Feb 15, 2012

ഫോട്ടോഷോപ്പ് : ബ്യൂട്ടി റീ ടച്ച്.

 ഫാഷന്‍ മോഡലുകളുടെയും കവര്‍‌ഗേള്‍സിന്റെയുമൊക്കെ ചര്‍മ്മ കാന്തി കൊതിക്കാത്ത പെണ്ണുങ്ങളോ അവരുടെ സുന്ദരമേനികള്‍ ഉറക്കം കെടുത്താത്ത ആണുങ്ങളോ വിരളം തന്നെ :)
പ്രായം കണ്ടാല്‍ ചര്‍മ്മം തോന്നാത്ത വിധത്തില്‍ എന്തോരം അഴകുവഴിയുന്ന സുന്ദരസ്നിഗ്ദ്ധമോഹനവശ്യമേനികള്‍! ഇത്തരം ഫോട്ടോകളില്‍ ഭൂരിഭാഗവും റിയലിസ്റ്റിക് ആയ ഒരു രീതിയിലല്ല പണിഞ്ഞെടുക്കുന്നത് എന്നത് പലര്‍ക്കും അറിയാമായിരിക്കും. എന്നു വെച്ചാല്‍ ഫോട്ടോഗ്രാഫേഴ്‌സ് വിശ്വസിക്കാവുന്ന തരത്തിലുള്ള, അസാധ്യമായ ഒരു കൃത്രിമ ചര്‍മ്മം സൃഷ്‌ടിച്ചെടുക്കുകയാണ് ചെയ്യുന്നതത്രെ. കുറ്റമറ്റ ചര്‍മ്മം വേണം താനും അതേ സമയം അതൊരു പ്ലാസ്റ്റിക് ചര്‍മ്മം ആയിരിക്കുകയും അരുത്. അവിടെയാണ് ചാലഞ്ച്. കാക്കപ്പുള്ളിയും ചുണങ്ങും ചൊറിയും മറുകും മുഖക്കുരുവും ചുളിവുമില്ലാത്ത സുന്ദര കൃത്രിമമോന്ത...അത്താണ് :)

ഒരു ഫോട്ടോയില്‍ വളരെ വേഗം നിന്ന് ചുളിവുകളും പുള്ളികളും പാടുകളുമൊക്കെ മാറ്റി സുന്ദരമാക്കുന്നത് എങ്ങനെയെന്ന് നമുക്ക് നോക്കാം...?

ഈ പാഠത്തില്‍ നാം ലേയര്‍ മാസ്‌കും (Layer Mask) ക്ലിപ്പിംഗ് മാസ്‌കും (Clipping Mask) ചില ഫില്‍ട്ടറുകളും ഉപയോഗിക്കുന്നു.

ലേയര്‍ മാസ്‌കിനെക്കുറിച്ച് വിശദമായി ഇവിടെയുണ്ട്. അറിയാന്‍ പാടില്ലാത്തവര്‍ അതൊന്ന് നോക്കണമെന്ന് തെര്യെപ്പെടുത്തിക്കൊള്ളുന്നു. കൂടാതെ ഫോട്ടോഷോപ്പ് ലേയറുകളെക്കുറിച്ച് അടിസ്ഥാന ധാരണ വേണ്ടവര്‍ ഈ പോസ്റ്റ് കൂടി വായിച്ച് ഈ ട്യൂട്ടോറിയല്‍ വായിക്കുന്നതായിരിക്കും ഉത്തമം.

ഈ മാസ്‌കുകള്‍ ഇച്ചിരി തൊന്തരവ് പിടിച്ചതാണെന്ന് വിചാരിച്ച് ചിലര്‍ വിട്ടുകളയുന്ന ഒരു സംഗതിയാണ്. പക്ഷേ മനസ്സിലാക്കിയാല്‍ പിന്നെ ഭയങ്കര എളുപ്പമാണ്. ഓരോ ജോലി വേഗത്തില്‍ ചെയ്യാന്‍ മാസ്കുകളോളം നല്ല കാര്യം വേറെയില്ല. Non destructive Editing എന്ന വിഭാഗത്തില്‍ വരുന്നതാണ് മാസ്‌കുകള്‍. അതായത് ഇമേജിന് കേടുപാട് വരുത്താതെ മാറ്റങ്ങള്‍ വരുത്തുക എന്നത്.

