Nov 9, 2008

ഹിപ്‌നോട്ടിക് അനുഭവങ്ങള്‍ - 5

ഹാരിസിന്റെ പ്രശ്‌നങ്ങള്‍ മനസ്സിലായ സ്ഥിതിക്ക് ഏറ്റവും അനുയോജ്യവും യുക്തിസഹവുമായ പരിഹാരമാര്‍ഗ്ഗങ്ങളാണ് അവന് വേണ്ടതെന്ന് എനിക്ക് മനസ്സിലായി.

ഞാനിപ്പോള്‍ ഹാരിസിന്റെ ബോധമനസ്സിനെ ഉറക്കി, ഉപബോധമനസ്സിനെ മയക്കി, അബോധ മനസ്സിനെ കീഴ്‌പ്പെടുത്താന്‍ പോകുന്നു എന്നൊന്നും ധരിക്കരുതേ. അതൊക്കെ ഫ്രോയിഡിയന്‍ മിഥ്യ മാത്രമാണ് ബോധമനസ്സും ഉപബോധമനസ്സുമൊക്കെ. ഇങ്ങനെ കരുതുന്നത് തെറ്റിദ്ധാരണയുമാണ്.

ഫ്രോയിഡിസം അനുസരിച്ച് മനസ്സിന്റെ ആഴത്തിലുള്ള തട്ട് ആണ് അബോധമനസ്സ്. മനുഷ്യന്റെ എല്ലാ ബോധപ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുന്നത് അബോധമനസ്സാണെന്ന് അദ്ദേഹം പറയുന്നു.

ബോധമനസ്സെന്നാല്‍ മനസ്സിന്റെ ഏറ്റവും മുകളിലുള്ള പാളിയാണെന്നാണ് അദ്ദേഹത്തിന്റെ തിയറി. വസ്തുനിഷ്‌ഠലോകവുമായി മനുഷ്യനു ബന്ധപ്പെടാനുള്ള കേവലം ഉപരിപ്ലവമായ ഒരുപാധിയാണത്രേ ബോധമനസ്സ്.

ബോധമനസ്സിനും അബോധമനസ്സിനും ഇടയിലുള്ള അതിര്‍ത്തിമേഖലയാണ് ഉപബോധമനസ്സെന്ന് ഫ്രോയിഡ് പറയുന്നു. ആനന്ദത്തിനും മരണത്തിനും വേണ്ടിയുള്ള അബോധമനസ്സിന്റെ ജന്മസിദ്ധമായ ദാ‍ഹം ബോധമനസ്സിനെ കീഴടക്കാനെത്തുമ്പോള്‍ അതിനെ ബോധമനസ്സിലെത്തിക്കാതെ സെന്‍സര്‍ ചെയ്യുന്ന പണിയാണത്രേ ഉപബോധമനസ്സിന്.

ഇന്ന്, ശാസ്ത്രത്തിന്റെ വികാസത്തില്‍ അടിസ്ഥാനരഹിതങ്ങളായ ഈ വാദങ്ങളെല്ലാം പിന്തള്ളപ്പെട്ടിരിക്കുന്നു.

ആധുനിക, ശാസ്ത്രീയ നിര്‍വ്വചനപ്രകാരം മസ്തിഷ്‌കത്തിന്റെ വൈദ്യുത-രാസപ്രവര്‍ത്തനം ആണ് മാനസികപ്രവര്‍ത്തനം എന്നറിയപ്പെടുന്നത്. (Electro-Chemical Activity).

ആധുനിക കാഴ്‌ച്ചപ്പാടില്‍ മനസ്സിന്റെ അബോധപ്രവര്‍ത്തനം എന്നു പറയുന്നത് പെട്ടെന്ന് സ്വയം നടത്തുന്ന പ്രവര്‍ത്തനങ്ങളെയാണ്. കണ്ണില്‍ പൊടി വീഴാന്‍ നേരത്ത് കണ്‍പോളകള്‍ നാമറിയാതെ അടയുന്നത് പോലെയുള്ള റിഫ്ലക്സ് ആക്ഷനുകള്‍. ഇങ്ങനെ സംഭവിക്കുന്നത് അബോധപ്രവര്‍ത്തനമല്ല. അണ്‍കണ്ടീഷന്‍ഡ് റിഫ്ലക്സിന്റെ അഥവാ ജന്മവാസനയുടെ ഫലമാണത്.

അതുപോലെ ഉപബോധ മാനസികപ്രവര്‍ത്തനം എന്ന് പറയുന്നത് സെന്‍സര്‍ ബോര്‍ഡായി ഫ്രോയിഡ് കരുതുന്നതിനെയല്ല, മറിച്ച് ചിന്തകളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും നാം ആര്‍ജ്ജിച്ച റിഫ്ലക്സുകള്‍ (കണ്ടീഷന്‍ഡ് റിഫ്ലക്സ് ) വര്‍ത്തമാന നിമിഷത്തിലെ മാനസികപ്രവര്‍ത്തനത്തില്‍ ചെലുത്തുന്ന സ്വാധീനത്തെയാണ്.

വസ്തുനിഷ്‌ഠ പ്രപഞ്ചത്തെ പഞ്ചേന്ദ്രിയങ്ങളിലൂടെ ഉള്‍ക്കൊണ്ട് മസ്തിഷ്‌കത്തില്‍ ഔന്നത്യത്തോടെ പ്രതിഫലിക്കുന്നതിനെയാണ് ബോധപ്രവര്‍ത്തനം എന്നു വിളിക്കപ്പെടുന്നത്.വ്യക്തിപരമായ സവിശേഷതയും അറിവും എല്ലാം ഈ ഉന്നത നാഡീവ്യൂഹ പ്രവര്‍ത്തനഫലമായുള്ളതാണ്. ഇത് മനുഷ്യമസ്തിഷ്‌കത്തിന്റെ മാത്രം സവിശേഷതയുമാണ്.
(ഹിപ്‌നോട്ടിസം മൂന്നാം ഭാഗം ഓര്‍ക്കുക. സഹജ-ആര്‍ജ്ജിത റിഫ്ലക്സുകളെക്കുറിച്ചും അതിന്റെ സ്വാധീനത്തെക്കുറിച്ചും അവിടെ വിശദമാക്കിയിട്ടുണ്ട്).

ഹിപ്‌നോട്ടിക നിദ്രയില്‍, യാതൊരു ചെറുത്തു നില്‍പ്പും കൂടാതെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്ന അവസ്ഥയില്‍ ഹാരിസിന് അവന്റെ പശ്‌ചാത്തലം അനുസരിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കാ‍ന്‍ ഞാനൊരുങ്ങി. ഉമ്മയോട് അപാരസ്നേഹമായിരുന്ന ഹാരിസിനെ ഞാന്‍ ആശ്വസിപ്പിച്ചു. മരണം എന്ന പ്രപഞ്ചസത്യത്തെ അംഗീകരിച്ചേ തീരൂ എന്നവനെ ബോധ്യപ്പെടുത്തി.

ഹാരിസിന്റെ വിശ്വാസം തന്നെ ഫലപ്രദമായ ഉപാധിയായി ഞാന്‍ സ്വീകരിച്ചു. ഇസ്‌ലാം വിശ്വാസപ്രകാരം മരണത്തോടെ ജീവിതം അവസാനിക്കുന്നില്ല. പാരത്രികജീവിതം ആരംഭിക്കുകയാണ് ചെയ്യുന്നത്. മക്കളോട് ഒത്തിരി സ്നേഹമുള്ള ആ ഉമ്മക്ക് വേണ്ടി മക്കള്‍ ചില കടമകള്‍ ചെയ്യേണ്ടതുണ്ട്. ഉമ്മയുടെ പാരത്രിക മോക്ഷത്തിനായി പ്രാര്‍ത്ഥിക്കുക, ഉമ്മക്കു വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്യുക തുടങ്ങി ഉമ്മക്ക് ഖബറില്‍ സന്തോഷം കിട്ടുന്ന രീതിയില്‍ മിടുക്കനായിരിക്കുക തുടങ്ങി നിരവധികാര്യങ്ങള്‍ ഹാരിസിനെ പറഞ്ഞു മനസ്സിലാക്കി.
ഒരു മനുഷ്യന്‍ മരിച്ചു കഴിഞ്ഞാല്‍ അവനു നന്മ കിട്ടുന്ന മൂന്ന് കാര്യങ്ങളിലൊന്ന് സ്വന്തം മക്കളുടെ നിഷ്‌കളങ്ക പ്രാര്‍ത്ഥനയാണെന്ന പ്രവാചകവചനവും ഹാരിസിനെ ഉണര്‍ത്തിച്ചു.

ഇതൊന്നുമില്ലാതെ ഉണ്ണാതെ, ഉറങ്ങാതെ, പാപഭാരത്താല്‍ നീറി ജീവിതം ഹോമിക്കുന്ന ഹാരിസ് ഉമ്മയുടെ ആത്മാവിനെ കൂടുതല്‍ സങ്കടപ്പെടുത്തുകയാണ് എന്ന് ഞാന്‍ പറഞ്ഞു. ഉമ്മയോട് ശരിക്കും സ്നേഹമുണ്ടെങ്കില്‍ നല്ല ഉത്സാഹത്തോടെ ഉന്മേഷത്തോടെ ജീവിച്ച് ഉമ്മക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ഉമ്മ ആഗ്രഹിച്ചതു പോലെ പ്രവര്‍ത്തിക്കുകയുമാണ് വേണ്ടതെന്ന് ഞാന്‍ നിര്‍ദ്ദേശിച്ചു.

ഓരോ നിര്‍ദ്ദേശവും അനേകതവണ ആവര്‍ത്തിച്ച് ഏറെ സമയമെടുത്ത് അവന്റെ മനസ്സിലേക്ക് ശക്തിയായി അടിച്ചേല്‍പ്പിക്കുകയായിരുന്നു. അവസാനമായി രാത്രി നേരത്തേ ഉറങ്ങണമെന്നും ആവര്‍ത്തിച്ച് നിര്‍ദ്ദേശിച്ചു. അങ്ങനെ ഒന്നാം ദിവസം കഴിഞ്ഞു. അടുത്ത ദിവസവും ഇതുതന്നെ ആവര്‍ത്തിച്ചു. ഉറങ്ങാന്‍ വിമുഖത അപ്പോഴും ഉണ്ടായിരുന്നു ഹാരിസിന്. ഉറങ്ങിയേ തീരൂ എന്ന് ഞാന്‍ ആജ്ഞാപിച്ചു. അടുത്ത മൂന്നു ദിവസങ്ങളില്‍ കൂടി ഹിപ്‌നോട്ടിസം ആവര്‍ത്തിച്ചു.

ഒരുവിഭാഗം ആളുകള്‍ ഹിപ്‌നോട്ടൈസ്‌ഡ് ആയിരിക്കുന്ന സമയത്ത് മാത്രമേ സജഷനുകളോട് പ്രതികരിക്കുകയുള്ളൂ. എഴുന്നേറ്റ് കഴിഞ്ഞാല്‍ അവരില്‍ ഒരു ഫലവും കാണുകയില്ല. ചിലരില്‍ ഒന്നോ രണ്ടോ ആഴ്‌ചകളോളം സജഷനുകളുടെ ഫലം നിലനില്‍ക്കും. ക്രമേണ നിര്‍ദ്ദേശങ്ങളുടെ ശക്തി കുറഞ്ഞുവരും.

ഭാഗ്യത്തിന് ഹാരിസില്‍ സജഷനുകള്‍ ഫലം ചെയ്തു തുടങ്ങി. ദിവസങ്ങളായി ഉറങ്ങാതിരുന്ന അവന്‍ ഉറങ്ങാന്‍ തുടങ്ങി. പകല്‍ കുളിച്ച് വൃത്തിയായി ദിനചര്യകളില്‍ ഏര്‍പ്പെട്ടു തുടങ്ങി. അവന്‍ സന്തോഷവാനായി കാണപ്പെട്ടു.

രണ്ടു ദിവസം കഴിഞ്ഞ് ഹാരിസിന്റെ ജ്യേഷ്‌ടന്‍ എന്നെ കാണാന്‍ വന്നു. അയാള്‍ എന്നെ കെട്ടിപ്പിടിച്ച് സന്തോഷാശ്രു പൊഴിച്ചു. കുറേ ദിവസം കഴിഞ്ഞ് ഞാന്‍ ബാംഗളൂരില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുമ്പോള്‍ ഹാരിസിന്റെ സഹോദരന്മാര്‍ ഒത്തിരി സമ്മാനപ്പൊതികള്‍ എന്റെ ബാഗില്‍ നിക്ഷേപിച്ചിട്ടുണ്ടായിരുന്നു.

