Aug 31, 2008

വരയറിയാതെ വരക്കാം…

ചിത്രം വരക്കാന്‍ ആഗ്രഹമില്ലാത്തവര്‍ ഉണ്ടാവില്ലല്ലോ?
എല്ലാവര്‍ക്കും നല്ലരീതിയില്‍ വരക്കാന്‍ കഴിഞ്ഞു കൊള്ളണമെന്നുമില്ലല്ലോ?
ജന്മസിദ്ധമായ ഒരു വാസനയോടോപ്പം മികച്ച അധ്വാനവുമുണ്ടെങ്കില്‍ വരക്കാന്‍ കഴിയുക തന്നെ ചെയ്യുമെന്നാണ് പൊതുവേ കരുതപ്പെടുന്നത്.

അതെന്തായാലും ആര്‍ക്കും ചിത്രം വരക്കാനുള്ള, ഫോട്ടോയില്‍ നിന്ന് ലൈന്‍ ആര്‍ട്ടുകള്‍ ഉണ്ടാക്കാനുള്ള ഒരു പാഠമാണ് ഇവിടെ പറയുന്നത്. വരക്കാന്‍ അറിയണമെന്നില്ല.

ഫോട്ടോഷോപ്പ് എന്ന ഇമേജ് എഡിറ്ററിലൂടെ കമ്പ്യൂട്ടറില്‍ അനായാസം വരക്കുന്ന വിധം. ഒരു തരം ട്രെയ്‌സിംഗ് തന്നെ. ഫോട്ടോഷോപ്പില്‍ ട്രെയ്‌സിംഗ് വളരെ എളുപ്പമാണ്. ഈ രീതിയിലൂടെ നല്ല ഒരു പടം വരക്കാന്‍ കുറച്ചു സമയമെടുക്കും എന്ന കാര്യം ഓര്‍ക്കുക. ഫോട്ടോഷോപ്പിലെ പെന്‍ ടൂള്‍ ഉപയോഗിക്കാന്‍ നിശ്ചയമായും അറിഞ്ഞിരിക്കണം.

(ഫോട്ടോഷോപ്പ് ഹെല്‍പ്പില്‍ Pen Tool എന്ന് സെര്‍ച്ച് ചെയ്‌താല്‍ അനായാസം പെന്‍ ടൂള്‍ മനസ്സിലാക്കാം).

1. വരക്കാനുദ്ദേശിക്കുന്ന ഫോട്ടോ ഫോട്ടോഷോപ്പില്‍ തുറക്കുക. ബാക്ക്ഗ്രൌണ്ട് ലേയറിന്റെ പേര് Original എന്ന് മാറ്റുക. (Double clck on the Background Layer and name ‘Original’ )
2. ഫോട്ടോ വല്ലാതെ ഇരുണ്ടതാണെങ്കില്‍ അല്പം ബ്രൈറ്റ്‌നെസ്സ് കൊടുക്കണം. നാം ഫോട്ടോക്ക് മീതെയാണ് ട്രെയ്‌സ് ചെയ്യുന്നത്. നാം വരക്കുന്ന വരകള്‍ വ്യക്തമായി കാണുന്നതിനു വേണ്ടിയാണിത്. Image>Adjustments>Brightness/Contrast> ബ്രൈറ്റ്‌നെസ്സ് +65 കൊടുക്കുക അല്ലെങ്കില്‍ ഫോട്ടോയുടെ പ്രകാശമനുസരിച്ച്.
adjustments.jpg

brightness-2.jpg

3. Original എന്ന ലേയറിനെ ഡൂപ്ലിക്കേറ്റ് ചെയ്യണം. Top എന്ന പേരു കൊടുക്കുക. Layer>Duplicate Layer.
4. രണ്ടു പുതിയ ലേയറുകള്‍ ക്രിയേറ്റ് ചെയ്യണം. Layer>New>Layer. അതിനെ Top ലേയറിനു താഴെയായി പ്രതിഷ്‌ടിക്കുക.
5. Original എന്ന ലേയറിനു തൊട്ടു മുകളിലുള്ള ലേയറില്‍ വെള്ള നിറം ഫില്ല് ചെയ്യണം. Edit>Fill>White. ഈ ലേയറിനെ Background എന്നു പേരുമാറ്റുക.
അതിനു മുകളിലുള്ള, നാമുണ്ടാക്കിയ രണ്ടാമത്തെ ലേയര്‍ ട്രാന്‍‌സ്‌പെരന്റ് ആയിത്തന്നെ ഇരിക്കട്ടെ. ഇതിനെ Line Art എന്നു പേരു മാറ്റുക.
6. Top, Background എന്നീ ലേയറുകളുടെ വിസിബിലിറ്റി ഓഫ് ചെയ്യുക. ലേയര്‍ പാലറ്റില്‍ ആ ലേയറുകള്‍ക്ക് നേരെയുള്ള കണ്ണില്‍ ക്ലിക്ക് ചെയ്ത് കണ്ണടച്ചാല്‍ മതി.
Line Art, Original എന്നീ ലേയറുകള്‍ വിസിബിള്‍ ആയിരിക്കണം. Line Art ലേയര്‍ ആക്റ്റീവ് ആക്കുക.

layer-pallet.gif

ഇനി നാം വരക്കാനുള്ള ബ്രഷ് തയ്യാറാക്കുന്നു. വരയുടെ പെര്‍സ്‌പെക്റ്റീവ് ശരിയായിരിക്കാന്‍ വേണ്ടി ലൈന്‍ വെയ്‌റ്റ് അഥവാ തിക്ക്നെസ്സ് അല്‍പ്പം വ്യത്യസ്ഥമാക്കുന്നു.

നോക്കുന്നവരുടെ കണ്ണിനോടടുത്ത വര കട്ടി കൂടിയും അകലുന്തോറും വരയുടെ കട്ടി കുറഞ്ഞും വരണം. ഇതിനായി ഫോട്ടോഷോപ്പിലെ ബ്രഷ് സെറ്റിംഗ്‌സ് നാം അഡ്‌ജസ്റ്റ് ചെയ്യുന്നു.
7. ബ്രഷ് ടൂളില്‍ ക്ലിക്ക് ചെയ്ത ശേഷം F5 പ്രെസ്സ് ചെയ്യുക. താഴെക്കണും വിധം ബ്രഷ് പാലറ്റ് പ്രത്യക്ഷമാകും.
Brush Tip Sahpe, Shape Dynamics എന്നിവ പടത്തില്‍ കാണും വിധം യഥാക്രമം സെറ്റു ചെയ്യുക.

brush-settings.gif

Brush Tip Sahpe
Daimeter = 6
Angle = -128
Roundness = 20%
Hardness = 100%
Spacing = 1%

Shape Dynamics
Set the Control to Fade.
Adjust the fade setting = 250
Minimum Diameter = 27%

8. ഫോര്‍ഗ്രൌണ്ട് കളര്‍ ബ്ലാക്ക് ആണെന്ന് ഉറപ്പു വരുത്തുക.

