Feb 18, 2008

അഡോബി ഇല്ലസ്‌ട്രേറ്റര്‍ (Adobe Illustrator)

ഫോട്ടോഷോപ്പ് ഡിസൈനേഴ്‌സ് ബൈബിള്‍ അല്ല!!!

അതുകൊണ്ട് തന്നെ മറ്റു ഗ്രാഫിക്സ് സോഫ്‌റ്റുവെയറുകളെ ഒന്നു പരിചയപ്പെടണമല്ലോ! ആദ്യം അഡോബി ഇല്ലസ്‌ട്രേറ്റര്‍ ആവട്ടെ, എന്താ?


ഗ്രാഫിക് ഡിസൈനര്‍മാരും ഡെസ്‌ക് ടോപ് പബ്ലിഷേഴ്‌സും ഉപയോഗിക്കുന്ന പ്രധാന ഗ്രാഫിക് സോഫ്‌റ്റുവെയറുകളെ മൂന്ന് വിഭാഗങ്ങളായി തരം തിരിച്ചിട്ടുണ്ട്.

ഡെസ്ക്‍ടോപ് പബ്ലിഷിംഗിന്റെ പ്രാഥമിക ടൂളായ പേജ് ലേ ഔട്ട് പ്രോഗ്രാം (Page Layout Program) , വെക്റ്റര്‍ ഗ്രാഫിക്‍സിനായുള്ള ഇല്ലസ്‌ട്രേഷന്‍ അഥവാ ഡ്രോയിംഗ് പ്രോഗ്രാം (Illustration/Drawing Program), ഇമേജ് എഡിറ്റര്‍ Image Editor) എന്നിവയാണവ.

ഇന്‍ഡസ്‌ട്രി സ്റ്റാന്‍ഡേഡ് ആയി അംഗീകരിക്കപ്പെട്ട പ്രധാന പേജ് ലേ ഔട്ട് പ്രോഗ്രാമുകള്‍ അഡോബി ഇന്‍ ഡിസൈനും ക്വാര്‍ക്ക് എക്സ്പ്രെസ്സുമാണ്. ഇപ്പോഴും പലയിടത്തും അഡൊബി പേജ് മേക്കര്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും അഡോബി തന്നെ ആ പ്രോഗ്രാം ഉപേക്ഷിച്ചിരിക്കുന്നു എന്ന കാര്യം മനസ്സിലാക്കണം; അതിന്റെ പരിമിതികള്‍ തന്നെ കാരണം.

ഇമേജ് എഡിറ്ററായ, അതായത് ഫോട്ടോയും മറ്റു ബിറ്റ്‌മാപ് ചിത്രങ്ങളും എഡിറ്റ് ചെയ്യുവാന്‍ ഉപയോഗിക്കുന്ന ഫോട്ടോഷോപ്പിനെക്കുറിച്ച് നാം ധാരാളം കേട്ടിരിക്കുന്നു. ധാരാളം ഈ ബ്ലോഗില്‍ തന്നെ പറഞ്ഞിരിക്കുന്നു. മറ്റു പല ഇമേജ് എഡിറ്ററുകളുമുണ്ട്. കോറല്‍ പെയിന്റര്‍, പെയിന്റ് ഷോപ്പ് പ്രോ, ജിമ്പ് അങ്ങനെ.

ഇല്ലസ്‌ട്രേഷന്‍ അഥവാ ഡ്രോയിംഗ് പ്രോഗ്രാമുകളില്‍ ഏറെ അറിയപ്പെടുന്നത് അഡോബി ഇല്ലസ്‌ട്രേറ്റര്‍ , കോറല്‍ ഡ്രോ, മാക്രോ മീഡിയ ഫ്രീ ഹാന്‍ഡ് എന്നിവയാണ്.

ഈ മൂന്നു തരം സോഫ്‌റ്റ്വെയറും ഉണ്ടെങ്കിലേ ഡെസ്‌ക് ടോപ് പബ്ലിഷിംഗ് പൂര്‍ണ്ണമാകുകയുള്ളൂ. ഓരോ ആവശ്യങ്ങള്‍ക്കും അതത് പ്രോഗ്രാമുകള്‍ ഉപയോഗിക്കുന്നു. (ഇന്നിപ്പോള്‍ ടെക്‍നോളജി വികസിച്ചത് അനുസരിച്ച് ഇന്‍ഡിസൈന്‍ പോലുള്ള പേജ് ലേ ഔട്ട് ആപ്ലിക്കേഷനുകളില്‍ ഇമേജ് എഡിറ്റിംഗ് ഒഴികെയുള്ള പല ചെറിയ കാര്യങ്ങളും ചെയ്യാന്‍ കഴിയുന്നുണ്ട്. പണ്ട് അവയ്ക്കൊക്കെ ഇല്ല്സറ്റ്രേറ്റര്‍/കോറല്‍ ഡ്രൊ, ഫോട്ടൊ ഷോപ്പ് എന്നിവയൊക്കെ ഉപയോഗിച്ചിരുന്നു)). അല്ലാതെ എല്ലാത്തരം ആവശ്യങ്ങള്‍ക്കുമുള്ള ഒറ്റമൂലിയാണ് ഫോട്ടോഷോപ്പ് എന്ന് ചിലരെങ്കിലും ധരിച്ചിട്ടുണ്ടെങ്കില്‍ അത് ശരിയല്ല. അതായത് ഒരു ലോഗോ ഡിസൈന്‍ ചെയ്യാന്‍ ഫോട്ടോഷോപ്പെന്ന ഇമേജ് എഡിറ്ററല്ല, മറിച്ച് ഡ്രോയിംഗ് പ്രോഗ്രാമുകള്‍ ഏതെങ്കിലും തന്നെ ഉപയോഗിക്കണെന്ന് അര്‍ത്ഥം.

ഇവിടെ അഡോബിയുടെ ഡ്രോയിംഗ് പ്രോഗ്രാമായ അഡോബി ഇല്ലസ്‌ട്രേറ്ററിനെ നമുക്ക് ലഘുവായൊന്ന് പരിചയപ്പെടാം.

അഡോബി ഇല്ലസ്‌ട്രേറ്റര്‍...
ഡിസൈനര്‍മാരുടെ വാഗ്‌ദത്ത ഭൂമി! ബിറ്റ്മാപിന്റെ നുറുങ്ങുകളില്‍ നിന്നും തികച്ചും മുക്തം! നിങ്ങള്‍ ഉണ്ടാക്കുന്ന ഓരോ ചെറിയ ഓബ്‌ജക്റ്റിനേയും എത്ര വേണമെങ്കിലും, എത്രവേണമെങ്കിലും വലിച്ചു നീട്ടാവുന്ന വെക്‍റ്റര്‍ പ്രോഗ്രാം...

നമ്മളിപ്പോള്‍ ഫോട്ടോഷോപ്പില്‍ ഒരു ഇമേജ് ഉണ്ടാക്കി സേവ് ചെയ്യുന്നു. പിന്നെ കുറേക്കഴിഞ്ഞു നമുക്ക് തോന്നുന്നു ഈ ഇമേജ് ഇതിന്റെ ഇരട്ടി വലുതാക്കിയാലെന്താ? അല്ലെങ്കില്‍ ആരെങ്കിലും നമ്മോടു പറയുന്നു, ഈ ചിത്രം ഒന്നു വലുതാക്കി തരാമോ?
പറ്റുമോ? ഇല്ല. കാരണമെന്താ?

അവിടെയാണ് നാം രണ്ടു തരം ഗ്രാഫിക്സിനെ കുറിച്ച് മനസ്സിലാക്കേണ്ടത്.
വെക്‍റ്ററും ബിറ്റ്മാപ് അല്ലെങ്കില്‍ റാസ്‌റ്ററും. (Vector Graphics and Raster or Bitmap Graphics).

സംഗതി അല്‍പ്പം കുഴഞ്ഞ കേസാണ്. എന്നു കരുതി അങ്ങനെ വിടാന്‍ പാടുണ്ടോ?

