Jul 14, 2011

കൃഷ്‌ണനും രാധയും: കലഹത്തിന്റെ ബൌദ്ധികപ്രണയോന്മുഖ നിദര്‍ശനം.

കാലം അങ്ങനെയാണ്. നവം‌നവമായിട്ടുള്ള പരിഷ്‌കാരപ്രക്രിയകള്‍ക്ക് പരിണിതപ്രാപ്തമാകുമ്പോള്‍ സ്ഥാപിതമായ സമൂഹപരിപ്രേഷ്യത്തില്‍ (Social indestructibilitical system) മാറ്റങ്ങളുടെ നവോത്ഥാനാനന്തരമുഖം (Post-modern face) ആര്‍ജ്ജിതമാകുന്നതിലെ ഗതിവേഗം കൂടുകകയും ഇന്നലെ വരെ പ്രാന്തവത്കരിച്ച് മുഖ്യഭാവധാരയില്‍ നിന്ന് വിളിപ്പാടകലെ നിര്‍ത്തിയിരുന്ന അനന്യസാധാരണമായ ജീവിതപശ്‌ചാത്തലങ്ങള്‍ ചര്‍വ്വിതചര്‍വ്വിതമാകുകയും ചെയ്യും. കോരന് മട്ടണ്‍‌ബിരിയാനി വെള്ളിത്തളികയില്‍ വിളമ്പുന്ന രസതന്ത്രമാണത്. ഈ അര്‍ത്ഥത്തിലാണ് ഇനിയും പിറക്കാത്ത ഒരു ചലച്ചിത്രകാവ്യത്തിന്റെ പ്രതീക്ഷാത്മക മുന്നെഴുത്തിന്റെ (Anticipative preview) പ്രസക്തി. എന്നാല്‍ ഇതൊരു പുതിയ പ്രവണത അല്ലെന്ന് Sulliven Hippocurata യെ അറിയുന്നവര്‍ക്കറിയാം. പൊതുബോധത്തിന്റെ കരള്‍ സഞ്ചിയില്‍ മുള്ളാണി കൊണ്ടൊരു കുത്ത് വെച്ചു കൊടുത്ത Sulliven Hippocurata.

പറഞ്ഞു വരുന്നത് മുഴുവന്‍ കൃഷ്‌ണനും രാധയും എന്ന റിലീസാവാനിരിക്കുന്ന സിനിമയെക്കുറിച്ചാണ്. പ്രമേയപരമായ തെരഞ്ഞെടുപ്പ് കൊണ്ട് പ്രത്യക്ഷത്തില്‍ പ്രകടനാത്മകമായ ഉപരിപ്ലവതയുടെ പുനരാവിഷ്‌കാരം എന്ന് തോന്നാമെങ്കിലും ആഖ്യാ‍നവിപഞ്ചികങ്ങളിലെ അതിനൂതനമായ ശൈലീസങ്കേതങ്ങളെ കോര്‍ത്തിണക്കി അതിഭാവുകത്വത്തിന്റെ അല്‍പ്പകണങ്ങളെപ്പോലും അരിച്ചെറിയുന്ന തരത്തില്‍ മിശ്രസങ്കേതങ്ങളിലെ സമ്മോഹനമായ സൌന്ദര്യബോധം പിന്തുടരുന്ന ഒരു റൊമാന്റിക് ത്രില്ലര്‍ എന്ന നിലയില്‍ ഈ ചിത്രത്തിന്റെ സ്ഥാ‍നം കാസബ്ലാങ്കയോടൊപ്പമോ അല്ലെങ്കില്‍ ഗോൺ വിത്ത് ദ വിൻഡിനോടൊപ്പമോ അതുമല്ലെങ്കില്‍അതിനുമുയരത്തിലോ ആയിരിക്കും.

ബാഹ്യലോകത്തിനു അപരിചിതമായ കെട്ടുപാടുകളാൽ നിയന്ത്രിതമായ ഒരു ലോകത്തിൽ (a strange wolrd controlled by ties and marks) ലോല വികാരങ്ങൾ എപ്രകാരം ഒരു വ്യക്തിയുടെ ജീവിതത്തെ മാറ്റിമറിക്കുന്നു എന്ന് അമൂർത്തമായ ചില ബിംബങ്ങളിലൂടെ - സെക്സ് ആന്‍ഡ് ഫിലോസഫിയില്‍ മക്മല്‍ബഫ് കാണിച്ചതുപോലുള്ള തീ പിടിച്ച നിറമുള്ള ഇലകളിലൂടെയും മറ്റും - കോറിയിടുകയാണു് സംവിധായകനായ സന്തോഷ് പണ്ഡിറ്റ്. ഇതിന്റെ ഇതിവൃത്തം മുഴുവന്‍ സംവിധായകനായ സന്തോഷ് പണ്ഡിറ്റ് പറഞ്ഞ് തന്നെയാണ് നാം അറിയുന്നത്. ആ കഥപറച്ചിലുകളില്‍ത്തന്നെ ഡുക്കിന്റെ സ്പ്രിങ്ങിൽ നമ്മളെല്ലാം അനുഭവിച്ച മഞ്ഞ് അതിനേക്കാൾ തീവ്രതയോടെ നമ്മുടെ മനസിലേക്ക് പെയ്തിറങ്ങുന്ന അനുഭവമാണെന്നത് എത്ര അവാച്യ സുന്ദരമാണ്. ഈ നൂറ്റാണ്ടിന്റെ തന്നെ സിനിമ എന്ന് വിശേഷിപ്പിക്കാവുന്ന ക്ലാസ്സിക് മൂവി തന്നെ ആയിത്തീരും കൃഷ്ണനും രാധയും. തീവ്രമായ ജീവിതാനുഭങ്ങൾ നല്ല സിനിമയ്ക്ക് വളമാകാറുണ്ടെന്ന് പണ്ട് ഗോൾബർഗർ പറഞ്ഞതെത്ര സത്യം!