ഇതോടെ ഈ അനുഭവ വിവരണം കഴിഞ്ഞു. ഒന്ന് ബാക്കിയുണ്ട്.



ഹിപ്‌നോട്ടിക് ലേഖനപരമ്പരയിലൊരിടത്ത് ഭൂമിപുത്രി ഇങ്ങനെ ഒരു കമന്റിട്ടു.

ഭൂമിപുത്രി said... February 6, 2008 11:48 PM
Dr.Brian Weiss ന്റെ ‘Many Lives,Many Masters'വായിച്ചപ്പോഴുണ്ടായ വിസ്മയം ഇപ്പോഴും
പിന്തുടരുന്നു.. വായിച്ചുകാണുമല്ലൊ.അഭിപ്രായമറിഞ്ഞാല്‍ കൊള്ളാം

‘Many Lives,Many Masters' എന്ന പുസ്തകത്തെക്കുറിച്ച് തീര്‍ച്ചയായും അഭിപ്രായമുണ്ടെന്നും സമയം പോലെ അതൊരു പോസ്റ്റായി പ്രസിദ്ധീകരിക്കാമെന്നും അന്ന് ഞാന്‍ ഭൂമിപുത്രിയോട് പറഞ്ഞിരുന്നു. ഈ പരമ്പരയുടെ അനുബന്ധമെന്നോണം പ്രസിദ്ധീകരിക്കാന്‍ ഈ പുസ്തകത്തെക്കുറിച്ചും അതിന്റെ ശാസ്ത്രീയതയെക്കുറിച്ചും കുറിപ്പ് തയ്യാറാക്കിയിട്ടുണ്ട്. ദൈര്‍ഘ്യം കാരണം ഇപ്പോള്‍ പോസ്റ്റ് ചെയ്യുന്നില്ല. അടുത്ത കുറിപ്പില്‍ അതു കൂടി പറഞ്ഞ് മംഗളം ചൊല്ലാം.

നന്ദി.

Oct 27, 2008

ഫോട്ടോഷോപ്പില്‍ 3D ടെക്‍സ്റ്റ്

കഴിഞ്ഞ പോസ്റ്റില്‍ പ്രയാസിയുടെ ചോദ്യം.

“ഫോട്ടോഷോപ്പില്‍ എങ്ങനെ ത്രീ ഡീ ഫോണ്ടുകള്‍ ഉണ്ടാക്കാം എന്നൊന്നു വിവരിക്കാമോ?”

ത്രീ ഡി ടെക്‍സ്റ്റ് ആയിരിക്കും പ്രയാസി ഉദ്ദേശിച്ചിട്ടുണ്ടാവുക എന്ന ധാരണയില്‍ രുചിയേറിയ ഒരു 3D Text പാ‍കം ചെയ്യുന്ന ലളിതമായ ഒരു വിധിയാണ് ഈ അന്തിക്ക് നമ്മടെ ഷാപ്പില്‍ അവതരിപ്പിക്കുന്നത്...ഒഖേയ് !

(ഓടോ. അനായാസം 3D റ്റെക്സ്റ്റും 3D ഓബ്‌ജക്റ്റുകളും നിര്‍മ്മിക്കാനുള്ള ഒറ്റക്ലിക്ക് സൌകര്യം അഡോബി ഇല്ലസ്ട്രേറ്റര്‍ CS വേര്‍ഷനുകളില്‍ ഇപ്പോള്‍ ഉണ്ട്. ന്നാല്‍ “ഷാപ്പില്‍“ തന്നെ അന്തിയുറങ്ങുന്നവര്‍ക്കും വേണ്ടേ ഒരു ഫുള്‍ 3D !)

ആവശ്യമുള്ളസാധനങ്ങള്‍

അത്യാവശ്യം അനക്കമുള്ള കമ്പ്യൂട്ടര്‍ - 1
ഫോട്ടോഷോപ്പ് (പൈറസി കളഞ്ഞ് ശുദ്ധീകരിച്ചത് ) - 1
നല്ല കനമുള്ള ഫോണ്ടുകള്‍- ആവശ്യത്തിന്.
ചൂട് ചായ - 1 ഗ്ലാസ്സ്
പരിപ്പു വട- 2 എണ്ണം

മതി, ഇനി താഴെപ്പറയുന്നവയൊക്കെ ചെയ്യാന്‍ ഒത്ത ഒരാളും കൂടി വേണം.

1.ഫോട്ടോഷോപ്പില്‍ പുതിയ ഒരു ഡോകുമെന്റ് തുറക്കുക. ഡോകുമെന്റിന്റെ വലുപ്പം നമ്മുടെ 3ഡി ടെക്സ്റ്റിന്റെ വലുപ്പത്തിനനുസരിച്ച് ക്രമീകരിക്കാം.

2.Arial Black ഉപയോഗിച്ച് 300 പിക്സല്‍ വലുപ്പത്തില്‍ ടൈപ്പ് ചെയ്ത ടെക്സ്റ്റാണ് താഴെ. ഒരു കാരണവശാലും Faux Bold എന്ന ഓപ്‌ഷന്‍ ഉപയോഗിക്കരുത്.


3.ഇനി ഈ ടെക്സ്റ്റിനെ Transform ചെയ്യണം. അതിനു മുമ്പ് ഈ ടൈപ്പിനെ നമുക്ക് ബിറ്റ്മാപ്പാക്കി മാറ്റേണ്ടതുണ്ട്. Layer>Rasterize >Type വഴി നമുക്ക് റ്റെക്സിനെ ബിറ്റ്മാക്കാമെങ്കിലും ഇപ്രകാരം ചെയ്താല്‍ റ്റെക്സ്റ്റിന്റെ വശങ്ങള്‍ പൊട്ടിപ്പോകാന്‍ സാധ്യതയുള്ളതിനാല്‍ ഒരു വെക്സര്‍ ഷേപ്പാക്കി മാറ്റുന്നതാണ് ഉചിതം. ഗോ റ്റു Layer>Type>Convert to Shape. ഇപ്പോള്‍ പാത്ത് ആക്റ്റീവായിരിക്കും. അതൊഴിവാക്കാന്‍ റ്റെക്സ്റ്റ് ലേയറിനോടൊപ്പമുള്ള വെക്റ്റര്‍ മാസ്ക് തമ്പ് നെയിലില്‍ ഒരു തവണ ക്ലിക്ക് ചെയ്താല്‍ മതി.

4.ഇനി ഗോ റ്റു Edit>Transform>Perspective. എന്നിട്ട് താഴെ വലതു വശത്തെ കുഞ്ഞുചതുരത്തില്‍ ഞെക്കി മെല്ലെ വലത്തേക്ക് വലിക്കുക. ഇപ്പോള്‍ നമുക്കൊരു പെര്‍സ്‌പെക്റ്റീവ് ലുക്ക് കിട്ടി. കൂടുതല്‍ വ്യത്യസ്തമായ രൂപം ആവശ്യമാണെങ്കില്‍ Edit>Transform>Skew അല്ലെങ്കില്‍ Distort എന്നിവ ഉപയോഗിക്കാം.


5.ഇനി Ctrl+Alt അമര്‍ത്തിപ്പിടിച്ച് ഒരു മുപ്പത്തഞ്ചു തവണ Up ആരോ ഞെക്കുക. (തമാശയല്ല). ഇപ്പോള്‍ നമ്മുടെ ടെക്റ്റിന്റെ 1 പിക്സല്‍ അകലമുള്ള ഒത്തിരി ഡൂപ്ലിക്കേറ്റുകള്‍ ഉണ്ടായതായി കാണാം.


6.ഇനി എല്ലാ ലേയറുകളും സെലക്റ്റ് ചെയ്യുക. Ctrl+Alt+A. ഏറ്റവും മുകളിലെ ലേയറിനെ മാത്രം വെറുതേ വിടുക. ലേയര്‍ പാലറ്റില്‍ ആ ലേയര്‍ ഐക്കണില്‍ കണ്ട്രോള്‍ ക്ലിക്ക് ചെയ്താല്‍ മതിയാകും.



ഇപ്പോള്‍ സെലക്റ്റായിരിക്കുന്ന ലേയറിനെ എല്ലാം കൂടി മെര്‍ജ് ചെയ്യുക. Ctrl+E.



7.താഴെയുള്ള ലേയറില്‍ കുറച്ച് ലേയര്‍ സ്റ്റൈലുകള്‍ ഇനി അപ്ലൈ ചെയ്യാം. (Layer>Layer Style) അല്ലെങ്കില്‍ ലേയര്‍ തമ്പ്നെയിലില്‍ ഡബിള്‍ക്ലിക്ക് ചെയ്യുക.

ബഡെ നോക്കൂ...ബഡെ...(പഡംസ് നോക്കി സ്റ്റൈല്‍ കൊടുക്കാം ട്ടോ. ഞെക്കിയാല്‍ വ്യക്തമായ വലിയ പഡം കാണാം )
1.

2.

3.


ദാ സംഗതി യിപ്പോ യിങ്ങനെയാവും



ഇനി മുകളിലെ ലേയറില്‍ കുറച്ച് സ്റ്റൈലുകള്‍ കൂടി...
1.


2.


3.


4.


ദാ യിപ്പോ യിങ്ങനെയായി



8.ഇനി ചായയും പരിപ്പു വടയും കഴിക്കുക.

9.കൈ തുടച്ചിട്ട് ബാക്ക് ഗ്രൌണ്ട് ലേയറിനു കൂടി എന്തെങ്കിലും സ്റ്റൈല്‍ കൊടുക്കാം...

1.


2.



3Dറെഡി..ചൂടോടെ സെര്‍വ്വ് ചെയ്യുക.


നിങ്ങളുടെ അഭിരുചിക്കിണങ്ങുന്ന വിവിധ സ്റ്റൈലുകളും ഷേപ്പുകളും ഒക്കെ ഉപയോഗിച്ച് അനേകം 3D മോഡലുകള്‍ നിര്‍മ്മിക്കാം.

Oct 18, 2008

നിറം കൊടുക്കാം, ചാനല്‍ വഴി

നാം വരച്ച് സ്കാന്‍ ചെയ്തെടുക്കുന്ന ഗ്രേ സ്കെയിലിലുള്ള ഒരു ലൈന്‍ ആര്‍ട്ടിനെ ഫോട്ടോഷോപ്പ് ഉപയോഗിച്ച് എങ്ങനെ വേഗത്തില്‍ ചായം കൊടുക്കാം എന്നാണ് ഈ ട്യൂട്ടോറിയലിലൂടെ പറയാന്‍ ശ്രമിക്കുന്നത്.
അതിനായി നമ്മള്‍ ഫോട്ടോഷോപ്പിലെ ചാനല്‍ (Channel) എന്തെന്ന് മനസ്സിലാക്കുന്നു ആദ്യം.

അടിസ്ഥാനപരമായി ഒരു ഇമേജ് എന്നാല്‍ വിവിധ ചാനലുകള്‍ അടുക്കിവെച്ച് നിര്‍മ്മിക്കപ്പെട്ടതാണ് എന്ന് കാണാം. ഇമേജിന്റെ നിറങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ചാനലുകളിലാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നു സാരം. RGB മോഡിലുള്ള ഒരു ഇമേജിന് Red, Green, Blue എന്നിങ്ങനെ മൂന്ന് ചാനലുകളും CMYK മോഡിലുള്ള ഒരു ഇമേജിന് Cyan, Magenta, Yellow, Black എന്നിങ്ങനെ നാലു ചാനലുകളും ഉണ്ടായിരിക്കും. ചിത്രം നോക്കുക.


ഇമേജ് ഫോട്ടോഷോപ്പില്‍ തുറന്ന് Window>Channels എന്ന മെനു ഞെക്കിയാല്‍ ചാനല്‍‌സ് പാലറ്റ് ദൃശ്യമാകും. Default ആയി ചാനലുകള്‍ ഗ്രേ സ്കെയിലിലാണ് കാണപ്പെടുക. കളറില്‍ തന്നെ കാണണമെങ്കില്‍ Edit>Preferences>Interface>Show channels in color എന്നു കൊടുത്താല്‍ മതിയാകും. RGB ചാനല്‍ പാലറ്റ് നോക്കുക.




CMYK ചാനല്‍ പാലറ്റ്.