ആദ്യം റാസ്റ്ററ് അലെങ്കില്‍ ബിറ്റമാപ്പ് എന്താണെന്ന് നോക്കാം. മൈക്രോസോഫ്റ്റ് പെയിന്റ്, ഫോട്ടോഷോപ്പ് മുതലായ പ്രോഗ്രാമുകള്‍ ബിറ്റ്മാപ്പ് ആപ്ലിക്കേഷനുകളാണ്. പിക്സലുകള്‍ (Pixels) അഥവാ ധാരാളം കുഞ്ഞു കുത്തുകള്‍ (Dots) ചേര്‍ന്നു രൂപം പ്രാപിക്കുന്ന ഒരു നിശ്‌ചിത അളവിലുള്ള ഇമേജുകളെയാണ് നാം ബിറ്റ്മാപ് എന്നു വിളിക്കുന്നത്.

ഒന്നു കൂടി വിശദീകരിച്ചാല്‍ ഒരു കളത്തിനുള്ളില്‍ പിക്സലുകള്‍ - പിക്‍സലെന്നാല്‍ ഓരോന്നിനും സ്വതന്ത്രമായ ഓരോ കളറുകളുള്ള ചെറിയ ഡോട്ടുകള്‍- കൂടിച്ചേര്‍ന്ന് ഒരു ചിത്രമായി രൂപാന്തരപ്പെടുന്ന അല്ലെങ്കില്‍ സ്ക്രീനില്‍ ഒരു ചിത്രമായി നമുക്ക് കാണാനാവുന്ന ഗ്രാഫിക്സാണ് ബിറ്റ്‌മാപ്. ഈ ചെറിയ കുത്തുകളുടെ വലിപ്പം കൂട്ടാന്‍ നമുക്ക് കഴിയില്ല. അതുകൊണ്ടു തന്നെയാണ് ഒരിക്കല്‍ ഒരു വരയോ ടെക്സ്റ്റോ നിര്‍മ്മിച്ചു കഴിഞ്ഞാല്‍ പിന്നെ സൈസില്‍ വലിയ മാറ്റങ്ങളൊന്നും അതില്‍ വരുത്താന്‍ സാ‍ധ്യമാവാത്തത്.

ബിറ്റ്മാപ് ഇമേജുകള്‍ റെസല്യൂഷനെ ആശ്രയിച്ച് നിലകൊള്ളുന്നവയാണ്. (Resolution dependent). റെസല്യൂഷനെന്നാല്‍ ഒരു ഇമേജില്‍ അടങ്ങിയിരിക്കുന്ന കുത്തുകളുടെ (ഡോട്ടുകളുടെ) എണ്ണത്തെ സൂചിപ്പിക്കുന്ന ഒരു മാനകമാണ്. ഇത് ഡോട്ട് പെര്‍ ഇഞ്ച് dpi (dots per inch) അല്ലെങ്കില്‍ പിക്‍സല്‍ പെര്‍ ഇഞ്ച് ppi (pixels per inch) എന്നിങ്ങനെയാണ് പ്രസ്താവിക്കുന്നത്. ഉദാഹരണം നമ്മുടെ കമ്പ്യൂട്ടര്‍ സ്ക്രീനിന്റെ റെസല്യൂഷന്‍ 72 DPI അല്ലെങ്കില്‍ 96 PPI ആണ്. അതായത് ഒരു ഇഞ്ച് സ്ഥലത്ത് 72 ഡോട്‌സുകള്‍ അഥവാ ഒരു ഇഞ്ച് സ്ഥലത്ത് 96 പിക്സലുകള്‍. എന്നാല്‍ ഒരു ബിറ്റ്മാപ് പ്രിന്റ് ചെയ്യുമ്പോള്‍ 300 റെസല്യൂഷന്‍ എങ്കിലും ഉണ്ടായിരിക്കണം. 300 റെസല്യൂഷന്‍ ഉള്ള ഒരു പടം നമ്മുടേ സ്ക്രീനില്‍ വളരെ വലുതായി കാണുന്നതിന്റെ കാരണം മനസ്സിലായല്ലോ.

ചിത്രം ശ്രദ്ധിക്കുക.


സാധാരണമായ ബിറ്റ്മാപ് ഫോര്‍മാറ്റുകള്‍ ഇവയാണ്.
BMP , GIF, JPEG, JPG, PNG, PICT (Macintosh), PCX, TIFF, PSD (Adobe Photoshop)


ഇനി വെക്‍റ്റര്‍ എന്താണെന്ന് നോക്കാം അല്ലേ?


വെക്‍റ്ററുകള്‍ ബഹുരസമാണ് കൈകാര്യം ചെയ്യാന്‍, അതി മനോഹരവും. വെക്‍റ്റര്‍ ഗ്രാഫിക്സിന്റെ സൌന്ദര്യം അത് ഉപയോഗിച്ച് തന്നെ മനസ്സിലാക്കണം. അതിന്റെ പിന്നിലുള്ള കണക്കിലെ കളികള്‍ ആലോചിച്ച് തലപുണ്ണാക്കേണ്ട ആവശ്യമുണ്ടോ? ഇല്ലെന്നാകിലും സാമാന്യമായി വെക്‍റ്ററെന്താണെന്നു ഒന്നു പറഞ്ഞേക്കാം.



റെസല്യൂഷനു അതീതമായ ഒരു ഗ്രാഫിക് സംവിധാനമാണ് വെക്‍റ്റര്. ( Resolution independent). അളവുകള്‍ പുനര്‍നിര്‍ണ്ണയിക്കാവുന്ന ധാരാളം സ്വതന്ത്ര ഓബ്‌ജക്റ്റുകള്‍ ചേര്‍ന്നാണ് ഒരു വെക്‍റ്റര് ഇമേജ് രൂപപ്പെടുന്നത്. ഗണിതത്തിലെ ചില സമവാക്യങ്ങളാണ് ഇവിടെ രൂപങ്ങളും അളവും നിര്‍ണ്ണയിക്കുന്നത്. പിക്‍സലുകള്അല്ല. അതിനാല്‍ തന്നെ വെക്‍റ്റര് ഇമേജ് മികച്ച ഗുണനിലവാരവും മേന്മയും ഉള്ളവയായിരിക്കും.

ഉദാഹരണത്തിനു ഒരു വരക്ക് അഥവാ രേഖക്ക് ഒരു സ്റ്റാര്‍ട്ടിംഗ് പോയിന്റും ദിശയും നീളവും വണ്ണവും എന്‍ഡിംഗ് പോയിന്റും ഉണ്ടായിരിക്കുമല്ലോ. അതുപോലെ ഒരു വൃത്തത്തിനു മധ്യവും റേഡിയസും ഒക്കെയും. ഇതെല്ലാം ഗണിത സമവാക്യങ്ങളനുസരിച്ചാണ് രൂപപ്പെടുന്നത്. നമ്മള്‍ ചുമ്മാതെ വരക്കുക, അണിയറയിലെ കളികളെകുറിച്ച് പരിഭ്രാന്തരാകേണ്ടതില്ല! വരകളും വളവുകളും രൂപങ്ങളും ഒക്കെത്തന്നെ പല രീതിയില്‍ എഡിറ്റ് ചെയ്യാവുന്നവയാണ്‌. വെക്‍റ്റര് ഓബ്‌ജറ്റ്കളെ ഏതളവു വരെയും വലുതാക്കാം, ചെറുതാക്കാം. എന്തൊക്കെ ചെയ്താലും ഓബ്‌ജക്റ്റിന്റെ വശങ്ങള്‍ (Edge) വളരെ ക്രിസ്‌പും ഷാര്‍പ്പുമായിത്തന്നെ നിലകൊള്ളും. ബിറ്റ്മാപിനെപ്പോലെ എഡ്‌ജ് പൊട്ടിപ്പോകുകയില്ല വെക്‍റ്ററില്‍. ഡ്രോയിംഗ് പ്രോഗ്രാമുകളില്‍ ഫോണ്ടുകളും വെക്‍റ്ററായിട്ടു തന്നെയാണ് രൂപപ്പെടുക. അങ്ങനെ അനേകം നിരവധി ഗുണങ്ങളുള്ള വെക്‍റ്ററിനു ചില പരിമിതികളും ഉണ്ട്. ഫോട്ടോ റിയലിസ്റ്റിക് ആയ ഇമേജുകള്‍ നിര്‍മ്മിക്കാന്‍ പലപ്പോഴും കഴിയില്ല. ഒരു ഫോട്ടോഗ്രാഫിന്റെ സൂക്ഷ്മമായ ടോണുകള്‍ സൃഷ്പ്പ്ടിക്കാന്‍ വെക്റ്ററിനാവില്ല. എന്നിരുന്നാലും വെക്‍റ്റര്‍ ഗ്രാഫിക് അതിവേഗം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അവിടെയാണ് അഡോബി ഇല്ലസ്ട്രേറ്ററിന്റെ മഹത്വം നമുക്ക് മനസ്സിലാവുക. മറ്റേതൊരു ഡ്രോയിംഗ് പ്രോഗ്രാമിലും കഴിയാത്ത ഫോട്ടോ റിയലിസ്റ്റിക് ഇമേജുകള്‍ ഇല്ലസ്ട്രേറ്ററില്‍ നമുക്ക് ചെയ്തെടുക്കാം.

