Aug 24, 2008

ഹിപ്‌നോട്ടിക് അനുഭവങ്ങള്‍ - 4

(പ്രിയ വായനക്കാരേ, ഒത്തിരി വൈകിയെന്നറിയാം. വ്യക്തിപരമായ പ്രശ്‌നങ്ങളും ശുദ്ധമടിയും നിമിത്തം അങ്ങനെ വൈകിപ്പോയി. ക്ഷമിക്കണം. പുതിയ വായനക്കാര്‍ ഹിപ്‌നോട്ടിക് അനുഭവങ്ങള്‍ ആദ്യമൂന്നു ഭാഗം വായിച്ചതിനു ശേഷം ഈ ഭാഗം വായിക്കണമെന്ന് അപേക്ഷിക്കുന്നു).


ഹാരിസിനെ ഹിപ്‌നോ അനാലിസിസിന് വിധേയമാക്കിയപ്പോള്‍ അവന്റെ വാക്കുകളിലൂടെ തന്നെ അവന്റെ മാനസികബുദ്ധിമുട്ടുകളുടെ കാരണം മനസ്സിലാക്കാന്‍ എനിക്ക് കഴിഞ്ഞു.
കാര്യം ഏകദേശം ഇങ്ങനെയാണ്.
കാസര്‍കോട്ടെ ഒരു യാഥാസ്ഥിതിക മുസ്‌ലിം കുടുംബത്തിലെ നാലുമക്കളില്‍ ഇളയവനാണ് ഹാരിസ്. ചെറുപ്പത്തിലേ പിതാവ് മരിച്ചു. ഉമ്മയുടെ സ്നേഹത്തിലും സംരക്ഷണത്തിലുമാണവന്‍ വളര്‍ന്നത്. മതകാര്യങ്ങളിലും മറ്റും ഉമ്മ കര്‍ക്കശമായ ഉപദേശങ്ങള്‍ നല്‍കാറുണ്ടായിരുന്നു ഹാരിസിന്. സിനിമ കാണാന്‍ പോകുവാന്‍ പോലും ഉമ്മ അനുവദിച്ചിരുന്നില്ല. സിനിമയും റ്റെലിവിഷനും കുട്ടികളെ വഴിതെറ്റിക്കും എന്നായിരുന്നു ആ ഉമ്മയുടെ അഭിപ്രായം.

മുതിര്‍ന്നപ്പോള്‍ ഉമ്മയറിയാതെ ഹാരിസ് പലപ്പോഴും സിനിമക്ക് പോകുമായിരുന്നു.ഒരു ദിവസം കാസര്‍കോട്ടെ ഒരു തീയേറ്ററില്‍ രജനികാന്തിന്റെ “ബാഷ” സിനിമ കണ്ടുകൊണ്ടിരുന്ന ഹാരിസിനെ ത്തേടി ദാരുണമായ വാര്‍ത്തയുമായി ഹാരിസിന്റെ കൂട്ടുകാര്‍ എത്തി. ഹാരിസിന്റെ ഉമ്മ മരണപ്പെട്ടിരിക്കുന്നു.

കനത്ത ആഘാതമാണ് ഈ സംഭവം ഹാരിസിന്റെ മനസ്സിനേല്‍പ്പിച്ചത്. ഉമ്മ നഷ്‌ടപ്പെട്ട വ്യഥയേക്കാള്‍ അവന്റെ മനസ്സിനെ ആകെ ഉലച്ചു കളഞ്ഞത് താന്‍ ഉമ്മയെ ധിക്കരിച്ച് സിനിമകാണുമ്പോള്‍ തന്നെ ഉമ്മയുടെ മരണവാര്‍ത്ത അറിഞ്ഞല്ലോയെന്ന ചിന്തയായിരുന്നു. അവനു താങ്ങാവുന്നതിലും അധികമായിരുന്നു ഈ പാപചിന്ത.

കുറ്റബോധത്താല്‍ അവന്‍ നീറാന്‍ തുടങ്ങി. ഉമ്മയോട് പൊറുക്കാനാവാത്ത അപരാധം താന്‍ ചെയ്തു എന്ന ചിന്ത അവനില്‍ വളരാന്‍ തുടങ്ങി. ഹാരിസ് ആകെ മാറിത്തുടങ്ങി. അവന്റെ ഉന്മേഷവും പ്രസരിപ്പും എങ്ങോ പോയ് മറഞ്ഞു. എപ്പൊഴും അന്തര്‍മുഖനായി ഇരിക്കും. ആരോടും ഒന്നും സംസാരിക്കില്ല. ആരെങ്കിലും എന്തെങ്കിലും ചോദിച്ചാല്‍ ഒരു മൂളലില്‍ മറുപടി ഒതുക്കും. മുറിയില്‍ കതകടച്ച് ഇരിക്കാനാണ് അവന് താല്‍പര്യം.