ഇനി പാത്ത് വരക്കാം.
9. പെന്‍ ടൂള്‍ സെലക്‍റ്റ് ചെയ്യുക. ഓപ്‌ഷന്‍ ബാറില്‍ പെന്‍ ‌ടൂള്‍ ഓപ്‌ഷന്‍ Path ആണെന്ന് ഉറപ്പു വരുത്തുക.

path-option-bar.jpg

10. ചിത്രത്തിന്റെ മധ്യഭാഗത്തു നിന്നും പാത്ത് വരച്ചു തുടങ്ങണം. സ്കാര്‍ലെ യോഹാന്‍‌സന്റെ ചുണ്ടില്‍ നിന്ന് തുടങ്ങിയിരിക്കുന്നത് ശ്രദ്ധിക്കുക.

start.gif

11. ഒരു ഭാഗത്തെ പാത്ത് പൂര്‍ത്തിയായാല്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Stroke Path എന്ന കമാന്‍‌ഡ് കൊടുക്കുക.

strock-path.gif

12. Background എന്ന ലേയറിന്റെ വിസിബിലിറ്റി ഓണ്‍ ചെയ്യുക. വരച്ച പാത്ത് ഡിലീറ്റ് ചെയ്യാം. (right click and select Delete Path). ഇനി Background എന്ന ലേയറിന്റെ വിസിബിലിറ്റി ഓഫ് ചെയ്‌താലേ ഒറിജിനല്‍ എന്ന ലേയര്‍ കാണാന്‍ സാധിക്കൂ. ഓരോ വട്ടവും വരച്ച ലൈന്‍ മാത്രം കാണുന്നതിനു വേണ്ടിയാണ് ഈ ഓണ്‍ ഓഫ് എന്നത് ഓര്‍മ്മ വെക്കുക.
13. സന്തോഷമായെങ്കില്‍ Background എന്ന ലേയറിന്റെ വിസിബിലിറ്റി ഓഫ് ചെയ്യുക. ഇനി അടുത്ത പാത്ത് വരക്കുക.

ചുണ്ടുകളുടെയും മറ്റും വശങ്ങള്‍ വരക്കുമ്പോള്‍ ഒരല്‍പ്പം ശ്രദ്ധിക്കുക.

lips-end-2.gif

ഇത്തവണ ബ്രഷ് സെറ്റിംഗ്‌സില്‍ ഒരു മാറ്റം വരുത്തണം.

Shape Dynamics ല്‍ Control, Fade ല്‍ നിന്ന് Pen Pressure ആ‍യി മാറ്റുക.

pen-pressure.gif

Stroke Path സെലക്റ്റ് ചെയ്യുമ്പോള്‍ ഇത്തവണ Simulate Pressure box ചെക്ക് ചെയ്യുക.

simulate-check.gif
ആവശ്യമുള്ളിടത്ത് ഈ ബ്രഷ് ഉപയോഗിക്കാം. അല്ലാത്തപ്പോള്‍ മുകളില്‍ പറഞ്ഞ പഴയ ബ്രഷ് തന്നെ ഉപയോഗിക്കണം. Simulate Pressure മാറ്റാനും മറക്കരുത്.
ഒരു ഭാഗത്തെ ലൈന്‍ വരച്ചു കഴിയുമ്പോള്‍ ഒറിജിനലുമായി ഒത്തു നോക്കുന്നതിനായി Top എന്ന ലേയറിന്റെ വിസിബിലിറ്റി ഓണ്‍ ചെയ്തു നോക്കണം. നോക്കിക്കഴിഞ്ഞ് ഓഫ് ചെയ്യണം.

നാം വരക്കുന്നത് എപ്പോഴും Line Art എന്ന ലേയറിലാണെന്ന് ഉറപ്പു വരുത്തണം.ഈ ലേയര്‍ ആക്റ്റീവായിരിക്കണം.
14. പുരികം മുതലായ വളരെ തിക്ക് ആയിട്ടുള്ള ലൈനുകള്‍ വരക്കേണ്ടി വരുമ്പോള്‍ പാത്ത് ഫില്ല് ചെയ്യണം. ക്ലോസ്‌ഡ് പാത്ത് വരച്ചിട്ട് Fill Path എന്ന ഓപ്‌ഷന്‍ തെരഞ്ഞെടുക്കാം(right click and select Fill Path).

thick-fill.gif

eybrow-3.jpg

15. ചതുരം, വൃത്തം എന്നിവ വേണ്ടിടത്ത് Shape Tool ഉപയോഗിച്ച് പാത്ത് വരച്ചിട്ട് സ്‌ട്രോക്കോ ഫില്ലോ ചെയ്താല്‍ മതിയാകും.

round.gif
ഇങ്ങനെ പാത്തുകള്‍ വരച്ച് സ്‌ട്രോക്കോ ഫില്ലോ ചെയ്‌ത് ചിത്രം പൂര്‍ത്തിയാക്കുക.

കഴിഞ്ഞു. പൂര്‍ത്തിയായ ഇമേജ് ഇവിടെ.

completed.gif

Aug 24, 2008

ഹിപ്‌നോട്ടിക് അനുഭവങ്ങള്‍ - 4

(പ്രിയ വായനക്കാരേ, ഒത്തിരി വൈകിയെന്നറിയാം. വ്യക്തിപരമായ പ്രശ്‌നങ്ങളും ശുദ്ധമടിയും നിമിത്തം അങ്ങനെ വൈകിപ്പോയി. ക്ഷമിക്കണം. പുതിയ വായനക്കാര്‍ ഹിപ്‌നോട്ടിക് അനുഭവങ്ങള്‍ ആദ്യമൂന്നു ഭാഗം വായിച്ചതിനു ശേഷം ഈ ഭാഗം വായിക്കണമെന്ന് അപേക്ഷിക്കുന്നു).


ഹാരിസിനെ ഹിപ്‌നോ അനാലിസിസിന് വിധേയമാക്കിയപ്പോള്‍ അവന്റെ വാക്കുകളിലൂടെ തന്നെ അവന്റെ മാനസികബുദ്ധിമുട്ടുകളുടെ കാരണം മനസ്സിലാക്കാന്‍ എനിക്ക് കഴിഞ്ഞു.
കാര്യം ഏകദേശം ഇങ്ങനെയാണ്.
കാസര്‍കോട്ടെ ഒരു യാഥാസ്ഥിതിക മുസ്‌ലിം കുടുംബത്തിലെ നാലുമക്കളില്‍ ഇളയവനാണ് ഹാരിസ്. ചെറുപ്പത്തിലേ പിതാവ് മരിച്ചു. ഉമ്മയുടെ സ്നേഹത്തിലും സംരക്ഷണത്തിലുമാണവന്‍ വളര്‍ന്നത്. മതകാര്യങ്ങളിലും മറ്റും ഉമ്മ കര്‍ക്കശമായ ഉപദേശങ്ങള്‍ നല്‍കാറുണ്ടായിരുന്നു ഹാരിസിന്. സിനിമ കാണാന്‍ പോകുവാന്‍ പോലും ഉമ്മ അനുവദിച്ചിരുന്നില്ല. സിനിമയും റ്റെലിവിഷനും കുട്ടികളെ വഴിതെറ്റിക്കും എന്നായിരുന്നു ആ ഉമ്മയുടെ അഭിപ്രായം.

