Jan 6, 2008

അങ്ങനെ ഒരു ഡയറക്റ്റ് മാര്‍ക്കറ്റിംഗ് - 1

2007 ജനുവരി 27 ന് ‘അങ്ങനെ ഓരോന്നില്‍ ’ പ്രസിദ്ധീകരിച്ചത്

കൌമാരമൊക്കെ കഴിഞ്ഞു യുവത്വത്തിലേക്കു പ്രവേശിക്കുന്ന സുരഭില കാ‍ലഘട്ടം പ്രാരബ്ധങ്ങളുടേത് കൂടിയാ‍യിരുന്നു. “എത്ര കാലമാടാ തന്തേടേം തള്ളേടേം ചെലവില്‍” എന്ന മാതാജിയുടെ മന്ത്രോച്ചാരണം പുളകിതമാ‍ക്കിയിരുന്ന പുലര്‍വേളകള്‍. പുറത്തിറങ്ങുമ്പോള്‍ എതിരേ വരുന്ന മൂപ്പിത്സിന്റെ കുശലാന്വേഷണം.“ ജോലിയൊന്നുമായില്ല, ഇല്ലിയോ മോനേ…” ഒന്നും മിണ്ടാതെ നടന്നു നീങ്ങുമ്പോള്‍ മൂ‍പ്പിലാന്റെ ആത്മഗതം കേള്‍ക്കാം…“കാല്‍ സറായീം കേറ്റി രാവിലെ എറങ്ങിക്കോളും, നാട്ടുകാരുടെ നെഞ്ചത്തു കേറാന്‍…എവനെക്കൊണ്ടൊന്നും ജോലീം വേലേമെടുക്കാന്‍ ആകത്തില്ല…”

തങ്കപ്പണ്ണന്റെ മുറുക്കാന്‍ കടേലെ ബെഞ്ചിലിരുന്ന് തല ചൊറിയും. “അമ്മാ വല്ലതും തരണേക്ക്” അമ്പത് പൈസാ കൈവെള്ളയിലേക്കെറിഞ്ഞു കൊടുക്കുന്ന ധനിക വീട്ടമ്മയുടെ ധാര്‍ഷ്ട്യത്തോടെ തങ്കപ്പണ്ണന്‍ കയ്യിലേക്കെറിഞ്ഞു തരും…ഒരു പൊതി മൈസൂര്‍ ബീഡി! മുറുക്കാന്‍ കടേലെ പറ്റുപടി റോക്കറ്റ് കണക്കേ മുകളിലേക്കുയരുന്നതിന്റെ സന്തോഷപ്രകടനം മാത്രമാണത്. വില്‍സ് , സിസര്‍ ഫില്‍ട്ടര്‍ തുടങ്ങിയ ആഡ്യ മഞ്ഞപ്പഞ്ഞിക്കാരില്‍ നിന്നും ഫില്‍ട്ടറില്ലാത്ത സാദാ സിസര്‍, നാലണയുടെ ചാര്‍മിനാര്‍ എന്നിവര്‍ വഴി ഇപ്പോള്‍ എത്തി നില്‍ക്കുന്നത് നാലണക്ക് നാലുള്ള മൈസൂ‍ര്‍ ബീഡിയിലാണ്.

ജോലിക്കൊന്നും ശ്രമിക്കാഞ്ഞിട്ടല്ല. മഹത്തായതെന്നു ലോകം വാഴ്ത്തുന്ന വാധ്യാരു പണിയില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് താ‍നും. വീടു വീടാന്തരം കയറിയിറങ്ങി കുട്ടികളെ പഠിപ്പിക്കുന്ന ‘ഹോം ട്യൂഷന്‍’ എന്ന കലാപരിപാടിക്ക് ‘കറവ’ എന്നാണ് നാട്ടുകാര്‍ കല്‍പ്പിച്ചു നല്‍കിയിരിക്കുന്ന ഓമനപ്പേര്. ‘കറക്കു’ന്നത് പശുക്കളെയല്ല, പിഞ്ചുപൈതങ്ങളെയാണെന്ന് മാത്രം. ഒന്നു രണ്ടു കറവ സ്വന്തമായി ഉണ്ടെങ്കിലും കറവക്കാശ് മൂക്കിപ്പൊടിക്കു പോലും തികയുന്നില്ല.