ഒരു ട്രൂ കളര്‍ ഇമേജിന്റെ ഓരോ ചാനലും ഡീഫൊള്‍ട്ട് ആയി 8 ബിറ്റ് കളര്‍ ഡെപ്‌ത് ഉള്ളതായിരിക്കും.. RGB മോഡ് ആണെങ്കില്‍ 8 ബിറ്റിന്റെ മൂന്ന് ചാനലുകള്‍ ചേര്‍ന്ന് 24 ബിറ്റ് ഇമേജ് ആയിരിക്കും. (3x8=24). CYMK ഇമേജ് 32 ബിറ്റും (4x8=32).
അതാ‍യത് ഒരു RGB ഇമേജിലെ ഓരോ പിക്സലും 24 ബിറ്റ്സ് കളര്‍ഡെപ്‌തും CMYK ഇമേജിലെ ഓരോ പിക്സലും 32 ബിറ്റ്സ് കളര്‍ ഡെപ്തും ഉള്ളതായിരിക്കും.

Color Depth എന്ന് പറഞ്ഞാല്‍ കമ്പ്യൂട്ടര്‍ സ്ക്രീനില്‍ ഡിസ്‌പ്ലേ ചെയ്യുന്ന ഓരോ പിക്സലിലും അടങ്ങീട്ടുള്ള ബിറ്റുകളുടെ എണ്ണമാണ്. ഓരോ ബിറ്റും രണ്ട് നിറങ്ങളെ പ്രതിനിധീകരിക്കുന്നു.. അതിന്റെ മൂല്യം 0,1 എന്നിവ ആയിരിക്കും. പിക്സലില്‍ കൂടുതല്‍ ബിറ്റുകള്‍ ഉണ്ടെങ്കില്‍ അത്രയും കൂടുതല്‍ നിറങ്ങളെ ഡിസ്‌പ്ലേ ചെയ്യാന്‍ സാധിക്കും. കളര്‍ ഡെപ്‌തിന്റെ ഉദാഹരണം നോക്കുക.

Color Depth
1 bit color
No. of Colors
2
Color Mode
Indexed Color


Color Depth
4 bit color
No. of Colors
16
Color Mode
Indexed Color

Color Depth
8 bit color
No. of Colors
256
Color Mode
Indexed Color

Color Depth
24 bit color
No. of Colors
16,777,216
Color Mode
True Color


4 ബിറ്റ് കളര്‍ ഡെപ്ത് എന്നാല്‍ 2^4
2 x 2 x 2 x 2 = 16 colors

8 ബിറ്റ് കളര്‍ ഡെപ്ത് എന്നാല്‍ 2^8
2 x 2 x 2 x 2 x 2 x 2 x 2 x 2 = 256 colors.

24ബിറ്റ് കളര്‍ ഡെപ്ത് എന്നാല്‍ 2^24
2 x 2 x 2 x 2 x 2 x 2 x 2 x 2 x 2 x 2 x 2 x 2 x
2 x 2 x 2 x 2 x 2 x 2 x 2 x 2 x 2 x 2 x 2 x 2 = 16,777,216 colors

ട്രൂ കളര്‍ ഇമേജെന്ന് പറയുന്നത് RGB അല്ലെങ്കില്‍ CMYK യുടെ യഥാര്‍ത്ഥമായ പിക്സലുകള്‍ ഉള്‍ക്കൊള്ളുന്ന ഇമേജിനെയാണ്. ഒരു ട്രൂ കളര്‍ ഇമേജിന്റെ (RGB) റെഡ്, ഗ്രീന്‍, ബ്ലൂ എന്നിങ്ങനെ ഓരോ ചാനലിലുമുള്ള ഓരോ പിക്സലിലും 256 നിറങ്ങളുടെ മൂല്യം ഉണ്ടായിരിക്കും. അതു പോലെ CMYK ഇമേജിലും. ഒരു ചാനലിന്റെ കളര്‍ ഡെപ്ത് 8 ബിറ്റ്. അതു കൊണ്ട് മൂന്ന് ചാനലുകളുള്ള ഒരു RGB ഇമേജിന് 24 ബിറ്റ് (ഡാറ്റ പെര്‍ പിക്സല്‍) കളര്‍ ഡെപ്തും 4 ചാനലുകളുള്ള ഒരു CMYK ഇമേജിന് നാലു ചാനലുകളിലായി 32 ബിറ്റ് കളര്‍ ഡെപ്തും ഉണ്ടായിരിക്കും.

ഇപ്പോള്‍ ഫോട്ടോഷോപ്പ് CS വേര്‍ഷനുകള്‍ ഒരു ചാനലിനു 8,16,32 ബിറ്റുകള്‍ സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. (High Dynamic Range images എന്ന പ്രത്യേകതരം ഇമേജുകളെയാണ് 32 ബിറ്റ് സപ്പോര്‍ട്ട് ചെയ്യുന്നത്).

കാഴ്‌ചയില്‍ ലേയറും ചാനലും ഒരു പോലെ ഇരിക്കുമെങ്കിലും തീര്‍ത്തും വ്യത്യസ്തമായ സംഗതികളാണവ. ലേയറുകള്‍ അരങ്ങാണെങ്കില്‍ ചാനല്‍ അണിയറയാണ്. അതായത് ലേയറില്‍ എന്താണോ ഉള്ളത് അതേ പടി നമുക്കത് പ്രിന്റെടുക്കാം. മോണിറ്ററില്‍ ദൃശ്യമായ എല്ലാ സംഗതികളും ലേയറില്‍ ഉണ്ടായിരിക്കും. എന്നാല്‍ ചാനലുകള്‍ അണിയറയിലാണ് പ്രവര്‍ത്തനം. അരങ്ങിലുള്ള ലേയറിന്റെ എല്ലാ നിറങ്ങളുടേയും ഇന്‍ഫര്‍മേഷന്‍ ചാനലിലുണ്ടാവും. എന്നാലോ ചാനലിലുള്ളത് പ്രിന്റിലും മറ്റും വരികയുമില്ല.

നമ്മുടെ ഈ ട്യൂറ്റോറിയലില്‍ നാം സ്വതവേ ഉള്ള RGB അല്ലെങ്കില്‍ CMYK അല്ലാതെ നമുക്ക് അഡീഷണലായി ഉണ്ടാക്കാന്‍ കഴിയുന്ന ആല്‍ഫാ ചാനലുകള്‍ കൂടി നാം ഉപയോഗിക്കുന്നുണ്ട്. എന്താണ് ആല്‍ഫാ ചാനല്‍?

കളര്‍ സെലക്ഷനുകളുടെ ട്രാക്ക് റെക്കോഡ് സൂക്ഷിക്കാനും ആവശ്യമുള്ളപ്പോള്‍ ഉപയോഗിക്കാനായി അവയെ വിളിച്ചു വരുത്തുവാനുമായിട്ടാണ് നാം ആല്‍ഫാ ചാനലുകള്‍ ഉപയോഗിക്കുന്നത്.

നാം ലേയര്‍ മാസ്ക് ഉപയോഗിക്കുമ്പോഴോ ഒരു സെലക്ഷന്‍ സേവ് ചെയ്യുമ്പോഴോ ഒരു 8 ബിറ്റ് ഗ്രേ സ്കെയില്‍ ഇമേജ് സൃഷ്‌ടിക്കപ്പെടുകയാണ് ചെയ്യുക. ഈ സെലക്ഷന്‍ നാം സേവ് ചെയ്യുമ്പോള്‍ ഫോട്ടോഷോപ്പിന് അത് എവിടെയെങ്കിലും സൂക്ഷിക്കേണ്ടതായി വരുന്നു. അങ്ങനെ അതൊരു ചാനലായി സൂക്ഷിക്കപ്പെടുന്നു. അതാണ് ആല്‍ഫാ ചാനല്‍.

ഒരു ഇമേജിന്റെ ഏതെങ്കിലും ഭാഗം സെലക്റ്റ് ചെയ്തിട്ട് ആ സെലക്ഷന്‍ സേവ് കെയ്യുക. Select>Save Selection. നാം പുതിയ പേരൊന്നും നല്‍കുന്നില്ലെങ്കില്‍ Alpha 1 എന്ന പേരിലാവും ആല്‍ഫാ ചാ‍നല്‍ സൃഷ്‌ടിക്കപ്പെടുക. ചാനല്‍ പാലറ്റില്‍ ഒരു ചാനല്‍ കൂടി വന്നതായി കാണാം . ഇനി എപ്പോഴെങ്കിലും ആ സെലക്ഷന്‍ ഉപയോഗിക്കണെമെങ്കില്‍ Select>Load Selection > നേരത്തേ സേവ് ചെയ്ത സെലക്ഷന്റെ പേരു കൊടുത്താല്‍ മതി.




Window>Layers (F7) എന്ന മെനു അമര്‍ത്തി ലേയര്‍ പാ‍ലറ്റും Window>Channels എന്ന മെനുവില്‍ നിന്ന് ചാനല്‍ പാലറ്റും ഓണ്‍ ചെയ്യാമല്ലോ. ഡീഫൊള്‍ട്ട് ആയി രണ്ടും ഒന്നിച്ചായിരിക്കുമെങ്കിലും തത്കാലം രണ്ടും രണ്ടായി വെക്കുന്നതാണ് ഉചിതം. അതിനായി ചാനല്‍ റ്റാബ് മറ്റെവിടേക്കെങ്കിലും ഞെക്കി വലിക്കുക (ഡ്രാഗ്).

ശരി. നമുക്ക് ചെറിയൊരു ട്യൂട്ടോറിയലിലേക്ക് കടക്കാം.

1.വരച്ച ചിത്രം സ്കാന്‍ ചെയ്യുക. ഇത് ബ്ലാക്ക് ആന്റ് വൈറ്റ് ആയിരിക്കുമല്ലോ. എന്നാല്‍ ഇമേജ് മോഡ് RGB ആക്കാന്‍ മറക്കരുത്. ഇനി ചാനല്‍ പാലറ്റില്‍ Blue ചാനലില്‍ ക്ലിക്ക് ചെയ്ത് പാലറ്റിന്റെ താഴെക്കാണുന്ന Create new channel എന്ന ഐക്കണിലേക്ക് ഡ്രാഗ് ചെയ്യുക. ഇപ്പോള്‍ Blue copy എന്നൊരു നാലാമത് ചാനല്‍ കൂടി ദൃശ്യമാകും. ഇത് ആല്‍ഫാ ചാനലാണ്.




ഈ ചാനലിനെ Invert ചെയ്യണം. Ctrl+I. ഇപ്പോള്‍ നെഗറ്റീവ് മാതിരി ആകും.


ഇനി ലേയര്‍ പാലറ്റ് ഓണ്‍ ചെയ്യുക. F7. രണ്ട് പുതിയ ലേയറുകള്‍ ഉണ്ടാക്കുക. Create New Layer ഐക്കണില്‍ രണ്ടുതവണാ ക്ലിക്ക് ചെയ്യുക. അല്ലെങ്കില്‍ Layer>New Layer (Shift+Ctrl+N).

ഏറ്റവും മുകളിലെ ലേയറിന് Line Art എന്നും മദ്ധ്യത്തിലെ ലേയറിന് colour എന്നും പേരു കൊടുക്കുക. പടമുള്ള Background ലേയര്‍ വെള്ളം നിറം Fill ചെയ്യുക. (Edit>Fill>White).



2.ഇനി Line Art എന്ന ലേയറില്‍ ക്ലിക്ക് ചെയ്ത് ആക്റ്റീവ് ആക്കുക. Select മെനുവില്‍ നിന്ന് Load Selection ക്ലിക്ക് ചെയ്ത് Blue copy എന്ന ചാനല്‍ സെലക്റ്റ് ചെയ്ത് ഓകെ പറയുക. ഇപ്പോള്‍ ഡോകുമെന്റ് വിന്‍ഡോയില്‍ ഒരു മാര്‍ച്ചിംഗ് ആന്റ് സെലക്ഷന്‍ നമുക്ക് കിട്ടും. ഇനി Edit>Fill>Black എന്ന് ക്ലിക്ക് ചെയ്ത് Line Art ലേയറില്‍ കറുപ്പ് നിറം ഫില്‍ ചെയ്യുക.



