Apr 30, 2009

കുഞ്ഞുങ്ങളെ റ്റിവി കാണിക്കരുത്

റ്റെലിവിഷനെ പണ്ട് വിഡ്ഡിപ്പെട്ടി എന്നു വിളിച്ചിരുന്നു ചിലര്‍.വിളിച്ചവരെ വിഡ്ഡികളെന്നും വിളിച്ചു ചിലര്‍.പണ്ട് നമ്മുടെ നാട്ടില് വരേണ്യരായ ചിലര്‍ക്ക് മാത്രം ദൂരദര്‍ശന്റെ ഹിന്ദി പരിപാടികള്‍.പിന്നെ നാട്ടിന്‍‌പുറങ്ങളില്‍ പോലും തിരുവനന്തപുരത്ത് നിന്നും ദൂരദര്‍ശന്‍ മലയാളമെത്തി.വീട്ടിന്റെ മുന്നില്‍ കൊന്നത്തെങ്ങിനേക്കാള്‍ ഉയരമുള്ള ഏരിയല്‍ അഭിമാനസ്ഥംഭമായി.ബുധനാഴ്‌ചകളിലെ ചിത്രഹാറിനും വ്യാഴാഴ്‌ചയിലെ ചിത്രഗീതത്തിനും അയല്‍‌വീടുകളില്‍ നിന്ന് പ്രേക്ഷകര്‍ കുഞ്ഞുകുട്ടി പരാധീനങ്ങളുമായി പേര്‍ത്തും പേര്‍ത്തും എത്തിത്തുടങ്ങി.ശനിയാഴ്‌ച വൈകുന്നേരത്തെ ബ്ലാക്&വൈറ്റ് പടത്തിന് മിക്കവീടുകളും ഹൌസ് ഫുള്ളായി.ഞായറാഴ്‌ചകളില്‍ കുട്ടികള്‍ രാ‍മായണം കാണാന്‍ റ്റെലിവിഷഗൃഹങ്ങള്‍ തേടിയലഞ്ഞു.രാമായണം കണ്ടവര്‍ ഈര്‍ക്കിലി കൊണ്ട് വാ‍ണം വിട്ടുകളിച്ചു. ബാണം കൊണ്ട് കണ്ണുപോയവര്‍ അനവധി.മഹാഭാരത തിരക്കഥ മലയാളത്തിലാക്കിയ മാതൃഭൂമി സപ്ലിമെന്റുമായി കാരണവന്മാര്‍ റ്റെലിവിഷനു മുന്നില്‍ നേരത്തേ ഇടം‌പിടിച്ചു.
87
ലെ ലോകകപ്പ് ക്രിക്കറ്റ് സമയത്ത് യുവാക്കളും കുട്ടികളും റ്റെലിവിഷനു മുന്നില്‍ തപസ്സിരുന്നു.ജനക്കൂട്ടത്തെ പേടിച്ച് പല റ്റെലിവിഷന്‍ ഉടമകളും വീടടച്ചു കുറ്റിയിട്ടു.ജനാലച്ചില്ലിലൂടെ റ്റിവിയുടെ പ്രകാശം കണ്ട കുട്ടികള്‍ വീടിനു ചുറ്റും മണ്ടി നടന്നു.കളിപ്രാന്തന്മാര്‍ ലോകകപ്പ് മുതല്‍ സന്തോഷ് ട്രോഫി വരെയുള്ള ഫുട്‌ബോളും വിംബിള്‍ഡണ്‍, ഫ്രെഞ്ചോപ്പണ്‍ ടെന്നിസും തുടങ്ങി കെ എസ് ഈ ബിയുടെ വോളിബോള്‍ മാച്ച്, ആനന്ദിന്റെ ചെസ് മത്സരം വരെ ദൂരര്‍ശനില്‍ മുടങ്ങാതെ കണ്ടു.തിരുവനന്തപുരം ഡിഡിക്ക് കൂടുതല്‍ സമ്പ്രേഷണ സമയം കിട്ടി. സന്ധ്യകള്‍ മധുമോഹനസീരിയലുകളാല്‍ സമൃദ്ധമായിത്തുടങ്ങി. സന്ധ്യാനാമങ്ങള്‍ അകന്നു മാറി.
അപ്പോഴേക്കും വീടിനുമുകളില്‍ വമ്പന്‍ കുടകള്‍ വന്നു.
