Apr 30, 2009

കുഞ്ഞുങ്ങളെ റ്റിവി കാണിക്കരുത്

റ്റെലിവിഷനെ പണ്ട് വിഡ്ഡിപ്പെട്ടി എന്നു വിളിച്ചിരുന്നു ചിലര്‍.വിളിച്ചവരെ വിഡ്ഡികളെന്നും വിളിച്ചു ചിലര്‍.പണ്ട് നമ്മുടെ നാട്ടില് വരേണ്യരായ ചിലര്‍ക്ക് മാത്രം ദൂരദര്‍ശന്റെ ഹിന്ദി പരിപാടികള്‍.പിന്നെ നാട്ടിന്‍‌പുറങ്ങളില്‍ പോലും തിരുവനന്തപുരത്ത് നിന്നും ദൂരദര്‍ശന്‍ മലയാളമെത്തി.വീട്ടിന്റെ മുന്നില്‍ കൊന്നത്തെങ്ങിനേക്കാള്‍ ഉയരമുള്ള ഏരിയല്‍ അഭിമാനസ്ഥംഭമായി.ബുധനാഴ്‌ചകളിലെ ചിത്രഹാറിനും വ്യാഴാഴ്‌ചയിലെ ചിത്രഗീതത്തിനും അയല്‍‌വീടുകളില്‍ നിന്ന് പ്രേക്ഷകര്‍ കുഞ്ഞുകുട്ടി പരാധീനങ്ങളുമായി പേര്‍ത്തും പേര്‍ത്തും എത്തിത്തുടങ്ങി.ശനിയാഴ്‌ച വൈകുന്നേരത്തെ ബ്ലാക്&വൈറ്റ് പടത്തിന് മിക്കവീടുകളും ഹൌസ് ഫുള്ളായി.ഞായറാഴ്‌ചകളില്‍ കുട്ടികള്‍ രാ‍മായണം കാണാന്‍ റ്റെലിവിഷഗൃഹങ്ങള്‍ തേടിയലഞ്ഞു.രാമായണം കണ്ടവര്‍ ഈര്‍ക്കിലി കൊണ്ട് വാ‍ണം വിട്ടുകളിച്ചു. ബാണം കൊണ്ട് കണ്ണുപോയവര്‍ അനവധി.മഹാഭാരത തിരക്കഥ മലയാളത്തിലാക്കിയ മാതൃഭൂമി സപ്ലിമെന്റുമായി കാരണവന്മാര്‍ റ്റെലിവിഷനു മുന്നില്‍ നേരത്തേ ഇടം‌പിടിച്ചു.
87
ലെ ലോകകപ്പ് ക്രിക്കറ്റ് സമയത്ത് യുവാക്കളും കുട്ടികളും റ്റെലിവിഷനു മുന്നില്‍ തപസ്സിരുന്നു.ജനക്കൂട്ടത്തെ പേടിച്ച് പല റ്റെലിവിഷന്‍ ഉടമകളും വീടടച്ചു കുറ്റിയിട്ടു.ജനാലച്ചില്ലിലൂടെ റ്റിവിയുടെ പ്രകാശം കണ്ട കുട്ടികള്‍ വീടിനു ചുറ്റും മണ്ടി നടന്നു.കളിപ്രാന്തന്മാര്‍ ലോകകപ്പ് മുതല്‍ സന്തോഷ് ട്രോഫി വരെയുള്ള ഫുട്‌ബോളും വിംബിള്‍ഡണ്‍, ഫ്രെഞ്ചോപ്പണ്‍ ടെന്നിസും തുടങ്ങി കെ എസ് ഈ ബിയുടെ വോളിബോള്‍ മാച്ച്, ആനന്ദിന്റെ ചെസ് മത്സരം വരെ ദൂരര്‍ശനില്‍ മുടങ്ങാതെ കണ്ടു.തിരുവനന്തപുരം ഡിഡിക്ക് കൂടുതല്‍ സമ്പ്രേഷണ സമയം കിട്ടി. സന്ധ്യകള്‍ മധുമോഹനസീരിയലുകളാല്‍ സമൃദ്ധമായിത്തുടങ്ങി. സന്ധ്യാനാമങ്ങള്‍ അകന്നു മാറി.
അപ്പോഴേക്കും വീടിനുമുകളില്‍ വമ്പന്‍ കുടകള്‍ വന്നു.
കുടയിലൂടെ ലോകം വിരുന്നുമുറിയിലെത്തിയെന്നായി
.കേരളത്തില്‍ വിഷനെറ്റുകള്‍ മുളയെടുത്തു.പിന്നെ റോഡിലെങ്ങും കാറ്റാടിക്കമ്പ് നാട്ടി കേബിളെത്തി.കേബിള്‍ എല്ലാ കൂരയിലുമെത്തി.പിന്നെയും ചാനലുകള്‍. പിന്നെയും സീരിയലുകള്‍.അയല്‍ക്കൂട്ടങ്ങള്‍ വഴിപിരിഞ്ഞു. ഏഷണി സദസ്സില്‍ പേന്‍ നോക്കാന്‍ തരുണികളണയാതായി.ബന്ധു-സുഹൃദ് ജന സന്ദര്‍ശങ്ങള്‍ കുറഞ്ഞു.വിരുന്നുകാര്‍ വരാതായി. വരുന്നവരെ ശപിക്കലായി...സീരിയലിന്റെ നേരത്ത് കാലന്‍...!വളിച്ചു നാറിയ വാര്‍ത്തകള്‍ വിളമ്പി വാര്‍ത്താചാനലുകള്‍ സായാഹ്നങ്ങളെ കലുഷിതമാക്കി.ഇല്ലാത്ത വിവാദങ്ങളുടെ ഹരം പിടിപ്പിക്കുന്ന ചര്‍ച്ചകളില്‍ വാര്‍ത്താകുതുകികള്‍ ഞെളിപിരി കൊണ്ടു.
മലയാളിയുടെ ജീവിതശൈലി ആകെ മാറി.പ്രവാസി മലയാളിയുടെയും.റ്റെലിവിഷന്‍ തലച്ചോറുകളെ വന്ധ്യംകരിച്ചു, സമയങ്ങളെ അപഹരിച്ചു, സംസ്‌കാരത്തെ അപഹസിച്ചു.പണിയൊടുങ്ങിയ ദിനാന്ത്യങ്ങളില്‍ വിശ്രമേകാകാനാണ് റ്റെലിവിഷനെന്നായി.വിനോദവും വിജ്ഞാനവും നുകരാനാണെന്നായി.ലോകത്തെ വിരല്‍ത്തുമ്പിലൊതുക്കാനായെന്നായി.വിഡ്ഡിപ്പെട്ടി സ്വര്‍ഗ്ഗമേകുന്നത് വിഡ്ഡികള്‍ക്കാണെന്ന് ഇന്ന് ഏറെക്കുറേ അംഗീകരിക്കപ്പെട്ടു.
സെക്കന്റില്‍ എട്ട് ഫ്രെയിമുകള്‍ പ്രോസസ് ചെയ്യാന്‍ കഴിവുള്ള നമ്മൂടെ തലച്ചോറിനെ സെക്കന്റില്‍ മുപ്പത് ഫ്രെയിമുകളുള്ള പ്രോഗ്രാമുകള്‍ ഉദ്ദീപിപ്പിക്കുന്നു, പ്രചോദിപ്പിക്കുന്നു. ഈ പ്രചോദനം തലച്ചോറിന്റെ പിന്‍‌വശത്ത്-സഹജവികാരങ്ങളും ആവശ്യങ്ങളും സംസ്‌കരിക്കുന്നിടത്ത്- ഇടം
പിടിക്കുന്നു. റ്റെലിവിഷന്‍ തുടര്‍ച്ചയായ പ്രചോദന-പ്രതികരണങ്ങള്‍ തലച്ചോറിലുണ്ടാക്കുന്നു.ഫലമോ, നാം റ്റെലിവിഷന് കാഴ്‌ച്ചക്ക് അടിമകളാവുന്നു അല്ലെങ്കില്‍ അഡിക്റ്റാവുന്നു.
മുതിര്‍ന്നവരുടെ കാര്യം ഇങ്ങനെ