3.ഇനി നിറം കൊടുക്കുകയാണ്. ആദ്യം ഷേഡിംഗ് ഒന്നുമില്ലാതെ പ്ലെയിനായി നിറം കൊടുക്കുക. അതിനായി Colour എന്ന ലേയര്‍ ക്ലിക്ക് ചെയ്ത് ആക്റ്റീവ് ആക്കുക.
4.ടൂള്‍ ബോക്സില്‍ നിന്ന് Polygonal Lasso Tool അല്ലെങ്കില്‍ മറ്റേതെങ്കിലും സെലക്ഷന്‍ റ്റൂള്‍ (Pen Tool അത്യാവശ്യമല്ല. അത്ര കൃത്യമായ സെലക്ഷനൊന്നും വേണ്ട. വേഗത്തില്‍ ചെയ്യാം) നിറം നല്‍കാന്‍ ഉദ്ദേശിക്കുന്ന ഭാഗങ്ങള്‍ സെലക്റ്റ് ചെയ്ത് വേണ്ട നിറം നല്‍കുക. കളര്‍ ഫില്‍ ചെയ്താല്‍ മതിയാകും. ഫ്ലാറ്റ് കളര്‍. ഷേഡിംഗും ഗ്രേഡിയന്റും ഒന്നും വേണ്ട. ശരിക്കും ശ്രദ്ധിക്കേണ്ട കാര്യം ഒരേ ഷേഡിലുള്ള നിറങ്ങള്‍ ഒരിക്കലും അടുത്റ്റടുത്ത് വരരുത്. വ്യത്യസ്തങ്ങളായ നിറം വേണം അടുത്തടുത്ത ഭാഗങ്ങള്‍ക്ക് ഉപയോഗിക്കാന്‍. അതിന്റെ കാരണം താഴെപ്പറയാം. പിന്നീട് ഷേഡിംഗ് സമയത്ത് നമുക്ക് വേണ്ട നിറം മാറ്റിക്കൊടുക്കാവുന്നതേയുള്ളൂ. ചിത്രം നോക്കുക.


ഓരോഭാഗവും സെലക്സ് ചെയ്ത് കളര്‍ ഫില്‍ ചെയ്തിരിക്കുന്നു. നിറം കൊടുക്കല്‍ പൂര്‍ത്തിയാക്കുക. ശ്രദ്ധിക്കേണ്ട കാര്യം Clour എന്ന ലേയര്‍ ആയിരിക്കണം ആക്റ്റീവ് ആക്കിയിരിക്കേണ്ടത്. ഇനി Colour ലേയര്‍ മുഴുവന്‍ സെലക്റ്റ് ചെയ്ത് കോപി പറയുക. Ctrl+A then Ctrl+C.
5.ഇനി ചാനല്‍ പാലറ്റിലേക്ക് പൊയി ഒരു ചാനല്‍ കൂടി ഉണ്ടാക്കുക. Create New Channel ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ മതി. ഈ ചാനല്‍ White കളര്‍ കൊണ്ട് ഫില്‍ ചെയ്യുക. (Edit>Fill>White). നേരത്തേ കോപ്പിചെയ്തത് ഇവിടെ പേസ്റ്റ് ചെയ്യുക. Ctrl+V. ഈ ചാനലിനെ Flat എന്ന് റീനേം ചെയ്യുക. ചിത്രം ശ്രദ്ധിക്കൂ.


6.ഈ ചാനല്‍ ഗ്രേ സ്കെയിലില്‍ ആയിരിക്കും. ഒരു കളറും ഈ ചാനലില്‍ ഇല്ല. ഇത്രയുമായിക്കഴിഞ്ഞാല്‍ നമുക്ക് വേണ്ട ഷേഡിംഗ് കൊടുക്കാം. നാം ആദ്യം കളര്‍ ലേയറില്‍ ഫ്ലാറ്റ് കളറുകള്‍ കൊടുത്തു. അതു കൊണ്ട് വ്യത്യസ്തങ്ങളായ ഗ്രേ ഷേഡുകള്‍ നമുക്ക് കിട്ടും. അതു കൊണ്ട് ഓരോ ഗ്രേ ഷേഡും Magic Wand റ്റൂള്‍ കൊണ്ട് നമുക്ക് അനായാസം സെലക്റ്റ് ചെയ്യാം. തൊല്ലയില്ല. (മുകളില്‍ പറഞ്ഞ കാരണം മനസ്സിലായില്ലേ?) ചാനലില്‍ വേണ്ട ഭാഗത്തിന്റെ ഗ്രേ ഷേഡ് സെലക്റ്റ് ചെയ്തിട്ട് ലേയര്‍ പാലറ്റിലേക്ക് പോകുക.
7.വേണ്ട കളര്‍ സെലക്റ്റ് ചെയ്യുക. ഫോര്‍ ഗ്രൌണ്ട് കളര്‍ പടത്തിലെ കളര്‍ തന്നെ ആയിരിക്കണം. അതിനായി Eydropper (I) റ്റൂള്‍ ഉപയോഗിച്ച് കളര്‍ ചെയ്യേണ്ട ഭാഗത്തെ കളറില്‍ ക്ലിക്ക് ചെയ്താല്‍ മതി. (ഉദാഹരണം മുഖത്തിന് അതേ നിറം തന്നെ ആയിരിക്കണം ഫോര്‍ഗ്രൌണ്ട് കളര്‍). ഇനി Gradient tool എടുത്ത് Opacity 53% ആക്കി Blending Mode “Multiply” ആക്കുക. Gradient ഓപ്ഷനില്‍ നിന്ന് “Foreground to Transparent” സെലക്റ്റ് ചെയ്യുക. ഇനി സെലക്ഷന്‍ ആക്റ്റീവായിരിക്കുന്ന സ്ഥലത്ത് മെല്ലെ ഡ്രാഗ് ചെയ്യുക.
8.ഇനിയും വൈവിധ്യവരുത്താന്‍ ചില കിസ്‌മത്ത് പണികളുമുണ്ട്. Airbrush Toll എടുത്ത് Opacity 30 മുതല്‍ 50% വരെ ആക്കി (ചിലപ്പോള്‍ കൂടുതല്‍, ചിലപ്പോള്‍ കുറവ്) Blending Mode “Screen” ആക്കി പതുക്കെ വേണ്ടിടത്ത് വരക്കുക.

ഇങ്ങനെ ഒരു ഭാഗം പൂര്‍ത്തിയായാല്‍ വീണ്ടും ചാനലില്‍ പോയി Flat സെലക്റ്റ് ചെയ്ത് വേണ്ട ഷേഡ് മാജിക് വാന്‍ഡ് ഉപയോഗിച്ച് സെലക്റ്റ് ചെയ്ത് ലേയര്‍ പാലറ്റിലേക്ക് മടങ്ങി വന്ന് Colour ലേയര്‍ ആക്റ്റീവാക്കി ഗ്രേഡിയന്റും ബ്രഷ് റ്റൂളും ഉപയോഗിച്ച് ഷേഡ് ചെയ്യുക.
അല്പം കലയൊക്കെ പ്രയോഗിച്ചു നോക്കൂ. നിങ്ങളുടെ ചിത്രത്തിന് ജീവന്‍ വീഴും :)

Sep 9, 2008

ഫോട്ടോഷോപ്പിലെ ലേയര്‍ മാസ്‌ക് (Layer Mask in Photoshop)

ഇവിടെപ്പറഞ്ഞിരിക്കുന്ന ചെലതൊക്കെ മനസ്സിലാകണമെങ്കില്‍ ആദ്യം ലോ ലവിടുത്തെ “ഫോട്ടോഷോപ്പ് ലേയറുകള്‍” എന്ന പോസ്‌റ്റ് വായിച്ചേച്ചും വരിക (കട്.കോവാലകൃഷ്‌ണന്‍!) :)

ഫോട്ടോഷോപ്പിലെ വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ് ലേയര്‍ മാസ്‌ക്.

എന്താണ് ലേയര്‍ മാസ്‌ക് ? ലേയര്‍ മാസ്‌കിന്റെ പ്രാധാന്യമെന്ത്? “നമുക്ക് പരിശോധിക്കാം“.. (കട്. നാലാം ക്ലാസ്സിലെ സയന്‍സ് പുസ്തകം!)

എഡിറ്റു ചെയ്യാവുന്ന സെലക്ഷനുകളാണ് ലേയര്‍ മാസ്‌കുകള്‍. ലേയറുകള്‍ക്ക് പരിക്കേല്പിക്കാതെ മാറ്റത്തിരുത്തലുകള്‍ വരുത്തുക (Non Destructive Editing) എന്ന പ്രക്രിയയില്‍ നിര്‍ണ്ണായക വേഷം ആടുന്നത് മൂപ്പരാണ്.

ലേയര്‍ മാസ്‌കുകള്‍ കൈകാര്യം ചെയ്യാന്‍ വളരെ എളുപ്പവും സൌകര്യവുമാണ്. ഒരു മുഴുവന്‍ ഗ്രേസ്കെയില്‍ ഇമേജ് (ചാരപ്പടം!) എന്ന പോലെ തന്നെ നമുക്ക് ഈ മാസ്‌കുകളെ പരിഗണിക്കാം.എന്നിട്ട് അതിന്മേല്‍ ഫില്‍ട്ടറുകള്‍ പ്രയോഗിക്കാം, സെലക്ഷന്‍ റ്റൂള്‍സ് ഉപയോഗിച്ച് പല കളികള്‍ കളിക്കാം, അഡ്‌ജസ്റ്റ് മെന്റ്‌സ് റ്റൂള്‍സ് ഉപയോഗിക്കാം, അങ്ങനെ അങ്ങനെ ഈ മാസ്‌ക് വേലായുധന്റെ തിരുമാറത്ത് നമുക്ക് പലതും പയറ്റാം...

മാസ്‌ക് കണ്ടാലറിയാം ഇമേജിലെ പഞ്ഞം! എന്നച്ചാ ലേയര്‍ മാസ്‌ക് ഇമേജിനെ എങ്ങനെ ബാധിക്കുന്നു എന്ന് ലേയറിലേക്ക് ഒറ്റനോട്ടം നടത്തിയാല്‍ തന്നെ നമുക്ക് മനസ്സിലാകും.

ആരോട് കൂട്ടു കൂടുന്നതിലും ഈ ചങ്ങാതിക്ക് ഒരു വിരോധവുമില്ല. വെക്‍റ്റര്‍ മാസ്‌ക്, ലേയര്‍ ഗ്രൂപ്പ്, അഡ്‌ജസ്റ്റ് മെന്റ് ലേയേഴ്സ്... എവിടെ വേണമെങ്കിലും ലേയര്‍ മാസ്‌കിനെ കൊള്ളിക്കാം.

നമ്മുടെ സെലക്ഷന്‍ സേവ് ചെയ്തു വെക്കാനും ലേയര്‍മാസ്ക് നമ്മെ അനുവദിക്കുന്നുണ്ട്. ഓരോ തവണയും നാം നമ്മുടെ ഡോക്കുമെന്റ് സേവ് ചെയ്യുമ്പോള്‍ ലേയര്‍ മാസ്‌കും കൂടെ സേവ് ആകും.


ശരിക്കും എന്തിനാണ് ലേയര്‍ മാസ്‌ക് ഉപയോഗിക്കുന്നത് ?

പിക്‍സലുകളെ മറച്ചു വെക്കാനാണെന്ന് ഉത്തരം. അഡ്‌ജസ്റ്റ്മെന്റ് ലേയറുകള്‍ ഉപയോഗിക്കുമ്പോള്‍ ഉളവാകുന്ന റിസല്‍റ്റ് മാസ്‌ക് ചെയ്യാനും ലേയര്‍ മാസ്‌ക് ഉപയോഗിക്കാറുണ്ട്. ഈ കുറിപ്പില്‍ ലേയര്‍ മാസ്‌ക് ഉപയോഗിച്ച് പിക്‍സലുകളെ മറക്കുന്നതിനെക്കുറിച്ചാണ് പറയുന്നത്.

ശരി ശരി...

ഈ ലേയര്‍ മാസ്‌കുകള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്?

ലേയര്‍ മാസ്‌ക് ആഡ് ചെയ്തിട്ടുള്ള ലേയറുകളെ എങ്ങനെ പരിഗണിക്കണമെന്ന് ഫോട്ടൊഷോപ്പിനോട് സൂത്രമുപദേശിക്കുകയാണ് സത്യത്തില്‍ ലേയര്‍ മാസ്‌കുകള്‍ ചെയ്യുന്നത്. ചാര (ഗ്രേ) നിറത്തിന്റെ പല ഷേഡുകള്‍ ആണ് മാസ്‌കിന് ആധാരം. നമുക്ക് തല്‍ക്കാലം കറുപ്പും വെളുപ്പും മാത്രമായ മാസ്‌കുകള്‍ ശ്രദ്ധിക്കാം.


അതേയ്, ഈ ലേയര്‍ മാസ്‌ക് മനസ്സിലാക്കാനായി താഴെപ്പറയുന്നവ ഒന്നു ശ്രദ്ധിക്കണേ...

*ഒരു ലേയര്‍ മാസ്‌കിലെ കറുത്ത നിറം ആ മാസ്‌ക് ചേര്‍ത്തിട്ടുള്ള ലേയറിലെ പിക്‍സലുകളെ മറയ്‌ക്കുന്നു. എന്നു വെച്ചാല്‍ പിക്‍സലുകളെ ട്രാന്‍‌സ്‌പരെന്റ് ആക്കുന്നു.