അങ്ങനെയാണ് ജ്യേഷ്‌ടന്മാര്‍ അവനെ ബാംഗ്ലൂരിലേക്ക് കൊണ്ടുവരുന്നത്. ഹാരിസിനെ സന്തോഷിപ്പിക്കാനായി അവര്‍ കിണഞ്ഞു ശ്രമിച്ചു. അതിനിടെ ഹാരിസ് സ്വയം‌പീഢനത്തിന്റെ വഴിയിലേക്ക് നീങ്ങിയിരുന്നു. അവര്‍ അവനെ മാനസികാരോഗ്യകേന്ദ്രത്തില്‍ കൊണ്ടുപോകാന്‍ തുടങ്ങിയ സമയത്താണ് ഞാന്‍ ഹാരിസിനെ കാണുന്നത്.

ഇപ്പോള്‍ പ്രശ്‌നങ്ങളുടെ കാരണം മനസ്സിലായി. ഹിപ്‌നോട്ടിക് അവസ്ഥയിലെ ഏറ്റവും നിര്‍ണ്ണായകമായ ഘട്ടമാണിത്. ഒരു ഹിപ്‌നോട്ടൈസറുടെ ബുദ്ധിയും യുക്തിയും വിശകലന-നിരീക്ഷപാടവവും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയം. പ്രശ്‌നത്തിന് വ്യക്തിക്ക് കൂടി യുക്തിസഹമായി ബോധ്യപ്പെടുന്ന പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുവാനുള്ള സമയം. പൂര്‍ണ്ണമായും ഹിപ്‌നോട്ടൈസറുടെ കൈയില്‍ വ്യക്തിയുടെ മനസ്സിന്റെ നിയന്ത്രണമുള്ള ഈ സമയത്ത് ആലോചനാ പൂര്‍വ്വം സംഭാഷണം തുടര്‍ന്നാല്‍, പരിഹാര നിര്‍ദ്ദേശങ്ങള്‍ വ്യക്തിയുടെ മസ്തിഷ്‌ക്കത്തില്‍ ഫലപ്രദമായി ഉറപ്പിക്കാന്‍ കഴിഞ്ഞാല്‍ വിജയിച്ചു. ആവര്‍ത്തിച്ചുള്ള നിര്‍ദ്ദേശങ്ങളും അനേകം തവണ ഹിപ്‌നോട്ടിസവും വേണ്ടി വന്നേക്കാം. ഞാന്‍ ആലോചനയിലായി.

എന്നെ ആലോചിക്കാന്‍ നിങ്ങള്‍ അനുവദിക്കുമ്പോഴേക്കും ഹിപ്‌നോട്ടിസത്തിനെക്കുറിച്ച് ചില പൊതുവായ കാര്യങ്ങളെക്കുറിച്ചും സമൂഹത്തില്‍ നിലവിലിരിക്കുന്ന ചില വിശ്വാസങ്ങളെയും സംശയത്തെയും കുറിച്ചും നമുക്കല്‍പ്പം സംസാരിക്കാം. അവന്‍ കുറച്ചു കൂടി ഉറങ്ങട്ടെന്നേ :)

ഹിപ്‌നോട്ടൈസ് ചെയ്ത് എന്തും ചെയ്യിക്കാമോ എന്നൊരു ചോദ്യം പലരും ചോദിച്ചു കാണുന്നുണ്ട്.