.മുതിര്‍ന്നവര്‍ക്ക് വിനോദവും ചിരിയും കണ്ണീരും തരുന്ന റ്റെലിവിഷന്‍ കുട്ടികളില്‍ എന്തു ഫലമാണുളവാക്കുക?മനഃക്ലേശമല്ലാതെ മറ്റൊന്നുമല്ല.തലച്ചോറിന്റെ ആരോഗ്യകരമായ വികസനത്തിന്, വളര്‍ച്ചക്ക് തികച്ചും വിപരീതഫലമാണ് ഈ മനഃക്ലേശം നല്‍കുന്നത്.ജനനം മുതല്‍ അഞ്ചു വയസ്സു വരെയുള്ള കാലം ഒരു കുഞ്ഞിന്റെ തലച്ചോര്‍ വളര്‍ച്ചയില്‍ അതിനിര്‍ണ്ണായകമായ സമയമാണ്.തലച്ചോറിന്റെ വികസനത്തില്‍ ചുറ്റുപാടുകള്‍ക്ക് ഗംഭീരമായ സ്ഥാനമാണുള്ളത്.സാഹചര്യങ്ങളാല്‍ എളുപ്പം സ്വാധീനിക്കപ്പെടാവുന്ന ഒന്നാണ് കുഞ്ഞിന്റെ തലച്ചോര്‍. ആവശ്യമില്ലാത്ത കോശങ്ങള്‍ അതിവേഗം ഉപേക്ഷിക്കപ്പെട്ട് കൂടുതല്‍ ശക്തമായ കോശങ്ങള്‍ രൂപം പ്രാപിക്കുന്നത് നന്നേ ചെറുപ്പത്തിലാണ്.കുപ്പിപ്പാലു കുടിക്കുന്ന സമയത്തുള്ള ബ്രെയിന്‍ സെല്‍ നടക്കാറാവുമ്പോഴേക്കും കൂടുതല്‍ ശക്തിയുള്ളതായി മാറും എന്ന് സാരം.
കൂടുതല്‍ റ്റിവിയും കൂടുതല്‍ കമ്പ്യൂട്ടറും കുഞ്ഞിന് നഷ്‌ടമാക്കുന്നത് എന്താണെന്നറിയാമോ?പ്രാധാന്യമേറിയ സംഗതികളോട് പ്രതികരിച്ച് , പരിചയിച്ച് കൂടുതല്‍ ശക്തമായ ഒരു തലച്ചോര്‍ രൂപപ്പെടുത്തുന്നതിനുള്ള അവസരമല്ലാതെ മറ്റൊന്നുമല്ല.
ഇന്നത്തെ റ്റെലിവിഷന്‍ സംസ്കാരത്തില്‍ കുഞ്ഞിന് ലഭിക്കുന്നതാകട്ടെ ‘കാണുന്നതിനുള്ള‘ അവസരം മാത്രമാണ്.
കാണുന്നത് കൊണ്ടെന്ത്?റ്റെലിവിഷന്റെ കാര്യമാണെങ്കില്‍ ഒന്നറിയുക. മനുഷ്യന്റെ തലച്ചോര്‍ ഉറക്കത്തില്‍പ്പോലും കൂടുതല്‍ പ്രവര്‍ത്തനനിരതമായിരിക്കും-റ്റെലിവിഷന്‍ കാണുന്ന സമയത്തേക്കാള്‍ !
വളരുന്ന തലച്ചോറിന റ്റെലിവിഷന്‍ സമ്മാനിക്കുന്ന മറ്റൊരു ദുരന്തമറിയാമോ?ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവില്ലായ്മയാണത്. ഒരലിവുമില്ലാത്ത ഒരു സംഗതിയാണ് റ്റെലിവിഷന്‍ പ്രോഗ്രാം. കുട്ടിയാണെന്നോ വലിയവനാണെന്നോ ഉള്ള ഒരു നോട്ടവുമില്ല.വളരെ വേഗം, സെക്കന്റുകള്‍ക്കുള്ളില്‍ മാറി മറിയുന്ന വിവരങ്ങളാണ് റ്റിവി പ്രോഗ്രാമുകള്‍. കുട്ടി ശ്രദ്ധിച്ചിരിക്കണം.ഒന്ന് മനസ്സിലായി വരുമ്പോഴേക്കും അടുത്തത്.പെട്ടെന്ന് വന്നു മറിയുന്ന പരസ്യങ്ങള്‍. കുട്ടിയുടെ ശ്രദ്ധ ചിതറിയകലും.അധികനേരം ശ്രദ്ധകേന്ദ്രീകരിക്കാനാവാത്ത ഒരവസ്ഥയിലേക്ക് റ്റെലിവിഷന്‍ കാഴ്ച കുട്ടിയെ എത്തിക്കും. പഠനത്തെ ഇത് എങ്ങനെ ബാധിക്കുമെന്ന് പറയേണ്ടതില്ലല്ലോ?
പരസ്യത്തെക്കുറിച്ച് മറ്റൊന്ന് കൂടി പറയണം.ചൊട്ടയിലേ പിടികൂടുക എന്നതാണ് പരസ്യക്കാരുടെ തന്ത്രം.സംസാരിക്കാറാവുമ്പോഴേക്കും കുട്ടികള്‍ ബ്രാന്‍‌ഡ് പേരുകള്‍ ഹൃദിസ്ഥമാക്കിയിരിക്കണം എന്ന രീതിയിലാണ് അവര്‍ പരസ്യങ്ങള്‍ തയ്യാറാക്കുന്നത്.എല്‍കെജിയില്‍ പോകാറാവുമ്പോഴേക്കും കുഞ്ഞ് കുടക്ക് പകരം ജോണ്‍‌സ് അല്ലെങ്കില്‍ പോപ്പി വേണം എന്ന് പറയണം.
തുടര്‍ച്ചയായ സ്ട്രെസ്സ് തലച്ചോറിന്റെ വളര്‍ച്ചയെ അത്യധികം പ്രതികൂലമായി ബാധിക്കുന്നതായി ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.ഇമേജുകളും ഫ്രെയിമുകളും മാറിമറിയുന്നതിനാല്‍ സംഗതികള്‍ മനസ്സിലാക്കാന്‍ കുട്ടിക്കുണ്ടാവുന്ന ബുദ്ധിമുട്ടാണ് റ്റെലിവിഷന്‍ കാഴ്ച്ചയിലൂടെ ലഭിക്കുന്ന സ്ട്രെസ്സ്.വിവരങ്ങളുടെയും പ്രചോദനത്തിന്റെയും അധിഭാരം.വികസ്വരമായ ഒരു ന്യൂറോളജിക്കല്‍ സിസ്റ്റത്തിനെ തളര്‍ത്താനാണ് ഇവ ഉപകരിക്കുക.അമിതമായ സ്ട്രെസ്സിനെത്തുടര്‍ന്ന് സ്ട്രെസ്സ് ഹോര്‍മോണ്‍ (Cortisol) തലച്ചൊറിലാകെ വ്യാപിക്കും. പ്രത്യേകിച്ചും Hippocampus എന്ന ഓര്‍മ്മ കേന്ദ്രത്തില്‍.കൂട്ടുകാരന്റെ പേര് പോലെ, നമ്മുടെ വീട്ടു വിലാസം പോലെ, ദീര്‍ഘകാലം ഓര്‍ത്തു വെക്കേണ്ട സംഗതികള്‍ സൂക്ഷിക്കുന്ന ഇടമാണിത്.ഇതെല്ലാം നമുക്കറിയാമെന്നും ഓര്‍ത്തുവെക്കുന്നതും തലച്ചോറിലെ പരമപ്രധാനമായ ഈ കേന്ദ്രമാണ്.സ്ട്രെസ്സ് തകരാറിലാക്കുന്നതും ഈ ഭാഗത്തെ തന്നെയാണ്.ഓര്‍മ്മയും ഓജസ്സുമില്ലാത്ത മന്ദബുദ്ധികളായിപ്പോവാതിരിക്കാന്‍ നമ്മുടെകുഞ്ഞുങ്ങളെ അധികസമയം റ്റെലിവിഷനു മുന്നില്‍ ഇരുത്താതിരിക്കുക നാം.മുതിര്‍ന്നവര്‍ക്കും ഇത് ബാധകമാണെന്നും ഓര്‍ക്കുക.
നാമെന്തു ചെയ്യും?
ഈ ദൃശ്യമാധ്യമങ്ങള്‍ എവിടെയും പോകാന്‍ പോകുന്നില്ല. കുട്ടികളെ ‘മീഡിയഫ്രീ’ ആയി വളര്‍ത്തുക എന്നത് ഏറെക്കുറേ അസാധ്യമാണ് താനും.
റ്റെലിവിഷന്‍ പ്രോഗ്രാമുകളില്‍ നിന്നും കുട്ടികളെ കാത്ത്സൂക്ഷിക്കുക അങ്ങേയറ്റം ദുഷ്കരം തന്നെയാണ്.ഒന്നാമതായി ചെയ്യേണ്ടത് റ്റെലിവിഷന്റെ ഹരം നുകരാന്‍ കുഞ്ഞിനെ നന്നേ ചെറുപ്പത്തില്‍ അനുവദിക്കരുത് എന്നതാണ്.
സീരിയല്‍ മാനിയ പിടിച്ച അമ്മമാരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്.കുറേ മുതിരുമ്പോള്‍ അവര്‍ എന്തായാലും മീഡിയയോട് ചായും. അപ്പോളെന്തു ചെയ്യണം?