മുതിര്‍ന്നപ്പോള്‍ ഉമ്മയറിയാതെ ഹാരിസ് പലപ്പോഴും സിനിമക്ക് പോകുമായിരുന്നു.ഒരു ദിവസം കാസര്‍കോട്ടെ ഒരു തീയേറ്ററില്‍ രജനികാന്തിന്റെ “ബാഷ” സിനിമ കണ്ടുകൊണ്ടിരുന്ന ഹാരിസിനെ ത്തേടി ദാരുണമായ വാര്‍ത്തയുമായി ഹാരിസിന്റെ കൂട്ടുകാര്‍ എത്തി. ഹാരിസിന്റെ ഉമ്മ മരണപ്പെട്ടിരിക്കുന്നു.

കനത്ത ആഘാതമാണ് ഈ സംഭവം ഹാരിസിന്റെ മനസ്സിനേല്‍പ്പിച്ചത്. ഉമ്മ നഷ്‌ടപ്പെട്ട വ്യഥയേക്കാള്‍ അവന്റെ മനസ്സിനെ ആകെ ഉലച്ചു കളഞ്ഞത് താന്‍ ഉമ്മയെ ധിക്കരിച്ച് സിനിമകാണുമ്പോള്‍ തന്നെ ഉമ്മയുടെ മരണവാര്‍ത്ത അറിഞ്ഞല്ലോയെന്ന ചിന്തയായിരുന്നു. അവനു താങ്ങാവുന്നതിലും അധികമായിരുന്നു ഈ പാപചിന്ത.

കുറ്റബോധത്താല്‍ അവന്‍ നീറാന്‍ തുടങ്ങി. ഉമ്മയോട് പൊറുക്കാനാവാത്ത അപരാധം താന്‍ ചെയ്തു എന്ന ചിന്ത അവനില്‍ വളരാന്‍ തുടങ്ങി. ഹാരിസ് ആകെ മാറിത്തുടങ്ങി. അവന്റെ ഉന്മേഷവും പ്രസരിപ്പും എങ്ങോ പോയ് മറഞ്ഞു. എപ്പൊഴും അന്തര്‍മുഖനായി ഇരിക്കും. ആരോടും ഒന്നും സംസാരിക്കില്ല. ആരെങ്കിലും എന്തെങ്കിലും ചോദിച്ചാല്‍ ഒരു മൂളലില്‍ മറുപടി ഒതുക്കും. മുറിയില്‍ കതകടച്ച് ഇരിക്കാനാണ് അവന് താല്‍പര്യം.

അങ്ങനെയാണ് ജ്യേഷ്‌ടന്മാര്‍ അവനെ ബാംഗ്ലൂരിലേക്ക് കൊണ്ടുവരുന്നത്. ഹാരിസിനെ സന്തോഷിപ്പിക്കാനായി അവര്‍ കിണഞ്ഞു ശ്രമിച്ചു. അതിനിടെ ഹാരിസ് സ്വയം‌പീഢനത്തിന്റെ വഴിയിലേക്ക് നീങ്ങിയിരുന്നു. അവര്‍ അവനെ മാനസികാരോഗ്യകേന്ദ്രത്തില്‍ കൊണ്ടുപോകാന്‍ തുടങ്ങിയ സമയത്താണ് ഞാന്‍ ഹാരിസിനെ കാണുന്നത്.

ഇപ്പോള്‍ പ്രശ്‌നങ്ങളുടെ കാരണം മനസ്സിലായി. ഹിപ്‌നോട്ടിക് അവസ്ഥയിലെ ഏറ്റവും നിര്‍ണ്ണായകമായ ഘട്ടമാണിത്. ഒരു ഹിപ്‌നോട്ടൈസറുടെ ബുദ്ധിയും യുക്തിയും വിശകലന-നിരീക്ഷപാടവവും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയം. പ്രശ്‌നത്തിന് വ്യക്തിക്ക് കൂടി യുക്തിസഹമായി ബോധ്യപ്പെടുന്ന പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുവാനുള്ള സമയം. പൂര്‍ണ്ണമായും ഹിപ്‌നോട്ടൈസറുടെ കൈയില്‍ വ്യക്തിയുടെ മനസ്സിന്റെ നിയന്ത്രണമുള്ള ഈ സമയത്ത് ആലോചനാ പൂര്‍വ്വം സംഭാഷണം തുടര്‍ന്നാല്‍, പരിഹാര നിര്‍ദ്ദേശങ്ങള്‍ വ്യക്തിയുടെ മസ്തിഷ്‌ക്കത്തില്‍ ഫലപ്രദമായി ഉറപ്പിക്കാന്‍ കഴിഞ്ഞാല്‍ വിജയിച്ചു. ആവര്‍ത്തിച്ചുള്ള നിര്‍ദ്ദേശങ്ങളും അനേകം തവണ ഹിപ്‌നോട്ടിസവും വേണ്ടി വന്നേക്കാം. ഞാന്‍ ആലോചനയിലായി.

എന്നെ ആലോചിക്കാന്‍ നിങ്ങള്‍ അനുവദിക്കുമ്പോഴേക്കും ഹിപ്‌നോട്ടിസത്തിനെക്കുറിച്ച് ചില പൊതുവായ കാര്യങ്ങളെക്കുറിച്ചും സമൂഹത്തില്‍ നിലവിലിരിക്കുന്ന ചില വിശ്വാസങ്ങളെയും സംശയത്തെയും കുറിച്ചും നമുക്കല്‍പ്പം സംസാരിക്കാം. അവന്‍ കുറച്ചു കൂടി ഉറങ്ങട്ടെന്നേ :)

ഹിപ്‌നോട്ടൈസ് ചെയ്ത് എന്തും ചെയ്യിക്കാമോ എന്നൊരു ചോദ്യം പലരും ചോദിച്ചു കാണുന്നുണ്ട്.

