Jan 29, 2008

കള്ളും കാക്കയും

ഓണമാഘോഷിക്കാനാണ് സദാശിവനും ദാമോദരനും ഒന്നിച്ചു കുടിച്ചത്.

കുടിച്ചു കുടിച്ചു നടന്നു തളര്‍ന്ന് അവര്‍ ഒരു പീടികത്തിണ്ണയിലെത്തി ഛര്‍ദ്ദിക്കാന്‍ തുടങ്ങി. ഉള്ളതെല്ലാം തുരുതുരെ പുറത്തേക്ക് തള്ളപ്പെടുകയായിരുന്നു. ഒടുവില്‍ തളര്‍ന്ന് അവരാ ഛര്‍ദ്ദിലില്‍ത്തന്നെ കിടന്നു. മുടിയിലും മുഖത്തും ദേഹത്തും കാലിലും നിലത്തുമെല്ലാം ഛര്‍ദ്ദിയുടെ അവശിഷ്‌ടങ്ങള്‍. സദാശിവന്റെ അടുത്താണ് ദാമോദരന്‍ കിടന്നിരുന്നത്. ഒടുവില്‍ ഒരു കാക്ക വന്ന് അവരുടെ ഛര്‍ദ്ദിലില്‍ ഓണസദ്യ ഉണ്ണാന്‍ തുടങ്ങി. കാക്കയെ ഓടിക്കാനോ കൈയനക്കാനോ പറ്റുന്നില്ല. അവസാനം ദാമോദരന്റെ മുഖത്തുള്ള അവശിഷ്‌ടങ്ങള്‍ കാക്ക കൊത്താന്‍ തുടങ്ങി. സദാശിവന്‍ ദുര്‍ബ്ബലമായ ശബ്ദത്തില്‍ വിളിച്ചു പറഞ്ഞു:

‘കാക്ക കൊത്തണടാ’

ദാമോദരന്റെ മറുപടിയും ദുര്‍ബ്ബലമായിരുന്നു:

‘കാണണ്‍‌ണ്ടടാ’

സദാശിവന്‍ വീണ്ടും:

‘ന്നാ കാക്കയെ ഓടിക്കെടാ’

ജീവച്ഛവം പോലെ കിടന്നുകൊണ്ട് ദാമോദരന്‍ പറഞ്ഞു:

‘ഓടിക്ക്‍ണ്‌ണ്ടെടാ’.

‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌---------------


കടപ്പാട്: സിദ്ദിക്ക് ലാല്‍.


***************
ടിപ്പ് ഓഫ് ദ ഡേ : ചിലരെങ്കിലും ഒരു ഫലിതം കേട്ടാല്‍ മൂന്നു പ്രാവശ്യം ചിരിക്കും. ഒന്ന് എല്ലാവരും ചിരിക്കുമ്പോള്‍ കൂടെ ചിരിക്കും. രണ്ടാമത് ആ ഫലിതം മന്‍സ്സിലാകുമ്പോള്‍, മൂന്നാമത് ആദ്യം എന്തിനായിരുന്നു ചിരിച്ചത് എന്നാലോചിച്ച് ചിരിക്കും.
***************

ഈ പോസ്റ്റിപ്പോ ആര്‍ക്ക് സമര്‍പ്പിക്കുമെന്ന കണ്‍ഫ്യൂഷനിലാണ് ഞാന്‍. ന്തായാലും പുതിയ ആളല്ലേ, മ്മടെ പപ്പൂസിന് ആയിക്കോട്ടെ :)

Jan 26, 2008

ഫ്രീ അസോസിയേഷന്‍

സത്യമംഗലത്ത് വീരപ്പന്‍
സൂര്യനെല്ലിയില്‍ ധര്‍മ്മരാജന്‍

വായില്ലാക്കുന്നിലപ്പന്‍ പ്രഭാഷണം തുടങ്ങി
പാണന്മാര്‍ മൌനജാഥ നടത്തി

ഗീബത്സിനു രാജാ ഹരിശ്ചന്ദ്രന്‍ സ്മാരക എവര്‍ റോളിംഗ് ട്രോഫി
വാസവദത്തക്ക് മദര്‍തെരേസാ പുരസ്കാരം
ദ്രൌപതിക്ക് ചൊവ്വാദോഷം
ഭീമസേനന് ധാതുക്ഷയം

പഞ്ചായത്ത് കെണറ്റില്‍ മാക്രികളുടെ സ്വതന്ത്ര സിമ്പോസിയം
അധ്യക്ഷന്‍ നീര്‍ക്കോലി നാരായണന്‍

അക്കാഡമി ഫെല്ലോഷിപ്പിനായി ബുദ്ധിജീവികളുടെ
സെക്രട്ടറിയേറ്റ് മാര്‍ച്ച്
ഓര്‍ഹാന്‍ പാമുക്ക് മനോരമ ചീഫ് എഡിറ്റര്‍

ഗൂഗിള് ബ്ലോഗറ് പൂട്ടി
ഞാന്‍ സ്വതന്ത്രനായി

കുതിരവട്ടത്തൂന്ന് എന്നെ തൊറന്നു വിട്ടു.

ഓര്‍മ്മയിലൊരോണം

ഓര്‍മ്മയിലൊരോണം വീണ്ടുമുണരുന്നു
അകതാരില്‍ തപ്പുതുടി താളമുയരുന്നു
കരളില്‍ പൂവള്ളി പൂത്തുവിടരുന്നു
കാലം മലര്‍ക്കുടകള്‍ മെല്ലെ നിവര്‍ത്തുന്നു

ഓണക്കനവില്‍ ലയിക്കുന്നു ഹൃത്തം
ഓണക്കാഴ്‌ചകള്‍ തേടുന്നു
മനസ്സിലെക്കിളി മെല്ലെയുണരുന്നു പിന്നെ-
യാവണിപ്പാടം പുല്‍കുന്നു


‘ഇല്ലം നിറ വല്ലം നിറ’ പാട്ടൊഴിഞ്ഞൂ-മണ്ണില്‍
പുളകമായ് പൊന്നോണം ചാര്‍ത്തണഞ്ഞൂ
പൂവിളി കേള്‍ക്കുന്നു, പൂക്കളം കാണുന്നു
പൂവാകമേലൂഞ്ഞാലാടുന്നൂ

ഓണത്തപ്പനെ കാക്കുന്നു മണ്ണ്
ഓണവെയിലില്‍ തുടിക്കുന്നു
ഓണമായോണമായ് പൂക്കുന്നു വിണ്ണ്
ഓണനിലാവ് പൊഴിക്കുന്നു

ഓളങ്ങള്‍ തല്ലിച്ചിരിക്കുന്നു തെയ് തെയ്
ഓടങ്ങളില്‍ ആര്‍പ്പ് നിറയുന്നു
ഓണക്കിനാവുകള്‍ മായുന്നു നെഞ്ചില്‍
നൊമ്പരം മെല്ലെ നിറയുന്നു

പാടുവാന്‍ പാട്ടുകളില്ലാഞ്ഞോ ഇന്ന്
കാണുവാന്‍ കാഴ്‌ചകളില്ലാഞ്ഞോ
മാവേലിമന്നാ പൊറുക്കേണം എന്‍
മനസ്സിലെപ്പൊന്‍കിളി മയങ്ങിപ്പോയ്...

Jan 23, 2008

തങ്കലിപികളാല്‍ ആലേഖനം...

ഫോട്ടോഷോപ്പിന്റെ മികച്ച ഫീച്ചറുകളിലൊന്നാണ് ലേയര്‍ സ്‌റ്റൈലുകള്‍.
ലേയര്‍ സ്റ്റൈല്‍ ഉപയോഗിച്ച് നമുക്ക് മിക്ക ഇഫക്‍റ്റുകളും ഉണ്ടാക്കാന്‍ സാധിക്കും. പ്ലാസ്റ്റിക്‌, ഗ്ലാസ്, ജലം, ഐസ്‌, മെറ്റാലിക് അങ്ങനെ നിരവധി ഇഫക്‍റ്റുകള്‍.

ഈ ട്യൂട്ടോറിയലില്‍ ഗോള്‍ഡ് റ്റെക്‍സ്‌റ്റ് ഇഫക്റ്റ് എങ്ങനെ ഉണ്ടാക്കാം എന്നാണ് നാം മനസ്സിലാക്കുന്നത്. ലേയര്‍ സ്റ്റൈല്‍ മാത്രം ഉപയോഗിച്ചുള്ള ഒരു കളി!
ഒരിക്കല്‍ ഒരു ലേയര്‍ സ്റ്റൈല്‍ നിര്‍മ്മിച്ചാല്‍ ആ സ്റ്റൈലിനെ നമുക്ക് സേവ് ചെയ്യാന്‍ കഴിയും. ഇങ്ങനെ സേവ് ചെയ്യുന്ന സ്റ്റൈല്‍ പിന്നീട് നമുക്കാവശ്യമുള്ളപ്പോഴൊക്കെ ഉപയോഗിക്കാവുന്നതാണ്.

(താഴെ ചിത്രങ്ങളില്‍ ഞെക്കി വലുതാക്കി കാണാവുന്നതാണ്‍)

1.ആദ്യമായി ഫോട്ടോഷോപ്പില്‍ പുതിയ ഒരു ഡോകുമെന്റ് ഉണ്ടാക്കുക. (File>New. Ctrl+N)
എന്നിട്ട് ബാക്ക് ഗ്രൌണ്ട് ലേയറില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് അതിന്റെ ലോക്ക് മാറ്റുക. (ലേയര്‍ പാലറ്റ് ഉപയോഗിക്കണം. (Window>Layers. F7)

ആദ്യമായി ഈ ലേയറിനു നാം ഒരു സ്റ്റൈല്‍ കൊടുക്കാന്‍ പോകുന്നു. അതിനായി ലേയര്‍ പാലറ്റില്‍ ആ ലേയര്‍ ഐക്കണിന്റെ വലതു മൂലക്ക് ഡബിള്‍ക്ലിക്ക് ചെയ്യുകയോ മെനുവില്‍ നിന്ന് Layer>Layer Styles ക്ലിക്ക് ചെയ്യുകയോ ചെയ്യാം.
ഒരു ഗ്രേഡിയന്റ് ഓവര്‍ലേ സ്റ്റൈല്‍ നല്‍കണം. (Gradient Overlay )

ഒരു വശം കറുപ്പും മറുവശത്ത് ഡാര്‍ക് ബ്രൌണും സെറ്റു ചെയ്യുക. (#443501).

ചിത്രത്തില്‍ കാണുന്നതു പോലെ വാല്യൂസ് സെറ്റ് ചെയ്യുക. കളര്‍ തെരഞ്ഞെടുക്കാന്‍ ഗ്രേഡിയന്റില്‍ ക്ലിക്ക് ചെയ്തിട്ട് അതത് കളറുകളില്‍ ക്ലിക്ക് ചെയ്ത് ചെയ്താല്‍ മതിയാകും. ആരോ ശ്രദ്ധിക്കുക.

2.ഒരു ലേയര്‍ കൂടി ഉണ്ടാക്കുക. (Layer>New Layer. Shift+Ctrl+N). അതില്‍ വെള്ള നിറം ഫില്‍ ചെയ്യുക. (Edit>Fill> Select White). ഈ ലേയറിനൊരു ഫില്‍ട്ടര്‍ ഇഫക്റ്റ് കൊടുക്കണം. Filter>Texture>Texturizer). ശ്രദ്ധിക്കേണ്ട കാര്യം ഫോര്‍ഗ്രൌണ്ട് കളര്‍ വെള്ളയും ബാക്ക് ഗ്രൌണ്ട് കളര്‍ കറുപ്പും ആക്കിയിരിക്കണം. ചിത്രം ശ്രദ്ധിക്കുക.
ഈ ലേയറിന്റെ ബ്ലെന്‍ഡിംഗ് മോഡ് Multiply ആക്കുക. ബ്ലെന്‍ഡിംഗ് മോഡ് മാറ്റുന്നതിനു ലേയര്‍ പാലറ്റിന്റെ ഇടതു മുകളില്‍ Normal എന്നു കാണുന്ന ഫീല്‍ഡില്‍ ക്ലിക്ക് ചെയ്താല്‍ മതി.

3.ഇനി എന്തെങ്കിലും റ്റെക്‍സ്റ്റ് ചേര്‍ക്കാം. റ്റൈപ് റ്റൂള്‍ (T) ഉപയോഗിച്ച് റ്റൈപ്പ് ചെയ്യുക.
ഇവിടെ Times New Roman ഫോണ്ട് ഉപയോഗിച്ചിരിക്കുന്നു. V എന്നു റ്റൈപ്പ് ചെയ്തിട്ട് അതിനെ തല ചെരിച്ച് A ആക്കിയിരിക്കുകയാണ്.


താഴെ ചിത്രത്തില്‍ കാണും വിധം ലേയര്‍ സ്റ്റൈലും ഗ്രേഡിയന്റ് കളറും സെറ്റു ചെയ്യുക.ഇനി ലേയര്‍ സ്റ്റൈലില്‍ Stroke കൊടുക്കുക. ചിത്രം ശ്രദ്ധിക്കുക. സ്‌ട്രോക്കിനു നാം ഗ്രേഡിയന്റ് ആണു നല്‍കുന്നത്. ചിത്രത്തില്‍ കാണുന്നതു പോലെ കളറുകളും വാല്യൂസും സെറ്റ് ചെയ്യുക.


ഇനി Bevel and Emboss.ഇനി Drop Shadow.കഴിഞ്ഞു.


ഇനി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്താണെന്നു വെച്ചാല്‍ ഫോണ്ടുകള്‍ മാറുന്നതിനനുസരിച്ച് ഗ്രേഡിയന്റ്, സ്‌ട്രോക്ക് വാല്യൂസ് മാറാന്‍ സാധ്യത ഉണ്ട്. അപ്പോള്‍ വാല്യൂ മാറ്റി പരീക്ഷിക്കാവുന്നതാണ്. പിന്നെ, ഇപ്പോള്‍ ഗോള്‍ഡ്, ഇനി കളറൊക്കെ അല്‍പ്പം മാറ്റിയാല്‍ വെള്ളിയോ പിത്തളയോ അലൂമിനിയമോ ഒക്കെ ആക്കാം അല്ലേ? :)

ലേയര്‍ സ്റ്റൈല്‍ പാലറ്റ് ഓണ്‍ ചെയ്ത് (Window>Styles) അതിന്റെ മുകളില്‍ വലതു മൂലക്കുള്ള ആരോയില്‍ ക്ലിക്ക് ചെയ്താല്‍ സ്റ്റൈല്‍ സേവ് ചെയ്യാം. ആവശ്യമുള്ളപ്പോള്‍ ലോഡും ചെയ്യാം.

വിരഹദൂത്

(പെണ്ണൊരുത്തിയുടെ കുറിമാനം തുറന്നപ്പോള്‍ കനലില്‍ക്കാച്ചിയ വരികള്‍. തലച്ചോറ്‌ ചുട്ടുപഴുക്കാതിരിക്കുമോ? അവളുടെ സമ്മതത്തോടെ തന്നെ പോസ്റ്റുന്നു. കോപ്പിറൈറ്റിനുണ്ടോ കണവനും കാന്തനും!)

നരകത്തീയില്‍
സ്വര്‍ഗ്ഗക്കുളിരിനെ
സ്വപ്‌നം കണ്ട് കുളിര്‍ത്തോട്ടെ

പാഴ്‌മരുഭൂവില്‍
വസന്തനിര്‍വൃതി
വെറുതേയൊന്നു കൊതിച്ചോട്ടെ

എരിയും വെയിലില്‍
മേഘത്തണലായ്
നീ വരുമെന്ന് നിനച്ചോട്ടെ

വരണ്ട ഹൃത്തില്‍
അമൃതവര്‍ഷമായ്
കുളിരേകാന്‍ നീ വന്നാട്ടെ


വിരഹക്കടലില്‍
സ്നേഹത്തോണി
തുഴഞ്ഞു പ്രിയാ നീയണഞ്ഞാട്ടെ

ഘോരതമസ്സില്‍
ഒളിവിതറുന്നൊരു
ചന്ദ്രക്കലയായ് നിന്നാട്ടെ

പ്രണയത്താമര-
യിതളു വിടര്‍ത്താന്‍
കതിരവനായ് നീ ഉദിച്ചാട്ടെ

വിരഹിനി ഞാനിനി
നിന്നുടെ ഓര്‍മ്മയില്‍
മുങ്ങി നിവര്‍ന്നു കഴിഞ്ഞോട്ടെ
ഞാന്‍ മുങ്ങി നിവര്‍ന്നു കഴിഞ്ഞോട്ടെ
-ജെസ്സി

Jan 22, 2008

അക്ഷരങ്ങളുടെ സുല്‍ത്താനു ആദരവോടെ...

ഇന്ന് വിശ്വകഥാകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മശതാബ്‌ദി.

അക്ഷരങ്ങളുടെ സുല്‍ത്താന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ആദരവോടെ...

Jan 13, 2008

പ്രവാചക സ്‌മരണയില്‍…

(2007 മാര്‍ച്ച് 27 റബീഉല്‍ അവ്വല്‍ മാസത്തില്‍ അങ്ങനെ ഓരോന്നില്‍ പ്രസിദ്ധീകരിച്ചത്)

ഇതു റബീഉല്‍ അവ്വല്‍ മാസം.
വിശ്വപ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ ജന്മം കൊണ്ടനുഗ്രഹീതമായ പുണ്യമാസം.
പ്രവാചക പ്രകീര്‍ത്തനങ്ങള്‍ പാരിലെങ്ങും മുഖരിതമാകുന്ന വിശുദ്ധമാസം.
ലോകമെങ്ങുമുള്ള വിശ്വാസികളുടെ ഹൃദയങ്ങളില്‍ ആനന്ദത്തിന്റെ നറുമലരുകള്‍ വിരിയുന്ന പവിത്രമാസം.

ആയിരത്തഞ്ഞൂറു വര്‍ഷങ്ങള്‍ക്കു മുമ്പ്, ഇരുണ്ട യുഗമെന്ന് ചരിത്രകാരന്മാര്‍ വിശേഷിപ്പിച്ച ഒരു കാലഘട്ടത്തില്‍, എ.ഡി അഞ്ഞൂറ്റി എഴുപതാമാണ്ടില്‍ അറേബ്യയിലെ മക്ക എന്ന മരുഭൂമിയില്‍ പ്രവാ‍ചകന്‍ ഭൂജാതനായി; അബ്ദുല്ലയുടെയും ആമിനയുടെയും പുത്രനാ‍യി.
ജനിക്കും മുമ്പേ പിതാവിനെ നഷ്‌ടമായ നബി.
ആറു വയസ്സുള്ളപ്പോള്‍ മാതാവിന്റെ ദേഹവിയോഗത്തിനു സാക്ഷിയായ നബി.
തികച്ചും അനാഥനായിരുന്ന നബി.
നിരക്ഷനായിരുന്ന നബി.
ആട്ടിടയനായിരുന്ന നബി.
കച്ചവടക്കാരനായിരുന്ന നബി.
സത്യസന്ധതയുടെ പര്യായമായിരുന്ന, അല്‍ അമീന്‍ (സത്യസന്ധന്‍) എന്നു മക്കാനിവാസികള്‍ വിളിച്ചിരുന്ന നബി.

ഇരുപത്തഞ്ചാം വയസ്സില്‍ നാല്‍പ്പതു വയസ്സുകാരിയായ ഖദീജയെന്ന കുലീനയെ വിവാഹം ചെയ്ത നബി.
നാല്പതാം വയസ്സില്‍ പ്രവാചകത്വം നല്‍കപ്പെട്ട നബി.
ഏകനായ ദൈവത്തെ മാത്രം ആരാധിക്കാന്‍ ആഹ്വാനം ചെയ്ത നബി.
വായിക്കുക, നിന്നെ സൃഷ്‌ടിച്ച നാഥന്റെ നാമത്തില്‍ എന്ന ഉദ്ബോധനം പ്രചരിപ്പിച്ച  നബി.
അന്ധവിശ്വാസങ്ങളില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും മുക്തരാകാന്‍ ആഹ്വാനം ചെയ്ത നബി.
സത്യപ്രബോധനമാര്‍ഗ്ഗത്തില്‍ സ്വന്തം കുടുംബത്തിന്റെയും ജനതയുടെയും രൂക്ഷമായ എതിര്‍പ്പിനും ശത്രുതക്കും പാത്രീഭൂതനായ നബി.
ജനിച്ചു വളര്‍ന്ന വീടും നാടും ബന്ധുജനങ്ങളെയും ഉപേക്ഷിച്ച് മദീനയിലേക്ക് പലായനം ചെയ്യേണ്ടി വന്ന നബി.
ലോകൈക ഗുരുവായ നബി.
സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ആള്‍‌രൂപമായിരുന്ന നബി.
സല്‍‌സ്വഭാവത്തിന്റെ നിറകുടമായിരുന്ന നബി.
സൈന്യാധിപനായിരുന്ന നബി.
കുടുംബനാഥനായിരുന്ന നബി.
ഉത്തമനായ ഭര്‍ത്താവായിരുന്ന നബി.
ഫലിതാസ്വാദകനായിരുന്ന നബി.
അനുചരരുടെ വഴികാ‍ട്ടിയും സുഹൃത്തുമായിരുന്ന നബി.
രാഷ്‌ട്രത്തലവനായിരുന്ന നബി.
നീതിമാനായ ഭരണാധികാരിയായിരുന്ന നബി.
ന്യായാധിപനായിരുന്ന നബി.
കേവലം ഇരുപത്തിമൂന്നു സംവത്സരക്കാലത്തെ പ്രബോധനം കൊണ്ട് ലോകത്തെയാകെ മാറ്റിമറിച്ച നബി. ഭൂഗോളത്തിന്റെ ഓരോ മൂലയിലും നന്മയുടെ പൊന്‍‌കിരണങ്ങളെത്തിച്ച നബി.
സര്‍വ്വലോകത്തിനും അനുഗ്രഹമായി നിയോഗിക്കപ്പെട്ട നബി.

അസ്വലാ‍ത്തു വസ്സലാമു അലൈക്ക യാ റസൂലല്ലാഹ്….
ദൈവത്തിന്റെ സമാധാനവും രക്ഷയും അങ്ങയുടെ മേലുണ്ടാവട്ടെ പ്രീയപ്പെട്ട പ്രവാചക ശ്രേഷ്‌ടരേ…

എന്റെ ജീവിതമാണ് എന്റെ സന്ദേശമെന്നു പ്രഖ്യാപിച്ച നബി.
ആ ജീവിതരീതികൊണ്ട്‌ മനസ്സുകളെ കീഴടക്കിയ നബി.

നബി(സ) നടന്നു പോകുന്ന പാതയില്‍ ഒരു ജൂതപ്പെണ്ണു ദിവസവും കാത്തു നില്‍ക്കും; നബിയെ തുപ്പാന്‍. എന്നും തുപ്പും. ഒരു ദിവസം ആ പെണ്‍കുട്ടിയെ വഴിയില്‍ കണ്ടില്ല. നബി(സ) ആ കുട്ടിയുടെ വീട് അന്വേഷിച്ച് കണ്ടുപിടിച്ച് അവിടെയെത്തി. നബിയെക്കണ്ട് പെണ്‍കുട്ടി പരിഭ്രാന്തയായി. പകരം ചോദിക്കാന്‍ വന്നതാവുമോ? നബി സ്നേഹത്തോടെ ചോദിച്ചു: ‘മകളേ ഇന്നു നിന്നെ വഴിയില്‍ കണ്ടില്ല, നിനക്കെന്തു പറ്റി എന്നന്വേഷിക്കാന്‍ വന്നതാണ് ഞാന്‍. വല്ല അസുഖവും പിടിപെട്ടോ മകളേ…?’
പശ്ചാത്താപ വിവശയായ പെണ്‍കുട്ടിയും അവളുടെ മാതാവും നബിയുടെ കാല്‍ക്കല്‍ വീണു. “നശ്‌ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹ്, വ അന്നക്ക റസൂലല്ലാഹ്…” (ഏകനായ ദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു.അങ്ങ് ദൈവത്തിന്റെ പ്രവാചകനാണെന്ന് ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നു).

സൈദുനില്‍ ഖൈല്‍ എന്ന കൊള്ളക്കാരന്‍ (കുതിര സൈദെന്ന് അര്‍ത്ഥം) നബിയെക്കുറിച്ചറിഞ്ഞു. പാരമ്പര്യ വിശ്വാസപ്രമാണങ്ങളെ നിരാകരിച്ച് മറ്റേതോ വിശ്വാസം പ്രചരിപ്പിക്കുന്ന മുഹമ്മദിനെ വകവരുത്തിയിട്ടു തന്നെ കാര്യം. സൈദ് മദീനയിലേക്ക് പുറപ്പെട്ടു. ആ സമയം മദീനാ പള്ളിയില്‍ അനുചരര്‍ക്ക് ഉപദേശങ്ങള്‍ നല്‍കുകയായിരുന്ന നബി(സ) സൈദിന്റെ ആഗമനം മനസ്സിലാക്കി പ്രഭാഷണം മാനസാന്തരത്തിനുതകും വിധം സ്നേഹത്തിന്റെയും നന്മയുടെയും വഴിയിലേക്കു തിരിച്ചു വിട്ടു.
പ്രഭാഷണമവസാനിപ്പിച്ച് ഊരിപ്പിടിച്ച ഖഡ്‌ഗവുമായി നില്‍ക്കുകയായിരുന്ന സൈദിനെ കാണുവാന്‍ ചെന്നു പ്രവാചകന്‍.
സൈദ് ചോദിച്ചു: ‘ഞാനാരെന്നറിയുമോ? ഞാനാണ് സൈദുനില്‍ ഖൈല്‍ ‘
നബി പ്രതിവചിച്ചു: ‘സൈദുനില്‍ ഖൈല്‍ ? കുതിര സൈദോ! ആ പേരു താങ്കള്‍ക്ക് ചേരുകയില്ലല്ലോ സഹോദരാ. താങ്കള്‍ സൈദുനില്‍ ഖൈല്‍ അല്ല സൈദുനില്‍ ഖൈര്‍ ആണ്.(നന്മയുടെ വക്താവായ സൈദ്). ഒരു നിമിഷം. സൈദിന്റെ കയ്യില്‍ നിന്നും വാള്‍ താഴെവീണു. കണ്ണീരോടെ സൈദ് നബിയെ ആശ്ലേഷിച്ചു. അശ്‌ഹദു അന്നക്ക റസൂലല്ലാഹ്

മനുഷ്യമന‍സ്സുകളെ നബി പരിവര്‍ത്തനപ്പെടുത്തിയതിന്റെ അനേകം മാതൃകകളില്‍ ചിലതു മാത്രം.

സ്നേഹത്തിന്റെയും കരുണയുടെയും സഹനത്തിന്റെയും പാരാവാരമായിരുന്ന നബി.

ഒരു ചെറിയ പെരുന്നാള്‍ ദിവസം. ഏവരും ആമോദത്തില്‍ മുഴുകിയ ദിനം. പുതുവസ്ത്രങ്ങളണിഞ്ഞ് കുട്ടികള്‍ ആഹ്ലാദിക്കുന്നു. പള്ളിയില്‍ നിന്നിറങ്ങിയ നബി കണ്ടു, കീറിപ്പറിഞ്ഞു മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരു കുരുന്നു ബാലന്‍ പാതയോരത്ത് വിശന്നു കരയുന്നു. നബിയുടെ ഹൃദയം പൊട്ടി. കണ്ണില്‍ നീര്‍ പൊടിഞ്ഞു. ഓടിച്ചെന്നു ആ പൈതലിനെ മാറോടണച്ചു. അവന്‍ അനാഥനായിരുന്നു. അവനാരുമില്ല. നബി അവനെ വീട്ടിലേക്കു കൊണ്ടുപോയി. കുളിപ്പിച്ചു പുത്തനുടുപ്പുകളണിയിച്ചു. വയര്‍ നിറയെ ഭക്ഷണം നല്‍കി. അവനെ സംരക്ഷിക്കാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തു.

ചൂണ്ടുവിരലും നടുവിരലും ഉയര്‍ത്തിക്കാട്ടി നബി ഇങ്ങനെ പ്രഖ്യാപിച്ചു: അനാഥരെ സംരക്ഷിക്കുന്നവനും ഞാനും നാളെ സ്വര്‍ഗ്ഗത്തില്‍ ഇതുപോലെ അടുത്തടുത്തായിരിക്കും.

ഖന്തക്ക് യുദ്ധം നടക്കുന്ന സമയം. ശത്രുക്കളില്‍ നിന്ന് രക്ഷനേടുന്നതിനായി കിടങ്ങുകള്‍ കുഴിക്കുന്നു നബിയും അനുചരരും. ദരിദ്രരായ അനുചരര്‍ക്ക് ഭക്ഷിക്കാനൊന്നുമില്ല. വിശപ്പിന്റെ കാഠിന്യമേറിയപ്പോള്‍ ഒരു സ്വഹാബി നബിയുടെ പക്കല്‍ പരാതി പറഞ്ഞു. നബിയേ, കഴിക്കാനൊന്നുമില്ല. വിശപ്പു സഹിക്കാനാവാതെ ഇതാ ഞാന്‍ വയറ്റില്‍ കല്ലു കെട്ടി വെച്ചിരിക്കയാണ്.
നബിതങ്ങള്‍ മന്ദഹസിച്ചു. അവിടുത്തെ കുപ്പായം മെല്ലെ ഉയര്‍ത്തിക്കാട്ടി. ഏവരും സ്തംഭിച്ചു പോയി. അതാ ആ വയറ്റില്‍ ഒന്നല്ല, രണ്ടു കല്ലുകള്‍ കെട്ടി വെച്ചിരിക്കുന്നു….
അസ്വലാ‍ത്തു വസ്സലാമു അലൈക്ക യാ റസൂലല്ലാഹ്….