കുഞ്ഞുങ്ങളെ റ്റിവിയില്‍ എന്തു കാണിക്കണം, എത്ര നേരം റ്റിവി കാണാന്‍ അനുവദിക്കണം എന്നൊക്കെ മാതാപിതാക്കള്‍ തീരുമാനിച്ചു നടപ്പില്‍ വരുത്തണം.രണ്ട് വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളെ ഒരു കാരണവശാലും റ്റെലിവിഷന്‍ കാണിക്കരുത്. ഇതൊരു വെല്ലുവിളി തന്നെയായിരിക്കും.
കുഞ്ഞുങ്ങളെ വീടിനു പുറത്തോ സ്വീകരണ മുറിക്ക് പുറത്തോ കളിക്കാന്‍ അനുവദിക്കണം. പ്രായത്തിനു ചേരുന്ന കളിപ്പാട്ടങ്ങളുമായും അയല്‍‌പക്കത്തെയോ മറ്റോ കുഞ്ഞുങ്ങളുമായും അവര്‍ കളിക്കട്ടെ.
കൂടുതല്‍ കുഞ്ഞുങ്ങളും വി കാണുന്നതിനേക്കാള്‍ കളിക്കാനാണ് ഇഷ്‌ടപ്പെടുന്നത്.കുറച്ചു കൂടി മുതിരുമ്പോള്‍ ദിവസം അരമണിക്കൂറില്‍ കൂടുതല്‍ റ്റിവി കാണാന്‍ അനുവദിക്കരുത്. അഥവാ കൂടുതല്‍ സമയം കാണുന്നുണ്ടെങ്കില്‍ ഒറ്റയടിക്ക് റ്റിവിയുടെ മുന്നിലിരിക്കാതെ വ്യത്യസ്ത ഇടവേളകളില്‍ അല്പസമയം വീതം കാണുകയാണ് നല്ലത്. മൊത്തത്തില്‍ ഒരു മണിക്കൂറില്‍ കൂടുതലാവാതിരിക്കാന്‍ ശ്രദ്ധിക്കണം.
റ്റെലിവിഷനില്‍ നല്ല നല്ല വിജ്ഞാനപ്രദമായ പ്രോഗ്രാമുകളും ചര്‍ച്ചകളും കുഞ്ഞുങ്ങള്‍ കണ്ടാലെന്താണ് കുഴപ്പമെന്ന് ചോദ്യമുയരാം?ചോദ്യങ്ങള്‍ ചോദിക്കാന്‍ കുട്ടിയെ സഹായിക്കുന്ന പരിപാടികള്‍ നല്ലതാണെങ്കിലും അത്തരത്തില്‍ കുഞ്ഞുങ്ങളുടെ മാനസികവികസനത്തിനുതകുന്ന പ്രോഗ്രാമുകള്‍ വളരെ വിരളമാണ്. തന്നെയുമല്ല, പ്രകൃതിയില്‍ നിന്നും ജീവിതസാഹചര്യങ്ങളില്‍ നിന്നും ചോദ്യങ്ങളുന്നയിക്കുകയും സംശയനിവാരണം വരുത്തുകയും ചെയ്യുന്നതിനോളം സഹായമൊന്നും റ്റെലിവിഷന്‍ നല്‍കുന്നില്ല.
റ്റെലിവിഷന്‍ കണ്ടുകഴിയുമ്പോള്‍ കുട്ടിയില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുന്നുണ്ടോ എന്ന് നിരീക്ഷിക്കണം. ചിലപ്പോള്‍ നിര്‍ബന്ധബുദ്ധി കൂടാം, കുഞ്ഞ് അസ്വസ്ഥനാകാം, കളിപ്പാട്ടങ്ങള്‍ വലിച്ചെറിയാം. റ്റിവിയുടെ ഉപയോഗം പരമാവധി കുറയ്ക്കുക. പാരന്റല്‍ കണ്ട്രോള്‍ സംവിധാനം സമര്‍ത്ഥമായി ഉപയോഗിക്കുന്നത് പലവഴിക്കുള്ള അപകടങ്ങള്‍ കുറയ്ക്കും.
ഒരുമനുഷ്യന്റെ തലച്ചോറ്‌ ഏറ്റവും വേഗത്തില്‍ വികാസം പ്രാപിക്കുന്ന സമയത്ത്-കുട്ടിക്കാലത്ത്- തന്നെ ആ വളര്‍ച്ചക്ക് വിഘാതമാകാന്‍ റ്റെലിവിഷനെ അനുവദിച്ചു കൂടാ. പുറം സാഹചര്യങ്ങള്‍ മനസ്സിനെ ഏറ്റവും സ്വാധീനിക്കുന്ന സമയവുമാണത്.

Apr 20, 2009

സ്വതന്ത്ര വര്‍ണ്ണങ്ങള്‍

(ശ്രദ്ധിക്കുക:- കൂള്‍ കളേഴ്സിന്റെ ഗണത്തില്‍ ഉള്‍പ്പെടുത്താന്‍ വിട്ടുപോയ സില്‍‌വര്‍ നിറം കൂടി ചേര്‍ത്ത് കഴിഞ്ഞ പോസ്റ്റ് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. അത് കൂടി നോക്കിയിട്ട് വായന തുടരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു).

കൂള്‍ കളേഴ്സിന്റെ കൂട്ടത്തില്‍ ഉള്‍പ്പെടുന്ന ന്യൂട്രല്‍ കളറുകളെക്കുറിച്ച് പറയാമെന്നാണ് കഴിഞ്ഞ പോസ്റ്റിന്റെ അവസാനം പറഞ്ഞത്. അപ്പോള്‍ ന്യൂട്രല്‍ കളറുകളെന്താണ് നോക്കണം. നോക്കിക്കളയാം അല്ലേ :)

ഒരു പക്ഷവും പിടിക്കാത്ത ഈ സ്വതന്ത്രന്മാര്‍ ഐക്യത്തിന്റെ നിറങ്ങളെന്നാണ് അറിയപ്പെടുന്നത്.

വര്‍ണ്ണങ്ങളുടെ നാനാത്വത്തില്‍ ഒരു ഏകത്വം പ്രദാനം ചെയ്യുന്ന ഈ സ്വതന്ത്രവര്‍ണ്ണങ്ങള്‍ ഡിസൈനുകളില്‍ ഒരു യൂണിറ്റി അഥവാ ഐക്യം ഉണ്ടാക്കുവാന്‍ വളരെ സഹായകമാണ്.