ഈ മാസ്കെന്ന് പറയുന്നത് അടിസ്ഥാനപരമായി പിക്സലുകളുടെ കൂട്ടത്തെ നിയന്ത്രിക്കാനുള്ള ഒരു കുന്ത്രാണ്ടമാണ്. ഫ്രാങ്ക്‍ലി സ്പീക്കിംഗ്, ഒരു ലേയറില്‍ അടങ്ങിയിട്ടുള്ള പി‌ക്സലിന്റെ ട്രാന്‍സ്‌പെരന്‍സി, ഒപാസിറ്റി ഒക്കെ നിയന്ത്രിക്കുന്നൂന്ന്. യദായാദഹി മാസ്‌കസ്യ ഗ്ലാനിര്‍ഭവതി പിക്‍സലഃ എന്നാണ് സീതാരാമന്‍ നാരായണന്‍ പറഞ്ഞത്. അതായത് എവിടെയൊക്കെ മാസ്‌ക് ആക്റ്റീവാകുന്നോ അവിടെ പിക്‍സലിന് ഗ്ലാനി വരുന്നു അഥവാ അവിടം ട്രാന്‍‌സ്‌പെരന്റ് ആയി മാറും. എവിടെയൊക്കെ മാസ്‌ക് ഇനാക്റ്റീവ് ആണോ അവിടെ പിക്സല്‍ തികച്ചും വെളിവായിടും. ഒരു മാസ്ക്ക് ആക്റ്റീവായും ഇനാക്റ്റീവായും ഉപയോഗിച്ച് പിക്സലുകള്‍ കാണപ്പെടുന്നതിനെ കണ്ട്രോള്‍ ചെയ്യാമെന്ന് സാരം.

ക്ലിപ്പിംഗ് മാസ്‌ക്.
ക്ലിപ്പിംഗ് മാസ്‌കെന്ന് പറയുന്നത് സാധാരണ ലേയര്‍ മാസ്‌കില്‍ നിന്ന് വ്യത്യസ്ഥമായി ഒന്നിലധികം ലേയറുകളില്‍ ഒരേ സമയം പ്രയോഗിക്കാവുന്ന ഒരുതരം മാസ്‌ക് ആണ്. ഒരുപാട് സംഗതികള്‍ ഒരേ സമയം ക്ലിപ്പിംഗ് മാസ്‌കില്‍ ചെയ്യാനാവും. ഒരു ലേയറില്‍ ലേയര്‍ മാസ്‌ക് ആക്റ്റീവായിരിക്കുമ്പോള്‍ തന്നെ മറ്റൊരു ലേയറായി അതിന് മുകളില്‍ ആഡ് ചെയ്ത് ഒരു പാട് മോഡിഫിക്കേഷനുകള്‍ താഴത്തെ ലേയറില്‍ ചെയ്യാന്‍ അനുവദിക്കുന്ന മാസ്‌കാണ് ക്ലിപ്പിംഗ് മാസ്‌ക്. ഇങ്ങനെ നീട്ടിപ്പരത്തി വിശദീകരിക്കുന്നത് കൊണ്ട് കാര്യമില്ല. താഴെ ഉദാഹരണങ്ങള്‍ ശ്രദ്ധിക്കുക.

