Nov 9, 2008

ഹിപ്‌നോട്ടിക് അനുഭവങ്ങള്‍ - 5

ഹാരിസിന്റെ പ്രശ്‌നങ്ങള്‍ മനസ്സിലായ സ്ഥിതിക്ക് ഏറ്റവും അനുയോജ്യവും യുക്തിസഹവുമായ പരിഹാരമാര്‍ഗ്ഗങ്ങളാണ് അവന് വേണ്ടതെന്ന് എനിക്ക് മനസ്സിലായി.

ഞാനിപ്പോള്‍ ഹാരിസിന്റെ ബോധമനസ്സിനെ ഉറക്കി, ഉപബോധമനസ്സിനെ മയക്കി, അബോധ മനസ്സിനെ കീഴ്‌പ്പെടുത്താന്‍ പോകുന്നു എന്നൊന്നും ധരിക്കരുതേ. അതൊക്കെ ഫ്രോയിഡിയന്‍ മിഥ്യ മാത്രമാണ് ബോധമനസ്സും ഉപബോധമനസ്സുമൊക്കെ. ഇങ്ങനെ കരുതുന്നത് തെറ്റിദ്ധാരണയുമാണ്.

ഫ്രോയിഡിസം അനുസരിച്ച് മനസ്സിന്റെ ആഴത്തിലുള്ള തട്ട് ആണ് അബോധമനസ്സ്. മനുഷ്യന്റെ എല്ലാ ബോധപ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുന്നത് അബോധമനസ്സാണെന്ന് അദ്ദേഹം പറയുന്നു.

ബോധമനസ്സെന്നാല്‍ മനസ്സിന്റെ ഏറ്റവും മുകളിലുള്ള പാളിയാണെന്നാണ് അദ്ദേഹത്തിന്റെ തിയറി. വസ്തുനിഷ്‌ഠലോകവുമായി മനുഷ്യനു ബന്ധപ്പെടാനുള്ള കേവലം ഉപരിപ്ലവമായ ഒരുപാധിയാണത്രേ ബോധമനസ്സ്.

ബോധമനസ്സിനും അബോധമനസ്സിനും ഇടയിലുള്ള അതിര്‍ത്തിമേഖലയാണ് ഉപബോധമനസ്സെന്ന് ഫ്രോയിഡ് പറയുന്നു. ആനന്ദത്തിനും മരണത്തിനും വേണ്ടിയുള്ള അബോധമനസ്സിന്റെ ജന്മസിദ്ധമായ ദാ‍ഹം ബോധമനസ്സിനെ കീഴടക്കാനെത്തുമ്പോള്‍ അതിനെ ബോധമനസ്സിലെത്തിക്കാതെ സെന്‍സര്‍ ചെയ്യുന്ന പണിയാണത്രേ ഉപബോധമനസ്സിന്.

ഇന്ന്, ശാസ്ത്രത്തിന്റെ വികാസത്തില്‍ അടിസ്ഥാനരഹിതങ്ങളായ ഈ വാദങ്ങളെല്ലാം പിന്തള്ളപ്പെട്ടിരിക്കുന്നു.

ആധുനിക, ശാസ്ത്രീയ നിര്‍വ്വചനപ്രകാരം മസ്തിഷ്‌കത്തിന്റെ വൈദ്യുത-രാസപ്രവര്‍ത്തനം ആണ് മാനസികപ്രവര്‍ത്തനം എന്നറിയപ്പെടുന്നത്. (Electro-Chemical Activity).

ആധുനിക കാഴ്‌ച്ചപ്പാടില്‍ മനസ്സിന്റെ അബോധപ്രവര്‍ത്തനം എന്നു പറയുന്നത് പെട്ടെന്ന് സ്വയം നടത്തുന്ന പ്രവര്‍ത്തനങ്ങളെയാണ്. കണ്ണില്‍ പൊടി വീഴാന്‍ നേരത്ത് കണ്‍പോളകള്‍ നാമറിയാതെ അടയുന്നത് പോലെയുള്ള റിഫ്ലക്സ് ആക്ഷനുകള്‍. ഇങ്ങനെ സംഭവിക്കുന്നത് അബോധപ്രവര്‍ത്തനമല്ല. അണ്‍കണ്ടീഷന്‍ഡ് റിഫ്ലക്സിന്റെ അഥവാ ജന്മവാസനയുടെ ഫലമാണത്.

അതുപോലെ ഉപബോധ മാനസികപ്രവര്‍ത്തനം എന്ന് പറയുന്നത് സെന്‍സര്‍ ബോര്‍ഡായി ഫ്രോയിഡ് കരുതുന്നതിനെയല്ല, മറിച്ച് ചിന്തകളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും നാം ആര്‍ജ്ജിച്ച റിഫ്ലക്സുകള്‍ (കണ്ടീഷന്‍ഡ് റിഫ്ലക്സ് ) വര്‍ത്തമാന നിമിഷത്തിലെ മാനസികപ്രവര്‍ത്തനത്തില്‍ ചെലുത്തുന്ന സ്വാധീനത്തെയാണ്.