ട്യൂട്ടോറിയല്‍ കോളജില്‍ പഠിപ്പിക്കുന്നത് കൊണ്ട് രണ്ട് ലാഭമുണ്ട്. “വാധ്യാരേ…..”ന്ന് നാട്ടുകാരുടെ നീട്ടിയുള്ള പരിഹാസവിളിയും അരുതാത്തിടങ്ങളില്‍ അരുമശിഷ്യന്മാരെയെങ്ങാനും കണ്ടുപോയാല്‍ “ഇങ്ങേര്‍ക്കിതെന്തിന്റെ കേടാ, എഴുന്നെള്ളാന്‍ കണ്ട നേരമെന്ന” അവന്മാരുടെ കുശുകുശുപ്പും. ‘അക്ഷരാ കോളജില്‍‘ നിന്ന് മൊത്തത്തില്‍ കിട്ടുന്ന ഫീസ് പ്രിന്‍സിപ്പാളിന്റെ സഹധര്‍മ്മിണിക്ക് കണ്മഷി വാങ്ങാന്‍ പോലും തികയുന്നില്ലത്രേ. അങ്ങേരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. ഉത്സവക്കമ്മിറ്റിക്ക് പിരിവു കൊടുക്കാന്‍ അറുക്കി ആനവാരി രാമന്‍നായര്‍ക്കുണ്ടാകുന്ന മന:പ്രയാസത്തേക്കാള്‍ ഒത്തിരി കൂടുതലാണ് ഫീസു കൊടുക്കുന്ന കാര്യത്തില്‍ വത്സലശിഷ്യന്മാര്‍ക്കുണ്ടാകുന്നത്.

അങ്ങനെ കഴിഞ്ഞുകൂടുന്ന സമ്മോഹന കാലഘട്ടത്തിലാണ് പതിവുള്ള പത്രവായനക്കിടയില്‍ പതിവില്ലാത്തൊരു ശീലം പിടികൂടിയത്- ക്ലാസിഫൈഡ്സ് പേജ് അരിച്ചുപെറുക്കല്‍. ഏതൊക്കെ തൊഴിലുടമകള്‍ എന്തൊക്കെ തൊഴിലുകള്‍ വെച്ചു നീട്ടിയാണ് നമ്മെ മാടി മാടി വിളിക്കുന്നത് എന്ന ആത്മാര്‍ത്ഥമായ ഒരന്വേഷണം. ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ എന്ന വേദവാക്യം അന്വര്‍ത്ഥമാ‍ക്കിക്കൊണ്ട് ഒരുനാള്‍ ഞാനും കണ്ടെത്തി; ഒരു എമണ്ടന്‍ പരസ്യം!

“മാനേജ്മെന്റ് ട്രെയിനികളെ ആവശ്യമുണ്ട്
നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റിംഗ് കമ്പനിയിലേക്ക് മാനേജ്മെന്റ് ട്രെയിനികളെ ആവശ്യമുണ്ട്. തെരെഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 3 മാസത്തെ ട്രെയ്നിംഗിനു ശേഷം മാനേജര്‍ തസ്തികയില്‍ 15000 രൂപ ശമ്പളത്തില്‍ സ്ഥിര നിയമനം. ട്രെയ്നിംഗ് കാലയളവില്‍ പ്രതിമാസം 6000 രൂപ സ്റ്റൈപ്പന്റ്. ഉടന്‍ അപേക്ഷിക്കുക…”