ഹിപ്‌നോട്ടിക നിദ്രാവിധേയനായ ഒരു വ്യക്തി, ഹിപ്‌നോട്ടൈസര്‍ പറയുന്നതെല്ലാം അനുസരിക്കുമെന്നും അയാളെ എങ്ങനെ വേണമെങ്കിലും കുരങ്ങു കളിപ്പിക്കാം എന്നൊക്കെ പറഞ്ഞു കേള്‍ക്കുന്നതിന് യാതൊരു ന്യായീകരണവുമില്ല. ഒരു വ്യക്തിയുടെ സദാചാര ദൃഢതയും മനഃസാക്ഷിയും ഹിപ്‌നോട്ടിക് നിദ്രാവേളയിലെ നിര്‍ദ്ദേശങ്ങളെക്കാള്‍ ഉന്നതമാണ്. അതു കൊണ്ട് തന്നെ ഹിപ്‌നോട്ടിസത്തിനു വിധേയനാവുന്ന വ്യക്തി ഗാഢ നിദ്രയിലായാല്‍പ്പോലും മനഃസാക്ഷിക്കും സ്വന്തം ഇച്ഛാശക്തിക്കും തികച്ചും വിരുദ്ധമായ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതല്ല.
ഉദാഹരണത്തിന് മദ്യപാനം നിഷിദ്ധമായി കരുതുന്ന ഒരാളോട് ഹിപ്‌നോട്ടിക് അവസ്ഥയില്‍ മദ്യം കഴിക്കണമെന്ന് നിര്‍ദ്ദേശിച്ചാല്‍ അയാള്‍ ഉറക്കത്തില്‍ നിന്ന് പെട്ടെന്ന് ഞെട്ടി ഉണര്‍ന്നെന്ന് വരാം.
ഒരിക്കല്‍ ഒരു പെണ്‍കുട്ടിയോട് ഹിപ്‌നോട്ടൈസര്‍ പറഞ്ഞു: അപരിചിതനായ ഈ പുരുഷനെ ചുംബിക്കുക. പെണ്‍‌കുട്ടി അതിനു കൂട്ടാക്കിയില്ലെന്ന് മാത്രമല്ല അവള്‍ അപസ്‌മാര ബാധിതയെപ്പോലെ കോച്ചി വലിക്കാന്‍ തുടങ്ങി. ഉടന്‍ ഹിപ്‌നോട്ടൈസര്‍ നിര്‍ദ്ദേശം പിന്‍‌വലിച്ചു. അവളോട് സുഖമായി ഉറങ്ങാന്‍ പറഞ്ഞു. അവള്‍ ഉറങ്ങുകയും ചെയ്തു.

എന്നാലും ഒരു കാര്യം മനസ്സിലാക്കണം. ഹിപ്‌നോട്ടിക് അവസ്ഥയില്‍ സജസ്റ്റബിലിറ്റി (ചിന്ത കൂടാതെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാനുള്ള പ്രവണത) കൊണ്ട് വ്യക്തി ഹിപ്‌നോട്ടിസ്റ്റിനെ വിശ്വസിച്ച് എന്തും അനുസരിക്കുന്ന നിലയിലായാല്‍ വ്യക്തിയെ എന്തും ചെയ്യിക്കാവുന്ന ഒരു നിലയിലാക്കാന്‍ ഹിപ്‌നോട്ടിസ്റ്റിനു പറ്റിയെന്നിരിക്കും; അപൂര്‍വ്വമായിട്ടെങ്കിലും. സദാചാര നിഷ്‌ടരല്ലാത്തവര്‍ ഹിപ്‌നോട്ടിസം പഠിച്ചാല്‍ അത് ദുര്‍ വിനിയോഗം ചെയ്തെന്നിരിക്കും.

ഹിപ്‌നോട്ടിസം കൊണ്ട് ഒരാളുടെ മനസ്സിലുള്ളതെല്ല്ലാം അയാള്‍ പറയാതെ തന്നെ ചോര്‍ത്തി എടുക്കാന്‍ കഴിയുമോ?

സാധ്യമല്ല. എല്ലാം പറയാനുള്ള , സജസ്റ്റബിലിറ്റി കൂടിയ ഒരു പ്രത്യേക മാനസികാവസ്ഥയിലാക്കിയ ശേഷം പറയാനനുവദിക്കുമ്പോള്‍ പറയുന്നത് കേള്‍ക്കാനേ കഴിയൂ. അല്ലാതെ എന്തു ബലം പ്രയോഗിച്ചിട്ടും കാര്യമില്ല.

കുറ്റവാളികളെക്കൊണ്ട് സത്യം പറയിക്കാമോ?

എന്തു വന്നാലും സത്യം പറയില്ല എന്ന് പ്രതിജ്ഞ എടുത്തവനെക്കൊണ്ട് ഹിപ്‌നോട്ടൈസ് ചെയ്താലും സത്യം പറയിക്കാന്‍ കഴിഞ്ഞു കൊള്ളണമെന്നില്ല. എന്നാല്‍ ചില പ്രത്യേക ടെക്‍നിക്കുകള്‍ ഉപയോഗിച്ച് ഹിപ്‌നോസിസിനെ ചെറുത്തു നില്‍ക്കുന്നുണ്ടോ, മനഃപൂര്‍വ്വം നുണപറയുന്നുണ്ടോ എന്നൊക്കെ അറിയാന്‍ കഴിഞ്ഞേക്കും.

ഫോണ്‍, റേഡിയോ, ടെലിവിഷന്‍, ചാറ്റ് തുടങ്ങിയവ വഴി വിദൂരഹി‌പ്‌നോട്ടിസം സാ‍ദ്ധ്യമാണോ?

വ്യക്തിയെ ഉറക്കുകയല്ല, ഉറങ്ങാന്‍ സഹായിക്കുകയാണ് യഥാര്‍ത്ഥത്തില്‍ ഹിപ്‌നോട്ടൈസര്‍ ചെയ്യുന്നത്. ഒരു ചെറിയ ശതമാനം ആളുകള്‍ക്ക് ഉറങ്ങുവാന്‍ ഫോണ്‍, റേഡിയോ, ടെലിവിഷന്‍ ചാറ്റ് എന്നിവയില്‍ കൂടിയുള്ള സഹായം മതി. ഇതിന്റെയൊന്നിന്റെയും സഹായമില്ലാതെ ദൂരെ ഇരിക്കുന്ന ഒരാളിലേക്ക് ചിന്ത കടത്തി വിടാന്‍ ഹിപ്‌നോട്ടിസം കൊണ്ട് സാദ്ധ്യമല്ല.

ഏതു പ്രായക്കാര്‍ക്കും ഹിപ്‌നോ ചികിത്സ ഫലപ്രദമാണോ?

എട്ടു വയസ്സില്‍ താഴെ ഉള്ളവരെ ഹിപ്‌നോ തെറാപ്പിക്ക് വിധേയമാക്കിക്കൂടാ. അവരുടെ മസ്തിഷ്‌ക വളര്‍ച്ച പൂര്‍ണ്ണമായിട്ടുണ്ടാവില്ല. 55 വയസ്സില്‍ കൂടുതലുള്ളവര്‍ക്കും ഹിപ്‌നോസിസ് വേണ്ടത്ര ഫലപ്രദമല്ല.