ചിത്രം നോക്കുക.


സാധാരണ വെക്‍റ്റര്‍ ഫോര്‍മാറ്റുകള്‍ ഇവയാണ്.
AI (Adobe Illustrator), CDR (CorelDRAW), CMX (Corel Exchange), CGM Computer Graphics Metafile, DXF AutoCAD, WMF Windows Metafile.

ഇല്ലസ്ട്രേറ്ററിലേക്ക് തിരികെ വരാം.

ഞാന്‍ ഇങ്ങനെ ചോദിക്കും: ഇല്ലസ്ട്രേറ്ററിനേക്കാള്‍ മികച്ച ഒരു ഡ്രോയിംഗ് പ്രോഗ്രാം നിങ്ങള്‍ക്ക് കാണിച്ചു തരാനാകുമോ? ഇല്ലസ്ട്രേറ്റര്‍ ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേഡ് ആയ ആപ്ലിക്കേഷനാണ്. വെക്റ്റര്‍ ആര്‍ട്ട് രംഗത്തെ അതികായന്മാര്‍ മിക്കവരും ഇല്ലസ്ട്രേറ്റര് ആണുപയോഗിക്കുന്നത്.

ശരി ഇല്ലസ്ട്രേറ്റര് തുറന്നു നോക്കാം. ഫോട്ടോഷോപ്പ് ഉപയോഗിച്ചിട്ടുള്ളവര്‍ക്ക് ഇല്ലസ്ട്രേറ്ററും പരിചിതമായി തോന്നും. എന്നാല്‍ അവിടെ കാണുന്ന പല ടൂളുകളും എന്തിനുള്ളതാണെന്ന് മനസ്സിലാകാതെ തുടക്കക്കാര്‍ പരിഭ്രമിക്കും. കാഴ്‌ച്ചയില്‍ ഫോട്ടോഷോപ്പും ഇല്ലസ്ട്രേറ്ററും ഇരട്ട സഹോദരന്മാരെ പോലെ ആണെങ്കിലും സ്വഭാവത്തില്‍ രണ്ടും രണ്ടു തരക്കാരാണ്. തമിഴ് സിനിമകളിലെ ഡബിള്‍ റോള്‍ ബ്രദേഴ്‌സിനെപ്പോലെ ! ഉദാഹരണത്തിനു രണ്ടു പ്രോഗ്രാമുകളിലും പെന്‍ ടൂളും ഗ്രേഡിയന്റ് ടൂളുമുണ്ട്. എന്നാല്‍ രണ്ടിലും രണ്ട് ഉപയോഗമാണ് അവക്കുള്ളത്.

ഒരു കാര്യം അടിസ്ഥാനപരമായി മനസ്സിലാക്കുക. ഇല്ലസ്ട്രേറ്റര് ഒരു അത്ഭുത ടൂള്‍ തന്നെയാണ്. എന്നാല്‍ അത് വെറും ടൂള്‍ മാത്രമാണ്. അല്ലാതെ ഒരു മാജിക് ബോക്സൊന്നുമല്ലല്ലോ! എങ്ങനെ വരക്കണമെന്ന് ഇല്ലസ്ട്രേറ്റര് നമ്മെ പഠിപ്പിക്കില്ല; എങ്ങനെ ഡിസൈന്‍ ചെയ്യാമെന്നും. ഇല്ലസ്ട്രേറ്റര്‍ നമ്മെ കലാകാരനാക്കില്ല എന്നു ചുരുക്കം. കല പഠിക്കണമെങ്കില്‍ ഫൈന്‍ ആര്‍ട്സ് സ്കൂളില്‍ പോയാലേ പറ്റൂ :) (ഗ്രാഫിക് ഡിസൈന്‍ എന്ന റ്റാബ് നോക്കുക. ഗ്രാഫിക് ഡിസൈന്റെ അടിസ്ഥാന പാഠങ്ങള്‍ അവിടെ പറയുന്നുണ്ട്).

ഇല്ലസ്ട്രേറ്റര് നമ്മുടെ വര വേഗത്തിലും എളുപ്പത്തിലുമാക്കാനും മനോഹരമാക്കാനും നമ്മെ സഹായിക്കും. ഒന്നു കൂടി പറഞ്ഞോട്ടെ, ഒരു വെള്ള പേപ്പറും കുറേ ക്രയോണുമുണ്ടെങ്കില്‍ അനായാസം വേഗത്തില്‍ ഇല്ലസ്ട്രേറ്ററില്‍ വരക്കാവുന്നത് നമുക്ക് വരച്ചെടുക്കാമല്ലോ? പിന്നെന്തിന് ഇല്ലസ്ട്രേറ്റര്!! എന്നു ചോദിച്ചേക്കാം. സംഗതി എന്താണെന്ന് വെച്ചാല്‍ നാം ജീവിക്കുന്നത് ഡിജിറ്റല്‍ യുഗത്തിലാണ്, അതു പോലെ വേഗതയുടെ യുഗത്തിലുമാണ് എന്നു മനസ്സിലാക്കിയാല്‍ മതി. കമ്പ്യൂട്ടറെന്തിന് എന്ന ചോദ്യത്തിനുള്ള ഉത്തരം തന്നെ ഇതിനും.

അപ്പോ ഇല്ലസ്‌ട്രറ്ററിനെ കുറിച്ച കൂടുതല്‍ വിവരങ്ങള്‍ നമുക്ക് മനസിലാക്കാമെന്ന് വിചാരിക്കുന്നു. അത് അടുത്ത പോസ്‌റ്റില്‍ പോരേ? ഇപ്പോത്തന്നെ നിങ്ങള്‍ക്ക് മുഷിഞ്ഞിട്ടുണ്ടാവും :)

Feb 17, 2008

ആപ്പിള്‍ വരക്കാം ആപ്പിളേയ്....

1. ആദ്യം ആപ്പിളിന്റെ ആകൃതിയില്‍ പെന്‍ ടൂള്‍ കൊണ്ട് ഒരു പാത്ത് വരക്കുക. പാത്ത് ഒരു സെലക്ഷനാക്കുക. (Ctrl+Enter)


2. ഒരു ആപ്പിള്‍ റെഡ് (# 881f1c) കളര്‍ സെലക്റ്റ് ചെയ്യുക. എന്നിട്ട് പുതിയ ഒരു ലേയര്‍ ഉണ്ടാക്കിയിട്ട് Airbrush Soft Round (65 അല്ലെങ്കില്‍ 100 സൈസ്) എടുത്ത് Opacity 20 മുതല്‍ 50 വരെയായി കൂട്ടിയും കുറച്ചും ചുമ്മാ വരക്കുക. (ഒരു ആപ്പിളിന്റെ നിറവ്യതിയാനങ്ങള്‍ നിരീക്ഷിക്കുക).


3. ഇനി ആപ്പിളില്‍ ഗ്ലോ ഉണ്ടാക്കാന്‍ ആപ്പിള്‍ റെഡ് നിറത്തിന്റെ ഒരു ലൈറ്റ് ഷേഡ് തെരഞ്ഞെടുത്ത് (#c0746d) Airbrush Soft Round കൊണ്ടു തന്നെ 70 ഒപാസിറ്റിയില്‍ ഗ്ലോ വേണ്ടിടത്ത് വെറുതെ ഒന്നു ക്ലിക്കുക.


4. പുതിയ ഒരു ലേയര്‍ കൂടി ഉണ്ടാക്കി ബ്ലെന്‍‌ഡിംഗ് മോഡ് Overlay ആക്കുക. കറുപ്പ് നിറം കൊണ്ട് വശങ്ങളിലും താഴ്‌ഭാഗത്തുമൊക്കെ (30 Opacity, Airbrush Soft Round) വെറുതേ ബ്രഷോടിക്കുക. ഇനി ആപ്പിളിന്റെ കുത്ത് കുത്ത്. പെന്‍സില്‍ ടൂള്‍ എടുത്ത് 3 സൈസില്‍ ഇളം മഞ്ഞനിറം കൊണ്ട് കുറേ കുത്തുകുത്തുകള്‍ കുത്തുക. ആപ്പിളിന്റെ ഞെട്ടിനു യോജിച്ച കളര്‍ കൊടുക്കുക.

