Feb 9, 2008

www.സുന്നത്ത് വര്‍ക്ക്. കോം

നാട്ടിലെ കുട്ടികളായ കുട്ടികളുടെയെല്ലാം പേടിസ്വപ്‌നമായിരുന്നു അബൂക്ക. കാരണമെന്താച്ചാല്‍ ഈ അബൂക്കയാണ് പിള്ളാരുടെടെയെല്ലാം സുന്നത്ത് ചെത്താന്‍ കത്തീമായി വരണത്...ഒസ്സാന്‍ അബൂക്ക. നാട്ടിലെ സുന്നത്ത് കല്യാണങ്ങളുടെ ആകെ മൊത്തം ടോട്ടല്‍‍ ഒടമ്പടി അബൂക്കക്ക് മാത്രം സ്വന്തമായിരുന്നു.

അറുക്കാന്‍ നിര്‍ത്തീരിക്കണ പോത്തിന്റെ മാനസികാവസ്ഥയോടെ കുട്ടികള്‍ ഒറ്റത്തോര്‍ത്തിനുള്ളിലെ കുഞ്ഞു ‘സുന്നത്തിന്റെ’ അറ്റത്തുള്ള ചര്‍മ്മം അവസാനമായി ഒന്നു നോക്കി അങ്ങനെ നില്‍ക്കുമ്പോള്‍ പള്ളീന്ന് മോതീനും മുസ്‌ലിയാരും ഇതാ വരവായി. ഉമ്മറത്ത് തഴപ്പാ വിരിച്ച് തലയണ വെച്ച് തലയണമേല്‍ മൌലൂദ് കിത്താബും വെച്ച് മുസ്‌ലിയാരും കൂട്ടരും കാത്തിരിക്കുമ്പോ സൈക്കിളിമ്മേല്‍ ഒരു പ്ലാസ്റ്റിക്ക് കൂടുമായി അബൂക്ക ധൃതീല്‍ വന്നിറങ്ങും. അബൂക്കാന്റെ തലവെട്ടം കാണുമ്പോള്‍ കൂടി നിക്കണ കുട്ടികള്‍ ജി.സുധാകരനെ കണ്ട അയ്യപ്പന്മാരെ പോലെ പേടിച്ച് നാലുപാടും ചിതറിയോടും. അബൂക്ക ഭയങ്കര ബിസിയാണ്. ഇവിടത്തെ കാര്യം കഴിഞ്ഞിട്ടു ഇനി എത്ര കണ്ടിക്കല്‍ ഒള്ളതാണ്.

മൌലൂദ് ചൊല്ലലും കുട്ടിയുടെ കരച്ചിലും ഒന്നിച്ചുയരും. സംഗതി ഒന്നു കൊഴുപ്പിക്കാന്‍ അടുക്കളയില്‍ നിന്ന് കുട്ടീടെ ഉമ്മാന്റേം ബന്ധുക്കളായ സ്ത്രീ ജനങ്ങളുടേം കരച്ചിലും അതേ ട്രാക്കില്‍ ഹൈപിച്ചില്‍ മുഴങ്ങും. ആരോഗ്യമുള്ള മൂന്നാലു പേര്‍ ചേര്‍ന്ന് കുട്ടിയെ ഒരു കസേരയിലിരുത്തി കാല്‍ രണ്ടും അകത്തി മുറുക്കിപ്പിടിക്കും. രണ്ടുപേര്‍ കൈകള്‍ ബലമായി ചേര്‍ത്തു പിടിക്കുകയും ചെയ്യും. അബൂക്ക പ്ലാസ്റ്റിക്ക് കൂടില്‍ നിന്ന് കത്തി, ബ്ലേഡ് അങ്ങനെ ഓപ്പറേഷന്‍ സുനാപ്പികള്‍ പുറത്തെടുക്കുമ്പോഴേക്കും ഒരാള്‍ കുട്ടീന്റെ കണ്ണ് പൊത്തും. ഒരു നിമിഷം. ഠിക്കെന്ന് ഒരു സൌണ്ട് കേള്‍ക്കും. കാര്യം കഴിഞ്ഞു. സ്പിരിറ്റ് പഞ്ഞീല്‍ മുക്കി സുന്നത്തിന്റെ അഗ്രത്ത് വെച്ച് ലിനന്‍ തുണി കൊണ്ട് കെട്ടും. ഒരാള്‍ ഒരു വിശറി കൊണ്ട് ആഞ്ഞ് വീശും. കുട്ടിയെ പൊക്കിയെടുത്ത് ഒരു പായയില്‍ കിടത്തീട്ട് കാച്ചിലിനു ഏറ്റം കെട്ടണ മാതിരി ഒരു വെള്ളത്തുണികയറു കെട്ടി ഉത്തരത്തില്‍ തൂക്കി കെട്ടി അരക്ക് മീതേ മറക്കും.

