Feb 18, 2008

അഡോബി ഇല്ലസ്‌ട്രേറ്റര്‍ (Adobe Illustrator)

ഫോട്ടോഷോപ്പ് ഡിസൈനേഴ്‌സ് ബൈബിള്‍ അല്ല!!!

അതുകൊണ്ട് തന്നെ മറ്റു ഗ്രാഫിക്സ് സോഫ്‌റ്റുവെയറുകളെ ഒന്നു പരിചയപ്പെടണമല്ലോ! ആദ്യം അഡോബി ഇല്ലസ്‌ട്രേറ്റര്‍ ആവട്ടെ, എന്താ?


ഗ്രാഫിക് ഡിസൈനര്‍മാരും ഡെസ്‌ക് ടോപ് പബ്ലിഷേഴ്‌സും ഉപയോഗിക്കുന്ന പ്രധാന ഗ്രാഫിക് സോഫ്‌റ്റുവെയറുകളെ മൂന്ന് വിഭാഗങ്ങളായി തരം തിരിച്ചിട്ടുണ്ട്.

ഡെസ്ക്‍ടോപ് പബ്ലിഷിംഗിന്റെ പ്രാഥമിക ടൂളായ പേജ് ലേ ഔട്ട് പ്രോഗ്രാം (Page Layout Program) , വെക്റ്റര്‍ ഗ്രാഫിക്‍സിനായുള്ള ഇല്ലസ്‌ട്രേഷന്‍ അഥവാ ഡ്രോയിംഗ് പ്രോഗ്രാം (Illustration/Drawing Program), ഇമേജ് എഡിറ്റര്‍ Image Editor) എന്നിവയാണവ.

ഇന്‍ഡസ്‌ട്രി സ്റ്റാന്‍ഡേഡ് ആയി അംഗീകരിക്കപ്പെട്ട പ്രധാന പേജ് ലേ ഔട്ട് പ്രോഗ്രാമുകള്‍ അഡോബി ഇന്‍ ഡിസൈനും ക്വാര്‍ക്ക് എക്സ്പ്രെസ്സുമാണ്. ഇപ്പോഴും പലയിടത്തും അഡൊബി പേജ് മേക്കര്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും അഡോബി തന്നെ ആ പ്രോഗ്രാം ഉപേക്ഷിച്ചിരിക്കുന്നു എന്ന കാര്യം മനസ്സിലാക്കണം; അതിന്റെ പരിമിതികള്‍ തന്നെ കാരണം.

ഇമേജ് എഡിറ്ററായ, അതായത് ഫോട്ടോയും മറ്റു ബിറ്റ്‌മാപ് ചിത്രങ്ങളും എഡിറ്റ് ചെയ്യുവാന്‍ ഉപയോഗിക്കുന്ന ഫോട്ടോഷോപ്പിനെക്കുറിച്ച് നാം ധാരാളം കേട്ടിരിക്കുന്നു. ധാരാളം ഈ ബ്ലോഗില്‍ തന്നെ പറഞ്ഞിരിക്കുന്നു. മറ്റു പല ഇമേജ് എഡിറ്ററുകളുമുണ്ട്. കോറല്‍ പെയിന്റര്‍, പെയിന്റ് ഷോപ്പ് പ്രോ, ജിമ്പ് അങ്ങനെ.

ഇല്ലസ്‌ട്രേഷന്‍ അഥവാ ഡ്രോയിംഗ് പ്രോഗ്രാമുകളില്‍ ഏറെ അറിയപ്പെടുന്നത് അഡോബി ഇല്ലസ്‌ട്രേറ്റര്‍ , കോറല്‍ ഡ്രോ, മാക്രോ മീഡിയ ഫ്രീ ഹാന്‍ഡ് എന്നിവയാണ്.