Black,Gray, White, Ivory, Brown, Beige തുടങ്ങിയവയാണ് ന്യൂട്രല്‍ കളറുകളുടെ പട്ടികയില്‍ വരുന്നത്. നല്ല നല്ല പശ്ചാത്തലമൊരുക്കാന്‍ ഈ ന്യൂട്രല്‍ കളറുകളെ കഴിഞ്ഞേയുള്ളൂ ആരും. പലപ്പോഴും ആശന്‍ ഒറ്റക്ക് നിന്ന് ഡിസൈനുകളിലെ ശ്രദ്ധാകേന്ദ്രമാവുകയും ചെയ്യുമെന്നത് വേറെ കാര്യം. ഡിസൈനുകളില്‍ മറ്റ് നിറങ്ങള്‍ക്ക് പ്രാധാന്യം കൈവരാനും മുഴച്ചു നില്‍ക്കുന്ന വര്‍ണ്ണങ്ങളുടെ തീവ്രത കുറയ്‌ക്കാനുമൊക്കെ ന്യൂട്രല്‍ കളറുകള്‍ പ്രയോഗിക്കാറുണ്ട്. ബ്ലാക്ക്, ബ്രൌണ്‍, ഗോള്‍ഡ്, ബേയ്‌ജ്,റ്റാന്‍ തുടങ്ങിയവ പൊതുവേ വാം കളറുകളായി പരിഗണിക്കപ്പെടാറുണ്ട്. വൈറ്റ്, ഐവറി,ഗ്രേ മുതലായവ കൂള്‍ നിറങ്ങളുടെ സ്വഭാവ വിശേഷങ്ങള്‍ ഉള്ളവയാണെന്നും പറയപ്പെടുന്നു.

കൂള്‍ കളേഴ്സിന്റെ കൂട്ടത്തില്‍ ഉള്‍പ്പെടുന്ന ന്യൂട്രല്‍ കളറുകളായ വൈറ്റ്, ഗ്രേ എന്നിവയെക്കുറിച്ച് പറയാം.

വെളുപ്പ്.

വെളുപ്പ് നിറം ശുഭസൂചകമാണ്. പരിശുദ്ധിയുടെയും ശുചിത്വത്തിന്റെയും നിഷ്‌കളങ്കതയുടെയും സമാധാനത്തിന്റെയും പ്രതീകമാണ് വെളുപ്പ്. പരിപൂര്‍ണ്ണതയെ ദ്യോതിപ്പിക്കുന്ന നിറമാണ് വെളുപ്പ് എന്ന് പറയപ്പെടുന്നു. കറുപ്പിനെപ്പോലെ തന്നെ എല്ലാവര്‍ണ്ണങ്ങളോടും വെളുപ്പ് യോജിക്കും.വളരെ ക്രിയാത്മകമായ ലക്ഷ്യാര്‍ത്ഥങ്ങളാണ് വെളുപ്പിനുള്ളത്.
മിക്ക രാജ്യങ്ങളിലും വിവാഹവസ്ത്രങ്ങള്‍ക്ക് വെളുപ്പ് നിറമാണ്. ചിലയിടങ്ങളില്‍ ശവസംസ്കാരവേളയില്‍ വെളുപ്പ് ധരിക്കാറുണ്ട്. ആശുപത്രിയുമായി ഈ നിറം വളരെ ബന്ധപ്പെട്ടിരിക്കുന്നു. ഡോക്റ്റര്‍, നഴ്സ് മുതല്‍ ഫാര്‍മസിസ്റ്റ്, അറ്റന്‍ഡര്‍ വരെ വെളുപ്പ് ധരിക്കുന്നു. മെഡിക്കല്‍ ഉത്പന്നങ്ങള്‍ പ്രൊമോട്ട് ചെയ്യുമ്പോള്‍ സേഫ്‌റ്റിയെ സൂചിപ്പിക്കാന്‍ വെളുപ്പ് ഉപയോഗിക്കാറുണ്ട്.
പരസ്യവിപണിയില്‍ വെളുപ്പ് വൃത്തിയും ശീതളിമയും ഉള്ള നിറമായാണ് അറിയപ്പെടുന്നത്. ഹൈ-ടെക് ഉത്പന്നങ്ങളില്‍ ലാളിത്യത്തെ സൂചിപ്പിക്കാന്‍ വെളുപ്പ് ഉപയോഗിക്കപ്പെടുന്നു. ജീവകാരുണ്യപ്രസ്ഥാനങ്ങള്‍ക്ക് വളരെ അനുയോജ്യമായ വര്‍ണ്ണമാണ് വെളുപ്പ്.

പാലും പാലുത്പ്പന്നങ്ങളും വെളുപ്പുമായി വളരെ ബന്ധപ്പെട്ടിരിക്കുന്നു. കുറഞ്ഞ കൊഴുപ്പുള്ള ആഹാരം, കുറഞ്ഞ തൂക്കം തുടങ്ങിയവയെ സൂചിപ്പിക്കാനും വെളുപ്പ് ഉപയോഗിക്കാറുണ്ട്.

ഗ്രേ.


ലക്ഷണവത്തായ ഒരു ന്യൂട്രല്‍ കളറാണ് ഗ്രേ അഥവാ ചാരനിറം. തീവ്രവികാരങ്ങളൊന്നും ആവാഹിക്കാത്ത ഒരു തണുപ്പന്‍ നിറമാണ് ഗ്രേ എങ്കിലും മേഘാവൃതമായ ആകാശമെന്ന പോലെ സുഖകരമായ ഒരു വിഷാദഭാവം ഈ നിറത്തിന്റെ ചാരുതയാണ്.
കറുപ്പ് നിറത്തിന്റെ നിഷേധാത്മകത അധികമില്ലാത്ത ഒരു പരിഷ്‌കൃത വര്‍ണ്ണമാണ് കടും ചാരനിറം അഥവാ ഡാര്‍ക് ഗ്രേ. കോര്‍പറേറ്റ് ലോകത്ത് ഡാര്‍ക് ഗ്രേ സൂട്ടിന് പ്രത്യേക സ്ഥാനമുണ്ട്.
ഇളം ചാരനിറത്തിന് വെള്ളയോടാണ് സാമ്യം.
ഗ്രേയുടെ എല്ലാ ഷേഡുകളും നല്ല ബാക്‍ഗ്രൌണ്ട് നിറങ്ങളാവും. ഇളം ചാരനിറം ഇളം പിങ്ക്,ഇളംനീല, ഇളംലാവന്‍ഡര്‍, ഇളം പച്ച എന്നീ നിറങ്ങളോടൊപ്പം ഉപയോഗിച്ചാല്‍ ഒരു സ്ത്രൈണത ഉളവാകും. ഇതേ നിറങ്ങളുടെ കടും ഷേഡാണെങ്കില്‍ പൌരുഷം നിറയും.

അടുത്തത് ആവേശമുണര്‍ത്തുന്ന ചൂടന്‍ നിറങ്ങള്‍...(Warm colours)

Apr 14, 2009

ഈ തണുത്ത നിറങ്ങള്‍ക്കൊപ്പം...

ശീതവര്‍ണ്ണങ്ങളെക്കുറിച്ചാണ് നാം പറഞ്ഞു കൊണ്ടിരിക്കുന്നത്. നീലയെക്കുറിച്ച് കഴിഞ്ഞ ലേഖനത്തില്‍ പ്രതിപാദിച്ചുവല്ലോ.

ഇനി പച്ച.