ഇവിടെ ഒരു ഇമേജ്, ബാക്‍ഗ്രൌണ്ട് ലേയര്‍ മാ‌സ്ക് ഉപയോഗിച്ച് മാസ്‌ക് ചെയ്യപ്പെട്ടിരിക്കുന്നതാണ്.
 ചിത്രം 1.1
ചിത്രം 1.2

(ചിത്രം 1.1, ചിത്രം 1-2). ഈ ഇമേജിനെ ഒരു വെക്റ്റര്‍ ഫ്രെയിമിലേക്ക് (ചിത്രം 1.3) കൃത്യമായി ഒതുക്കണം. ഫോട്ടോഷോപ്പില്‍ ഏറ്റവും ഈസിയായ മാര്‍ഗ്ഗം ക്ലിപ്പിംഗ് മാസ്‌ക് ഉണ്ടാക്കുക എന്നതാണ്
 ചിത്രം 1.3

ആദ്യം വെക്റ്റര്‍ ഇമേജിനെ (ചിത്രം 1.3) ഫോട്ടോഷോപ്പില്‍ തുറക്കുക. ഇനി ചിത്രം 1.2 നെ ആ ഡോകുമെന്റിലേക്ക് കോപി പേസ്റ്റ് ചെയ്യുക. ഇത് ചിത്രം1.3 ന്റെ തൊട്ടു മുകളിലായിരിക്കണം. ഇനി ക്ലിപ്പിംഗ് മാസ്ക് ചെയ്യാം. അതിനായി ഒരുപാട് മാര്‍ഗ്ഗങ്ങളുണ്ട്. ക്ലിപ്പിംഗ് മാസ് വേണ്ട ലേയറില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Create Click മാസ്ക് പറയാം. അല്ലെങ്കില്‍ Alt കീ അമര്‍ത്തിക്കൊണ്ട് ലേയര്‍ പാലറ്റില്‍ രണ്ട് ലേയറിന്റെയും മധ്യത്തിലായി ക്ലിക്ക് ചെയ്യുക. കര്‍സര്‍ മധ്യത്തിലേക്ക് വരുമ്പോള്‍ ചിത്രം 1.4 ലെപ്പോലെ ഒരു അടയാളം കാണാം. ചുവന്ന ബോക്സ് നോക്കുക.  
ചിത്രം 1.4

അന്നേരമേ ക്ലിക്ക് ചെയ്യാവൂ. ചിത്രം 1.5 നോക്കുക. ക്ലിപ്പിംഗ് മാസ്‌ക് ചെയ്യപ്പെട്ടിരിക്കുന്നു
ചിത്രം 1.5
ഒന്നുകില്‍ ഈ ക്ലിപ്പിംഗ് മാസ്‌ക് ലേയറോ അല്ലെങ്കില്‍ അതിനടിയിലെ ഇമേജ് ലേയറോ മൂവ് ചെയ്യിച്ച് ഇഷ്ടപ്പെട്ട രീതിയില്‍ ഇമേജിനെ ഫ്രെയിമില്‍ ഒതുക്കാവുന്നതാണ്.

ലേയര്‍ മാസ്‌ക് ഒരു ഗ്രേസ്കെയില്‍ ഇമേജാണെന്ന് നാം വായിച്ചു. ലേയര്‍ മാസ്കിലെ കളര്‍ വേരിയേഷന്‍ അനുസരിച്ച് മാസ്ക്‍ ചെയ്യപ്പെട്ടിട്ടുള്ള ലേയറിന്റെ ട്രാന്‍‌പെരന്‍സിക്ക് മാറ്റം വരും. അതേസമയം ക്ലിപ്പിംഗ് മാസ്‌ക് അത് അപ്ലൈ ചെയ്യപ്പെട്ടിട്ടുള്ള മുഴുവന്‍ ലേയറുകളുടെ (ബേസ് ലേയര്‍ അഥവാ അണ്ടര്‍ലെയിംഗ് ലേയറുകളുടെ) ട്രാന്‍സ്‌പെരന്‍സി വാല്യു അനുസരിച്ച് നിലകൊള്ളുന്നതാണ്. അതായത് ബേസ് ലേയറുകളുടെ ട്രാന്‍സ്‌പെരന്‍സി വാല്യു അനുസരിച്ച് ക്ലിപ്പിംഗ് മാസ്‌കിലെ ട്രാന്‍‌സ്‌പെരന്‍സിക്ക് മാറ്റം വരുന്നു. ഉദാഹരണമായി ചിത്രം 1.3 വെക്റ്റര്‍ ഷേപ്പിന്റെ ഒപാസിറ്റി കുറച്ചാല്‍ ചിത്രം 1.5 ന്റെ ഒപാസിറ്റിയും മാറുന്നു.