ഹിപ്‌നോട്ടിസം കൊണ്ട് മനസ്സിലുള്ളത് മായ്‌ച്ച് കളയാമോ?

തെറ്റിദ്ധാരണ ആണത്. മനസ്സൊരു സ്ലേറ്റല്ല മായ്‌ച്ചു കളയാന്‍.

മറന്നു പോയകാര്യങ്ങള്‍ ഹിപ്‌നോട്ടിക് അവസ്ഥയില്‍ ഓര്‍ക്കാന്‍ കഴിയുമോ?

ചിലരുടെ കാര്യത്തില്‍ അത് സാധ്യമാണ്. ഹിപ്‌നോട്ടൈസറുടെ പരിചയ സമ്പന്നത, വിധേയനാവുന്ന വ്യക്തിയുടെ സവിശേഷത് ഒക്കെ ഘടകങ്ങളാണ്. എന്നാല്‍ ഹിപ്‌നോട്ടിക് അവസ്ഥയില്‍ പഠിക്കുന്നത് മറക്കാതെ ഓര്‍ക്കാന്‍ കഴിയും എന്നതില്‍ സംശയമില്ല. പരീക്ഷണങ്ങളില്‍ അത് തെളിഞ്ഞിട്ടുള്ളതുമാണ്.

മരുന്നു കുത്തിവെച്ച ഹിപ്‌നോട്ടൈസ് ചെയ്യുന്ന ഫലപ്രദമാണോ?

നാര്‍ക്കോ ഹിപ്‌നോസിസ്. നല്ല സൈക്യാട്രിസ്റ്റുകള്‍ അങ്ങനെ ചെയ്യാറില്ല. ഹിപ്‌നോ അനാലിസിസിന് സഹായിക്കും എന്നല്ലാതെ ആ അവസ്ഥയില്‍ നല്‍കുന്ന സജഷനുകള്‍ ഫലം ചെയ്യില്ല.

ഹിപ്‌നോട്ടിസത്തിലൂടെ കുണ്ഡലിനി ഉണര്‍ത്താമോ?

കുണ്ഡലിനി എന്നത് യോഗവിദ്യയിലെ ഒരു സങ്കല്‍പ്പം മാത്രമാണ്. മനുഷ്യ ശരീരത്തിലെ യാഥാര്‍ത്ഥ്യമല്ല. സെല്‍‌ഫ് ഹിപ്‌നോസിസിന്റെ അവസ്ഥയിലിരുന്ന് കുണ്ഡലിനി ഉണരുന്നതായി സങ്കല്‍പ്പിക്കാന്‍ കഴിയും അത്ര തന്നെ.

ഹിപ്‌നോട്ടിസം പിടിവിട്ടു പോകുമോ?

തീര്‍ച്ചയായും അങ്ങനെ സംഭവിച്ചെന്നു വരാം. പരിചയസമ്പന്നരല്ലാത്തവര്‍ ലഘുമയക്കത്തിലാക്കാനേ ഉദ്ദേശിക്കുന്നുള്ളൂവെങ്കിലും ആള്‍ പിടി വിട്ട് അബോധാവസ്ഥയിലായെന്ന് വരാം. പരിചയസമ്പന്നനായ ഒരാള്‍ക്ക് അതൊക്കെ നിയന്ത്രിക്കാന്‍ കഴിയും.

ഹിപ്‌നോട്ടിസം ആര്‍ക്കും പഠിക്കാമോ?

ആര്‍ക്കും പഠിക്കാം. ഹിപ്‌നോട്ടിസം അറിയുന്നവരെല്ലാം ഹിപ്‌നോ ചികിത്സകരല്ല. കത്തി എടുക്കുന്നവരെല്ലാം സര്‍ജ്ജന്മാരുമല്ല. ആര്‍ക്കും ഡ്രൈവിംഗ് പഠിക്കാം. ഡ്രൈവിംഗ് പഠിച്ചവര്‍ക്കെല്ലാം കാര്‍ റേസിനു പോകാന്‍ കഴിയില്ലെന്നത് പോലെ ഹിപ്‌നോട്ടിസം പഠിച്ചവര്‍ക്കെല്ലാം ഹിപ്‌നോ ചികിത്സകരാകാന്‍ കഴിയണമെന്നില്ല. ഹിപ്‌നോട്ടിസം ശാസ്ത്രവും കലയുമാണ്. കലയില്‍ നിപുണനാകണമെങ്കില്‍ പ്രത്യേക വാസനയും പ്രതിഭയും തന്നെ വേണമല്ലോ.

മനോരോഗങ്ങളപ്പെറ്റിയുള്ള അറിവ്, കൌണ്‍സലിംഗിനായുള്ള ഉള്‍ക്കാഴ്‌ച, വ്യക്തിയെ ഹിപ്നോസിസിലേക്ക് നയിക്കാനും ഹിപ്‌നോസിസിന്റെ ഏതു ഘട്ടത്തിലാണ് വ്യക്തി എന്നു മനസ്സിലാക്കാനുമുള്ള പരിജ്ഞാനം, നിര്‍ദ്ദേശങ്ങള്‍ നല്‍കാനും പിന്‍‌വലിക്കാനുമുള്ള ആജ്ഞാശക്തി, പരിശീലനം, പരിചയം, വാസന, കഴിവ് എന്നിവയൊക്കെയാണ് നല്ലൊരു ഹിപ്‌ട്ടൈസര്‍ക്ക് വേണ്ടത്.

ഹെന്ത്! നമ്മുടെ ഹാരിസ് ഇപ്പഴും ഉറക്കാമാണെന്നോ? ശോ! നമുക്കവനെ ഉണര്‍ത്തണം. അടുത്ത ലക്കത്തിലാവട്ടെ. അവന് എന്തൊക്കെ നിര്‍ദ്ദേശങ്ങളാണ് നല്‍കിയത്? പ്രശ്‌നം പരിഹരിക്കാനായോ? ഹാരിസ് പിന്നീടെങ്ങനെ പെരുമാറി?

അടുത്തകുറിപ്പില്‍ നമുക്കതറിയാം. ഇന്‍ശാ അല്ലാഹ്...

വിവരങ്ങള്‍ക്ക് കടപ്പാട് : ശ്രീ ജോണ്‍‌സണ്‍ ഐരൂര്‍

Aug 11, 2008

ഫോട്ടോഷോപ്പ് ടിപ്‌സ് . 2 (Photoshop Tips. 2)

ഇനി കുറച്ചു റ്റൂള്‍സ് ടിപ്പുകള്‍ നോക്കാം.