കുടയിലൂടെ ലോകം വിരുന്നുമുറിയിലെത്തിയെന്നായി
.കേരളത്തില്‍ വിഷനെറ്റുകള്‍ മുളയെടുത്തു.പിന്നെ റോഡിലെങ്ങും കാറ്റാടിക്കമ്പ് നാട്ടി കേബിളെത്തി.കേബിള്‍ എല്ലാ കൂരയിലുമെത്തി.പിന്നെയും ചാനലുകള്‍. പിന്നെയും സീരിയലുകള്‍.അയല്‍ക്കൂട്ടങ്ങള്‍ വഴിപിരിഞ്ഞു. ഏഷണി സദസ്സില്‍ പേന്‍ നോക്കാന്‍ തരുണികളണയാതായി.ബന്ധു-സുഹൃദ് ജന സന്ദര്‍ശങ്ങള്‍ കുറഞ്ഞു.വിരുന്നുകാര്‍ വരാതായി. വരുന്നവരെ ശപിക്കലായി...സീരിയലിന്റെ നേരത്ത് കാലന്‍...!വളിച്ചു നാറിയ വാര്‍ത്തകള്‍ വിളമ്പി വാര്‍ത്താചാനലുകള്‍ സായാഹ്നങ്ങളെ കലുഷിതമാക്കി.ഇല്ലാത്ത വിവാദങ്ങളുടെ ഹരം പിടിപ്പിക്കുന്ന ചര്‍ച്ചകളില്‍ വാര്‍ത്താകുതുകികള്‍ ഞെളിപിരി കൊണ്ടു.
മലയാളിയുടെ ജീവിതശൈലി ആകെ മാറി.പ്രവാസി മലയാളിയുടെയും.റ്റെലിവിഷന്‍ തലച്ചോറുകളെ വന്ധ്യംകരിച്ചു, സമയങ്ങളെ അപഹരിച്ചു, സംസ്‌കാരത്തെ അപഹസിച്ചു.പണിയൊടുങ്ങിയ ദിനാന്ത്യങ്ങളില്‍ വിശ്രമേകാകാനാണ് റ്റെലിവിഷനെന്നായി.വിനോദവും വിജ്ഞാനവും നുകരാനാണെന്നായി.ലോകത്തെ വിരല്‍ത്തുമ്പിലൊതുക്കാനായെന്നായി.വിഡ്ഡിപ്പെട്ടി സ്വര്‍ഗ്ഗമേകുന്നത് വിഡ്ഡികള്‍ക്കാണെന്ന് ഇന്ന് ഏറെക്കുറേ അംഗീകരിക്കപ്പെട്ടു.
സെക്കന്റില്‍ എട്ട് ഫ്രെയിമുകള്‍ പ്രോസസ് ചെയ്യാന്‍ കഴിവുള്ള നമ്മൂടെ തലച്ചോറിനെ സെക്കന്റില്‍ മുപ്പത് ഫ്രെയിമുകളുള്ള പ്രോഗ്രാമുകള്‍ ഉദ്ദീപിപ്പിക്കുന്നു, പ്രചോദിപ്പിക്കുന്നു. ഈ പ്രചോദനം തലച്ചോറിന്റെ പിന്‍‌വശത്ത്-സഹജവികാരങ്ങളും ആവശ്യങ്ങളും സംസ്‌കരിക്കുന്നിടത്ത്- ഇടം
പിടിക്കുന്നു. റ്റെലിവിഷന്‍ തുടര്‍ച്ചയായ പ്രചോദന-പ്രതികരണങ്ങള്‍ തലച്ചോറിലുണ്ടാക്കുന്നു.ഫലമോ, നാം റ്റെലിവിഷന് കാഴ്‌ച്ചക്ക് അടിമകളാവുന്നു അല്ലെങ്കില്‍ അഡിക്റ്റാവുന്നു.