ഇനി ശ്രദ്ധിക്കേണ്ടതായ കാര്യം ഒരു പുതിയ ലേയര്‍ ഉണ്ടാക്കുമ്പോള്‍ ആ ലേയറിനെ തൊട്ടു താഴെയുള്ള ലേയറുമായി ക്ലിപ്പിംഗ് മാസ്ക് ചെയ്യുന്നതിനായി, അതായത് ഒരു പുതിയ ക്ലിപ്പിംഗ് മാസ്ക് ലേയര്‍ ഉണ്ടാക്കുന്നതിനായി ലേയര്‍ ഉണ്ടക്കുമ്പോള്‍ (Layer>New Layer അല്ലെങ്കില്‍ പാലറ്റില്‍ ന്യൂ ലേയര്‍ ഐക്കണില്‍ Alt+Click) വരുന്ന ഡയലോഗ് ബോക്സില്‍ Use Previous Layer to Create Clipping Mask എന്ന ഓപ്ഷന്‍ ചെക്ക് ചെയ്താല്‍ മതി. (ചിത്രം 1.6)  
ചിത്രം 1.6
അതിന്റെ ബ്ലെന്‍ഡിംഗ് മോഡ് മാറ്റുകയും ചെയ്യാം. അപ്പോഴതിനെ Soft Light Layer, Overlay Layer എന്നൊക്കെ നമുക്ക് വിളിക്കാം. (ചിത്രം 1.7). ഈ ട്യൂട്ടോറിയലില്‍ നാമത് ചെയ്യുന്നുണ്ട്.
ചിത്രം 1.7


ബോറടിച്ചോ? ഇനി നമുക്ക് പണിയിലേക്ക് കടക്കാം.
സുന്ദരിയായ ഹേമമാലിനിച്ചേച്ചിയെ ഒരു പബ്ലിക് ഫിഗര്‍ എന്ന നിലയില്‍ നമുക്ക് ഇതിലേക്ക് പരിഗണിക്കാം :)
  1. ചേച്ചീന്റെ പടം (ചിത്രം 2.1) ഫോട്ടോഷോപ്പില്‍ തുറക്കുക.

    ചിത്രം2.1
  1. ബാക്ക്ഗ്രൌണ്ട് ലേയറിനെ ഡൂപ്ലിക്കേറ്റ് ചെയ്യുക. (Ctrl+J). ഈ ലേയറിനെ Surface Blur എന്ന് റീനേം ചെയ്യുക. റീനേം ചെയ്യുന്നതിന് ലേയര്‍ പാലറ്റില്‍ ലേയറില്‍ ഡബിള്‍ക്ലിക്ക് ചെയ്യുക. (ചിത്രം 2.2)
     ചിത്രം2.2
  2. Surface Blur എന്ന ലേയറില്‍ Surface Blur ഫില്‍ട്ടര്‍ കൊടുക്കുക. Filter > Blur > Surface Blur. 
     ചിത്രം2.3
    Radius, Threshold വാല്യുകള്‍ ഇമേജിന്റെ റെസലൂഷന്‍ അനുസരിച്ച് കൊടുക്കുക. ചിത്രം 2.3.
    റിസല്‍റ്റ് ഏകദേശം ഇങ്ങനെ ആയിരിക്കണം. ചിത്രം 2.4.
    ചിത്രം 2.4.
  1. ഇനി Surface Blur ലേയറിനെ Hide All ലേയര്‍ മാസ്‌ക് ചെയ്യുക. Alt പ്രെസ്സ് ചെയ്ത് കൊണ്ട് ലേയര്‍ പാലറ്റില്‍ ലേയര്‍ മാസ്‌ക് ഐക്കണില്‍ ക്ലിക്ക് ചെയ്യുക. ചിത്രം 2.5.
     ചിത്രം 2.5.


