Mar 11, 2008

ക്ഷമ

ക്ഷമ ഭീരുത്തമാണെന്ന് ചിലര്‍ തെറ്റിദ്ധരിക്കുന്നു.
വില്ലിന്റെ ഞാണ്‍ പിന്നോട്ട് പിന്നോട്ട് പോകുന്നത് എന്തിനാണെന്ന് അവര്‍ അറിയുന്നില്ല.

Mar 8, 2008

ഹിപ്‌നോട്ടിക് അനുഭവങ്ങള്‍ - 3

ഉറങ്ങിക്കിടക്കുന്നവരെ ഉണര്‍ത്തുവാന്‍ വൈമനസ്യം കാണിക്കുന്നവര്‍ ഇന്നും ധാരാളമുണ്ട്. പല തരം അന്ധവിശ്വാസങ്ങളും അതിനു പുറകിലുണ്ട്. ഉറങ്ങുന്നവന്റെ ആത്മാവ് സഞ്ചാരത്തിനു പോയിരിക്കുകയാണെന്നും ആത്മാവ് തിരികെ വരുന്നതിനു മുമ്പെങ്ങാനും വിളിച്ചുണര്‍ത്തിയാല്‍ ഉണരുന്ന വ്യക്തിക്ക് ബോധം നഷ്‌ടപ്പെടുമെന്നോ ഭ്രാന്ത് വരെ ആകെമെന്നോ ഒക്കെ ഇന്ത്യയില്‍ പലരും ഇന്നും വിശ്വസിക്കുന്നു.

അതെന്തൊക്കെ ആയാലും അമ്മാതിരി ഭയമൊന്നുമായിരുന്നില്ല നമ്മുടെ പയ്യന്റെ കാര്യത്തില്‍ എനിക്കുണ്ടായിരുന്നത്. അവനെ നമുക്ക് ഹാരിസ് എന്നു വിളിക്കാം. നല്ല വെളിച്ചമുള്ള സമയത്ത് ഉറങ്ങാന്‍ കിടന്ന ഹാരിസ് കുറ്റാക്കുട്ടിരുട്ടില്‍ എങ്ങാനും ഉണര്‍ന്നു പോയാല്‍ ഭയപ്പെട്ടേക്കുമോ എന്ന് ഞാന്‍ ശങ്കിച്ചു. ഭാഗ്യത്തിന് ഒന്നും സംഭവിച്ചില്ല. ഏറെത്താമസിയാതെ കറന്റ് വന്നു. അവന്‍ സ്വമേധയാ ഉണരുന്നത് വരെ ഉറങ്ങാന്‍ അനുവദിച്ചു കൊണ്ട് ഞാന്‍ അവന്റെ അരികിലിരുന്നു.

അടുത്ത ദിവസം അവനെ ഹിപ്‌നോ അനാലിസിസിന് വിധേയനാക്കാന്‍ ഞാന്‍ തീരുമാനിച്ചു.



അതിനു മുമ്പായി ഹിപ്‌നോട്ടിസം അല്ലെങ്കില്‍ ഹിപ്‌നോ തെറാപ്പി ഒരു വ്യക്തിയില്‍ എങ്ങനെ പ്രാവര്‍ത്തികമാകുന്നു എന്ന് നമുക്ക് നോക്കാം.

മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനത്തെ ഉന്നത നാഡീവ്യൂഹ പ്രവര്‍ത്തനം (Higher Nervous Activity) എന്നും താഴ്‌ന്ന നാഡീവ്യൂഹ പ്രവര്‍ത്തനം (Lower Nervous Activity)എന്നിങ്ങനെ രണ്ടായി തരം തിരിച്ചിട്ടുണ്ട്.

താഴ്‌ന്ന നാഡീവ്യൂഹ പ്രവര്‍ത്തനങ്ങള്‍ ജന്മസഹജമാണ്. വിശപ്പ്, ദഹനം, സ്വയം സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, പ്രതിരോധം, കാമം, വാത്സല്യം തുടങ്ങിയവ നാഡീവ്യൂഹ വ്യവസ്ഥയുടെ താഴ്‌ന്ന തരം പ്രവര്‍ത്തനങ്ങളില്‍പ്പെടുന്നു.