ഹിപ്‌നോട്ടിക നിദ്രാവിധേയനായ ഒരു വ്യക്തി, ഹിപ്‌നോട്ടൈസര്‍ പറയുന്നതെല്ലാം അനുസരിക്കുമെന്നും അയാളെ എങ്ങനെ വേണമെങ്കിലും കുരങ്ങു കളിപ്പിക്കാം എന്നൊക്കെ പറഞ്ഞു കേള്‍ക്കുന്നതിന് യാതൊരു ന്യായീകരണവുമില്ല. ഒരു വ്യക്തിയുടെ സദാചാര ദൃഢതയും മനഃസാക്ഷിയും ഹിപ്‌നോട്ടിക് നിദ്രാവേളയിലെ നിര്‍ദ്ദേശങ്ങളെക്കാള്‍ ഉന്നതമാണ്. അതു കൊണ്ട് തന്നെ ഹിപ്‌നോട്ടിസത്തിനു വിധേയനാവുന്ന വ്യക്തി ഗാഢ നിദ്രയിലായാല്‍പ്പോലും മനഃസാക്ഷിക്കും സ്വന്തം ഇച്ഛാശക്തിക്കും തികച്ചും വിരുദ്ധമായ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതല്ല.
ഉദാഹരണത്തിന് മദ്യപാനം നിഷിദ്ധമായി കരുതുന്ന ഒരാളോട് ഹിപ്‌നോട്ടിക് അവസ്ഥയില്‍ മദ്യം കഴിക്കണമെന്ന് നിര്‍ദ്ദേശിച്ചാല്‍ അയാള്‍ ഉറക്കത്തില്‍ നിന്ന് പെട്ടെന്ന് ഞെട്ടി ഉണര്‍ന്നെന്ന് വരാം.
ഒരിക്കല്‍ ഒരു പെണ്‍കുട്ടിയോട് ഹിപ്‌നോട്ടൈസര്‍ പറഞ്ഞു: അപരിചിതനായ ഈ പുരുഷനെ ചുംബിക്കുക. പെണ്‍‌കുട്ടി അതിനു കൂട്ടാക്കിയില്ലെന്ന് മാത്രമല്ല അവള്‍ അപസ്‌മാര ബാധിതയെപ്പോലെ കോച്ചി വലിക്കാന്‍ തുടങ്ങി. ഉടന്‍ ഹിപ്‌നോട്ടൈസര്‍ നിര്‍ദ്ദേശം പിന്‍‌വലിച്ചു. അവളോട് സുഖമായി ഉറങ്ങാന്‍ പറഞ്ഞു. അവള്‍ ഉറങ്ങുകയും ചെയ്തു.

എന്നാലും ഒരു കാര്യം മനസ്സിലാക്കണം. ഹിപ്‌നോട്ടിക് അവസ്ഥയില്‍ സജസ്റ്റബിലിറ്റി (ചിന്ത കൂടാതെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാനുള്ള പ്രവണത) കൊണ്ട് വ്യക്തി ഹിപ്‌നോട്ടിസ്റ്റിനെ വിശ്വസിച്ച് എന്തും അനുസരിക്കുന്ന നിലയിലായാല്‍ വ്യക്തിയെ എന്തും ചെയ്യിക്കാവുന്ന ഒരു നിലയിലാക്കാന്‍ ഹിപ്‌നോട്ടിസ്റ്റിനു പറ്റിയെന്നിരിക്കും; അപൂര്‍വ്വമായിട്ടെങ്കിലും. സദാചാര നിഷ്‌ടരല്ലാത്തവര്‍ ഹിപ്‌നോട്ടിസം പഠിച്ചാല്‍ അത് ദുര്‍ വിനിയോഗം ചെയ്തെന്നിരിക്കും.

ഹിപ്‌നോട്ടിസം കൊണ്ട് ഒരാളുടെ മനസ്സിലുള്ളതെല്ല്ലാം അയാള്‍ പറയാതെ തന്നെ ചോര്‍ത്തി എടുക്കാന്‍ കഴിയുമോ?

സാധ്യമല്ല. എല്ലാം പറയാനുള്ള , സജസ്റ്റബിലിറ്റി കൂടിയ ഒരു പ്രത്യേക മാനസികാവസ്ഥയിലാക്കിയ ശേഷം പറയാനനുവദിക്കുമ്പോള്‍ പറയുന്നത് കേള്‍ക്കാനേ കഴിയൂ. അല്ലാതെ എന്തു ബലം പ്രയോഗിച്ചിട്ടും കാര്യമില്ല.

കുറ്റവാളികളെക്കൊണ്ട് സത്യം പറയിക്കാമോ?