  2. ഇനി മാസ്ക് സെലക്റ്റ് ചെയ്ത ശേഷം ഒരു സോഫ്റ്റ് ബ്രഷ് കൊണ്ട് പടത്തിന്റെ സ്മൂത്ത് ചെയ്യേണ്ട ഭാഗങ്ങളില്‍ ഉരക്കുക. വൈറ്റ് ആയിരിക്കണം ബ്രഷ് ചെയ്യേണ്ട കളര്‍. കണ്ണിനെയും പല്ലിനെയും ചുണ്ടിനെയുമൊക്കെ വെറുതേ വിടുക. ചിത്രം 2.6.
      ചിത്രം 2.6.
  3. ഉരപ്പ് കഴിഞ്ഞ പടം. ചിത്രം 2.7. ശ്രദ്ധിച്ച് പെയിന്റെ ചെയ്യണം. ഞാന്‍ സ്പീഡീല്‍ ചെയ്തെന്നേ ഉള്ളൂ
     ചിത്രം 2.7. 
    ബാക്ക്ഗ്രൌണ്ട് ലേയര്‍ ഓഫ് ചെയ്താല്‍ മാസ്‌ക് ഇങ്ങനെയിരിക്കും. ചിത്രം 2.8.
     ചിത്രം 2.8.

  4. ഇനി ന്യൂ ലേയര്‍ ഐക്കണില്‍ Alt+Click ചെയ്ത് ഡയലോഗ് ബോക്സില്‍ Use Previous Layer to Create Clipping Mask എന്ന ഓപ്ഷന്‍ ചെക്ക് ചെയ്ത് ഒരു ക്ലിപ്പിംഗ് മാസ്‌ക് ഉണ്ടാക്കുക. ഈ ക്ലിപ്പിംഗ് മാസ്‌ക് ലേയറിനെ Paint Smoothing എന്ന് പേരുമാറ്റുക. ചിത്രം 2.9.
    ചിത്രം 2.9.


  5. ഒരു വലിയ സോഫ്‌റ്റ് ബ്രഷ് എടുത്ത്, ഐ ഡ്രോപ്പര്‍ ടൂള്‍ കൊണ്ട് (I) ചിത്രത്തില്‍ നിന്ന് ഏതെങ്കിലും ഒരു കളര്‍ സെലക്റ്റ് ചെയ്ത് വളരെ ചെറിയ ഒപാസിറ്റിയില്‍ (10%) പെയിന്റ് ചെയ്യുക. Paint Smoothing ക്ലിപ്പിംഗ് മാസ്‌ക് ലേയര്‍ ആയിരിക്കണം സെലക്റ്റ് ചെയ്യേണ്ടത്. കളര്‍ ടോണുകള്‍ കിട്ടാനാണിത്. ഈ ഘട്ടത്തില്‍ Surface Blur ലേയറിന്റെ ഒപാസിറ്റി ഒരു 70% ആയി കുറച്ച് നോക്കുക. ചിത്രം 2.10.
    ചിത്രം 2.10.
  6. ഇനി ഒരു Soft Light ലേയര്‍ ഉണ്ടാക്കുക. ന്യൂ ലേയര്‍ ഐക്കണില്‍ Alt+Click ഡയലോഗ് ബോക്സില്‍ Use Previous Layer to Create Clipping Mask എന്ന ഓപ്ഷന്‍ ചെക്ക് ചെയ്യുന്നതിനൊപ്പം Mode സോഫ്‌റ്റ് ലൈറ്റ് ആക്കുക. Fill with Soft-Light-neutral Color (50% gray) എന്ന ഓപ്ഷന്‍ ചെക്ക് ചെയ്യാന്‍ മറക്കരുത്. ചിത്രം 2.11.
    ചിത്രം 2.11.
    Dodge Tool ഉപയോഗിക്കുന്നതിന് വേണ്ടിയാണ് ഈ ക്ലിപ്പിംഗ് മാസ്‌ക്. അതിനാല്‍ ലേയറിന്റെ പേര് Dodging എന്ന് കൊടുക്കുക.