ജീവിതകാലഘട്ടത്തില്‍ നാം ആര്‍ജ്ജിക്കുന്ന സ്വഭാവ സവിശേഷതകള്‍ അഥവാ പ്രവര്‍ത്തനങ്ങള്‍ ബാഹ്യലോകവുമായുള്ള നമ്മുടെ ബന്ധത്തെ ഉറപ്പിക്കുന്നു. ഇതാണ് കണ്ടീഷന്‍ഡ് റിഫ്ലക്സ് എന്ന് അറിയപ്പെടുന്നത്.

താഴ്‌ന്ന നാഡീവ്യൂഹ പ്രവര്‍ത്തനങ്ങള്‍ സഹജവാസനകളുടെ അഥവാ വികാരങ്ങളുടെ അടിസ്ഥാനമാണെങ്കില്‍ ഉന്നത നാഡീവ്യൂഹ പ്രവര്‍ത്തനങ്ങള്‍ ജന്മവാസനകള്‍ ഒഴികെയുള്ള മറ്റെല്ലാ വിധേയത്തങ്ങളുടെയും അടിസ്ഥാനമാണ്.

ഐ.പി. പവ്‌ലോവ് ഉന്നത നാഡീവ്യൂഹ പ്രവര്‍ത്തനം ഒരുദാഹരണത്തിലൂടെ വിവരിക്കുന്നത് നോക്കാം.

നായക്ക് ഭക്ഷണം കൊടുക്കുന്നതിനു മുമ്പായി കുറച്ച് സെക്കന്റുകള്‍ മണിയടി ശബ്‌ദം കേള്‍പ്പിക്കുക. അതായത് കുറച്ചു നേരം ബെല്ലടിച്ചതിനു ശേഷം മാത്രം നായക്ക് ഭക്ഷണം കൊടുക്കുക. ഇതൊരു ശീലമാകുമ്പോള്‍ പിന്നീട് ഭക്ഷണം കൊടുത്താലും ഇല്ലെങ്കിലും മണിയടി ശബ്ദം കേട്ടാലുടന്‍ നായയുടെ വാ‍യില്‍ വെള്ളമൂറാന്‍ തുടങ്ങുന്നു. ഇവിടെ മണിയടി ശബ്‌ദം കണ്ടീഷന്‍ഡ് റിഫ്ലക്സ് ആയിരിക്കുന്നു. മണിയടി ശബ്‌ദത്തോടുള്ള ഈ വിധേയത്തം ആര്‍ജ്ജിതമാണ്, സഹജമല്ല. എന്നാല്‍ ഭക്ഷണം കണ്ടാല്‍ വെള്ളമൂറുക എന്ന സഹജ വാസനയില്‍ അധിഷ്‌ടിതമാണ് താനും. ഭക്ഷണം മാത്രമല്ല, ഭക്ഷണത്തിനുള്ള സിഗ്‌നലും ഭക്ഷണദാഹത്തെ ഉണര്‍ത്തുന്നു. ഈ പ്രതിഭാസത്തെ പാവ്‌ലോവ് ഫസ്റ്റ് സിഗ്‌നല്‍ സിസ്റ്റം എന്നു വിളിച്ചു.