പച്ച പ്രകൃതിയുടെ വര്‍ണ്ണമാണ്. അഭിവൃദ്ധിയുടെയും സ‌മൃദ്ധിയുടെയും നിറം. ആരോഗ്യം, പരിസ്ഥിതി, മൈത്രി, ഫലസ‌മൃദ്ധി, നവത്വം, വസന്തം, സ്‌ഥൈര്യം, സഹനശേഷി എന്നിവയുടെയൊക്കെ പ്രതീകമാണിത്. മനുഷ്യനേത്രങ്ങള്‍ക്ക് ഏറ്റവും സ്വസ്ഥതയേകുന്ന നിറമാണ് പച്ച. ശമനശേഷിയുള്ള വര്‍ണ്ണമാണത്രേ ഇത്. നീല നിറത്തിന്റെ ശാന്തസ്വഭാവങ്ങള്‍ മിക്കതും പച്ചയ്‌ക്കുമുണ്ട്.
സുരക്ഷയുമായി വളരെ വൈകാരികമായ ഒരു ചേര്‍ച്ച തന്നെ പച്ചനിറത്തിനുണ്ട്. ചുവപ്പ് നിറത്തിന് കടക വിരുദ്ധമാണ് പച്ച. സുരക്ഷിതമെന്നര്‍ത്ഥം. റോഡ് ഗതാഗതത്തില്‍ സ്വതന്ത്രസഞ്ചാരത്തിനുള്ള അനുമതിയാണ് പച്ച. റോഡില്‍ മാത്രമല്ല; ഏതൊരു ദൌത്യത്തിനുമുള്ള അനുമതി. പച്ചക്കൊടി കാണിക്കുക എന്ന പ്രയോഗം ഓര്‍ക്കുക. എങ്ങാനും പച്ചകത്തിച്ചാല്‍ ചാടി വീഴുന്ന ജീടോക്ക് ബഡ്ഡികളെയും ഓര്‍ക്കുക.
മരുന്നുകളും മെഡിക്കല്‍ ഉത്പന്നങ്ങളും പരസ്യം ചെയ്യുമ്പോള്‍ സുരക്ഷയെ സൂചിപ്പിക്കാന്‍ പച്ചനിറം ഉപയോഗിക്കാം. പ്രകൃതിയുമായി നേരിട്ട് ബന്ധപ്പെട്ട നിറമായതിനാല്‍ പ്രകൃതിദത്തമായ ഉത്പന്നങ്ങള്‍ക്കെല്ലാം പച്ച ഒരവിഭാജ്യഘടകമായിട്ടുണ്ട്. അയുര്‍വേദത്തിന്റെയും ടൂറിസത്തിന്റെയും പരസ്യത്തിലെങ്കിലും പച്ചയുണ്ടെന്നുള്ളത് ആശ്വാസം തന്നെ!
കടും പച്ച നിറം പൊതുവേ പണവുമായും സാമ്പത്തിക ലോകവുമായും ബാങ്കിംഗുമായും ബന്ധപ്പെട്ടിരിക്കുന്നു. അതുപോലെ തന്നെ ആഗ്രഹം, അത്യാഗ്രഹം, അസൂയ എന്നിവയുമായും ബന്ധപ്പെട്ടതാണ് കടും പച്ച.
യെല്ലോ ഗ്രീന്‍ രോഗത്തെയും ഭീരുത്തത്തെയും സൂചിപ്പിക്കുന്നു.
ഒലീവ് പച്ച സമാധാനത്തിന്റെ നിറമാണ്.

പച്ചയോടൊപ്പം നീല നിറം ഉപയോഗിച്ചാല്‍ പ്രകൃതിയുടെ പ്രതിധ്വനി തന്നെയാവുമെന്നതിനാല്‍ അത് ഐശ്വര്യത്തെയും അഭിവൃദ്ധിയെയും സൂചിപ്പിക്കും. പച്ചയും മഞ്ഞയും കറുപ്പ് അല്ലെങ്കില്‍ വെള്ളയും ചേര്‍ന്നാല്‍ സ്പോര്‍ട്ടി കളര്‍സ്കീമായി. പര്‍പ്പിളും പച്ചയും വളരെ കോണ്ട്രാസ്റ്റ് ഉണ്ടാക്കും. ലൈം ഗ്രീനും ഓറഞ്ചും ചേര്‍ന്നാല്‍ ഒരു ഫ്രൂട്ടി പാലറ്റായി.

അടുത്തത് വൈഢൂര്യ വര്‍ണ്ണം (Turquoise)

ഒരു തരം ഹരിതനീലിമയാണിത്. ഉത്സാഹജനകമായ ഒരു വര്‍ണ്ണം. നീലയുടെയും പച്ചയുടെയും ഒരു സങ്കലനം. ഈ വര്‍ണ്ണത്തിന് ഒരു സ്ത്രൈണഭാവമുണ്ട്. പച്ചയുടെയും നീലയുടെ സങ്കലനമായതിനാല്‍ അവയുടെ ശാന്തതയും ഈ നിറത്തിനുമുണ്ട്.
ഈ വര്‍ണ്ണത്തിന്റെ പര്യായങ്ങളെന്നോണം ഇതിന്റെ വിവിധ ഷേഡുകള്‍ വിവിധ പേരുകളില്‍ അറിയപ്പെടുന്നു. Pale Turquoise , Bright Turquoise , Dark Turquoise, Aqua, Aquamarine, Teal എന്നിങ്ങനെ. ചിത്രം ശ്രദ്ധിക്കുക.സ്നേഹം, കാരുണ്യം, ഉത്തരവാദിത്തം, ക്രിയാത്മകത, സ്വാതന്ത്ര്യം എന്നിവയുടെയൊക്കെ പ്രതീകമായി റ്റേര്‍‌ക്വൊയിസിനെ കണക്കാക്കുന്നു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമിടയില്‍ ഒരുപോലെ പ്രചാരമുള്ള നിറമാണ് റ്റേര്‍‌ക്വൊയിസ്. ഒരു സ്ത്രൈണഭാവം ജനിപ്പിക്കാനായി ഈ നിറത്തോടൊപ്പം ലാവന്‍ഡര്‍ അല്ലെങ്കില്‍ ഇളം പിങ്ക് കൂടി ചേര്‍ത്താല്‍ മതി. ഈ നിറക്കൂട്ട് സ്ത്രീകള്‍ക്കുള്ള ഉത്പന്നങ്ങള്‍ പരസ്യം ചെയ്യാനും പാക്കേജ് ഡിസൈനിനും മറ്റും സാര്‍വത്രികമായി ഉപയോഗിക്കുന്നു.

ഓറഞ്ചോ മഞ്ഞയോ നിറമാണ് റ്റേര്‍‌ക്വൊയിസിനൊപ്പം ഉപയോഗിക്കുന്നതെങ്കില്‍ കായികവിനോദ സംബന്ധമായ ഡിസൈനുകള്‍ക്ക് നന്നായി ചേരും. Teal വളരെ സഭ്യവും പരിഷ്‌കൃതവുമായ നിറമായി അറിയപ്പെടുന്നു. Aquaഎന്നാല്‍ ജലം. മനോഹരമായ ഒരു തെളിഞ്ഞദിനത്തിലെ കടലിന്റെ വര്‍ണ്ണം. സ്വച്ഛതയും നിഗൂഢഭാവവുമുള്ള വര്‍ണ്ണമാണ് അക്വ. ഈ വര്‍ണ്ണം രോഗശമനം, സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.

സില്‍‌വര്‍


തിളക്കവും മൃദുത്വവുമുള്ള ഒരു ശീതവര്‍ണ്ണമാണ് സില്‍‌വര്‍. കണ്ണിനെ പെട്ടെന്നാകര്‍ഷിക്കുന്ന വര്‍ണ്ണം. അലങ്കാരവിതാനങ്ങളുടെ ഒരു ഭാവം പകരാന്‍ ഈ നിറത്തിന് കഴിയും. ഗ്ലാമര്‍, പ്രശസ്തി, ഉന്നതസാങ്കേതിക വിദ്യ, റ്റെലിപ്പതി, അതീന്ദ്രിയജ്ഞാനം, ആശയവിനിമയം, സ്വപ്നം, സ്ത്രീശക്തി, തിളക്കം എനിവയെയൊക്കെ പ്രതിനിധീകരിക്കുന്നു സില്‍‌വര്‍. വെള്ളി നിറം പലപ്പോഴും ധനാഢ്യതയെ പ്രതിനിധീകരിക്കുന്നു. ഭൂമിയുമായും പ്രകൃതിരമണീയതയുമായും ബന്ധപ്പെട്ടും വെള്ളിനിറം ഉപയോഗിക്കാറുണ്ട്.

നിയന്ത്രണത്തിന്റെയും ശക്തിയുടെയും ഭാവം പകരാന്‍ വെള്ളിനിറവും സ്വര്‍ണ്ണം അല്ലെങ്കില്‍ വെളുപ്പ് നിറവും ചേര്‍ന്ന ഡിസൈനിന് കഴിയും.


പ്രധാന കൂള്‍ കളേഴ്സ് കഴിഞ്ഞു. ഇനി കൂള്‍ കളേഴ്സിന്റെ കൂട്ടത്തില്‍ ഉള്‍പ്പെടുന്ന ന്യൂട്രല്‍ കളറുകളെക്കുറിച്ച് അടുത്ത എപ്പിഡോസില്‍...