ഒരു മാതാവ് കുട്ടിയേയും കൊണ്ട് നബിസന്നിധിയിലെത്തി. നബിയേ, എന്റെ മകന്‍ ധാരാളം മധുരം ഭക്ഷിക്കുന്നു. അങ്ങനെ ചെയ്യരുതെന്നു അങ്ങ് ഇവനെയൊന്നു ഉപദേശിക്കണം. നബി പറഞ്ഞു. പോയിട്ട് ഒരാഴ്‌ച കഴിഞ്ഞു വരൂ സഹോദരീ.
ഒരാഴ്‌ച കഴിഞ്ഞു അവര്‍ വീണ്ടും വന്നപ്പോള്‍ നബി കുട്ടിയെ ഉപദേശിച്ചു. അധികം മധുരം ഭക്ഷിക്കരുതേ.
അനുചരര്‍ ചോദിച്ചു. എന്താണ് നബിയേ കഴിഞ്ഞ തവണ അങ്ങിതു പറയാതിരുന്നത്? നബിയുടെ മറുപടി: അതോ, അന്ന് ഞാനും ധാരാളം മധുരം കഴിക്കുമായിരുന്നല്ലോ? ആ അവസ്ഥയില്‍ ഞാനെങ്ങനെ മറ്റൊരാളെ ഉപദേശിക്കും. ഞാന്‍ മധുരം ഉപയോഗിക്കുന്നത് നിര്‍ത്തി. അതിനുവേണ്ടിയാണ് ഒരാഴ്‌ച സാവകാശം ചോദിച്ചത്.

യുദ്ധത്തില്‍ തടവുപുള്ളികളായി പിടിക്കപ്പെടുന്നവര്‍ക്ക് കൊടിയ ശിക്ഷകള്‍ നല്‍കപ്പെട്ടിരുന്ന കാലം. ഒരു യുദ്ധത്തില്‍ തടവിലാക്കപ്പെട്ട ശത്രുക്കള്‍ക്ക് നബി ശിക്ഷ വിധിച്ചു: “നിങ്ങളില്‍ അക്ഷരാഭ്യാസമുള്ളവര്‍ അതറിയാത്തവരെ അക്ഷരം പഠിപ്പിക്കണം.”

നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നില്ല നബി. മദ്യാസക്തരും വിഷയതത്പരരും പെണ്‍കുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചുമൂടുന്നവരുമായിരുന്ന കാട്ടറബികളെ സമൂലമായ മാനസിക പരിവര്‍ത്തനത്തിലൂടെയാണ് നബി മനുഷ്യരാക്കിയത്,
സംസ്കാര സമ്പന്നരാക്കിയത്.

ഡോ.മൈക്കല്‍ ഹാര്‍ട്ട് ലോകചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികള്‍ എന്ന ഗ്രന്ഥത്തില്‍ ഒന്നാം സ്ഥാനം നല്‍കിയത് പ്രവാചകന്‍ മുഹമ്മദി(സ)നായിരുന്നു.
(The 100: A Ranking of the Most Influential Persons in History. Dr. Michael Hart )
അദ്ദേഹം ഇങ്ങനെ എഴുതി. My choice of Muhammad to lead the list of the world’s most influential persons may surprise some readers and may be questioned by others, but he was the only man in history who was supremely successful on both the religious and secular levels.
ലോകത്തെ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തികളുടെ നിരയെ നയിക്കാന്‍ മുഹമ്മദിനെ തെരഞ്ഞെടുത്ത എന്റെ തീരുമാനം ചില വായനക്കാരെ അതിശയപ്പെടുത്തുകയോ മറ്റു ചിലരാല്‍ ചോദ്യം ചെയ്യപ്പെടുകയോ ചെയ്തേക്കാം. എന്നാല്‍ മതപരവും മതേതരവുമായ മേഖലകളില്‍ പരമമായ വിജയം കൈവരിച്ച ലോകചരിത്രത്തിലെ ഒരേയൊരു വ്യക്തി മുഹമ്മദ് മാത്രമാണ്.

ഈ പ്രസ്താവനയില്‍ മുസ്‌ലിംകള്‍ അഭിമാനിക്കുന്നു. വരട്ടെ, ഒന്നു നില്‍ക്കണേ. ഈ നൂറുപേരില്‍ പിന്നെയുള്ളൊരു മുസ്‌ലിം നാമധേയം ഖലീഫാ ഉമറി(റ)ന്റേതു മാത്രമാണ്. ലോകചരിത്രത്തെ ഏറ്റവുമധികം സ്വാധീനിച്ച ഒരു വ്യക്തിയില്‍ നിന്നും സ്വാധീനമുള്‍ക്കൊണ്ട് എന്തുകൊണ്ട് അതേ വ്യക്തിയുടെ അനുയായികള്‍ ലോകത്തിനു മാതൃകയാവുന്നില്ല? സമകാലിക മുസ്‌ലിം സമൂഹത്തിന്റെ എല്ലാ അപചയങ്ങള്‍ക്കും കാരണം പ്രവാചകചര്യ മനസ്സിലാക്കാത്തതും അത് ജീവിതത്തില്‍ പകര്‍ത്താത്തതുമാണ്. ഞാന്‍ എന്നെത്തന്നെയാണ് പറയുന്നത്. ഉപദേശിക്കാനോ ആഹ്വാനം ചെയ്യാനോ ഞാന്‍ യോഗ്യനല്ല.

ദയാലുവും കാരുണ്യവാനും സമാധാനകാംക്ഷിയുമായിരുന്ന മുഹമ്മദ് നബി(സ)യുടെ പേരില്‍ ലോകത്ത് അസമാധാനം വിതക്കുന്ന മുസ്‌ലിം നാമധാരികള്‍ പ്രവാചകശാപം ഏറ്റുവാങ്ങുന്നവരാണ് എന്നൊരു പ്രസ്‌താവവും കൂടി നടത്തിക്കൊള്ളട്ടെ.

ഒരു നിരപരാധിയെ കൊല്ലുന്നവന്‍ മാനവകുലത്തെ മുഴുവന്‍ കൊല്ലുന്നവനെപ്പോലെയാണെന്നും അയല്‍‌വാസി -അവനാരുമാകട്ടെ- പട്ടിണി കിടക്കുമ്പോള്‍ വയര്‍ നിറയെ ഭക്ഷിക്കുന്നവന്‍ നമ്മില്‍പ്പെട്ടവനല്ലെന്നും അരുളിച്ചയ്ത പ്രവാചകന്റെ ഉത്തമരായ അനുയായികളാകുവാന്‍ ഞാനുള്‍പ്പെടുന്ന മുസ്‌ലിം സമൂഹം ശ്രമിക്കുമെന്ന് പ്രത്യാശിക്കുക നാം. മര്‍ഹബാ യാ റസൂലല്ലാഹ്….അല്ലയോ പ്രവാചകരേ, അങ്ങേക്കഭിവാദ്യങ്ങള്‍.

25 Comments »
ഇതു റബീഉല്‍ അവ്വല്‍ മാസം.
വിശ്വപ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ ജന്മം കൊണ്ടനുഗ്രഹീതമായ പുണ്യമാസം.
പ്രവാചക പ്രകീര്‍ത്തനങ്ങള്‍ പാരിലെങ്ങും മുഖരിതമാകുന്ന വിശുദ്ധമാസം.
ലോകമെങ്ങുമുള്ള വിശ്വാസികളുടെ ഹൃദയങ്ങളില്‍ ആനന്ദത്തിന്റെ നറുമലരുകള്‍ വിരിയുന്ന പവിത്രമാസം.

ആയിരത്തഞ്ഞൂറു വര്‍ഷങ്ങള്‍ക്കു മുമ്പ്, ഇരുണ്ട യുഗമെന്ന് ചരിത്രകാരന്മാര്‍ വിശേഷിപ്പിച്ച ഒരു കാലഘട്ടത്തില്‍, എ.ഡി അഞ്ഞൂറ്റി എഴുപതാമാണ്ടില്‍ പുരോഗതിയുടെ വെളിച്ചമെത്താത്ത, കലയും വിദ്യയും വാണിജ്യവുമൊക്കെ വിദൂരമായ അറേബ്യയിലെ മക്ക എന്ന മരുഭൂമിയില്‍ പ്രവാ‍ചകന്‍ ഭൂജാതനായി; അബ്ദുല്ലയുടെയും ആമിനയുടെയും പുത്രനാ‍യി.
ജനിക്കും മുമ്പേ പിതാവിനെ നഷ്‌ടമായ നബി.
ആറു വയസ്സുള്ളപ്പോള്‍ മാതാവിന്റെ ദേഹവിയോഗത്തിനു സാക്ഷിയായ നബി.
തികച്ചും അനാഥനായിരുന്ന നബി.

Comment by സിയ — March 27, 2007 @ 5:50 am


സിയാ… ഇതിന് കമന്റായി എന്തെഴുതണം എന്നറിയില്ല.
ഇതിന് ഒരായിരം നന്ദി.

Comment by ഇത്തിരിവെട്ടം — March 27, 2007 @ 6:01 am


പ്രവാചക നന്മയുടെയും സ്നേഹത്തിന്റെയും ചിന്തുകള്‍ സോദാഹരണം പ്രസ്താവിച്ച് സുമനസ്സുകള്‍ക്ക് നല്ലൊരു വായനാനുഭവം പകരുന്നതായി സിയയുടെ ഈ പോസ്റ്റ്.
മുസ്ലിം ജനതയോടൊരു വാക്ക്:
നമ്മളില്‍ പലരും പിന്തുടരുന്ന അനിസ്ലാമികമായ ആചാരങ്ങളെയും പ്രവൃത്തികളെയും കടും പിടിത്തത്തെയും നമുക്കു ചുറ്റുമുള്ളവര്‍ ‘ഇസ്‌ലാമി’ന്റേതായി മാത്രമേ മനസ്സിലാക്കൂ എന്ന സത്യം തിരിച്ചറിയുക. പ്രവാചക ജീവിതത്തില്‍ നിന്ന് മാതൃക ഉള്‍ക്കൊണ്ട് നാം ജീവിതരീതി മെച്ചപ്പെടുത്തേണ്ടിയിരിക്കുന്നു. സഹ ജീവികളോടുള്ള കരുണ, നമുക്കഉള്ളതുപോലെ ഭൂമിയിലെ വിഭവങ്ങളില്‍ മറ്റുള്ളവര്‍ക്കും തുല്യാവകാശമുണ്ടെന്ന തിരിച്ചറിവ്.. ഇവയൊക്കെയാകട്ടെ നമ്മെ നയിക്കുന്ന പ്രകാശം. നന്മയുടെ ഇത്തിരിവെട്ടം തെളിക്കാന്‍ കരുണാമയനായ സര്‍വ്വേശ്വരന്‍ നമ്മെയെല്ലാം അനുഗ്രഹിക്കട്ടെ.

Comment by നിങ്ങളുടെ ഇക്കാസ് — March 27, 2007 @ 6:27 am


എത്ര ശരിയായ ഉത്ബോധനമാണ് മുഹമ്മദ് നബിയുടേത് പിന്നെ എന്തുകൊണ്ട് അദ്ദേഹത്തിനെ സമുദായം സംശയിക്കപ്പെടുന്നവരുടെ ലിസ്റ്റില്‍ ഒന്നാമതാവുന്നു ?
ഇസ്ലാം എന്തെന്നറിയാത്തവരുടെ തേര്‍വാഴ്ചയല്ലേ ഇന്നീ ലോകത്ത് നടമാടുന്നത് ?
മുഹമ്മദ് നബിയുടെ ചര്യകള്‍ പിന്തുടരുന്ന ഒരേ സമുദായം എന്തിനാണ് വഹാബിയെന്നും , അന്തവിശ്വാസികളെന്നും പറഞ്ഞ് പരസ്പരം പോരടിക്കുന്നത് ?
സഹോദരരെ സം‍രക്ഷിക്കാന്‍ ആഹ്വാനം ചെയ്ത മുഹമ്മദ് നബി , അദ്ദേഹത്തിന്‍റെ സമുദായം പരസ്പരം കൊല്ലുന്നു എന്തിന്?
(ഇറാഖില്‍, പാക്കിസ്ഥാനില്‍ ഷിയാ മുസ്ലിംങ്ങളും സുന്നി വിഭാഗവും , പലസ്ഥീനില്‍ ഹമാസും ഫത്താ വിഭാഗവും ) അങ്ങനെ ഒത്തിരി രാജ്യങ്ങളില്‍ പല പേരുകളില്‍
സിയയുടെ ഈ ഉദ്ദ്യമത്തിന് നന്ദി

Comment by വിചാരം — March 27, 2007 @ 6:52 am


“ഈ പ്രസ്താവനയില്‍ മുസ്‌ലിംകള്‍ അഭിമാനിക്കുന്നു”
സിയ, എന്റെ വിശ്വാസത്തില്‍ നബിയും യേശുവുമെല്ലാം മനുഷ്യസമൂഹത്തിനുവേണ്ടിയാണ് പ്രയന്ത്നിച്ചിരുന്നത്‌. അതിനാല്‍ തന്നെ തലയുയര്‍ത്തിപ്പിടിച്ചു പറയട്ടെ, ഞാനും അഭിമാനിക്കുന്നു ഇവരെ‍ക്കുറിച്ചെല്ലാം.

Comment by Sunil — March 27, 2007 @ 6:55 am


വളരെ നല്ല കാര്യം. ഇല്ലായ്മയില്‍ നിന്നും ദാരിദ്ര്യത്തില്‍ നിന്നും വന്നതുകൊണ്ടാവാം മനുഷ്യ നന്മയ്ക്കായി ഒരു പിടി സൂക്തങ്ങള്‍ അവിടെ നിന്നും മാനവജനതയ്ക്ക് ലഭിച്ചത്. പക്ഷെ പലരും അതെല്ലാം തമസ്കരിക്കുന്നതിലാണ്‍ പ്രയാസം. നംബി വചനങ്ങള്‍ അപ്പടി പാലിക്കപ്പെട്ടിരുന്നെങ്കില്‍
എന്നു ചിന്തിച്ചുപോകുന്നു.

“കാട്ടറബികള്‍“ കാഫറെന്നു മുഖത്തു നോക്കിപ്പറയുമ്പോഴും എന്റെയുള്ളില്‍ ഒരു ചിന്ത മാത്രം ആ കാഫറിന്റെ നാട്ടില്‍ നബിദിനം അദ്ദേഹത്തിനു ജന്മം നല്‍കിയ നാടിനേക്കാളും (ഇവിടെ-സൌദിയില്‍ - ഈ ദിവസം അവരോറ്ക്കുന്നുണ്ടോ എന്നു തന്നെ എനിക്കറിയില്ല) ലോകത്തെ മറ്റു അറബ് /ഇസ്ലാമിക രാജ്യങ്ങളെക്കാള്‍ നന്നായി ആചരിക്കപ്പെടുന്നു. ശ്രീകൃഷ്ണ ജയന്തിയും, രാമജയന്തിയും പോലെ തന്നെ പ്രാധാന്യത്തോടെ നബിദിനവും. അതില്‍ ഞാന്‍ അഭിമാനിക്കുന്നു.

സിയാ നന്ദി ഈ പോസ്റ്റിന്‍

Comment by nandu — March 27, 2007 @ 7:00 am


സമകാലിക മുസ്‌ലിം സമൂഹത്തിന്റെ എല്ലാ അപചയങ്ങള്‍ക്കും കാരണം പ്രവാചകചര്യ മനസ്സിലാക്കാത്തതും അത് ജീവിതത്തില്‍ പകര്‍ത്താത്തതുമാണ്. നബിദിനം പോലെയുള്ള അനാചാരങ്ങളോടുള്ള പ്രതികരണങ്ങളും പ്രതീക്ഷിക്കുന്നു.

Comment by Abid — March 27, 2007 @ 7:01 am


സുനിലേട്ടാ,
അങ്ങനെ പറഞ്ഞതിന്റെ ഉദ്ദേശം ആ പ്രസ്ഥാവനയില്‍ അഭിമാനിക്കുന്ന, പ്രവാചകാനുയായികള്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന മുസ്‌ലിംകള്‍ പ്രവാചകചര്യ എന്തുകൊണ്ട് പിന്‍‍പറ്റുന്നില്ല എന്ന ചോദ്യമുയര്‍ത്തുന്നതിനു വേണ്ടി മാത്രമാണ്.
പ്രവാചകന്‍ മുഹമ്മദ് തീര്‍ച്ചയായും മുഴുവന്‍ മനുഷ്യരുടേതുമാണ്…
മാനവ സാഹോദര്യത്തിന്റെ ഉണര്‍ത്തുപാട്ടുകാരനാണ്…

Comment by സിയ — March 27, 2007 @ 7:06 am


വളരെ നന്നായിട്ടുണ്ട്. സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സഹാത്തിന്റെയും കഥകള്‍ കണ്ണുനിറച്ചു.

Comment by അബി — March 27, 2007 @ 8:43 am


സിയാ..നന്നായി.

എല്ലാവര്‍ക്കും സ്നേഹം…സമാധാനം…..സന്തോഷം…സമത്വം…….

Comment by sandoz — March 27, 2007 @ 1:45 pm


നല്ല ലേഖനം സിയാ..!

ഒരു ചോദ്യം — നബി(സ) എന്നെഴുതുന്നതിലെ “സ” എന്താണു്?

pbuh എന്നത് അറിയാം. പക്ഷെ ഈ “സ” എന്താണു്?

നന്ദി..!

Comment by ഏവൂരാന്‍ — March 27, 2007 @ 2:14 pm


ഏവൂരാന്‍ ജീ,
നന്ദി.
(സ) എന്നത് സല്ലല്ലാഹു അലൈഹി വ സല്ലം എന്നതിന്റെ ചുരുക്ക രൂപമാണ്. അര്‍ത്ഥം Peace be upon him എന്നു തന്നെ.
ഇംഗ്ലീഷില്‍ pbuh എന്ന ചുരുക്കെഴുത്തും മലയാളത്തില്‍ ദൈവത്തിന്റെ സമാധാനം അദ്ദേഹത്തിനു മേലുണ്ടാകട്ടെ എന്നൊക്കെ എഴുതി വരുമ്പോള്‍ ഒരു നേരമാകുന്നതിനാല്‍ (സ) ആണ് എല്ലാവര്‍ക്കും പഥ്യം.

Comment by സിയ — March 27, 2007 @ 2:33 pm


ഏവൂര്‍ജീ , “സ” = “സല്ലല്ലാഹു അലൈഹി വസല്ലം“ എന്നതിന്റെ ചുരുക്കെഴുത്താ‍ണെന്നു തോന്നുന്നു.
ശരിയല്ലെ സിയാ?

Comment by നന്ദു — March 27, 2007 @ 2:36 pm


സിയാ…ഹോ.. ഞാന്‍ മൂന്നു മിനിറ്റ് ലേറ്റായിപ്പോയി!!. മൊഴി ചതിച്ചതാ..

Comment by നന്ദു — March 27, 2007 @ 2:37 pm


പ്രവാചകനെക്കുറിച്ചുള്ള കുറിപ്പ് മനോഹരമായി സിയ.

Comment by devaragam — March 27, 2007 @ 2:43 pm


വിജ്ഞാനപ്രദമായ ലേഖനം.മുഹമ്മദ് നബി(സ) യുടെ അനുയായികള്‍ എന്നഭിമാനിക്കുന്ന സമൂഹം എന്തിന്റെ പേരിലാണ് തമ്മില്‍ ചോര ചീന്തുന്നത് എന്ന ചോദ്യത്തിനു അവരൊരിക്കലും നബിയുടെ അനുയായികളല്ല ശത്രുക്കാളാണ്. അധികാര‍ത്തിനു വേണ്ടിയും മറ്റുമുള്ള കസര്‍ത്തുകളാണ്.

Comment by നദീം — March 27, 2007 @ 7:08 pm


നല്ല ലേഖനം. സിയക്കു നന്മ വരട്ടെ!
ആമീന്‍.

Comment by കരീം മാഷ് — March 27, 2007 @ 7:22 pm

Jan 8, 2008

അധ്യായം 2. ഗ്രാഫിക് ഡിസൈന്‍, ഡി റ്റി പി കൂടുതല്‍ വസ്തുതകള്‍.

ഡെസ്ക് ടോപ് പബ്ലിഷിംഗിനു ഇക്കാലത്തുള്ള പ്രാധാന്യത്തെക്കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതിവേഗതയില്‍ കൂടുതല്‍ ഫലപ്രദമായി അച്ചടി, ഇലക്ട്രോണിക് ഡോകുമെന്റുകള്‍ നിര്‍മ്മിക്കാന്‍ ഡി.റ്റി.പി നമ്മെ സഹായിക്കുന്നു.സാധാരണഗതിയില്‍ മണിക്കൂറുകള്‍ വേണ്ടിവരുന്ന ലിപിവിന്യാസം, രൂപകല്പന തുടങ്ങി മുന്‍പുകാലങ്ങളില്‍ ഏറെ പ്രയാസകരമായിരുന്ന പല പ്രവൃത്തികളും ഡെസ്ക് ടോപ് പബ്ലിഷിംഗ് സോഫ്റ്റ്വെയറിന്റെ സഹാ‍യത്താല്‍ ഒരു കമ്പ്യൂട്ടര്‍ സ്ക്രീനില്‍ അതിവേഗം നമുക്കു ചെയ്യാം. എന്നിരുന്നാലും വളരെ നിലവാരം കുറഞ്ഞ ഡിസൈനുകള്‍ വലിയ ചെലവൊന്നുമില്ലതെ നിര്‍മ്മിക്കപ്പെടാനും ഡി.റ്റി.പി കാരണമായിട്ടുണ്ട്. അതുകൊണ്ട് ഡെസ്ക് ടോപ് പബ്ലിഷിംഗും ഗ്രാഫിക് ഡിസൈനിംഗും പഠിക്കാനാഗ്രഹിക്കുന്ന ഏതൊരാളും രണ്ടിന്റെയും അടിസ്ഥാനപ്രമാണങ്ങളും നിയമങ്ങളും തന്ത്രങ്ങളും അറിഞ്ഞിരിക്കല്‍ തീര്‍ച്ചയായും അത്യാവശ്യവും പ്രാധാന്യമേറിയതുമാണ്.

ഗ്രാഫിക് ഡിസൈനിംഗും ഡെസ്ക് ടോപ് പബ്ലിഷിംഗും തമ്മിലുള്ള വ്യത്യാസങ്ങള്‍:

കഴിഞ്ഞ അധ്യായത്തില്‍ രണ്ടിന്റെയും നിര്‍വചനം നമ്മള്‍ കണ്ടു. ഗ്രാഫിക് ഡിസൈനിംഗും ഡെസ്ക് ടോപ് പബ്ലിഷിംഗും തമ്മിലുള്ള വ്യത്യാസവും സാമ്യവും ആ നിര്‍വ്വചനങ്ങള്‍ തന്നെയാണ്. മനസ്സിലായില്ലേ?
ചുരുക്കിപ്പറയാം. ഗ്രാഫിക് ഡിസൈനിംഗ് ഒരു സര്‍ഗ്ഗാത്മക പ്രവൃത്തിയാണ്.(Creative Process). ഒരു പ്രത്യേക
സന്ദേശം ഫലപ്രദമായി കൈമാറാന്‍ ആശയങ്ങള്‍ മെനെഞ്ഞെടുത്ത് അവയെ ദൃശ്യഭാഷയിലേക്ക് പരിവര്‍ത്തനം ചെയ്ത് രൂപകല്‍പ്പന നടത്തുന്ന കല തന്നെയാണ് ഗ്രാഫിക് ഡിസൈനിംഗ്. കലാബോധം അത്യാവശ്യവുമാണ്. കമ്പ്യൂട്ടറും ഡി.റ്റി.പി യുമൊക്കെ വരുന്നതിനു മുമ്പേ ഗ്രാഫിക് ഡിസൈനിംഗ് നിലവിലുണ്ടായിരുന്നല്ലോ. ഇന്നു ഗ്രാഫിക് ഡിസൈനേഴ്സ് ഡെസ്ക് ടോപ് പബ്ലിഷിംഗ് സോഫ്റ്റ്വെയര്‍ ധാരാളമായി ഉപയോഗിക്കുന്നു. കാരണം വ്യക്തമാണല്ലോ, ആദ്യഖണ്ഡികയില്‍പ്പറഞ്ഞതു പോലെ ഡെസ്ക് ടോപ് പബ്ലിഷിംഗ് സോഫ്റ്റ്വെയര്‍ പണി എളുപ്പത്തിലാക്കുന്നു എന്നതു തന്നെ.

ഡെസ്ക് ടോപ് പബ്ലിഷിംഗ് കലാത്മകം എന്നതിലുപരി ഒരു യാന്ത്രിക പ്രവൃത്തി (Mechanical Process) ആണ്. ഡിസൈനര്‍മാരും ഡിസൈനര്‍മാര്‍ അല്ലാത്തവരും പരസ്യങ്ങള്‍, ഗ്രീറ്റിംഗ് കാര്‍ഡ്, ബ്രോഷര്‍, പോസ്റ്റര്‍, പുസ്തകങ്ങള്‍ തുടങ്ങിയവ
നിര്‍മ്മിക്കാന്‍, അവരുടെ ആശയങ്ങള്‍ ഇവയിലൂടെ പ്രകാശിപ്പിക്കാന്‍ ഡെസ്ക് ടോപ് പബ്ലിഷിംഗ് ഉപയോഗിക്കുന്നു. കൊമേഴ്സ്യല്‍ പ്രിന്റിംഗിനു വേണ്ട രേഖകള്‍, ഡിജിറ്റല്‍ ഫയലുകള്‍ ഇവയൊക്കെ ഡി.റ്റി.പി യിലൂടെ അനായാസം
നിര്‍മ്മിക്കാം. ഗ്രാഫിക് ഡിസൈനിംഗ് കലയില്‍ കൂടുതല്‍ ശ്രദ്ധിക്കുമ്പോള്‍ ഡി.റ്റി.പി ഉത്പാദന കേന്ദ്രീകൃതമാണ്.
ഡെസ്ക്ടോപ് പബ്ലിഷേഴ്സ് എല്ലാം ഗ്രാഫിക് ഡിസൈനര്‍മാര്‍ അല്ല, എന്നാല്‍ മിക്ക ഗ്രാഫിക് ഡിസൈനര്‍മാര്‍മാരും അവരുടെ ജോലിക്കായി ഡി.റ്റി.പി സോഫ്റ്റ്വെയര്‍ ഉപയോഗിക്കുന്നുണ്ട്.
ഗ്രാഫിക് ഡിസൈനിംഗ് ഡെസ്ക് ടോപ് പബ്ലിഷിംഗിനേക്കാള്‍ കേമമാണെന്ന് ഒരഭിപ്രായമുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ രണ്ടും രണ്ടു സംഗതികളാണ്.

അധ്യായം 1. എന്താണ് ഗ്രാഫിക് ഡിസൈനിംഗും ഡി.റ്റി.പിയും?

ആദ്യമായി ഡെസ്ക് ടോപ് പബ്ലിഷിംഗിന്റെയും ഗ്രാഫിക് ഡിസൈനിംഗിന്റെയും നിര്‍വ്വചനം എന്താണെന്നു നോക്കാം.

ഡെസ്ക് ടോപ് പബ്ലിഷിംഗ് : കമ്പ്യൂട്ടറും പ്രത്യേക തരം സോഫ്റ്റ്വെയറും ഉപയോഗിച്ച് റ്റെക്സ്റ്റുകളും ഗ്രാഫിക്സും സംയോജിപ്പിച്ച് പുസ്തകങ്ങള്‍, ന്യൂസ് ലെറ്റര്‍, ബ്രോഷര്‍ മുതലായ ഡോകുമെന്റുകള്‍ നിര്‍മ്മിക്കുന്ന പ്രവര്‍ത്തനത്തെ ഡെസ്ക് ടോപ് പബ്ലിഷിംഗ് അഥവാ ഡി.റ്റി.പി എന്നു പറയുന്നു.
Desktop publishing is the process of using the computer and specific types of software to combine text and graphics to produce documents such as newsletters, brochures, books, etc.

ഗ്രാഫിക് ഡിസൈനിംഗ് : റ്റെക്സ്റ്റുകളും ഗ്രാഫിക്സും സംയോജിപ്പിച്ച് ലോഗോ, ന്യൂസ് ലെറ്റര്‍, ബ്രോഷര്‍, പോസ്റ്റര്‍, പരസ്യ ഫലകങ്ങള്‍ തുടങ്ങി ഏതു ദ്രിശ്യ മാധ്യമങ്ങളുടെയും രൂപ കല്പനയിലൂടെ ഫലപ്രദമായ സന്ദേശം കൈമാറുകയും ആശയവിനിമയം നടത്തുകയും ചെയ്യുന്ന കലയാ‍ണ് ഗ്രാഫിക് ഡിസൈനിംഗ്.
Graphic design is the process and art of combining text and graphics and communicating an effective message in the design of logos, graphics, brochures, newsletters, posters, signs, and any other type of visual communication.
(നാം ടൈപ്പ് ചെയ്യുന്ന അക്ഷരക്കൂട്ടങ്ങളെയാണു റ്റെക്സ്റ്റ് എന്നു പറയുന്നതെന്നു അറിയാമല്ലോ; ഗ്രാഫിക്സ് എന്നാല്‍ രൂപങ്ങള്‍, ചിത്രങ്ങള്‍ എന്നിവയൊക്കെ ആണെന്നും).