TOOLS TIPS

1.ബ്രഷ് തുടങ്ങിയ പെയിന്റ് റ്റൂളുകള്‍ ഉപയോഗിച്ച് നേര്‍വര (Straight line) വരക്കാന്‍:- പെയിന്റ് റ്റൂള്‍ കൊണ്ട് ഇമേജില്‍ എവിടെയെങ്കിലും ക്ലിക്ക് ചെയ്തിട്ട് മൌസ് മാറ്റി വര പൂര്‍ണ്ണമാക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് Shift clickചെയ്യുക. ഈ രണ്ടു പോയിന്റുകളും തനിയേ ജോയിന്‍ ആയിക്കൊള്ളും.

2.റ്റൂള്‍ ബോക്സിലെ റ്റൂള്‍ ഐക്കണിലുള്ള ചെറിയ ത്രികോണത്തില്‍ ക്ലിക്ക് ചെയ്താല്‍ അതേ റ്റൂളിന്റെ മറ്റു ഓപ്ഷനുകള്‍ എടുക്കാം. ഇതു എളുപ്പം ചെയ്യാന്‍ റ്റൂള്‍ ഐക്കണില്‍ Alt+Ctrl+click ചെയ്താല്‍ മതി. ഉദാഹരണം ബ്രഷ് റ്റൂള്‍ പെന്‍സില്‍ റ്റൂള്‍ ആക്കുന്നത്.

3.ഏതു സമയത്തും മൂവ് റ്റൂള്‍ (M) എടുക്കാന്‍ Ctrl key പ്രെസ്സ് ചെയ്തു പിടിച്ചാല്‍ മതി.
4.ഹാന്‍ഡ് റ്റൂള്‍ (H) എടുക്കാന്‍ സ്പേസ് ബാര്‍ പ്രെസ്സ് ചെയ്താല്‍ മതി.

5.സൂം റ്റൂള്‍ (Z) എടുക്കാതെ തന്നെ സൂം ഇന്‍ ചെയ്യാന്‍ Ctrl+Space. സൂം ഔട്ടിന് ‍Alt+Space. ഇനി സൂം ഇന്‍ ചെയ്യുന്നതിന് Alt+Ctrl+Plus(+), സൂം ഔട്ട് ചെയ്യുന്നതിന് Alt+Ctrl+Minus(-)
എന്നീ ഷോട്കട്ടുകള്‍ ഉപയോഗിച്ചൂ നോക്കൂ…വളരെ ഉപകാരപ്രദമാണിത്.

6.ഐ ഡ്രോപ്പര്‍ റ്റൂള്‍ (I) ഉപയോഗിച്ചു കളര്‍ സെലെക്റ്റ് ചെയ്യുമ്പോള്‍ Alt കീ അമര്‍ത്തിപ്പിടിച്ചാല്‍ ബാക്ഗ്രൌണ്ട് കളര്‍ ഡിഫൈന്‍ ചെയ്യാം.

7.മെഷര്‍ റ്റൂള്‍ (Shift+Iപഴയ വേര്‍ഷനുകളില്‍ U) ഉപയോഗിച്ച് അകലമളക്കാമല്ലോ. നിങ്ങള്‍ക്ക് ഒരു പ്രൊക്റ്റാറ്റര്‍ കൊണ്ടെന്ന പോലെ കോണുകളും അളക്കാന്‍ സാധിക്കും. അതിനായി ആദ്യ. ഇന്‍ഫോ പാലറ്റ് ഓണ്‍ ചെയ്യുക.(Window>Info). എന്നിട്ട് മെഷര്‍ റ്റൂള്‍ ഉപയോഗിച്ച് ഒരു ലൈന്‍ വരക്കണം. ലൈനിന്റെ എന്‍ഡ് പോയിന്റില്‍ Alt അമര്‍ത്തിപ്പിടിച്ചു കൊണ്ട് ക്ലിക്ക് ചെയ്താല്‍ ആങ്കിള്‍ അളക്കാനുള്ള അടുത്ത ലൈന്‍ വരക്കാം. നിങ്ങള്‍ക്ക് ഈ ലൈനില്‍ മെഷര്‍ റ്റൂള്‍ കൊണ്ട് ക്ലിക്ക് ചെയ്തു കൊണ്ട് എങ്ങോട്ടു വേണമെങ്കിലും ലൈനിനെ മൂവ് ചെയ്യാം. അളവുകള്‍ അറിയാന്‍ ഇന്‍ഫോ പാലറ്റ് ശ്രദ്ധിക്കുക. നിലവിലെ മെഷര്‍മെന്റ് ലൈന്‍ ഡിലീറ്റ് ചെയ്യാന്‍ ലൈനില്‍ ക്ലിക്ക് ചെയ്ത് കാന്‍ വാസിനു പുറത്തെക്ക് വലിച്ചിട്ടാല്‍ മതി.

8.പെയിന്റ് റ്റൂളിന്റെ (ബ്രഷ് / പെന്‍സില്‍/ പാറ്റേണ്‍, ഇറേസര്‍ etc.) സൈസ് കൂട്ടുകയും കുറക്കുകയും ചെയ്യാന്‍ യഥാക്രമം ഇടത്‌ വലത് സ്ക്വയര്‍ ബ്രാക്കറ്റുകള്‍ ([...]) അമര്‍ത്തിയാല്‍ മതി. അല്ലെങ്കില്‍ പെയിന്റ് റ്റൂള്‍ കൊണ്ട് കാന്‍ വാസില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Master Diameter സ്സ്ലൈഡ് ബാര്‍ മൂവ് ചെയ്യുകയോ വേണ്ട വാല്യൂ റ്റൈപ്പ് ചെയ്യുകയോ ചെയ്യാമല്ലോ.

9.ഐ ഡ്രോപ്പര്‍ റ്റൂള്‍ (I) ഉപയോഗിച്ചു സെലെക്റ്റ് ചെയ്യുന്ന കളറിന്റെ ഹെക്സാഡെസിമല്‍ വാല്യൂ ക്ലിപ് ബോര്‍ഡിലേക്ക് കോപ്പി ചെയ്ത് നിങ്ങളുടെ എച്ച്.റ്റി.എം.എല്‍ എഡിറ്ററില്‍ പേസ്റ്റ് ചെയ്യുന്നതിനായി ഇമേജിലെ വേണ്ട കളറില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് copy color as HTML എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.
ഉദാഹരണത്തിന് ഇങ്ങനെ ഒരു കളര്‍ വാല്യൂ കിട്ടും. color=”#0062f9″ ഇത് എച്ച്.റ്റി.എം.എല്‍ എഡിറ്ററിലേക്ക് ചുമ്മാ പേസ്റ്റ് ചെയ്താല്‍ പോരേ!

അടുത്തത് കമാന്റ് ടിപ്പുകള്‍….