ശ്രദ്ധിച്ചു ചെയ്താല്‍ വായില്‍ വെള്ളമൂറുന്ന ആപ്പിള്‍ റെഡി.
ഇതേ മെതേഡില്‍ തന്നെ മാങ്ങയും മത്തയും തക്കാളിയുമൊക്കെ വരക്കാം. അനിയോജ്യമായ ബ്രഷ് തെരഞ്ഞെടുക്കണം.

എന്റെ ഫോട്ടോഷോപ്പ് പരീക്ഷണങ്ങള്‍

ഫോട്ടോഷോപ്പ് എന്നു കേള്‍ക്കാത്തവരുണ്ടാവില്ല.
പണ്ട്, എട്ടു പത്ത് കൊല്ലം മുമ്പ് ഒരു കമ്പ്യൂട്ടര്‍ കിട്ടിയപ്പോള്‍ അതില്‍ ഫോട്ടോഷോപ്പ് എന്നൊരു പ്രോഗ്രാം ഇന്‍സ്‌റ്റോള്‍ ചെയ്തിരിക്കുന്നതായി ശ്രദ്ധയില്‍ പെട്ടു. അന്നത് വെറുതേ തുറന്നു നോക്കിയപ്പോള്‍ എന്തൊക്കെയോ കുത്തിവരക്കാനുതകുന്ന സാധനമാണല്ലോ ഇത് എന്ന് തോന്നുകയും ചെയ്തു. അന്നു തോന്നിയ കൌതുകവും അമ്പരപ്പും അത്ഭുതവും ഇന്നും ഫോട്ടോഷോപ്പ് തുറക്കുമ്പോള്‍ ഞാനനുഭവിക്കുന്നു.
വെറുതേ ഓരോന്ന് പരീക്ഷിക്കാനുള്ള ത്വര കൂ‍ടി വരുന്നതല്ലാതെ കുറയുന്നില്ല. ഓരോന്ന് അറിയുന്തോറും അറിയാനുള്ളത് ഏറി വരുന്നു എന്നതും എന്നെ അമ്പരപ്പിക്കുന്നു.
ഫോട്ടോഷോപ്പിലെ പുലികളും സിംഹങ്ങളും ഓരോന്ന് കാട്ടിക്കൂട്ടുന്നത് കണ്ട് കണ്ണുമിഴിച്ച് നില്‍ക്കുന്ന ഒരു ശിശുവിന്റെ കൌതുകമെന്നോണം മുമ്പ് ഞാന്‍ പടമിടം എന്ന ബ്ലോഗില്‍ പബ്ലിഷ് ചെയ്ത ഈ ചിത്രങ്ങള്‍ തപസ്യയില്‍ റീ പോസ്റ്റ് ചെയ്യുന്നു.















Feb 9, 2008

www.സുന്നത്ത് വര്‍ക്ക്. കോം

നാട്ടിലെ കുട്ടികളായ കുട്ടികളുടെയെല്ലാം പേടിസ്വപ്‌നമായിരുന്നു അബൂക്ക. കാരണമെന്താച്ചാല്‍ ഈ അബൂക്കയാണ് പിള്ളാരുടെടെയെല്ലാം സുന്നത്ത് ചെത്താന്‍ കത്തീമായി വരണത്...ഒസ്സാന്‍ അബൂക്ക. നാട്ടിലെ സുന്നത്ത് കല്യാണങ്ങളുടെ ആകെ മൊത്തം ടോട്ടല്‍‍ ഒടമ്പടി അബൂക്കക്ക് മാത്രം സ്വന്തമായിരുന്നു.

അറുക്കാന്‍ നിര്‍ത്തീരിക്കണ പോത്തിന്റെ മാനസികാവസ്ഥയോടെ കുട്ടികള്‍ ഒറ്റത്തോര്‍ത്തിനുള്ളിലെ കുഞ്ഞു ‘സുന്നത്തിന്റെ’ അറ്റത്തുള്ള ചര്‍മ്മം അവസാനമായി ഒന്നു നോക്കി അങ്ങനെ നില്‍ക്കുമ്പോള്‍ പള്ളീന്ന് മോതീനും മുസ്‌ലിയാരും ഇതാ വരവായി. ഉമ്മറത്ത് തഴപ്പാ വിരിച്ച് തലയണ വെച്ച് തലയണമേല്‍ മൌലൂദ് കിത്താബും വെച്ച് മുസ്‌ലിയാരും കൂട്ടരും കാത്തിരിക്കുമ്പോ സൈക്കിളിമ്മേല്‍ ഒരു പ്ലാസ്റ്റിക്ക് കൂടുമായി അബൂക്ക ധൃതീല്‍ വന്നിറങ്ങും. അബൂക്കാന്റെ തലവെട്ടം കാണുമ്പോള്‍ കൂടി നിക്കണ കുട്ടികള്‍ ജി.സുധാകരനെ കണ്ട അയ്യപ്പന്മാരെ പോലെ പേടിച്ച് നാലുപാടും ചിതറിയോടും. അബൂക്ക ഭയങ്കര ബിസിയാണ്. ഇവിടത്തെ കാര്യം കഴിഞ്ഞിട്ടു ഇനി എത്ര കണ്ടിക്കല്‍ ഒള്ളതാണ്.

മൌലൂദ് ചൊല്ലലും കുട്ടിയുടെ കരച്ചിലും ഒന്നിച്ചുയരും. സംഗതി ഒന്നു കൊഴുപ്പിക്കാന്‍ അടുക്കളയില്‍ നിന്ന് കുട്ടീടെ ഉമ്മാന്റേം ബന്ധുക്കളായ സ്ത്രീ ജനങ്ങളുടേം കരച്ചിലും അതേ ട്രാക്കില്‍ ഹൈപിച്ചില്‍ മുഴങ്ങും. ആരോഗ്യമുള്ള മൂന്നാലു പേര്‍ ചേര്‍ന്ന് കുട്ടിയെ ഒരു കസേരയിലിരുത്തി കാല്‍ രണ്ടും അകത്തി മുറുക്കിപ്പിടിക്കും. രണ്ടുപേര്‍ കൈകള്‍ ബലമായി ചേര്‍ത്തു പിടിക്കുകയും ചെയ്യും. അബൂക്ക പ്ലാസ്റ്റിക്ക് കൂടില്‍ നിന്ന് കത്തി, ബ്ലേഡ് അങ്ങനെ ഓപ്പറേഷന്‍ സുനാപ്പികള്‍ പുറത്തെടുക്കുമ്പോഴേക്കും ഒരാള്‍ കുട്ടീന്റെ കണ്ണ് പൊത്തും. ഒരു നിമിഷം. ഠിക്കെന്ന് ഒരു സൌണ്ട് കേള്‍ക്കും. കാര്യം കഴിഞ്ഞു. സ്പിരിറ്റ് പഞ്ഞീല്‍ മുക്കി സുന്നത്തിന്റെ അഗ്രത്ത് വെച്ച് ലിനന്‍ തുണി കൊണ്ട് കെട്ടും. ഒരാള്‍ ഒരു വിശറി കൊണ്ട് ആഞ്ഞ് വീശും. കുട്ടിയെ പൊക്കിയെടുത്ത് ഒരു പായയില്‍ കിടത്തീട്ട് കാച്ചിലിനു ഏറ്റം കെട്ടണ മാതിരി ഒരു വെള്ളത്തുണികയറു കെട്ടി ഉത്തരത്തില്‍ തൂക്കി കെട്ടി അരക്ക് മീതേ മറക്കും.

പിന്നെ അഞ്ചാറു ദിവസം കുട്ടിക്ക് കോളാണ്. ബന്ധുക്കളോരുരുത്തരായി കാണാന്‍ വരും. വരുന്നവരുടെ കയ്യില്‍ വമ്പന്‍ പൊതിക്കെട്ടുമുണ്ടാകും. ഏത്തപ്പഴം, ആപ്പിള്‍, ഓറഞ്ച്, മുന്തിരി തുടങ്ങിയ പഴവര്‍ഗ്ഗങ്ങളും സ്വര്‍ണ്ണമാല, മോതിരം, പുത്തനുടുപ്പ് മുതലായവയും പൊതിയിലുണ്ടാവും.

