Jul 27, 2008

സംഗീതപ്പെരുമഴ

(Monday, April 30, 2007 @ ചിന്താവിഷ്ടനായ സിയ)


ഇപ്പം കേരളത്തില്‍ പാട്ടുകാരെ മുട്ടാണ്ട് നടക്കാന്‍ വയ്യ എന്നായിരിക്ക്‍ണൂ.
ചാനലായ ചാനലിലെല്ലാം സംഗീതോത്സവങ്ങള്‍, മത്സരങ്ങള്‍, ഡെപ്പാങ്കൂത്തുകള്‍...
മലയാളത്തില്‍ ഇന്നുവരെ ഇറങ്ങിയ സിനിമകളെല്ലാം പൌപ്പത്ത് പ്രാവശ്യം എല്ലാ ചാനലുകളും കൂടി കാണിച്ചിട്ടുണ്ടാവും.
പിന്നെ സമയം നിറക്കാന്‍ പാട്ടും പാട്ടു മത്സരങ്ങളും.
പാട്ട് സിനിമ, സിനിമ പാട്ട്, പാട്ട് സിനിമ
കല്പവൃക്ഷമായ തെങ്ങിന്റെ ഒരു ഭാഗവും കളയില്ല എന്ന പോലെയാണ് സിനിമയും പാട്ടും ചാനലില്‍ നിറയുന്നത്.
പാ‍ട്ട് തേങ്ങയായും പാട്ട് കരിക്കായും പാട്ട് കൊപ്രയായും പാട്ട് വെളിച്ചെണ്ണയായും പാട്ട് ഓലയായും പാട്ട് ഈര്‍ക്കിലിയായും പാട്ട് കൊതുമ്പായും പാട്ട് മച്ചിങ്ങയായും പാട്ട് പൂക്കുലയായും പാട്ട് പട്ടയായും (തെങ്ങിന്‍ പട്ട) പാട്ട് തടിയായും പാട്ട് പൊറ്റയായും ചാനലുകാര്‍ നമുക്കു മുന്നില്‍ അവതരിപ്പിക്കുന്നു.
ഒരു പാട്ടും ഒന്നരമില്യണ്‍ പരിപാടികളും.
മത്സരങ്ങള്‍ ആഹ!
ഗന്ധര്‍വ്വ സംഗീതം, ഐഡിയ സ്റ്റാര്‍ സിംഗര്‍, മൈനസ് ട്രാക്ക്, ലിറ്റില്‍ മാസ്റ്റര്‍, സൂപ്പര്‍സ്റ്റാര്‍, മൂസിക്കല്‍ ചെയര്‍, സരിഗമപ, പധനിസ ഗാ...
അപ്പം പറഞ്ഞു വന്നത് മത്സരാര്‍ത്ഥികളേ സഹിക്കാം...
ഈ ജഡ്‌ജിമാരെ സഹിക്കണ കാര്യം....
ഹെന്റ ദൈവമേ! ഞങ്ങള്‍ക്കായി അങ്ങ് ഈ സാധനങ്ങളെ ഏതു പാതാളത്തില്‍ നിന്ന് അവതരിപ്പിച്ചു പ്രഭോ?!
ഏതെങ്കിലും ചാനലില്‍ എപ്പളെങ്കിലും 3 വരി പാടിയതിന്റെ പേരില്‍ ജഡ്‌ജിയായ,
സംഗീത സാഗരം നീന്തിക്കടന്ന, സര്‍വ്വം തികഞ്ഞ ഈ മഹാ സംഗീതജ്ഞരുടെ അഭിപ്രായപ്രകടനങ്ങളുടെയും ഉപദേശങ്ങളുടെയും മുന്നില്‍ പകച്ചു നില്‍ക്കുന്ന പിഞ്ചു കുഞ്ഞുങ്ങളുടെ രൂപം സ്വപ്നത്തില്‍ പോലും എന്നെ വേട്ടയാടുന്നു.
ആകയാല്‍ ഒരു നിര്‍ദ്ദേശം മാത്രം.
പുതിയൊരു സംഗീത മത്സരം കൂടി നടത്തുക.
കുരുന്നു മക്കളും ഈ ജഡ്‌ജിമാരും മത്സരത്തില്‍ പങ്കെടുക്കട്ടെ.
ദക്ഷിണാമൂര്‍ത്തി സ്വാമിയും ഇളയരാജയും വിധികര്‍ത്താക്കളാകട്ടെ...
ജഡ്‌ജിമാരില്‍ പലരും ആദ്യറൌണ്ടില്‍ പുറത്തായില്ലെങ്കില്‍...
ദേ, ഈ സംഗീതപരിപാടി മുഴുവന്‍ റെക്കോഡ് ചെയ്ത് എന്നെ കാണിച്ചോളൂ...

Posted by ::സിയ↔Ziya at 2:13 AM

22 comments:

::സിയ↔Ziya said...

ഇപ്പം കേരളത്തില്‍ പാട്ടുകാരെ മുട്ടാണ്ട് നടക്കാന്‍ വയ്യ എന്നായിരിക്ക്‍ണൂ.
ചാനലായ ചാനലിലെല്ലാം സംഗീതോത്സവങ്ങള്‍, മത്സരങ്ങള്‍, ഡെപ്പാങ്കൂത്തുകള്‍...