Aug 5, 2008

ഫയര്‍‌ഫോക്സ് ആഡ്-ഓണ്‍‌സ് (Firefox Add-ons)

ഫയര്‍‌ഫോക്സ് 3 വെബ്‌ബ്രൌസിംഗില്‍ മുമ്പെങ്ങുമില്ലാത്ത വേഗതയും സുഖവും പ്രദാനം ചെയ്യുന്നതായിട്ടാണ് എന്റെ അനുഭവം. ഫയര്‍‌ഫോക്സ് 3 എന്ന സ്വതന്ത്ര വെബ്‌ബ്രൌസര്‍ ഉപയോഗിച്ച് ബ്രൌസിംഗ് അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ ആസ്വദിക്കുന്നു. ഫയര്‍ഫോക്സിലെ ആഡ് -ഓണുകളെക്കുറിച്ച് (Firefox Add-ons) ഏതാനും നുറുങ്ങുകള്‍ പങ്കു വെക്കുകയാണിവിടെ.

ബ്രൌസിംഗ് വ്യക്തിഗതവും അനായാസവുമാക്കാന്‍ ഫയര്‍‌ഫോക്സ് ബ്രൌസറിലേക്ക് ഡൌണ്‍‌ലോഡ് ചെയ്ത് ഇന്‍സ്റ്റോള്‍ ചെയ്യാവുന്ന കുഞ്ഞ് ആപ്ലിക്കേഷനുകളായ എക്‍സ്റ്റന്‍ഷനുകളെയാണ് (Extension) ഫയര്‍ഫോക്സ് ആഡ്-ഓണ്‍സ് എന്നു പറയുന്നത്. ആഡ് ഓണുകള്‍ ഉപയോഗിച്ച് പുതിയ പുതിയ ഫംഗ്‌ഷണാലിറ്റികള്‍ നമുക്ക് ബ്രൌസറിലേക്ക് ചേര്‍ക്കാം.
എന്റെ ശ്രദ്ധയില്‍പ്പെട്ട ഏതാനും ആഡ്-ഓണുകളെക്കുറിച്ച് താഴെപ്പറയുന്നു.

ആഡ്-ഓണ്‍ ഇന്‍സ്റ്റോള്‍ ചെയ്യുന്നതിനായി Firefox> Tools> Add-Ons> Get Add-on റ്റാബില്‍ ക്ലിക്ക് ചെയ്താല്‍ മതി. വലതു വശത്ത് കാണുന്ന Browse All Add-ons എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ആഡ്‌-ഓണ്‍‌സ് സൈറ്റില്‍ നിന്നും വേണ്ട ആഡ്-ഓണുകള്‍ തെരഞ്ഞെടുക്കാവുന്നതുമാണ്.

Padma –

യൂണിക്കോഡ് അല്ലാത്ത ഇന്ത്യന്‍ ഭാഷകളിലെ റ്റെ‌ക്സ്‌റ്റ് യൂണിക്കോഡിലേക്ക് പരിവര്‍ത്തനപ്പെടുത്തുന്ന സാങ്കേതിക വിദ്യയാണ് പദ്‌മ. മലയാളം, തെലുങ്ക്, തമിഴ്, ദേവനാഗരി, ഗുജറാത്തി തുടങ്ങിയ ലിപികള്‍ പദ്‌മ സപ്പോര്‍ട്ട് ചെയ്യുന്നു. മലയാളമനോരമ അടക്കം യൂണിക്കോഡിലേക്ക് ഇനിയും വരാത്ത പത്രങ്ങളും മറ്റു സൈറ്റുകളും പദ്‌മ ഉപയോഗിച്ച് നമുക്ക് വായിക്കാം. ഫയര്‍‌ഫോക്സ് 3 ന്റെ തുടക്കത്തില്‍ പദ്മ എക്സ്‌റ്റന്‍ഷന്‍ പ്രവര്‍ത്തിക്കുകയുണ്ടായിരുന്നില്ല. ഇപ്പോള്‍ അപ്‌ഗ്രേഡ് ചെയ്‌തിട്ടുണ്ട്. ഇവിടെ നിന്നും ഡൌണ്‍‌ലോഡ് ചെയ്യാം.Adblock Plus -

വായന ദു‌ഷ്‌കരമാക്കും വിധം ബ്രൌസറില്‍ നിറയുന്ന പരസ്യങ്ങളും ബാനറുകളും ഒന്നൊഴിവായിക്കിട്ടിയിരുന്നെങ്കിലെന്ന് പലപ്പോഴും തോന്നാറില്ലേ? ഈ പരസ്യങ്ങള്‍ കാരണം പേജ് ലോഡാവാന്‍ ഏറെനേരമെടുക്കുന്നത് അസഹ്യമല്ലേ? പരിഹാരാം ആഡ്‌ബ്ലോക്ക് പ്ലസ്.

ഇവിടെ നിന്നും ആഡ്‌ബ്ലോക്ക് പ്ലസ് ഫയര്‍‌ഫോക്സിലേക്ക് ചേര്‍ക്കുക. ഫയര്‍‌ഫോക്സ് നാവിഗേഷന്‍ റ്റൂള്‍ ബാറില്‍ ABP എന്ന ചുവന്ന ഐക്കണ്‍ പ്രത്യക്ഷമാകും. പരസ്യങ്ങള്‍ ഒഴിവാക്കപ്പെടണം എന്നാഗ്രഹിക്കുന്ന സൈറ്റുകളുടെ URL ഇനിപ്പറയും വിധം കൊടുത്താല്‍ മതി. ABP ഐക്കണോടുള്ള ചേര്‍ന്നുള്ള ഡൌണ്‍ ആരോ ക്ലിക്ക് ചെയ്ത് Preferences > Click Add Filter > URL ചേര്‍ക്കുക > OK. ഇനിയും വല്ല ബാനറുകളും ശേഷിക്കുന്നുണ്ടെങ്കില്‍ ആ ബാനറിലോ ഇമേജിലോ റൈറ്റ് ക്ലിക്ക് ചെയ്ത് കോണ്‍‌റ്റെക്‍സ്റ്റ് മെനുവിലെ Adblock Image ല്‍ ക്ലിക്ക് ചെയ്താല്‍ മതി.


DownThemAll! -

400% ശതമാനം അധികവേഗതയില്‍ ഡൌണ്‍ ചെയ്യാം എന്നവകാശപ്പെടുന്ന ഒരു ഡൌണ്‍‌ലൊഡ് മാനേജരാണിത്. ഉപയോഗിക്കാന്‍ വളരെ എളുപ്പം. ഈ ആഡോണ്‍ ഇവിടെ നിന്ന് ആഡ് ചെയ്യുക. പിന്നീട് ഡൌണ്‍ ചെയ്യുന്ന സമയത്ത് ഡയലോഗ് ബോക്സില്‍ നിന്ന് DownThemAll!സെലക്റ്റ് ചെയ്യുക. ഡെസ്റ്റിനേഷന്‍ നിര്‍ണ്ണയിക്കുക. Pause, Resume സൌകര്യം ഉള്ളതിനാല്‍ എപ്പോള്‍ വേണമെങ്കിലും ഡൌണ്‍ ലോഡ് ചെയ്യാം.