*ഒരു ലേയര്‍ മാസ്‌കിലെ വെളുത്ത നിറം ആ മാസ്‌ക് ചേര്‍ത്തിട്ടുള്ള ലേയറിലെ പിക്‍സലുകളെ അതേ പടി വെളിവാക്കുന്നു. എന്നു വെച്ചാല്‍ പിക്‍സലുകളെ ഒന്നും ചെയ്യുന്നില്ലാന്ന്.


ഉദാഹരണം പറയാം.


Layer1 എന്നൊരു ലേയര്‍ മഞ്ഞനിറത്തില്‍...

അതിനു മീതേ ഓറഞ്ചു നിറത്തിലുള്ള മറ്റൊരു ലേയര്‍ ...

ഓറഞ്ച് ലേയറിന് തൊട്ടു വലതു വശത്തായി ഒരു ബ്ലാക് & വൈറ്റ് തമ്പ് നെയില്‍ കാണാം. ഒരു ഇമേജാണത്. അതു തന്നെയാണ് നമ്മുടെ ലേയര്‍ മാസ്‌ക്.

ഈ ഉദാഹരണം എന്താണ് സൂചിപ്പിക്കുന്നത്? അതെന്തെന്നാല്‍ ഓറഞ്ചു ലേയറിനോട് ചേര്‍ത്തിട്ടുള്ള ലേയര്‍ മാസ്‌കില്‍ നാം ഒരു വട്ടം വരച്ച് അതില്‍ കറുപ്പ് ചായം നിറച്ചു, ആ കറുപ്പ് വട്ടം ഓറഞ്ചു ലേയറിലെ അത്രയും ഭാഗത്തെ പിക്സലുകളെ സുതാര്യമാക്കി. അപ്പോ താഴത്തെ മഞ്ഞ ലേയര്‍ ആ വട്ടത്തിലൂടെ കാണായി. . നമ്മുടെ ഇമേജുകള്‍ക്ക് യാതൊരു കേടുപാടും വരാതെ അത് എഡിറ്റ് ചെയ്യാമെന്നതാണ് ലേയര്‍ മാസ്‌ക് നല്‍കുന്ന പ്രധാന സൌകര്യം. മാറ്റങ്ങള്‍ വേണ്ടെങ്കില്‍ മാസ്‌ക് ഡിലീറ്റ് ചെയ്യുകയോ ഡിസേബിള്‍ ചെയ്യുകയോ ആവാം.


ഒരുദാഹരണം. താഴത്തെ ചിത്രം ശ്രദ്ധിക്കൂ.(ഞെക്കി വലുതാക്കി കാണൂ)





ദാ നോക്കൂ മാസ്‌ക് തനിയെ. (ലേയര്‍ മാസ്‌ക് തമ്പ്നെയിലില്‍ ആള്‍ട്ട് കീ അമര്‍ത്തിക്കൊണ്ട് ഞെക്കിയാല്‍ മാസ്‌ക് മാത്രമായി കാണാം).


ഓര്‍ക്കേണ്ടത് : കറുപ്പ് നിറം പിക്‍സലിനെ മറയ്‌ക്കുന്നു.

ഇനി ലേയര്‍ മാസ്‌ക് ഉണ്ടാക്കുന്ന വിധം പഠിക്കാം.


  1. സുതാര്യമായ ഒരു ലേയര്‍ മാസ്ക് ഉണ്ടാക്കുന്നത്. Creating a Layer Mask (Reveal All)

ലേയര്‍ പാലറ്റിലെ Add Layer Mask ഐക്കണില്‍ ക്ലിക്ക് ചെയ്ത് ഓള്‍ വിസിബിളായ ഒരു ലേയര്‍ മാസ്ക് ഉണ്ടാക്കാം. (PS. CS3 മെനുവില്‍ Layer>Layer Mask>Reveal All). ഇത് ഒരു വൈറ്റ് മാസ്‌ക് ആയിരിക്കും. അതിനര്‍ത്ഥം ആ ലേയറിനെ പിക്സലിനെ ഒന്നും മറയ്‌ക്കുന്നില്ല എന്നാണല്ലോ. ഈ മാസ്‌കില്‍ കറുപ്പ് നിറം നിറക്കുന്ന ഭാഗത്തെ പിക്സലുകള്‍ അപ്രത്യക്ഷമാകാന്‍ തുടങ്ങും. (ഇതൊന്നും ലേയറിനെ ബാധിക്കുന്നില്ല എന്നോര്‍ക്കുമല്ലോ).

ഈ ചിത്രത്തില്‍ ഡോകുമെന്റ് വിന്‍ഡോയില്‍ ഓറഞ്ചു നിറത്തിലെ ലേയര്‍ അതേപടി കാണാം. കാരണം വൈറ്റ് മാസ്‌ക് പിക്സലിനെ മറയ്‌ക്കുന്നില്ല.




  1. ഒളി‌മാസ്‌കുകള്‍ ഉണ്ടാക്കുന്നത്. Creating a Layer Mask (Hide All)

കറുപ്പ് നിറം നിറഞ്ഞ ഒരു മാസ്‌കാണ് ഓള്‍ ഹിഡന്‍ മാസ്‌ക് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.തീര്‍ച്ചയായും ഇത്തരം മാസ്‌കുള്ള ലേയറിലെ പിക്സലുകള്‍ ഹിഡന്‍ ആയിരിക്കുമല്ലോ. ലേയര്‍ പാലറ്റിലെ Add Layer Mask ഐക്കണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ALT കീ കൂടീ അമര്‍ത്തിപ്പിടിച്ച് ഞെക്കുക. (PS. CS3 മെനുവില്‍ Layer>Layer Mask>Hide All)നമ്മുടെ ഡോക്കുമെന്റ് വിന്‍ഡോയില്‍ ബാക്ക്ഗ്രൌണ്ട് ലേയറിലെ വെളുപ്പ് നിറം കാണാം. കാരണം മുകളിലെ ഓറഞ്ച് നിറമുള്ള ലേയറിലെ പിക്സലിനെയെല്ലാം നമ്മുടെ ബ്ലാക്ക് മാസ്‌ക് മറച്ചിരിക്കുന്നു.


  1. ലേയര്‍ മാസ്‌കില്‍ ബ്രഷ് കൊണ്ട് പെയിന്റ് ചെയ്യുന്നത്.

ലേയര്‍ പാലറ്റിലെ മാസ്‌ക് തമ്പ്നെയില്‍ ക്ലിക്ക് ചെയ്ത് സെലക്റ്റ് ചെയ്ത ശേഷം ഏതെങ്കിലും ബ്രഷ് കൊണ്ട് നമുക്ക് പെയിന്റ് ചെയ്യാം. മാസ്‌ക് സെലക്റ്റ് ചെയ്യുമ്പോള്‍ ഫോര്‍ ഗ്രൌണ്ട്, ബ്ലാക്ക് ഗ്രൌണ്ട് കളറുകള്‍ കറുപ്പും വെളുപ്പും ആയിരിക്കും. കറുപ്പ് നിറം കൊണ്ട് പെയിന്റ് ചെയ്യുമ്പൊള്‍ മാസ്‌ക് ഇമേജിലെ പിക്സലിനെ മറ‌യ്‌ക്കുന്നു. വെളുപ്പ് നിറം കൊണ്ടാണെങ്കില്‍ മാസ്‌ക് സുതാര്യമാകുന്നു, പിക്‍സലുകള്‍ വെളിവാകും. (ഫോര്‍ ഗ്രൌണ്ട്, ബ്ലാക്ക് ഗ്രൌണ്ട് കളറുകള്‍ മാറ്റുന്നതിന് X കീ അമര്‍ത്തിയാല്‍ മതി. എന്നിട്ട് മാസ്‌കുകളുണ്ടാക്കി വരച്ചു നോക്കൂ).

Reveal All, Hide All മാസ്‌കുകളില്‍ കറുപ്പും വെളുപ്പും ഉപയോഗിച്ച് വരച്ചിരിക്കുന്നത് ശ്രദ്ധിക്കുക.





4.ഗ്രേഡിയന്റ് മാസ്ക്

ബ്രഷ് കൊണ്ട് പെയിന്റ് ചെയ്യുന്നത് പോലെ ഗ്രേഡിയന്റെ റ്റൂള്‍ ഉപയോഗിച്ചും മാസ്‌ക് ഉണ്ടാക്കാം. ശ്രദ്ധിക്കേണ്ട കാര്യം ഗ്രേഡിയന്റ് കളറുകള്‍ കറുപ്പും വെളുപ്പും ആയിരിക്കണം എന്നതാണ്. മാസ്‌ക് തമ്പ്നെയില്‍ സെലക്റ്റ് ചെയ്ത് ഗ്രേഡിയന്റ് റ്റൂള്‍ കൊണ്ട് ഡ്രാഗ് ചെയ്യുക. വിവിധ ഗ്രേഡിയന്റ് ഓപ്‌ഷനുകള്‍ പരീക്ഷിക്കുക.

5.ഗ്രേ മാസ്‌കുകള്‍.

കറുപ്പ് പിക്‍സലിനെ മറയ്‌ക്കുകയും വെളുപ്പ് പിക്‍ലിനെ വെളിവാക്കുകയും ചെയ്യുമെങ്കില്‍ ഈ രണ്ട് നിറങ്ങള്‍ക്കിടയിലുള്ള ഏതു വര്‍ണ്ണവും വിവിധ ഒപ്പാസിറ്റിയിലുള്ള റിസല്‍റ്റ് ഇമേജില്‍ ഉണ്ടാക്കുമല്ലോ. പല വര്‍ണ്ണങ്ങള്‍ കൊണ്ട് മാസ്‌കില്‍ വരക്കുകയും ബഹുവര്‍ണ്ണ ഗ്രേഡിയന്റ് പ്രയോഗിക്കുകയും ചെയ്യുക.

  1. ലേയര്‍ മാസ്‌ക് ഡിസേബിള്‍ ചെയ്യാന്‍.

ലേയര്‍ മാസ്‌ക് തമ്പ്നെയില്‍ Shift+Click ചെയ്താല്‍ മതി.

  1. ലേയര്‍ മാസ്‌ക് ഡിലീറ്റ് ചെയ്യാന്‍.

    ലേയര്‍ മാസ്‌ക് തമ്പ്നെയിലില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് കോണ്‍റ്റെക്സ്റ്റ് മെനുവില്‍ നിന്ന് Delete Layer Mask അല്ലെങ്കില്‍ മെനുവില്‍ Layer>Layer Mask>Delete. അതുമല്ലെങ്കില്‍ ലേയര്‍ പാലറ്റില്‍ താഴെ വേസ്‌ബിന്‍ ഐക്കണില്‍ ക്ലിക്ക് ചെയ്താലും മതി.

  2. ലേയര്‍ മാസ്‌ക് തമ്പ്നെയിലില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് കോണ്‍റ്റെക്സ്റ്റ് മെനുവില്‍ Apply Layer Mask എന്ന കമാന്‍ഡ് കൊടുത്താല്‍ മാസ്‌ക് ലേയറിനോട് മെര്‍ജ് ആകും. പിന്നെ മാസ്‌കില്ല. ഇമേജില്‍ നേരിട്ട് വ്യത്യാസം വരും

ഇനി ലേയര്‍ മാസ്‌കിന്റെ വിവിധ പ്രായോഗങ്ങള്‍, മാസ്‌കും സെലക്ഷനും, അഡ്‌ജസ്റ്റ്മെന്റ് ലേയറുകളിലെ മാസ്‌കിംഗ്, വെക്‍റ്റര്‍ മാസ്ക് മുതലായ പിന്നാലെ നോക്കാം; ദൈവം അനുവദിക്കട്ടെ...

Sep 6, 2008

ഫോട്ടോഷോപ്പ് ലേയറുകള്‍: ഒരാമുഖം.


ഫോട്ടോഷോപ്പിന്റെ മര്‍മ്മപ്രധാനമായ പ്രത്യേകതകളില്‍ ഒന്നാണ് ലേയറുകള്‍. കോംപ്ലക്സ് ഇമേജുകള്‍ നിര്‍മ്മിക്കുവാന്‍ ഉപയോഗിക്കുന്ന അടിസ്ഥാന ഫീച്ചര്‍. തുടക്കക്കാരെ ഒത്തിരി കുഴക്കുന്ന ജഗജില്ലി. ഒന്നു വഴങ്ങിക്കിട്ടാന്‍ ഇശ്ശി സമയമെടുത്തെന്നിരിക്കും. പരിഭ്രമിക്കേണ്ട. ലേയറുകളുടെ അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കി നന്നായി പരിശീലിച്ചാല്‍ സംഗതി നിങ്ങളുടെ വിളിപ്പുറത്തു വരും. (ങാഹാ, അത്രക്കായോ!)