എന്താ ചെയ്യണേ..
April 30, 2007 2:18 AM
അഗ്രജന്‍ said...

എല്ലാം നല്ലതിന്...!

നടന്നതും, നടന്നുകൊണ്ടിരിക്കുന്നതും, നടക്കാനുള്ളതും - എല്ലാം - സമാധാനിക്കൂ കുഞ്ഞേ :)
April 30, 2007 2:24 AM
Sul | സുല്‍ said...

നീ നല്ലവനാ സിയ :)
April 30, 2007 2:27 AM
പൊതുവാള് said...

'കുരുന്നു മക്കളും ഈ ജഡ്‌ജിമാരും മത്സരത്തില്‍ പങ്കെടുക്കട്ടെ.
ദക്ഷിണാമൂര്‍ത്തി സ്വാമിയും ഇളയരാജയും വിധികര്‍ത്താക്കളാകട്ടെ...
ജഡ്‌ജിമാരില്‍ പലരും ആദ്യറൌണ്ടില്‍ പുറത്തായില്ലെങ്കില്‍...
ദേ, ഈ സംഗീതപരിപാടി മുഴുവന്‍ റെക്കോഡ് ചെയ്ത് എന്നെ കാണിച്ചോളൂ... '

പകരം സിയാക്ക് ഞാന്‍ പാടിയ പാട്ട് കേള്‍പ്പിക്കാം എന്താ?:)
April 30, 2007 2:37 AM
sandoz said...

നിന്റെ കൊച്ചിനെ നീ ഈ മത്സരത്തിനു വിടണ്ടാ...
തീര്‍ന്നില്ലേ....
വല്യ പാടായല്ലാ ഇത്‌...

ഈ പരിപാടീം കാണണ്ടാ....
നല്ല കരളലിയിക്കണ സീരിയല്‍ ഉണ്ടല്ലോ..

അഗ്രു പറഞ്ഞത്‌ കേട്ടില്ലേ.....
അമ്മ മനസ്‌ തീര്‍ന്നു....ഇനി നേരത്തേ ചോറു കിട്ടും എന്ന്....

പിന്നെന്തിന ഇതൊക്കെ കാണാണേ......
ഒന്നും പോരാഞ്ഞിട്ട്‌ ഉണ്ണിയാര്‍ച്ച വാളെടുത്തു എന്നും കേട്ടു.....
സിനിമകള്‍ അങ്ങനെ കാണാത്ത എന്റെ ഏക പ്രതീക്ഷ ഉണ്ണിയാര്‍ച്ചയായി അഭിനയിക്കുന്ന ആ മറുനാടന്‍ നടിയില്‍ ആണു......
കാത്തോളണേ മാത്രുഭൂമി പ്രോഡക്ഷന്‍സേ....
April 30, 2007 2:46 AM
നിമിഷ::Nimisha said...

"ഏതെങ്കിലും ചാനലില്‍ എപ്പളെങ്കിലും 3 വരി പാടിയതിന്റെ പേരില്‍ ജഡ്‌ജിയായ,
സംഗീത സാഗരം നീന്തിക്കടന്ന, സര്‍വ്വം തികഞ്ഞ ഈ മഹാ സംഗീതജ്ഞരുടെ അഭിപ്രായപ്രകടനങ്ങളുടെയും ഉപദേശങ്ങളുടെയും മുന്നില്‍ പകച്ചു നില്‍ക്കുന്ന പിഞ്ചു കുഞ്ഞുങ്ങളുടെ രൂപം സ്വപ്നത്തില്‍ പോലും എന്നെ വേട്ടയാടുന്നു."

സിയാ ഈ പറഞ്ഞത് 100% ശരി തന്നെ. ഒരു ഗൌരവമാര്‍ന്ന വിഷയത്തെ സരസമായി, വളരെ നന്നായി സിയ അവതരിപ്പിച്ചിരിയ്ക്കുന്നു.
April 30, 2007 2:58 AM
അനാഗതശ്മശ്രു said...

പുതിയ സിനിമയില്‍ ചെട്ടികുളങ്ങര ഭരണി നാളില്‍ എന്ന ഗാനം എഴുതിയവരെയും കേട്ടവരെയും ചെട്ടീ ചെട്ടീ എന്നു വിളിക്കുന്നതു കേട്ടോ?
തമ്പിയും അര്‍ജുനനും കേരലം വിടാന്‍ ഉദ്ദേശിക്കുന്നു.
പുതിയ ആ സംഗീതം ചൊട്ടാമുംബൈ യില്‍..
April 30, 2007 2:58 AM
നിമിഷ::Nimisha said...

സാന്റ്റോസേ, നവ്യയെ വിട്ടിട്ട് ഇപ്പൊ ഉണ്ണിയാര്‍ച്ചയിലായി പ്രതീക്ഷ അല്ലെ? ഉറുമി ഒന്ന് വീശിയാല്‍ തല കാണില്ല സൂക്ഷിച്ചോ :) (സിയ ഓഫിന് മാപ്പ്)
April 30, 2007 3:01 AM
ബയാന്‍ said...