ഈ മൂന്നു തരം സോഫ്‌റ്റ്വെയറും ഉണ്ടെങ്കിലേ ഡെസ്‌ക് ടോപ് പബ്ലിഷിംഗ് പൂര്‍ണ്ണമാകുകയുള്ളൂ. ഓരോ ആവശ്യങ്ങള്‍ക്കും അതത് പ്രോഗ്രാമുകള്‍ ഉപയോഗിക്കുന്നു. (ഇന്നിപ്പോള്‍ ടെക്‍നോളജി വികസിച്ചത് അനുസരിച്ച് ഇന്‍ഡിസൈന്‍ പോലുള്ള പേജ് ലേ ഔട്ട് ആപ്ലിക്കേഷനുകളില്‍ ഇമേജ് എഡിറ്റിംഗ് ഒഴികെയുള്ള പല ചെറിയ കാര്യങ്ങളും ചെയ്യാന്‍ കഴിയുന്നുണ്ട്. പണ്ട് അവയ്ക്കൊക്കെ ഇല്ല്സറ്റ്രേറ്റര്‍/കോറല്‍ ഡ്രൊ, ഫോട്ടൊ ഷോപ്പ് എന്നിവയൊക്കെ ഉപയോഗിച്ചിരുന്നു)). അല്ലാതെ എല്ലാത്തരം ആവശ്യങ്ങള്‍ക്കുമുള്ള ഒറ്റമൂലിയാണ് ഫോട്ടോഷോപ്പ് എന്ന് ചിലരെങ്കിലും ധരിച്ചിട്ടുണ്ടെങ്കില്‍ അത് ശരിയല്ല. അതായത് ഒരു ലോഗോ ഡിസൈന്‍ ചെയ്യാന്‍ ഫോട്ടോഷോപ്പെന്ന ഇമേജ് എഡിറ്ററല്ല, മറിച്ച് ഡ്രോയിംഗ് പ്രോഗ്രാമുകള്‍ ഏതെങ്കിലും തന്നെ ഉപയോഗിക്കണെന്ന് അര്‍ത്ഥം.

ഇവിടെ അഡോബിയുടെ ഡ്രോയിംഗ് പ്രോഗ്രാമായ അഡോബി ഇല്ലസ്‌ട്രേറ്ററിനെ നമുക്ക് ലഘുവായൊന്ന് പരിചയപ്പെടാം.

അഡോബി ഇല്ലസ്‌ട്രേറ്റര്‍...
ഡിസൈനര്‍മാരുടെ വാഗ്‌ദത്ത ഭൂമി! ബിറ്റ്മാപിന്റെ നുറുങ്ങുകളില്‍ നിന്നും തികച്ചും മുക്തം! നിങ്ങള്‍ ഉണ്ടാക്കുന്ന ഓരോ ചെറിയ ഓബ്‌ജക്റ്റിനേയും എത്ര വേണമെങ്കിലും, എത്രവേണമെങ്കിലും വലിച്ചു നീട്ടാവുന്ന വെക്‍റ്റര്‍ പ്രോഗ്രാം...

നമ്മളിപ്പോള്‍ ഫോട്ടോഷോപ്പില്‍ ഒരു ഇമേജ് ഉണ്ടാക്കി സേവ് ചെയ്യുന്നു. പിന്നെ കുറേക്കഴിഞ്ഞു നമുക്ക് തോന്നുന്നു ഈ ഇമേജ് ഇതിന്റെ ഇരട്ടി വലുതാക്കിയാലെന്താ? അല്ലെങ്കില്‍ ആരെങ്കിലും നമ്മോടു പറയുന്നു, ഈ ചിത്രം ഒന്നു വലുതാക്കി തരാമോ?
പറ്റുമോ? ഇല്ല. കാരണമെന്താ?

അവിടെയാണ് നാം രണ്ടു തരം ഗ്രാഫിക്സിനെ കുറിച്ച് മനസ്സിലാക്കേണ്ടത്.
വെക്‍റ്ററും ബിറ്റ്മാപ് അല്ലെങ്കില്‍ റാസ്‌റ്ററും. (Vector Graphics and Raster or Bitmap Graphics).