Video DownloadHelper –

Youtube മുതലായ സൈറ്റുകളില്‍ നിന്നും മറ്റും വീഡിയോ, ഇമേജുകള്‍ മുതലായവ അനായസം ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഈ എക്‍സറ്റന്‍ഷന്‍ അത്യുത്തമം. വീഡി‌യോ, ഇമേജുകള്‍ ഉള്ള ഒരു സൈറ്റ് നാം ബ്രൌസ് ചെയ്യുമ്പോള്‍ വീഡിയോ ഡൌണ്‍ലൊഡ് ഹെല്‍പ്പര്‍ അതിലെ കണ്ടന്റ് സ്വയമേ കണ്ടെത്തി ഡൌണ്‍ലോഡ് ചെയ്യാന്‍ നമ്മെ സഹായിക്കുന്നു. സൈറ്റിലെ മുഴുവന്‍ വീഡിയോ/ ഇമേജുകള്‍ നമുക്ക് ഒറ്റത്തവണയായി വേണമെങ്കിലു ഡൌണ്‍ലോഡ് ചെയ്യാം.
ഇവിടെ നിന്നും ഇത് ആഡ് ചെയ്യുക. പിന്നീട് വീഡിയോ/ഇമേജ് കണ്ടന്റുള്ള പേജ് ബ്രൌസ് ചെയ്യുമ്പോള്‍ നാവിഗേഷന്‍ ബാറിലെ

ഈ ഐക്കണ്‍ നൃത്തം തുടങ്ങും. അതിനോട് ചേര്‍ന്നുള്ള ഡൌണ്‍ ആരോയില്‍ ക്ലിക്ക് ചെയ്ത് ഇഷ്‌ടമുള്ള ഫയല്‍ ഡൌണ്‍‌ലോഡ് ചെയ്യാം. Firefox>Tools>DownloadHelper>Preferences എടുത്താല്‍ ഡൌണ്‍‌ലോഡ് ഡയറക്റ്ററിയും മറ്റും സെറ്റ് ചെയ്യാം.

Better Gmail 2 0.6

നമ്മുടെ ജീ മെയിലിന്റെ അപ്പിയറന്‍സും മറ്റും കസ്‌റ്റമൈസ് ചെയ്യാം ഈ ആഡ്‌ഓണ്‍ ഇന്‍സ്റ്റോള്‍ ചെയ്യുന്നതിലൂടെ. ഇവിടെ നിന്നും ഇന്‍‌സ്റ്റോള്‍ ചെയ്യുക. എന്നിട്ട് Firefox>Tools>Add-ons>Extensions റ്റാബ് ക്ലിക്ക് ചെയ്‌ത് Better Gmail 2 സെലക്റ്റ് ചെയ്ത് ഓപ്റ്റൊന്‍സ് എടുക്കുക. General, Messages, Skins, Compose, Sidebar എന്നിങ്ങനെ 5 റ്റാബുകളിലായി നിരവധി ഓപ്‌ഷനുകള്‍ കാണാം. വേണ്ടത് സെറ്റ് ചെയ്ത് ജീ മെയില്‍ വിന്‍ഡോ റിഫ്രഷ് ചെയ്താല്‍ ഫലം അറിയാം.

ശ്രദ്ധിക്കുക:- എല്ലാ ആഡ്-ഓണുകളുകളുടെയും Auther നെ മോസില്ല വെരിഫൈ ചെയ്തതാവണമെന്നില്ല. എന്നിരുന്നാലും അവര്‍ അത്തരം ആഡോണും റെക്കമെന്റ് ചെയ്യുന്നുണ്ട്.

ഫയര്‍ ഫോക്സിനുള്ളിലെ ഐ ഈ !!
ഇന്റര്‍‌നെറ്റ് എക്‍സ്പ്ലോറര്‍ ഫയര്‍‌ഫോക്സിനുള്ളില്‍! അതെ. വിന്‍ഡോസ് ഇല്ലാത്ത വെബ് ഡെവലപ്പര്‍മാര്‍ക്ക് ഇന്റര്‍‌നെറ്റ് എക്സ്‌പ്ലോററിലേക്ക് പോകാതെ ഫയര്‍ഫോക്സില്‍ തന്നെ അവരുടെ സൈറ്റ് ഐ ഈയില്‍ എങ്ങനെയിരിക്കുമെന്ന് നോക്കാന്‍ സൌകര്യം! ഫയര്‍‌ഫോക്സില്‍ വായിക്കാനാവാത്ത മലയാളപത്രങ്ങളും പുഴ.കോമും മറ്റുസൈറ്റുകളും എല്ലാം ഫയര്‍ഫോക്സില്‍ തന്നെ ഒരു ഐ ഈ റ്റാബില്‍ !
ദാ ഇവിടുന്ന് IE Tab ആഡ് ചെയ്യുക. പിന്നീട് ഏതെങ്കിലും ലിങ്കില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Open Link in IE Tab എന്നു പറഞ്ഞാല്‍ ഫയര്‍ഫോക്സിനുള്ളില്‍ ഒരു ഐ ഈ വിന്‍ഡോ തുറാക്കുകയായി.
സ്ഥിരമായി ഒരു സൈറ്റ് IE റ്റാബില്‍ തുറക്കണമെങ്കില്‍ irefox>Tools>Add-ons>Extensions റ്റാബ് ക്ലിക്ക് ചെയ്‌ത് IE Tab1.5 എടുക്കുക. Options ല്‍ Site Filter Tab ല്‍ URL എന്നിടത്ത് ആ സൈറ്റിന്റെ URL നല്‍കി Add പറഞ്ഞ് അപ്ലൈ ചെയ്താല്‍ മതി. ഫയര്‍‌ഫോക്സില്‍ തുറക്കാന്‍ വിമുഖത കാണിക്കുന്ന ലവന്മാരെയെല്ലാം നമുക്ക് വരച്ച വരയില്‍ നിര്‍ത്താം :)

ഉദാഹരണം മാധ്യമം പത്രം ഫയര്‍ഫോക്സില്‍ വായിക്കുക സാധ്യമല്ല ഇപ്പോള്‍. എന്നാല്‍ IE Tab ഉപയോഗിച്ച് ഈ ഫില്‍റ്റര്‍ നല്‍കി നേരിട്ട് ഫയര്‍ഫോക്സില്‍ തുറക്കാം. സ്ക്രീന്‍ ഷോട്ട് നോക്കുക.

ഫയര്‍‌ഫോക്സില്‍


IE Tab ഉപയോഗിച്ച് ഫയര്‍ഫോക്സില്‍


സൌകര്യം പോലെ മറ്റ് ആഡോണുകളുമായി ഇനിയിരിക്കല്‍...ഇന്‍ശാ അല്ലാ...