ഒരാന്തലോടെ കിടക്കപ്പായയില്‍ നിന്നു ചാടിയെഴുന്നേല്‍ക്കാന്‍ തുനിഞ്ഞതാണ്. എന്നാല്‍ ആത്മസംയമനം പാലിക്കാന്‍ പൂര്‍വ്വാനുഭവങ്ങള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചവശ്യപ്പെട്ടതിനാല്‍ വലിയ ആമോദമൊന്നും പുറത്തു കാട്ടാതെ പതുക്കെമാത്രം എഴുന്നേറ്റു. അനുഭവം ഗുരു…ഓരോ പി.എസ്.സി വിജ്ഞാപനം പുറത്തിറങ്ങുമ്പോഴും പൊറുതിമുട്ട് വീട്ടുകാര്‍ക്കാണ്.
ലോട്ടറിയടിച്ച വിവരം പറയാന്‍ പാഞ്ഞു വരുന്ന ഏജന്റിനെപ്പോലെ കുതിച്ചൊരു വരവാണ് വീട്ടിലേക്ക്…പിതാജി കഴുത്തിനു പിടിക്കുമെന്നതിനാല്‍ ഇടപാടുകളത്രയും മാതാശ്രീയുമായാണ്.
ഓടിയണച്ച് വന്നിട്ട് ഒറ്റപ്പറച്ചിലാണ്..
“എട്, എട് അഞ്ചു രൂപയെട്..”
“ങ് ഹാ അഞ്ചു രൂപയോ, എന്തോത്തിനാ?”
“വിസ്തരിക്കാനൊന്നും സമയമില്ല, സര്‍ക്കാരിനെന്നെ ആവശ്യമുണ്ട്…ഇന്നയച്ചില്ലേപ്പിന്നെ പറഞ്ഞിട്ടു കാര്യമില്ല. പി.എസ്.സി ഫോം മേടിക്കണം”
“രണ്ട് രുവാടെ ഫോമിനെന്തിനാടാ അഞ്ചു രൂഫാ?”
“ങേ, വിജ്ഞാന ഭവന്‍ വരെ പോകാന്‍ സൈക്കിളു വാടക കൊടുക്കണ്ടായോ. അഞ്ചു രുവാ എടുക്കുന്നൊണ്ടോ ഇല്ലിയോ…”
പാവം, ജോലി കിട്ടുന്ന കാര്യമല്ലിയോന്നു വിചാരിച്ചു അഞ്ച് രൂപ എടുത്തു തരും. അതും മേടിച്ച് ‘കൂട്ടുകാരന്റെ സൈക്കിളുമെടുത്ത് ‘ പോകാന്‍ പോകുന്നതിനു മുമ്പ് ഉമ്മയോട് ഒരു സമാശ്വാസ ചോദ്യം ചോദിക്കും. “ഞാന്‍ കമ്പോളത്തില്‍ പോകുവാ, വീട്ടിലേക്കു വല്ലോം മേടിക്കണോ?”
വീട്ടുകാര്യങ്ങളിലുള്ള ഉത്തരവാദിത്വം കൊണ്ടൊന്നുമല്ല ഈ അന്വേഷണം; മറിച്ച് ഒരു കുംഭകോണ സാധ്യതയെ മുന്‍ നിര്‍ത്തിയാണ്. സാധനങ്ങളുടെ പുറത്തു രണ്ടു രൂപ വീതം കൂട്ടിപ്പറഞ്ഞ് ഇങ്ങനെ കുംഭകോണിക്കുന്നത് കൂട്ടുകാരോടൊപ്പം ചായക്കടേല്‍ പോകുമ്പം നാണംകെടാതിരിക്കാന്‍ മാത്രമാണ്.