സംഗതി അല്‍പ്പം കുഴഞ്ഞ കേസാണ്. എന്നു കരുതി അങ്ങനെ വിടാന്‍ പാടുണ്ടോ?

ആദ്യം റാസ്റ്ററ് അലെങ്കില്‍ ബിറ്റമാപ്പ് എന്താണെന്ന് നോക്കാം. മൈക്രോസോഫ്റ്റ് പെയിന്റ്, ഫോട്ടോഷോപ്പ് മുതലായ പ്രോഗ്രാമുകള്‍ ബിറ്റ്മാപ്പ് ആപ്ലിക്കേഷനുകളാണ്. പിക്സലുകള്‍ (Pixels) അഥവാ ധാരാളം കുഞ്ഞു കുത്തുകള്‍ (Dots) ചേര്‍ന്നു രൂപം പ്രാപിക്കുന്ന ഒരു നിശ്‌ചിത അളവിലുള്ള ഇമേജുകളെയാണ് നാം ബിറ്റ്മാപ് എന്നു വിളിക്കുന്നത്.

ഒന്നു കൂടി വിശദീകരിച്ചാല്‍ ഒരു കളത്തിനുള്ളില്‍ പിക്സലുകള്‍ - പിക്‍സലെന്നാല്‍ ഓരോന്നിനും സ്വതന്ത്രമായ ഓരോ കളറുകളുള്ള ചെറിയ ഡോട്ടുകള്‍- കൂടിച്ചേര്‍ന്ന് ഒരു ചിത്രമായി രൂപാന്തരപ്പെടുന്ന അല്ലെങ്കില്‍ സ്ക്രീനില്‍ ഒരു ചിത്രമായി നമുക്ക് കാണാനാവുന്ന ഗ്രാഫിക്സാണ് ബിറ്റ്‌മാപ്. ഈ ചെറിയ കുത്തുകളുടെ വലിപ്പം കൂട്ടാന്‍ നമുക്ക് കഴിയില്ല. അതുകൊണ്ടു തന്നെയാണ് ഒരിക്കല്‍ ഒരു വരയോ ടെക്സ്റ്റോ നിര്‍മ്മിച്ചു കഴിഞ്ഞാല്‍ പിന്നെ സൈസില്‍ വലിയ മാറ്റങ്ങളൊന്നും അതില്‍ വരുത്താന്‍ സാ‍ധ്യമാവാത്തത്.

ബിറ്റ്മാപ് ഇമേജുകള്‍ റെസല്യൂഷനെ ആശ്രയിച്ച് നിലകൊള്ളുന്നവയാണ്. (Resolution dependent). റെസല്യൂഷനെന്നാല്‍ ഒരു ഇമേജില്‍ അടങ്ങിയിരിക്കുന്ന കുത്തുകളുടെ (ഡോട്ടുകളുടെ) എണ്ണത്തെ സൂചിപ്പിക്കുന്ന ഒരു മാനകമാണ്. ഇത് ഡോട്ട് പെര്‍ ഇഞ്ച് dpi (dots per inch) അല്ലെങ്കില്‍ പിക്‍സല്‍ പെര്‍ ഇഞ്ച് ppi (pixels per inch) എന്നിങ്ങനെയാണ് പ്രസ്താവിക്കുന്നത്. ഉദാഹരണം നമ്മുടെ കമ്പ്യൂട്ടര്‍ സ്ക്രീനിന്റെ റെസല്യൂഷന്‍ 72 DPI അല്ലെങ്കില്‍ 96 PPI ആണ്. അതായത് ഒരു ഇഞ്ച് സ്ഥലത്ത് 72 ഡോട്‌സുകള്‍ അഥവാ ഒരു ഇഞ്ച് സ്ഥലത്ത് 96 പിക്സലുകള്‍. എന്നാല്‍ ഒരു ബിറ്റ്മാപ് പ്രിന്റ് ചെയ്യുമ്പോള്‍ 300 റെസല്യൂഷന്‍ എങ്കിലും ഉണ്ടായിരിക്കണം. 300 റെസല്യൂഷന്‍ ഉള്ള ഒരു പടം നമ്മുടേ സ്ക്രീനില്‍ വളരെ വലുതായി കാണുന്നതിന്റെ കാരണം മനസ്സിലായല്ലോ.