ഏഴാം ദിവസം പള്ളിയില്‍ പോക്ക്. അന്ന് മുറിവ് കരിഞ്ഞിട്ടുണ്ടാവും. ചൂടുവെള്ളത്തില്‍ പൊട്ടാസ്യം പെര്‍ മാംഗനേറ്റ് ചേര്‍ത്ത് മുറിവില്‍ ഒഴിച്ച് പഞ്ഞിയും തുണിയുമൊക്കെ അഴിച്ചെടുക്കും. പിന്നെ കുളിച്ച് പുത്തന്‍ വസ്ത്രങ്ങളും മാലയും മോതിരവും പുത്തന്‍ ചെരുപ്പുമൊക്കെ ഇട്ട് പുതിയാപ്ല മാതിരി ഒരു പോക്കാണ് പള്ളീലേക്ക്. അപോഴേക്കും തലയണക്കീഴില്‍ നോട്ടുകള്‍ കുന്നു കൂടീട്ടുണ്ടാവും; ഓരോരുത്തര്‍ കുട്ടിക്ക് കൊടുക്കണത്.

ഇതൊക്കെ പഴേ കഥ. ഇന്നെല്ലാരും ആശുപത്രിയിലാണ് സുന്നത്ത് കഴിപ്പിക്കുക. അതോടെ അബൂക്കാന്റെ കഷ്‌ടകാലോം തുടങ്ങി. പണി വളരെ കുറവ്. അബൂക്കാന്റെ മോന്‍ ഹുസൈന്‍ കുഞ്ഞ് കവലേല്‍ ബ്യൂട്ടി പാര്‍ലര്‍ കം ബാര്‍ബര്‍ ഷോപ്പ് കം മസാജ് സെന്റര്‍ നടത്തണത് കൊണ്ട് വീട്ടുകര്യം അങ്ങനെ കഴിയണൂന്ന് മാത്രം.

ഒരു ദിവസം ഹുസൈന്‍ കുഞ്ഞ് അബൂക്കാക്ക് ഒരു സൂത്രമുപദേശിച്ചു കൊടുത്തു.
“ബാപ്പാ, ഇങ്ങള്‍ വീട്ടില്‍ കുത്തീരുന്നാല്‍ ഒരു പണീം നടക്കില്ല. നമ്മക്ക് റ്റീ വീല്‍ ഒരു പരസ്യം കൊടുക്കാം. അധുനിക രീതീല്‍ സുന്നത്ത് നടത്തിക്കൊടുക്കുമെന്നും പറഞ്ഞ്..എന്തു പറേന്നു?”

അബൂക്ക മോനെ ഒരാട്ടു വെച്ചു കൊടുത്തു. “പോടാ, റ്റീവീലൊക്കെ പരസ്യം കൊടുക്കണേല്‍ കുടുമ്മം വിക്കണം.” അക്കാര്യം അവിടെത്തീര്‍ന്നു.

ദിവസം കുറേക്കഴിഞ്ഞ് സൂര്യാ റ്റീവിയില്‍ ഒരു പരസ്യം കണ്ട ഹുസ്സൈന്‍ കുഞ്ഞ് ചാടി എണീറ്റു. www.സുന്നത്ത് വര്‍ക്ക്. കോം!!!

ഹുസ്സൈന്‍ കുഞ്ഞ് ബാപ്പാനെ നോക്കി അലറി.
“ബാപ്പാ, അന്ന് ഞാന്‍ പറഞ്ഞപ്പോ ഇങ്ങള് കേട്ടില്ല. ഇങ്ങള് പോയി മരി. ദേ ആണുങ്ങളു പരസ്യം കൊടുത്തിരിക്ക്‍ണൂ. ഡബ്ലിയൂ ഡബ്ലിയൂ ഡബ്ലിയൂ .സുന്നത്ത് വര്‍ക്ക്. കോം........”

സണ്‍ മൈക്രോ സിസ്റ്റത്തിന്റെ യൂആറെല്‍ www.സണ്‍ നെറ്റ്‌വര്‍ക്ക് .കോം (www.sunnetwork.com) ആയിരുന്നു അത് എന്ന് മനസ്സിലാക്കാന്‍ ഹുസ്സൈങ്കുഞ്ഞ് ചുരുങ്ങിയ പക്ഷം ഒരു ബ്ലോഗര്‍ പോലുമല്ലല്ലോ!
-------------------------------------------------------------------------------------

*മൌലൂദ്. പ്രാര്‍ത്ഥനയും പ്രവാചകപ്രകീര്‍ത്തനവും അടങ്ങുന്ന പദ്യം.

Feb 6, 2008

ഹിപ്‌നോട്ടിക്ക് അനുഭവങ്ങള്‍ - 2

ലഘുമാനസിക പ്രശ്‌നം തന്നെയാണ് അവനെന്നു ഉറപ്പുവരുത്താനായി കുറേ നേരം സധാരണരീതിയില്‍ അവനോടു സംസാരിച്ചു.

മാനസികമായും ശാരീരികമായും ആകെ അവശനായിരുന്ന ആ പയ്യന് ഒരു ഹിപ്‌നോ അനലൈസിസിനു വിധേയനാകാന്‍ കഴിയില്ല എന്നെനിക്കു തോന്നി. ഏകാഗ്രതയോടെ എന്റെ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കാനുള്ള അവസ്ഥയിലായിരുന്നില്ല അവന്‍. ആകയാല്‍ അവനു വേണ്ടത്ര വിശ്രമം നല്‍കുവാന്‍ ഞാന്‍ തീരുമനിച്ചു. ചില റിലാക്‍സേഷന്‍ ടെക്‍നിക്കുകള്‍ ഉപയോഗിച്ച് അവനെ ഞാന്‍ മെല്ലെ ഉറക്കി.

ഹിപ്‌നോസിസെന്നാല്‍ ഉറക്കമല്ലാതെ മറ്റൊന്നുമല്ല. യ്ഥാര്‍ത്ഥത്തില്‍ സ്വാഭാവിക നിദ്രയും ഹിപ്‌നോട്ടിക് നിദ്രയും തമ്മില്‍ ഗാഢമായ അന്തരമില്ല. സ്വാഭാവിക നിദ്രക്കു വേണ്ട ആന്തരികവും ബഹ്യവുമായ പ്രേരണകളെ കൃത്രിമമായി സൃഷ്‌ടിച്ചുകൊണ്ട് വ്യക്തിയെസ്വാഭാവിക നിദ്രയിലേക്ക് തന്നെ വീഴ്ത്തുകയാണ് ഹിപ്‌നോട്ടിസ്റ്റ് ചെയ്യുന്നത്.

ഹിപൊസിസിനെകുറിച്ച് പറയുമ്പോള്‍ സാധാരണ നിദ്രയെക്കുറിച്ച് പറയണമല്ലോ? എന്താണീ സ്വാഭാവിക നിദ്ര?

പ്രവര്‍ത്തന നിരതമായ മസ്തിഷ്‌കത്തിന്റെയും ശരീരത്തിന്റെയും ക്ഷീണം തീര്‍ക്കുവനുള്ള വിശ്രമമല്ലാതെ മറ്റൊന്നുമല്ല നിദ്ര. ഉണര്‍ന്നിരിക്കുമ്പോള്‍ മനുഷ്യന്റെ പഞ്ചേന്ദ്രിയങ്ങളും അതിന്റെ ജോലി നിര്‍വ്വഹിക്കുകയും മസ്തിഷ്‌കത്തിലെ കേന്ദ്രനാഡീവ്യൂഹം അതിന്റെപ്രവര്‍ത്തനങ്ങളെ ഉള്‍ക്കൊള്ളുകയും ചെയ്യുന്നു. എന്നാല്‍ നിദ്രാവസ്ഥ എന്നു പറയുന്നത് മസ്തിഷ്‌കത്തിന്റെ ഉന്നത നാഡീ വ്യൂഹം പ്രവര്‍ത്തനരഹിതമാകുന്ന അവസ്ഥയെയാണ്. കേന്ദ്രനാഡീവ്യൂഹം പ്രവര്‍ത്തന രഹിതമാകുന്നത് മൂലം പഞ്ചേന്ദ്രിയപ്രവര്‍ത്തനങ്ങള്‍ മസ്തിഷ്‌കത്തില്‍ പ്രതിഫലിക്കയില്ല.