ഒരു പി.എസ്.സി ഫോം അയച്ചു കഴിഞ്ഞാല്‍ പിന്നെ സര്‍ക്കാരുദ്യോഗസ്ഥനെപ്പോലെയാണ് നടപ്പും ഇരിപ്പും. വീട്ടില്‍ വരുത്തുന്ന പത്രത്തിനോപ്പം എന്റെ സ്പെഷലായി വരുത്തുന്ന ബാലരമ, പൂമ്പാറ്റ, മാതൃഭൂമി വാരിക തുടങ്ങിയ പീരിയോഡിക്കത്സിന്റെ കിട്ടാക്കടം പത്രക്കാരന്‍ പയ്യന്‍ ചോദിക്കുമ്പോള്‍ അവജ്ഞയോടെ ഒരു പറച്ചിലുണ്ട്…”ഡേയ് പയ്യന്‍സ്, അധികം ഞെളിയല്ലേ, അപ്പോയിന്റ്മെന്റ് ഓര്‍ഡര്‍ കയ്യിക്കിട്ടാന്‍ പോകുവാ. നീ പോയിട്ടു പിന്നെ വാ..” ഇന്‍സ്റ്റാള്‍മെന്റിനു പുസ്തകം തരുന്ന മോഹന്‍ ചേട്ടന്‍ റെവന്യൂ റിക്കവറിക്ക് മുതിരുമ്പോള്‍ പിടിച്ചു നില്‍ക്കാനുള്ള കച്ചിത്തുരുമ്പും ഇതുതന്നെ.
ടെസ്റ്റിനു പോകാന്‍ വണ്ടിക്കൂലി, വഴിച്ചെലവ്, പള്ളീലെ കാണിക്കവഞ്ചിയില്‍ നേര്‍ച്ച (ദൈവമേ ക്ഷമിക്കണേ) തുടങ്ങിയ ഇനങ്ങളിലായി വന്‍ സാമ്പത്തിക ബാ‍ധ്യത വീട്ടുകാര്‍ക്കു നിരന്തരം വരുത്തിവെച്ചിട്ടും സര്‍ക്കാരിന്റെ അനുഗ്രഹത്താല്‍ ഇതുവരെ യാതൊരു ഉള്‍വിളിയും കേള്‍ക്കേണ്ടി വന്നിട്ടില്ലാത്തതിനാലാണ് പുതിയ സ്വകാര്യ ജോലിപ്പരസ്യത്തെക്കുറിച്ച് വീട്ടില്‍ പറയാന്‍ അശേഷം ധൈര്യമില്ലാതെ പോയത്. എന്തായാലും ഈ വിവരം ഇപ്പോള്‍ പറയണ്ട. കൂടുതല്‍ സാധ്യതകള്‍ അറിഞ്ഞിട്ടു പറഞ്ഞാല്‍ മതിയെന്നു ഉറപ്പിച്ചു.

ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റിംഗ് കമ്പനിക്കാരെ ഫോണില്‍ വിളിച്ച് വിവരങ്ങളന്വേഷിച്ചു. ചെങ്ങന്നൂരിലാണ് ആപ്പീസ്. ഇന്റര്‍വ്യൂവിന്റെ തീയതിയും പറഞ്ഞുതന്നു. ഇന്റര്‍വ്യൂവിന് അറ്റന്‍ഡ് ചെയ്തു. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജിനടുത്താണ് ഓഫീസ്. ഇന്റര്‍വ്യൂ ബോര്‍ഡില്‍ സിമ്പളന്മാരായ രണ്ടു ചെറുപ്പക്കാര്‍. അവര്‍ സാ‍യിപ്പിന്‍ കുഞ്ഞുങ്ങളെപ്പോലെ വാ തോരാതെ ഇംഗ്ലീഷ് പറഞ്ഞുകോണ്ടേയിരുന്നു. വലിയ മാര്‍ക്കറ്റിംഗ് കമ്പനിയാണ്. എറണാകുളത്താണ് ഹെഡ്ഡാപ്പീസ്. ഇന്ത്യയിലെ കണ്ണായ സ്ഥലങ്ങളിലെല്ലാം ഓഫീസുകളുണ്ട്. നിയമനം അവിടെ എവിടേക്കുമാകാം. തയ്യാറാണെങ്കില്‍ ട്രെയ്നിംഗിനു ചേരാം. മാസം ആറായിരം രൂപ സ്റ്റൈപന്‍ഡ് തരുന്നതായിരിക്കും. ട്രെയ്നിംഗ് സമയത്ത് മിടുക്ക് തെളിയിക്കുന്നവര്‍ക്ക് മാനേജരായി പോസ്റ്റിംഗ്. ഞാന്‍ മനസ്സില്‍ കണക്കു കൂട്ടി. ഇനി മാനേജരായി ജോലി ലഭിച്ചില്ലെങ്കിലെന്ത്? കുറേക്കാലം ഈ ട്രെയ്നിപ്പണി തന്നെ ധാരാളം…ആറായിരമല്ലേ ഉറപ്പായിട്ടുംകിട്ടാന്‍ പോകുന്നത്. അത്യാവശ്യം ഇടപാടുകള്‍ക്കൊരു നിവൃത്തിയാകും.ചേരേണ്ട ദിവസം അവര്‍ അറിയിക്കും. നല്ല എക്സ്ക്യൂട്ടീവ് വേഷവിധാനങ്ങള്‍ ആയിരിക്കണം. ടൈ വേണം, ഷൂസ് വേണം, ഫുള്‍ക്കൈ ഷര്‍ട്ട് വേണം. ഉള്ളിലൊരാന്തലുണ്ടായെങ്കിലും നന്ദി പറഞ്ഞു ഞാന്‍ പുറത്തിറങ്ങി. മടക്കയാത്രയില്‍ ചിന്ത മുഴുവന്‍ ടൈയിനെയും ഷൂസിനെയും പുതിയ ഡ്രെസ്സിനെയും കുറിച്ചായിരുന്നു. എന്തായാലും വീട്ടുകാരോട് ചോദിക്കാന്‍ ധൈര്യമില്ല. തന്നെയുമല്ല, എവിടുന്നെങ്കിലും അഡ്ജസ്റ്റ് ചെയ്ത് ഇതെല്ലാം മേടിച്ചാലും മുപ്പതാം പക്കം കടം വീട്ടാമല്ലോ? ബാക്കി നല്ലൊരു തുക വീട്ടില്‍ കൊടുക്കുമ്പോള്‍ അവര്‍ കണ്ണു മിഴിക്കുന്നത് എനിക്കൊന്നു കാണുകേം ചെയ്യാം.