Apr 12, 2009

നിറങ്ങളേ പാടൂ...

നിറങ്ങളെന്നാല്‍ ചില പ്രാഥമികവര്‍ണ്ണങ്ങളുടെ സമ്മിശ്രണം മാത്രമല്ല. നിറങ്ങള്‍ വാക്കുകള്‍ക്കതീതമായ ആശയവിനിമയോപധി കൂടിയാണ്. നിറങ്ങള്‍ക്ക് ഒരു പ്രതീകാത്മകത്വം ഉണ്ട്. കേവലം ചായക്കൂട്ടിനുപരിയായ അര്‍ത്ഥതലങ്ങളുമുണ്ട്.

ഓരോ വര്‍ണ്ണത്തെയും നമ്മുടെ കണ്ണും മനസ്സും എങ്ങനെയാണ് ഉള്‍ക്കൊള്ളുന്നതെന്നും നിറങ്ങളുടെ അര്‍ത്ഥവ്യാപ്തി എന്തെന്നും മനസ്സിലാക്കുന്നത് ഒരു ഡിസൈനറെ സംബന്ധിച്ച് വളരെയധികം ഉപകാരപ്രദമായിരിക്കും.
ചിലപ്പോള്‍ നിറങ്ങള്‍ നമ്മില്‍ ചില ശാരീരികപ്രതിപ്രവര്‍ത്തനങ്ങള്‍ ഉണ്ടാക്കിയെന്നിരിക്കും. തീയുടെയും രക്തത്തിന്റെയും നിറമായ ചുവപ്പ് പൊതുവേ രക്തസമ്മര്‍ദ്ദം ഉയര്‍ത്താറുണ്ട് . മറ്റുചിലപ്പോള്‍ ചില സാംസ്‌കാരികമായ പ്രതികരണങ്ങള്‍ നിറങ്ങളിലൂടെ പ്രകടിപ്പിക്കപ്പെടാം. വിവാഹവേളയില്‍ ശുഭ്രവസ്ത്രം ധരിക്കുന്നതും മരണപ്പെട്ടവനോടുള്ള അനുശോചനാര്‍ത്ഥം കറുത്ത മുദ്ര അണിയുന്നതും ഉദാഹരണം. സമൂഹത്തിലെ ട്രെന്‍ഡുകളെ പ്രതിനിധാനം ചെയ്യാന്‍ നിറങ്ങളെ എത്ര സമര്‍ത്ഥമായാണ് ഉപയോഗപ്പെടുത്തുന്നത് ! വസ്ത്രം, വാഹനം മുതല്‍ ആഹാരസാധനം വരെ നമ്മുടെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന നിര്‍ണ്ണായക ഘടകം നിറം തന്നെയാണ്.

നിറങ്ങള്‍ ശരിയായി സംയോജിപ്പിക്കാനും ചേരും‌പടി ചേര്‍ക്കാനും നിറങ്ങള്‍ തമ്മിലുള്ള പൊരുത്തവും പൊരുത്തക്കേടുകളുമൊക്കെ അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

അതിനു മുമ്പായി കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഡിസൈന്‍ ചെയ്യുവാന്‍ ആഗ്രഹിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട അടിസ്ഥാനപരമായ ചില കാര്യങ്ങള്‍ വെറുതേ ഒന്ന് പറഞ്ഞു പോകാം.

നിറസിദ്ധാന്തമൊക്കെ അറിഞ്ഞിരിക്കണമെന്നാണ് വെപ്പ് ! നിറസിദ്ധാന്തമെന്തെന്നറിയണമെങ്കില്‍ നിറമെന്തെന്നറിയണം. നിറങ്ങളുടെ അര്‍ത്ഥമെന്തെന്നറിയണം.പ്രൈമറി ക്ലാസ്സിലെ പുസ്തകത്താളുകളില്‍ നിന്ന് നാം പഠിച്ച നിറസിദ്ധാങ്ങളല്ല രൂപകല്‍‌പ്പനാവിദഗ്‌ദ്ധന്മാരുടെ കളര്‍തിയറി. അന്ന് പഠിച്ച കളര്‍വീലല്ല വെബ് സൈറ്റും ബ്ലോഗും കൊണ്ടമ്മാനമാടുന്ന ഹൈടെക് വെബ്‌ഡിസൈനര്‍മാരുടെ കളര്‍വീല്‍. കുട്ടിയായിരുന്നപ്പോള്‍ ക്രയോണ്‍ കൊണ്ട് കളര്‍ ഉരച്ചു ചേര്‍ത്തത് പോലല്ല പ്രിംന്റിംഗിന് മഷി കൂട്ടുന്നത്. ഇതൊക്കെ അറിയണമെങ്കില്‍ ആര്‍ ജി ബിയും സി എം വൈ കെയും അഡ്‌ജസന്റും കോമ്പ്ലിമെന്ററിയുമൊക്കെ അറിയാനുള്ള സെന്‍സ് ഉണ്ടാവണം..(ഠേം ഡേം)സെന്‍സിക്കിലിബ്ലിറ്റി ഉണ്ടാവണം...(ഠേം ഡേം) സെന്‍സര്‍റ്റിവിക്കിറ്റി ഉണ്ടാവണം...(ഠേം ഠേം ഡേം..!)

പ്രാഥമിക വര്‍ണ്ണങ്ങള്‍ ഏതൊക്കെയെന്ന് നമുക്കറിയാം. ചുവപ്പ്, മഞ്ഞ പിന്നെ നീല.
രണ്ട് പ്രൈമറി കളറുകളെ സംയോജിപ്പിച്ചാല്‍ സെക്കന്ററി കളര്‍ കിട്ടും.

പാരമ്പര്യ സെക്കന്ററി കളറുകള്‍ ഓറഞ്ച് (ചുവപ്പ്+മഞ്ഞ), പച്ച (മഞ്ഞ+നീല), പര്‍പ്പിള്‍ (നീല+ചുവപ്പ്) എന്നിവയാണല്ലോ?


പ്രൈമറി കളേഴ്സ് സംയോജിപ്പിച്ച് എത്ര നിറങ്ങള്‍ വേണമെങ്കിലും നമുക്ക് ഉണ്ടാക്കാമെന്നും നമുക്കറിയാം.
നിറങ്ങളെ നാം ദര്‍ശിക്കുന്നത് ഒരല്‍പ്പം വ്യത്യസ്തരീതിയിലാണ്. പ്രകാശം ഒരു പ്രതലത്തില് നിന്നും പ്രതിഫലിച്ച് കണ്ണിന്റെ റെറ്റിനയില് പതിക്കുമ്പോള് അനുഭവിക്കുന്ന കാഴ്ചക്കാണ് നിറം എന്നു പറയുന്നത്

ഒരു പ്രിസത്തിലൂടെ പ്രകാശം കടത്തിവിടുമ്പോള്‍ പ്രിസം പ്രകാശത്തെ മഴവില്‍ നിറങ്ങളായി വിഭജിക്കുന്നത് നാം കണ്ടിട്ടുണ്ടാവും. ഈ വര്‍ണ്ണരാജി പ്രധാനമായും മൂന്ന് വര്‍ണ്ണമേഖലകളായിരിക്കും. ചുവപ്പ്, പച്ച, നീല. (Red, Green, Blue – RGB).

(ഇമേജ് കടപ്പാട്: വിക്കിപ്പീഡിയ)

ചുവപ്പ്, പച്ച, നീല (RGB) നിറമുള്ള പ്രകാശം ചേര്‍ന്ന് വെള്ള നിറമുള്ള പ്രകാശം സൃഷ്‌ടിക്കുന്നു. അഥവാ വെളുപ്പ് നിറം കിട്ടാനായി ചുവപ്പ്, പച്ച, നീല എന്നിവ സംയോജിക്കപ്പെട്ടു. അത് കൊണ്ട് ഇവയെ സംയോജിത പ്രാഥമിക വര്‍ണ്ണങ്ങള്‍ (additive primaries) എന്ന് വിളിക്കപ്പെടുന്നു.