ചിത്രം ശ്രദ്ധിക്കുക.


സാധാരണമായ ബിറ്റ്മാപ് ഫോര്‍മാറ്റുകള്‍ ഇവയാണ്.
BMP , GIF, JPEG, JPG, PNG, PICT (Macintosh), PCX, TIFF, PSD (Adobe Photoshop)


ഇനി വെക്‍റ്റര്‍ എന്താണെന്ന് നോക്കാം അല്ലേ?


വെക്‍റ്ററുകള്‍ ബഹുരസമാണ് കൈകാര്യം ചെയ്യാന്‍, അതി മനോഹരവും. വെക്‍റ്റര്‍ ഗ്രാഫിക്സിന്റെ സൌന്ദര്യം അത് ഉപയോഗിച്ച് തന്നെ മനസ്സിലാക്കണം. അതിന്റെ പിന്നിലുള്ള കണക്കിലെ കളികള്‍ ആലോചിച്ച് തലപുണ്ണാക്കേണ്ട ആവശ്യമുണ്ടോ? ഇല്ലെന്നാകിലും സാമാന്യമായി വെക്‍റ്ററെന്താണെന്നു ഒന്നു പറഞ്ഞേക്കാം.റെസല്യൂഷനു അതീതമായ ഒരു ഗ്രാഫിക് സംവിധാനമാണ് വെക്‍റ്റര്. ( Resolution independent). അളവുകള്‍ പുനര്‍നിര്‍ണ്ണയിക്കാവുന്ന ധാരാളം സ്വതന്ത്ര ഓബ്‌ജക്റ്റുകള്‍ ചേര്‍ന്നാണ് ഒരു വെക്‍റ്റര് ഇമേജ് രൂപപ്പെടുന്നത്. ഗണിതത്തിലെ ചില സമവാക്യങ്ങളാണ് ഇവിടെ രൂപങ്ങളും അളവും നിര്‍ണ്ണയിക്കുന്നത്. പിക്‍സലുകള്അല്ല. അതിനാല്‍ തന്നെ വെക്‍റ്റര് ഇമേജ് മികച്ച ഗുണനിലവാരവും മേന്മയും ഉള്ളവയായിരിക്കും.