മുകളില്‍ പറഞ്ഞ പരീക്ഷണം മനുഷ്യനിലാണ് നടത്തുന്നതെങ്കില്‍ ബെല്‍ എന്നു കേട്ടാല്‍ത്തന്നെ അവന്റെ വായില്‍ വെള്ളം നിറയും. അതായത് ഭക്ഷണത്തിന്റെ സിഗ്‌നലായ ബെല്ലും ബെല്ലിന്റെ സിഗ്‌നലായ ബെല്‍ എന്ന ശബ്‌ദമോ എഴുത്തോ അവനില്‍ ഉമിനീര്‍ ഊറിക്കുന്നു. ഇവിടെ ബെല്‍ എന്ന ശബ്‌ദത്തെ സിഗ്‌നലിന്റെ സിഗ്‌നല്‍ അഥവാ സെക്കന്റ് സിഗ്‌നല്‍ എന്നു പാവ്‌ലോവ് വിളിച്ചു. സെക്ക്ന്റ് സിഗ്‌നല്‍ പരിപൂര്‍ണ്ണമായും കന്റീഷന്‍ഡ് റിഫ്ലക്സ് ആണ്. ആര്‍ജ്ജിതമാണ്, സഹജമല്ല.

അപ്പോള്‍ ഒരു ബെല്ലടി ശബ്‌ദത്തിന് നായയുടെ ശാരീരിക പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്നു എന്ന് മനസ്സിലാക്കാം. അതു പോലെ വാക്കുകള്‍ക്ക് -സെക്കന്റ് സിഗ്‌നല്‍ സിസ്റ്റത്തിനു- മനുഷ്യന്റെ ആന്തരികവും ശാരീരികവുമായ ചേഷ്‌ടകളെ സ്വാധിനിക്കാന്‍ കഴിയും. (പുളി എന്നു കേട്ടാല്‍ നമ്മുടെ വായില്‍ വെള്ളം നിറയുന്നത് ഓര്‍ക്കുക).

വാക്കുകള്‍ കൊണ്ട് കരയിപ്പിക്കാനും ചിരിപ്പിക്കാനും ഭയപ്പെടുത്താനും കഴിയുമെന്ന് ആര്‍ക്കുമറിയാമല്ലോ. വാക്കുകള്‍ ശാരീരിക പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുമെന്നതിന്റെ ഉദാ‍ഹരങ്ങളാണിവ. അതായത് ജന്മസിദ്ധമല്ലാത്ത തികച്ചും ആര്‍ജ്ജിതമായ റിഫ്ലക്സുകളുടെ സ്വാധീനം.

ഹിപ്‌നോട്ടിക് നിദ്രയില്‍ ഈ വാക്കുകള്‍ക്ക് സെക്കന്റ് സിഗ്‌നല്‍ സിസ്റ്റത്തിനുള്ള സ്വാധീനം നമുക്ക് നോക്കാം.

ഒരു ഹിപ്‌നോട്ടൈസര്‍ വ്യക്തിയെ മയക്കുന്നതും റപ്പോര്‍ ബന്ധം നിലനിര്‍ത്തുന്നതും വാക്കുകളിലൂടെയാണ്. ഹിപ്‌നോട്ടിക് നിദ്രയിലായിരിക്കുന്ന വ്യക്തിയും ഹിപ്‌നോട്ടൈസറും തമ്മിലുള്ള ബന്ധം തികച്ചും സംഭാഷണത്തില്‍ മാത്രം അധിഷ്‌ടിതമായ സെക്കന്റ് സിഗ്‌നല്‍ സിസ്റ്റത്തിലൂടെയാണ്.



നിദ്രാവിധേയന്റെ മസ്തിഷ്‌കത്തിന്റെ ഭൂരിഭാഗവും നിരോധിതാവസ്ഥയിലായിരിക്കയാല്‍ ഹിപ്‌നോട്ടൈസറുടെ നിര്‍ദ്ദേശങ്ങള്‍ യാതൊരു ചെറുത്തു നില്‍പ്പിനും വിധേയമാകാതെ നിദ്രാവിധേയനില്‍ പ്രായോഗികമാകുന്നു.

ഇല്ലാത്ത അനുഭൂതിയും മറ്റും ഉണ്ടാക്കാനും ഉള്ളവയെ അനുഭവവേദ്യമല്ലാതാക്കുവാനും നിര്‍ദ്ദേശങ്ങളിലൂടെ കഴിയും.