ബസ്സിറങ്ങി ആദ്യം പോയത് ട്യൂട്ടോറിയല്‍ കോളജിലേക്കാണ്. പ്രിന്‍സി സ്ഥലത്തുണ്ട്.
“സാറേ, ഞാന്‍ രാജി വെക്കുകയാണ്”.
രാജിക്കാര്യം പറയുമ്പോള്‍ പ്രിന്‍സിപ്പാള്‍ ഓമനപ്പിള്ള സാര്‍ അമ്പരക്കുമെന്നും ഏതുവിധേനയും കാലുപിടിച്ചും എന്റെ സേവനം തുടര്‍ന്നും ആവശ്യപ്പെടുമെന്നും വിചാരിച്ച എനിക്കു തെറ്റി. പ്രതീക്ഷിച്ച ഭാവമാറ്റമൊന്നും ഓമനപ്പിള്ള സാറിന്റെ മുഖത്ത് ഉണ്ടായില്ല.
“രാജിയൊന്നും വേണ്ട, എവിടാന്നു വെച്ചാല്‍ അങ്ങു പോയിത്തന്നാല്‍ മതി”.
സര്‍ക്കാരു സ്കൂളിലായിരുന്നെങ്കില്‍ അധ്യാപക അവാര്‍ഡിനു വരെ പരിഗണിച്ചേക്കാവുന്ന തരത്തില്‍ സ്തുത്യര്‍ഹമായ സേവനം ചെയ്തുകൊണ്ടിരിക്കുന്ന ഒരധ്യാപകനോടാണ് ഈ അപഹാസം.
‘അയ്യടാ, അല്ലങ്കിലീ കുട്ടിപ്പെരേല് എന്നും ഓസിനു ഒലത്താന്‍ എനിക്കെന്താ തല കടിക്കുന്നോ‘ എന്നൊരു വാചകം മനസ്സില്‍ തികട്ടിയെങ്കിലും ശമ്പളബാക്കിയുടെ പകുതിയെങ്കിലും വാങ്ങിയെടുക്കാന്‍ അനുനയമേ പാടുള്ളൂ എന്ന വിചാരത്താല്‍ ഞാന്‍ പറയാന്‍ വന്നതു വിഴുങ്ങി.