പാട്ടു പാടിയുറക്കാം ഞാന്‍ താമരപ്പൂമ്പൈതലേ.....
April 30, 2007 3:04 AM
sandoz said...

നിമിഷേ...
നവ്യയെ അങ്ങനെ വിടില്ല ഞാന്‍.....
പിന്നെ ഓരോ വാര്‍ഡിലും ഓരോ പ്രതീക്ഷ...
ഏത്‌ പ്രതീക്ഷയാണു അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെടണത്‌ എന്നു പറയാന്‍ പറ്റില്ലല്ലോ......

ഓഫിനു മാപ്പ്‌ ചോദിക്കാനോ...
ഇവനോടാ...എന്റെ കൈസര്‍ ചോദിക്കും......[ദയവായി കൈസര്‍ ആരാ എന്ന് ചോദിക്കരുത്‌...]
April 30, 2007 3:11 AM
ഏറനാടന്‍ said...

സിയാ അച്ചരം പതി സരിയാണാ പറഞ്ഞത്‌. ഉദാ:-

സംഗീതമേ അമരസല്ലാപമേ..

അതുപണ്ട്‌,

സംഗീതമേ കോമരസല്ലാപമേ

ഇതിപ്പോ.. എന്റെ വായില്‍ വന്നത്‌.
April 30, 2007 3:16 AM
::സിയ↔Ziya said...

വേണ്ട.
കൈസര്‍ ആരാന്നു പറയണ്ട.
നിനക്കില്ലേലും എനിക്കുണ്ടെടാ ഇത്തിരി ബഹുമാനമൊക്കെ...
April 30, 2007 3:18 AM
sandoz said...

അതു ശരി.....
പ്രാന്തന്‍ പിച്ചാണ്ടിയോട്‌ ബഹുമാനമോ.......
എന്റെ വീടിന്റെയടുത്തുള്ള പ്രാന്തന്‍ പിച്ചാണ്ടിയെ ആണു നാട്ടുകാരും ഞാനും കൈസര്‍ എന്ന് വിളിക്കുന്നത്‌......

ചെറിയ വട്ടനു വലിയ വട്ടനോടുള്ള ബഹുമാനം...
അത്‌ മനസ്സിലാക്കാവുന്നതേയുള്ളൂ.....

സിയാ..കീപ്‌ ഇറ്റ്‌ അപ്‌...
April 30, 2007 3:28 AM
കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:
ആകെ ശനിയും ഞായറുമാ വീട്ടില്‍ പോയാല്‍ ടിവി കാണാന്‍(നമ്മ ഇഷ്ടത്തിന്) അനുവാദം കിട്ടുക.
ആ സമയത്താ കേറി വരും ഈ കുന്ത്രാണ്ടം..


ഓഫ്:
ആ ബഹുമാനമാണോ സിയാ ഈ പ്രതിപക്ഷ ബഹുമാനം ന്ന് പറേണത്?
April 30, 2007 3:33 AM
indiaheritage said...

സിയ :) :):)
April 30, 2007 3:53 AM
ഇത്തിരിവെട്ടം|Ithiri said...

സിയാ ചിന്താവിഷ്ടനാവരുത്... അത് അനാവശ്യണ്.
April 30, 2007 3:56 AM
::സിയ↔Ziya said...

തമാശയാണെങ്കിലും ഞാന്‍ ചൂണ്ടിക്കാട്ടിയത് വാസ്തവമായ ഒരു സംഗതി അല്ലേ?
പങ്കെടുത്തവര്‍ക്കെല്ലാം നന്ദി
April 30, 2007 9:42 AM
കപീഷ് said...

കൊള്ളാം.
ഇവറ്റകളെ രണ്ടു പറയേണ്ടത് തന്നെ ആയിരുന്നു.
നന്നായി
April 30, 2007 10:22 AM
SAJAN | സാജന്‍ said...

നമ്മളീ നാട്ടുകാരനല്ലേ..
ഒരു മലയാളം പ്രൊഗ്രാം പൂര്‍ണ്ണമായി കണ്ടിട്ട് വര്‍ഷങ്ങളായി,
എല്ലയിടത്തും കിട്ടുന്നത് ഏഷ്യാനെറ്റും അതിലെ കുറെ ചവര്‍ സീരിയലും..
അന്ന് നിര്‍ത്തിയതാ ടി വി കാണുന്ന പരിപാടി...
സിയാടെ ധാര്‍മിക രോഷം മന്‍സ്സിലാക്കുന്നു പക്ഷേ ലോകത്തിലുള്ള ഏത് പരിപാടിയെക്കാളും മോശമല്ലെ പ്രൈം ടൈമിലുള്ള ഈ സീരിയലുകള്‍!!!
April 30, 2007 3:13 PM
Siju | സിജു said...

സത്യം
May 1, 2007 12:51 AM
സുരലോഗം || suralogam said...

മയിലിനെക്കൊണ്ട് പാട്ടു പാടിക്കുക,കുയിലിനെക്കൊണ്ട് നൃത്തംചെയ്യിക്കുക,തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുക എന്നിവയൊക്കെയാണ് ഈ ഷോകളില്‍ റിയാലിറ്റി.
May 1, 2007 1:02 AM
എന്റെ കിറുക്കുകള്‍ ..! said...