ഉദാഹരണത്തിന് നിദ്രാവിധേയനായ വ്യക്തിയോട് അയാളുടെ കൈകള്‍ മരവിച്ചിരിക്കുകയാണെന്നും കയ്യില്‍ എന്തു സംഭവിച്ചാലും അറിയില്ലെന്നും സജഷന്‍ കൊടുത്ത ശേഷം സൂചിയോ ശൂലമോ കുത്തിയിറക്കിയാലും അത് അയാള്‍ അറിയുകയില്ല.

നിദ്രാവിധേയനായിരിക്കുമ്പോള്‍ കണ്ണു തുറന്നാലും ഒന്നും കാണുവാന്‍ കഴിയാത്ത സ്ഥിതി വിശേഷം നിര്‍ദ്ദേശങ്ങളിലൂടെ ഉളവാക്കുവാനും ഹിപ്‌നോട്ടൈസര്‍ക്ക് കഴിയുന്നു.

ഉറക്കത്തില്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ ഉണര്‍ത്തുന്നതിനു മുമ്പ് പിന്‍‌വലിക്കാതെ ഇരുന്നാല്‍ അവ ഉണര്‍ന്ന ശേഷവും വ്യക്തിയില്‍ സ്വാധീനം ചെലുത്തുമെന്നതാണ് വസ്തുത. ഉറക്കത്തില്‍ നല്‍കിയ എല്ലാ നിര്‍ദ്ദേശങ്ങളും പിന്‍‌വലിച്ചിട്ടാണ് ഉണര്‍ത്തുന്നതെങ്കില്‍ ഉണര്‍ന്ന വ്യക്തിയില്‍ യാതൊരു സവിശേഷതയും കാണപ്പെടുകയില്ല.

ഒരു കാര്യം ശ്രദ്ധിക്കേണ്ടത് എല്ലാ വ്യക്തികളും സജസ്റ്റബിലിറ്റി (നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാനുള്ള കഴിവ്) ഉള്ളവരാകണമെന്നില്ല. ഹിപ്‌നോട്ടിക് നിദ്രക്ക് വിധേയമാകാന്‍ കഴിയാത്ത വണ്ണം മനസ്സ് ഏകാഗ്രമാക്കാന്‍ കഴിയാത്തവര്‍ ധാരളമുണ്ട്.

ഒരു അനുഭവത്തിന്റെ പ‌ശ്‌ചാത്തലത്തില്‍ ഹിപ്‌നോട്ടിസത്തെക്കുറിച്ച് പ്രാഥമികമായ ഒരു അവബോധം പകരാന്‍ ഇത്രയൊക്കെ പറയാന്‍ കഴിഞ്ഞല്ലോ.

അപ്പോള്‍ നമുക്ക് ഹാരിസിനെ ഹിപ്‌നോട്ടൈസ് ചെയ്യാം…അവന്റെ പ്രശ്‌നമെന്താണെന്ന് നോക്കാം…

പിറ്റേ ദിവസം അവനെ ഞാന്‍ ഹിപ്‌നോട്ടിക് നിദ്രയിലാക്കി. ഏകദേശം അവന്റെ മനസ്സ് എന്റെ നിയന്ത്രണത്തിലാണെന്ന് ഉറപ്പായപ്പോള്‍ ഞാനവനോട് സംസാരിക്കാന്‍ തുടങ്ങി. അവന്‍ സംസാരിച്ചു. കൂടുതല്‍ കൂടുതല്‍ കാര്യങ്ങള്‍ ഞാന്‍ ചോദിച്ചു. അവന്‍ എല്ലാം പറയുവാന്‍ തയ്യാറായിരുന്നു.

അവനെക്കുറിച്ച് അവന്റെ വാക്കുകളിലൂടെ തന്നെ മനസ്സിലാക്കിയ ഞാന്‍ അതിനിടെ അവന്റെ രോഗകാരണം കണ്ടെത്തിയിരുന്നു.

അത് അടുത്ത കുറിപ്പില്‍……(ക്ഷമിക്കണം. ദൈര്‍ഘ്യം കാരണമാണ്).