ഇനി ഡെസ്ക് ടോപ് പബ്ലിഷിംഗ് സോഫ്റ്റ്വെയര്‍ എന്താണെന്നു നോക്കാം.
ഡെസ്ക് ടോപ് പബ്ലിഷേഴ്സും ഗ്രാഫിക് ഡിസൈനേഴ്സും ഡിസൈനര്‍മാര്‍ അല്ലാത്തവരും ഡോകുമെന്റുകള്‍ നിര്‍മ്മിക്കുന്നതിനും വിഷ്വല്‍ കമ്മ്യൂനിക്കേഷന്‍ സാ‍ധ്യമാക്കുന്നതിനുമായി ഉപയോഗിക്കുന്ന സോഫ്റ്റ്വെയറിനെ ഡെസ്ക് ടോപ് പബ്ലിഷിംഗ് സോഫ്റ്റ്വെയര്‍ എന്നു വിളിക്കുന്നു.
ഉദാഹരണം: ജോണ്‍ അവന്റെ ക്ലബ്ബിന്റെ ന്യൂസ് ലെറ്റര്‍ ഡി.റ്റി.പി ചെയ്യുന്നത് മൈക്രോസോഫ്റ്റ് പബ്ലിഷര്‍ സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാണ്. എന്നാല്‍ മലയാള മനോരമയിലെ പ്രൊഫഷണല്‍സ് അഡോബി ഇന്‍ഡിസൈന്‍ ഉപയോഗിക്കുന്നു.
ഇവിടെ മൈക്രോസോഫ്റ്റ് പബ്ലിഷറും അഡോബി ഇന്‍ഡിസൈനും ഡെസ്ക് ടോപ് പബ്ലിഷിംഗ് സോഫ്റ്റ്വെയര്‍ ആണ്.
പ്രൊഫഷണല്‍ ഡി.റ്റി.പി സോഫ്റ്റ്വെയറിനെക്കുറിച്ച് വിശദമായ പഠനം പിന്നീട് വരുന്നുണ്ട്.
(കുറിപ്പ്: Adobe എന്നതിന്റെ ശരിയായ ഉച്ചാരണം അഡോബി എന്നാണ്. പലരും പറയുന്നതു പോലെ അഡോബ് എന്നല്ല.a·do·be [a dobee])

ഡെസ്ക് ടോപ് പബ്ലിഷിംഗ് എവിടെ ഉപയോഗിക്കുന്നു?

ഗ്രാഫിക് ഡിസൈന്‍ സെന്ററുകള്‍, ഏതു തരത്തിലുമുള്ള ബിസിനസ്സ് സ്ഥാപനങ്ങള്‍, പ്രിന്റിംഗ് പ്രെസ്സ് എന്നുവേണ്ട വീട്,
സ്കൂള്‍, ബ്യൂറോകള്‍, സര്‍വ്വീസ് ഏജന്‍സികള്‍ തുടങ്ങി എവിടെയൊക്കെ ബിറ്റ്നോട്ടീസ്, ബിസിനസ്സ് കാര്‍ഡ് മുതല്‍
പരസ്യബോഡുകള്‍ വരെയുള്ള പ്രിന്റഡ് കമ്മ്യൂനിക്കേഷന്‍ സാമഗ്രികള്‍ ആവശ്യമാണോ അവിടെയെല്ലാം ഡെസ്ക് ടോപ്
പബ്ലിഷിംഗും ഡി.റ്റി.പി സോഫ്റ്റ്വെയറും ഉപയോഗിക്കാം.
എന്നാല്‍ ഓരോ ആവശ്യങ്ങള്‍ക്കനുസരിച്ച് ഡെസ്ക് ടോപ് പബ്ലിഷിംഗ് സോഫ്റ്റ്വെയറിനു മാറ്റം വരും. വീട്ടാവശ്യങ്ങള്‍ക്കും ചെറിയ ബിസിനസ്സ് ഫേമുകള്‍ക്കും വേണ്ടി ഡിസൈനര്‍മാര്‍ അല്ലാത്തവര്‍ക്കായി രൂപകല്പന ചെയ്തിട്ടുള്ള സോഫ്റ്റ്വെയര്‍ പാക്കേജ് ഉണ്ട്. എന്നാല്‍ ഫ്രീലാന്‍സ് ഗ്രാഫിക് ഡിസൈനേഴ്സ്, ഗ്രാഫിക് ഡിസൈനിംഗ് കമ്പനികള്‍, കോര്‍പറേറ്റ് സ്ഥാപനങ്ങള്‍, പ്രിന്റിംഗ് പ്രെസ്സ് തുടങ്ങിയവര്‍ക്കായി ഹൈ എന്‍ഡ് പ്രൊഫെഷണല്‍ ഡെസ്ക് ടോപ് പബ്ലിഷിംഗ് സോഫ്റ്റ്വെയര്‍ പാക്കേജുകള്‍ വിപണിയിലുണ്ട്. അവ ഏതെല്ലാമാണെന്ന് നമുക്ക് വഴിയേ മനസ്സിലാക്കാം.

ശ്രദ്ധിക്കേണ്ട വസ്‌തുത

ഗ്രാഫിക് ഡിസൈനിംഗിലും ഡെസ്ക്ട് ടോപ് പബ്ലിഷിംഗിലും നിപുണരാ‍വുക എന്നത് അത്ര ലളിതമായ ഒരു കാര്യമല്ല. ഞാന്‍ ആമുഖത്തില്‍ പറഞ്ഞതു പോലെ ശരിയായ രീതിയില്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ദീര്‍ഘനാളത്തെ പഠനവും സാധനയും കൊണ്ടു മാത്രമേ ആഗ്രഹം സഫലമാവുകയുള്ളൂ.
ഗ്രാഫിക് ഡിസൈനിംഗ് എല്ലാവര്‍ക്കും വഴങ്ങിക്കൊള്ളണമെന്നില്ല. അത് കലയാണ്. ഇഫക്റ്റീവ് കമ്യൂനിക്കേഷന്‍ സാധ്യമാക്കുന്ന കല നല്ല കലാബോധവും അഭിരുചിയുമുള്ളവരില്‍ നിന്ന് പ്രതീക്ഷിക്കാവുന്നതാണ്. ഇന്നത്തെ ഗ്രാഫിക് ഡിസൈനേഴ്സ് ഒട്ടുമിക്കപേരും ഡെസ്ക്ട് ടോപ് പബ്ലിഷിംഗ് സോഫ്റ്റുവെയറുകള്‍ ഉപയോഗിച്ചാണ് അവരുടെ പ്രവൃത്തി ചെയ്യുന്നത്.

ഏതെങ്കിലും ഗ്രാഫിക് സോഫ്റ്റ്‌വെയര്‍ അറിയാം എന്നതു കൊണ്ടു മാത്രം ഒരാള്‍ ഗ്രാഫിക് ഡിസൈനര്‍ ആവുകയില്ല. ഇന്നത്തെ ഗ്രാഫിക് ഡിസൈനെര്‍ ഒരു “സകലകലാ വല്ലഭനായിരിക്കണം”. അയാള്‍ ഭാവനാസമ്പന്നനും ചിത്രം രചിക്കാന്‍ ഒട്ടൊക്കെ കഴിവുള്ളവനും ആയിരിക്കണം, വിവിധ ഡി റ്റി പി സൊഫ്റ്റുവെയറുകളില്‍ നൈപുണ്യം വേണം, ടൈപോഗ്രാഫിയിലും കോപ്പി റൈറ്റിംഗിലും സാമാന്യ ധാരണയുള്ളവനായിരിക്കണം, പ്രീ പ്രെസ്സ് എന്താണെന്നറിയണം, ഇലക്ട്രോണിക് മീഡിയകളെക്കുറിച്ചു അറിയണം… അങ്ങനെ അനേകം കാര്യങ്ങളില്‍ പ്രാവീണ്യം നേടിയിരിക്കണം.

ഇന്ന് ഡി.റ്റി.പി സോഫ്റ്റുവെയറുകള്‍ വ്യാപകമായതോടെ ഗ്രാഫിക് ഡിസൈനിംഗിന്റെ മര്‍മ്മമറിയാ‍ത്തവരും ഗ്രാഫിക് ഡിസൈനേഴ്സ് ആയി രംഗത്തുണ്ട്. ഇത് ഡിസൈനുകളുടെ നിലവാരത്തിനു ഏറെ ഇടിവു തട്ടിച്ചു എന്നത് വസ്തുതയാണ്. അതുകൊണ്ട് ഡെസ്ക്ട് ടോപ് പബ്ലിഷിംഗ് സോഫ്റ്റുവെയറുകള്‍ ഉപയോഗിക്കുന്ന എല്ലാവരും (ഡിസൈനേഴ്സ് ആവട്ടെ നോണ്‍ ഡിസൈഗ്നേഴ്സ് ആവട്ടെ) ഡിസൈനിംഗിന്റെ അടിസ്ഥാനം അറിഞ്ഞിരിക്കല്‍ അത്യാവശ്യമാണ്. ഇതു ഞാന്‍ ആദ്യമേ വ്യക്തമാക്കിയിട്ടുള്ളതാണെങ്കിലും ഒന്നു കൂടി പറയുന്നത് മുന്നോട്ടുള്ള പ്രയാണം സുഗമമാക്കുന്നതിനു വേണ്ടിയാണ്.

ഈ കോഴ്സിന്റെ ഉള്ളടക്കത്തെക്കുറിച്ചു ഏകദേശം ഒരു ധാരണ ഉണ്ടായിരിക്കണമല്ലോ. ഈ കോഴ്സില്‍ താഴെപ്പറയുന്ന പാഠങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. (ഇതിനകം പോസ്റ്റു ചെയ്തിട്ടുള്ള ടിപ്സുകളും ട്രിക്സുകളും അധ്യായങ്ങളുടെ ഗണത്തില്‍ വരുന്നില്ല. ഈ രംഗത്ത് നിലവിലുള്ളവരെ ഉദ്ദേശിച്ചാണ് അങ്ങനെ ചെയ്യുന്നത്. തുടര്‍ന്നും പ്രതീക്ഷിക്കാം. ടി‌പ്‌സ് & ട്രി‌ക്സ് എന്ന വിഭാഗം നോക്കുക).

ഗ്രാഫിക് ഡിസൈനിന്റെയും ഡെസ്ക്ട് ടോപ് പബ്ലിഷിംഗിന്റെയും നിര്‍വ്വചനങ്ങളും അവ തമ്മിലുള്ള വ്യത്യാസങ്ങളും.
ഗ്രാഫിക് ഡിസൈനിന്റയും ഡെസ്ക്ട് ടോപ് പബ്ലിഷിംഗിന്റെയും ചരിത്രം
ഗ്രാഫിക് ഡിസൈന്‍ ബേസിക്സ്
പ്രിന്‍സിപ്പിള്‍സ് ഓഫ് ഡിസൈന്‍
അനലൈസിസ് ഓഫ് ഡിസൈന്‍
കോണ്‍സപ്റ്റ് ഡെവലപ് മെന്റ്
ഗ്രാഫിക് സിംബോളിസം
കളര്‍ തിയറി
കളര്‍ മീനിംഗ്സ് ആന്‍ഡ് ആപ്ലിക്കേഷന്‍.
ലോഗോ ഡിസൈന്‍
കോര്‍പറേറ്റ് ഐഡന്റിറ്റി
അഡ്വര്‍റ്റൈസിംഗ് ഡിസൈന്‍
ക്രിയേറ്റിവിറ്റി
ഡെസ്ക്ട് ടോപ് പബ്ലിഷിംഗ് ബേസിക്സ്
ഡെസ്ക്ട് ടോപ് പബ്ലിഷിംഗ് പബ്ലിഷിംഗ് നിയമങ്ങള്‍
ഡെസ്ക്ട് ടോപ് പബ്ലിഷിംഗ് സോഫ്റ്റുവെയറുകള്‍
ഡെസ്ക്ട് ടോപ് പബ്ലിഷിംഗിന്റെ വിവിധ മുഖങ്ങള്‍
ഡിജിറ്റല്‍ ഇമേജ് മാനിപുലേഷന്‍
ഡിജിറ്റല്‍ ഇല്ലസ്ട്രേഷന്‍
പേജ് ലേ ഔട്ട്
റ്റൈപോഗ്രാഫി
ഡിജിറ്റല്‍ ഫയല്‍ പ്രിപറേഷന്‍
പ്രീ പ്രെസ്സ്
വെബ് ഡിസൈന്‍
മിക്സഡ് മീഡിയ
ഡെസ്ക്ട് ടോപ് പബ്ലിഷിംഗ് ബിസിനസ്സ്
ക്ലയന്റ് മാനേജ് മെന്റ്
പ്രൈസിംഗ് ആന്‍ഡ് എസ്റ്റ്മേറ്റിംഗ്
ഡി റ്റി പി ടിപ്സ്
ക്രിയേറ്റിവിറ്റി ബൂസ്റ്റിംഗ് ടിപ്സ്
ഇങ്ങനെ ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടതും അല്ലാത്തതുമായി നിരവധി കാര്യങ്ങള്‍ പറയാനുണ്ട്. ഓരോ ഗണത്തിലും വളരെ വിശാലമായിത്തന്നെ പ്രതിപാദിക്കേണ്ട വതുതകളുണ്ട്. ഉപഗണങ്ങള്‍ ധാരാളമുണ്ട്. നാട്ടില്‍ എത്ര ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ഇവയൊക്കെ പഠിപ്പിക്കുന്നു എന്നെനിക്ക് നിശ്ചയം പോരാ. എന്തായാലും നിങ്ങള്‍ക്കൊക്കെ താല്പര്യമുണ്ടെങ്കില്‍, അറിയാന്‍ ആഗ്രഹമുണ്ടെങ്കില്‍ എന്റെ സമയവും സൌകര്യവും പോലെ എനിക്കറിയാവുന്നതൊക്കെ പറഞ്ഞു തരാന്‍ ഞാന്‍ തയ്യാറാണ്. ഇതു നല്ല രീതിയില്‍ മുന്നോട്ടു പോകേണമേയെന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഒരു ബ്ലോഗിന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ട് പരമാവധി ഫലപ്രദമാക്കാന്‍ ശ്രമിക്കാം. നിങ്ങളുടെ എല്ലാവരുടേയും അനുഗ്രഹവും പ്രോത്സാഹനവുമാണ് എനിക്ക് പ്രചോദനം.

ആമുഖം

ഗ്രാഫിക് ഡിസൈനിംഗും ഡെസ്ക് ടോപ് പബ്ലിഷിംഗും പഠിക്കാം എന്ന ഈ പഠന പരമ്പരയിലേക്ക് സ്വാഗതം.
ആദ്യമായി ഈ കോഴ്സിന്‍റെ ഘടനയെക്കുറിച്ച് ഒന്നു വിശദീകരിക്കാം.
ഏവര്‍ക്കും ഒട്ടൊക്കെ പരിചിതമാണ് ഡി.റ്റി.പി യും ഗ്രാഫിക് ഡിസൈനിംഗും. എന്നാല്‍ ശരിയായ രീതിയില്‍, തികഞ്ഞ പ്രൊഫഷണല്‍ സമീപനത്തോടെ ഈ രംഗത്ത് കടക്കുന്നവര്‍ ഒട്ടേറെ വസ്തുതകള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്.
ഒരു ബ്ലോഗിന്‍റെ പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ട് നിയതമായ ഒരു പഠനരീതി അവലംബിക്കാന്‍ കഴിയില്ലെന്നു തോന്നുന്നതു കൊണ്ട് പരീക്ഷണാര്‍ത്ഥം താഴെ വിവരിച്ചിരിക്കുന്ന വിധം ഒരു ക്രമമാണു തല്‍ക്കാലം സ്വീകരിച്ചിരിക്കുന്നത്.
എന്‍റെ മലയാളി സുഹൃത്തുക്കള്‍ക്ക് വേണ്ടിയാണു ഇങ്ങനെ ഒരു ഉദ്യമമെങ്കിലും ഒരു വസ്തുത ശ്രദ്ധിക്കുക. ഡി.റ്റി.പി, സോഫ്റ്റ്വെയര്‍ സംബന്ധമായ പദാവലികള്‍ (Terminology) ഒട്ടുമിക്കതും ഇംഗ്ലീഷ് ഭാഷയിലാണെന്ന് അറിയാമല്ലൊ. എല്ലാ വാക്കുകള്‍ക്കും തത്തുല്യ മലയാള പദങ്ങള്‍ ഉപയോഗിക്കുക എന്നത് അരോചകമായിരിക്കും.‍ അവശ്യം വേണ്ടിടത്ത് മലയാളത്തിലുള്ള അര്‍ത്ഥവും വിശദീകരണങ്ങളും നല്‍കിക്കൊണ്ട് താരതമ്യേന പരിചിതമായ ആംഗലേയ പദാവലികള്‍ തന്നെ മിക്കയിടങ്ങളിലും ഉപയോഗിച്ചിരിക്കുന്നു.

അധ്യായങ്ങളായി തിരിച്ച് പോസ്റ്റുകള്‍ പബ്ലിഷ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
ഡെസ്ക് ടോപ് പബ്ലിഷിംഗിന്റെയും ഗ്രാഫിക് ഡിസൈനിംഗിന്റെയും നിര്‍വ്വചനവും വിശദീകരണങ്ങളും ആദ്യ അധ്യായത്തില്‍ വിവരിക്കും. ഡെസ്ക് ടോപ് പബ്ലിഷിംഗും ഗ്രാഫിക് ഡിസൈനിംഗും തമ്മിലുള്ള സാ‍മ്യവും വ്യത്യാസങ്ങളും, ഇവയുടെ ചരിത്രം, പരിണാമം, ഡെസ്ക് ടോപ് പബ്ലിഷിംഗിനെക്കുറിച്ചും ഗ്രാഫിക് ഡിസൈനിംഗിനെക്കുറിച്ചുമുള്ള മിത്തുകള്‍, അറിഞ്ഞിരിക്കേണ്ട മറ്റു വസ്തുതകള്‍, തുടങ്ങിയവയും ആദ്യഅധ്യായത്തില്‍. തുടര്‍ അധ്യായങ്ങളില്‍ പടിപടിയായി മറ്റു കാര്യങ്ങള്‍ വിശദീകരിക്കുന്നതാണ്.

അധ്യായങ്ങളുടെ ഗണത്തില്‍പ്പെടുത്താതെ സോഫ്റ്റ്വെയര്‍ ടിപ്സ്&ട്രിക്സ്, റ്റൂട്ടോറിയത്സ്, അസൈന്മെന്‍സ്, ഗ്രാഫിക്സ് സോഫ്റ്റ്വെയര്‍, ഡെസ്ക് ടോപ് പബ്ലിഷിംഗ് വ്യവസായം തുടങ്ങിയവയെക്കുറിച്ചുള്ള രസകരമായ വിവരങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സ്പെഷല്‍ പോസ്റ്റുകള്‍ ഇടക്കിടെ പബ്ലിഷ് ചെയ്യുന്നതാണ്. അതിനായി ടിപ്‌സ് & ട്രിക്‍സ് എന്ന വിഭാഗം നോക്കുക.
ശരി, ഒന്നാ‍മധ്യായം ഉടന്‍ പ്രതീക്ഷിക്കുക…

Jan 6, 2008

ഹാഡ്‌വെയറും IRQ വും പിന്നെ ഞാനും ...

ചുമ്മാതൊന്നുമല്ല, കുറെ പ്ലാനും പദ്ധതീമൊക്കെ മനസ്സില്‍ കണ്ടോണ്ടു തന്നെയാണ് കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ പഠിക്കണമെന്ന തീരുമാനം ഞാനെടുത്തത്. അക്കാലത്ത് ഹാര്‍ഡ്‌വെയര്‍ ‘എഞ്ചിനീയര്‍’മാര്‍ക്ക് ഞങ്ങടെ നാട്ടില്‍ ഒരൊന്നൊന്നര വെയ്‌റ്റായിരുന്നു. ഞങ്ങടെ കമ്പ്യൂട്ടര്‍ ഇന്‍സ്റ്റിട്ട്യൂട്ടില്‍ 486 നന്നാക്കാന്‍ വരുന്ന എഞ്ചിനീയര്‍ സാറമ്മാരുടെ ഒരു ഗമേം പവറും. ചാള്‍സ് ബാബ്ബേജ് പോലും അവരെക്കഴിഞ്ഞേയുള്ളൂ. അവരു കമ്പ്യൂട്ടറു നന്നാക്കുമ്പം ചുറ്റും നില്‍ക്കുന്ന പ്രിന്‍സിപ്പാളിന്റേം സാറമ്മാരുടേം ഒരു ഭവ്യത! ഒരു ബഹുമാനം!

486 എന്നു കേട്ട് പണ്ടു പണ്ടു നടന്നൊരു സംഭവമാണെന്നു തെറ്റിദ്ധരിക്കണ്ട. വേറേ ഇന്‍സ്റ്റിട്ട്യൂട്ടിലൊക്കെ പീത്രി വെലസുമ്പളും ഞങ്ങടെ സ്ഥാപനത്തില്‍ 486 തന്നെ രാജാവ്. മഹാനായ ഡോസ് ഓയെസ്സിന്റെ നെഞ്ചത്ത് കേറി ആര്‍മ്മാദിക്കുന്നത് അപ്സരകന്യകളായ വേഡ്‌സ്റ്റാര്‍, ലോട്ടസ്, ഡീബെയ്സ് തുടങ്ങിയവര്‍. കൂട്ടിന്‍ ഒരു വിദൂഷകന്റെ റോളില്‍ ബേസിക്കും. സംശയിക്കണ്ട, പ്ലേ പറഞ്ഞിട്ട് എ.ബി.സി.ഡി അടിച്ച് റണ്‍ പറയുമ്പോള്‍ സംഗീതം പൊഴിക്കുന്ന അതേ ബേസിക് തന്നെ. സാറമ്മരൊക്കെ പറേന്നത് കേള്‍ക്കാം: “കോബോളൊക്കെ അറുപഴഞ്ചനാണടോ“.

തന്നേമല്ല, കോട്ടയത്തു പോയി ഹാര്‍ഡ്‌വെയര്‍ പഠിച്ച് ചങ്ങനാശ്ശേരീല്‍ ജോലി കിട്ടിയഅനില്‍ ഞങ്ങടെ പ്രദേശത്തെ താരമായിരുന്നു. ഞങ്ങടെ നാട്ടിലെ ഒരേയൊരു ഹാര്‍ഡ്‌വെയര്‍. വേഡും എക്സലും പഠിക്കാന്‍ പോകുന്ന സോഫ്റ്റ്വെയറന്മാര്‍ക്കു പോലും ആരാധ്യപുരുഷന്‍. അനിലാന്നെങ്കി ചങ്ങനാശ്ശേരീ ജോലി. നാട്ടില്‍ മരുന്നിനു പോലും വേറൊരു ഹാര്‍ഡ്‌വെയര്‍ ഇല്ല. ഇതെങ്ങനെങ്കിലും ഒന്നു പഠിച്ചെടുത്താല്‍ ഒരു വെലസു വെലസാമെന്ന എന്റെ മോഹം തികച്ചും ന്യായമായിരുന്നു.

അനിലു പഠിച്ച അതേ സ്ഥാപനത്തില്‍ തന്നെ - കോട്ടയം കൊറോണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‍നോളജിയില്‍ - ഹാര്‍ഡ്‌വെയര്‍ പഠിക്കാന്‍ ചേര്‍ന്നു. അനിലിന്റെ റെക്കമന്റേഷന്‍. അങ്ങനെ ഞാനും ഹാര്‍ഡ്‌വെയര്‍ ലോകത്തേക്ക് കാലെടുത്തു വെച്ചു. ഞാന്‍ വളരെ അഡ്‌വാന്‍സ്‌ഡായിത്തന്നെ ചിന്തിച്ചു. നിറയുന്നേനു മുമ്പ് തുളുമ്പിക്കാണിക്കണം. മാര്‍ക്കറ്റിംഗില്ലാതെ ഇന്നത്തെക്കാലത്ത് പിടിച്ചു നില്‍ക്കാന്‍ പറ്റുമോ?

ഹാര്‍ഡ്‌വെയര്‍ പഠിച്ചുതുടങ്ങിയ കാര്യം പരമാവധി പബ്ലിസിറ്റി ചെയ്തെന്റെ വായ കഴച്ചു. ആയിടക്ക് ആരെ, എവിടെ, എന്തിനു കണ്ടാലും ഇങ്ങനെയൊരു വാചകം ഞാന്‍ നിശ്ചയമാ‍യും ഫിറ്റ് ചെയ്തിരിക്കും. “ഈയിടെയായി തീരെ സമയമില്ല കേട്ടോ, ഞാന്‍ കോട്ടയത്ത് കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ പഠിക്കുകയല്ലേ, ഡെയ്‌ലി പോയി വരണം…”

ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്നും ഉപയോഗശൂന്യമായ മദര്‍ബോര്‍ഡ്, പവര്‍ സപ്ലൈ, മോഡം മുതലായവ ഉടന്‍ തന്നെ തിരിച്ചെത്തിക്കാമെന്ന ഉറപ്പില്‍ വീട്ടിലേക്കു കൊണ്ടുവരും. പിന്നെ കല്യാണവീടായാലും മരണവീടായാലും മദര്‍ബോര്‍ഡും കയ്യില്‍പ്പിടിച്ചാണ് പോകുന്നത്. ചെറുപ്പക്കാരാണ് ചോദിക്കുന്നതെങ്കില്‍ മറുപടി ഇങ്ങനെ: “സര്‍വ്വീസിനു തന്നതാ, ഇതിന്റെ നോര്‍ത്തു ബ്രിഡ്ജിനു എന്തോ തകരാറുണ്ട്. ശ്ശെടാ, ഇതെങ്ങോട്ടെങ്കിലും ഒന്നു വെച്ചിട്ടു വേണമല്ലോ സദ്യക്കിരിക്കാന്‍…പണിയൊഴിഞ്ഞിട്ടൊരു കല്യാണം കൂടാനും സമ്മതിക്കൂല്ലന്നു വെച്ചാല്‍…”

ഇത്തിരി പ്രായമുള്ളവര്‍ ചോദിക്കുകയാണെങ്കില്‍ മറുപടി അല്പം കൂടി വിശാലമാണ്. “ഹ ഹ, അതേ ഇത് കമ്പ്യൂട്ടറിന്റെ മദര്‍ബോര്‍ഡെന്നു പറയുന്ന സാധനമാ, ഫയങ്കര വെലയാ. നമ്മടെ സദാശിവന്‍ ഡോക്റ്ററുടെ വീട്ടിലെ കമ്പ്യൂട്ടറിന്റെയാ. ദാ, ഇതാണ് മോഡം. ഇതിനാത്തു കൂടിയാ ഈ എന്റര്‍നെറ്റൊക്കെ വരുന്നത്. ഇതു രണ്ടും കേടാ, റിപ്പയര്‍ ചെയ്യാന്‍ തന്നതാ…”

ഇമ്മാതിരി ടെക്‍നിക്കുകള്‍ക്കു പുറമേ, പഠിക്കും മുമ്പേ ഞാന്‍ ഹാര്‍ഡ്‌വെയര്‍ എഞ്ചിനീയര്‍ ആയതിനു പിന്നില്‍ എന്റെ അനിയമ്മാരുടേം അടുത്ത കൂട്ടുകാരുടേം അമ്മാവന്റെ മക്കടേം വിലയേറിയ അധ്വാനമുണ്ട്. വിലയേറിയത് എന്നതിന്റെ താല്പര്യം, എനിക്കു വേണ്ടിയുള്ള പ്രചരണപരിപാടികളുടെ പ്രതിഫലം അവന്മാര്‍ ക്യാഷ്, പൊറോട്ട-ഇറച്ചി, ബിരിയാനി മുതലായവയായി എന്നില്‍ നിന്നും പൂര്‍ണ്ണമായി വസൂലാക്കിയിട്ടുണ്ട് എന്നതാണ്.

പഠിക്കാന്‍ പോയി ഒരു മാസമേ ആയുള്ളൂ, അതാ വരുന്നു സര്‍വ്വീസിനുള്ള ആദ്യക്ഷണം. പത്തിയൂരില്‍ എന്റെ ഉമ്മയുടെ വീടിനടുത്തുള്ള ഒരു വീട്ടില്‍ ഇന്റര്‍നെറ്റ് കണക്റ്റ് ചെയ്തു കൊടുക്കണം. എന്റെ ഇളയ അമ്മാവനാണ് ഈ പ്രോജക്റ്റിലേക്ക് എന്നെ കരാര്‍ ചെയ്തത്. വല്യമ്മാവന്റെ മക്കള്‍ അദ്ദേഹത്തെയും തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു. ഇന്റര്‍നെറ്റില്‍ ഒന്നുരണ്ടുവട്ടം മദാലസാ ഡോട്ട് കോമും മലയാള മനോരമയും മമ്മൂട്ടി ഡോട്ട് കോമും കണ്ടിട്ടുള്ളതല്ലാതെ ഈ ലോകവലയെക്കുറിച്ച് യാതൊരു ബോധവും പൊക്കണവും എനിക്കില്ലായിരുന്നു. പ്രെഗ്‌നന്‍സി ടെസ്റ്റ് പോസിറ്റീവായ അവിവാഹിതയുടെ അവസ്ഥയിലായി ഞാന്‍. പടച്ചോനേ, ഇത്രേം വേഗം ഇങ്ങനെയൊരു കുരിശു തലേല്‍ കെട്ടിവെക്കപ്പെടുമെന്ന് ഞാന്‍ നിനച്ചതേയില്ല. പഠിച്ചു തീരുവോളം ഒരു സാവകാശം ഈ നാട്ടുകാര്‍ തരില്ലെന്നോ? അതിരു കടന്ന പ്രചാരണം വരുത്തിയ ദോഷം. ഒഴിഞ്ഞു മാറാന്‍ അമ്മാവന്‍ സമ്മതിച്ചില്ല. എന്നെക്കുറിച്ച് അത്രയേറെ അമ്മാവന്‍ ആ വീട്ടുകാരോടു പറഞ്ഞു കഴിഞ്ഞിരിക്കുന്നു. അമ്മാവനോടു പോലും സത്യം തുറന്നു പറയാന്‍ ദുരഭിമാനം എന്നെ അനുവദിച്ചതുമില്ല.