  7. Dodge Tool (O) കൊണ്ട് Dodging ലേയറില്‍ ഉരച്ച് ചുളിവുകള്‍ കളയാം, കാക്കപ്പുള്ളികളും.

  8. ഇതൊക്കെ ചെയ്താലും മുഖം ഒരു മാതിരി പ്ലാസ്റ്റിക് പോലെ പോളിഷ്‌ഡ് ആയി ഇരിക്കും. സ്വാഭാവികത വേണ്ടേ. അതിനായി ഒരു Overlay layer ഉണ്ടാക്കുക. സേം സ്റ്റെപ്. ന്യൂ ലേയര്‍ ഐക്കണില്‍ Alt+Click ഡയലോഗ് ബോക്സില്‍ Use Previous Layer to Create Clipping Mask എന്ന ഓപ്ഷന്‍ ചെക്ക് ചെയ്യുന്നതിനൊപ്പം Mode ഓവര്‍ലേ ആക്കുക. Fill with Overlay-neutral Color (50% gray) എന്ന ഓപ്ഷന്‍ ചെക്ക് ചെയ്യാന്‍ മറക്കരുത്. Surface Blur ലേയറിന്റെ ഒപാസിറ്റി ഒരു 100% ശതമാനം ആക്കി വെക്കുക. ഇതില്‍ നമ്മള്‍ ഒരു Texture കൊടുക്കുകയാണ്. ലേയറിന്റെ പേര് Texture എന്നാക്കുക.
  9. ഇനി Filter > Noise > Add Noiseഎന്ന ഫില്‍ട്ടര്‍ കൊടുത്ത് കുറച്ച് വേണ്ടത്ര Noise ആഡ് ചെയ്യുക. Uniform, Monochromatic എന്നീ ബോക്സുകള്‍ ചെക്ക് ചെയ്യുക. ചിത്രം 2.12. റെസലൂഷന്‍ അനുസരിച്ചാണ് നോയിസ് വാല്യൂ കൊടുക്കേണ്ടത്
    ചിത്രം 2.12.
  10. texture വളരെ ഷാര്‍പ്പാണ്. അല്പം ബ്ലര്‍ കൊടുക്കാം. Filter > Blur >Gaussian Blur. ചിത്രം 2.13.

  11. ഒരു ഫില്‍ട്ടര്‍ കൂടി. Filter > Stylize >Emboss.  
    ഇപ്പോഴുമൊരു ഫേക് ലുക്ക് ഉണ്ട്. Emboss ബ്ലര്‍ കൊടുത്ത ഉടനേ മറ്റൊന്നും ചെയ്യാതെ Edit>Fade Emboss> ഒപാസിറ്റി 40 കൊടുക്കുക. ഇനി Surface Blur ലേയറിന്റെ ഒപാസിറ്റി ഒരു 70% ആയി കുറക്കുക.
  12. സംഗതി കഴിഞ്ഞു. ഇനി ചേച്ചീനെ ഇച്ചിരീം കൂടി സുന്ദരി ആക്കാം Background ലേയര്‍ സെലക്റ്റ് ചെയ്ത് കണ്ണീനകംഅല്പം ബ്രൈറ്റ് ആക്കുക. Dodge Tool മതി. പല്ല് വെളുപ്പിച്ചു. കണ്‍‌പീലികള്‍ Burn Tool (O) കൊണ്ട് ഒന്ന് കറുപ്പിച്ചു. പുരികവും. അതു കൊണ്ട് തന്നെ ചുണ്ടൊക്കെ ഒന്ന് നന്നാക്കി ഞാന്‍ :) മതി.


ട്യൂട്ടോറിയലിന് വേണ്ടി വേഗത്തില്‍ ചെയ്തതിനാല്‍ ഡീറ്റയില്‍‌സില്‍ അത്ര ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല എന്ന മുന്‍‌കൂര്‍ ജാമ്യം ഉണ്ട് :)