100% സത്യം..
എഴുതിയത് നന്നായിരിക്കുന്നു.
May 2, 2007 11:03 AM

Jul 24, 2008

എസ് ഐയും പാര്‍ട്ടീം

(2007 ഒക്‍റ്റോബറില്‍ ‘ചിന്താവിഷ്‌ടനായ സിയ’യില്‍ പ്രസിദ്ധീകരിച്ചത്)

സംഭവ കഥയാണ്. പേരുകള്‍ സാങ്കല്‍പ്പികമാണെന്ന് മാത്രം.
പതിനെട്ടരക്കമ്പനിയിലെ ഷിബുവിന് അയലത്തെ അനുവിനോട് കലശലായ് പ്രേമം.
അസൂയ പൂണ്ട ഞങ്ങള്‍ ഷിബുവിനൊട്ടൊന്ന് പണിയാന്‍ തീരുമാനിച്ചു.
ഞങ്ങളഞ്ചാറു പേര്‍ ഒന്നിച്ച് ടെലിഫോണ്‍ ബൂത്തില്‍ ചെന്ന് ഷിബുവിനെ വിളിച്ചു.

“ഷിബുവാണോടാ? കരീലക്കുളങ്ങര എസ് ഐ ആണ് സംസാരിക്കുന്നത്. നീയാണോടാ പീഡനവീരന്‍? ഇനി ആ പെണ്ണിന്റെയെങ്ങാനും പൊറകേ നടന്നാല്‍ നിന്റെ നെഞ്ചാങ്കൂട് ഞാന്‍ ഇടിച്ചൊടിക്കും...#$%^& മനസ്സിലായോടാ?”

പാവം ഷിബു! പേടിച്ചു ഫോണ്‍ വെച്ചു.

“അവന്‍ വെച്ചു കളഞ്ഞു“. ഞാന്‍ പറഞ്ഞു.
“ആഹാ അങ്ങനെ വിട്ടാല്‍ പറ്റത്തില്ലല്ലോ? ഒന്നൂടെ വിളിക്കെഡാ...രണ്ട് പറഞ്ഞിട്ടേയുള്ളൂ...”
കൂട്ടത്തിലെ സാബുവിന് കലിപ്പ് തീരുന്നില്ല. അവസരം കിട്ടുമ്പൊളൊക്കെ ആവോളം പണി പശുവിന്‍‌പാലില്‍ കലക്കിത്തന്നിരുന്ന സാബുവിനു പൂമാലയിടാന്‍ പറ്റിയ അവസരം!

“എന്നാ ഒന്നൂടെ വിളിക്കാമല്ലേ” ഞാന്‍ സൂത്രത്തില്‍ സാബുവിന്റെ ബാപ്പയുടെ നമ്പര്‍ ഡയല്‍ ചെയ്‌ത് റിസീവര്‍ സാബുവിന്റെ കയ്യില്‍ കൊടുത്തു.

“ഹലോ" അങ്ങേത്തലക്കല്‍ നിന്നും.
“ഡാ പട്ടീ പറഞ്ഞത് കേട്ടോടാ...ലോക്കപ്പി കേറ്റി വാരിയെല്ല് ഊരിയെടുക്കും ഞാന്‍ പറഞ്ഞേക്കാം”
“ഹലോ, ആരാ സംസാരിക്കുന്നത്? എന്തുവാ പറയുന്നത്...”
“ഞാന്‍ കരീലക്കുളങ്ങര എസ് ഐ ആണെടാ....മരിയാദക്ക് അടങ്ങി ഒതുങ്ങി കഴിഞ്ഞോണം. ഇല്ലേ നിന്റെ എല്ലൂരും ഞാന്‍ റാസ്‌കല്‍! %^&*#മോനേ ”
ബാപ്പാന് പൊന്നുമോന്റെ സ്വരം കത്തി.
“ഡാ, വേലേം കൂലീമില്ലാതെ കല്ലിന്റെ പൊറത്ത് കുത്തിയിരിക്കുമ്പം എസൈയാ സര്‍ക്കിളാ എന്നൊക്കെ പലതും തോന്നും..എന്റെ മോന്‍ ഇഞ്ഞ് വീട്ടി വാ കേട്ടോ...തരാം”

പൊന്നുമോനു ബാപ്പാന്റെ സൊരവും കത്തി.

കിലുകിലാ വിറക്കുന്ന സാബുവിനെ നോക്കി ചിരിക്കണോ കരയണോ എന്നറിയാതെ ഞങ്ങള്‍ അട്ടഹസിച്ചു.