മനുഷ്യന്റെ എല്ലാ പ്രവര്‍ത്തനങ്ങളും കേന്ദ്രനാഡീവ്യൂഹത്തിന്റെ നിയന്ത്രണത്തിലാണ്. അധ്വാനിക്കുമ്പോഴും ഒന്നും ചെയ്യാതെ ഉണര്‍ന്നിരിക്കുമ്പോഴും ഉന്നതനാഡീകേന്ദ്രം പ്രവര്‍ത്തനനിരതമാണ്. ഏറെനേരത്തെ പ്രവര്‍ത്തന നിരത കൊണ്ട് ക്ഷീണിക്കുന്ന നാഡീകേന്ദ്രത്തിനു വിശമം ആവശ്യമായിത്തീരുന്നു.

താളലയത്തില്‍ പാട്ടുപാടുമ്പോള്‍ കുഞ്ഞ് ഉറങ്ങുന്നത് ഒരേ രീതിയിലുള്ള ഉത്തേജനം അധികരിക്കുന്നത് മൂലം കുഞ്ഞിന്റെ
നാഡീവ്യൂഹകേന്ദ്രത്തിനു ക്ഷീണം സംഭവിക്കുകയും തന്മൂലം പ്രസ്തുത നാഡീവ്യൂഹകേന്ദ്രത്തില്‍ ഒരു തരം നിരോധനം വന്നു ഭവിക്കുകയും ചെയ്യുന്നു. അതായത് ആഭാഗം പ്രവര്‍ത്തനരഹിതമായി അഥവാ ഉറങ്ങി എന്നര്‍ത്ഥം. ആ നിരോധനം ക്രമേണ മസ്തിഷ്‌കത്തെ മൊത്തം വ്യാപിക്കുന്നതോടെ പൂര്‍ണ്ണമായ ഉറക്കമായി മാറുന്നു. നമ്മള്‍ ഒരേ വിഷയത്തില്‍ ഏറെ നേരം ശ്ര‍ദ്ധിച്ചിരുന്നാല്‍ ക്രമേണ ബോറടിച്ച് ഉറങ്ങുന്നതിനെപുറകിലുള്ള ശാസ്ത്രവും ഇതു തന്നെ.

ഉറക്കം, ഹിപ്‌നോട്ടിസം തുടങ്ങിയവയെ സംബന്ധിച്ച് ധാരാളം അന്ധവിശ്വാസങ്ങള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്.
ബോധമനസ്സ്, ഉപബോധ മനസ്സ്, അബോധ മനസ്സ് തുടങ്ങിയ ഫ്രോയിഡിയന്‍ അസംബന്ധങ്ങള്‍ ചില മനഃശാ‍സ്ത്രജ്ഞര്‍ പോലും ഇന്നും വിശ്വസിക്കുന്നു. അതേക്കുറിച്ച് നമുക്ക് മറ്റൊരിക്കല്‍ പറയാം.

ആധുനിക ഗവേഷണങ്ങളുടെ വെളിച്ചത്തില്‍ ഉറക്കത്തെ പ്രധാനമായും മൂന്നായി തരം തിരിച്ചിരിക്കുന്നു. അതിലൊന്നാണ് ഗാഢനിദ്ര. മസ്തിഷ്‌കം പൂര്‍ണ്ണമായും നിരോധിക്കപ്പെടുന്ന അവസ്ഥയെയാണ് ഗാഢനിദ്ര എന്നു പറയുന്നത്. മസ്തിഷ്‌കത്തിന്റെ കുറേ ഭാഗങ്ങള്‍ ഉണര്‍ന്നിരിക്കുകയും മറ്റുചില ഭാഗങ്ങള്‍ നിരോധിതാവസ്ഥയിലായിരിക്കുകയും ചെയ്യുന്ന സ്ഥിതി വിശേഷമാണ് മറ്റൊന്ന്.

ഇതു രണ്ടുമല്ലാത്ത മറ്റൊരവസ്ഥയാണ് ജാഗ്രതയുള്ള ഗാഢനിദ്ര. മസ്തിഷ്‌കത്തിലെ ഒരു ചെറിയ കേന്ദ്രം ഏതെങ്കിലും പ്രത്യേക വസ്തുവിനോടോ പ്രതിഭാസത്തോടോ ജാഗ്രത പുലര്‍ത്തിക്കൊണ്ട് ഉണര്‍ന്നിരിക്കുകയും ബാക്കി എല്ലാ ഭാഗവും നിരോധിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയാണത്. മസ്തി‌കത്തിലെ ഉണര്‍ന്നിരിക്കുന്ന ആ ഭാഗത്തെ സെന്‍‌ട്രി പോസ്റ്റ് (Centry Post) എന്നാണ് മനഃശാസ്ത്രജ്ഞന്മാര്‍ വിളിക്കുക.

ഒരുദാഹരണം പറയാം. ശിശുവിനോടൊത്ത് ഉറങ്ങിക്കിടക്കുന്ന അമ്മയുടെ നിദ്ര ഈ മൂന്നാമത്തെ വിഭാഗത്തിലുള്ളതാണ്. കുഞ്ഞിന്റെ ചെറിയ അനക്കങ്ങള്‍ക്കും ശബ്‌ദങ്ങള്‍ക്കും ഉണരുന്ന അമ്മ അതിലും വലിയ ശബ്ദം മറ്റൊരാളുണ്ടാക്കിയാലും അറിയണമെന്നില്ല.

ശിശുവിന്റെ ചലനത്തിനു പോലും അമ്മ ഉണരുന്നത് സെന്‍‌ട്രി പോസ്റ്റിന്റെ പ്രവത്തനം കൊണ്ടും തല്‍ഫലമായി കുഞ്ഞിനോട് ഒരു പ്രത്യേക ബന്ധം നിലനില്‍ക്കുന്നത് കൊണ്ടുമാണ്. റപ്പോര്‍ (Rapport) എന്നാണ് ഈ ജാഗ്രതാവസ്ഥക്ക് പറയുന്ന പേര്.

അമ്മക്ക് ശിശുവിനോടുള്ള ജാഗ്രത -റപ്പോര്‍- ഹിപ്‌നോട്ടിക് നിദ്രാവസ്ഥയില്‍ നിദ്രാവിധേയന് ഹിപ്‌നോട്ടൈസറോടും ഉണ്ടാവും.

സാധാരണ ഉറക്കത്തിന്റെ കാരണങ്ങള്‍ തന്നെയാണ് ഹിപ്‌നോട്ടിക് നിദ്രയുടെയും കാരണങ്ങള്‍. ഒരേ ശബ്‌ദം തന്നെ ആവര്‍ത്തിച്ചു കേള്‍പ്പിക്കുന്നതിലൂടെയോ പ്രകാശമുള്ള ഒരു വസ്തുവില്‍ ദൃഷ്‌ടി കേന്ദ്രീകരിപ്പിക്കുന്നതിലൂടെയോ മസ്തിഷ്‌കത്തിന്റെ കേന്ദ്രനാഡീ വ്യൂഹത്തിന്റെ ദൃശ്യ-ശ്രാവ്യ കോശങ്ങള്‍ക്ക് തളര്‍ച്ച ബാധിപ്പിക്കുന്നു. പ്രസ്തുത തളര്‍ച്ച കാരണം ആ മേഖലയില്‍ നിരോധനം ഏര്‍പ്പെടുത്തുന്നു. ആ നിരോധനം മസ്തിഷ്‌ക്കാസകലം വ്യാപിക്കുന്നതിനിടയില്‍ ഹിപ്നോട്ടൈസറുമായി റപ്പോര്‍ ബന്ധം സ്ഥപിക്കുന്നതിനു വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുക മൂലം സെന്‍‌ട്രി പോസ്റ്റ് നിലനില്‍ക്കുന്നു. ഈ സെന്‍‌ട്രിപോസ്റ്റിന്റെ പ്രവര്‍ത്തനഫലമാണ് ഉറക്കത്തില്‍ ഹിപ്‌ട്ടൈസര്‍ക്ക് നിദ്രാവിധേയനുമായി അശയവിനിമയം നടത്താന്‍ കഴിയുന്നത്.