ഭിന്നസമുദായങ്ങളില്‍ ജനിച്ച കമിതാക്കളുടെ കഥയാണ് കൃഷ്‌ണനും രാധയും പറയുന്നത്. പക്ഷേ വ്യത്യസ്തതയുടെ അനന്യമായ സന്നിവേശമാണ് ഈ ചിത്രത്തെ മാറ്റിനിര്‍ത്തുന്നത്. ജോണ്‍ അഥവാ കൃഷ്‌ണന്‍ എന്ന നായകനെ കാമിക്കുന്നത് വെറുമൊരു രാധ മാത്രമല്ല, ഒമ്പത് രാധമാരാണ്. രാധമാരുടെ പ്രണയചാപല്യങ്ങള്‍ക്ക് വശംവദനാകുന്നതോ വാര്‍ദ്ധക്യം വന്നുദിച്ചിട്ടും കൈവിട്ടില്ല യുവത്വം എന്ന മട്ടില്‍ ഓടക്കുഴല്‍ വായിച്ചും കൊത്തങ്കല്ല് കേളിക‌ളിലേര്‍പ്പെട്ടും ജീവിതം തള്ളി നീക്കുന്ന ഒരു പാവം മനുഷ്യന്‍. ശരിക്കും ഇങ്ങനെയൊരു മധ്യവയസ്കനെ കൌമാരക്കാരായ ഒമ്പത് പെണ്‍കുട്ടികള്‍ ഒന്നിച്ച് പ്രണയിക്കുന്നതിന്റെ Psycho-sexual mental disorder നെക്കുറിച്ച് , ഈ വിഷയത്തില്‍ ആധികാരികമായി പഠനം നടത്തിയ ഡോക്റ്റര്‍ മാത്യു മറ്റം അദ്ദേഹത്തിന്റെ അഞ്ചു സുന്ദരികള്‍ എന്ന ജേണലില്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. Obsessive Compulsive Disorder എങ്ങനെ ഒരു സാമൂഹ്യരോഗമായി മാറുന്നു എന്ന് തെളിയിക്കേണ്ട കടമ തന്നെ സംവിധായകന്‍ ഏറ്റെടുക്കുന്നു.

രാധികമാരുടെ ചേലകള്‍ കവര്‍ന്നെടുത്ത് ( ഗ്രാമ്യമായ കവര്‍ച്ചയെ “ചേല അടിച്ചു മാറ്റിയ കുഞ്ഞിക്കൃഷ്‌ണാ” എന്ന അതിസാധാരണമായ സ്ലാംഗ് കൊണ്ടാണ് സന്തോഷ് പണ്ഡിറ്റ് 
കവിത്വപൂര്‍ണ്ണമാക്കുന്നത്) അവരുടെ സ്നാനരംഗങ്ങള്‍ വീക്ഷിക്കുന്ന ദ്വാപരയുഗത്തിലെ കൃഷ്‌ണനെ ഈ ചിത്രത്തില്‍ നമുക്ക് കാണാന്‍ കഴിയില്ല. പെരുന്തച്ചനിലും വടക്കന്‍ വീരഗാഥയിലും എം ടി ചെയ്തത് പോലെ ചരിത്രത്തിന്റെ പുനര്‍നിര്‍മ്മിതി എന്ന അക്ഷന്തവ്യമായ കര്‍മ്മമാണ് പണ്ഡിറ്റ് ജി ഈ ചിത്രത്തില്‍ നിര്‍വ്വഹിക്കുന്നത്. രാധയുടെ നഗ്നസ്നാനം അവഹൂളിതനായി ഒളിച്ചിരുന്നു നിരീക്ഷിക്കുന്നതിലൂടെയുള്ള ആനന്ദം- voyeuristic pleasure- ആണ് കൃഷ്‌ണന് ലഭിക്കുന്നത്. എന്നാല്‍ ഈ സിനിമയിലെ നായകന്‍ ജോണ്‍ കിണഞ്ഞു ശ്രമിച്ചിട്ടും ഒമ്പത് രാധികമാരില്‍ ആരും തന്നെ ചന്ദനക്കല്ലിന്മേല്‍ ചേലയഴിച്ച് വെച്ച് മുങ്ങിക്കുളിക്കാന്‍ വന്നില്ല എന്നത് തീര്‍ച്ചയായും അമേയപ്രാര്‍ത്ഥനകമായ ദ്വാപരയുഗദ്വാരകരാധമാരുടെ സങ്കല്‍പ്പനങ്ങളോട് കലഹിക്കുന്ന റെബല്‍ മാധ്യമ അറ്റാക്ക് തന്നെയാണ്.