മുതിര്‍ന്നവരുടെ കാര്യം ഇങ്ങനെ
.മുതിര്‍ന്നവര്‍ക്ക് വിനോദവും ചിരിയും കണ്ണീരും തരുന്ന റ്റെലിവിഷന്‍ കുട്ടികളില്‍ എന്തു ഫലമാണുളവാക്കുക?മനഃക്ലേശമല്ലാതെ മറ്റൊന്നുമല്ല.തലച്ചോറിന്റെ ആരോഗ്യകരമായ വികസനത്തിന്, വളര്‍ച്ചക്ക് തികച്ചും വിപരീതഫലമാണ് ഈ മനഃക്ലേശം നല്‍കുന്നത്.ജനനം മുതല്‍ അഞ്ചു വയസ്സു വരെയുള്ള കാലം ഒരു കുഞ്ഞിന്റെ തലച്ചോര്‍ വളര്‍ച്ചയില്‍ അതിനിര്‍ണ്ണായകമായ സമയമാണ്.തലച്ചോറിന്റെ വികസനത്തില്‍ ചുറ്റുപാടുകള്‍ക്ക് ഗംഭീരമായ സ്ഥാനമാണുള്ളത്.സാഹചര്യങ്ങളാല്‍ എളുപ്പം സ്വാധീനിക്കപ്പെടാവുന്ന ഒന്നാണ് കുഞ്ഞിന്റെ തലച്ചോര്‍. ആവശ്യമില്ലാത്ത കോശങ്ങള്‍ അതിവേഗം ഉപേക്ഷിക്കപ്പെട്ട് കൂടുതല്‍ ശക്തമായ കോശങ്ങള്‍ രൂപം പ്രാപിക്കുന്നത് നന്നേ ചെറുപ്പത്തിലാണ്.കുപ്പിപ്പാലു കുടിക്കുന്ന സമയത്തുള്ള ബ്രെയിന്‍ സെല്‍ നടക്കാറാവുമ്പോഴേക്കും കൂടുതല്‍ ശക്തിയുള്ളതായി മാറും എന്ന് സാരം.
കൂടുതല്‍ റ്റിവിയും കൂടുതല്‍ കമ്പ്യൂട്ടറും കുഞ്ഞിന് നഷ്‌ടമാക്കുന്നത് എന്താണെന്നറിയാമോ?പ്രാധാന്യമേറിയ സംഗതികളോട് പ്രതികരിച്ച് , പരിചയിച്ച് കൂടുതല്‍ ശക്തമായ ഒരു തലച്ചോര്‍ രൂപപ്പെടുത്തുന്നതിനുള്ള അവസരമല്ലാതെ മറ്റൊന്നുമല്ല.
ഇന്നത്തെ റ്റെലിവിഷന്‍ സംസ്കാരത്തില്‍ കുഞ്ഞിന് ലഭിക്കുന്നതാകട്ടെ ‘കാണുന്നതിനുള്ള‘ അവസരം മാത്രമാണ്.
കാണുന്നത് കൊണ്ടെന്ത്?റ്റെലിവിഷന്റെ കാര്യമാണെങ്കില്‍ ഒന്നറിയുക. മനുഷ്യന്റെ തലച്ചോര്‍ ഉറക്കത്തില്‍പ്പോലും കൂടുതല്‍ പ്രവര്‍ത്തനനിരതമായിരിക്കും-റ്റെലിവിഷന്‍ കാണുന്ന സമയത്തേക്കാള്‍ !
വളരുന്ന തലച്ചോറിന റ്റെലിവിഷന്‍ സമ്മാനിക്കുന്ന മറ്റൊരു ദുരന്തമറിയാമോ?ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവില്ലായ്മയാണത്. ഒരലിവുമില്ലാത്ത ഒരു സംഗതിയാണ് റ്റെലിവിഷന്‍ പ്രോഗ്രാം. കുട്ടിയാണെന്നോ വലിയവനാണെന്നോ ഉള്ള ഒരു നോട്ടവുമില്ല.വളരെ വേഗം, സെക്കന്റുകള്‍ക്കുള്ളില്‍ മാറി മറിയുന്ന വിവരങ്ങളാണ് റ്റിവി പ്രോഗ്രാമുകള്‍. കുട്ടി ശ്രദ്ധിച്ചിരിക്കണം.ഒന്ന് മനസ്സിലായി വരുമ്പോഴേക്കും അടുത്തത്.പെട്ടെന്ന് വന്നു മറിയുന്ന പരസ്യങ്ങള്‍. കുട്ടിയുടെ ശ്രദ്ധ ചിതറിയകലും.അധികനേരം ശ്രദ്ധകേന്ദ്രീകരിക്കാനാവാത്ത ഒരവസ്ഥയിലേക്ക് റ്റെലിവിഷന്‍ കാഴ്ച കുട്ടിയെ എത്തിക്കും. പഠനത്തെ ഇത് എങ്ങനെ ബാധിക്കുമെന്ന് പറയേണ്ടതില്ലല്ലോ?