ഉദാഹരണത്തിനു ഒരു വരക്ക് അഥവാ രേഖക്ക് ഒരു സ്റ്റാര്‍ട്ടിംഗ് പോയിന്റും ദിശയും നീളവും വണ്ണവും എന്‍ഡിംഗ് പോയിന്റും ഉണ്ടായിരിക്കുമല്ലോ. അതുപോലെ ഒരു വൃത്തത്തിനു മധ്യവും റേഡിയസും ഒക്കെയും. ഇതെല്ലാം ഗണിത സമവാക്യങ്ങളനുസരിച്ചാണ് രൂപപ്പെടുന്നത്. നമ്മള്‍ ചുമ്മാതെ വരക്കുക, അണിയറയിലെ കളികളെകുറിച്ച് പരിഭ്രാന്തരാകേണ്ടതില്ല! വരകളും വളവുകളും രൂപങ്ങളും ഒക്കെത്തന്നെ പല രീതിയില്‍ എഡിറ്റ് ചെയ്യാവുന്നവയാണ്‌. വെക്‍റ്റര് ഓബ്‌ജറ്റ്കളെ ഏതളവു വരെയും വലുതാക്കാം, ചെറുതാക്കാം. എന്തൊക്കെ ചെയ്താലും ഓബ്‌ജക്റ്റിന്റെ വശങ്ങള്‍ (Edge) വളരെ ക്രിസ്‌പും ഷാര്‍പ്പുമായിത്തന്നെ നിലകൊള്ളും. ബിറ്റ്മാപിനെപ്പോലെ എഡ്‌ജ് പൊട്ടിപ്പോകുകയില്ല വെക്‍റ്ററില്‍. ഡ്രോയിംഗ് പ്രോഗ്രാമുകളില്‍ ഫോണ്ടുകളും വെക്‍റ്ററായിട്ടു തന്നെയാണ് രൂപപ്പെടുക. അങ്ങനെ അനേകം നിരവധി ഗുണങ്ങളുള്ള വെക്‍റ്ററിനു ചില പരിമിതികളും ഉണ്ട്. ഫോട്ടോ റിയലിസ്റ്റിക് ആയ ഇമേജുകള്‍ നിര്‍മ്മിക്കാന്‍ പലപ്പോഴും കഴിയില്ല. ഒരു ഫോട്ടോഗ്രാഫിന്റെ സൂക്ഷ്മമായ ടോണുകള്‍ സൃഷ്പ്പ്ടിക്കാന്‍ വെക്റ്ററിനാവില്ല. എന്നിരുന്നാലും വെക്‍റ്റര്‍ ഗ്രാഫിക് അതിവേഗം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അവിടെയാണ് അഡോബി ഇല്ലസ്ട്രേറ്ററിന്റെ മഹത്വം നമുക്ക് മനസ്സിലാവുക. മറ്റേതൊരു ഡ്രോയിംഗ് പ്രോഗ്രാമിലും കഴിയാത്ത ഫോട്ടോ റിയലിസ്റ്റിക് ഇമേജുകള്‍ ഇല്ലസ്ട്രേറ്ററില്‍ നമുക്ക് ചെയ്തെടുക്കാം.

ചിത്രം നോക്കുക.


സാധാരണ വെക്‍റ്റര്‍ ഫോര്‍മാറ്റുകള്‍ ഇവയാണ്.
AI (Adobe Illustrator), CDR (CorelDRAW), CMX (Corel Exchange), CGM Computer Graphics Metafile, DXF AutoCAD, WMF Windows Metafile.

ഇല്ലസ്ട്രേറ്ററിലേക്ക് തിരികെ വരാം.

ഞാന്‍ ഇങ്ങനെ ചോദിക്കും: ഇല്ലസ്ട്രേറ്ററിനേക്കാള്‍ മികച്ച ഒരു ഡ്രോയിംഗ് പ്രോഗ്രാം നിങ്ങള്‍ക്ക് കാണിച്ചു തരാനാകുമോ? ഇല്ലസ്ട്രേറ്റര്‍ ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേഡ് ആയ ആപ്ലിക്കേഷനാണ്. വെക്റ്റര്‍ ആര്‍ട്ട് രംഗത്തെ അതികായന്മാര്‍ മിക്കവരും ഇല്ലസ്ട്രേറ്റര് ആണുപയോഗിക്കുന്നത്.