വെറുമൊരു റൊമാന്റിക് ത്രില്ലര്‍ സൃഷ്ടിക്കുകയല്ല സംവിധായകന്റെ ഉദ്ദേശ്യം എന്ന് വ്യക്തമാണ്. കഥ, തിരക്കഥ, അസാധാരണമായ രീതിയിലുള്ള സ്വയം Editing, സംഗീതം, ഞൊടിയിടയില്‍ സിനിമയില്‍ കടന്നുവരുന്ന ഗാനങ്ങള്‍ എന്നിവയിലൂടെ ഒരു Famliy Entertainer ആണ് തന്റെ സൃഷ്ടി എന്നദ്ദേഹം പ്രഖ്യാപിക്കുന്നു. രാധമാരുടെ പിതാക്കന്മാരായ ഒമ്പത് കഥാപാത്രങ്ങളുടെ ‍- അവരാണ് വില്ലന്മാരെ അയക്കുന്നത്- ബൂര്‍ഷ്വാ ജീവിതത്തെ പ്രതീകമാക്കി, യാഥാസ്ഥിതിക കേരളീയ സമൂഹത്തെ കീറിമുറിച്ച്‌, കിഴക്കിനോടും പടിഞ്ഞാറിനോടും മലയാളത്തിന്റെ സമീപനത്തെ ഓരോ ഫ്രെയിമിലൂടെയും പരിശോധിക്കുന്നു അദ്ദേഹം. ബൂര്‍ഷ്വാസികമായ ഈ മാനത്തിനു പുറമെ, വര്‍ഗ്ഗീയമായ പ്രണയധ്വംസനങ്ങള്‍ സാമൂഹികജീവിതത്തില്‍ എങ്ങനെ പരിവര്‍ത്തനത്തിനു വിധേയമാകുന്നു, ആശുപത്രി ജീവിതത്തിന് അത് എങ്ങനെസഹായകമാകുന്നു എന്നൊരു മനശാസ്‌ത്രപരമായ പഠനമാനം കൂടി ഈ ചിത്രത്തിനുണ്ട്‌.

ഇവിടെയാണ് സംഗീതത്തെപ്പറ്റി എടുത്ത് പറയേണ്ടത്. പ്രാര്‍ത്‌ഥനാനിര്‍ഭരമായ, മന്ദതാളത്തിലുള്ള സംഗീതം പ്രതിനിധീകരിക്കുന്ന വ്യക്തിബോധത്തെ(personal psyche)യും അവാച്യമായ ആന്തരജീവിതത്തെയും അടയാളപ്പെടുത്തുമ്പോള്‍ കൂടുതല്‍ ദ്രുതതാളത്തിലുള്ള ടര്‍ബോ-ഫോക്ക്‌ സംഗീതം സമൂഹത്തിന്റെ പൊതുബോധത്തെ(collective psyche) കുറിക്കുന്നു. രാത്രി ശുഭരാത്രിയുടെ collective psyche മന്ദതാരുണ്യത്തിന്റെ ടര്‍ബോ-ഫോക്ക്‌ സംഗീതമാണെങ്കിലും personal psyche യെയും അവാച്യമായ ആന്തരജീവിതത്തെയും അടയാളപ്പെടുത്തുന്നു. ആയതിനാല്‍ തന്നെ ഈ ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഹിറ്റാകുമെന്ന് ഉറപ്പാണ്. ഓ പ്രിയേ എന്ന ഗാനം അവതരിപ്പിക്കപ്പെടുന്നത് സമൂഹനിര്മ്മാണത്തില് കലയെ എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നതിന്റെ പ്രോജ്വലമാതൃക ആയിട്ടാണ്.

കാഴ്ചയ്ക്കിടയിൽ പ്രേക്ഷകരുടെ പങ്കാളിത്തം ഇടയ്ക്കിടെ ആവശ്യപ്പെടുന്ന ഈ പ്രണയകാവ്യം സന്തോഷാതിരേകത്താൽ ഉൾപുളകിതമായ ഒരു ഹൃദയത്തോടെയല്ലാതെ ഒരു പ്രേക്ഷകനും കണ്ടിരിക്കാനാവില്ല, ഇത് തീർച്ചയായും സകുടുംബം കണ്ടിരിക്കാവുന്ന ഒരു എന്റർടെയ്‌നര്‍ തന്നെയാണ്. തന്റെ സിനിമയുടേ പ്രേക്ഷകർ ആരായിരിക്കണമെന്ന് പണ്ഡിറ്റിനു നന്നായി ബോധ്യമുണ്ടെന്ന് ആദ്യ ചില സീനുകൾ കഴിയുമ്പോൾ തന്നെ മനസിലാക്കാം.

1 comment:

the man to walk with said...

എന്തിനാ കുട്ടീ ...........?