ഉച്ച മുതല്‍ കല്ലിന്‍‌പുറത്ത് ഒരേ ഇരുപ്പ്. വീട്ടില്‍ പോകില്ല സാബു. രാത്രിയായി. ഒരു എട്ടു മണി കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ അഞ്ചാറു പേര്‍ ചേര്‍ന്ന് വീട്ടില്‍ കൊണ്ടു വിടാന്‍ തീരുമാനിച്ചു. തുള്ളല്‍പ്പനി പിടിച്ചവനെ വൈദ്യന്റെ വീട്ടില്‍ കൊണ്ടു പോകുന്ന മാതിരി സബുവിനേം കൊണ്ട് ഞങ്ങള്‍ അവന്റെ വീട്ടിലേക്ക്.
വീടെത്തി. കോളിംഗ് ബെല്ലടിച്ചു. ബാപ്പ വന്നു. എല്ലാരേം ഒന്നു നോക്കി. എന്നിട്ട് അകത്തേക്ക് നോക്കി ഉറക്കെ വിളിച്ചു.
“എടിയേ, ദാണ്ടെ എസ് ഐയും പാര്‍ട്ടീം വന്നു നില്‍ക്കുന്നു. വല്ലോം ഒണ്ടെങ്കി കൊടുത്തു വിട്....”



50 comments:

::സിയ↔Ziya said...

എസ് ഐയും പാര്‍ട്ടീം ...
“അവന്‍ വെച്ചു കളഞ്ഞു“. ഞാന്‍ പറഞ്ഞു.
“ആഹാ അങ്ങനെ വിട്ടാല്‍ പറ്റത്തില്ലല്ലോ? ഒന്നൂടെ വിളിക്കെഡാ...രണ്ട് പറഞ്ഞിട്ടേയുള്ളൂ...”
കൂട്ടത്തിലെ സാബുവിന് കലിപ്പ് തീരുന്നില്ല.
“എന്നാ ഒന്നൂടെ വിളിക്കാമല്ലേ” ഞാന്‍ സൂത്രത്തില്‍ സാബുവിന്റെ ബാപ്പയുടെ നമ്പര്‍ ഡയല്‍ ചെയ്‌ത് റിസീവര്‍ സാബുവിന്റെ കയ്യില്‍ കൊടുത്തു.

പച്ചാളം : pachalam said...

ഹ ഹ നല്ല കലക്കന്‍ പണി!!
ഇത്രെം പേഡിച്ച എസ് ഐ നാട്ടില്‍ വേറെ കാണത്തില്ല.

Sul | സുല്‍ said...

എന്റെ സിയോ - കിയോ കിയോ
നിന്നെ കൂട്ടത്തില്‍ കൂട്ടാന്‍ പറ്റില്ലല്ലൊ മച്ചാ.
എന്തൊരു ചതിയാ കാണിച്ചേ.

എന്നാലും ചിരിച്ചു പരിപ്പിളകി.

-സുല്‍

കുറുമാന്‍ said...

പാവം സാബു. ക്രൂരന്‍ സിയ :)

ദില്‍ബാസുരന്‍ said...

ഈ ഫോണ്‍ ചെയ്ത് ആളെ പറ്റിക്കല്‍ പണ്ട് മുതലേ ഒരു ഹോബിയാണല്ലേ? ശരിയാക്കിത്തരാം. ശരിയാക്കിത്തരാം ട്ടാ. ;-)

ഇത്തിരിവെട്ടം said...

:)

സാബു എന്ന സാങ്കല്‍പ്പിക നമത്തിന്റെ യഥാര്‍ത്ഥ പേര് സിയാദ് എന്നണോ ?

ദില്‍ബാസുരന്‍ said...

ഓടോ: പച്ചാളത്തിന്റെ പടമെന്താ ഇങ്ങനെ? പോലീസ് സ്റ്റേഷനിലെ വാണ്ടഡ് ബോര്‍ഡില്‍ ഇട്ടിരിക്കുന്ന പടത്തിന്റെ നെഗറ്റീവാണ് പാവം ഡെവലപ്പ് ചെയ്ത് പ്രൊഫൈലില്‍ ഇട്ടിരിക്കുന്നത്. :)

ശ്രീ said...

പാവം സാബു.
;)

സഹയാത്രികന്‍ said...

ഹി..ഹി..ഹി.. പണിയണേല്‍...ഇങ്ങനെ പണിയണം...
:)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:ആ എസ് ഐ എന്ന പേര് സിയക്കല്ലേ ചേരുന്നത്? SI(ya) ഇനി അത് സ്വന്തം കഥയാണോ?

ഷാഫി said...

കീബോഡ് കപ്പി.

പ്രയാസി said...

പാവം സാബു.. വീട്ടിലെ കക്കയം ക്യാമ്പിലെ പീഡനം ഒറ്റക്കനുഭവിച്ചു കാണും..
ഹ,ഹ കൊള്ളാം സിയാ..
പണിയണേല്‍ ഇങ്ങനെ പണിയണം..കലക്കി..:)

മൂര്‍ത്തി said...

:)
ചാത്തന്റെ കണ്ടുപിടുത്തവും കൊള്ളാം..

Dinkan-ഡിങ്കന്‍ said...

രസായീണ്ട് :)
എസ്.ഐയ്ക്ക് സല്യൂട്ട്

തമനു said...

“എടിയേ, ദാണ്ടെ എസ് ഐയും പാര്‍ട്ടീം വന്നു നില്‍ക്കുന്നു. വല്ലോം ഒണ്ടെങ്കി കൊടുത്തു വിട്....”