പരസ്യത്തെക്കുറിച്ച് മറ്റൊന്ന് കൂടി പറയണം.ചൊട്ടയിലേ പിടികൂടുക എന്നതാണ് പരസ്യക്കാരുടെ തന്ത്രം.സംസാരിക്കാറാവുമ്പോഴേക്കും കുട്ടികള്‍ ബ്രാന്‍‌ഡ് പേരുകള്‍ ഹൃദിസ്ഥമാക്കിയിരിക്കണം എന്ന രീതിയിലാണ് അവര്‍ പരസ്യങ്ങള്‍ തയ്യാറാക്കുന്നത്.എല്‍കെജിയില്‍ പോകാറാവുമ്പോഴേക്കും കുഞ്ഞ് കുടക്ക് പകരം ജോണ്‍‌സ് അല്ലെങ്കില്‍ പോപ്പി വേണം എന്ന് പറയണം.
തുടര്‍ച്ചയായ സ്ട്രെസ്സ് തലച്ചോറിന്റെ വളര്‍ച്ചയെ അത്യധികം പ്രതികൂലമായി ബാധിക്കുന്നതായി ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.ഇമേജുകളും ഫ്രെയിമുകളും മാറിമറിയുന്നതിനാല്‍ സംഗതികള്‍ മനസ്സിലാക്കാന്‍ കുട്ടിക്കുണ്ടാവുന്ന ബുദ്ധിമുട്ടാണ് റ്റെലിവിഷന്‍ കാഴ്ച്ചയിലൂടെ ലഭിക്കുന്ന സ്ട്രെസ്സ്.വിവരങ്ങളുടെയും പ്രചോദനത്തിന്റെയും അധിഭാരം.വികസ്വരമായ ഒരു ന്യൂറോളജിക്കല്‍ സിസ്റ്റത്തിനെ തളര്‍ത്താനാണ് ഇവ ഉപകരിക്കുക.അമിതമായ സ്ട്രെസ്സിനെത്തുടര്‍ന്ന് സ്ട്രെസ്സ് ഹോര്‍മോണ്‍ (Cortisol) തലച്ചൊറിലാകെ വ്യാപിക്കും. പ്രത്യേകിച്ചും Hippocampus എന്ന ഓര്‍മ്മ കേന്ദ്രത്തില്‍.കൂട്ടുകാരന്റെ പേര് പോലെ, നമ്മുടെ വീട്ടു വിലാസം പോലെ, ദീര്‍ഘകാലം ഓര്‍ത്തു വെക്കേണ്ട സംഗതികള്‍ സൂക്ഷിക്കുന്ന ഇടമാണിത്.ഇതെല്ലാം നമുക്കറിയാമെന്നും ഓര്‍ത്തുവെക്കുന്നതും തലച്ചോറിലെ പരമപ്രധാനമായ ഈ കേന്ദ്രമാണ്.സ്ട്രെസ്സ് തകരാറിലാക്കുന്നതും ഈ ഭാഗത്തെ തന്നെയാണ്.ഓര്‍മ്മയും ഓജസ്സുമില്ലാത്ത മന്ദബുദ്ധികളായിപ്പോവാതിരിക്കാന്‍ നമ്മുടെകുഞ്ഞുങ്ങളെ അധികസമയം റ്റെലിവിഷനു മുന്നില്‍ ഇരുത്താതിരിക്കുക നാം.മുതിര്‍ന്നവര്‍ക്കും ഇത് ബാധകമാണെന്നും ഓര്‍ക്കുക.
നാമെന്തു ചെയ്യും?
ഈ ദൃശ്യമാധ്യമങ്ങള്‍ എവിടെയും പോകാന്‍ പോകുന്നില്ല. കുട്ടികളെ ‘മീഡിയഫ്രീ’ ആയി വളര്‍ത്തുക എന്നത് ഏറെക്കുറേ അസാധ്യമാണ് താനും.
റ്റെലിവിഷന്‍ പ്രോഗ്രാമുകളില്‍ നിന്നും കുട്ടികളെ കാത്ത്സൂക്ഷിക്കുക അങ്ങേയറ്റം ദുഷ്കരം തന്നെയാണ്.ഒന്നാമതായി ചെയ്യേണ്ടത് റ്റെലിവിഷന്റെ ഹരം നുകരാന്‍ കുഞ്ഞിനെ നന്നേ ചെറുപ്പത്തില്‍ അനുവദിക്കരുത് എന്നതാണ്.
സീരിയല്‍ മാനിയ പിടിച്ച അമ്മമാരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്.കുറേ മുതിരുമ്പോള്‍ അവര്‍ എന്തായാലും മീഡിയയോട് ചായും. അപ്പോളെന്തു ചെയ്യണം?