വരുന്നതു വരട്ടെ. അരക്കൈ നോക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. പരിഹാരമില്ലാത്ത പ്രശ്നങ്ങളില്ലല്ലോ? ഞാന്‍ കോട്ടയത്ത് ഇന്‍സ്റ്റിട്ട്യൂട്ടിലേക്ക് ഫോണ്‍ ചെയ്ത് ഇന്റര്‍നെറ്റ് കണക്റ്റ് ചെയ്യുന്നതെങ്ങനെയെന്ന് വിശദമായി അന്വേഷിച്ചു. മൊത്തോമൊന്നും മന്‍സ്സിലായില്ലെങ്കിലും ഏതാണ്ടൊക്കെ മനസ്സിലായതായി തോന്നി. ഒരു ധൈര്യമൊക്കെ സംഭരിച്ച് അമ്മാവനും ഞാനും കൂടി ആ വീട്ടിലെത്തി. അവിടെ പ്രായമായ ഒരമ്മാവനും അമ്മായീം അവരുടെ മരുമക്കളായ രണ്ടു സ്ത്രീകളും മാത്രം. ഗള്‍ഫിലുള്ള ഭര്‍ത്താക്കമ്മാരുമായി ചാറ്റ് ചെയ്യാനാണ് മരുമക്കള്‍ ലലനാമണികള്‍ക്ക് ഈ ഇന്റര്‍നെറ്റ്. ആര്‍ക്കും കമ്പ്യൂട്ടറിനെക്കുറിച്ചൊരു കുന്തോം അറിഞ്ഞുകൂടാ. ആഹാ..ധൈര്യമായി പണി പഠിക്കാം. എന്റെ ധൈര്യം കൂടി. സത്യത്തിന്റെ ഒരു വണ്‍ മന്ത് അണ്‍ലിമിറ്റഡ് ഞാന്‍ തന്നെ പോയി വാങ്ങിച്ചു. തൊട്ടുതൊഴുത് കണക്ഷന്‍ കര്‍മ്മങ്ങളാരംഭിച്ചു. മനസ്സിലാകുന്ന കാര്യങ്ങള്‍ വളരെക്കുറവ്. ഒന്നുമങ്ങോട്ടു ശരിയാകുന്നില്ല. എവിടെയോ എന്തൊക്കെയോ പ്രശ്‌നങ്ങള്‍. നേരം കുറേയായി. ഞാന്‍ വിയര്‍ത്തു. മനസ്സില്‍ ആകെ F1 വിളികള്‍. ദൈവമേ, രക്ഷിക്കണേ. എന്റെ ധൈര്യം ചോര്‍ന്നു തുടങ്ങി. എന്നെക്കോണ്ടിനി ഇതു നടക്കില്ല എന്ന തോന്നല്‍ ശക്തമായി. ഒരൈഡിയക്കു വേണ്ടി മനമുരുകി പ്രാര്‍ത്ഥിച്ചു. മൌസില്‍ തുരുതുരാ ഞെക്കി. അവസാനം എന്തോ തീരുമാനിച്ചുറപ്പിച്ച മട്ടില്‍ ഞാനെഴുന്നേറ്റു.

“ഓ.കെ”. ഞാന്‍ പറഞ്ഞു. എന്നിട്ടു കമ്പ്യൂട്ടര്‍ ഷട്ട്ഡൌണ്‍ ചെയ്തു. “ഇന്റെര്‍നെറ്റെല്ലാം ഓക്കെയായിട്ടുണ്ട്. പക്ഷേ 24 മണിക്കൂര്‍ കാത്തിരിക്കണം”.
“അതെന്തിനാ…” സ്ത്രീകളിരുവരും ഒരുമിച്ചു ചോദിച്ചു.
“അതോ, അത് കണക്ഷനുറയ്ക്കണം. ഞാനിപ്പോള്‍ കണക്ഷന്‍ റിക്വസ്റ്റ് മദ്രാസിലെഹെഡ്ഡാഫീസിലേക്കയച്ചിട്ടുണ്ട്. അതവിടെ ചെന്ന് കണക്ഷനുറക്കാന്‍ 24 മണിക്കൂര്‍ സമയം വേണം. അതുവരെ ആരും കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്യരുത്. ഞാന്‍ നാളെ വൈകിട്ടു വരാം…” അമ്മാവനെ കാത്തുനില്‍ക്കാതെ ഞാന്‍ പെട്ടെന്ന് പുറത്തിറങ്ങി.

കോട്ടയത്ത് ഇന്‍സ്റ്റിട്ട്യൂട്ടില്‍ ചെന്നു സാറമ്മാരുടെ കാലേ വീണു. എങ്ങനെങ്കിലും ഇന്നുതന്നെ ഇന്റര്‍നെറ്റു കണക്റ്റു ചെയ്യാന്‍ എന്നെ പഠിപ്പിക്കണം. നാട്ടിലൊരിടത്ത് കണക്ഷനുറയ്ക്കാന്‍ വെച്ചിട്ടു വരുവാ…അഭിമാനത്തിന്റെ പ്രശ്‌നമാണ്..കൈവിടരുത്. അലിവു തോന്നിയ ശ്യാം സാര്‍ ഇന്റര്‍നെറ്റു കണക്റ്റു ചെയ്യുന്നതെങ്ങനെയെന്ന് അഞ്ചാറുവട്ടം ലൈവായി കാണിച്ചുതന്നു. വൈകുന്നേരം തന്നെ ഞാനാ വീട്ടില്‍പ്പോയി അക്ഷരാര്‍ത്ഥത്തില്‍ കണക്ഷനുറപ്പിച്ചു. രൂപാ 250 എണ്ണി മേടിക്കുവേം ചെയ്തു.

ഒന്നു രണ്ടു മാസം കഴിഞ്ഞായിരുന്നു അടുത്ത കോള്‍. ഇത്തവണ ഒരു കൂട്ടുകാരനാണ് ഇടനില. ഒരു അധ്യാപകന്റെ വീട്ടിലാണ് പ്രശ്‌നം. സൌണ്ട് കേള്‍ക്കുന്നില്ല.അത്രേയുള്ളൂ. ഞാന്‍ പരിശോധിച്ചു. കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയറിന്റെ ഹിസ്റ്ററിയും ഫണ്ടമെന്റത്സും മാത്രം കൈമുതലായുള്ള എനിക്ക് സൌണ്ട് ഡ്രൈവറിന്റെയൊക്കെ സങ്കീര്‍ണ്ണതകള്‍ മനസ്സിലായതേയില്ല. ഡിവൈസ്, ഡിവൈസ് മാനേജര്‍ ഇതിന്റെ തിയറികളിലേക്ക് മാത്രം കടന്നിട്ടേയുള്ളായിരുന്നൂ.

ഊരിപ്പോരണമല്ലോ. പ്രശ്നപരിഹാരത്തിനുള്ള പോം വഴികള്‍ വല്ലോം ആ തിയറിക്ലാസ്സുകളിലെങ്ങാനുമുണ്ടോ? ചിന്തകള്‍ ക്ലാസ്സിലേക്കു പറന്നു. ഓരോരോ ആലോചനകള്‍ക്കിടയില്‍ ശ്യാം സാറിന്റെ വാക്കുകള്‍ ഓര്‍മ്മയില്‍. “മൈക്രോ പ്രോസ്സസറിന്റെ ശ്രദ്ധ ക്ഷണിക്കുന്നതിനായി ഡിവൈസുകള്‍ സി.പി.യു വിലേക്കയക്കുന്ന സിഗ്‌നലുകളെയാണ് ഇന്ററപ്റ്റ് റിക്വസ്റ്റ് ക്വറി അഥവാ IRQ എന്നു പറയുന്നത്…”

ഹിയ്യടാ…പെട്ടെന്നൊരൈഡിയ മിന്നി. സൌണ്ട് കേട്ടില്ലേലും എനിക്കു പറപറക്കാം.ഞാന്‍ തിരക്കിട്ടു ബാഗു പരിശൊധിക്കാന്‍ തുടങ്ങി. അതിനാത്തുള്ള കൊറേ സീഡിയും ഫ്ലോപ്പീമെല്ലാം വാരി നിലത്തിട്ടു. ശ്ശെ ശ്ശെ എന്നു കൂടെക്കൂടെപ്പറഞ്ഞു. കൈ നെറ്റിയിലടിച്ചു. പാന്റ്സിന്റെ പോക്കറ്റെല്ലാം പരിശോധിച്ചു. അധ്യാപകനായ ഗൃഹനാഥന്‍ ഉത്കണ്ഠയോടെ ചോദിച്ചു. എന്താ എന്തു പറ്റി?

നിരാശയോടെയും ക്ഷമാപണത്തോടെയും ഞാന്‍ പറഞ്ഞു: “ക്ഷമിക്കണം സാറേ, IRQ എടുക്കാന്‍ മറന്നു പോയി. IRQ ഇല്ലാതെ ഒരു പണീം നടക്കത്തില്ല. ഒരു പക്ഷേ ഞാനത് കോട്ടയത്ത് വെച്ചു മറന്നതാരിക്കും. സാരമില്ല സാറ്, ഞാന്‍ IRQ എടുത്തോണ്ട് പിന്നെ വരാം…”

IRQ എന്ന ആയുധം അരിവാളോ ചുറ്റികയാണൊന്നറിയാതെ സാറ്‌ നക്ഷത്രമെണ്ണി നിന്നപ്പോള്‍ ഞാന്‍ ജീവനും കോണ്ടോടി. പിന്നൊരിക്കലും ആ വഴി പോയിട്ടേയില്ല.

18അഭിപ്രായങ്ങള്‍ »

 1. ചുമ്മാതൊന്നുമല്ല, കുറെ പ്ലാനും പദ്ധതീമൊക്കെ മനസ്സില്‍ കണ്ടോണ്ടു തന്നെയാണ് കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ പഠിക്കണമെന്ന തീരുമാനം ഞാനെടുത്തത്. അക്കാലത്ത് ഹാര്‍ഡ്‌വെയര്‍ ‘എഞ്ചിനീയര്‍’മാര്‍ക്ക് ഞങ്ങടെ നാട്ടില്‍ ഒരൊന്നൊന്നര വെയ്‌റ്റായിരുന്നു. ഞങ്ങടെ കമ്പ്യൂട്ടര്‍ ഇന്‍സ്റ്റിട്ട്യൂട്ടില്‍ 486 നന്നാക്കാന്‍ വരുന്ന എഞ്ചിനീയര്‍ സാറമ്മാരുടെ ഒരു ഗമേം പവറും. ചാള്‍സ് ബാബ്ബേജ് പോലും അവരെക്കഴിഞ്ഞേയുള്ളൂ. അവരു കമ്പ്യൂട്ടറു നന്നാക്കുമ്പം ചുറ്റും നില്‍ക്കുന്ന പ്രിന്‍സിപ്പാളിന്റേം സാറമ്മാരുടേം ഒരു ഭവ്യത! ഒരു ബഹുമാനം!

  അഭിപ്രായം by സിയ — ഫെബ്രുവരി 19, 2007 @ 2:47 pm

 2. ഹൊ! ചാള്‍സ് ബാബേജിന്റെ പേരൊക്കെ പറയുന്നത് കേട്ടപ്പൊ ഞാനോര്‍ത്തു എന്തെങ്കിലുമൊക്കെ അറിഞ്ഞിട്ടാ ഈ പണിക്കിറങ്ങിയതെന്ന്! തുടക്കത്തിലേ ഇങ്ങനെയായിരുന്നെങ്കില്‍ ബാക്കി എന്തായിരിക്കും! പാവം കഫീലിന്റെ തലേവിധി തേച്ചാലും കുളിച്ചാലും മാറ്റാന്‍ പറ്റില്ലല്ലോ!

  അഭിപ്രായം by ikkaas@പിക്കാസ് — ഫെബ്രുവരി 20, 2007 @ 6:54 am

 3. സിയാ, മഹാ തരികിട ആയിരുന്നല്ലേ മുന്‍പ്. രസമുണ്ടൂട്ടോ വായിക്കാന്‍. ശരിക്കും ഇഷ്ടായി.

  അഭിപ്രായം by ശ്രീജിത്ത് കെ — ഫെബ്രുവരി 20, 2007 @ 6:57 am

 4. സിയാ…. :)

  അഭിപ്രായം by ഇത്തിരിവെട്ടം — ഫെബ്രുവരി 20, 2007 @ 7:13 am

 5. ഹഹഹ ..
  IRQ കലക്കി പൊരിച്ചു …. സമ്മതിച്ചു തന്നിരിക്കുന്നു.

  ഇപ്പോഴും അതില്‍ കൂടുതലൊന്നും വിവരം ഇല്ലല്ലോ അല്ലേ

  അഭിപ്രായം by തമനു — ഫെബ്രുവരി 20, 2007 @ 7:48 am

 6. IRQ സൂപ്പര്‍
  നഷ്ടപെട്ടുപോയ IRQ പിന്നെ എപ്പോഴെങ്കിലും കിട്ടിയോ..

  അഭിപ്രായം by സിജു — ഫെബ്രുവരി 20, 2007 @ 11:53 am

 7. …പ്രെഗ്‌നന്‍സി ടെസ്റ്റ് പോസിറ്റീവായ അവിവാഹിതയുടെ അവസ്ഥയിലായി ഞാന്‍…

  :) )

  നന്നായിരുന്നു IRQ

  :)

  അഭിപ്രായം by അഗ്രജന്‍ — ഫെബ്രുവരി 20, 2007 @ 12:34 pm

 8. സിയാ…അപ്പൊ ഗ്രാഫിക്സ്‌ പഠിപ്പിക്കല്‍ മാത്രമല്ലാ….ചില ‘നമ്പറും’ കൈയില്‍ ഉണ്ട്‌ അല്ലേ……ഇതെന്താ കണക്ഷന്‍ കുഴിച്ചിട്ടേക്കണാ….ഉറക്കാന്‍……..കൊള്ളാട്ടോ..ശരിക്കും ചിരിച്ചു….

  അഭിപ്രായം by sandoz — ഫെബ്രുവരി 20, 2007 @ 1:43 pm

 9. ഹാ ഹാ‍ ഹാ കേമം തന്നെ..!

  അഭിപ്രായം by ഏവൂരാന്‍ — ഫെബ്രുവരി 20, 2007 @ 4:41 pm

 10. സിയാ കലക്കീട്ടുണ്ട് കേട്ടോ.

  “പ്രെഗ്‌നന്‍സി ടെസ്റ്റ് പോസിറ്റീവായ അവിവാഹിതയുടെ അവസ്ഥയിലായി ഞാന്‍“

  ആ വാചകം കലക്കീ കേട്ടോ. പിന്നെ IRQ എടുക്കാന്‍ പോയ ആ പോക്കും

  അഭിപ്രായം by Shiju Alex — ഫെബ്രുവരി 20, 2007 @ 5:17 pm

 11. ഇതു രസികന്‍‍:)

  അഭിപ്രായം by തറവാടി — ഫെബ്രുവരി 20, 2007 @ 5:27 pm

 12. really funny

  :-) )

  അഭിപ്രായം by diva(d.s.) — ഫെബ്രുവരി 20, 2007 @ 6:16 pm

 13. ഇക്കാസ്, ശ്രീജി, ഇത്തിരി‍വെട്ടം, തമനു, സിജു, അഗ്രജന്‍, സാന്‍ഡോസ്, ഏവൂരാന്‍, ഷിജുച്ചേട്ടന്‍, തറവാടി, ദിവാ…
  പിന്നെ ഐ.ആര്‍.ക്യൂ വായിച്ചു നക്ഷത്രമെണ്ണിയ
  മുഴുവന്‍ പേര്‍ക്കും ഉറച്ച നന്ദി!

  അഭിപ്രായം by സിയ — ഫെബ്രുവരി 21, 2007 @ 11:44 am

 14. IRQ എന്ന ആയുധം അരിവാളോ ചുറ്റികയാണൊന്നറിയാതെ സാറ്‌ നക്ഷത്രമെണ്ണി നിന്നപ്പോള്‍ ഞാന്‍ ജീവനും കോണ്ടോടി. പിന്നൊരിക്കലും ആ വഴി പോയിട്ടേയില്ല.

  Athu kalakki

  അഭിപ്രായം by Rajesh — ഫെബ്രുവരി 22, 2007 @ 4:54 am

 15. am from corona institute

  got link to your website from a notice published on the notice board and read the story first there nice ziya

  harish

  അഭിപ്രായം by harish — ഓഗസ്റ്റ് 5, 2007 @ 3:44 am

 16. പ്രിയ ഹരീഷ്,
  ഈ ബ്ലോഗില്‍ വന്നതിനും കഥ വായിച്ചതിനും വളരെ നന്ദി.
  കൊറോണ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുഴുവന്‍ അദ്ധ്യാപകര്‍ക്കും സുഹൃത്തുക്കള്‍ക്കും നന്ദി :)

  അഭിപ്രായം by സിയ — ഓഗസ്റ്റ് 5, 2007 @ 5:23 am

 17. സിയ, ഐ. ആര്‍. ക്യൂ വും കണക്ഷന്‍ ഉറയ്ക്കലും… വായിലെനാക്ക് തന്നെയാണ് പ്രധാന ആയുധം അല്ലേ…

  ഇന്നസെന്റ് ഏതോ ഒരു സിനിമയില്‍ പഞ്ചമത്തിന്റെ ‘പ‘ കിട്ടാത്ത ഹാര്‍മോണിയം നന്നാക്കാനായി മുഴുവന്‍ തുറന്ന് കട്ടേം സ്പ്രിങ്ങും ഒക്കെ വേറേ വേറെ ആക്കി ഒടുക്കം കസ്റ്റമറുടെ അടുത്ത് ഒരു അഴിഞ്ഞ്‌ കിടന്ന പാര്‍ട്ട് കാണിച്ച് പറഞ്ഞു “ദേ കെടക്കുണൂ പാ” അതുപോലെ കമ്പ്യൂട്ടര്‍ തുറന്ന് പൊടിയൊക്കെ തട്ടി എന്റെങ്കിലും കാണിച്ച് കൊടുത്ത് പറയായിരുന്നു, “ദേ കെടക്കുണൂ ഐ ആര്‍ ക്യൂ” ന്ന്

  അഭിപ്രായം by പുള്ളി — ഓഗസ്റ്റ് 11, 2007 @ 5:12 pm

 18. Good post.
  Aliyan Alu Puli Thanne!!

  അഭിപ്രായം by Neelan — ജൂണ്‍ 18, 2008 @ 10:13 am

അങ്ങനെ ഒരു ഡയറക്റ്റ് മാര്‍ക്കറ്റിംഗ് - 4

പതിനെട്ടരക്കമ്പനീലെ ആക്റ്റീവ് മെമ്പറും വേലികളിലിരിക്കുന്ന പാമ്പുകളെ മൊത്തത്തില്‍ ലേലത്തിനെടുത്ത് നാട്ടുകാരുടെ സ്നേഹമസൃണമായ പിതൃസ്തുതികള്‍ ആവോളമേറ്റുവാങ്ങുന്നവനും പരിസരവാസികള്‍ക്ക് തലവേദന, സമാധാനക്കേട്, നിദ്രാവിഹീനത മുതലായവ റീട്ടെയിലായും ഹോള്‍സെയിലായും വിതരണം ചെയ്യുന്നവനുമായ ഞാന്‍ ജോലിക്കു പോയിത്തുടങ്ങിയത് പ്രദേശവാസികളില്‍ ഒട്ടൊക്കെ ആശ്വാസവും തെല്ലൊരു ആശ്ചര്യവും ജനിപ്പിച്ചു എന്ന വസ്തുത ഞാന്‍ തിരിച്ചറിഞ്ഞു തുടങ്ങി. ഈ തിരിച്ചറിവാണ് പണ്ടാരടങ്ങിയ ഡയറക്റ്റ് മാ‍ര്‍ക്കറ്റിംഗുമായി മുന്നോട്ടുപോകുവാന്‍ എനിക്കേറ്റവും പ്രേരകമായത്. പെട്ടൊന്നൊരു തിരിച്ചുവരവും പതിവിന്‍പടി കലുങ്കിന്മേലിരിപ്പും നാട്ടുകാരിലുളവാക്കിയേക്കാവുന്ന വേദനയുടേയും നൈരാശ്യത്തിന്റെയും ആ‍ഴം എനിക്കു നല്ല നിശ്ചയമുണ്ടായിരുന്നു. എന്തായാലും നനഞ്ഞു, എന്നാപ്പിന്നെ വിസ്തരിച്ചൊന്നു കുളിച്ചു കേറിയാല്‍ ഉള്ള ചീത്തപ്പേരു നഷ്‌ടപ്പെടാതെ സൂക്ഷിക്കാമല്ലോ.

ഒരുനാള്‍ ജോലിയും കഴിഞ്ഞു വന്ന എന്നെക്കാത്ത് വീട്ടിലൊരാള്‍ ഇരിപ്പുണ്ടായിരുന്നു. പടിഞ്ഞാറേ വീട്ടിലെ അമീറുമോന്റെ ഉമ്മ. അമീറുമോന്‍ എന്റെ സുഹൃത്താണ്. തൊഴിലില്ല്ലാക്കമ്പനിയുടെ നെടുനായകനാണ്. ബഹറൈനില്‍ വാഹനങ്ങളുടെ സ്പെയര്‍പാര്‍ട്സു വില്‍ക്കുന്ന കടയിലായിരുന്നു. അരിയെത്രാന്നു ചോദിച്ചാ‍ല്‍ പയറഞ്ഞാഴി. എന്തെങ്കിലുമെടുക്കാന്‍ പറഞ്ഞാല്‍ ഒന്നൊന്നൊര മണിക്കൂര്‍ എല്ലായിടവും തപ്പിയിട്ട് അറബീടെ മുന്നില്‍ വന്ന് വെളുക്കെ ചിരിക്കും. പെട്രോള്‍ പമ്പിലേക്കു മാറ്റി. പെട്രോളു വണ്ടിക്കു ഡീസലടിച്ചു കൊടുത്തതിന്റെ പിറ്റെന്നാള്‍ നാട്ടില്‍ തിരിച്ചിറങ്ങി; അറബീടെ ചെലവില്‍ത്തന്നെ.

അമീറുമോന്റെ ഉമ്മ ശുപര്‍ശയുമായി വന്നതാണ്. “മോന്റെ കമ്പിനീ അവനേങ്കുടെ ജോലിക്കെടുക്കണം. പേറിഷ്യേ പോയട്ടും ഗതിപിടിച്ചില്ല. വേലേംകൂലീമില്ലാതെ എത്ര നാളായിങ്ങനെ…മോന്‍ വിയാരിച്ചാ നടക്കും. ”
ഞാന്‍ ചിരിച്ചു പോയി. ഞാന്‍ വിയാരിച്ചില്ലേലും അമീറുമോന്‍ നടക്കും. പകലന്തിയോളം, തെക്കുവടക്ക് തേരാപ്പാരാ. അവന്റെ അഡ്രസ്സെങ്ങാനും ‘കമ്പിനീല്‍’ കിട്ടിയാല്‍ മതി. കോഴിക്കുഞ്ഞിനെ റാഞ്ചുന്നതു പോലെ കൊത്തിയെടുത്തോണ്ടു പോകും കമ്പനിപ്രാപ്പിടിയന്‍. ഞനാന്നേ ഒറ്റയ്‌ക്ക്. അമീറുമോന്‍ ബെസ്റ്റ് കമ്പനി. ഞാന്‍ സമ്മതം മൂളി.

അമീറുമോനു രണ്ടാഴ്ച ട്രെയ്‌നിംഗ് കൊടുക്കാന്‍ ഞാന്‍ തന്നങ്ങു നിശ്ചയിച്ചു. കൂടെ നടക്കാനൊരാളായല്ലോ. അങ്ങനെ നടന്നു കൊണ്ടിരിക്കുന്ന ഒരുനാളില്‍ ഒരുവീട്ടുമുറ്റത്ത് ഒരു യുവതിയും ഒരു റ്റീനേജ് പെണ്‍കുട്ടിയും വര്‍ത്തമാനം പറഞ്ഞു തലയറഞ്ഞു ചിരിക്കുന്നത് എന്റെ ശ്രദ്ധയില്‍പ്പെട്ടു. വേറെ വല്ലോം ആലോചിക്കാനുണ്ടോ, നേരേ അങ്ങോട്ടു കയറിച്ചെന്നു. പാവാടയും ബ്ലൌസുമാണ് പെണ്‍കുട്ടിയുടെ വേഷം. ഒരു സുന്ദരിക്കുട്ടി. പ്രായം പതിനെട്ടിനടുത്തുണ്ടാവും. ആ ചേച്ചീടെ വേഷം എന്തരോ, ഓര്‍ക്കുന്നില്ല. വര്‍ത്തമാനത്തില്‍ നിന്നും പെണ്‍കൊടി അയലത്തേതാണെന്നു ബോധ്യപ്പെട്ടു. ഞാന്‍ പെട്ടെന്ന് നാടോടിക്കാറ്റിലെ മോഹന്‍ലാലായി, അമീറുമോനെ ശ്രീനിവാസനാക്കി. ‘എന്നെ ഇവിടെ സാറേന്നു വിളിക്കണം…ഇന്നത്തെക്കച്ചോടം മുഴുവന്‍ നിനക്കു തരാം‘ ഞാന്‍ അവന്റെ കാതില്‍ കിടിലന്‍ ഓഫറിട്ടു, കാലില്‍ച്ചവിട്ടി. പതിവിലും ഉഷാറായി, ആംഗലേയം കൂടുതല്‍ ചേര്‍ത്ത് ഞാന്‍ ‘പിച്ചിംഗ്‘ തുടങ്ങി.പുട്ടിനു പീര പോലെ വാക്കുകള്‍ക്കിടയില്‍ ‘മാഡം വിളി’ ധാരാളം തിരുകി. മഹിളാമണികള്‍ ആശ്ചര്യ പരതന്ത്രരാ‍യി ഞങ്ങളെ മിഴിച്ചു നോക്കി നില്‍ക്കുകയാണ്.
‘അമീര്‍’ ഞാന്‍ വിളിച്ചു.
‘സര്‍’. ‍
‘പ്രോഡക്റ്റ് ഓരോന്നായി ഇവരെ കാണിച്ചുകൊടുക്കൂ…‘

അമീറുമോന്‍ ബാഗില്‍ നിന്നും ഓരോന്നുമെടുത്ത് തരുണീമണികളുടെ കയ്യിലേക്കു കൊടുത്തു. അവര്‍ തിരിച്ചും മറിച്ചും നോക്കി. ഗുണഗണങ്ങളെക്കുറിച്ച് വാഗ്വാദങ്ങളിലേര്‍പ്പെട്ടു.
അവസാനം ചേച്ചീടെ വാക്കുകള്‍: “ഇയ്യോടീ വിദ്യേ, സാധനമെല്ലാം കൊള്ളാം. പക്ഷേ…വിഷ്‌ണൂന്റച്ചന്റെ കാശ് വരാതെങ്ങനാ…”
ഒരുനിമിഷം. വിദ്യയുടേയും എന്റെയും കണ്ണുകള്‍ തമ്മിലിടഞ്ഞോന്നൊരു സംശയം.
വിദ്യ എന്നോടൊരു ചോദ്യം. “അപ്പഴേ നിങ്ങളിത് ഇന്‍സ്റ്റാള്‍മെന്റില്‍ കൊടുക്കുമോ?”
“നോ മാഡം…ഇന്‍സ്റ്റാള്‍‍മെന്റ് സ്കീം ഇപ്പോള്‍ ഞങ്ങളുടെ കമ്പനിക്കില്ല…“
“ഇയ്യോ എന്നെ മാഡമെന്നൊന്നും വിളിക്കണ്ട…” അവള്‍ നാണത്തോടെ പറഞ്ഞു.
പെട്ടെന്നൊരുപായം. ഒരു ചൂണ്ട ഇട്ടു നോക്കാം. കൊത്തിയാല്‍ ഊട്ടി…ഇല്ലേ ചട്ടി ഞങ്ങടെ കയ്യില്‍ത്തന്നെ…
“ഒരു കാര്യം ചെയ്യാം. ഞാനെന്റെ ഫോണ്‍ നമ്പര്‍ തരാം. കാശുള്ളപ്പോള്‍ എന്നെ വിളിച്ചാല്‍ മതി. അല്ലെങ്കില്‍ വിദ്യേടെ നമ്പര്‍ തരൂ, ഞാന്‍ വിളിച്ചന്വേഷിക്കാം…”
ചേച്ചി ഇടപെട്ടു. “നിങ്ങടെ നമ്പര് തന്നാ മതി. വേണവെങ്കി വിളിച്ചു പറയാം”
“ശരി മാഡം.” ഞാന്‍ ഒരു തുണ്ടുകടലാസ്സില്‍ എന്റെ നമ്പരെഴുതി ഒന്നു ചേച്ചിക്കും ഒന്നു വിദ്യക്കും കൊടുത്തു.
“അപ്പോള്‍ ശരി, ഞങ്ങളിറങ്ങട്ടെ…വിളിക്കണം കേട്ടോ” വിദ്യയുടെ മുഖത്തു നോക്കി മനോഹരമായിട്ടൊന്നു പുഞ്ചിരിച്ചിട്ടാണ് ഞാനത് പറഞ്ഞത്. പോകും വഴി ഒന്നു തിരിഞ്ഞു നോക്കിയപ്പോള്‍ ദാ വിദ്യ എന്നെത്തന്നെ നോക്കിനില്‍ക്കുന്നു…

ഉച്ച കഴിഞ്ഞു. ഇപ്പോള്‍ ഞങ്ങള്‍ മറ്റൊരു കസ്റ്റമറുടെ അടുത്താണ്. അത്യാവശ്യം കൊമ്പന്‍ മീശയൊക്കെയുള്ള ഒരു ചേട്ടനും ഭാര്യയും രണ്ടു മക്കളും. അവര്‍ ഒരു ടോര്‍ച്ചു വാങ്ങിയിരിക്കുന്നു. പൈസായും വാങ്ങി തിരിയവേ ചേട്ടന്റെ ചോദ്യം.” അപ്പഴേ, പത്തുകൊല്ലത്തെ ഗ്യാരണ്ടിയൊക്കെ ശരി. ഇതിനു വല്ല കേടും പറ്റിയാല്‍ നിങ്ങളെ എവിടെച്ചെന്നു തപ്പും?”
ഞാന്‍ ബില്ലില്‍ അഡ്രസ്സുണ്ടെന്ന പതിവു പല്ലവി ആവര്‍ത്തിച്ചു. ”ങാ, പിന്നേ ചെങ്ങന്നൂരു വരെ വരാ‍ന്‍ ആര്‍ക്കാ നേരം…”
അമീറുമോന്‍ ഇടപെട്ടു. “ഒരു കുഴപ്പോം വരില്ല ചേട്ടാ, അഥവാ വന്നാത്തന്നെ എന്റെ ഫോണ്‍ നമ്പര്‍ തരാം. വിളിച്ചു പറഞ്ഞാല്‍ മതി.” എനിക്കെന്തെങ്കിലും ചെയ്യാന്‍ കഴിയും മുമ്പേ അമീറുമോന്‍ അവന്റെ വീട്ടിലെ നമ്പര്‍ അയാള്‍ക്കു കൊടുത്തു കഴിഞ്ഞു. ഞാന്‍ സഹതാപത്തോടെ അമീറുമോനെ നോക്കി. പുറത്തിറങ്ങിയപ്പോള്‍ ഞാന്‍ ചൊദിച്ചു.’നീയെന്തിനാടാ നമ്പര്‍ കൊടുത്തത്?”
“ങേ, നീയാ പെണ്ണുങ്ങക്ക് നമ്പര് കൊടുത്തില്ലിയോ…”
“ഡാ, അത് സാധനം വാങ്ങാത്തോര്‍ക്കല്ലിയോ ഞാന്‍ നമ്പര്‍ കൊടുത്തത്…ആ, ഇനി വരുന്നെടത്ത് വെച്ചു കാണാം. ഈശ്വരോ രക്ഷതു…” ഞങ്ങള്‍ നടന്നു.