ശരി ഇല്ലസ്ട്രേറ്റര് തുറന്നു നോക്കാം. ഫോട്ടോഷോപ്പ് ഉപയോഗിച്ചിട്ടുള്ളവര്‍ക്ക് ഇല്ലസ്ട്രേറ്ററും പരിചിതമായി തോന്നും. എന്നാല്‍ അവിടെ കാണുന്ന പല ടൂളുകളും എന്തിനുള്ളതാണെന്ന് മനസ്സിലാകാതെ തുടക്കക്കാര്‍ പരിഭ്രമിക്കും. കാഴ്‌ച്ചയില്‍ ഫോട്ടോഷോപ്പും ഇല്ലസ്ട്രേറ്ററും ഇരട്ട സഹോദരന്മാരെ പോലെ ആണെങ്കിലും സ്വഭാവത്തില്‍ രണ്ടും രണ്ടു തരക്കാരാണ്. തമിഴ് സിനിമകളിലെ ഡബിള്‍ റോള്‍ ബ്രദേഴ്‌സിനെപ്പോലെ ! ഉദാഹരണത്തിനു രണ്ടു പ്രോഗ്രാമുകളിലും പെന്‍ ടൂളും ഗ്രേഡിയന്റ് ടൂളുമുണ്ട്. എന്നാല്‍ രണ്ടിലും രണ്ട് ഉപയോഗമാണ് അവക്കുള്ളത്.

ഒരു കാര്യം അടിസ്ഥാനപരമായി മനസ്സിലാക്കുക. ഇല്ലസ്ട്രേറ്റര് ഒരു അത്ഭുത ടൂള്‍ തന്നെയാണ്. എന്നാല്‍ അത് വെറും ടൂള്‍ മാത്രമാണ്. അല്ലാതെ ഒരു മാജിക് ബോക്സൊന്നുമല്ലല്ലോ! എങ്ങനെ വരക്കണമെന്ന് ഇല്ലസ്ട്രേറ്റര് നമ്മെ പഠിപ്പിക്കില്ല; എങ്ങനെ ഡിസൈന്‍ ചെയ്യാമെന്നും. ഇല്ലസ്ട്രേറ്റര്‍ നമ്മെ കലാകാരനാക്കില്ല എന്നു ചുരുക്കം. കല പഠിക്കണമെങ്കില്‍ ഫൈന്‍ ആര്‍ട്സ് സ്കൂളില്‍ പോയാലേ പറ്റൂ :) (ഗ്രാഫിക് ഡിസൈന്‍ എന്ന റ്റാബ് നോക്കുക. ഗ്രാഫിക് ഡിസൈന്റെ അടിസ്ഥാന പാഠങ്ങള്‍ അവിടെ പറയുന്നുണ്ട്).

ഇല്ലസ്ട്രേറ്റര് നമ്മുടെ വര വേഗത്തിലും എളുപ്പത്തിലുമാക്കാനും മനോഹരമാക്കാനും നമ്മെ സഹായിക്കും. ഒന്നു കൂടി പറഞ്ഞോട്ടെ, ഒരു വെള്ള പേപ്പറും കുറേ ക്രയോണുമുണ്ടെങ്കില്‍ അനായാസം വേഗത്തില്‍ ഇല്ലസ്ട്രേറ്ററില്‍ വരക്കാവുന്നത് നമുക്ക് വരച്ചെടുക്കാമല്ലോ? പിന്നെന്തിന് ഇല്ലസ്ട്രേറ്റര്!! എന്നു ചോദിച്ചേക്കാം. സംഗതി എന്താണെന്ന് വെച്ചാല്‍ നാം ജീവിക്കുന്നത് ഡിജിറ്റല്‍ യുഗത്തിലാണ്, അതു പോലെ വേഗതയുടെ യുഗത്തിലുമാണ് എന്നു മനസ്സിലാക്കിയാല്‍ മതി. കമ്പ്യൂട്ടറെന്തിന് എന്ന ചോദ്യത്തിനുള്ള ഉത്തരം തന്നെ ഇതിനും.

അപ്പോ ഇല്ലസ്‌ട്രറ്ററിനെ കുറിച്ച കൂടുതല്‍ വിവരങ്ങള്‍ നമുക്ക് മനസിലാക്കാമെന്ന് വിചാരിക്കുന്നു. അത് അടുത്ത പോസ്‌റ്റില്‍ പോരേ? ഇപ്പോത്തന്നെ നിങ്ങള്‍ക്ക് മുഷിഞ്ഞിട്ടുണ്ടാവും :)
Post a Comment