പിന്നെ അഞ്ചാറു ദിവസം കുട്ടിക്ക് കോളാണ്. ബന്ധുക്കളോരുരുത്തരായി കാണാന്‍ വരും. വരുന്നവരുടെ കയ്യില്‍ വമ്പന്‍ പൊതിക്കെട്ടുമുണ്ടാകും. ഏത്തപ്പഴം, ആപ്പിള്‍, ഓറഞ്ച്, മുന്തിരി തുടങ്ങിയ പഴവര്‍ഗ്ഗങ്ങളും സ്വര്‍ണ്ണമാല, മോതിരം, പുത്തനുടുപ്പ് മുതലായവയും പൊതിയിലുണ്ടാവും.

ഏഴാം ദിവസം പള്ളിയില്‍ പോക്ക്. അന്ന് മുറിവ് കരിഞ്ഞിട്ടുണ്ടാവും. ചൂടുവെള്ളത്തില്‍ പൊട്ടാസ്യം പെര്‍ മാംഗനേറ്റ് ചേര്‍ത്ത് മുറിവില്‍ ഒഴിച്ച് പഞ്ഞിയും തുണിയുമൊക്കെ അഴിച്ചെടുക്കും. പിന്നെ കുളിച്ച് പുത്തന്‍ വസ്ത്രങ്ങളും മാലയും മോതിരവും പുത്തന്‍ ചെരുപ്പുമൊക്കെ ഇട്ട് പുതിയാപ്ല മാതിരി ഒരു പോക്കാണ് പള്ളീലേക്ക്. അപോഴേക്കും തലയണക്കീഴില്‍ നോട്ടുകള്‍ കുന്നു കൂടീട്ടുണ്ടാവും; ഓരോരുത്തര്‍ കുട്ടിക്ക് കൊടുക്കണത്.

ഇതൊക്കെ പഴേ കഥ. ഇന്നെല്ലാരും ആശുപത്രിയിലാണ് സുന്നത്ത് കഴിപ്പിക്കുക. അതോടെ അബൂക്കാന്റെ കഷ്‌ടകാലോം തുടങ്ങി. പണി വളരെ കുറവ്. അബൂക്കാന്റെ മോന്‍ ഹുസൈന്‍ കുഞ്ഞ് കവലേല്‍ ബ്യൂട്ടി പാര്‍ലര്‍ കം ബാര്‍ബര്‍ ഷോപ്പ് കം മസാജ് സെന്റര്‍ നടത്തണത് കൊണ്ട് വീട്ടുകര്യം അങ്ങനെ കഴിയണൂന്ന് മാത്രം.

ഒരു ദിവസം ഹുസൈന്‍ കുഞ്ഞ് അബൂക്കാക്ക് ഒരു സൂത്രമുപദേശിച്ചു കൊടുത്തു.
“ബാപ്പാ, ഇങ്ങള്‍ വീട്ടില്‍ കുത്തീരുന്നാല്‍ ഒരു പണീം നടക്കില്ല. നമ്മക്ക് റ്റീ വീല്‍ ഒരു പരസ്യം കൊടുക്കാം. അധുനിക രീതീല്‍ സുന്നത്ത് നടത്തിക്കൊടുക്കുമെന്നും പറഞ്ഞ്..എന്തു പറേന്നു?”

അബൂക്ക മോനെ ഒരാട്ടു വെച്ചു കൊടുത്തു. “പോടാ, റ്റീവീലൊക്കെ പരസ്യം കൊടുക്കണേല്‍ കുടുമ്മം വിക്കണം.” അക്കാര്യം അവിടെത്തീര്‍ന്നു.

ദിവസം കുറേക്കഴിഞ്ഞ് സൂര്യാ റ്റീവിയില്‍ ഒരു പരസ്യം കണ്ട ഹുസ്സൈന്‍ കുഞ്ഞ് ചാടി എണീറ്റു. www.സുന്നത്ത് വര്‍ക്ക്. കോം!!!

ഹുസ്സൈന്‍ കുഞ്ഞ് ബാപ്പാനെ നോക്കി അലറി.
“ബാപ്പാ, അന്ന് ഞാന്‍ പറഞ്ഞപ്പോ ഇങ്ങള് കേട്ടില്ല. ഇങ്ങള് പോയി മരി. ദേ ആണുങ്ങളു പരസ്യം കൊടുത്തിരിക്ക്‍ണൂ. ഡബ്ലിയൂ ഡബ്ലിയൂ ഡബ്ലിയൂ .സുന്നത്ത് വര്‍ക്ക്. കോം........”

സണ്‍ മൈക്രോ സിസ്റ്റത്തിന്റെ യൂആറെല്‍ www.സണ്‍ നെറ്റ്‌വര്‍ക്ക് .കോം (www.sunnetwork.com) ആയിരുന്നു അത് എന്ന് മനസ്സിലാക്കാന്‍ ഹുസ്സൈങ്കുഞ്ഞ് ചുരുങ്ങിയ പക്ഷം ഒരു ബ്ലോഗര്‍ പോലുമല്ലല്ലോ!
-------------------------------------------------------------------------------------

*മൌലൂദ്. പ്രാര്‍ത്ഥനയും പ്രവാചകപ്രകീര്‍ത്തനവും അടങ്ങുന്ന പദ്യം.
Post a Comment