വസ്തുനിഷ്‌ഠ പ്രപഞ്ചത്തെ പഞ്ചേന്ദ്രിയങ്ങളിലൂടെ ഉള്‍ക്കൊണ്ട് മസ്തിഷ്‌കത്തില്‍ ഔന്നത്യത്തോടെ പ്രതിഫലിക്കുന്നതിനെയാണ് ബോധപ്രവര്‍ത്തനം എന്നു വിളിക്കപ്പെടുന്നത്.വ്യക്തിപരമായ സവിശേഷതയും അറിവും എല്ലാം ഈ ഉന്നത നാഡീവ്യൂഹ പ്രവര്‍ത്തനഫലമായുള്ളതാണ്. ഇത് മനുഷ്യമസ്തിഷ്‌കത്തിന്റെ മാത്രം സവിശേഷതയുമാണ്.
(ഹിപ്‌നോട്ടിസം മൂന്നാം ഭാഗം ഓര്‍ക്കുക. സഹജ-ആര്‍ജ്ജിത റിഫ്ലക്സുകളെക്കുറിച്ചും അതിന്റെ സ്വാധീനത്തെക്കുറിച്ചും അവിടെ വിശദമാക്കിയിട്ടുണ്ട്).

ഹിപ്‌നോട്ടിക നിദ്രയില്‍, യാതൊരു ചെറുത്തു നില്‍പ്പും കൂടാതെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്ന അവസ്ഥയില്‍ ഹാരിസിന് അവന്റെ പശ്‌ചാത്തലം അനുസരിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കാ‍ന്‍ ഞാനൊരുങ്ങി. ഉമ്മയോട് അപാരസ്നേഹമായിരുന്ന ഹാരിസിനെ ഞാന്‍ ആശ്വസിപ്പിച്ചു. മരണം എന്ന പ്രപഞ്ചസത്യത്തെ അംഗീകരിച്ചേ തീരൂ എന്നവനെ ബോധ്യപ്പെടുത്തി.

ഹാരിസിന്റെ വിശ്വാസം തന്നെ ഫലപ്രദമായ ഉപാധിയായി ഞാന്‍ സ്വീകരിച്ചു. ഇസ്‌ലാം വിശ്വാസപ്രകാരം മരണത്തോടെ ജീവിതം അവസാനിക്കുന്നില്ല. പാരത്രികജീവിതം ആരംഭിക്കുകയാണ് ചെയ്യുന്നത്. മക്കളോട് ഒത്തിരി സ്നേഹമുള്ള ആ ഉമ്മക്ക് വേണ്ടി മക്കള്‍ ചില കടമകള്‍ ചെയ്യേണ്ടതുണ്ട്. ഉമ്മയുടെ പാരത്രിക മോക്ഷത്തിനായി പ്രാര്‍ത്ഥിക്കുക, ഉമ്മക്കു വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്യുക തുടങ്ങി ഉമ്മക്ക് ഖബറില്‍ സന്തോഷം കിട്ടുന്ന രീതിയില്‍ മിടുക്കനായിരിക്കുക തുടങ്ങി നിരവധികാര്യങ്ങള്‍ ഹാരിസിനെ പറഞ്ഞു മനസ്സിലാക്കി.
ഒരു മനുഷ്യന്‍ മരിച്ചു കഴിഞ്ഞാല്‍ അവനു നന്മ കിട്ടുന്ന മൂന്ന് കാര്യങ്ങളിലൊന്ന് സ്വന്തം മക്കളുടെ നിഷ്‌കളങ്ക പ്രാര്‍ത്ഥനയാണെന്ന പ്രവാചകവചനവും ഹാരിസിനെ ഉണര്‍ത്തിച്ചു.

ഇതൊന്നുമില്ലാതെ ഉണ്ണാതെ, ഉറങ്ങാതെ, പാപഭാരത്താല്‍ നീറി ജീവിതം ഹോമിക്കുന്ന ഹാരിസ് ഉമ്മയുടെ ആത്മാവിനെ കൂടുതല്‍ സങ്കടപ്പെടുത്തുകയാണ് എന്ന് ഞാന്‍ പറഞ്ഞു. ഉമ്മയോട് ശരിക്കും സ്നേഹമുണ്ടെങ്കില്‍ നല്ല ഉത്സാഹത്തോടെ ഉന്മേഷത്തോടെ ജീവിച്ച് ഉമ്മക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ഉമ്മ ആഗ്രഹിച്ചതു പോലെ പ്രവര്‍ത്തിക്കുകയുമാണ് വേണ്ടതെന്ന് ഞാന്‍ നിര്‍ദ്ദേശിച്ചു.