കുറെ ദിവസം കഴിഞ്ഞു വൈകിട്ടു വീട്ടിലെത്തിയ ഞാന്‍ കുളിക്കുന്നതിനായി കിണറ്റില്‍ നിന്നു വെള്ളം കോരിക്കൊണ്ടിരിക്കവേ പടിഞ്ഞാറേ വീട്ടില്‍ നിന്നൊരു അലര്‍ച്ച കേട്ടു.

“എറങ്ങെടാ വെളീല്…. ഈ മുറ്റത്തു കാല്‍ ചവിട്ടരുത്…” അമ്പരപ്പോടെ ഞാന്‍ നോക്കിയപ്പോള്‍ അമീറു മോന്റെ ബാപ്പ ഗര്‍ജ്ജിക്കുകയാണ്.
“ഇത്രേം നാള് വീട്ടിനാത്തു സഹിച്ചാ മതിയാരുന്നു. ഇപ്പം നാട്ടുകാരേം പറ്റിക്കാനെറങ്ങിയേക്കുന്നോ…ങാ ഹാ…” അങ്ങേരു ജ്വലിക്കുകയാണ്. അമീറുമോന്‍ തലകുമ്പിട്ടു നില്‍ക്കുന്നത് കണ്ട എനിക്കു ചിരി പൊട്ടി.
“എടാ പട്ടീ, എന്തെല്ലാം പങ്കപ്പാട് പെടേണ്ടി വന്നിട്ടെങ്കിലും നാട്ടുകാരെ പറ്റിച്ച് ജീവിക്കണ്ട ഗതികേട് ഈ കുഡുമ്മത്തിനൊണ്ടായിട്ടില്ലെടാ..എറങ്ങിപ്പോഡാ..ഈ വീട്ടിനാത്തു കേറിപ്പോകല്ല്…” വീടിന്റെ വാതില്‍ അമീറുമോന്റെ മുമ്പില്‍ താത്കാലികമായി കൊട്ടിയടക്കപ്പെട്ടു.

സംഗതി പിന്നീടറിഞ്ഞു. പത്തു കൊല്ലം ഗ്യാരന്റിയുള്ള ടോര്‍ച്ച് പത്താം നാള്‍ ചരമമടഞ്ഞതിന്റെ അനുശോചനമറിയിക്കാന്‍ മീശക്കാരന്‍ കസ്റ്റമര്‍ വിളിച്ചപ്പോള്‍ അമീറുമോന്റെ കഷ്‌ടകാലത്തിനു ഫൊണെടുത്തത് അവന്റെ ബാപ്പയായിരുന്നു. അപ്പന്‍, അമ്മ, അപ്പൂപ്പന്‍, വല്യപ്പൂപ്പന്‍, വല്യമ്മൂമ്മ എന്നിങ്ങനെ ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ മുഴുവന്‍ ആത്മാക്കള്‍ക്കും മീശക്കാരന്‍ നിത്യശാന്തി നേര്‍ന്നത് ഫോണില്‍ക്കേട്ട് ആഹ്ലാദം പൂണ്ട ബാപ്പ അമീറുമോനു സസ്പെന്‍ഷന്‍ ഓര്‍ഡര്‍ നല്‍കുന്ന തത്സമയ ദൃശ്യങ്ങളായിരുന്നു ഞാന്‍ കണ്ടത്.

പിന്നെ നടപ്പ് വീണ്ടും ഒറ്റക്ക്. തിരുവല്ല ടൌണിന്റെ പ്രാന്തപ്രദേശങ്ങളിലൂടെ ചുറ്റിത്തിരിയുന്ന പ്രഭാതനേരം. ഞാനൊരു മണിമാളികയുടെ കോളിങ്ബെല്‍ അമര്‍ത്തി കാത്തുനില്‍ക്കുകയാണ്.
കുറെനേരം കഴിഞ്ഞു ഒര‍മ്മാമ ഇറങ്ങിവന്നു. ഗുരുവായൂര്‍ കേശവന്റെ ഭാര്യേടെ അനിയെത്തിയെന്നു തോന്നും ആകാരം കണ്ടാല്‍. ശില്പാഷെട്ടിയുടെ ശരീരവടിവുള്ള ഒരു ചോക്ലേറ്റ് സുന്ദരി കയ്യിലൊരു ഫെമിനയുമായി പിന്നാലെ. അമ്മാമ പോട്ടെ, ചോക്ലേറ്റിനെ കണ്ടപ്പോള്‍ എന്റെ ആത്മവിശ്വാസം നഷ്ടപ്പെട്ടു. അമേരിക്കയിലെങ്ങാനും പഠിക്കുന്നതായിരിക്കണം. ആ ഭാഗത്തെ മിക്കവരും സ്റ്റേറ്റ്സിലാണ്.
“ങാ, എന്തുവേണം…” അമ്മാമ.
പതിവു പിച്ചിംഗിനു മുതിരാതെ ഞാന്‍ പതര്‍ച്ചയോടെ കാര്യം പറഞ്ഞു.
“ഇവിടെയൊന്നും വേണ്ട…”
പെട്ടെന്ന് ചോക്ലേറ്റ് ഇടപെട്ടു. “ങാ, നില്‍ക്ക് മമ്മാ, അയാള്‍ടെ കയ്യില്‍ എന്തെല്ലാമുണ്ടെന്ന് ഒന്നു കാണാല്ലോ…എന്തൊക്കെയാടോ പ്രോഡക്റ്റ്സ്?”
മനോഹരമായ ചിത്രപ്പണികളുള്ള ഒരു ബൌള്‍ സെറ്റുണ്ട് ബാഗില്‍. ‘അണ്‍ബ്രേക്കബിള്‍’ ആണു സാധനമെന്നാ പറയുന്നത്. മനേജര്‍ സാര്‍ കാര്‍പെറ്റു നിലത്തു ഒത്തിരി തവണ ഇട്ടിരുന്നു. പൂഴിമണ്ണില്‍ പാത്രമെറിഞ്ഞു നിരവധി വീട്ടമ്മമാരെ ഇതിനകം ഞാനും പറ്റിച്ചിട്ടുണ്ട്.
“മാഡം, ഇതു അഞ്ചു ബ്യൂട്ടിഫുള്‍ ബൌളുകളുടെ ഒരു സെറ്റാണ്. ഇതില്‍ സെര്‍വ്വ് ചെയ്ത് ആരെയും ഇമ്പ്രെസ്സ് ചെയ്യിക്കാം. ബിസൈഡ്‌സ്, ഇതു ‘അണ്‍ബ്രേക്കബിള്‍’ ആണ് മാഡം…“
“ഓഹോ, അപ്പം ഇതൊന്നു പൊട്ടിക്കണമെന്നു വെച്ചാല്‍ എന്നാ ചെയ്യും. ബുള്‍ഡോസര്‍ വിളിക്കണമല്ലേ?” അവള്‍ക്കു തമാശ.
“സീ മാഡം, ഇതു ഒരിക്കലും പൊട്ടില്ല, ഐ വില്‍ ഷോ യു…”
എനിക്കു പറ്റിയ ഭീമാബദ്ധം. പോര്‍ച്ചിന്റെ തറ ഗ്രാനൈറ്റ് പാകിയതാ‍ണെന്ന് ശ്രദ്ധിക്കാതെ ഞാനൊരു ബൌളെടുത്ത് നിലത്തിട്ടു.

പൊട്ടിത്തകര്‍ന്നത് ബൌളായിരുന്നില്ല; എന്റെ ഹൃദയമായിരുന്നു. ആള്‍മദ്ധ്യത്തില്‍ ഉടുതുണിഞ്ഞയഴിഞ്ഞവനെപ്പോലെ ഞാന്‍ അടിവയറും പൊത്തി നിലത്തേക്കു കുനിഞ്ഞിരുന്നു. അവളുടെ പൊട്ടിച്ചിരിയും കളിയാക്കലും പ്രതീക്ഷിച്ചു മുഖമുയര്‍ത്താതിരുന്ന എന്നെ അമ്പരപ്പിച്ചു കൊണ്ട്, എന്നെ രക്ഷപ്പെടുത്താനെന്ന വണ്ണം ഒരക്ഷരം മിണ്ടാതെ അവള്‍ പെട്ടെന്നകകത്തു കയറി കതകടച്ചു. തലയുയര്‍ത്താന്‍ കഴിയാതെ ഞാന്‍ പാടുപെടവേ വീണ്ടും വാ‍തില്‍ തുറക്കപ്പെട്ടു. അമ്മമയാണ്. “പോര്‍ച്ചില്‍ കുപ്പിച്ചില്ലൊന്നും കാണരുത്. മുഴുവന്‍ പെറുക്കിയെടുത്ത് വൃത്തിയാക്കിക്കോണം.“ കുനിഞ്ഞിരുന്നു നിലം തുടച്ചു ബാഗും തൂക്കി ഞാന്‍ നേരേ ഓഫീസിലെത്തി. ബാഗ് മാനേജരുടെ നേര്ക്ക് വലിച്ചെറിഞ്ഞു. മൂടും തട്ടി കായംകുളത്തേക്ക്.

പിറ്റേ ദിവസം ‘അക്ഷരാ കോളജി‘ലെത്തിയ എന്നെക്കാത്ത് ഗോഡ്‌ഫാദര്‍ സിനിമയില്‍ കല്യാണം മുടങ്ങിയ മന്ത്രിക്കൊച്ചമ്മക്ക് മുകേഷും ജഗദീഷുമൊരുക്കിയതിനേക്കാള്‍ ഗംഭീരമായൊരു സ്വീകരണവുമായി സഹ ‘അധ്യാപഹയര്‍‘ നില്‍ക്കുന്നുണ്ടായിരുന്നു.

14 Comments »

1.

പതിനെട്ടരക്കമ്പനീലെ ആക്റ്റീവ് മെമ്പറും വേലികളിലിരിക്കുന്ന പാമ്പുകളെ മൊത്തത്തില്‍ ലേലത്തിനെടുത്ത് നാട്ടുകാരുടെ സ്നേഹമസൃണമായ പിതൃസ്തുതികള്‍ ആവോളമേറ്റുവാങ്ങുന്നവനും പരിസരവാസികള്‍ക്ക് തലവേദന, സമാധാനക്കേട്, നിദ്രാവിഹീനത മുതലായവ റീട്ടെയിലായും ഹോള്‍സെയിലായും വിതരണം ചെയ്യുന്നവനുമായ ഞാന്‍ ജോലിക്കു പോയിത്തുടങ്ങിയത് പ്രദേശവാസികളില്‍ ഒട്ടൊക്കെ ആശ്വാസവും തെല്ലൊരു ആശ്ചര്യവും ജനിപ്പിച്ചു എന്ന വസ്തുത ഞാന്‍ തിരിച്ചറിഞ്ഞു തുടങ്ങി.

Comment by സിയ — February 8, 2007 @ 12:18 pm
2.

അടിപൊളി സിയാ
ഈ മാര്ക്കറ്റിംഗുകാര്‍ പിടിക്കുന്ന ഓരോ പുലിവാലേ.

Comment by നിസാര്‍ — February 8, 2007 @ 1:14 pm
3.

സിയാ, ഡയറക്റ്റ് മാര്‍ക്കറ്റിങ്ങ് എന്നൊക്കെ ബീറ്റാ വെര്‍ഷനില്‍ കണ്ടപ്പോള്‍ വല്ല കച്ചവടക്കാര്യമായിരിക്കും എന്നു കരുതി ഞാന്‍ ഇതുവരെ കയറിയില്ല. ഇന്നൊന്നു കയറി നോക്കിയപ്പോഴല്ലെ ഇതൊരു “ കതന “ കഥയാണെന്നു മനസ്സിലായത്. ആദ്യം മുതല്‍ വായിക്കട്ടേട്ടാ

Comment by കുറുമാന്‍ — February 8, 2007 @ 1:19 pm
4.

കൊള്ളാം സിയാ, തമാശകളുമായി തുടങ്ങിയ വിവരണങ്ങള്‍ തമാശയായി തന്നെ നിര്‍ത്തി. സിയായുടെ ജീവിതം മനോഹരമായി മാറട്ടെ എന്നു പ്രാര്‍ഥിക്കുന്നു..

Comment by venu — February 8, 2007 @ 2:06 pm
5.

അപ്പ വിദ്യ…

ഓണ്‍‌ടോ: വളരെ നന്നായിരുന്നു മൊത്തത്തില്‍, ഒന്നും ഓവറാകാതെയെഴുതി

Comment by സിജു — February 8, 2007 @ 3:11 pm
6.

സിയാ…. നന്നായി.
വാചകമടി.. അഥവാ.. പിച്ചിംഗ് കോളേജിലേ പറ്റു എന്ന്‌ മനസ്സിലായില്ലേ.

കൃഷ് | krish

Comment by കൃഷ് | krish — February 8, 2007 @ 4:55 pm
7.

സിയാ….ഹ.ഹ..ഹാ

എല്ലാ വീട്ടിലും കേറി വായ്‌ നോക്കാടാ..വളയിടീക്കാടാ…എന്നും പറഞ്ഞ്‌ ഡയറക്ട്‌ മാര്‍ക്കറ്റിങ്ങിനു പോയ ഒരുത്തനെ എനിക്കറിയാം.
തടി ഊരീത്‌ നന്നായി…..

Comment by sandoz — February 8, 2007 @ 5:17 pm
8.

‘ഡയറക്റ്റ്‌ മാര്‍ക്കറ്റിംഗ്‌’ അവസാന ഭാഗവും വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു കാര്യം വ്യക്തമായി; സിയ വിചാരിച്ചാല്‍ ഒന്നാംതരം ആക്ഷേപഹാസ്യം ഉണ്ടാവും. പിന്നെ, അനുഭവത്തിന്റെ തീച്ചൂളയില്‍ പൊള്ളിയതൊക്കെ ‘ഒരു തമാശ’ എന്നമട്ടില്‍ പറഞ്ഞാലും, അതിനുള്ളിലെ ചോരമണം വായനക്കാരിലെത്താതിരിക്കില്ല. അകമേയുള്ള നിശിതപരിഹാസം പുറമേയുള്ള ഹാസ്യമായി വായിച്ചാലും, ജീവിതസ്‌പന്ദങ്ങള്‍ അങ്ങനെതന്നെ കാണാനാവുന്നു.

“തുടരുകീ… യാഗാശ്വസഞ്ചാരം, പ്രിയ സിയ.”

Comment by പി. ശിവപ്രസാദ്‌ — February 10, 2007 @ 3:57 am
9.

“ഒരുനിമിഷം. വിദ്യയുടേയും എന്റെയും കണ്ണുകള്‍ തമ്മിലിടഞ്ഞോന്നൊരു സംശയം.”
കുറുക്കന്‍ ചത്താലും കണ്ണ് കോഴിക്കൂ‍ട്ടില്‍ത്തന്നെ.പിന്നീടെന്തുണ്ടായെന്നു പറഞ്ഞില്ല

Comment by Rajesh — February 10, 2007 @ 5:34 am
10.

സിയ,

നാലു ലക്കങ്ങളും കൂടെ ഒന്നിച്ചാണ് വായിച്ചത് (പ്രിന്‍റെടുത്ത്). വായിച്ച് ഒട്ടും മുഷിഞ്ഞില്ല.

തമാശയുടെ പുറംതോടണിഞ്ഞാണെങ്കിലും കഷ്ടപ്പാടുകളും നൊമ്പരങ്ങളും വായനക്കാരനെ ശരിക്കും തൊട്ടറിഞ്ഞ് പോകുന്ന എഴുത്ത്. വായിക്കുമ്പോള്‍ ഒട്ടും മടുപ്പ് തോന്നിപ്പിക്കാത്ത വിവരണം.

നന്നായിരിക്കുന്നു സിയ.

ശിവപ്രസാദ് പറഞ്ഞത് പോലെ, തീര്‍ച്ചയായും നല്ല ആക്ഷേപഹാസ്യം സിയയ്ക്ക് കാഴ്ചവെക്കാന്‍ കഴിയും :)

ആശംസകള്‍!

Comment by അഗ്രജന്‍ — February 12, 2007 @ 5:23 am
11.

സിയാ, ഇതും കലക്കി. പക്ഷെ നിര്‍ത്തിയത് കഷ്ടമായിപ്പോയി. നല്ല രസമായി വരികയായിരുന്നു.

Comment by ശ്രീജിത്ത് കെ — February 12, 2007 @ 5:18 pm
12.

ചാത്തനേറ്: ഇപ്പോഴാ കാണുന്നത്. മുഴുവനും വായിച്ചു. അസ്സലായി..(തല്ല് കിട്ടീട്ടുണ്ടോ)

Comment by കുട്ടിച്ചാത്തന്‍ — February 12, 2007 @ 6:17 pm
13.

വ‍ളരെ നന്നായിട്ടുണ്ട് സിയ , ജീവിതാനുഭവങല്‍ ഒരു പാടായല്ലെ ഈ കു‍റഞ കാലത്തിനിടക്കു

Comment by cherushola — October 2, 2007 @ 9:45 am
14.

വ‍ളരെ നന്നായി സിയ ജീവിതാനുഭവങല്‍ വിവരിച്ചിരിക്കുന്നു, ഈ കൊച്ചു പ്രായതില്‍ തന്നെ ഇത്രയും ജീവിതാനുഭവങല്‍, ഇതെല്ലാം ഭാവി ജീവിതം നന്നാക്കി എടുക്കാന്‍ സിയക്കൊരു മുതല്‍കൂട്ടാവട്ടെ, വായിച്ക്‍റിഞ്ഞ നമുക്കൂം..

Comment by cherushola — October 2, 2007 @ 10:39 am

അങ്ങനെ ഒരു ഡയറക്റ്റ് മാര്‍ക്കറ്റിംഗ് - 3

മൂന്നാം ദിവസം തിരുവല്ലായ്ക്കടുത്ത് പമ്പയറിന്റെ തീര്‍ത്തൊരിടത്തായിരുന്നു ഞാന്‍ ബസ്സിറങ്ങിയത്. പമ്പാനദിക്കരയിലൂടെ ഞാന്‍ കിഴക്കോട്ടു നടന്നു. പച്ചപ്പു നിറഞ്ഞ ഉള്‍നാടന്‍ പ്രദേശങ്ങളിലൂടെയുള്ള
നടപ്പ് പ്രദാനം ചെയ്തിരുന്ന സന്തോഷത്തിന്റെ തിരുമധുരം ഇന്നുമെന്റെ ഓര്‍മ്മകളില്‍ കിനിയുന്നു.
എന്തെല്ലം അനുഭവങ്ങള്‍…പുതു പുതു കാഴ്ച്ചകള്‍…

പാണ്ടി എന്നൊരു സ്ഥലമുണ്ട്, ആയാപറമ്പിനടുത്ത്. അവിടെ നദി കടക്കുന്നത് ബഹുരസമാണ്.
നദിയില്‍ നാട്ടിയ മുളന്തൂണുകളിലായി നദിക്കു കുറുകേ കയര്‍ കെട്ടിയിരിക്കുന്നു. നമ്മള്‍ വഞ്ചിയില്‍ കയറി
നിന്ന് കയര്‍ പിടിച്ചു വലിച്ചു വലിച്ചു അക്കരെക്കു പോകും…തുഴയുമില്ല, തുഴച്ചില്‍ക്കാരനുമില്ല.
കല്ലൂപ്പാറക്ക് പോകും വഴി പമ്പയുടെ ഒരു പോഷകനദിക്കരയില്‍ “ആരെങ്കിലും വന്ന്
എന്നെയൊന്നക്കരക്ക് കൊണ്ടുപോണേ”എന്ന അഭ്യര്‍ത്ഥനയുമായി ഒരു തോണി
അനാഥമായിക്കിടക്കുന്നു. തുഴയും അതില്‍ത്തന്നെയുണ്ട്. നമ്മള്‍ കയറിയിരുന്ന് സ്വയം തുഴഞ്ഞ്
അക്കരെക്ക്. നാം പുറപ്പെട്ടു കഴിഞ്ഞാണ് എവനെങ്കിലും വരുന്നതെങ്കില്‍ തെണ്ടിയതു തന്നെ.
ഏതെങ്കിലുമൊരു കാലത്ത് അക്കരെയൊരു വിദ്വാന്‍ വന്ന് ഇക്കരെക്ക് തുഴഞ്ഞു വരണം. അല്ലാതെ
അക്കരയിക്കരെ നിന്നാലൊന്നും ആശ തീരില്ല.

തിരുവല്ലക്ക് കിഴക്ക് കരിമ്പിന്‍ പാടങ്ങളിലൂടെയുള്ള സഞ്ചാരം. ഒരു ശര്‍ക്കര‍ക്കളത്തില്‍ ഉണ്ടശ്ശര്‍ക്കരയുടെ പ്രോസസിംഗ് കൌതുകത്തോടെ, അതിലേറെ കൊതിയോടെ കണ്ടുനിന്ന എനിക്ക് നല്ലവളായ ഒരമ്മ ശര്‍ക്കര‍ത്തോണിയില്‍ നിന്നും ചൂടോടെ കുറച്ച് ഉരുകിയ ശര്‍ക്കര ഒരു പ്ലാവിലയില്‍ കോരിയെടുത്ത് തന്നു.
“കഴിച്ചോ മോനേ…”

കൊയ്തൊഴിഞ്ഞ പാടത്ത് ക്രിക്കറ്റ് കളിക്കുന്ന കുഞ്ഞു ‘സച്ചിന്‍’മാരെക്കണ്ട് തോളിലെ മാറാപ്പ് ദൂരെയെറിഞ്ഞ് കളത്തില്‍ച്ചാടിയിറങ്ങി രണ്ടോവര്‍ പന്തെറിഞ്ഞതും കളികഴിഞ്ഞ് ചുറ്റുംകൂടിയ നിഷ്‌കളങ്ക ബാല്യങ്ങള്‍ക്ക് ഈ ‘വലിയ ചേട്ടന്‍’ ഒരു ഫ്ലവര്‍വേസ് സമ്മാനിച്ചതും ഞാന്‍ മറക്കാന്‍ പാടുണ്ടോ?

മനുഷ്യരുടെ നന്മയും സ്നേഹവും-മനുഷ്യരുടെ വിദ്വേഷവും വെറുപ്പും, മനുഷ്യരുടെ അലിവും കാരുണ്യവും- മനുഷ്യരുടെ ക്രൂരതയും സ്വാര്‍ത്ഥതയും, മനുഷ്യരുടെ കഷ്‌ടപ്പാടും പ്രയാസങ്ങളും-മനുഷ്യരുടെ ആര്‍ഭാടവും ആഢംബരങ്ങളും…
കുറഞ്ഞ നാള്‍ കൊണ്ട് മാനുഷ്യകത്തിന്റെ കേവലമായ ഒരു പരിഛേദം തന്നെ കണ്ടു ഞാന്‍.

വീട്ടുമുറ്റത്തെ പൈപ്പില്‍ നിന്ന് വെള്ളം കുടിച്ചതിനു വയറുനിറയെ ചീത്തവിളി സമ്മാനിച്ച വല്യവീട്ടിലെ കൊച്ചമ്മ.
ഊണുസമയത്ത് മനയില്‍ വിളിച്ചു കയറ്റി സ്നേഹത്തോടെ ചോറുവിളമ്പിത്തന്ന രണ്ട് അന്തര്‍ജ്ജനങ്ങള്‍.
വീട്ടുവളപ്പില്‍ കയറിയതിനു പട്ടിയെ അഴിച്ചുവിട്ട കുടവയറനായ ഉണ്ടക്കണ്ണന്‍.
രാത്രി വഴിതെറ്റിയലഞ്ഞ എന്നെ ഇരുട്ടത്ത് ടോര്‍ച്ചുമായി രണ്ടുകിലോമീറ്റര്‍ കൂടെ നടന്ന് മെയിന്‍‌റോഡിലെത്തിച്ച ആ മധ്യവയസ്‌കന്‍.
‘മുഹമ്മദനാ’ണെന്ന് വൈകിയറിഞ്ഞപ്പോള്‍ വാങ്ങിയ സാധനം തിരികെത്തന്ന സുവിശേഷപ്രവര്‍ത്തകന്‍.
പള്ളിമേടയിലെ മുറിയില്‍ കയറ്റിയിരുത്തി ചായ തന്നിട്ട് വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ, ഒത്തിരി തമാശ പറഞ്ഞു പൊട്ടിച്ചിരിപ്പിച്ച നല്ലവനായ വികാരിയച്ചന്‍.
ദൈവമേ, മാനേജര്‍ സാര്‍ പറഞ്ഞതുപോലെ എന്തോരം പേഴ്സണാലിറ്റികള്‍!
ക്ഷമിക്കണം ഇതെല്ലാം പറഞ്ഞില്ലെങ്കില്‍ ഈ അനുഭവങ്ങള്‍ക്ക് ആത്മാവില്ല.