“അപ്പം സാറേ, എനിക്കൊരു ജോലി കിട്ടി. അത്യാവശ്യമായും കുറെ രൂപാ വേണമായിരുന്നു”
പ്രിന്‍സിപ്പാള്‍ തുറിച്ചു നോക്കി. “തനിക്കൊക്കെ അഞ്ചു പൈസ കടം തരുന്ന പ്രശ്നമില്ല”
“അയ്യോ സാറേ, കടം വേണ്ട, എന്റെ ശമ്പള ബാക്കി മതി”
പ്രിന്‍സി ഒന്നു പരുങ്ങി. “ഇപ്പം എക്സാം നടക്കുവല്ലിയോ…പുള്ളാരുടെ ഫീസൊന്നും കിട്ടുന്നില്ല”
“അങ്ങനെ പറയല്ലേ സാറേ, മൊത്തോം വേണ്ട, ഒരഞ്ഞൂറു രൂപ മതി. ഒരു ജോലിക്കാര്യത്തിനല്ലേ”
“അഞ്ഞൂറു രൂപയോ? അതുണ്ടേല്‍ ഞാന്‍ രാജാവായിരുന്നു. പത്തോ ഇരുപത്തഞ്ചോ വേണേല്‍ തരാം”
എനിക്കു കലിച്ചു. ഭീഷണി പ്രയോഗിച്ചാലോ. “ഇരുപത്തഞ്ച് ഉലുവാ സാറ് വായിലോട്ടിട്ടു വെള്ളമൊഴി. എടോ പ്രിന്‍സിപ്പാളേ, താന്‍ ഈ അധ്യാപകരെയെല്ലാം വഞ്ചിച്ചു എത്രനാള് ഈ കാളേജ് നടത്തുമെന്നു എനിക്കൊന്നു കാണണം. ഞാനീ സാറന്മാരെയെല്ലാം ചേര്‍ത്ത് അപ്പുറത്തു വേറെ ടൂട്ടോറി കെട്ടും. കാണണോടോ തനിക്ക്”
“എന്നാ ഇവരേം വിളിച്ച് താന്‍ ചെന്നു ടൂട്ടോറി കെട്ടിയാട്ടെ. കൊറേ നാളായി ഒരു കോഴിക്കട നടത്തണമെന്നും പറഞ്ഞിരിക്കുവാ…ഇവിടെ കോഴിയെ വളത്തിയാ എന്റെ ജീവിതം പച്ചപിടിക്കും. വിളിച്ചോണ്ട് പോടോ സാറന്മാരെ”

ആ വഴിയും അടഞ്ഞു. ഒത്തിരി ആലോചിച്ചു. ഒടുക്കം ഒരു വഴി തെളിഞ്ഞു; ഒടുക്കത്തെ വഴി. ഇതെന്തായാലും അങ്ങനെ ചീറ്റിപ്പോകത്തില്ല.
“ടീ മോളൂ, നിന്റെ ആ മോതിരം ഇഞ്ഞോട്ടൊന്നു താ…അടുത്ത മാസം പണയമെടുത്തു തരാം…” അവള്‍ അമ്പരപ്പോടെ നോക്കി.
“എനിക്കൊരു ജോലി കിട്ടിയെടീ, ഇച്ചിരി ചെലവുണ്ട്. പ്ലീസ്”
“അയ്യോ, മോതിരം വീട്ടില്‍ ചോദിച്ചാല്‍ ഞാന്‍ എന്തോ പറയും?”
പെട്ടൊന്നൊരുപായം.“കളഞ്ഞു പോയെന്നു പറ, അപ്പം പണയത്തീന്നു തിരിച്ചെടുത്തില്ലെങ്കിലും പ്രശ്നമില്ലല്ലോ” ഞാന്‍ മാനത്ത് നോക്കി ഒരു വിഡ്ഡിച്ചിരി ചിരിച്ചു.

മോതിരം പണയം വെച്ച കാശിനു അത്യാവശ്യം ഒരു ജോടി ഡ്രെസ്സും ടൈയും വാങ്ങി. ഷൂ നിലവിലുള്ളത് തന്നെ ധാ‍രാളം. വീട്ടില്‍ ലളിതമായി കാര്യം പറഞ്ഞു. ജോലിയെന്നല്ല, ട്രെയ്നിംഗ് ആണെന്നു മാത്രം. ഇനി ഉദ്ദേശിക്കുന്നതു പോലെ ഒന്നും നടന്നിലെങ്കിലും വീട്ടുകാരുടെ സപ്പോര്‍ട്ട് നമുക്കുണ്ടായല്ലേ പറ്റൂ. വീട്ടുകാര്‍ക്ക് പ്രതീക്ഷ നല്‍കി പറ്റിക്കരുതെന്ന ആഗ്രഹവും ഉണ്ടായിരുന്നു.