എന്തു വന്നാലും സത്യം പറയില്ല എന്ന് പ്രതിജ്ഞ എടുത്തവനെക്കൊണ്ട് ഹിപ്‌നോട്ടൈസ് ചെയ്താലും സത്യം പറയിക്കാന്‍ കഴിഞ്ഞു കൊള്ളണമെന്നില്ല. എന്നാല്‍ ചില പ്രത്യേക ടെക്‍നിക്കുകള്‍ ഉപയോഗിച്ച് ഹിപ്‌നോസിസിനെ ചെറുത്തു നില്‍ക്കുന്നുണ്ടോ, മനഃപൂര്‍വ്വം നുണപറയുന്നുണ്ടോ എന്നൊക്കെ അറിയാന്‍ കഴിഞ്ഞേക്കും.

ഫോണ്‍, റേഡിയോ, ടെലിവിഷന്‍, ചാറ്റ് തുടങ്ങിയവ വഴി വിദൂരഹി‌പ്‌നോട്ടിസം സാ‍ദ്ധ്യമാണോ?

വ്യക്തിയെ ഉറക്കുകയല്ല, ഉറങ്ങാന്‍ സഹായിക്കുകയാണ് യഥാര്‍ത്ഥത്തില്‍ ഹിപ്‌നോട്ടൈസര്‍ ചെയ്യുന്നത്. ഒരു ചെറിയ ശതമാനം ആളുകള്‍ക്ക് ഉറങ്ങുവാന്‍ ഫോണ്‍, റേഡിയോ, ടെലിവിഷന്‍ ചാറ്റ് എന്നിവയില്‍ കൂടിയുള്ള സഹായം മതി. ഇതിന്റെയൊന്നിന്റെയും സഹായമില്ലാതെ ദൂരെ ഇരിക്കുന്ന ഒരാളിലേക്ക് ചിന്ത കടത്തി വിടാന്‍ ഹിപ്‌നോട്ടിസം കൊണ്ട് സാദ്ധ്യമല്ല.

ഏതു പ്രായക്കാര്‍ക്കും ഹിപ്‌നോ ചികിത്സ ഫലപ്രദമാണോ?

എട്ടു വയസ്സില്‍ താഴെ ഉള്ളവരെ ഹിപ്‌നോ തെറാപ്പിക്ക് വിധേയമാക്കിക്കൂടാ. അവരുടെ മസ്തിഷ്‌ക വളര്‍ച്ച പൂര്‍ണ്ണമായിട്ടുണ്ടാവില്ല. 55 വയസ്സില്‍ കൂടുതലുള്ളവര്‍ക്കും ഹിപ്‌നോസിസ് വേണ്ടത്ര ഫലപ്രദമല്ല.

ഹിപ്‌നോട്ടിസം കൊണ്ട് മനസ്സിലുള്ളത് മായ്‌ച്ച് കളയാമോ?

തെറ്റിദ്ധാരണ ആണത്. മനസ്സൊരു സ്ലേറ്റല്ല മായ്‌ച്ചു കളയാന്‍.

മറന്നു പോയകാര്യങ്ങള്‍ ഹിപ്‌നോട്ടിക് അവസ്ഥയില്‍ ഓര്‍ക്കാന്‍ കഴിയുമോ?

ചിലരുടെ കാര്യത്തില്‍ അത് സാധ്യമാണ്. ഹിപ്‌നോട്ടൈസറുടെ പരിചയ സമ്പന്നത, വിധേയനാവുന്ന വ്യക്തിയുടെ സവിശേഷത് ഒക്കെ ഘടകങ്ങളാണ്. എന്നാല്‍ ഹിപ്‌നോട്ടിക് അവസ്ഥയില്‍ പഠിക്കുന്നത് മറക്കാതെ ഓര്‍ക്കാന്‍ കഴിയും എന്നതില്‍ സംശയമില്ല. പരീക്ഷണങ്ങളില്‍ അത് തെളിഞ്ഞിട്ടുള്ളതുമാണ്.

മരുന്നു കുത്തിവെച്ച ഹിപ്‌നോട്ടൈസ് ചെയ്യുന്ന ഫലപ്രദമാണോ?

നാര്‍ക്കോ ഹിപ്‌നോസിസ്. നല്ല സൈക്യാട്രിസ്റ്റുകള്‍ അങ്ങനെ ചെയ്യാറില്ല. ഹിപ്‌നോ അനാലിസിസിന് സഹായിക്കും എന്നല്ലാതെ ആ അവസ്ഥയില്‍ നല്‍കുന്ന സജഷനുകള്‍ ഫലം ചെയ്യില്ല.