ലേയറുകള്‍ ആദ്യമായി അവതരിക്കപ്പെടുന്നത് ഫോട്ടോഷോപ്പ് വേര്‍ഷന്‍ 3 ല്‍ ആണ്.

എന്താണീ ലേയര്‍ എന്നൊന്നു നോക്കാം.

ഒന്നിനു മേല്‍ ഒന്നായി അടുക്കി വെക്കപ്പെടുന്ന ഇമേജ് പാളികളാണ് ലേയറുകള്‍ എന്ന് സാമാന്യമായി പറയാം. ഒരുദാഹരണത്തിലൂടെ ഇതു വിശദീകരിക്കാം.

എന്റെ കയ്യില്‍ ഒരു പേപ്പര്‍ ഉണ്ടെന്ന് സങ്കല്‍പ്പിക്കുക. ഞാന്‍ അതില്‍ ചുവപ്പ് പെയിന്റ് അടിക്കുന്നു. എന്നിട്ടു ഒരു സുതാര്യമായ ഫിലിം പേപ്പര്‍ എടുത്ത് വട്ടത്തില്‍ ഒരു “സര്‍ക്കിള്‍ “ ‍(!) വെട്ടിയെടുക്കുന്നു. അതില്‍ ഞാന്‍ മഞ്ഞ പെയിന്റ് അടിക്കുന്നു. അതു ചുവന്ന പേപ്പറിനു മീതേ വെക്കുന്നു. പിന്നീട് വേറൊരു ഫിലിം എടുത്ത് “TYPE” എന്ന അക്ഷരങ്ങള്‍ വെട്ടിയെടുത്ത് നീലച്ചായമടിച്ച് നമ്മുടെ “സര്‍ക്കിളു വട്ടത്തിനു“ മീതേ വെക്കുന്നു. ഇപ്പോള്‍ എനിക്കു ഒരു ബാക്ക്ഗ്രൌണ്ട് ലേയറും (ചുവന്ന പേപ്പര്‍) ‍രണ്ടു “സാദാ” ലേയറുകളും (മഞ്ഞ വട്ടവും നീല ടൈപ്പ് ലേയറും) കിട്ടി.

type.jpgചിത്രം ശ്രദ്ധിക്കുക.

p1.jpg

ഈ ചിത്രത്തില്‍ ബാക് ഗ്രൌണ്ട് ലേയറിനു മീതേ LearnGrafx എന്ന ടൈപ് ലേയര്‍ കാണാം.
അപ്പോള്‍ ലേയറുകള്‍ എന്താണെന്നു കത്തിയെന്നു വിചാരിക്കുന്നു. ഇതുമാതിരി നമുക്കു ഫോട്ടോഷോപ്പില്‍ ലേയറുകള്‍ ഉണ്ടാക്കി ആ ലേയറുകളില്‍ എന്തു വികൃതിയും കാണിക്കാം. ഓരോ ലേയറിനേയും നമുക്കിഷ്ടമുള്ളതു പോലെ പരിഷ്കരിക്കാം. അതിന്മേല്‍ വരക്കാം, തുടക്കാം, മുറിക്കാം, ഡിലീറ്റാം, എങ്ങോട്ടു വേണമെങ്കിലും നീക്കിക്കൊണ്ടു പോകാം, സ്റ്റൈലുകള്‍ കൊടുക്കാം..അങ്ങനെയങ്ങനെ നിരവധിയനവധി ബമ്പര്‍ സമ്മാനങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു.

ഫോട്ടോഷോപ്പ് ലേയറുകളാല്‍ സമൃദ്ധം:

ലേയറുകള്‍ നിയന്ത്രിക്കപ്പെടുന്നത് ലേയര്‍ പാലറ്റ് വഴിയാണ്. (Layers palette). ലേയര്‍ പാലറ്റ് ദൃശ്യമാകാന്‍ മെനുവില്‍ Window>Layers. അല്ലെങ്കില്‍ ‍(F7) പ്രെസ്സ് ചെയ്യുക. ഈ പാലറ്റില്‍ നിങ്ങള്‍ക്ക് ലേയറുകളും ലേയറുകളിലെ ഉള്ളടക്കം നഖച്ചിത്രങ്ങളായും(Thumbnail) കാണാം. താഴ് ഭാഗത്ത് കുറെ ഐക്കണുകള്‍( കൊച്ചു ചിത്രങ്ങള്‍) ഉണ്ട്.

ലേയറുകള്‍ ഉണ്ടാക്കുന്നത്…

layer-pallate-icons.jpgഈ ലേയര്‍ പാലറ്റ് ശ്രദ്ധിക്കുക. ഏറ്റവും താഴെ വലത്തു നിന്നു രണ്ടാമത്തേത് പുതിയ ലേയര്‍ (New) ഉണ്ടാക്കാനുള്ള ഐക്കണാണ്. ഇവിടെ ക്ലിക്ക് ചെയ്ത് പുതിയ ലേയര്‍ ഉണ്ടാക്കാം. Layer>New>Layer (Shift+Ctrl+N). ഇങ്ങനെ ലേയറുകള്‍ നിര്‍മ്മിച്ച് അതിന്മേല്‍ വരക്കുകയോ ഒക്കെ ചെയ്യാം. ഒന്നില്‍ ചെയ്യുന്നത് മറ്റൊരു ലേയറിനെ ബാധിക്കില്ല. ലേയറുകളില്‍ എന്തെങ്കിലും ചെയ്യും മുമ്പ് ആ ലേയര്‍ സെലക്റ്റ് ചെയ്യണം. അപ്പോള്‍ അത് ആക്റ്റീവ് ആകും. ആക്റ്റീവ് ആകുന്ന ലേയര്‍ നീല നിറത്തില്‍ ഹൈലൈറ്റാവും. വലത്തു നിന്നു ആദ്യത്തേത് ലേയറുകള്‍ ഡിലീറ്റ് ചെയ്യാനുള്ള ഐക്കണാണ്. അത് എങ്ങനെയെന്നു പിന്നെപ്പറയാം.

ലേയറുകള്‍ക്ക് പേരു നല്‍കുന്നത്…

സാധാരണ ഗതിയില്‍ നിങ്ങള്‍ ലേയറുകള്‍ ഉണ്ടാക്കുമ്പോള്‍ Layer1, Layer2 എന്നിങ്ങനെയാണ് പേരുകള്‍ വരാറ്. ഇത് ഓര്‍ത്തിരിക്കാന്‍ ഇമ്മിണി പ്രയാസള്ള നാമധേയങ്ങളാണല്ലോ. ആയതിനാല്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള പേരു നല്‍കാം. പേരു മാറ്റേണ്ട ലേയറില്‍ (Layer1 അല്ലെങ്കില്‍ ലേയറിന്റെ പേര് ) സിമ്പ്ലി ഡബിള്‍ ക്ലിക്ക് ചെയ്യുക. എന്നിട്ടു പേരു മാറ്റിക്കൊടുത്തോളൂ. ഇനി ലേയറില്‍ Right Click ചെയ്ത്‍ Layer Properties എടുത്താല്‍ പേരും മാറ്റാം ലേയര്‍ എളുപ്പം തിരിച്ചറിയാന്‍ വേണ്ടി ഒരു കളറും നല്‍കാം.

ലേയറുകള്‍ സ്ഥാനം മാറ്റാന്‍…

ലേയറുകള്‍ ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് മാറ്റുന്നതിന് വേണ്ടി ആദ്യം ലേയര്‍ സെലെക്റ്റ് ചെയ്യണം. ഇതു പലരീതിയില്‍ ചെയ്യാം. എളുപ്പം ലേയര്‍ പാലറ്റില്‍ സെലെക്റ്റ് ചെയ്യേണ്ട ലേയറില്‍ ക്ലിക്ക് ചെയ്ത് ആക്റ്റീവ് ആക്കുകയാണ്. അല്ലെങ്കില്‍ ഡോകുമെന്റിലെ ലേയര്‍ ഓബ്ജെക്റ്റില്‍ (ഇമേജില്‍) മൂവ് ടൂള്‍ എടുത്ത് Right Click ചെയ്യുമ്പോള്‍ തെളിഞ്ഞു വരുന്ന ലേയറുകളുടെ പേരില്‍ നിന്ന് വേണ്ട ലേയര്‍ തെരഞ്ഞെടുക്കാം. Option Bar ല്‍ (Window>Options) Auto Select ചെക്ക് ചെയ്താല്‍ (മൂവ് ടൂള്‍ സെലെക്റ്റ് ചെയ്തിരിക്കണം) മൂവ് ടൂള്‍ കൊണ്ട് ചുമ്മാ വേണ്ട ലേയറില്‍ ക്ലിക്ക് ചെയ്താല്‍ ആ ലേയര്‍ സെലക്റ്റ് ആകും. (മൂവ് ടൂള്‍ എടുക്കുന്നതിനു V പ്രെസ്സ് ചെയ്താല്‍ മതി. നിങ്ങള്‍ ഏതു ടൂളില്‍ നിന്നാലും ആ ടൂള്‍ മാറ്റാതെ തന്നെ മൂവ് ടൂള്‍ വരുത്തുന്നതിന് Control കീ പ്രെസ്സ് ചെയ്താല്‍ മതി.) ഇനി മൌസ് ക്ലിക്ക് ചെയ്തു കൊണ്ട് എങ്ങോട്ടു വേണമെങ്കിലും ലേയറിനെ വലിച്ചു കൊണ്ടു പോകാം..ഐലസാ…

ലേയറുകള്‍ മറ്റു ലേയറുകള്‍ക്ക് താഴെയും മീതെയുമായി എങ്ങനെ ക്രമീകരിക്കാം? ലേയര്‍ പാലറ്റില്‍ നിന്ന് ലേയര്‍ സെലെക്റ്റ് ചെയ്ത് മറ്റു ലേയറുകളുടെ താഴേക്കോ മുകളിലേക്കോ Drag (വലിച്ചിട്ടാല്‍) മതി. ഇതിന്റെ ഷോട്കട്ട് Ctrl + ] (മുകളിലേക്ക്) Ctrl + [ (താഴേക്ക്). ഏറ്റവും മുകളിലേക്ക് Shift+Ctrl+], ഏറ്റവും താഴേക്ക് Shift +Ctrl+[.

ലേയറുകള്‍ കണ്ണടക്കുമ്പോള്‍…

ഒരു ലേയറിനെ ഡോകുമെന്റില്‍ ഡിലീറ്റ് ചെയ്യാതെ അപ്രത്യക്ഷമാക്കാന്‍ ലേയര്‍ പാലറ്റില്‍ ലേയറിനു നേരേയുള്ള കണ്ണിന്റെ പടത്തില്‍ ക്ലിക്ക് ചെയ്താല്‍ മതി. വീണ്ടും കാണാന്‍ ഒന്നൂടി ‘സൈറ്റടിക്കുക‘, കണ്ണില്‍ത്തന്നെ! നമ്മള്‍ സെലക്റ്റ് ചെയ്യുന്ന ലേയര്‍ ഒഴികെ മറ്റെല്ലാം അപ്രത്യക്ഷമാക്കാന്‍ കണ്ണില്‍ Alt Click ചെയ്താല്‍ മതി. ഒന്നുകൂടി ആള്‍ട്ടിയാല്‍ (Alt Click) എല്ലാം പഴയപടിയാകും.hide.jpg

ലേയറുകള്‍ കോപ്പി ചെയ്യുന്നത്…

ഒരു ലേയറിന്റെ ഡൂപ്ലിക്കേറ്റ് ഉണ്ടാക്കാ‍ന്‍ ലേയര്‍ സെലെക്റ്റ് ചെയ്തിട്ട് മെനുവില്‍ നിന്ന് Layer>Duplicate Layer. അല്ലെങ്കില്‍ ആ ലേയറിനെ ലേയര്‍ പാലറ്റിന്റെ താഴേയുള്ള New ഐക്കണിലേക്ക് വലിച്ചിടുക, അതുമല്ലെങ്കില്‍ കണ്‍ ട്രോളും ആള്‍ട്ടും അമര്‍ത്തിപ്പിടിച്ച് മൌസ് ക്ലിക്ക് ചെയ്ത് കൊണ്ട് മൂവ് ചെയ്യുക.

ലേയര്‍ ഡിലീറ്റ് ചെയ്യാന്‍…

സെലെക്റ്റ് ചെയ്ത ലേയറിനെ ലേയര്‍ പാലറ്റിന്റെ താഴെ ചവറ്റുകുട്ടയുടെ മാതിരിയുള്ള ഐക്കണിലേക്ക് ചുമ്മാ വലിച്ചിടുക. അല്ലെങ്കില്‍ Layer>Delete> Layer.