ഇനി ഈ മൂന്ന് വര്‍ണ്ണങ്ങളില്‍ നിന്ന് ഏതെങ്കിലുമൊന്ന് ഒഴിവാക്കുക. അപ്പോള്‍ നമുക്ക് മറ്റു ചില നിറങ്ങള്‍ കിട്ടും. അതായത് ആര്‍ ജി ബിയില്‍ നിന്ന് റെഡ് കിഴിക്കുക. അപ്പോള്‍ കിട്ടുന്നത് CYAN എന്നൊരു നിറമായിരിക്കും. (Green+Blue).
RGB-Green= Magenta. (Red+Blue)
RGB-Blue= Yellow.(Red+Green)


ഈ നിറങ്ങളെ subtractive primaries എന്ന് വിളിക്കപ്പെടുന്നു.(CMY). ചിത്രം ശ്രദ്ധിക്കുക.

എന്നാല്‍ പച്ച, നീല നിറങ്ങളിലുള്ള പെയിന്റ് സംയോജിപ്പിച്ച് cyan നിറമുള്ള പെയിന്റ് ഉണ്ടാക്കാനാവുമോ? സാധ്യമല്ല. എന്ത് കൊണ്ട്?

കാഴ്‌ചയില്‍ നമുക്ക് അനുഭവേദ്യമാകുന്ന നിറം പ്രകാശത്തിന്റെ പ്രതിഫലനമാണ്. പെയിന്റ് അഥവാ മഷി പ്രകാശമല്ലല്ലോ !


ഇതവിടെ നില്‍ക്കട്ടെ.
പ്രിന്റിനും വെബിനും വേണ്ടി കളറുകള്‍ പുനര്‍നിര്‍മ്മിക്കുന്നതെങ്ങനെയെന്ന് നോക്കാം.
നമ്മുടെ കമ്പ്യൂട്ടര്‍ മോണിറ്റര്‍ പ്രവഹിപ്പിക്കുന്നത് പ്രകാശമാണ്. അതു കൊണ്ട് തന്നെ നാം കാണുന്ന നിറങ്ങള്‍ നിര്‍മ്മിക്കുവാന്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നത് RGB എന്ന നിറമേഖലയാണ് എന്ന് മനസ്സിലാക്കാം. വെബിലേക്കോ സ്ക്രീനിലേക്കോ വേണ്ടി ഇമേജുകള്‍ തയ്യാറാക്കുമ്പോള്‍ RGB നിറങ്ങളുടെ വിവിധ അളവുകളാണ് നാം നീക്കിവെക്കുന്നത്.


ഇമേജ് കടപ്പാട്: http://bluelobsterart.com


ഫോട്ടോഷോപ്പ് മുതലായ നമ്മുടെ ഗ്രാഫിക് സോഫ്‌റ്റ്വെയറില്‍ താഴെ ഉദാഹരണത്തില്‍ കാണും വിധം RGB യുടെ സംഖ്യാക്രമീകരണം കാണാം.

255 RED - 255 GREEN - 0 BLUE

FF FF 00
1 മുതല്‍ 255 വരെയുള്ള അക്കങ്ങള്‍ ഓരോ നിറത്തിന്റെയും അളവിനെ കുറിക്കുന്നു. ഈ അളവുകള്‍ നമ്മുടെ കമ്പ്യൂട്ടറിനു മനസ്സിലാവുന്നതിന് വേണ്ടി ഹെക്സാഡെസിമല്‍ സംഖ്യാ സംവിധാനത്തിലേക്ക് പരിഭാഷപ്പെടുത്താറുണ്ട്. 255 RED - 255 GREEN - 0 BLUE എന്നത് ഹെക്സാഡെസിമലില്‍ FF FF 00
എന്നായി മാറും. ആദ്യ ജോഡി FF എന്നത് Red. രണ്ടാമത്തെ FF Green. 00 എന്നത് Blue.
255 നു തുല്യമായ ഹെക്സാ ആണ് FF. 0 നു തുല്യമായത് 00.

ഇമേജ് കടപ്പാട്: http://bluelobsterart.com


ഇങ്ങനെ പ്രകാശരൂപത്തില്‍ നാം കാണുന്ന നിറങ്ങളെ പ്രിന്റിനു വേണ്ടി പുനര്‍നിര്‍മ്മിക്കുന്നതെങ്ങനെ? നേരത്തേ Additive Primaries ല്‍ നിന്ന് നിറങ്ങള്‍ കുറച്ച് Subtractive primaries നിര്‍മ്മിക്കുന്നത് നാം കണ്ടു. പ്രകാശം യോജിച്ച് വര്‍ണ്ണങ്ങളുണ്ടാകുന്നത് പോലെയുള്ള നിറം പ്രിന്റിനു വേണ്ടി മഷി കൂട്ടുമ്പോള്‍ കിട്ടില്ല. ആയതിനാല്‍ CMY നിറങ്ങളുടെ വിവിധങ്ങളായ അളവുകള്‍ കറുപ്പ് മഷി (ബ്ലാക്കിനെ K എന്ന അക്ഷരം കൊണ്ട് സൂചിപ്പിക്കുന്നു. B എന്ന അക്ഷരം ബ്ലൂ കൊണ്ടുപോയത് കൊണ്ടാവാമിത്) കൂടി ചേര്‍ത്താണ് പ്രിന്റിനു വേണ്ട മഷി കൂട്ടുന്നത്. നിറങ്ങള്‍ ശതമാനക്കണക്കില്‍ കൂട്ടിയോജിപ്പിക്കുകയാണ് ചെയ്യുന്നത്.

ഉദാ:- 50% CYAN 100% YELLOW 25% MAGENTA.

ഇമേജ് കടപ്പാട്: http://bluelobsterart.com

അപ്പോള്‍ CMYK എന്ന കളര്‍ മോഡല്‍ എന്താണെന്ന് മനസ്സിലായി. പ്രിന്റിനുപയോഗിക്കുന്ന അനേകം കളര്‍ മോഡലുകളില്‍ ഒന്ന് മാത്രമാണ് CMYK.

ഇനി താഴെ ചിത്രങ്ങള്‍ ഒന്ന് നോക്കുക. അടുത്ത മൂന്ന് ഖണ്ഡികയില്‍ ഓരോന്ന് വായിക്കുമ്പോഴും ഈ കളര്‍ വീല്‍ ശ്രദ്ധിക്കണം.Adjacent colours
ഒരു കളര്‍ വീലില്‍ അടുത്തടുത്തായി കാണപ്പെടുന്ന നിറങ്ങളെയാണ് Adjacent colours (തൊട്ടു കിടക്കുന്ന വര്‍ണ്ണങ്ങള്‍) എന്ന് പറയുന്നത്. ഇവ പരസ്പരം പൊരുത്തപ്പെടുന്നതിനാല്‍ ഇവയെ harmonizing colours എന്നും പറയാറുണ്ട്. ഉദാഹരണം പച്ചയും മഞ്ഞയും, പര്‍പ്പിളും മജന്റയും. സാധാരണഗതിയില്‍ ഒന്ന് മറ്റൊന്നിനോട് നന്നായി ചേര്‍ന്ന് പോകും. എന്നാല്‍ അടുത്തടുത്തുള്ള നിറങ്ങളുടെ മൂല്യം ഏറെ സമാനമാണെങ്കില്‍ ഒരു വാഷ്‌ഡ് ഔട്ട് എന്നപോലെയോ വ്യതിരിക്തത (കോണ്ട്രാസ്റ്റ്) കുറവായതു പോലെയോ തോന്നാം.

Complementary colours

കളര്‍വീലില്‍ ചില നിറങ്ങള്‍ മറ്റു നിറങ്ങളാല്‍ വേര്‍തിരിക്കപ്പെടുന്നുണ്ട്. അത്തരം വര്‍ണ്ണങ്ങളെ കോമ്പ്ലിമെന്ററി കളേഴ്സ് എന്ന് പറയാം. (Complementary colours). ചുവപ്പും പച്ചയും കോമ്പ്ലിമെന്ററി കളറുകളാണ്. ഈ കളറുകള്‍ അടുത്തടുപയോഗിച്ചാല്‍ ഒരു ‘വര്‍ണ്ണപ്രകമ്പനം‘ തന്നെ ഉളവായെന്ന് വരാം. കണ്ണിന് ക്ഷീണമുണ്ടാവുകയും ചെയ്യും. അതേ സമയം ഒരു പേജില്‍ മറ്റു നിറങ്ങളുമായി വേര്‍തിരിച്ച് ഉപയോഗിച്ചാല്‍ ഇവ ഒരുമിച്ച് പോകുകയും ചെയ്യും.