നിദ്രാവിധേയന്റെ മസ്തിഷ്‌‌കത്തിന്റെ ഭൂരിഭാഗവും നിരോധിതാവസ്ഥയില്‍ ആ‍യിരിക്കയാല്‍ ഹിപ്‌നോട്ടൈസറുടെ നിര്‍ദ്ദേശങ്ങള്‍ യാതൊരു ചെറുത്തുനില്‍പ്പിനും വിധേയമാകാതെ നിദ്രാവിധേയനില്‍ പ്രായോഗികമാകുന്നു.

ഹിപ്‌നോട്ടിസത്തിന്റെ നന്മതിന്മകളെക്കുറിച്ചും ഉപയോഗത്തെക്കുറിച്ചും ഫലപ്രാപ്തിയെക്കുറിച്ചും പിന്നാലെ പറയാം….കാരണം നമ്മുടെ പയ്യന്‍ ഉറങ്ങുകയാണ്…അവനെ ഉണര്‍ത്തണ്ടേ???

അവനെ ഉണര്‍ത്തി. പിറ്റേന്നു വീണ്ടും വരാന്‍ പറഞ്ഞു. അന്നും റിലാക്‍സേഷന്‍ മാത്രം കൊടുത്തു. അവന്‍ നിദ്രയിലായിരിക്കേ പെട്ടെന്ന് കറന്റ് പോയി. ഞാന്‍ വല്ലാതെ പരിഭ്രമിച്ചു. അവന്‍ ഉറങ്ങാന്‍ പോകുമ്പോള്‍ വെളിച്ചമുണ്ടായിരുന്നു. ഈ ഇരുട്ടത്ത്, ഇപ്പോഴെങ്ങാനും അവന്‍ ഉണര്‍ന്നാല്‍…???

(തുടരും)

ഹിപ്‌നോട്ടിക്ക് അനുഭവങ്ങള്‍ - 1

എല്‍.പി സ്കൂളില്‍ പഠിക്കുന്ന കാലം മുതലേ മനഃശാസ്ത്രം മാസിക വായിക്കാനുള്ള അവസരം എനിക്കു കിട്ടിയിരുന്നു. കൊട്ടാരക്കരയില്‍ ജോലിയുള്ള അമ്മാവന്‍ വീട്ടില്‍ വരുമ്പോള്‍ കൊണ്ടുവരുന്ന മനഃശാസ്ത്രം മാസിക തട്ടിപ്പറിച്ചെടുത്ത് ആകെക്കൂടി വായിക്കുന്നതാകട്ടെ കാര്‍ട്ടൂണിസ്റ്റ് സുകുമാറിന്റെ ‘ഡോ.മനഃശാസ്ത്രി’ എന്ന കാര്‍ട്ടൂണ്‍ മാത്രവും. വളര്‍ന്നു വരവേ മറ്റു ലേഖനങ്ങളും വായിക്കാന് ‍ തുടങ്ങി.

മനഃശാസ്ത്രത്തോട് ഒരു താല്‍പ്പര്യം തോന്നാന്‍ അടിസ്ഥാന കാരണം ഇതാണെന്ന് എനിക്കു തോന്നുന്നു. മലയാളമനോരമ ദിനപ്പത്രത്തിലെ മാന്ത്രികനായ മാന്‍ഡ്രേക്ക്, മനോരമ ആഴ്ചപ്പതിപ്പിലെ മനഃശാസ്ത്രഞ്ജനൊട് ചോദിക്കുക എന്ന ഡോ.പി.എം.മാത്യി വെല്ലൂരിന്റെ പംക്തി തുടങ്ങിയവയൊക്കെ കുട്ടിക്കാലത്ത് മുടങ്ങാതെ വാ‍യിച്ചിരുന്ന ശീലമാവണം പില്‍ക്കാലത്ത് കൂടുതല്‍ മനഃശാസ്ത്ര പുസ്തകങ്ങള്‍ വായിക്കാനുള്ള പ്രേരണയായത്.

ഹൈസ്കൂള്‍ കാലത്ത് ഡോ.ജോണ്‍സണ്‍ ഐരൂര്‍ എഴുതിയ ലേഖനപരമ്പരകളും പുസ്തകങ്ങളും വായിക്കാനിടയായത് ഹിപ്‌നോട്ടിസത്തില്‍ അതിയായ താത്പര്യം ജനിപ്പിച്ചു. മുനിസിപ്പല്‍ ലൈബ്രറിയില്‍ ലഭ്യമായിരുന്ന പുസ്തകങ്ങളില്‍ നിന്നാണ് ഫ്രോയ്‌ഡിനെയും യുങ്ങിനേയും ഐ.പി.പാവ്‌ലോവിനെയുമൊക്കെ ഞാനറിയുന്നത്.

ആയിടക്ക് മതപണ്ഡിതനായ എന്റെ പിതാവിന്‍ പാലക്കാട്ടു നിന്നും ഒരു കത്തു ലഭിച്ചു. ഹിപ്‌നോട്ടിസം മതപരമായി അനുവദനീയമായ കാര്യമാണോ എന്നാരാഞ്ഞു കൊണ്ടായിരുന്നു ആ എഴുത്ത്. ഈ വക കാര്യങ്ങളില്‍ എന്റെ താല്പര്യം മനസ്സിലാക്കിയ പിതാവ് മറുപടി എഴുതാന്‍ എന്നെ ചുമതലപ്പെടുത്തി. ഒരല്പം ഗൌരവത്തോടെ പുസ്തകങ്ങള്‍ റെഫര്‍ ചെയ്യുവാന്‍ ഈ സംഭവം എന്നെ സഹായിച്ചു. ഹിപ്‌നോട്ടിസത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കണമെന്ന ആഗ്രഹം അന്നു തുടങ്ങിയതാണ്.

പിന്നീടെ കോഴിക്കോട്ട് പഠിക്കുന്ന കാലത്ത് മനഃശാസ്ത്രത്തിലും ഹിപ്‌നോട്ടിസത്തിലും അതീവതത്പരനും നിപുണനമായിരുന്ന ഇസ്മായില്‍ വഫ എന്ന എന്റെ അധ്യാപകനുമാനുമായുള്ള സഹവാസം കുറേയേറെ കാര്യങ്ങള്‍ പ്രായോഗികമായി മനസ്സിലാക്കാന്‍ എന്നെ സഹായിച്ചു. കോഴിക്കോട്ടെ പ്രശസ്തമനഃശാസ്ത്രജ്ഞന്‍ ഡോ.മുഹമ്മദ് ഹസ്സന്‍, കായംകുളത്തെ മനോരോഗവിദ്ഗ്ധന്‍ ഡോ.രാമന്‍ തുടങ്ങിയവരെ സംശയനിവൃത്തിക്കായി ഞാന്‍ സമീപിക്കാറുണ്ടായിരുന്നു.

കേവലം കൌതുകവും താല്പര്യവും കൊണ്ടുമാത്രം അറിയാന്‍ ശ്രമിച്ച ഒരു മനഃശാസ്ത്രശാഖയായിരുന്നു ഹിപ്‌നോട്ടിസം എന്നാണു പറഞ്ഞുവന്നത്. പരിശീലനത്തിനു വേണ്ടി ആദ്യകാലത്ത് ചില അടുത്തസുഹൃത്തുക്കളില്‍ പരീക്ഷിച്ചിരുന്നുവെങ്കിലും പ്രാരാബ്‌ധങ്ങള്‍ നിറഞ്ഞ ജീവിതപ്പാതയില്‍ മറ്റു പലതുമെന്ന പോലെ ഹിപ്‌നോട്ടിസവും ഞാന്‍ കൈവിട്ടു. എങ്കിലും പല ഘട്ടങ്ങളിലും സ്വയം പ്രത്യയനം (ഓട്ടോ സജഷന്‍) എന്ന രീതിയിലൂടെ സ്വയം ഹിപ്‌നോസിസിനു വിധേയനാകാറുണ്ടായിരുന്നു ഞാന്‍. ടെന്‍ഷന്‍ മറികടക്കുവാനും സമചിത്തതയോടെ തീരുമാനങ്ങളേടുക്കാനും പുകവലി ഉപേക്ഷിക്കുവാനും ഇതെന്നെ വളരെ സഹായിച്ചിട്ടുണ്ട്.

