്ടി എറക്കാം. പക്ഷേ ഇച്ചിരി കാശ് ചെലവ് വരും. ഒരൊന്നര ലക്ഷം. ഒകെ?
ഒകെ. ഔഷാദ് സമ്മതിച്ചു. ഗിരിയും നൌഷാദും അപ്പു എന്നൊരാളും കൂടി വേറൊരു സ്കോര്‍പ്പിയോ കാറില്‍ സേലം പോലീസ് സ്റ്റേഷനിലേക്ക്.

സേലത്ത് ചെന്ന് പോലീസുമായി ബാര്‍ഗൈനിംഗ്. അഞ്ച് ലക്ഷത്തില്‍ കുറഞ്ഞ് പോലീസ് അടുക്കുന്നില്ല. ഗിരി ഒരു ലക്ഷത്തിലാണ് പിടി. ഒടുക്കം പോലീസ് മൂന്ന് ലക്ഷത്തിന് സമ്മതിച്ചു. ഗിരി അയഞ്ഞില്ല. ഒരേയൊരു ലച്ചം. പോയി വേറെ പണി നോക്കാന്‍ പറഞ്ഞു പോലീസ്.

നിരാശനായി പുറത്തിറങ്ങിയ ഗിരി കണ്ടത് സ്റ്റേഷന്‍ മുറ്റത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന പിടിച്ചെടുത്ത സ്കോര്‍പ്പിയോ. ഗിരിക്ക് ഐഡിയ ഉദിച്ചു. നൌഷാദിനെ വിളിച്ചു ചോദിച്ചു. “ആ വണ്ടീടെ വേറെ താക്കോല്‍ ഉണ്ടോ?”
“ഉണ്ട്”
“ഇനി ഒന്നും നോക്കാനില്ല. നീ താക്കോല് അപ്പൂന്റെ കയ്യില്‍ കൊട്...” എന്നിട്ട് അപ്പുവിനോട് പറഞ്ഞു: “ഡാ അപ്പൂ, ഇവിടെങ്ങും ആരുമില്ല. നീ പയ്യനെ വണ്ടിയെടുത്ത് സാ മാട്ടില്‍ ഓടിച്ച് പുറത്തിറങ്ങ്...ബാക്കി കാര്യം പിന്നെ നോക്കാം...ഇപ്പോള്‍ എസ്കേപ്പ്”
“അത് വേണോ അണ്ണാ?”
“എന്താ വേണോന്ന്? ഇതാണ് ചാന്‍‌സ്...പെട്ടെന്നാവട്ടെ...”

അപ്പു മെല്ലെ വണ്ടിയില്‍ കയറി സ്റ്റാര്‍ട്ട് ചെയ്ത് മെല്ലെ മുന്നോട്ടെടുക്കാന്‍ ഭാവിച്ചതും എസ്സൈയും പാര്‍ട്ടിയും പാഞ്ഞു വന്നു.

“ഡായ് അങ്കെ നില്ലെടേ തിരുട്ട് റാസ്‌കല്‍....”
പോലീസുകാര്‍ അലറി. “കാറ് നിപ്പാട്ടുങ്കടാ, നിപ്പാട്ട്...#$%^“
എസ്സൈ അപ്പുവിനെ കോളറില്‍ പിടിച്ച് വലിച്ചു താഴെയിട്ടു. “ഏണ്ട്രാ...ഏമാത്തി കാറു തിരുടി എസ്കേപ് പണ്‍റ ട്രൈ പണ്‍റതാ? നായേ...” ബൂട്ട് കൊണ്ടൊരു ചവിട്ടും.

സ്തബ്ദനായി നിന്ന ഗിരീഷെന്ന റോമിംഗ് ഗിരിയെയും പോലീസ് വളഞ്ഞു പിടിച്ചു. എസ്സൈ ഗിരിയുടെ മുഖമടച്ച് ഒരടി.
“ഉന്‍ പേര് ശൊല്‍ടാ”
ഗിരി
“കിരി...മുത്തുച്ചാമീ, പത്ത് സ്പിരിറ്റു കന്നാസ് അന്ത വണ്ടിക്കുള്ളാ പോട്ടു തൊല...”

മുത്തുച്ചാമിപ്പോലീസ് പത്ത് സ്പിരിറ്റ് കന്നാസ് എടുത്ത് ഗിരിയുടെ സ്കോര്‍പ്പിയോയിലും വെച്ചു.

എസ്സൈ ഗിരിയോട് അലറി. “ഇന്ത വണ്ടിക്കുള്ളെയും സ്പിരിറ്റ് അല്ലവാ...നീ താന്‍ പ്രൈം അക്യൂസ്‌ഡ്. മുത്തുച്ചാമീ ഇവനെ തൂക്കി ഉള്ള പോട്...”

ഒരു സ്കോര്‍പ്പിയോ ഇറക്കാന്‍ ചെന്ന റോമിംഗ് ഗിരിയുടെ മറ്റേ സ്കോര്‍പ്പിയോയിലും സ്പിരിറ്റ്. മൊത്തം കേസില്‍ ഗിരി ഒന്നാം പ്രതി.

ഇതിനകം ഓടിരക്ഷപ്പെട്ട പേട്ട നൌഷാദ് കള്ളവണ്ടി കയറീ നാട്ടിലെത്തി. പിന്നീട് എട്ടു ലക്ഷം രൂപ നല്‍കി കേസില്ലാതെ വണ്ടികളും ഗിരി അടക്കമുള്ള പ്രതികളെയും പുറത്തിറക്കി.

എന്നിട്ടുണ്ടോ ഗിരിക്ക് കുലുക്കം വല്ലതും. പത്രാധിപര്‍ ഗിരി ഇന്നും സര്‍വ്വപ്രതാപത്തോടെയും വാണരുളുന്നു.