ലേയറിന്റെ ഒപാസിറ്റി മാറ്റാന്‍…

opacity.jpg

ഒപക് എന്നാല്‍ അതാര്യമായത്…ഒപാസിറ്റിയോ..അതാര്യത…(ആണോ?) അതാര്യമായത് അതിന്റെ പിന്നിലുള്ള മറ്റൊന്നിനെ മറയ്ക്കുന്നു. ലേയര്‍ 100% ഒപക് ആണെങ്കില്‍ താഴെയുള്ള ലേയറുകള്‍ പൂര്‍ണ്ണമായും മറയും. അപ്പോള്‍ ഒപാസിറ്റിയുടെ ശതമാനം മാറ്റുന്നതനുസരിച്ച് അടിയിലുള്ള ലേയര്‍ പ്രത്യക്ഷമാകാന്‍ തുടങ്ങും. 10% ഒപാസിറ്റി നിങ്ങള്‍ കൊടുത്തു എന്നിരിക്കട്ടെ, ഒരു കണ്ണാടിയിലൂടെ എന്ന പോലെ താഴെയുള്ള ലേയര്‍ കാണാം. ഒപാസിറ്റി കണ്‍ ട്രോള്‍ ഇമേജ് എഡിറ്റിംഗില്‍ ഒരുപാട് പ്രാധാന്യമുള്ള ഓരേര്‍പ്പാടാണ്. ഒരു ലേയറിന്റെ ഒപാസിറ്റി ചെയ്ഞ്ച് ചെയ്യാന്‍ ലേയര്‍ പാലറ്റിലെ Opacity എന്നിടത്ത് വേണ്ട വില (Value) ശതമാനക്കണക്കില്‍ കൊടുത്താല്‍ മതി. അല്ലെങ്കില്‍ അവിടെയുള്ള സ്ലൈഡര്‍ നിരക്കി നീക്കിയാല്‍ മതി. ഒപാസിറ്റി കുറയുംതോറും ലേയര്‍ Transparent ആയിക്കൊണ്ടിരിക്കും.

കുറെ ലോക്കുകള്‍

ലേയര്‍ പാലറ്റിന്റെ മുകളില്‍ കറെ ലോക്കുകള്‍ കാണാം.

lock-trans.jpg

ചിത്രം ശ്രദ്ധിക്കുക. ഇടത്തു നിന്നു ആദ്യം കാണുന്നത് Lock Transparent Pixels പിന്നെ Lock Image Pixels, Lock Position, Lock All എന്നിവയും കാണാം.
Lock Transparent Pixels ന്റെ പ്രവര്‍ത്തനം നോക്കാം. പഴയ വേര്‍ഷനുകളില്‍‍ ഇത് Preserve Transparency എന്നാണുള്ളത്. ഒരു ഡോകുമെന്റിലെ ലേയര്‍ എല്ലായ്പ്പോഴും ആ ഡോകുമെന്റിന്റെ വലിപ്പം തന്നെ ഉള്ളതായിക്കൊള്ളണമെന്‍ില്ല. താഴെ തൊപ്പിക്കാരന്റെ പടം നോക്കുക. ഈ ലേയറില്‍ പടം ഉള്ള ഭാഗത്തു മാത്രമാണ് അത്രയും Pixels ഉള്ളത്‌. ഡോകുമെന്റിന്റെ ബാക്കി ഭാഗം അതേ ലേയറില്‍ത്തന്നെ ശൂന്യം അഥവാ Transparent ആണ്. Lock Transparent Pixels ക്ലിക്ക് ചെയ്താല്‍ Pixels അഥവാ പടം ഉള്ള ഭാഗത്തു മാത്രമേ എന്തെങ്കിലും വരക്കാനോ പെയിന്റടിക്കാനോ ഒക്കെ പറ്റൂ. ബാക്കി സ്ഥലത്ത് ഒന്നും ഏശില്ല.
രണ്ട് ഉദാഹരങ്ങളിലൂടെ ഇത് വ്യകതമാകും.

pres-1.jpg

ഒന്നാമത്തെ ചിത്രത്തില്‍ തൊപ്പിക്കാരന്റെ തൊപ്പിയില്‍ കറുപ്പ് നിറം പെയിന്റ് ചെയ്യുമ്പോള്‍ ചുറ്റുഭാഗങ്ങളിലും പെയിന്റ് വീഴുന്നു. Lock Transparent Pixels ഇവിടെ ഓഫ് ആണ്. എന്നാല്‍ രണ്ടാമത്തെ ചിത്രത്തില്‍

pres-2.jpg
Transparent Pixels ഓണ്‍ ചെയ്തു വരക്കുമ്പോള്‍ തൊപ്പിക്കാരന്റെ ചിത്രത്തില്‍ മാത്രം പെയിന്റ് നിറയുന്നു. ഇത് ഏറെ ഉപയോഗമുള്ള ഒരു ഓപ്ഷനാണ്.

Lock Image Pixels എന്നാല്‍ ഇമേജില്‍ ഒരു പണിയും നടക്കില്ല. എന്നാല്‍ ലേയറിനെ എവിടേക്കും കൊണ്ടുപോകാം.

Lock Position എന്നാല്‍ ലേയറിനെ എവിടേക്കും നീക്കാനോ അനക്കാനോ കഴിയില്ല. എന്നാല്‍ ഇമേജില്‍ വ്യത്യാസങ്ങള്‍ വരുത്താം. വരക്കാം, തുടക്കാം ഇ റ്റി സി…..

Lock All ഓണ്‍ ചെയ്താല്‍ ഒണ്ണുമേ സെയ്യ മുടിയാത്…അപ്പടിയേ ലോക്കായിടുവേന്‍….

ബ്ലെന്‍ഡിംഗ് ഓപ്ഷനുകള്‍

ലേയര്‍ പാലറ്റിനു മുകളില്‍ ഇടതു വശത്ത് Normal എന്നു കാണുന്നില്ലേ. അവിടെ ക്ലിക്ക് ചെയ്താല്‍ ഒരു ഡ്രോപ് ഡൌണ്‍ മെനു അങ്ങിറങ്ങി വരും.

blending-mode.jpg

ഒത്തിരി ബ്ലെന്‍ഡിംഗ് മോഡുകളുടെ ഒരു നീണ്ട ലിസ്റ്റ് അവിടെ കാണാം. എല്ലാം ഇപ്പോള്‍ വിശദീകരിക്കുന്നില്ല. Overlay, Soft Light, Hard Light ഇവയൊക്കെ റിയലിസ്റ്റിക് ലൈറ്റ് ഇഫക്റ്റുകള്‍ ഉണ്ടാക്കാന്‍ നല്ലതാണ്. ഈ ബ്ലെന്‍ഡിംഗ് മോഡുകളുടെ പ്രവര്‍ത്തനവും വ്യത്യാസവും മനസിലാക്കാന്‍ എളുപ്പവഴി നിങ്ങള്‍ ലേയറിന്റെ ബ്ലെന്‍ഡിംഗ് മോഡ് മാറ്റിമാറ്റി കളിക്കുകയാണ്. അഡ്വാന്‍സ് ഡ് ലേയര്‍ ടെക് നിക് പറയുന്ന സമയത്ത് ഓരോ മോഡും വിശദീകരിക്കാം.

സുഹൃത്തുക്കളേ , ഇതൊരു ആമുഖം മാത്രമാണ്. ലേയറുകള്‍ എന്തെന്ന് അറിയാന്‍ മാത്രം. അഡ്വാന്‍സ് ഡ് ലേയര്‍ ടെക് നിക്സ് പിന്നാലെ പ്രതീക്ഷിക്കാം.

16അഭിപ്രായങ്ങള്‍ »

  1. ഫോട്ടോഷോപ്പ് ലേയറുകള്‍: ഒരാമുഖം.

    ഫോട്ടോഷോപ്പിന്റെ മര്‍മ്മപ്രധാനമായ പ്രത്യേകതകളില്‍ ഒന്നാണ് ലേയറുകള്‍. കോംപ്ലക്സ് ഇമേജുകള്‍ നിര്‍മ്മിക്കുവാന്‍ ഉപയോഗിക്കുന്ന അടിസ്ഥാന ഫീച്ചര്‍. തുടക്കക്കാരെ ഒത്തിരി കുഴക്കുന്ന ജഗജില്ലി. ഒന്നു വഴങ്ങിക്കിട്ടാന്‍ ഇശ്ശി സമയമെടുത്തെന്നിരിക്കും. പരിഭ്രമിക്കേണ്ട. ലേയറുകളുടെ അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കി നന്നായി പരിശീലിച്ചാല്‍ സംഗതി നിങ്ങളുടെ വിളിപ്പുറത്തു വരും. (ങാഹാ, അത്രക്കായോ!)

    അഭിപ്രായം by ziya — ഡിസംബര്‍ 27, 2006 @ 12:14 pm

  2. പ്രിയ സിയ
    എങ്ങനെ അഭിനന്ദിക്കണമെന്നറിയില്ല . നിന്‍റെ എല്ലാ പോസ്റ്റും ഞാന്‍ പ്രിന്‍റെടുത്ത് വിശദമായി തന്നെ വായിച്ചു. വളരെ രസകരമായി ഫോട്ടോഷോപ്പിനെ കുറിച്ച് വിശദമാക്കിയതില്‍ അഭിനന്ദനങ്ങള്‍ , മാത്രമല്ല ഫോട്ടോഷോപ്പില്‍ ഇത്തിരിമാത്രം പരിജ്ഞാനമുള്ള എനിക്ക് ഒത്തിരി കൂടി കൂടി , ബൂലോകത്തില്‍ വളരെ വിരളമായ വിജ്ഞാനപ്രദമായ ബ്ലോഗുകളില്‍ ഒന്നായി ഞാന്‍ ഇതിനെ കാണുന്നു .. സിയയുടേ പഠിപ്പിക്കലിന് ശേഷം ഞാന്‍ സംശയങ്ങള്‍ ചോദിക്കാം മറ്റൊരു പോസ്റ്റിനായി കാത്തിരിക്കുന്നു
    സസ്നേഹം ഫാറൂഖ്

    അഭിപ്രായം by വിചാരം — ഡിസംബര്‍ 27, 2006 @ 12:40 pm

  3. നന്ദി വിചാരം. സംശയ നിവാരണത്തിനായി ഒരു ബ്ലോഗ് പരിഗണയിലുണ്ട്. തുടങ്ങിയാലോ?

    അഭിപ്രായം by ziya — ഡിസംബര്‍ 27, 2006 @ 2:32 pm

  4. ഈ പോസ്റ്റ്‌ എനിക്കും പഠിക്കാന്‍ പാകത്തിനുള്ളതാണെന്ന്‌ തോന്നുന്നു. ചെയ്തുകഴിഞ്ഞ്‌ മറ്റൊരു കമെന്റ്‌ തീര്‍ച്ചയായും ഇടാം.
    നന്ദി സിയാദ്‌

    അഭിപ്രായം by കേരളഫാര്‍മര്‍ — ഡിസംബര്‍ 27, 2006 @ 2:40 pm

  5. സദയം ശ്രദ്ധിക്കുമല്ലോ..:

    1) *കഴിവതും* പിന്മൊഴി ഗൂഗിള്‍ ഗ്രൂപ്പിലേക്ക് നേരിട്ട് ഈ-മെയിലുകള്‍ എഴുതാതിരിക്കുക.

    2) gimp നെ പറ്റിയും എഴുറ്റുവാന്‍ താങ്കള്‍ക്ക് കഴിയുമോ?

    3) കുറച്ചു ബാനറുകള്‍ വേണമായിരുന്നു, തനിമലയാളം.ഓര്‍ഗ്ഗിനു — കേരളത്തില്‍ നിന്നുള്ള ചിത്രങ്ങളുടെ പശ്ചാത്തലത്തിലുള്ളവ — സഹായിക്കാമോ? ദാ ഇതു പോലുള്ളവയാണു ഉദ്ദേശിച്ചത്.

    നന്ദി..!

    അഭിപ്രായം by ഏവൂരാന്‍ — ഡിസംബര്‍ 27, 2006 @ 2:42 pm

  6. ലെയര്‍ ലോക്കുകളെക്കുറിച്ചുള്ള അറിവ് ഉപകാരപ്രദമായി..
    നന്ദി.

    അഭിപ്രായം by ikkaas — ഡിസംബര്‍ 28, 2006 @ 4:52 am

  7. ഏവൂരാന്‍ ചേട്ടാ,
    തീര്‍ച്ചയായും GIMP നെ കുറിച്ചു ആര്‍ട്ടിക്കിള്‍ എഴുതുന്നതാണ്‍. ഓപണ്‍ സോഴ്സ് സംരഭങ്ങളിലുള്ള മികച്ച പ്രോഗ്രാമുകള്ക്ക് നല്ല പ്രചാരം കിട്ടേണ്ടതുണ്ട്.