മറ്റുള്ളവരെ പറഞ്ഞു ബോധ്യപ്പെടുത്തി ഹിപ്‌‌നോട്ടൈസ് ചെയ്യണം എന്ന വാശിയൊന്നുമില്ലാതിരുന്നതിനാല്‍ ഹിപ്നോട്ടിസം എന്റെ മനസ്സില്‍ മാത്രമായി അവശേഷിച്ചു. തികച്ചും അവിചാരിതമായി രണ്ടു വ്യക്തികളെ ഹിപ്നോട്ടൈസ് ചെയ്യേണ്ടി വന്ന അനുഭവമാണ് ഇവിടെ കുറിക്കുന്നത്.

വര്‍ഷങ്ങള്‍ക്കു ശേഷം പണ്ട് ഹിപ്‌നോട്ടിക് പരീക്ഷണങ്ങളില്‍ സഹകരിക്കാറുണ്ടായിരുന്ന എന്റെയൊരു ആത്മസുഹൃത്ത് സഹായം തേടിയ കഥ ഓര്‍മ്മ വരുന്നു. അവന്‍ ഗള്‍ഫില്‍ പോകാനുള്ള എല്ലാ രേഖകളും ശരിയായി. എന്നാല്‍ ഗള്‍ഫ് ജോലി വേണ്ടെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് അവന്‍. എന്നോടു പറഞ്ഞിതങ്ങനെ: “എനിക്ക് ഗള്‍ഫില്‍ പോകണമെന്നും നല്ലജോലി സമ്പാദിക്കണമെന്നുമൊക്കെയുണ്ട്. എന്നാല്‍ പോകാന്‍ എനിക്കു പേടിയാണ്. നീയാ ഹിപ്‌നോട്ടിസം കൊണ്ടെങ്ങാനും എന്റെ പേടി മാറ്റിത്തരാമോ?”
ഞാന്‍ ചിരിച്ചു. പൂര്‍ണ്ണവിധേയത്വത്തോടെ തയ്യാറായി വന്നിരിക്കുന്ന അവനെ ഹിപ്‌നോട്ടൈസ് ചെയ്താല്‍ എന്തെങ്കിലും ഫലം കിട്ടുമെന്ന് എനിക്കു തോന്നി.
അവനെ ഹിപ്‌നോഅനലൈസിസിനു വിധേയനാക്കി. ഗള്‍ഫ് പേടിയുടെ കാരണം വ്യക്തമായി. വിമാനത്തില്‍ കയറാനുള്ള പേടിയായിരുന്നു വില്ലന്‍.
പേടിമറികടക്കാനുള്ള ചില നിര്‍ദ്ദേശങ്ങള്‍ ഹിപ്നോട്ടിക് അവസ്ഥയില്‍ നല്‍കി. സ്വയം പ്രത്യയനത്തിനുള്ള മാര്‍ഗ്ഗങ്ങളും നിര്‍ദ്ദേശിച്ചു. രണ്ടാഴ്ച്ചക്കകം സന്തോഷത്തോടെ അവന്‍ ഗള്‍ഫിലേക്ക് യാത്രയായി.

ഏറ്റവും തീവ്രവും ഹ്ഹിപ്നോട്ടിസത്തിന്റെ സാദ്ധ്യതകള്‍ പരമാവധി പരീക്ഷിക്കപ്പെട്ടതും അത്ഭുതകരവുമായ അടുത്ത അനുഭവം എനിക്കൊരിക്കലും മറക്കാന്‍ കഴിയില്ല.

1997 ല്‍ കുറച്ചു നാള്‍ ഒരു ബന്ധുവിനോടൊപ്പം ഞാന്‍ ബാംഗ്ലൂരില്‍ ഉണ്ടായിരുന്നു. ശിവാജി നഗറില്‍. അന്ന് അവിടുത്തെ ബ്രോഡ്‌വേ ജുമാ മസ്‌ദിലാണ് ഞാന്‍ നിസ്കരിക്കാന്‍ പോകാറുണ്ടായിരുന്നത്. അവിടെ വെച്ച് തൃശൂര്‍ക്കാരനായ ഒരു സൈനുവിനെ പരിചയപ്പെട്ടു. ഒരുനാള്‍ മഗ്‌രിബ് എന്ന സന്ധ്യാപ്രാര്‍ത്ഥനക്ക് സൈനുവിനോടൊപ്പം വന്ന ഒരു കൌമാരക്കാരനെ കണ്ട് എനിക്കെന്തോ പന്തികേട് തോന്നി.
മയക്കുമരുന്നു ഉപയോഗിക്കുന്നവന്റേതു പോലെയായിരുന്നു അവന്റെ ഭാവഹാവാദികള്‍. ഉറക്കം തൂങ്ങിയ കണ്ണുകള്‍, വീങ്ങിയ കണ്‍‌പോളകള്‍, ചീര്‍ത്ത് വിളറിയ മുഖം, ക്ഷീണിച്ച ശരീരം….
ഞാന്‍ സൈനുവിനോട് അന്വേഷിച്ചു, പയ്യനെന്തോ പ്രശ്നമുണ്ടോ?
അന്നു രാത്രി സൈനു എന്നോട് അവനെക്കുറിച്ചു പറഞ്ഞു. കാസര്‍കോഡ് സ്വദേശിയാണ്. ജ്യേഷ്‌ടന്മാര്‍ക്ക് ഇവിടെ പാല്‍ വിതരണമാണ് ജോലി. ഉമ്മ മരിച്ചു. നാട്ടില്‍ ഒറ്റക്കായ അനുജനെ അവര്‍ കൂടെകൊണ്ടുവന്നു നിര്‍ത്തിയിരിക്കുകയാണ്. അവന്‍ മാനസികമായി എന്തോ പ്രശ്‌നമുണ്ട്. ഉറക്കമില്ലായ്മയാണ് പ്രശ്‌നം. വല്ലപ്പോഴും ഉറങ്ങിയാല്‍ തന്നെ അലറിക്കൊണ്ട് ഞെട്ടിയുണരും. ശുചീകരണാവശ്യങ്ങള്‍ക്കു വേണ്ടി ജ്യേഷ്‌ടന്മാര്‍ സംഭരിച്ചുവെക്കുന്ന ബാരല്‍ കണക്കിനു വെള്ളം ഡിസംബറിലെ കൊടും തണുപ്പിലും അവന്‍ തലവഴിയേ ഒഴിക്കും…രാത്രി രണ്ടു മണി മൂന്നു മണി നേരത്ത്…

പൊറുതിമുട്ടിയ ജ്യേഷ്‌ടന്മാര്‍ അവനെ ഒരു മാനസികാരോഗ്യകേന്ദ്രത്തില്‍ കൊണ്ടുപോയി. അവര്‍ സെഡേറ്റീവ് നല്‍കുമ്പോള്‍ മയങ്ങും. മരുന്നിന്റെ ശക്തി കുറയുമ്പോള്‍ വീണ്ടും പഴയ പടി….അവര്‍ എല്ലാവരും മാനസികമായി ആകെ ബുദ്ധിമുട്ടി നില്‍ക്കുകയാണ്.

എല്ലാം കേട്ട് ഞാന്‍ കുറെനേരം ആലോചിച്ചു. ഇതാ ഒരു റിയല്‍ പേഷ്യന്റിനെ കയ്യില്‍ കിട്ടിയിരിക്കുന്നു. നമ്മടെ ഹിപ്‌നോട്ടിസം ഒന്നു പരീക്ഷിച്ചാലോ? പോയാല്‍ കുറേ വാക്കുകള്‍….കിട്ടിയാല്‍ ഒരുപാടുപേര്‍ക്കു സമാധാനം.
സൈനുവിനോടു വിവരം പറഞ്ഞു. ആദ്യം അയാള്‍ അമ്പരന്നു. ഞാന്‍ ആത്മവിശ്വാസത്തൊടെ ധൈര്യം കൊടുത്തപ്പോള്‍ അയാള്‍ പയ്യന്റെ ജ്യേഷ്‌ടന്മാരോട് വിവരം പറഞ്ഞു. അവര്‍ എന്നെ വന്നു കണ്ടു. ഒന്നു പരീക്ഷിക്കാമെന്ന എന്റെ നിര്‍ദ്ദേശം അവര്‍ അംഗീകരിച്ചു.

അടുത്ത ദിവസം വൈകുന്നേരം പയ്യനുമായി അവര്‍ എന്റെ മുറിയില്‍ വന്നു.

(തുടരും)