ഹഹാഹഹ

കലക്കിപ്പൊളിച്ചല്ലൊ .... പാരേ..:)

Manu said...

first rate paara :)))

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...

:)

വേണു venu said...

പതിനെട്ടരയ്ക്കു് പണിഞ്ഞ പാര സാബുവിന്‍റെ തലയിലാണല്ലോ പണി പറ്റിച്ചതു്.:)

വാത്മീകി said...

ഇതാണ് യഥാര്‍ത്ഥ സ്നേഹിതന്‍.

എന്റെ ഉപാസന said...

സിയ തന്നെയല്ലേ നായകന്‍...
അല്ലേന്ന്
കൊള്ളാം സ്വംഭവം
:)
ഉപാസന

sandoz said...

ഹ.ഹ.ഹ...
നീ ഇതല്ലാ ഇതിനപ്പറോം ചെയ്യും...
എന്നാലും ഇത്‌ ഒടുക്കത്തെ പാരേയ്‌ പോയട ദുഷ്ടാ........

Siju | സിജു said...

പാരസിയാ..

മെലോഡിയസ് said...

എന്നാലും സിയേ..ഇത്രയും വേണ്ടിയിരുന്നില്ലാ ട്ടാ..

പക്ഷേ, പാര കിടിലം തന്നെ

ഏ.ആര്‍. നജീം said...

നിങ്ങള്‍ എല്ലാം കൂടി ഈ സിയായേ ഇങ്ങനെ കുറ്റപ്പെടുത്തല്ലെ..പാവം
അത് അന്തക്കാലമല്ലേ.. ഇപ്പൊ സിയ ഡീസന്റായീ...

::സിയ↔Ziya said...

ഇപ്പ ഞാനാരായി???
എല്ലാരും എന്റെ നെഞ്ചത്ത്...എനിക്കിത് കിട്ടണം...
എന്താ കാരണം?
ഒരു വരി ചേര്‍ക്കാന്‍ ഞാന്‍ മറന്നു പോയതല്ലേ...
അതെന്താ ആ വരി!

അത്...സംഗതി ഈ സാബു ഒണ്ടല്ലോ തരം കിട്ടുമ്പോഴൊക്കെ എനിക്കിട്ട് ഒറ്റക്കും പെട്ടക്കും ഒത്തിരി പാര പണിതിട്ടുള്ളവനാ...തരത്തിനു കിട്ടീപ്പം ഒന്നു മെനയാമെന്ന് ഞാനും നിരീച്ചു....

ദാറ്റ്സ് ഓള്‍ യോര്‍ ഓനര്‍ !!!

കൃഷ്‌ | krish said...

കലക്കി SIya.

"ദേ കെടക്കണു എസൈയും പാര്‍ട്ടീം”

(ഇങ്ങനെ ഒരു ഹാസ്യകഥയുണ്ട്. ഇവിടെ പറയാന്‍ കൊള്ളൂലാ...)

എതിരന്‍ കതിരവന്‍ said...

എന്നാലും ഇത്രയും സെന്‍സ് ഓഫ് ഹ്യൂമര്‍ ഉള്ള ബാപ്പയെ സമ്മതിക്കണം!

ബാപ്പാ, മോനെ ഒന്നും ചെയ്തെക്കരുതേ, പാരമ്പര്യമായിട്ട് ഒരു വിവരവും കിട്ടിയിട്ടില്ല അവന്‍്. പിന്നെ അവന്റെ കൂട്ടുകാരായ ഞങ്ങളൊക്കെയാണ് ഒരു ബലം.

പൈങ്ങോടന്‍ said...

ഇത്രയും സ്‌നേഹമുള്ളവനാണ് സിയ എന്ന് അറിഞ്ഞിരുന്നില്ല
എന്താ മച്ചാ വീട്ടുപേര്? കുടുംബംകലക്കി എന്നോ മറ്റോ ആണൊ? ഹ ഹ ഹ

::സിയ↔Ziya said...

എതിരാ കതിരാ, പൈങ്ങോടാ
ഡോണ്ടൂ ഡോണ്ടൂ.... :)

ഇക്കാസ് മെര്‍ച്ചന്റ് said...

ഹഹഹ ഇത് കലക്കിക്കളഞ്ഞു.
തെരക്കിനെടേല്‍ ഒരു ചിരിഗുളിക കഴിച്ചപ്പൊ എന്താ ഒരാശ്വാസം...
:)

ശ്രീജിത്ത്‌ കെ said...

ഹ ഹ

G.manu said...

hahaha..last para kasari

MOHAN PUTHENCHIRA (മോഹന്‍ പുത്തന്‍‌ചിറ) said...

എസ് ഐ കളി കലക്കി

മന്‍സുര്‍ said...

സിയ...

അടിപൊളി.......സൂപ്പര്‍

നന്‍മകള്‍ നേരുന്നു

നിഷ്ക്കളങ്കന്‍ said...

ഹ.ഹ.ഹ... അക്രമമായിപ്പോയെങ്കിലും ചിരിയ്ക്കാതെ വ‌യ്യ!

TESSIE | മഞ്ഞുതുള്ളി said...

കൊള്ളാം...