അപ്പോള്‍ നമ്മള്‍ പറഞ്ഞു വന്നത് മാര്‍ക്കറ്റിംഗ് ചരിതം മൂന്നാം ദിവസം.
കാലത്ത് അഞ്ചു മണിക്ക് ഒരു കട്ടന്‍ ചായ കഴിച്ചു പുറപ്പെട്ടതാണു ഞാന്‍. കാ‍യംകുളത്തു നിന്നും ചെങ്ങന്നൂര്‍. അവിടെ നിന്നും സാധനങ്ങളുമായി തിരുവല്ലയ്ക്ക്. വണ്ടിക്കൂലി കഴിച്ചപ്പോള്‍ കീശ കാലി. അമ്പതിന്റെ ഒരൊറ്റനാണയം മാത്രം. സാരമില്ല, രാവിലെ രണ്ടു പ്രോഡക്റ്റ് വിറ്റാല്‍ രൂപാ മുപ്പത് കിട്ടും.വയറു നിറയെ കാപ്പിയൊക്കെ കുടിച്ച് ഉഷാറായി നടക്കാം. മനസ്സിലുറപ്പിച്ചു ഞാന്‍ നടന്നു. പത്തുപതിനൊന്നു മണിയായിട്ടും ഒന്നുപോലും വിറ്റുപോകുന്നില്ല. വീടുവീടാന്തരം പ്രസംഗിച്ചു പ്രസംഗിച്ചു എന്റെ തൊള്ളേലെ വെള്ളം വറ്റി. പഞ്ചായത്തു പൈപ്പില്‍ നിന്ന് തല്‍ക്കാലം ദാഹം ശമിപ്പിച്ചു. മീനമാസത്തിലെ സൂര്യന്‍ തലക്കു മുകളില്‍. ഇരുപത്തഞ്ചു കിലോ സാധനം തോളിന്മേലും. വിയര്‍ത്തൊലിച്ച് ഞാന്‍ വീണ്ടും നടന്നു. മണി രണ്ട്…മൂന്ന്… ആര്‍ക്കും സാധനം വേണ്ട. വിശന്നു
പൊറുതി മുട്ടി. ഐഡിയ! കയ്യിലിരുന്ന അമ്പതു പൈസക്ക് അടുത്തുകണ്ട മാടക്കടയില്‍ നിന്ന് രണ്ടു ഗ്യാസുമുട്ടായി വാങ്ങി. ഒരു ഗ്ലാസ്സ് പച്ചവെള്ളം ബില്‍കുല്‍ ഫ്രീ… നടപ്പ്. മണി നാലു കഴിഞ്ഞു. എന്റെ കണ്ണില്‍ ഇരുട്ടു കയറി. തളര്‍ന്നു വലഞ്ഞ ഞാന്‍ വഴിയരികിലെ ഒരു കല്ലിലേക്ക് ഇരുന്നു പോയി. മനമുരുകി പ്രാര്‍ത്ഥിച്ചു: ഒരു പീസ്…ഒരൊറ്റ പീസ് ആരെങ്കിലും വാങ്ങണേ… പരിചയമുള്ള ഒരു മുഖവുമില്ലാത്ത നാട്. ആരോടെങ്കിലും ഭക്ഷണം യാചിക്കാന്‍ അഭിമാനം അനുവദിക്കുന്നുമില്ല. പിന്നെയും നടന്നു. അഞ്ചു മണിയാ‍കുന്നു. മുന്നില്‍ക്കണ്ട വീട്ടിലേക്ക്
കയറി ബെല്ലടിച്ചു. ഒരു സ്ത്രീ ഇറങ്ങി വന്നു, കൂടെ പത്തുപതിനൊന്നു വയസ്സു പ്രായമുള്ള ഒരു ബാലനും.

സാധാരണപോലെ ഞാന്‍ പ്രോഡക്റ്റെല്ലാം പ്രദര്‍ശിപ്പിച്ച് ക്ഷീണിച്ച സ്വരത്തില്‍ വാചകമടിച്ചു. നിസ്സംഗതയൊടെ കേട്ടുനിന്ന സ്ത്രീ അവസാനം ഒറ്റപ്പറച്ചില്‍ “ഒന്നും വേണ്ട, ഒന്നുമിവിടെ ആവശ്യമില്ല”. എന്റെ ആശ കെട്ടു. ദയനീയമായി അവരെയൊന്നു നോക്കി. ആ ബാലന്‍ എന്നെ സാകൂതം വീക്ഷിച്ചുകൊണ്ടു നില്‍ക്കുകയാണ്.

പതിനെട്ടടവും പരാജയപ്പെട്ടു. എന്റെ കണ്‍‌ട്രോള്‍ വിട്ടുപോയി. ഞാന്‍ ഒറ്റക്കരച്ചില്‍. ആ സ്ത്രീ അന്ധാളിച്ചു.
“ചേച്ചീ, നേരം വെളുത്തിട്ടിതു വരെ ഒന്നും കഴിച്ചിട്ടില്ല. ഒരൊറ്റപ്പീസും വിറ്റിട്ടില്ല ചേച്ചീ…കയ്യിലഞ്ചു പൈസയില്ല. വിശന്നിട്ടെന്റെ തലകറങ്ങുന്നു. എനിക്കെന്തെങ്കിലുമൊന്നു തിന്നാന്‍ വേണ്ടിയെങ്കിലും ഒരു സാ‍ധനം ചേച്ചി വാങ്ങിക്കണം. പ്ലീസ്…” ഞാന്‍ മൂക്കു പിഴിഞ്ഞു.
അവര്‍ ചിന്താക്കുഴപ്പത്തിലായതു പോലെ തോന്നി. എനിക്കു പ്രതീക്ഷയേറി.
‘അമ്മേ, പാവം ചേട്ടന്‍. മേടീരമ്മേ, സാധനം മേടീരമ്മേ. ആ ചേട്ടന്‍ പാവമല്ലേ മേടീര്…”
ആശ്വാസത്തിന്റെ കുളിര്‍ക്കാറ്റായി ആ ബാലന്റെ സഹതാപ വാക്കുകള്‍. ഞാന്‍ കൃതജ്ഞതയോടെ അവനെ നോക്കി. ധര്‍മ്മസങ്കടത്തിലായ ചേച്ചി ഒരു ഡിഷ്‌സെറ്റ് എടുത്ത് വില ചോദിച്ചു. “എന്തവാ ലാസ്റ്റ് വെല?”
എനിക്കൊന്നും മറയ്ക്കാനില്ലായിരുന്നു.
“ചേച്ചീ നൂറ്റമ്പതു രൂപക്ക് വിറ്റാല്‍ എനിക്കു പതിനഞ്ചു രൂപ കിട്ടും.ചേച്ചിയൊരു കാര്യം ചെയ്യ്. പത്തു രൂപ കുറച്ചു തന്നാല്‍ മതി. നൂറ്റി നാല്‍പ്പത്”
അവര്‍ മനസ്സില്ലാ മനസ്സോടെ സാധനവുമായി അകത്തേക്കു പൊയി. ബാലന്‍ എന്റെയടുത്തേക്ക് വന്നു.
“കണ്ടോ, ഞാന്‍ പറഞ്ഞാല്‍ അമ്മ മേടിക്കും. ചേട്ടനു ചോറു വേണോ?”
ദൈവമേ, എന്റെ ഉള്ളു കരഞ്ഞു. മിഴികള്‍ നിറഞ്ഞു.
“മോനേ..” ഒരു ഗദ്‌ഗദം പുറത്തു വന്നു. ഞാനാ കുട്ടിയുടെ തലയില്‍ തലോടി. അവന്‍ സ്നേഹത്തോടെ
എന്നോടു ചേര്‍ന്നു നിന്നു. ഞാന്‍ കണ്ണു തുടച്ചു.
കാശുമായി അവന്റെ അമ്മ വന്നു. “ഇന്നാ, നൂറ്റമ്പതുമുണ്ട്”
“വേണ്ടി ചേച്ചീ, നൂറ്റി നാല്‍പ്പത്. പത്തുരൂപാ നഷ്‌ടം ഞാന്‍ സഹിച്ചു. ചേച്ചീടെ ഈ സഹായം ഞാന്‍ ഒരിക്കലും മറക്കത്തില്ല. ഞാന്‍ പൊയ്ക്കോട്ടേ….”
“നില്‍ക്ക്, ചോറു കഴിച്ചിട്ടു പോകാം”
“വേണ്ട ചേച്ചീ, ഇരുട്ടുന്നേനു മുമ്പേ പോണം. ഞാന്‍ പുറത്തൂന്ന് കഴിച്ചോളാം”
നിഷ്‌കളങ്കനാ‍യ ആ പൈതലിന്റെ മൂര്‍ദ്ധാവില്‍ ഒരുമ്മ വെച്ചിട്ട് ഞാന്‍ പുറത്തിറങ്ങി. എന്റെ വിശപ്പു
കെട്ടിരുന്നു. മുറുക്കാന്‍ കടയില്‍ നിന്നും ഒരു സോഡാ‍ സറുവത്ത്. അന്ന് രണ്ട് പീസു കൂടി വിറ്റുപോയി.

ആ രാത്രി അവാച്യമായ ഒരു നിര്‍വൃതിയില്‍ ലയിച്ചുറങ്ങിയ എന്റെ സ്വപ്നങ്ങളില്‍ മുഴുവന്‍ സ്നേഹസമ്പന്നനായ ആ ബാലനായിരുന്നു. ഒപ്പം നന്മയുടെ കൈത്തിരികളായ ഒരുപാടു കുഞ്ഞുങ്ങളും..
(ഈ ലക്കത്തോടെ ഈ കുറിപ്പുകള്‍ അവസാനിപ്പിക്കണമെന്നു വിചാരിച്ചതായിരുന്നു. എഴുതാനുദ്ദേശിച്ചതല്ല കടലാസില്‍ തെളിഞ്ഞത്, ഒരല്‍പ്പം നീണ്ടുപോയി. രസകരമായ ഒന്നുരണ്ടു കാര്യങ്ങള്‍ പറയാനായി ഒരു ലക്കം കൂടി പ്രിയ വായനക്കാര്‍ അനുവദിക്കുമല്ലോ…)

16 Comments »

1.

മൂന്നാം ദിവസം തിരുവല്ലായ്ക്കടുത്ത് പമ്പയറിന്റെ തീര്‍ത്തൊരിടത്തായിരുന്നു ഞാന്‍ ബസ്സിറങ്ങിയത്.

പമ്പാനദിക്കരയിലൂടെ ഞാന്‍ കിഴക്കോട്ടു നടന്നു. പച്ചപ്പു നിറഞ്ഞ ഉള്‍നാടന്‍ പ്രദേശങ്ങളിലൂടെയുള്ള

നടപ്പ് പ്രദാനം ചെയ്തിരുന്ന സന്തോഷത്തിന്റെ തിരുമധുരം ഇന്നുമെന്റെ ഓര്‍മ്മകളില്‍ കിനിയുന്നു.

എന്തെല്ലം അനുഭവങ്ങള്‍…പുതു പുതു കാഴ്ച്ചകള്‍…

പാണ്ടി എന്നൊരു സ്ഥലമുണ്ട്, ആയാപറമ്പിനടുത്ത്. അവിടെ നദി കടക്കുന്നത് ബഹുരസമാണ്.

നദിയില്‍ നാട്ടിയ മുളന്തൂണുകളിലായി നദിക്കു കുറുകേ കയര്‍ കെട്ടിയിരിക്കുന്നു. നമ്മള്‍ വഞ്ചിയില്‍ കയറി

നിന്ന് കയര്‍ പിടിച്ചു വലിച്ചു വലിച്ചു അക്കരെക്കു പോകും…തുഴയുമില്ല, തുഴച്ചില്‍ക്കാരനുമില്ല.

Comment by സിയ — February 6, 2007 @ 5:29 am
2.

ഒന്നാം ലക്കത്തില്‍ തമാശ രൂപത്തില്‍ പറഞ്ഞ കാര്യങ്ങള്‍ രണ്ടാം ലക്കമെത്തിയപ്പൊ ഭാവ സാന്ദ്രമാകുന്നു.
വിഷമിക്കാതിരിക്കൂ സിയ, ഏതിറക്കത്തിനും ഒരു കയറ്റമുണ്ട്. ശുഭപ്രതീക്ഷകളോടെ അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു.

Comment by ഇക്കാസ് — February 6, 2007 @ 5:44 am
3.

ആര്‍ദ്രമായ എഴുത്ത്. ലളിതമായ വിവരണം. വായനയുടെ സുഖവും അനുഭവ തീവ്രതയുടെ നൊമ്പരവും. കൊള്ളാം സിയാ

Comment by റെനിന്‍ — February 6, 2007 @ 6:34 am
4.

സിയാ, എഴുത്ത് നന്നായി. നേരില്‍ കണ്ട പോലെ തോന്നി. ഇത്രയധികം കഷ്ടപ്പാട് സഹിച്ചിട്ടുണ്ടല്ലേ ജീവിതത്തില്‍. ഇപ്പോള്‍ നല്ല നിലയില്‍ എത്തിയല്ലോ, ആശ്വസിക്കൂ.

Comment by ശ്രീജിത്ത് കെ — February 6, 2007 @ 7:05 am
5.

നല്ല വിവരണം
ഇത്തിരി നൊമ്പരം
സിയ എഴുതൂ വായിക്കാന്‍ ഒത്തിരി പേരുണ്ട്
സസ്നേഹം

Comment by വിചാരം — February 6, 2007 @ 7:21 am
6.

സിയാ വല്ലാതെ നോവിച്ചല്ലോ.വിയര്‍‍പ്പും കണ്ണുനീരുമാണു് അക്ഷരങ്ങളായി എന്‍റെ മുന്നില്‍‍ നിങ്ങള്‍‍ നിരത്തിയിരിക്കുന്നതു്.
ആത്മവിശ്വാസവും സ്ഥിരോത്സാഹവും നിങ്ങളെ വിജയത്തില്‍‍ നിന്നു് വിജയത്തിലേയ്ക്കു് നയിക്കും.
സസ്നേഹം,
വേണു.

Comment by വേണു — February 6, 2007 @ 7:48 am
7.

സിയാ, എല്ലാ പൊസ്റ്റുകളും വായിക്കുന്നുണ്ട്. ഈ പോസ്റ്റ് വായിച്ചിട്ട് വിഷമം തോന്നി. കഴിഞ്ഞദിവസം വീട്ടില്‍ വന്ന ഒരു സെയിത്സ്മാനോട് ഞാന്‍ നന്നായിട്ടാണോ പെരുമാറിയത് എന്നൊരു സംശയം. എന്തായാലും ഇനിയും കൂടുതല്‍ ശ്രദ്ധിക്കാം. ഇതുപോലെയുള്ള അനുഭവങ്ങള്‍ വായിക്കുമ്പോള്‍ നിസാരമെന്ന് കരുതുന്ന പല കാര്യങ്ങളും കൂടുതല്‍ മനസിലാക്കാന്‍ പറ്റുന്നു.

Comment by ശാലിനി — February 6, 2007 @ 8:16 am
8.

സിയാ,ശരിക്കും കണ്ണു നിറഞ്ഞു വായിച്ചു കഴിഞ്ഞപ്പോള്‍.ഇനിയുള്ള ജീവിതത്തില്‍ ഒരു മുതല്‍ക്കൂട്ടാകട്ടെ ഈ അനുഭവങ്ങള്‍

Comment by വല്യമ്മായി — February 6, 2007 @ 8:23 am
9.

എല്ലാം വായിച്ച് കഴിഞ്ഞശേഷം കമന്റാമെന്നു കരുതി. പക്ഷേ ഈ ‘സെന്റി’ കണ്ടപ്പോള്‍ കമന്റാതെ പോകാന്‍ തോന്നുന്നില്ല.
-നന്നായിരിക്കുന്നു, സിയാ!

Comment by ശശി — February 6, 2007 @ 9:03 am
10.

സിയ
വളരെ ഹൃദയ സ്പര്‍ശിയായി തന്നെ പറഞ്ഞിരിക്കുന്നു അനുഭവങ്ങള്‍.
ഇനിയുള്ള ജീവിതത്തില്‍ താങ്കള്‍ക്കും കുടുംബത്തിനും വഴികാട്ടിയാകട്ടെ ഈ തീയില്‍ കുരുത്ത അനുഭവസമ്പത്ത്..

Comment by അലിഫ് — February 6, 2007 @ 9:51 am
11.

മനസില്‍ തട്ടും വിധം എഴുതിയീരിക്കുന്നു സിയാ.. ധൈര്യമായിട്ട്‌ വീണ്ടും എഴുതുക. ഞങ്ങളൊക്കെ വായിക്കാനുണ്ടാകും.

ആശംസകള്‍.

ഓടോ: പിന്നെ സിയ പോയ ആ നാടുണ്ടല്ലോ, ആ ജില്ലക്കാരൊക്കെ നല്ലതു പോലെ പെരുമാറുന്ന, നല്ല ആള്‍ക്കാരാ.

Comment by തമനു — February 7, 2007 @ 5:00 am
12.

ഇക്കാസ്, റെനിന്‍,ശ്രീജി,വിചാരം, വേണുച്ചേട്ടന്‍, ശാലിനി, വല്യമ്മായി,കൈതമുള്ള് ശശിച്ചേട്ടന്‍, അലിഫ്, ത്തമന്‍ ഊച്ചേട്ടന്‍…
തുടങ്ങി കരച്ചിലടക്കാന്‍ പാടുപെടുന്ന മുഴുവന്‍ വായനക്കാര്‍ക്കും ഹൃദയം തകര്‍ന്ന നന്ദി…നമസ്കാരം.
ഓ.ടോ. തമനുച്ചേട്ടോ…ചേട്ടന്റെ ജില്ലക്കാരുടെ കയ്യിലിരുപ്പിന്റെ മഹത്തായ ഗുണങ്ങള്‍ ഞാന്‍ വഴിയേ പറഞ്ഞോളാം.

Comment by സിയ — February 7, 2007 @ 5:12 am
13.

സിയാ..
ഹൃദയസ്പര്‍ശിയായ വിവരണങ്ങള്‍

Comment by സിജു — February 7, 2007 @ 1:00 pm
14.

സിയ…ഇത്‌ ഇപ്പോഴാണു വായിച്ചത്‌.’ടച്ചിംഗ്‌’ ആയിട്ടുണ്ട്‌.

Comment by sandozone — February 7, 2007 @ 1:12 pm
15.

നന്ദി സിജു, നന്ദി സാന്‍ഡോസ്..

Comment by സിയ — February 7, 2007 @ 1:46 pm
16.

ആ രാത്രി അവാച്യമായ ഒരു നിര്‍വൃതിയില്‍ ലയിച്ചുറങ്ങിയ എന്റെ സ്വപ്നങ്ങളില്‍ മുഴുവന്‍ സ്നേഹസമ്പന്നനായ ആ ബാലനായിരുന്നു. ഒപ്പം നന്മയുടെ കൈത്തിരികളായ ഒരുപാടു കുഞ്ഞുങ്ങളും..

വളരെ മനോഹരമായിട്ടുണ്ട് സിയാ.. വളരെ വളരെ ഇഷ്ടപ്പെട്ടു.

Comment by വിശാ‍ലമനസ്കന്‍ — February 12, 2007 @ 12:52 pm

അങ്ങനെ ഒരു ഡയറക്റ്റ് മാര്‍ക്കറ്റിംഗ് - 2

പിറ്റേ ദിവസം അര്‍ക്കനേക്കാള്‍ മുമ്പേ ഉണര്‍ന്നത് ഞാനാണ്. ഏറെക്കാലം കൂടി മന‍സ്സുണ്ടായിട്ടല്ലെങ്കിലും ഒരു പ്രഭാതം കാണാന്‍ പോകുന്നുവെന്ന ചിന്ത എന്നെ ആഹ്ലാദഭരിതനാക്കി. വെളിച്ചം പരന്നിട്ടില്ല. എവിടെയോ കേട്ടു മറന്ന ശബ്ദവീചികള്‍ കാതിലലയടിച്ചു…“കൌസല്യാ സുപ്രജാ രാമ പൂര്‍വ്വ സന്ധ്യാ പ്രവര്‍ത്തതേ… ” തൊട്ടടുത്ത മണ്ണടിക്കാവ് അമ്പലത്തില്‍ നിന്നാണ്…പിന്നെയും കുറേക്കഴിഞ്ഞാണ് സുബഹി ബാങ്ക് വിളിച്ചത്. നിര്‍വൃതിയോടെ ഞാന്‍ കേട്ടു നിന്നു.

തൊടിയിലെ പടവു കെട്ടിയ കുളത്തില്‍ നന്നായൊന്നു മുങ്ങികുളിച്ചുവന്ന് പുതിയ പാന്റ്സും ഉടുപ്പും ധരിച്ചു പുറത്തിറങ്ങാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും തൊടിയും കുളവും പടവുമൊന്നുമില്ലാത്തതിനാല്‍ കിണറ്റില്‍ നിന്ന് വെള്ളം കോരിത്തന്നെ കുളിച്ചു. ഏറെ നാളിനു ശേഷം അവ്വല് സുബഹിക്ക് * എന്നെ പള്ളിയില്‍ കണ്ടപ്പോള്‍ മോതീനും മുസ് ലിയാര്‍ക്കും ആശ്ചര്യം; ആഹ്ലാദം!

പുലരിയുടെ ചന്തം എന്നെ വിസ്മയിപ്പിച്ചു; പക്ഷികളുടെ കളകൂജനങ്ങളും. ഉദയാര്‍ദ്രകിരണങ്ങള്‍ ഇലച്ചാര്‍ത്തുകളിലൂടെ അരിച്ചരിത്തെന്നു. പന്ത്രണ്ടു കൊല്ലത്തിലൊരിക്കല്‍ പൂക്കുന്നതിനാല്‍ നീലക്കുറിഞ്ഞിക്കു എന്തൊരഴക്; വല്ലപ്പോഴും മാത്രം കാണുന്ന ഈ പുലരിക്കുമതേയഴക്…

ഞാന്‍ നടന്നു. പ്രൈവറ്റ് ബസ്റ്റാന്‍ഡ് ആണ് ലക്ഷ്യം. സ്റ്റാന്‍ഡടുക്കവേ അനൌണ്‍സ്മെന്റ് കേള്‍ക്കായി…“കായംകുളത്തു നിന്നും ഒന്നാം കുറ്റി രണ്ടാം കുറ്റി മൂന്നാം കുറ്റി കറ്റാനം ചാരുമ്മൂട് കുടശ്ശനാട് മാവേലിക്കര മാന്നാര്‍ തിരുവല്ല വഴി ചങ്ങനാശ് ശ്ശേരിക്കു പുറപ്പെടുന്നു പാ‍ാ‍ാഞ്ചജന്യം. സ്റ്റാന്‍ഡിന്റെ വടക്കുവശത്തു പാര്‍ക്ക് ചെയ്യുന്നു, എടുത്തു മാറ്റെടാ #&@*…..”
പാര്‍ക്ക് ചെയ്യുന്നു എന്നതു വരെ യാത്രക്കാരോടും തെറിയുടെ അകമ്പടിയോടെയുള്ള എടുത്തു മാറ്റെടാ ബസ്സ് ഡ്രൈവറോടുമാണ്. എന്നാല്‍ കോളാമ്പിയിലൂടെ അത് പട്ടണവാസികള്‍ക്കെല്ലാം ശ്രവിക്കാം.

ചെങ്ങന്നൂരിനുള്ള ബസില്‍ ഇടം പിടിച്ചു. ജൂനിയര്‍ യേശുദാസ് ബാബു യാത്രക്കാര്‍ക്കു മുമ്പേ ബസ്സില്‍ കയറിപ്പറ്റിയിട്ടുണ്ട്. അന്ധനാണ്. നന്നായി പാടും…പാട്ടു പഠിക്കുന്നുണ്ട്. ബാബുവിന്റെ ഭൂപാള രാഗം ചില വല്യമ്മമാരുടെയെങ്കിലും ശകാരത്തിനു കാരണമാകുന്നു. ബസ് സ്റ്റാര്‍ട്ട് ചെയ്തു. ടേക്ക് ഓഫ് ചെയ്യാന്‍ ഏതാനും നിമിഷങ്ങള്‍ മാത്രം. യാത്രക്കാര്‍ സീറ്റ് ബെല്‍റ്റിനു പകരം സ്വന്തം ജീവന്‍ കയ്യിലെടുത്തു. മത്സരയോട്ടം ഇതാ തുടങ്ങുകയായി. ചെങ്ങന്നൂരില്‍ എത്തിയെങ്കില്‍ പറയാം എത്തിയെന്ന്.

ഒരമ്മാവന്‍ പെണ്ണുക്കര, പെണ്ണുക്കര..ആളെറങ്ങണമെന്നു വിളിച്ചു കൂവി. കിളി നോക്കുമ്പം പെണ്ണുക്കര സ്റ്റോപ്പില്‍ എബിമോന്‍ നിര്‍ത്തിയിട്ടിരിക്കുന്നു. ഇതു തന്നെ തക്കം. സിംഗിളിനു പകരം കിളി ട്രിപ്പിളടിച്ചു മണി! പോരാഞ്ഞ് ഒരുഗ്രന്‍ ചൂളവും…ഉശിരു കേറിയ ഡ്രൈവര്‍ ആക്സിലേറ്ററില്‍ ഊക്കന്‍ ചവിട്ടു ചവിട്ടി… ബസ്സ് എബിമോനെയും മറികടന്ന് കുതിച്ചു. മൂന്നു സ്റ്റോപ്പകലെ അമ്മാവനെ ഇറക്കിവിടുമ്പോള്‍ ഒരുപദേശം കൊടുക്കാന്‍ കിളി മറന്നില്ല.“അമ്മാവോ സൈഡിക്കുടെ പോണേ… എറച്ചീ മണ്ണു പറ്റിക്കല്ലേ..”

ഞാനാരാ മോന്‍? എനിക്കിറങ്ങേണ്ട സ്റ്റോപ്പിനും രണ്ട് സ്റ്റോപ്പ് മുന്നേ ആളെറങ്ങണമെന്നു ഞാനും വിളിച്ചു പറഞ്ഞു.എന്നാല്‍ ഉദ്ദേശിക്കുന്ന സ്റ്റോപ്പില്‍ കൃത്യമായി ഇറങ്ങാമല്ലോ….ഞാനതു പറയേണ്ട താമസം, ചെറുപ്പക്കരനായതിനാലാവാം-കിളി ഒറ്റ ബെല്ല്…സിംഗിളു തന്നെ. ഞാന്‍ വിയര്‍ത്തു. “സോറി, സോറി ഇതല്ല, മാറിപ്പോയതാ..രണ്ടു സ്റ്റോപ്പ് കഴിഞ്ഞാ എറങ്ങേണ്ടത്….” കിളി ഒന്നു മൂളി. ക്രിസ്ത്യന്‍ കോളജ് ജംഗ്ഷനില്‍ ഇറങ്ങണമെന്ന് വിളിച്ചു കൂവിയിട്ടും കിളി മൈന്‍ഡ് ചെയ്യാതിരുന്നപ്പോഴാണ് മൂളലിന്റെ അര്‍ത്ഥം മന‍സ്സിലായത്. “ദേണ്ടെ, അമ്മാവനോടു കളിച്ച പോലെ എന്നോട് കളിക്കരുത് കേട്ടോ..അടിയെടാ ബെല്ല് ”. നൂറു വാരയല്ലേ മുന്നോട്ടു പോയുള്ളൂ എന്ന ആശ്വാസത്തില്‍ ഞാന്‍ ഓഫീസിലേക്കു നടന്നു.

ട്രെയ്നിംഗിന്റെ രണ്ടാം ദിവസം. കുറേയേറെ സാധനങ്ങള്‍ നിരത്തിവെച്ചിരിക്കുന്നു. ഒരിക്കലും ചൂടു നഷ്ടപ്പെടാത്ത കാസറോള്‍ (അടുപ്പില്‍ വെച്ചാല്‍ മതി), ഒരിക്കലും പൊട്ടാത്ത ഡിന്നര്‍ സെറ്റ് (ഷോ കേസില്‍ വെക്കണം), പത്തുകൊല്ലത്തെ ഗ്യാരണ്ടിയുള്ള ടോര്‍ച്ച് (കമ്പനിക്ക് 6 മാ‍സം ആയുസ്സ്), വളര്‍ന്ന പെണ്‍കുട്ടികളുള്ള വീട്ടിലേക്ക് കോളര്‍ ഐഡി (നമ്പര്‍ തെറ്റിക്കാണിക്കുന്നതിനാല്‍ വാങ്ങുന്നവന് മാനനഷ്ടം, ധന നഷ്ടം, ആയുരാരോസ്യ സൌഖ്യം), ഫ്ലവര്‍ വേസ് (തരക്കേടില്ല) ഇത്യാതി പ്രമുഖ ഉത്പന്നങ്ങളാണ് മാര്‍ക്കറ്റ് ചെയ്യേണ്ടത്. മാനേജര്‍ സാര്‍ എഴുന്നെള്ളുകയായി.
“ഡിയര്‍ ഫ്രണ്ട്സ്, നിങ്ങള്‍ എങ്ങനെയാണ് ഈ സാധനങ്ങള്‍ കസ്റ്റമേഴ്സിനെക്കൊണ്ട് പര്‍ച്ചേസ് ചെയ്യിക്കുക?”
പലരും പലതും പറഞ്ഞു. ഗുണഗണങ്ങള്‍ വര്‍ണ്ണിക്കുമെന്നു പറഞ്ഞു. ഇതാനയാണ്, ചേനയാണ്…
ഊറിയ ചിരിയോടെ മാനേജര്‍ തുടര്‍ന്നു:“നോ നൊ നൊ നോ….ഒരിക്കലും പ്രോഡക്റ്റിന്റെ ഗുണഗണങ്ങള്‍ പറഞ്ഞു നിങ്ങള്‍ എനര്‍ജി വേസ്റ്റാക്കരുത്. കസ്റ്റമര്‍ വാങ്ങുകയുമില്ല. നോക്കൂ ഇതിനെന്താ വില..150 രൂപ. നിങ്ങള്‍ നൂറ്റമ്പതല്ല പറയേണ്ടത്. ദാ നോക്കൂ…ഇങ്ങനെ പറയണം..ഡിയര്‍ മാഡം, അടുത്തിടെ മാര്‍ക്കറ്റിലിറങ്ങാന്‍ പോകുന്ന ഈ മനോഹര ഉത്പന്നത്തിന്റെ ഹൌസ് കാമ്പയിനിനു വന്നതാണ് ഞാന്‍. മാര്‍ക്കറ്റില്‍ ഇതിനു 359 രൂപ അമ്പതു പൈസയാണ് വില. നിങ്ങള്‍ ഏതു മാര്‍ക്കറ്റില്‍ ചെന്നാലും ആ വിലയാകും. എന്നാല്‍ പരസ്യപ്രചരണാര്‍ത്ഥം ഇന്നു മാത്രം നിങ്ങള്‍ക്ക് വെറും 150 രൂപക്ക് ഈ പ്രോഡക്റ്റു കിട്ടും. എത്ര പീസ് എടുക്കണം മാഡം?”
ഹൌ! എന്തൊരു തന്ത്രം…അപ്പം ഇതിനാണല്ലേ തൊലിക്കട്ടി വേണ്ടത്. ഇതിലെ നൈതികത എന്നെ വീര്‍പ്പുമുട്ടിച്ചെങ്കിലും കൂടുതല്‍ ആലോചിക്കാന്‍ മെനക്കെട്ടില്ല. പ്രോഡക്റ്റെല്ലാം മഹാശ്ചര്യം, നമുക്കും കിട്ടണം പണം!
“നിങ്ങള്‍ കസ്റ്റമറെ ബോധ്യപ്പെടുത്തുന്നതിനായി ഇങ്ങനെ ശ്വാസം വിടാതെ പറയുന്നതിന് പിച്ചിംഗ് എന്നാണ് പറയുക. എത്ര നന്നായി നിങ്ങള്‍ പിച്ച് ചെയ്യുന്നുവോ അത്രയും കൂടുതല്‍ സാധനങ്ങള്‍ നിങ്ങള്‍ക്ക് വിറ്റഴിക്കാം. കണ്ണില്‍ നോക്കി ആത്മവിശ്വാസത്തോടെ പറയണം. പിച്ചിംഗിന് പരിശീലനം ആവശ്യമുണ്ട്. ദാ എല്ലാവെരും ഇങ്ങോട്ടു നോക്കൂ….ഞാന്‍ പറയുന്നത് പോലെ പറയൂ….വഴക്കത്തോടെ പിച്ചു ചെയ്യാന്‍ ഇതു സഹായിക്കും”
ഞങ്ങള്‍ കാതുകൂര്‍പ്പിച്ചു.