ഹിപ്‌നോട്ടിസത്തിലൂടെ കുണ്ഡലിനി ഉണര്‍ത്താമോ?

കുണ്ഡലിനി എന്നത് യോഗവിദ്യയിലെ ഒരു സങ്കല്‍പ്പം മാത്രമാണ്. മനുഷ്യ ശരീരത്തിലെ യാഥാര്‍ത്ഥ്യമല്ല. സെല്‍‌ഫ് ഹിപ്‌നോസിസിന്റെ അവസ്ഥയിലിരുന്ന് കുണ്ഡലിനി ഉണരുന്നതായി സങ്കല്‍പ്പിക്കാന്‍ കഴിയും അത്ര തന്നെ.

ഹിപ്‌നോട്ടിസം പിടിവിട്ടു പോകുമോ?

തീര്‍ച്ചയായും അങ്ങനെ സംഭവിച്ചെന്നു വരാം. പരിചയസമ്പന്നരല്ലാത്തവര്‍ ലഘുമയക്കത്തിലാക്കാനേ ഉദ്ദേശിക്കുന്നുള്ളൂവെങ്കിലും ആള്‍ പിടി വിട്ട് അബോധാവസ്ഥയിലായെന്ന് വരാം. പരിചയസമ്പന്നനായ ഒരാള്‍ക്ക് അതൊക്കെ നിയന്ത്രിക്കാന്‍ കഴിയും.

ഹിപ്‌നോട്ടിസം ആര്‍ക്കും പഠിക്കാമോ?

ആര്‍ക്കും പഠിക്കാം. ഹിപ്‌നോട്ടിസം അറിയുന്നവരെല്ലാം ഹിപ്‌നോ ചികിത്സകരല്ല. കത്തി എടുക്കുന്നവരെല്ലാം സര്‍ജ്ജന്മാരുമല്ല. ആര്‍ക്കും ഡ്രൈവിംഗ് പഠിക്കാം. ഡ്രൈവിംഗ് പഠിച്ചവര്‍ക്കെല്ലാം കാര്‍ റേസിനു പോകാന്‍ കഴിയില്ലെന്നത് പോലെ ഹിപ്‌നോട്ടിസം പഠിച്ചവര്‍ക്കെല്ലാം ഹിപ്‌നോ ചികിത്സകരാകാന്‍ കഴിയണമെന്നില്ല. ഹിപ്‌നോട്ടിസം ശാസ്ത്രവും കലയുമാണ്. കലയില്‍ നിപുണനാകണമെങ്കില്‍ പ്രത്യേക വാസനയും പ്രതിഭയും തന്നെ വേണമല്ലോ.

മനോരോഗങ്ങളപ്പെറ്റിയുള്ള അറിവ്, കൌണ്‍സലിംഗിനായുള്ള ഉള്‍ക്കാഴ്‌ച, വ്യക്തിയെ ഹിപ്നോസിസിലേക്ക് നയിക്കാനും ഹിപ്‌നോസിസിന്റെ ഏതു ഘട്ടത്തിലാണ് വ്യക്തി എന്നു മനസ്സിലാക്കാനുമുള്ള പരിജ്ഞാനം, നിര്‍ദ്ദേശങ്ങള്‍ നല്‍കാനും പിന്‍‌വലിക്കാനുമുള്ള ആജ്ഞാശക്തി, പരിശീലനം, പരിചയം, വാസന, കഴിവ് എന്നിവയൊക്കെയാണ് നല്ലൊരു ഹിപ്‌ട്ടൈസര്‍ക്ക് വേണ്ടത്.

ഹെന്ത്! നമ്മുടെ ഹാരിസ് ഇപ്പഴും ഉറക്കാമാണെന്നോ? ശോ! നമുക്കവനെ ഉണര്‍ത്തണം. അടുത്ത ലക്കത്തിലാവട്ടെ. അവന് എന്തൊക്കെ നിര്‍ദ്ദേശങ്ങളാണ് നല്‍കിയത്? പ്രശ്‌നം പരിഹരിക്കാനായോ? ഹാരിസ് പിന്നീടെങ്ങനെ പെരുമാറി?

അടുത്തകുറിപ്പില്‍ നമുക്കതറിയാം. ഇന്‍ശാ അല്ലാഹ്...

വിവരങ്ങള്‍ക്ക് കടപ്പാട് : ശ്രീ ജോണ്‍‌സണ്‍ ഐരൂര്‍
Post a Comment