    അഭിപ്രായം by ziya — ഡിസംബര്‍ 28, 2006 @ 5:56 am

  8. ലെയറുകളെകുറിച്ച് എല്ലാമറിയാമെന്നായിരുന്നു എന്റെ വിചാരം. ഈ പോസ്റ്റ് വായിച്ചപ്പോഴാണ് അറിയാവുന്നതില്‍ കൂടുതല്‍ അറിയുവാനുണ്ട് എന്ന് മനസിലായത്.

    അറിവുകള്‍ മറ്റുള്ളവര്‍ക്ക് കഴിവതും പകര്‍ന്നുകൊടുക്കാതിരിക്കുന്ന ഈ കാലത്ത് തങ്കളുടെ ഈ സംരംഭം അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. അടുത്ത പോസ്റ്റിനുവേണ്ടികാത്തിരിക്കുന്നു.
    (കമന്തുകളുടെ ഫോണ്ട് സൈസ് തീരെ കുറവാണ്)

    അഭിപ്രായം by ശാലിനി — ഡിസംബര്‍ 28, 2006 @ 6:08 am

  9. ഉമേഷേട്ടാ, ചന്ദ്രേട്ടാ, പെരിങ്ങോടരേ, ഏവൂരാനേ….
    വേഡ് പ്രെസ്സില്‍ കമെന്റുകളുടെ ഫോണ്ട് സൈസ് കൂട്ടാന്‍ എന്തു ചെയ്യണം?

    അഭിപ്രായം by ziya — ഡിസംബര്‍ 28, 2006 @ 6:24 am

  10. സിയാദ്‌: വായിക്കുവാനാണ് ഫോണ്ട്‌ സൈസ്‌ കൂട്ടുവാനാഗ്രഹിക്കുന്നതെങ്കില്‍ View > Text Size > Larer OR Largest സെലക്ട്‌ ചെയ്താല്‍ മതി.

    അഭിപ്രായം by കേരളഫാര്‍മര്‍ — ഡിസംബര്‍ 28, 2006 @ 7:59 am

  11. സിയ നന്നായിരിക്കുന്നു. ഒന്നു കൂടി വായിച്ചിട്ട് സംശയങ്ങള്‍ ചോദിക്കാം.

    അഭിപ്രായം by Shiju — ഡിസംബര്‍ 28, 2006 @ 10:02 am

  12. Dear Siya,
    I don’t have words to thank you for your efforts. This was somethng which I thought I will never be able to understand. Waiting for the rest

    അഭിപ്രായം by indiaheritage — ഡിസംബര്‍ 28, 2006 @ 10:13 am

  13. good work man. great effort.
    മലയാളത്തില്‍ തന്നെ ഈ വിവരങ്ങള്‍ എഴുതിയത് നല്ല കാര്യം തന്നെ,

    ഒരു പ്രശ്നം നിലനില്കുന്നു.
    Photoshopഉം Illsutratorഉം മാത്രം പഠിച്ചാല്‍ Graphic Designer അകാന്‍ കഴിയില്ല. നൂതനമായ അവിഷകാര വൈവിധ്യങ്ങള്‍ കഴ്ചവെക്കാന്‍ വേണ്ട പ്രധാന ഘടകം ചിത്രം കൈകൊണ്ടു രജിക്കാന്‍ ഉള്ള കഴിവ് തന്നെയാണു. ഭാരതത്തില്‍ (കേരളത്തലും) പലപ്പോഴും Graphic Design ഒരു IT വിഷയമായി അണു കാണാറുള്ളത്. Graphic Design ഒരു Fine Arts subject തന്നെയാണു. കലകാരന്‍ ചെയ്യേണ്ട ജോലി IT കാരനെകൊണ്ടു ചെയുന്നതുകൊണ്ടാണു ഇന്നു Asianteലും Surya TVലും Kairaliലും ഓര്‍ക്കാനം വരുന്ന Graphics നാം കാണാന്‍ ഇടയാകുന്നത്.

    Contemporary Art Historyയും Design Fundamentalsഉം Typographyയും പടിക്കാത്ത മുടന്തന്‍ Graphic Designerമാരെ കൊണ്ടു കാലുകുത്താന്‍ സ്ഥലമില്ല. Mouse ഉപയോഗിക്കാന്‍ അറിയാവുന്നവനെല്ലാം Graphic Designer. സ്വന്തമായി പേപ്പറില്‍ ഒരു വര വരക്കാന്‍ കഴിയാത്തവന്മാരെല്ലാം ഇന്നു “Graphic Designer”മാര്‍ ആണു. ഇവരെ എല്ലാം Graphic Operators ആയി മാത്രമെ ഞാന്‍ കണാറുള്ളു.100 CV എടുത്തു മുന്നില്‍ വെച്ചാല്‍ അതില്‍ ഒന്നോ രണ്ടോ ഉണ്ടാകും ജോലിക്ക് വെക്കാന്‍ കൊള്ളാവുന്നതു്. പിന്നെയും ഉണ്ട് ചിലവുകള്‍. Clientന്റെ Product Line പഠിക്കാന്‍ ഇവനെ വിടണം Italyയിലും Parisലും. ഇവന്‍ തിരികെ വന്നാല്‍ നമ്മള്‍ രക്ഷപെട്ടു. മുങ്ങിയല്‍ നമ്മള്‍ തെണ്ടും. എന്നാല്‍ നാട്ടില്‍ കാ കാശിനു കൊള്ളാവുന്ന വല്ല Design Institutesവല്ലതും ഉണ്ടോ? ഇല്ല. ഉണ്ട് Photoshopഉം Illustratorഉം പഠിപ്പിക്കുന്ന കച്ചവട സ്ഥാപനങ്ങള്‍.

    മനസിന്റെ വിഷമം കൊണ്ടു പറഞ്ഞുപോയതാണു് കേട്ടോ.

    വിഷയം Photoshopഉം Illsutratorഉം പഠിപ്പിക്കലാണെങ്കിലും, Design എന്താണെന്നു കൂടി അനിയന്മാരെയും /അനിയത്തിമാരെയും പഠിപ്പിക്കണം.

    അതായത് പേന ഉപയോഗിക്കാന്‍ മാത്രം പഠിപ്പിക്കാതെ പേനകൊണ്ടു കവിത എഴുതാനും പഠിപ്പിക്കണം എന്ന്.

    സസ്നേഹം.

    കൈപ്പള്ളി

    അഭിപ്രായം by കൈപ്പള്ളി — ഡിസംബര്‍ 28, 2006 @ 1:26 pm

  14. കൈപ്പള്ളിയുടെ അതേ അഭിപ്രായങ്ങള്‍ തന്നെയാണ്‍ എനിക്കുമുള്ളത്. എന്റെ വിഷയം ഫൊട്ടോഷോപ്പും ഇല്ലസ്ട്രേറ്ററും മാത്രം പഠിപ്പിക്കലല്ല.
    “Contemporary Art Historyയും Design Fundamentalsഉം Typographyയും പടിക്കാത്ത മുടന്തന്‍ Graphic Designerമാരെ കൊണ്ടു കാലുകുത്താന്‍ സ്ഥലമില്ല. Mouse ഉപയോഗിക്കാന്‍ അറിയാവുന്നവനെല്ലാം Graphic Designer. സ്വന്തമായി പേപ്പറില്‍ ഒരു വര വരക്കാന്‍ കഴിയാത്തവന്മാരെല്ലാം ഇന്നു “Graphic Designer”മാര്‍ ആണു.”
    ഈ അഭിപ്രായം പണ്ടേ പറയുന്നവനാണ്‍ ഞാന്‍. “വാളെടുക്കുന്നവനെല്ലാം വെളിച്ചപ്പാട്”!
    കൈപ്പള്ളി ഈ ബ്ലോഗ് മുഴുവനും വായിച്ചില്ല. ഇതിന്റെ ആമുഖം ഒന്നു വായിച്ചു നോക്കുക. …”ഗ്രാഫിക് ഡിസൈനിംഗും ഡെസ്ക് ടോപ് പബ്ലിഷിംഗും പഠിക്കാം എന്ന ഈ പഠന പരമ്പരയിലേക്ക് സ്വാഗതം.
    ആദ്യമായി ഈ കോഴ്സിന്‍റെ ഘടനയെക്കുറിച്ച് ഒന്നു വിശദീകരിക്കാം.
    ഏവര്‍ക്കും ഒട്ടൊക്കെ പരിചിതമാണ് ഡി.റ്റി.പി യും ഗ്രാഫിക് ഡിസൈനിംഗും. എന്നാല്‍ ശരിയായ രീതിയില്‍, തികഞ്ഞ പ്രൊഫഷണല്‍ സമീപനത്തോടെ ഈ രംഗത്ത് കടക്കുന്നവര്‍ ഒട്ടേറെ വസ്തുതകള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്……എന്നു തുടങ്ങുന്ന ആമുഖത്തില്‍ “ അധ്യായങ്ങളുടെ ഗണത്തില്‍പ്പെടുത്താതെ സോഫ്റ്റ്വെയര്‍ ടിപ്സ്&ട്രിക്സ്, റ്റൂട്ടോറിയത്സ്, അസൈന്മെന്‍സ്, ഗ്രാഫിക്സ്-ഗ്രാഫിക്സ് സോഫ്റ്റ്വെയര്‍-ഗ്രാഫിക്സ്, ഡെസ്ക് ടോപ് പബ്ലിഷിംഗ് വ്യവസായം തുടങ്ങിയവയെക്കുറിച്ചുള്ള രസകരമായ വിവരങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സ്പെഷല്‍ പോസ്റ്റുകള്‍ ഇടക്കിടെ പബ്ലിഷ് ചെയ്യുന്നതാണ്.” എന്നാണുള്ളത്. അതായത് കൈപ്പള്ളി പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ പറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ത്തന്നെ എല്ലാത്തരം വായനക്കാരുടെയും ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് ഇത്തരം ഗ്രാഫിക് സോഫ്റ്റ് വെയര്‍ പാഠങ്ങള്‍ പോസ്റ്റു ചെയ്യുമെന്ന് സാരം.

    അഭിപ്രായം by ziya — ഡിസംബര്‍ 28, 2006 @ 1:57 pm

  15. കൈപ്പള്ളി അദ്ധ്യായങ്ങളും വായിച്ചില്ലെന്നു തോന്നുന്നു. ഒന്നും രണ്ടും അദ്ധ്യായങ്ങള്‍ വായിക്കുക. ഗ്രാഫിക് ഡിസൈനിംഗ് മാത്രമല്ല ഡി റ്റി പി യക്കുറിച്ചും ഞാന്‍ ഈ പാഠങ്ങളില്‍ പറയുവാന്‍ ഉദ്ദേശിക്കുന്നു. ഡിസൈന്‍ എന്തെന്നോ അതിന്റെ അടിസ്ഥാന പാഠങ്ങളോ അറിയാത്ത “ഗ്രാഫിക് ഡിസൈനെര്‍”മാരെക്കൊണ്ട് ശ്വാസം മുട്ടുന്നു കേരളം. അതിനാല്‍ത്തന്നെ എന്റെ ഈ ബ്ലോഗില്‍ ഡിസൈന്‍ ചരിത്രം, ഡിസൈന്‍ അടിസ്ഥാന പ്രമാണങ്ങള്‍, നിയമങ്ങള്‍ , ഡി റ്റി.പി റൂള്‍സ്, ഡിസൈനിംഗില്‍ പാലിക്കേണ്ട സുപ്രധാന സംഗതികള്‍, ലോഗോ ഡിസൈന്‍ പ്രമാണങ്ങള്‍, നിറങ്ങളും അവയുടെ നിര്‍വ്വചനങ്ങളും, റ്റൈപൊഗ്രാഫി..റ്റൈപോഗ്രാഫിയുടെ നിയമങ്ങള്‍ തുടങ്ങി ഒട്ടന്വധി കാര്യങ്ങള്‍ ഉണ്ടാവുക തന്നെ ചെയ്യും. അതു തന്നെയാണ്‍ ലക്ഷ്യവും. അതിനിടയിലൂടെ നേരത്തേ പറഞ്ഞ ടിപ്സ് ആന്‍ഡ് റ്റ്രിക്സ്. കൈപ്പള്ളി തീര്‍ച്ചയാ‍യും ഈ കമെന്റിനു മറുപടി കുറിക്കണം.

    അഭിപ്രായം by ziya — ഡിസംബര്‍ 28, 2006 @ 2:20 pm

  16. എന്റെ ബ്ലോഗ്‌ സന്ദര്‍ശിക്കില്ലേ?

    അഭിപ്രായം by bnsubair — ഡിസംബര്‍ 28, 2006 @ 3:14 pm