ജോലിക്ക് ചേരേണ്ട ദിവസം രാവിലെ അനുഗ്രഹവും വാങ്ങി പുറപ്പെട്ടു. ഓഫീസിലെത്തി, നിയമന രേഖകളില്‍ ഒപ്പുവെച്ചു. അപ്പുറത്തെ ഹാളിലേക്ക് ചെല്ലാന്‍ നിര്‍ദ്ദേശം കിട്ടി. മീറ്റിംഗുണ്ടത്രേ. ഞാന്‍ മീറ്റിംഗ് ഹാളിലേക്ക് നടന്നു. അവിടെ പത്തുപന്ത്രണ്ട് ചെറുപ്പക്കാര്‍ എന്‍.സി.സി കേഡറ്റുകളെപ്പോലെ വരിയായി നില്‍ക്കുന്നുണ്ടായിരുന്നു. വരിയില്‍ നില്‍ക്കാന്‍ എനിക്ക് നിര്‍ദ്ദേശം കിട്ടി. ആരും ഒന്നും മിണ്ടിയില്ല. ആദ്യമായി പള്ളിക്കൂടത്തിലെത്തിയ ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിയെപ്പോലെ ഞാന്‍ പരിഭ്രമിച്ചു. അല്പനിമിഷങ്ങള്‍ക്കകം ചെറുപ്പക്കാരനായ മനേജര്‍ സാര്‍ ആഗതനായി. ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിക്കുന്ന രാഷ്ട്രത്തലവനെപ്പോലെ ഞങ്ങള്‍ക്കു മുന്നിലൂടെ അയാള്‍ രണ്ടു ചാല്‍ നടന്നു. എന്നിട്ടു അഭിമുഖമാ‍യി നിന്നിട്ട് ചിരി താഴെ വീണു പോകാതിരിക്കാന്‍ പ്രയാസപ്പെട്ടെന്ന വണ്ണം ഒന്നു പുഞ്ചിരിച്ചു. ഞാന്‍ കണ്ണുകള്‍ താഴ്ത്തി.

“പുതിയവര്‍ക്ക് ഇന്നും നാളെയും പേഴ്സണാലിറ്റി ഡെവലപ്മെന്റ് ക്ലാസ്സാണ്. സീനിയേഴ്സിനു ഫീല്‍ഡില്‍ പോകാം”. ഉടന്‍ കുറെയെണ്ണം അപ്പുറത്തൊരു മുറിയിലേക്കു പായുന്നത് കണ്ടു.

ഹാളില്‍ പുതിയവര്‍ മാത്രമായപ്പോള്‍ മനേജര്‍ സാര്‍ ഞങ്ങളെ അലിവോടെ ഒന്നുനോക്കിയിട്ട് ഇപ്രകാരം പ്രസംഗം തുടങ്ങി.
“പ്രിയ കാണ്ടാമൃഗങ്ങളേ…”
ങ് ഹേ! ഞാന്‍ അമ്പരപ്പില്‍ മുഖമുയര്‍ത്തി. അയാള്‍ പിന്നില്‍ ഒളിപ്പിച്ചു വെച്ച കാണ്ടാമൃഗത്തിന്റെ ഒരു ശില്പം പുറത്തെടുത്തു.
“ഈ കമ്പനിയിലേക്ക് പുതുതായി വന്നവര്‍ക്ക് സ്വാഗതം. ഹാവ് യു എവെര്‍ സീന്‍ റൈനോസെര്‍സ്… റൈനൊ..കാണ്ടാമൃഗം…ഇതു നമ്മുടെ കമ്പനിയുടെ എംബ്ലമാണ്. എന്താണ് കാണ്ടാമൃഗത്തിന്റെ പ്രത്യേകത? പറയൂ…”
“തൊലിക്കട്ടി..” ആരോ ഒരുവന്‍ പ്രതിവചിച്ചു.
“കറക്റ്റ് ! നിങ്ങള്‍ ഈ കമ്പനിയില്‍ ജോലി ചെയ്യുന്ന കാലത്തോളം കാണ്ടാമൃഗങ്ങളായിരിക്കണം. അതായത് നല്ല തൊലിക്കട്ടിയുണ്ടായിരിക്കണം“