കുഞ്ഞുങ്ങളെ റ്റിവിയില്‍ എന്തു കാണിക്കണം, എത്ര നേരം റ്റിവി കാണാന്‍ അനുവദിക്കണം എന്നൊക്കെ മാതാപിതാക്കള്‍ തീരുമാനിച്ചു നടപ്പില്‍ വരുത്തണം.രണ്ട് വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളെ ഒരു കാരണവശാലും റ്റെലിവിഷന്‍ കാണിക്കരുത്. ഇതൊരു വെല്ലുവിളി തന്നെയായിരിക്കും.
കുഞ്ഞുങ്ങളെ വീടിനു പുറത്തോ സ്വീകരണ മുറിക്ക് പുറത്തോ കളിക്കാന്‍ അനുവദിക്കണം. പ്രായത്തിനു ചേരുന്ന കളിപ്പാട്ടങ്ങളുമായും അയല്‍‌പക്കത്തെയോ മറ്റോ കുഞ്ഞുങ്ങളുമായും അവര്‍ കളിക്കട്ടെ.
കൂടുതല്‍ കുഞ്ഞുങ്ങളും വി കാണുന്നതിനേക്കാള്‍ കളിക്കാനാണ് ഇഷ്‌ടപ്പെടുന്നത്.കുറച്ചു കൂടി മുതിരുമ്പോള്‍ ദിവസം അരമണിക്കൂറില്‍ കൂടുതല്‍ റ്റിവി കാണാന്‍ അനുവദിക്കരുത്. അഥവാ കൂടുതല്‍ സമയം കാണുന്നുണ്ടെങ്കില്‍ ഒറ്റയടിക്ക് റ്റിവിയുടെ മുന്നിലിരിക്കാതെ വ്യത്യസ്ത ഇടവേളകളില്‍ അല്പസമയം വീതം കാണുകയാണ് നല്ലത്. മൊത്തത്തില്‍ ഒരു മണിക്കൂറില്‍ കൂടുതലാവാതിരിക്കാന്‍ ശ്രദ്ധിക്കണം.
റ്റെലിവിഷനില്‍ നല്ല നല്ല വിജ്ഞാനപ്രദമായ പ്രോഗ്രാമുകളും ചര്‍ച്ചകളും കുഞ്ഞുങ്ങള്‍ കണ്ടാലെന്താണ് കുഴപ്പമെന്ന് ചോദ്യമുയരാം?ചോദ്യങ്ങള്‍ ചോദിക്കാന്‍ കുട്ടിയെ സഹായിക്കുന്ന പരിപാടികള്‍ നല്ലതാണെങ്കിലും അത്തരത്തില്‍ കുഞ്ഞുങ്ങളുടെ മാനസികവികസനത്തിനുതകുന്ന പ്രോഗ്രാമുകള്‍ വളരെ വിരളമാണ്. തന്നെയുമല്ല, പ്രകൃതിയില്‍ നിന്നും ജീവിതസാഹചര്യങ്ങളില്‍ നിന്നും ചോദ്യങ്ങളുന്നയിക്കുകയും സംശയനിവാരണം വരുത്തുകയും ചെയ്യുന്നതിനോളം സഹായമൊന്നും റ്റെലിവിഷന്‍ നല്‍കുന്നില്ല.
റ്റെലിവിഷന്‍ കണ്ടുകഴിയുമ്പോള്‍ കുട്ടിയില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുന്നുണ്ടോ എന്ന് നിരീക്ഷിക്കണം. ചിലപ്പോള്‍ നിര്‍ബന്ധബുദ്ധി കൂടാം, കുഞ്ഞ് അസ്വസ്ഥനാകാം, കളിപ്പാട്ടങ്ങള്‍ വലിച്ചെറിയാം. റ്റിവിയുടെ ഉപയോഗം പരമാവധി കുറയ്ക്കുക. പാരന്റല്‍ കണ്ട്രോള്‍ സംവിധാനം സമര്‍ത്ഥമായി ഉപയോഗിക്കുന്നത് പലവഴിക്കുള്ള അപകടങ്ങള്‍ കുറയ്ക്കും.
ഒരുമനുഷ്യന്റെ തലച്ചോറ്‌ ഏറ്റവും വേഗത്തില്‍ വികാസം പ്രാപിക്കുന്ന സമയത്ത്-കുട്ടിക്കാലത്ത്- തന്നെ ആ വളര്‍ച്ചക്ക് വിഘാതമാകാന്‍ റ്റെലിവിഷനെ അനുവദിച്ചു കൂടാ. പുറം സാഹചര്യങ്ങള്‍ മനസ്സിനെ ഏറ്റവും സ്വാധീനിക്കുന്ന സമയവുമാണത്.
Post a Comment