“ദാ ഇങ്ങനെ.
അരക്കില്ലം മഠത്തിച്ചെന്നരിയെടുത്തവിലെടുത്തരക്കെടുത്തുരുക്കെടുത്തരക്കില്ലം മഠത്തിത്തന്നരിയുംവിറ്റവിലുംവിറ്റരക്കുംവിറ്റുരുക്കുംവിറ്റപ്പന്‍ ഉപ്പും കൊണ്ടിപ്പവരും…ഉറക്കെപ്പറയൂ….”
ഹൌ…കേട്ടുനിന്ന ഞങ്ങള്‍ക്ക് ശ്വാസം മുട്ടി…കണ്ണു തുറിച്ചു.
************************

ആദ്യരണ്ടു ദിവസം ട്രെനിംഗ് തരാന്‍ ഒരു സീനിയര്‍ കൂടെ വന്നു. അയാള്‍ ചിലപ്പോഴെല്ലാം നമ്മളെക്കൊണ്ടു ‘പിച്ച്‘ ചെയ്യിക്കും. വെള്ളത്തില്‍ ചാടി ചാകാന്‍ പോകുന്നവന് കുടയെന്തിന്…ഞാന്‍ നാണം ദൂരെയെറിഞ്ഞു, അതൊരു ഭാരമാണ്. ആത്മവിശ്വാസം ഊതിപ്പെരുപ്പിച്ചു. കസ്റ്റമര്‍ വെറും പീറ, ഞാനോ ഇന്റര്‍നാ‍ഷണല്‍ മാര്‍ക്കറ്റിംഗ് കമ്പനിയുടെ എക്സിക്യൂട്ടീവ് റെപ്പ്.

ഏകനായി റെപ്പാന്‍ പോയ ആദ്യദിനം. ഗ്രാമങ്ങളായിരുന്നു എന്റെ ചോയ്സ്. കച്ചോടം നടന്നില്ലെങ്കിലും ഗാന്ധിജി പറഞ്ഞപ്രകാരം ഇന്ത്യയുടെ ആത്മാവ് എങ്കിലും നേരില്‍ ദര്‍ശിക്കാമല്ലോ. നഗരവാസികളെ അപേക്ഷിച്ച് ഗ്രാമീണര്‍ പെട്ടെന്ന് വലയില്‍ വീഴുമെന്ന ഗൂഢോദ്ദേശ്യവുമുണ്ടായിരുന്നു. ഏതെങ്കിലും ഒരു സ്ഥലത്ത് ബസ്സിറങ്ങും. പ്രഭാതം മുതല്‍ പ്രദോഷം വരെ നടപ്പ്. വീടുകളില്‍ നിന്ന് വീടുകളിലേക്ക്…കുടിലു മുതല്‍ കൊട്ടാരം വരെ, പഞ്ചായത്താപ്പീസ്, വില്ലേജാപ്പീസ്, പോലീസ് സ്റ്റേഷന്‍ (അതെനിക്കു നല്ല പരിചയമായിരുന്നു, പോലീസുകാരിലെ മനുഷ്യസ്നേഹികളെ ഞാന്‍ നേരിട്ടറിഞ്ഞിട്ടുണ്ട്), പ്രാഥമികാരോഗ്യ കേന്ദ്രം, സ്വകാര്യാശുപത്രികള്‍ (ഉച്ചക്ക് 2 മണിക്കൂര്‍ റെസ്റ്റ് അവിടെയാണ്. രോഗികളും സന്ദര്‍ശകരും വളരെക്കുറവുള്ള ബെസ്റ്റ് ടൈം), ക്ഷേത്രങ്ങള്‍, പള്ളികള്‍, പള്ളിക്കൂടങ്ങള്‍..‍എല്‍.പി മുതല്‍ എച്ച് എസ്സ് വരെ (അന്ന് പന്ത്രണ്ട് വന്നിട്ടുണ്ടായിരുന്നില്ല) ഇനിയൂലകത്തില്‍ ഞാന്‍ ചവിട്ടാത്തൊരു മണ്ണ് ഫൂമിമലയാളത്തിലില്ല. 30 രൂപ അന്നത്തെ വരുമാനം. വണ്ടിക്കൂലീം കഴിച്ച് രണ്ടര രൂപ അമ്പതു പൈസ.
രണ്ടാം ദിനം ഉഷാറായിരുന്നു….80 രൂപ. ഒരു സ്കൂളിലെ ടീച്ചര്‍മാരെ അടങ്കം പറ്റിച്ചു. അന്ന് തങ്കപ്പണ്ണന്റെ മുറുക്കാന്‍ കടയില്‍ നിന്ന് ആത്മാഭിമാനത്തോടെ വിത്സ് വലിച്ചു. എ.ഡി.ബിക്ക് കേരളം കൊടുക്കുന്നത് പോലെയൊരു പ്രീമിയം തങ്കപ്പണ്ണന് കൊടുത്തു.

മൂന്നാം ദിനം. അനുദിനമുള്ള പുരോഗതിയില്‍ അമിത വിശ്വാസമര്‍പ്പിച്ച എനിക്ക് ആകെപ്പിഴച്ച ദിവസം!
(തുടരും)

14 Comments »

1.

പിറ്റേ ദിവസം അര്‍ക്കനേക്കാള്‍ മുമ്പേ ഉണര്‍ന്നത് ഞാനാണ്. ഏറെക്കാലം കൂടി മന‍സ്സുണ്ടായിട്ടല്ലെങ്കിലും ഒരു പ്രഭാതം കാണാന്‍ പോകുന്നുവെന്ന ചിന്ത എന്നെ ആഹ്ലാദഭരിതനാക്കി. വെളിച്ചം പരന്നിട്ടില്ല. എവിടെയോ കേട്ടു മറന്ന ശബ്ദവീചികള്‍ കാതിലലയടിച്ചു…“കൌസല്യാ സുപ്രജാ രാമ പൂര്‍വ്വ സന്ധ്യാ പ്രവര്‍ത്തതേ… ” തൊട്ടടുത്ത മണ്ണടിക്കാവ് അമ്പലത്തില്‍ നിന്നാണ്…പിന്നെയും കുറേക്കഴിഞ്ഞാണ് സുബഹി ബാങ്ക് വിളിച്ചത്. നിര്‍വൃതിയോടെ ഞാന്‍ കേട്ടു നിന്നു.

Comment by സിയ — January 28, 2007 @ 2:59 pm
2.

ഏതെങ്കിലും ഒരു സ്ഥലത്ത് ബസ്സിറങ്ങും. പ്രഭാതം മുതല്‍ പ്രദോഷം വരെ നടപ്പ്. വീടുകളില്‍ നിന്ന് വീടുകളിലേക്ക്…കുടിലു മുതല്‍ കൊട്ടാരം വരെ, പഞ്ചായത്താപ്പീസ്, വില്ലേജാപ്പീസ്, പോലീസ് സ്റ്റേഷന്‍ (അതെനിക്കു നല്ല പരിചയമായിരുന്നു, പോലീസുകാരിലെ മനുഷ്യസ്നേഹികളെ ഞാന്‍ നേരിട്ടറിഞ്ഞിട്ടുണ്ട്), പ്രാഥമികാരോഗ്യ കേന്ദ്രം, സ്വകാര്യാശുപത്രികള്‍ (ഉച്ചക്ക് 2 മണിക്കൂര്‍ റെസ്റ്റ് അവിടെയാണ്. രോഗികളും സന്ദര്‍ശകരും വളരെക്കുറവുള്ള ബെസ്റ്റ് ടൈം)

Comment by സിയ — January 28, 2007 @ 3:13 pm
3.

Direct marketing….nannavunnu….

Comment by G.Manu — January 29, 2007 @ 5:03 am
4.

കലക്കുന്നുണ്ട് ഉണ്ണിയേയ്. ഇതങ്ങ് വലിച്ച് നീട്ടാണ്ട് സസ്പെന്‍സ് അങ്ങട് പൊളിക്ക് അനിയാ. ടെന്‍ഷന്‍ അടിച്ച് ചാവാറായി.

Comment by ശ്രീജിത്ത് കെ — January 29, 2007 @ 5:21 am
5.

ആഹ! ഇത് കലക്കുന്നുണ്ടല്ലോ സിയ..
കാടും മേടും താണ്ടിയുള്ള നടപ്പിന്റെ കഥകള്‍ ലവന്‍ പറഞ്ഞ പോലെ വലിച്ചു നീട്ടാതെ വേഗം വേഗം ഇങ്ങട് ഇടുക.. നോം വായിച്ചു രസിക്കട്ടെ.

Comment by ഇക്കാസ് — January 29, 2007 @ 5:28 am
6.

അരക്കില്ലം മഠത്തിച്ചെന്നരിയെടുത്തവിലെടുത്തരക്കെടുത്തുരുക്കെടുത്തരക്കില്ലം മഠത്തിത്തന്നരിയുംവിറ്റവിലുംവിറ്റരക്കുംവിറ്റുരുക്കുംവിറ്റപ്പന്‍ ഉപ്പും കൊണ്ടിപ്പവരും…ഉറക്കെപ്പറയൂ….”
ഇതൊരു സാമ്പിള്‍ മാത്രമായിരുന്നു…അവിടെ നിന്നും പഠിച്ച വേറൊരു സാധനം ഇതാ…
Betty bought some butter but the butter was bitter so she bought some better butter to make the bitter butter better

Comment by സിയ — January 29, 2007 @ 5:37 am
7.

സിയ, വളരെ ലളിതമായ വിവരണം. ആ പിച്ചിംഗ് എക്സര്‍സൈസ് കലക്കന്‍, പോരട്ടെ അടുത്തതും.

Comment by അലിഫ് — January 29, 2007 @ 6:14 am
8.

ദേ.. ഒരു കാര്യം നിന്നോട് തൊള്ളയില്‍ കൊള്ളാത്ത ഈ ജാതി ഡയലോഗുമായി ..അരക്കില്ലം മഠത്തിച്ചെന്നരിയെടുത്തവിലെടുത്തരക്കെടുത്തുരുക്കെടുത്തരക്കില്ലം മഠത്തിത്തന്നരിയുംവിറ്റവിലുംവിറ്റരക്കുംവിറ്റുരുക്കുംവിറ്റപ്പന്‍ ഉപ്പും കൊണ്ടിപ്പവരും…ഉറക്കെപ്പറയൂ….”
ഇനിയെങ്ങാനും വന്നാല്‍ .. കാര്യം പറഞ്ഞേക്കാം തലമണ്ട അടിച്ച് പൊളിക്കും
കസറുന്നുണ്ട് ട്ടോ .. വരട്ടെ അടുത്തത്

Comment by വിചാരം — January 29, 2007 @ 6:15 am
9.

ഡയറക്റ്റ് മാര്‍ക്കറ്റിംഗുകാരുടെ വിപണന തന്ത്രങ്ങളാണല്ലോ സിയ പുറത്താക്കുന്നത്

Comment by സിജു — January 29, 2007 @ 6:19 am
10.

ഡയറക്റ്റ് മാര്‍ക്കറ്റിംഗുകാരുടെ വിപണന തന്ത്രങ്ങള്‍ എന്നെങ്കിലും പുറത്താക്കണമെന്ന് ഞാന്‍ പണ്ടേ കരുതിയതാണ്.
തൊഴിലില്ലാതെ അലയുന്ന ഒത്തിരി യുവതീ യുവാക്കളെയും നാട്ടുകാരെയുമാണ് അവര്‍ പച്ചക്ക് വഞ്ചിക്കുന്നത്.

Comment by ziya — January 29, 2007 @ 7:29 am
11.

സിയ..
ഡയറക്റ്റ്‌ മാര്‍ക്കറ്റിംഗ്‌ കൊള്ളാം.

കൃഷ്‌ | krish

Comment by കൃഷ്‌ | krish — January 29, 2007 @ 8:14 am
12.

വേഷങ്ങള്‍ എന്തൊക്കെ കെട്ടണം.ഇന്ത്യയുടെ ആത്മാവ് നേരില്‍ ദര്‍ശിക്കുന്നതോടൊപ്പം സ്വന്തം ആത്മാവും.അടുത്തതു പോരട്ടെ സിയാ.

Comment by venu — January 29, 2007 @ 9:32 am
13.

മനു, ശ്രീ, ഇക്കാസ്, അലിഫ്, വിചാരം, സിജു, കൃഷ്, വേണുച്ചേട്ടന്‍ എല്ലാവര്‍ക്കും ഹൃദയംഗമായ നന്ദി രേഖപ്പെടുത്തിക്കൊണ്ട്…
അടുത്ത ഒരു രംഗത്തോടു കൂടി ഈ മാര്‍ക്കറ്റിംഗിനു തിരശ്ശീല വീഴുന്നതായിരുക്കുമെന്ന സന്തോഷ വാര്‍ത്ത ബൂലോഗരെ ആഹ്ലാദപൂര്‍വ്വം അറിയിച്ചു കൊള്ളട്ടെ!

Comment by സിയ — January 29, 2007 @ 10:20 am
14.

മൂന്നാം ഫാഗം എന്ത്യേ?

Comment by റെനിന്‍ — January 31, 2007 @ 2:58 pm

അങ്ങനെ ഒരു ഡയറക്റ്റ് മാര്‍ക്കറ്റിംഗ് - 1

2007 ജനുവരി 27 ന് ‘അങ്ങനെ ഓരോന്നില്‍ ’ പ്രസിദ്ധീകരിച്ചത്

കൌമാരമൊക്കെ കഴിഞ്ഞു യുവത്വത്തിലേക്കു പ്രവേശിക്കുന്ന സുരഭില കാ‍ലഘട്ടം പ്രാരബ്ധങ്ങളുടേത് കൂടിയാ‍യിരുന്നു. “എത്ര കാലമാടാ തന്തേടേം തള്ളേടേം ചെലവില്‍” എന്ന മാതാജിയുടെ മന്ത്രോച്ചാരണം പുളകിതമാ‍ക്കിയിരുന്ന പുലര്‍വേളകള്‍. പുറത്തിറങ്ങുമ്പോള്‍ എതിരേ വരുന്ന മൂപ്പിത്സിന്റെ കുശലാന്വേഷണം.“ ജോലിയൊന്നുമായില്ല, ഇല്ലിയോ മോനേ…” ഒന്നും മിണ്ടാതെ നടന്നു നീങ്ങുമ്പോള്‍ മൂ‍പ്പിലാന്റെ ആത്മഗതം കേള്‍ക്കാം…“കാല്‍ സറായീം കേറ്റി രാവിലെ എറങ്ങിക്കോളും, നാട്ടുകാരുടെ നെഞ്ചത്തു കേറാന്‍…എവനെക്കൊണ്ടൊന്നും ജോലീം വേലേമെടുക്കാന്‍ ആകത്തില്ല…”

തങ്കപ്പണ്ണന്റെ മുറുക്കാന്‍ കടേലെ ബെഞ്ചിലിരുന്ന് തല ചൊറിയും. “അമ്മാ വല്ലതും തരണേക്ക്” അമ്പത് പൈസാ കൈവെള്ളയിലേക്കെറിഞ്ഞു കൊടുക്കുന്ന ധനിക വീട്ടമ്മയുടെ ധാര്‍ഷ്ട്യത്തോടെ തങ്കപ്പണ്ണന്‍ കയ്യിലേക്കെറിഞ്ഞു തരും…ഒരു പൊതി മൈസൂര്‍ ബീഡി! മുറുക്കാന്‍ കടേലെ പറ്റുപടി റോക്കറ്റ് കണക്കേ മുകളിലേക്കുയരുന്നതിന്റെ സന്തോഷപ്രകടനം മാത്രമാണത്. വില്‍സ് , സിസര്‍ ഫില്‍ട്ടര്‍ തുടങ്ങിയ ആഡ്യ മഞ്ഞപ്പഞ്ഞിക്കാരില്‍ നിന്നും ഫില്‍ട്ടറില്ലാത്ത സാദാ സിസര്‍, നാലണയുടെ ചാര്‍മിനാര്‍ എന്നിവര്‍ വഴി ഇപ്പോള്‍ എത്തി നില്‍ക്കുന്നത് നാലണക്ക് നാലുള്ള മൈസൂ‍ര്‍ ബീഡിയിലാണ്.

ജോലിക്കൊന്നും ശ്രമിക്കാഞ്ഞിട്ടല്ല. മഹത്തായതെന്നു ലോകം വാഴ്ത്തുന്ന വാധ്യാരു പണിയില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് താ‍നും. വീടു വീടാന്തരം കയറിയിറങ്ങി കുട്ടികളെ പഠിപ്പിക്കുന്ന ‘ഹോം ട്യൂഷന്‍’ എന്ന കലാപരിപാടിക്ക് ‘കറവ’ എന്നാണ് നാട്ടുകാര്‍ കല്‍പ്പിച്ചു നല്‍കിയിരിക്കുന്ന ഓമനപ്പേര്. ‘കറക്കു’ന്നത് പശുക്കളെയല്ല, പിഞ്ചുപൈതങ്ങളെയാണെന്ന് മാത്രം. ഒന്നു രണ്ടു കറവ സ്വന്തമായി ഉണ്ടെങ്കിലും കറവക്കാശ് മൂക്കിപ്പൊടിക്കു പോലും തികയുന്നില്ല.

ട്യൂട്ടോറിയല്‍ കോളജില്‍ പഠിപ്പിക്കുന്നത് കൊണ്ട് രണ്ട് ലാഭമുണ്ട്. “വാധ്യാരേ…..”ന്ന് നാട്ടുകാരുടെ നീട്ടിയുള്ള പരിഹാസവിളിയും അരുതാത്തിടങ്ങളില്‍ അരുമശിഷ്യന്മാരെയെങ്ങാനും കണ്ടുപോയാല്‍ “ഇങ്ങേര്‍ക്കിതെന്തിന്റെ കേടാ, എഴുന്നെള്ളാന്‍ കണ്ട നേരമെന്ന” അവന്മാരുടെ കുശുകുശുപ്പും. ‘അക്ഷരാ കോളജില്‍‘ നിന്ന് മൊത്തത്തില്‍ കിട്ടുന്ന ഫീസ് പ്രിന്‍സിപ്പാളിന്റെ സഹധര്‍മ്മിണിക്ക് കണ്മഷി വാങ്ങാന്‍ പോലും തികയുന്നില്ലത്രേ. അങ്ങേരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. ഉത്സവക്കമ്മിറ്റിക്ക് പിരിവു കൊടുക്കാന്‍ അറുക്കി ആനവാരി രാമന്‍നായര്‍ക്കുണ്ടാകുന്ന മന:പ്രയാസത്തേക്കാള്‍ ഒത്തിരി കൂടുതലാണ് ഫീസു കൊടുക്കുന്ന കാര്യത്തില്‍ വത്സലശിഷ്യന്മാര്‍ക്കുണ്ടാകുന്നത്.

അങ്ങനെ കഴിഞ്ഞുകൂടുന്ന സമ്മോഹന കാലഘട്ടത്തിലാണ് പതിവുള്ള പത്രവായനക്കിടയില്‍ പതിവില്ലാത്തൊരു ശീലം പിടികൂടിയത്- ക്ലാസിഫൈഡ്സ് പേജ് അരിച്ചുപെറുക്കല്‍. ഏതൊക്കെ തൊഴിലുടമകള്‍ എന്തൊക്കെ തൊഴിലുകള്‍ വെച്ചു നീട്ടിയാണ് നമ്മെ മാടി മാടി വിളിക്കുന്നത് എന്ന ആത്മാര്‍ത്ഥമായ ഒരന്വേഷണം. ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ എന്ന വേദവാക്യം അന്വര്‍ത്ഥമാ‍ക്കിക്കൊണ്ട് ഒരുനാള്‍ ഞാനും കണ്ടെത്തി; ഒരു എമണ്ടന്‍ പരസ്യം!

“മാനേജ്മെന്റ് ട്രെയിനികളെ ആവശ്യമുണ്ട്
നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റിംഗ് കമ്പനിയിലേക്ക് മാനേജ്മെന്റ് ട്രെയിനികളെ ആവശ്യമുണ്ട്. തെരെഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 3 മാസത്തെ ട്രെയ്നിംഗിനു ശേഷം മാനേജര്‍ തസ്തികയില്‍ 15000 രൂപ ശമ്പളത്തില്‍ സ്ഥിര നിയമനം. ട്രെയ്നിംഗ് കാലയളവില്‍ പ്രതിമാസം 6000 രൂപ സ്റ്റൈപ്പന്റ്. ഉടന്‍ അപേക്ഷിക്കുക…”

ഒരാന്തലോടെ കിടക്കപ്പായയില്‍ നിന്നു ചാടിയെഴുന്നേല്‍ക്കാന്‍ തുനിഞ്ഞതാണ്. എന്നാല്‍ ആത്മസംയമനം പാലിക്കാന്‍ പൂര്‍വ്വാനുഭവങ്ങള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചവശ്യപ്പെട്ടതിനാല്‍ വലിയ ആമോദമൊന്നും പുറത്തു കാട്ടാതെ പതുക്കെമാത്രം എഴുന്നേറ്റു. അനുഭവം ഗുരു…ഓരോ പി.എസ്.സി വിജ്ഞാപനം പുറത്തിറങ്ങുമ്പോഴും പൊറുതിമുട്ട് വീട്ടുകാര്‍ക്കാണ്.
ലോട്ടറിയടിച്ച വിവരം പറയാന്‍ പാഞ്ഞു വരുന്ന ഏജന്റിനെപ്പോലെ കുതിച്ചൊരു വരവാണ് വീട്ടിലേക്ക്…പിതാജി കഴുത്തിനു പിടിക്കുമെന്നതിനാല്‍ ഇടപാടുകളത്രയും മാതാശ്രീയുമായാണ്.
ഓടിയണച്ച് വന്നിട്ട് ഒറ്റപ്പറച്ചിലാണ്..
“എട്, എട് അഞ്ചു രൂപയെട്..”
“ങ് ഹാ അഞ്ചു രൂപയോ, എന്തോത്തിനാ?”
“വിസ്തരിക്കാനൊന്നും സമയമില്ല, സര്‍ക്കാരിനെന്നെ ആവശ്യമുണ്ട്…ഇന്നയച്ചില്ലേപ്പിന്നെ പറഞ്ഞിട്ടു കാര്യമില്ല. പി.എസ്.സി ഫോം മേടിക്കണം”
“രണ്ട് രുവാടെ ഫോമിനെന്തിനാടാ അഞ്ചു രൂഫാ?”
“ങേ, വിജ്ഞാന ഭവന്‍ വരെ പോകാന്‍ സൈക്കിളു വാടക കൊടുക്കണ്ടായോ. അഞ്ചു രുവാ എടുക്കുന്നൊണ്ടോ ഇല്ലിയോ…”
പാവം, ജോലി കിട്ടുന്ന കാര്യമല്ലിയോന്നു വിചാരിച്ചു അഞ്ച് രൂപ എടുത്തു തരും. അതും മേടിച്ച് ‘കൂട്ടുകാരന്റെ സൈക്കിളുമെടുത്ത് ‘ പോകാന്‍ പോകുന്നതിനു മുമ്പ് ഉമ്മയോട് ഒരു സമാശ്വാസ ചോദ്യം ചോദിക്കും. “ഞാന്‍ കമ്പോളത്തില്‍ പോകുവാ, വീട്ടിലേക്കു വല്ലോം മേടിക്കണോ?”
വീട്ടുകാര്യങ്ങളിലുള്ള ഉത്തരവാദിത്വം കൊണ്ടൊന്നുമല്ല ഈ അന്വേഷണം; മറിച്ച് ഒരു കുംഭകോണ സാധ്യതയെ മുന്‍ നിര്‍ത്തിയാണ്. സാധനങ്ങളുടെ പുറത്തു രണ്ടു രൂപ വീതം കൂട്ടിപ്പറഞ്ഞ് ഇങ്ങനെ കുംഭകോണിക്കുന്നത് കൂട്ടുകാരോടൊപ്പം ചായക്കടേല്‍ പോകുമ്പം നാണംകെടാതിരിക്കാന്‍ മാത്രമാണ്.

ഒരു പി.എസ്.സി ഫോം അയച്ചു കഴിഞ്ഞാല്‍ പിന്നെ സര്‍ക്കാരുദ്യോഗസ്ഥനെപ്പോലെയാണ് നടപ്പും ഇരിപ്പും. വീട്ടില്‍ വരുത്തുന്ന പത്രത്തിനോപ്പം എന്റെ സ്പെഷലായി വരുത്തുന്ന ബാലരമ, പൂമ്പാറ്റ, മാതൃഭൂമി വാരിക തുടങ്ങിയ പീരിയോഡിക്കത്സിന്റെ കിട്ടാക്കടം പത്രക്കാരന്‍ പയ്യന്‍ ചോദിക്കുമ്പോള്‍ അവജ്ഞയോടെ ഒരു പറച്ചിലുണ്ട്…”ഡേയ് പയ്യന്‍സ്, അധികം ഞെളിയല്ലേ, അപ്പോയിന്റ്മെന്റ് ഓര്‍ഡര്‍ കയ്യിക്കിട്ടാന്‍ പോകുവാ. നീ പോയിട്ടു പിന്നെ വാ..” ഇന്‍സ്റ്റാള്‍മെന്റിനു പുസ്തകം തരുന്ന മോഹന്‍ ചേട്ടന്‍ റെവന്യൂ റിക്കവറിക്ക് മുതിരുമ്പോള്‍ പിടിച്ചു നില്‍ക്കാനുള്ള കച്ചിത്തുരുമ്പും ഇതുതന്നെ.
ടെസ്റ്റിനു പോകാന്‍ വണ്ടിക്കൂലി, വഴിച്ചെലവ്, പള്ളീലെ കാണിക്കവഞ്ചിയില്‍ നേര്‍ച്ച (ദൈവമേ ക്ഷമിക്കണേ) തുടങ്ങിയ ഇനങ്ങളിലായി വന്‍ സാമ്പത്തിക ബാ‍ധ്യത വീട്ടുകാര്‍ക്കു നിരന്തരം വരുത്തിവെച്ചിട്ടും സര്‍ക്കാരിന്റെ അനുഗ്രഹത്താല്‍ ഇതുവരെ യാതൊരു ഉള്‍വിളിയും കേള്‍ക്കേണ്ടി വന്നിട്ടില്ലാത്തതിനാലാണ് പുതിയ സ്വകാര്യ ജോലിപ്പരസ്യത്തെക്കുറിച്ച് വീട്ടില്‍ പറയാന്‍ അശേഷം ധൈര്യമില്ലാതെ പോയത്. എന്തായാലും ഈ വിവരം ഇപ്പോള്‍ പറയണ്ട. കൂടുതല്‍ സാധ്യതകള്‍ അറിഞ്ഞിട്ടു പറഞ്ഞാല്‍ മതിയെന്നു ഉറപ്പിച്ചു.

ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റിംഗ് കമ്പനിക്കാരെ ഫോണില്‍ വിളിച്ച് വിവരങ്ങളന്വേഷിച്ചു. ചെങ്ങന്നൂരിലാണ് ആപ്പീസ്. ഇന്റര്‍വ്യൂവിന്റെ തീയതിയും പറഞ്ഞുതന്നു. ഇന്റര്‍വ്യൂവിന് അറ്റന്‍ഡ് ചെയ്തു. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജിനടുത്താണ് ഓഫീസ്. ഇന്റര്‍വ്യൂ ബോര്‍ഡില്‍ സിമ്പളന്മാരായ രണ്ടു ചെറുപ്പക്കാര്‍. അവര്‍ സാ‍യിപ്പിന്‍ കുഞ്ഞുങ്ങളെപ്പോലെ വാ തോരാതെ ഇംഗ്ലീഷ് പറഞ്ഞുകോണ്ടേയിരുന്നു. വലിയ മാര്‍ക്കറ്റിംഗ് കമ്പനിയാണ്. എറണാകുളത്താണ് ഹെഡ്ഡാപ്പീസ്. ഇന്ത്യയിലെ കണ്ണായ സ്ഥലങ്ങളിലെല്ലാം ഓഫീസുകളുണ്ട്. നിയമനം അവിടെ എവിടേക്കുമാകാം. തയ്യാറാണെങ്കില്‍ ട്രെയ്നിംഗിനു ചേരാം. മാസം ആറായിരം രൂപ സ്റ്റൈപന്‍ഡ് തരുന്നതായിരിക്കും. ട്രെയ്നിംഗ് സമയത്ത് മിടുക്ക് തെളിയിക്കുന്നവര്‍ക്ക് മാനേജരായി പോസ്റ്റിംഗ്. ഞാന്‍ മനസ്സില്‍ കണക്കു കൂട്ടി. ഇനി മാനേജരായി ജോലി ലഭിച്ചില്ലെങ്കിലെന്ത്? കുറേക്കാലം ഈ ട്രെയ്നിപ്പണി തന്നെ ധാരാളം…ആറായിരമല്ലേ ഉറപ്പായിട്ടുംകിട്ടാന്‍ പോകുന്നത്. അത്യാവശ്യം ഇടപാടുകള്‍ക്കൊരു നിവൃത്തിയാകും.ചേരേണ്ട ദിവസം അവര്‍ അറിയിക്കും. നല്ല എക്സ്ക്യൂട്ടീവ് വേഷവിധാനങ്ങള്‍ ആയിരിക്കണം. ടൈ വേണം, ഷൂസ് വേണം, ഫുള്‍ക്കൈ ഷര്‍ട്ട് വേണം. ഉള്ളിലൊരാന്തലുണ്ടായെങ്കിലും നന്ദി പറഞ്ഞു ഞാന്‍ പുറത്തിറങ്ങി. മടക്കയാത്രയില്‍ ചിന്ത മുഴുവന്‍ ടൈയിനെയും ഷൂസിനെയും പുതിയ ഡ്രെസ്സിനെയും കുറിച്ചായിരുന്നു. എന്തായാലും വീട്ടുകാരോട് ചോദിക്കാന്‍ ധൈര്യമില്ല. തന്നെയുമല്ല, എവിടുന്നെങ്കിലും അഡ്ജസ്റ്റ് ചെയ്ത് ഇതെല്ലാം മേടിച്ചാലും മുപ്പതാം പക്കം കടം വീട്ടാമല്ലോ? ബാക്കി നല്ലൊരു തുക വീട്ടില്‍ കൊടുക്കുമ്പോള്‍ അവര്‍ കണ്ണു മിഴിക്കുന്നത് എനിക്കൊന്നു കാണുകേം ചെയ്യാം.

ബസ്സിറങ്ങി ആദ്യം പോയത് ട്യൂട്ടോറിയല്‍ കോളജിലേക്കാണ്. പ്രിന്‍സി സ്ഥലത്തുണ്ട്.
“സാറേ, ഞാന്‍ രാജി വെക്കുകയാണ്”.
രാജിക്കാര്യം പറയുമ്പോള്‍ പ്രിന്‍സിപ്പാള്‍ ഓമനപ്പിള്ള സാര്‍ അമ്പരക്കുമെന്നും ഏതുവിധേനയും കാലുപിടിച്ചും എന്റെ സേവനം തുടര്‍ന്നും ആവശ്യപ്പെടുമെന്നും വിചാരിച്ച എനിക്കു തെറ്റി. പ്രതീക്ഷിച്ച ഭാവമാറ്റമൊന്നും ഓമനപ്പിള്ള സാറിന്റെ മുഖത്ത് ഉണ്ടായില്ല.
“രാജിയൊന്നും വേണ്ട, എവിടാന്നു വെച്ചാല്‍ അങ്ങു പോയിത്തന്നാല്‍ മതി”.
സര്‍ക്കാരു സ്കൂളിലായിരുന്നെങ്കില്‍ അധ്യാപക അവാര്‍ഡിനു വരെ പരിഗണിച്ചേക്കാവുന്ന തരത്തില്‍ സ്തുത്യര്‍ഹമായ സേവനം ചെയ്തുകൊണ്ടിരിക്കുന്ന ഒരധ്യാപകനോടാണ് ഈ അപഹാസം.
‘അയ്യടാ, അല്ലങ്കിലീ കുട്ടിപ്പെരേല് എന്നും ഓസിനു ഒലത്താന്‍ എനിക്കെന്താ തല കടിക്കുന്നോ‘ എന്നൊരു വാചകം മനസ്സില്‍ തികട്ടിയെങ്കിലും ശമ്പളബാക്കിയുടെ പകുതിയെങ്കിലും വാങ്ങിയെടുക്കാന്‍ അനുനയമേ പാടുള്ളൂ എന്ന വിചാരത്താല്‍ ഞാന്‍ പറയാന്‍ വന്നതു വിഴുങ്ങി.

“അപ്പം സാറേ, എനിക്കൊരു ജോലി കിട്ടി. അത്യാവശ്യമായും കുറെ രൂപാ വേണമായിരുന്നു”
പ്രിന്‍സിപ്പാള്‍ തുറിച്ചു നോക്കി. “തനിക്കൊക്കെ അഞ്ചു പൈസ കടം തരുന്ന പ്രശ്നമില്ല”
“അയ്യോ സാറേ, കടം വേണ്ട, എന്റെ ശമ്പള ബാക്കി മതി”
പ്രിന്‍സി ഒന്നു പരുങ്ങി. “ഇപ്പം എക്സാം നടക്കുവല്ലിയോ…പുള്ളാരുടെ ഫീസൊന്നും കിട്ടുന്നില്ല”
“അങ്ങനെ പറയല്ലേ സാറേ, മൊത്തോം വേണ്ട, ഒരഞ്ഞൂറു രൂപ മതി. ഒരു ജോലിക്കാര്യത്തിനല്ലേ”
“അഞ്ഞൂറു രൂപയോ? അതുണ്ടേല്‍ ഞാന്‍ രാജാവായിരുന്നു. പത്തോ ഇരുപത്തഞ്ചോ വേണേല്‍ തരാം”
എനിക്കു കലിച്ചു. ഭീഷണി പ്രയോഗിച്ചാലോ. “ഇരുപത്തഞ്ച് ഉലുവാ സാറ് വായിലോട്ടിട്ടു വെള്ളമൊഴി. എടോ പ്രിന്‍സിപ്പാളേ, താന്‍ ഈ അധ്യാപകരെയെല്ലാം വഞ്ചിച്ചു എത്രനാള് ഈ കാളേജ് നടത്തുമെന്നു എനിക്കൊന്നു കാണണം. ഞാനീ സാറന്മാരെയെല്ലാം ചേര്‍ത്ത് അപ്പുറത്തു വേറെ ടൂട്ടോറി കെട്ടും. കാണണോടോ തനിക്ക്”
“എന്നാ ഇവരേം വിളിച്ച് താന്‍ ചെന്നു ടൂട്ടോറി കെട്ടിയാട്ടെ. കൊറേ നാളായി ഒരു കോഴിക്കട നടത്തണമെന്നും പറഞ്ഞിരിക്കുവാ…ഇവിടെ കോഴിയെ വളത്തിയാ എന്റെ ജീവിതം പച്ചപിടിക്കും. വിളിച്ചോണ്ട് പോടോ സാറന്മാരെ”

ആ വഴിയും അടഞ്ഞു. ഒത്തിരി ആലോചിച്ചു. ഒടുക്കം ഒരു വഴി തെളിഞ്ഞു; ഒടുക്കത്തെ വഴി. ഇതെന്തായാലും അങ്ങനെ ചീറ്റിപ്പോകത്തില്ല.
“ടീ മോളൂ, നിന്റെ ആ മോതിരം ഇഞ്ഞോട്ടൊന്നു താ…അടുത്ത മാസം പണയമെടുത്തു തരാം…” അവള്‍ അമ്പരപ്പോടെ നോക്കി.
“എനിക്കൊരു ജോലി കിട്ടിയെടീ, ഇച്ചിരി ചെലവുണ്ട്. പ്ലീസ്”
“അയ്യോ, മോതിരം വീട്ടില്‍ ചോദിച്ചാല്‍ ഞാന്‍ എന്തോ പറയും?”
പെട്ടൊന്നൊരുപായം.“കളഞ്ഞു പോയെന്നു പറ, അപ്പം പണയത്തീന്നു തിരിച്ചെടുത്തില്ലെങ്കിലും പ്രശ്നമില്ലല്ലോ” ഞാന്‍ മാനത്ത് നോക്കി ഒരു വിഡ്ഡിച്ചിരി ചിരിച്ചു.

മോതിരം പണയം വെച്ച കാശിനു അത്യാവശ്യം ഒരു ജോടി ഡ്രെസ്സും ടൈയും വാങ്ങി. ഷൂ നിലവിലുള്ളത് തന്നെ ധാ‍രാളം. വീട്ടില്‍ ലളിതമായി കാര്യം പറഞ്ഞു. ജോലിയെന്നല്ല, ട്രെയ്നിംഗ് ആണെന്നു മാത്രം. ഇനി ഉദ്ദേശിക്കുന്നതു പോലെ ഒന്നും നടന്നിലെങ്കിലും വീട്ടുകാരുടെ സപ്പോര്‍ട്ട് നമുക്കുണ്ടായല്ലേ പറ്റൂ. വീട്ടുകാര്‍ക്ക് പ്രതീക്ഷ നല്‍കി പറ്റിക്കരുതെന്ന ആഗ്രഹവും ഉണ്ടായിരുന്നു.

ജോലിക്ക് ചേരേണ്ട ദിവസം രാവിലെ അനുഗ്രഹവും വാങ്ങി പുറപ്പെട്ടു. ഓഫീസിലെത്തി, നിയമന രേഖകളില്‍ ഒപ്പുവെച്ചു. അപ്പുറത്തെ ഹാളിലേക്ക് ചെല്ലാന്‍ നിര്‍ദ്ദേശം കിട്ടി. മീറ്റിംഗുണ്ടത്രേ. ഞാന്‍ മീറ്റിംഗ് ഹാളിലേക്ക് നടന്നു. അവിടെ പത്തുപന്ത്രണ്ട് ചെറുപ്പക്കാര്‍ എന്‍.സി.സി കേഡറ്റുകളെപ്പോലെ വരിയായി നില്‍ക്കുന്നുണ്ടായിരുന്നു. വരിയില്‍ നില്‍ക്കാന്‍ എനിക്ക് നിര്‍ദ്ദേശം കിട്ടി. ആരും ഒന്നും മിണ്ടിയില്ല. ആദ്യമായി പള്ളിക്കൂടത്തിലെത്തിയ ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിയെപ്പോലെ ഞാന്‍ പരിഭ്രമിച്ചു. അല്പനിമിഷങ്ങള്‍ക്കകം ചെറുപ്പക്കാരനായ മനേജര്‍ സാര്‍ ആഗതനായി. ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിക്കുന്ന രാഷ്ട്രത്തലവനെപ്പോലെ ഞങ്ങള്‍ക്കു മുന്നിലൂടെ അയാള്‍ രണ്ടു ചാല്‍ നടന്നു. എന്നിട്ടു അഭിമുഖമാ‍യി നിന്നിട്ട് ചിരി താഴെ വീണു പോകാതിരിക്കാന്‍ പ്രയാസപ്പെട്ടെന്ന വണ്ണം ഒന്നു പുഞ്ചിരിച്ചു. ഞാന്‍ കണ്ണുകള്‍ താഴ്ത്തി.

“പുതിയവര്‍ക്ക് ഇന്നും നാളെയും പേഴ്സണാലിറ്റി ഡെവലപ്മെന്റ് ക്ലാസ്സാണ്. സീനിയേഴ്സിനു ഫീല്‍ഡില്‍ പോകാം”. ഉടന്‍ കുറെയെണ്ണം അപ്പുറത്തൊരു മുറിയിലേക്കു പായുന്നത് കണ്ടു.

ഹാളില്‍ പുതിയവര്‍ മാത്രമായപ്പോള്‍ മനേജര്‍ സാര്‍ ഞങ്ങളെ അലിവോടെ ഒന്നുനോക്കിയിട്ട് ഇപ്രകാരം പ്രസംഗം തുടങ്ങി.
“പ്രിയ കാണ്ടാമൃഗങ്ങളേ…”
ങ് ഹേ! ഞാന്‍ അമ്പരപ്പില്‍ മുഖമുയര്‍ത്തി. അയാള്‍ പിന്നില്‍ ഒളിപ്പിച്ചു വെച്ച കാണ്ടാമൃഗത്തിന്റെ ഒരു ശില്പം പുറത്തെടുത്തു.
“ഈ കമ്പനിയിലേക്ക് പുതുതായി വന്നവര്‍ക്ക് സ്വാഗതം. ഹാവ് യു എവെര്‍ സീന്‍ റൈനോസെര്‍സ്… റൈനൊ..കാണ്ടാമൃഗം…ഇതു നമ്മുടെ കമ്പനിയുടെ എംബ്ലമാണ്. എന്താണ് കാണ്ടാമൃഗത്തിന്റെ പ്രത്യേകത? പറയൂ…”
“തൊലിക്കട്ടി..” ആരോ ഒരുവന്‍ പ്രതിവചിച്ചു.
“കറക്റ്റ് ! നിങ്ങള്‍ ഈ കമ്പനിയില്‍ ജോലി ചെയ്യുന്ന കാലത്തോളം കാണ്ടാമൃഗങ്ങളായിരിക്കണം. അതായത് നല്ല തൊലിക്കട്ടിയുണ്ടായിരിക്കണം“

ഞാന്‍ ചിന്താക്കുഴപ്പത്തിലായി. എന്തൊക്കെയാണ് സംഭവിക്കുന്നത്? തൊലി സീല്‍ ചെയ്യുന്ന പരിപാടിക്കാണോ പേഴ്സണാലിറ്റി ഡെവലപ്മെന്റ് എന്നു പറയുന്നത്? എന്താണ് ഇവിടുത്തെ ജോലി..കാണ്ടമൃഗമാകാനുള്ള ട്രെയ്നിംഗ് എന്തിനു വേണ്ടി?
അദ്ദേഹം തുടര്‍ന്നു: “ഡിയര്‍ ഫ്രണ്ട്സ്…ഓള്‍ ഇന്ത്യാ ലെവലില്‍ മാര്‍ക്കറ്റിംഗ് നടത്തുന്ന പ്രമുഖ സ്ഥാപനമാണ് നമ്മുടേത്. വിവിധങ്ങളായുള്ള ഉത്പന്നങ്ങള്‍ മാര്‍കറ്റിലെത്തിക്കുവാന്‍ കമ്പനി ഉദ്ദേശിക്കുന്നു. നമ്മുടെ ഉത്പന്നങ്ങള്‍ മാര്‍ക്കറ്റിലെത്തും മുമ്പ അതിനുള്ള കാമ്പൈന്‍ പ്രവര്‍ത്തനങ്ങളാണ് നിങ്ങള്‍ ചെയ്യേണ്ടത്.“
എനിക്ക് കാര്യങ്ങള്‍ അത്രക്കങ്ങോട്ടു വിളങ്ങിയില്ല.
“ഇപ്പോള്‍ നാം ഡയറക്ട് മാര്‍ക്കറ്റിംഗാണ് ചെയ്യുന്നത്. അതായത് നമ്മുടെ പ്രത്യേകതരം പ്രോഡക്റ്റുകള്‍ നിങ്ങള്‍ നേരിട്ടു വീടുകളിലെത്തിക്കണം”.
ങ് ഹേ! ഞാന്‍ ഞെട്ടി. ഇപ്പോള്‍ സംഗതിയുടെ കിടപ്പു മനസ്സിലായി. നാലണക്ക് കൊള്ളാത്ത നാലാംകിട സാധനങ്ങള്‍ വീടു വീടാന്തരം കയറിയിറങ്ങി കച്ചോടം ചെയ്യണ പണിയാണ് ഡയറക്റ്റ് മാര്‍ക്കറ്റിംഗ്; മുതുകില്‍ ഒരു മാറാപ്പും തൂക്കി എക്സിക്യൂട്ടീവ് ആയി വേണം പോകാനെന്നു മാത്രം. ദൈവമേ! അന്യായ പണിയാണല്ലോ കിട്ടിയത്. എനിക്കു സങ്കടവും നിരാശയും ഒക്കെയുണ്ടായി. അപ്പോള്‍ത്തന്നെ അവിടം കാലിയാക്കാന്‍ തുനിഞ്ഞതാണ്. ഒന്നു തിരിഞ്ഞപ്പോഴേക്കും തലച്ചോറില്‍ ഒരു മണി മുഴങ്ങി…അവളുടെ മോതിരം! ഓമനപ്പിള്ള സാറിനോടുള്ള വെല്ലുവിളി…അടുത്ത നിമിഷം ഇങ്ങനെ ചിന്തിച്ചു…എന്തു പണ്ടാരമെങ്കിലുമാകട്ടെ…ഒന്നു നോക്കിയേക്കാം…മോതിരത്തിന്റെ കാശ് വസൂല്‍ ആകുന്നതു വരെ ഒന്നു പിടിച്ചു നിന്നേ പറ്റൂ…

“ലിസണിയര്‍..” മനേജര്‍ തുടരുകയാണ്. “നോക്കൂ, നിങ്ങള്‍ക്ക് ഈ ട്രെയ്നിംഗ് കാലയളവില്‍ മാസം കുറഞ്ഞത് 6000 രൂപ വരെ സമ്പാദിക്കാം. നിങ്ങളുടെ കഴിവും മിടുക്കുമനുസരിച്ച് അത് എത്ര വേണമെങ്കിലും ഉയര്‍ത്താം. അതായത് നിങ്ങള്‍ 150 രൂപ വിലയുള്ള ഒരു പ്രോഡക്റ്റ് വില്‍ക്കുമ്പോള്‍ 10% കമ്മീഷന്‍ നിങ്ങള്‍ക്ക് കിട്ടുന്നു. ശരാശരി 20 പ്രൊഡക്റ്റ് ഒരു ദിവസം മാര്‍കറ്റ് ചെയ്താല്‍ നിങ്ങള്‍ക്ക് കിട്ടുന്നത് 300 രൂപ. ഒരു മാസത്തിലോ? 9000. അവധി
ദിവസങ്ങളും മാര്‍കറ്റിംഗിലെ വ്യതിയാനങ്ങളും ഒഴിച്ചാല്‍ ശരാശരി 6000 ഉറപ്പായിട്ടും കിട്ടും…”

അതുശരി, അപ്പോള്‍ 6000 ത്തിന്റെ ഗുട്ടന്‍സ് പിടികിട്ടി. ഇമ്മിണി പുളിക്കുമെന്നേയുള്ളൂ…

“ഫ്രണ്ട്സ്, നിങ്ങള്‍ ഫീല്‍ഡില്‍ പോകുമ്പോള്‍ ഒരു ദിവസം ശരാശരി 100 പേരെയെങ്കിലും നിങ്ങള്‍ക്ക് സന്ദര്‍ശിക്കാന്‍ കഴിയും. ഒരു മാസത്തിലോ? 3000. മാസം മൂവായിരത്തിലധികം ആളുകളുമായി ഇടപെടാന്‍ കഴിയുക എന്നത് മഹാകാര്യമാണ്. നിങ്ങള്‍ക്ക് ആളുകളുടെ പെരുമാറ്റം മനസ്സിലാകും, അവരോട് എങ്ങനെ പെരുമാറണമെന്നു നിങ്ങള്‍ പഠിക്കും…അതിലൂടെ നിങ്ങളുടെ വ്യക്തിത്വം വികസിക്കും.”
പേഴ്സണാലിറ്റി ഡെവല്പ്മെന്റ് ക്ലാസ് അവിടെത്തീര്‍ന്നു. ഇനി എന്താണാവോ?
അയാള്‍ തുടരുകയാണ്: “ നോക്കൂ, നിങ്ങളോട് ആള്‍ക്കാര്‍ പലതരത്തില്‍ പ്രതികരിച്ചുവെന്നു വരും. നിങ്ങള്‍ അതൊന്നും മൈന്‍ഡ് ചെയ്യരുത്. ബികോസ്..യു ആര്‍ റൈനോസ്…”
ഹെന്റമ്മേ എനിക്കു കരച്ചില്‍ വന്നു. നാട്ടുകാരുടെ ചീത്തവിളി ഉറപ്പ്. എന്നാലും ഒരു കൈനോക്കിക്കളയാം. കായകുളത്തുകാരുടെ കണ്ണില്‍ അത്രയെളുപ്പം പെടാത്ത ആറന്മുള, തിരുവല്ല, കോടഞ്ചേരി, ചെങ്ങന്നൂര്‍ കിഴക്കന്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുവാന്‍ ഞാന്‍ തീരുമാനിച്ചു; അത്യാവശ്യം കടങ്ങള്‍ ഒന്നു വീടുന്നതു വരെ മാത്രം…..

(തീരുന്നില്ല. ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു ക്ലൈമാക്സില്‍ പര്യവസാനിച്ച ഡയറക്റ്റ് മാര്‍ക്കറ്റിംഗ് മാര്‍ഗ്ഗമധ്യേ ഞാനനുഭവിച്ച ഏതാനും സംഗതികള്‍ കൂടി പറഞ്ഞാലേ ഇതു പൂര്‍ണ്ണമാകൂ…അടുത്ത പോസ്റ്റില്‍ അത് പറഞ്ഞു നിങ്ങളെ കൊല്ലുന്നതായിരിക്കും…‍അതിനാല്‍ ഇതു തുടരും)

13 Comments »

1.

കൌമാരമൊക്കെ കഴിഞ്ഞു യുവത്വത്തിലേക്കു പ്രവേശിക്കുന്ന സുരഭില കാ‍ലഘട്ടം പ്രാരബ്ധങ്ങളുടേത് കൂടിയാ‍യിരുന്നു. “എത്ര കാലമാടാ തന്തേടേം തള്ളേടേം ചെലവില്‍” എന്ന മാതാജിയുടെ മന്ത്രോച്ചാരണം പുളകിതമാ‍ക്കിയിരുന്ന പുലര്‍വേളകള്‍. പുറത്തിറങ്ങുമ്പോള്‍ എതിരേ വരുന്ന മൂപ്പിത്സിന്റെ കുശലാന്വേഷണം.“ ജോലിയൊന്നുമായില്ല, ഇല്ലിയോ മോനേ…” ഒന്നും മിണ്ടാതെ നടന്നു നീങ്ങുമ്പോള്‍ മൂ‍പ്പിലാന്റെ ആത്മഗതം കേള്‍ക്കാം…“കാല്‍ സറായീം കേറ്റി രാവിലെ എറങ്ങിക്കോളും, നാട്ടുകാരുടെ നെഞ്ചത്തു കേറാന്‍…എവനെക്കൊണ്ടൊന്നും ജോലീം വേലേമെടുക്കാന്‍ ആകത്തില്ല…”

Comment by സിയ — January 27, 2007 @ 10:51 am
2.

കൊള്ളാം സിയ.
ജീവിതാനുഭവങ്ങള്‍ അത് അനുഭവിച്ചവര്‍ തന്നെ അല്‍പ്പം നര്‍മ്മത്തിന്റെ മേമ്പൊടിയോടെ വിവരിക്കുമ്പൊ അത് വായിക്കാനും നല്ല സുഖമുണ്ട്.
തുടരൂ.

Comment by ഇക്കാസ് — January 27, 2007 @ 11:33 am
3.

എന്നിട്ട്‌ അവസാനം എന്ത്‌ ഉണ്ടായി…???. വളരെ പച്ചയായ അവതരണം…http://ente-vishesham.blogspot.com

Comment by Deepu — January 27, 2007 @ 11:49 am
4.

കയ്ക്കുന്ന ജീവിതാനുഭവങ്ങള്‍ ഹാസ്യത്തില്‍ പൊതിഞ്ഞു് ലളിതമായി പറഞ്ഞിരിക്കുന്നു. സിയാ അടുത്തതു പോരട്ടെ.

Comment by venu — January 27, 2007 @ 11:57 am
5.

അപ്പോ നീയും മോശമല്ല അല്ലേ .. ഡാ.. ആരാ ഈ ടി … ???
അവ്വല്‍ സുബഹിക്ക് ഗള്‍ഫില്‍ വന്നതുകൊണ്ട് ആ പരിപാടികളെല്ലാം (ജോലിക്ക് തെണ്ടല്‍) ഇവിടെയായിരുന്നു
കൊള്ളാം നല്ല വിവരണം അസ്സലായി
വരട്ടെ അടുത്തത്

Comment by വിചാരം — January 27, 2007 @ 12:47 pm
6.

കൊള്ളാം,അടുത്ത ഭാഗം പോരട്ടെ

Comment by വല്യമ്മായി — January 27, 2007 @ 1:01 pm
7.

എന്റെയും ഒരു ട്യൂട്ടോറിയല്‍ കാല്‍ഘട്ടത്തിലേക്ക്‌ ഓര്‍മകളെ തിരികെ കൊണ്ടുപോയതിന്‌ നന്ദി. സിയാ… ഈ വഴി താങ്കള്‍ക്ക്‌ നന്നാകുമെന്ന്‌ തോന്നുന്നു. അല്‍പ്പം ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയും കൂടി ആവാം.

Comment by പി. ശിവപ്രസാദ്‌ — January 27, 2007 @ 2:35 pm
8.

ഒള്ളാം വളരെ നന്നായിട്ടുണ്ട്‌ സിയ

Comment by കേരളഫാര്‍മര്‍ — January 27, 2007 @ 2:36 pm
9.

ആ പൂതിയങ്ങു മനസ്സി വെച്ചാ മതി വിചാരം. ആ ‘ടീ’യെക്കുറിച്ചു ഞാന്‍ പറഞ്ഞിട്ട്റ്റു വേണം എന്റെ ‘ടി’ എന്നെ ടിഷ്യൂം ടിഷ്യൂമെന്ന് മോളി നിര്‍ത്താന്‍…അയ്യട

Comment by സിയ — January 27, 2007 @ 2:56 pm
10.

എന്റെ കടിഞ്ഞൂല്‍ പോസ്റ്റിനെ കാണാന്‍ വരികയും അഭിനന്ദനങ്ങളും വിലയിരുത്തലുകളും കാണിക്കവെക്കുകയും ഓസിനു നിര്‍ദ്ദേശങ്ങള്‍ തരികയും ചെയ്ത ഇക്കാസ്,ദീപു,വേണു നായരെന്ന വേണുച്ചേട്ടന്‍,വിചാരമെന്ന റെബല്‍ ഫാറൂഖ്, എന്റെ വല്യമ്മായി, പി.ശിവപ്രസാദ് എന്ന എന്റെ ശിവേട്ടന്‍, ഞങ്ങളൊക്കെ ഒത്തിരി ബഹുമാനിക്കുന്ന പ്രിയങ്കരനായ ചന്ദ്രേട്ടന്‍ എന്നിവര്‍ക്കും പോസ്റ്റ് വായിച്ചു സമയക്കുറവ് മാത്രം കാരണം കമെന്റ് എഴുതാന്‍ കഴിയാതെ പോയ ലക്ഷോപലക്ഷം മലയാളി വായനക്കാര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദ് പ്രകാശിപ്പിച്ചു കൊണ്ട് ഞാന്‍ ഓഫീസിലെ കാര്യപരിപാടികളിലേക്ക് കടക്കുകയാണ്….നന്ദി, നമസ്കാരം…(മൈക്ക് ഓഫ് ചെയ്യെടാ… ;)

Comment by സിയ — January 28, 2007 @ 5:25 am
11.

ഓരോരുത്തരുടേയും ജീവിതം അവലോകനം ചെയ്തു നോക്കുമ്പോള്‍ ഇതുാലെയോ, ഇതിലും വലിയതോ ആയ കഥകള്‍ ചിലപ്പോള്‍ കിട്ടിയേക്കും.
പക്ഷെ പിന്നോട്ടു നോക്കി രസിക്കാന്‍ ഒരു രസം തന്നെയാണേ

Comment by indiaheritage — January 28, 2007 @ 5:48 am
12.

:-)
ഈ ഡയറക്റ്റ് മാര്‍ക്കറ്റിംഗുമായി വരുന്നവരോട് വേണ്ടാന്നു പറഞ്ഞു തിരിച്ചയക്കുമ്പോള്‍ ഇവന്മാരെന്തിനു ഇതുമായി ഇറങ്ങുന്നെന്നോര്‍ക്കാറില്ല

എന്നാലും ആ “ടി” ഏതാണെന്ന് …

Comment by സിജു — January 28, 2007 @ 7:23 am
13.

കൗമാരം- എങ്ങട്ടു തിരിഞ്ഞാലും നമ്മുടെ തലയിലായിരിക്കും ഇടിത്തീ, നാട്ടുകാരു ഒരുഭാഗത്തു, വീട്ടുകാരു ഒരു ഭാഗത്തു, എന്റെ വീടും നാടും ഞാനൊക്കെ തീയിടാത്തതു ഭാഗ്യം.അപ്രതീക്ഷിതമായി ഒരുവീട്ടുപടിക്കല്‍ ചെന്നു ബെല്ലടിച്ചാലുണ്ടകുന്ന അനുഭവങ്ങളുടെ ബാക്കി തുടരുക.

Comment by bayan — January 28, 2007 @ 8:34 am