ഓരോ നിര്‍ദ്ദേശവും അനേകതവണ ആവര്‍ത്തിച്ച് ഏറെ സമയമെടുത്ത് അവന്റെ മനസ്സിലേക്ക് ശക്തിയായി അടിച്ചേല്‍പ്പിക്കുകയായിരുന്നു. അവസാനമായി രാത്രി നേരത്തേ ഉറങ്ങണമെന്നും ആവര്‍ത്തിച്ച് നിര്‍ദ്ദേശിച്ചു. അങ്ങനെ ഒന്നാം ദിവസം കഴിഞ്ഞു. അടുത്ത ദിവസവും ഇതുതന്നെ ആവര്‍ത്തിച്ചു. ഉറങ്ങാന്‍ വിമുഖത അപ്പോഴും ഉണ്ടായിരുന്നു ഹാരിസിന്. ഉറങ്ങിയേ തീരൂ എന്ന് ഞാന്‍ ആജ്ഞാപിച്ചു. അടുത്ത മൂന്നു ദിവസങ്ങളില്‍ കൂടി ഹിപ്‌നോട്ടിസം ആവര്‍ത്തിച്ചു.

ഒരുവിഭാഗം ആളുകള്‍ ഹിപ്‌നോട്ടൈസ്‌ഡ് ആയിരിക്കുന്ന സമയത്ത് മാത്രമേ സജഷനുകളോട് പ്രതികരിക്കുകയുള്ളൂ. എഴുന്നേറ്റ് കഴിഞ്ഞാല്‍ അവരില്‍ ഒരു ഫലവും കാണുകയില്ല. ചിലരില്‍ ഒന്നോ രണ്ടോ ആഴ്‌ചകളോളം സജഷനുകളുടെ ഫലം നിലനില്‍ക്കും. ക്രമേണ നിര്‍ദ്ദേശങ്ങളുടെ ശക്തി കുറഞ്ഞുവരും.

ഭാഗ്യത്തിന് ഹാരിസില്‍ സജഷനുകള്‍ ഫലം ചെയ്തു തുടങ്ങി. ദിവസങ്ങളായി ഉറങ്ങാതിരുന്ന അവന്‍ ഉറങ്ങാന്‍ തുടങ്ങി. പകല്‍ കുളിച്ച് വൃത്തിയായി ദിനചര്യകളില്‍ ഏര്‍പ്പെട്ടു തുടങ്ങി. അവന്‍ സന്തോഷവാനായി കാണപ്പെട്ടു.

രണ്ടു ദിവസം കഴിഞ്ഞ് ഹാരിസിന്റെ ജ്യേഷ്‌ടന്‍ എന്നെ കാണാന്‍ വന്നു. അയാള്‍ എന്നെ കെട്ടിപ്പിടിച്ച് സന്തോഷാശ്രു പൊഴിച്ചു. കുറേ ദിവസം കഴിഞ്ഞ് ഞാന്‍ ബാംഗളൂരില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുമ്പോള്‍ ഹാരിസിന്റെ സഹോദരന്മാര്‍ ഒത്തിരി സമ്മാനപ്പൊതികള്‍ എന്റെ ബാഗില്‍ നിക്ഷേപിച്ചിട്ടുണ്ടായിരുന്നു.

ഇതോടെ ഈ അനുഭവ വിവരണം കഴിഞ്ഞു. ഒന്ന് ബാക്കിയുണ്ട്.



ഹിപ്‌നോട്ടിക് ലേഖനപരമ്പരയിലൊരിടത്ത് ഭൂമിപുത്രി ഇങ്ങനെ ഒരു കമന്റിട്ടു.

ഭൂമിപുത്രി said... February 6, 2008 11:48 PM
Dr.Brian Weiss ന്റെ ‘Many Lives,Many Masters'വായിച്ചപ്പോഴുണ്ടായ വിസ്മയം ഇപ്പോഴും
പിന്തുടരുന്നു.. വായിച്ചുകാണുമല്ലൊ.അഭിപ്രായമറിഞ്ഞാല്‍ കൊള്ളാം

‘Many Lives,Many Masters' എന്ന പുസ്തകത്തെക്കുറിച്ച് തീര്‍ച്ചയായും അഭിപ്രായമുണ്ടെന്നും സമയം പോലെ അതൊരു പോസ്റ്റായി പ്രസിദ്ധീകരിക്കാമെന്നും അന്ന് ഞാന്‍ ഭൂമിപുത്രിയോട് പറഞ്ഞിരുന്നു. ഈ പരമ്പരയുടെ അനുബന്ധമെന്നോണം പ്രസിദ്ധീകരിക്കാന്‍ ഈ പുസ്തകത്തെക്കുറിച്ചും അതിന്റെ ശാസ്ത്രീയതയെക്കുറിച്ചും കുറിപ്പ് തയ്യാറാക്കിയിട്ടുണ്ട്. ദൈര്‍ഘ്യം കാരണം ഇപ്പോള്‍ പോസ്റ്റ് ചെയ്യുന്നില്ല. അടുത്ത കുറിപ്പില്‍ അതു കൂടി പറഞ്ഞ് മംഗളം ചൊല്ലാം.

നന്ദി.