Clashing colours
കളര്‍വീലില്‍ ഒരു നിറത്തിന്റെ തികച്ചും എതിര്‍വശത്ത് നിലകൊള്ളുന്ന നിറങ്ങളെ ക്ലാഷിംഗ് കളേഴ്സ് (Clashing colours) എന്ന് വിളിക്കാം. ഉദാഹരണം മഞ്ഞയും നീലയും, പച്ചയും മജന്റയും.
മുട്ടന്‍ ഇടികൂടുന്ന നിറങ്ങളെന്നാണ് പേരെങ്കിലും ശ്രദ്ധയോടെ ഉപയോഗിക്കുമെങ്കില്‍ ഈ നിറങ്ങള്‍ മോശം കോംബിനേഷന്‍ ആവുകയില്ല. ഈ വര്‍ണ്ണങ്ങള്‍ നല്ല കോണ്ട്രാസ്റ്റും ദൃശ്യപരതയും പ്രദാനം ചെയ്യുന്നു.


ഇനി നമുക്ക് വര്‍ണ്ണങ്ങളുടെ അര്‍ത്ഥതലങ്ങളിലേക്ക് വരാം.

വര്‍ണ്ണങ്ങളെ അവയുടെ സ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ നാലു ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു. Cool, Warm, Mixed Cool/Warm, Neutral എന്നിങ്ങനെയാണ് ഗ്രൂപ് തിരിച്ചിരിക്കുന്നത്. ഓരോ ഗ്രൂപ്പിലെയും വര്‍ണ്ണങ്ങളേതെന്നും അവയുടെ അര്‍ത്ഥവും സവിശേഷതകളും എന്തെന്നും നമുക്ക് നോക്കാം.

Cool Colours.

നീല, പച്ച, വൈഢൂര്യം, വെള്ളി തുടങ്ങിയവും നിഷ്‌പക്ഷ നിറങ്ങളായ ഗ്രേ, വെളുപ്പ് മുതലായവയും കൂള്‍ കളേഴ്സിന് ഉദാഹരണമാണ്. (Blue, Green, Turquoise, Gray, Silver, White). ശാന്തമായ ഒരു ഭാവമാണ് കൂള്‍ കളേഴ്‌സിനുള്ളത്. ജലത്തിന്റെ നീലിമ. സസ്യ ജാലകങ്ങളുടെ ഹരിതം. പ്രകൃതിയുടെ, ജീവന്റെ വര്‍ണ്ണങ്ങള്‍. ഈ തണുത്ത നിറങ്ങള്‍ക്ക് ചൂടുപകരാന്‍ ഇവയ്‌ക്കൊപ്പം ചുവപ്പോ കുങ്കുമമോ പോലെയുള്ള ഊഷ്‌മള വര്‍ണ്ണങ്ങള്‍ ഉപയോഗിക്കാം. പശ്ചാത്തലത്തിലേക്ക് ഉള്‍വലിയുന്ന തണുത്ത വര്‍ണ്ണങ്ങളില്‍ അധീശത്വഭാവത്തോടെ അരുണവര്‍ണ്ണം വിലസും.

ഓരോ നിറങ്ങളുടെയും സ്വഭാവവും പ്രത്യേകതയും അര്‍ത്ഥവും ഉപയോഗരീതിയുമൊക്കെ മനസ്സിലാക്കല്‍ രസകരം തന്നെയാണ്.

ആദ്യമായി നീല തന്നെയാവട്ടെ.

നീല. പ്രശാന്തമായ നിറം. ഉറപ്പിന്റെയും സ്ഥൈര്യത്തിന്റെയും വര്‍ണ്ണമെന്നാണ് നീലയെ പറയുക. അതേ പോലെ തന്നെ ഹൃദ്യവുമാണ്. എല്ലാപേരും തന്നെ നീലയെ ഇഷ്‌ടപ്പെടുന്നു. നീല ഒരു പ്രകൃതി വര്‍ണ്ണമാണ്. ആകാശത്തിന്റെയും കടലിന്റെയും നിറം. അതു കൊണ്ട് തന്നെ ഇതൊരു യൂണിവേഴ്‌സല്‍ കളറാണ്. വിശ്വാസത്തിന്റെയും കൂറിന്റെയും വിജ്ഞാനത്തിന്റെയും പ്രതിപത്തിയുടെയും ധിഷ്ണയുടെയും സ്വര്‍ഗ്ഗത്തിന്റെയും പ്രതീകമാണ് നീല. ശരീരത്തിനും മനസ്സിനും ഗുണദായകമായ നിറമാണ് നീലയെന്നാണ് പറയപ്പെടുന്നത്. നീല മനുഷ്യ ശരീരത്തിലെ ചയാപചയങ്ങളെ ( human metabolism) മന്ദീഭവിപ്പിക്കുകയും ശാന്തത പ്രദാനം ചെയ്യുകയും ചെയ്യുന്നു.
നീല നിറം വൃത്തിയുമായും ആകാശം, വായു, വെള്ളം മുതലായവുമായും ബന്ധപ്പെട്ട ഉത്പന്നങ്ങള്‍ പ്രൊമോട്ട് ചെയ്യാന്‍ ഉപയോഗിക്കാവുന്നതാണ്. ഉദാ:- വാട്ടര്‍ പ്യൂരിഫിക്കേഷന്‍ ഫില്‍ട്ടറുകള്‍, ക്ലീനിംഗ് ലിക്വിഡ്, എയര്‍ ലൈനുകള്‍, എയര്‍ പോര്‍ട്ട്, മിനറല്‍ വാട്ടര്‍ മുതലായവ.
കോര്‍പ്പറേറ്റ് നിറമെന്നും നീല അറിയപ്പെടുന്നു. ഹൈടെക് ഉത്പന്നങ്ങള്‍ പ്രൊമോട്ട് ചെയ്യുവാന്‍ നീല ഉപയോഗിക്കപ്പെടുന്നു. നീല ഒരു മസ്‌കുലിന്‍ നിറമായതിനാല്‍ പുരുഷന്മാര്‍ക്കിടയില്‍ ഈ നിറത്തിന് നല്ല സ്വീകാര്യതയുണ്ട്.
ആഹാരവും പാചകവുമായി ബന്ധപ്പെട്ട ഉത്പന്നങ്ങള്‍ പ്രൊമോട്ട് ചെയ്യുമ്പോള്‍ നീല ഉപയോഗിക്കരുത്. കാരണം നീല നിറം വിശപ്പിനെ കെടുത്തുന്നതായി പറയപ്പെടുന്നു. ചുവപ്പ് , മഞ്ഞ തുടങ്ങിയ വാം കളറുകളോടൊപ്പം ഉപയോഗിക്കുമ്പോള്‍ വളരെയധികം ഇമ്പാക്റ്റ് ഉണ്ടാവും. ഡിസൈനുകളില്‍ ആവേശമുണര്‍ത്തുന്ന കളര്‍ സ്കീമാണീത്. ഉദാഹരണം ഒരു സൂപ്പര്‍ ഹീറോയ്ക്ക് യോജിച്ച നിറങ്ങളാണ് നീലയും മഞ്ഞയും ചുവപ്പും.
ഇളം നീല ആരോഗ്യം, രോഗശമനം, മൃദുലത മുതലായവുമായി ബന്ധപ്പെട്ടിരിക്കുന്നു.
കടും നീല വിജ്ഞാനം, ശക്തി, ഗൌരവം, ആര്‍ജവം മുതലായവയെ സൂചിപ്പിക്കുന്നു.

ഇനി കൂള്‍ കളേഴ്സിലെ മറ്റു നിറങ്ങള്‍, മറ്റു ഗ്രൂപ്പുകള്‍-അതിലെ നിറങ്ങള്‍-അര്‍ത്ഥങ്ങള്‍ ഇവയൊക്കെ ദൈവമനുവദിക്കുമെങ്കില്‍ പിന്നാലെ. അതു കൊണ്ട് (തുടരും)