പക്ഷെ ഈ ജാതി പണിക്കു പോയാല്‍ സാധാരണ കൊണ്ടേ പോകൂ...

ഇതിപ്പൊ... ഡയലോഗുമടിച്ചു കേസ് ക്ലോസ്ഡ് ആക്കിയല്ലോ...

നിങ്ങടെ ഭാഗ്യം ;-)

സതീശ് മാക്കോത്ത് | sathees makkoth said...

സിയ ഇത്രയ്ക്ക് ക്രൂരനാവേണ്ടിയിരുന്നില്ല:)

കൊച്ചു മുതലാളി said...

:) കലക്കി.

പുതുവത്സരാശംസകള്‍

ദില്‍ said...

വലതു തോളിലിരുന്ന് ഇടത്തേ ചെവി കടിക്കുന്ന ഏര്‍പ്പാടാണല്ലേ മാഷിന്... ഗൊള്ളാം

ഒരു സ്നേഹിതന്‍ said...

സിയാ....
സംഭവം കല്ലക്കി... പാരവെക്കുമ്പോൾ ഇങനെ വെക്കണം....
പാര വല്ലതും ആവശ്യം വരുമ്പോൾ ചോദിക്കാലോ അല്ലെ????...

ആശംസകൾ...

ഹരിയണ്ണന്‍@Hariyannan said...

കലക്കന്‍ പാര!

ഇപ്പോഴാ കണ്ടത്!!

'മുല്ലപ്പൂവ് said...

:)

'മുല്ലപ്പൂവ് said...

നന്നായിട്ടുണ്ട്....
നന്‍മകള്‍ നേരുന്നു...
സസ്നേഹം,
മുല്ലപ്പുവ്..!!

ചിരിപ്പൂക്കള്‍ said...

സിയാ കലക്കീട്ടുണ്.
“ കലുങ്കിന്റെ പുറത്ത് ഇങ്ങനെ വേലയും കൂലിയുമില്ലാതിരിക്കുമ്പോ ഇങ്ങനെ പലതും തോന്നും”. പിന്നെ അവസാനത്തേ കമന്റും..

ഒത്തിരി ചിരിപ്പിച്ചു.
നിരഞ്ജന്‍..

സിമി said...

ഹെന്റമ്മോ, ചിരിച്ച് പരിപ്പിളകി!

BS Madai said...

സിയ,
ഇതുപോലെ “ഉപയോഗിക്കാന്‍” പറ്റിയ പാര ഐറ്റം വേറെ ഉണ്ടോ?! പബ്ലീഷ് ചെയ്യുന്നതിനു മുന്‍പ് പറഞുതന്നാല്‍ ഉപകാരപ്പെടുമായിരുന്നു!!
കലക്കി കേട്ടോ... അഭിനന്ദനങള്‍... waiting for next para...

Visala Manaskan said...

ഇത് ഞാന്‍ കണ്ടില്ലാരുന്നു.

തകര്‍ത്തുട്ടാ എസ്സൈയേമാനേ...

...പകല്‍കിനാവന്‍...daYdreamEr... said...

എത്താന്‍ വൈകി ഇവിടെ... കലക്കി ഈ എഴുത്ത്...
ഇത് പെരിങ്ങാല സാബുവിന് പറ്റിയ അമളിയാണോ?

your othr blog also very well.
i am writing a blog about animation.. pls. chk..
i am also from kayamkulam..

കുമാരന്‍ said...

ചിരി നിര്‍ത്താന്‍ പറ്റുന്നില്ല.!!

::സിയ↔Ziya said...

നന്ദി...
അടച്ച ബ്ലോഗിലും കമന്റിട്ടവര്‍ക്കും :)

Jul 22, 2008

ഇത് ഇന്ത്യയുടെ കറുത്തദിനം

ജനാധിപത്യത്തെ നിസ്സങ്കോചം വ്യഭിചരിച്ച് കോണ്‍ഗ്രസ്സ് വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ചു.
പണക്കൊഴുപ്പില്‍ രാജ്യം തോറ്റു, കോണ്‍ഗ്രസ്സ് വിജയിച്ചു.
ഇത് ഇന്ത്യയുടെ കറുത്ത ദിനം.
ഒരു രാജ്യത്തിന്റെ മുഴുവന്‍ വികാരം മാനിക്കാതെ സ്വന്തം അജണ്ട നടപ്പാക്കിയ പ്രധാനമന്ത്രി വീണ്ടുമൊരു അടിമത്തത്തിലേക്ക് നമ്മെ തള്ളിയിട്ടിരിക്കുന്നു.

ഭൂരിപക്ഷത്തിന്റെയോ വിജയത്തിന്റെയോ സാങ്കേതികതകള്‍ ഭരണവര്‍ഗ്ഗത്തിന് അഭിമാനമാകുന്നില്ല ഇന്ന്...
ഇന്ന് ഓരോ ഇന്ത്യക്കാരനും അപമാനഭാരത്താല്‍ തലകുനിക്കുന്നു...
ഒരു മഹാരാജ്യത്തിന്റെ ആത്മാഭിമാനം ലോകത്തിനു മുന്നില്‍ സമാജ്‌വാദി പാര്‍ട്ടിയുമായി ചേര്‍ന്ന് കോണ്‍ഗ്രസ് പണയം വെച്ചിരിക്കുന്നു...

ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കാണ് ഇന്ന് ലോക്‍സഭ സാക്ഷ്യം വഹിച്ചത്.
സി.പി.എം അംഗം ബസുദേവ്‌ ആചാര്യ പ്രസംഗം നിര്‍ത്തി സമാജ്‌ വാദി പാര്‍ട്ടിയംഗം മോഹന്‍സിങ്ങ്‌ പ്രസംഗം തുടങ്ങുന്നതിനിടയിലാണ്‌ ബി.ജെ.പിയുടെ മൊറീനയില്‍ നിന്നുള്ള എം.പി അശോക്‌ അര്‍ഗാല്‍ നോട്ടുകെട്ടുകളുമായി സഭയുടെ നടുക്കളത്തിലിറങ്ങിയത്‌. മധ്യപ്രദേശില്‍ നിന്നുള്ള മറ്റു രണ്ട്‌ എം.പിമാര്‍ സര്‍ക്കാരിന്‌ അനുകൂലമായി വോട്ടുചെയ്യാന്‍ സമാജ്‌വാദി പാര്‍ട്ടിനേതാക്കള്‍ നല്‍കിയ കൈക്കൂലിയാണിതെന്ന വെളിപ്പെടുത്തലുമായി ബാഗുകള്‍ തുറന്ന്‌ ആയിരത്തിന്റെ നോട്ടുകെട്ടുകള്‍ ഉയര്‍ത്തിക്കാട്ടി ആദ്യ എം.പിയ്‌ക്കൊപ്പം കൂടി.

കയ്യിലുണ്ടായിരുന്ന ട്രാവല്‍ ബാഗ്‌ സെക്രട്ടറി ജനറലിന്റെ മേശപ്പുറത്ത്‌ തുറന്ന്‌ വെച്ച്‌ അശോകും കൂട്ടരും ആയിരത്തിന്റെ പത്തു നോട്ടുകെട്ടുകള്‍ പുറത്തെടുത്ത്‌ മറ്റുള്ളവരെ ഉയര്‍ത്തിക്കാട്ടിയത്‌ എല്ലാവരെയും അക്ഷരാര്‍ത്ഥത്തില്‍ സ്‌തംഭിപ്പിച്ചു. വിശ്വാസവോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആവശ്യപ്പെട്ട് നല്‍കാമെന്നേറ്റ എട്ടു കോടി രൂപയുടെ ആദ്യഗഡുവാണിതത്രേ.

സി എന്‍ എന്‍ -ഐ ബി എന്‍ ചാനല്‍ പണം കൊടുക്കുന്നത് ചിത്രീകരിച്ചിരിക്കുന്നു. ടേപ്പ് അവര്‍ സ്പീക്കര്‍ക്ക് കൈമാറിയിട്ടുണ്ട്.

ഇത് പാര്‍ലമെന്ററി ജനാധിപത്യത്തിന് അപമാനമാണ്.

കോഴ കൊടുക്കുന്നതും വാങ്ങുന്നതും ശിക്ഷാര്‍ഹമെങ്കില്‍ നല്‍കിയ പാര്‍ട്ടികളും വാങ്ങിയ ബിജെപിയും ഒരു പോലെ ശിക്ഷിക്കപ്പെടണം.

ഒരിന്ത്യാക്കാരന്‍ എന്ന നിലയില്‍ ഞാന്‍ വേദനയോടെ ലജ്ജിക്കുന്നു- അത്രമാത്രം.

OFF the people, FAR the people, BYE BYE to the people

Jul 17, 2008

മഴ പെയ്യുമ്പോള്‍...

മഴമാസമണയുന്നതിനും വളരെ മുമ്പേ
പുര ഓലമേഞ്ഞ് നന്നാക്കും
പൊട്ടിയ ഓട് മാറും
കോണ്‍ക്രീറ്റിനു മീതേ
ഇരുമ്പ്കാല്‍ നാട്ടി ഷീറ്റ് പാകും

മഴ മഴ കുട കുട
മഴക്കോട്ട്, തൊപ്പി
മരുന്നുകള്‍ നേരത്തേ കരുതും

മഴക്കാറു കാണുമ്പോള്‍
ഝടുതിയില്‍ വീടണയും
വഴിമധ്യേ മഴ വന്നാല്‍
പീടികത്തിണ്ണ, വെയ്‌റ്റിംഗ് ഷെഡ്
വലിയ മരച്ചുവടായാലും മതി
മഴ ഉപദ്രവിക്കരുത്

ഇന്ന്

മഴ വരണം
ഞാനെങ്ങുമോടില്ല
എനിക്ക് നനയണം
മഴയിലേക്കിറങ്ങണം
മഴപെയ്തു കൊണ്ടേയിരിക്കണം
ഞാന്‍ നനഞ്ഞ് കൊണ്ടേയിരിക്കും
മഴപെയ്തു കൊണ്ടേയിരിക്കണം
എന്റെ മിഴിനീര്‍ മഴയിലലിയുന്നത്
നിങ്ങള്‍ കാണില്ലല്ലോ