ഞാന്‍ ചിന്താക്കുഴപ്പത്തിലായി. എന്തൊക്കെയാണ് സംഭവിക്കുന്നത്? തൊലി സീല്‍ ചെയ്യുന്ന പരിപാടിക്കാണോ പേഴ്സണാലിറ്റി ഡെവലപ്മെന്റ് എന്നു പറയുന്നത്? എന്താണ് ഇവിടുത്തെ ജോലി..കാണ്ടമൃഗമാകാനുള്ള ട്രെയ്നിംഗ് എന്തിനു വേണ്ടി?
അദ്ദേഹം തുടര്‍ന്നു: “ഡിയര്‍ ഫ്രണ്ട്സ്…ഓള്‍ ഇന്ത്യാ ലെവലില്‍ മാര്‍ക്കറ്റിംഗ് നടത്തുന്ന പ്രമുഖ സ്ഥാപനമാണ് നമ്മുടേത്. വിവിധങ്ങളായുള്ള ഉത്പന്നങ്ങള്‍ മാര്‍കറ്റിലെത്തിക്കുവാന്‍ കമ്പനി ഉദ്ദേശിക്കുന്നു. നമ്മുടെ ഉത്പന്നങ്ങള്‍ മാര്‍ക്കറ്റിലെത്തും മുമ്പ അതിനുള്ള കാമ്പൈന്‍ പ്രവര്‍ത്തനങ്ങളാണ് നിങ്ങള്‍ ചെയ്യേണ്ടത്.“
എനിക്ക് കാര്യങ്ങള്‍ അത്രക്കങ്ങോട്ടു വിളങ്ങിയില്ല.
“ഇപ്പോള്‍ നാം ഡയറക്ട് മാര്‍ക്കറ്റിംഗാണ് ചെയ്യുന്നത്. അതായത് നമ്മുടെ പ്രത്യേകതരം പ്രോഡക്റ്റുകള്‍ നിങ്ങള്‍ നേരിട്ടു വീടുകളിലെത്തിക്കണം”.
ങ് ഹേ! ഞാന്‍ ഞെട്ടി. ഇപ്പോള്‍ സംഗതിയുടെ കിടപ്പു മനസ്സിലായി. നാലണക്ക് കൊള്ളാത്ത നാലാംകിട സാധനങ്ങള്‍ വീടു വീടാന്തരം കയറിയിറങ്ങി കച്ചോടം ചെയ്യണ പണിയാണ് ഡയറക്റ്റ് മാര്‍ക്കറ്റിംഗ്; മുതുകില്‍ ഒരു മാറാപ്പും തൂക്കി എക്സിക്യൂട്ടീവ് ആയി വേണം പോകാനെന്നു മാത്രം. ദൈവമേ! അന്യായ പണിയാണല്ലോ കിട്ടിയത്. എനിക്കു സങ്കടവും നിരാശയും ഒക്കെയുണ്ടായി. അപ്പോള്‍ത്തന്നെ അവിടം കാലിയാക്കാന്‍ തുനിഞ്ഞതാണ്. ഒന്നു തിരിഞ്ഞപ്പോഴേക്കും തലച്ചോറില്‍ ഒരു മണി മുഴങ്ങി…അവളുടെ മോതിരം! ഓമനപ്പിള്ള സാറിനോടുള്ള വെല്ലുവിളി…അടുത്ത നിമിഷം ഇങ്ങനെ ചിന്തിച്ചു…എന്തു പണ്ടാരമെങ്കിലുമാകട്ടെ…ഒന്നു നോക്കിയേക്കാം…മോതിരത്തിന്റെ കാശ് വസൂല്‍ ആകുന്നതു വരെ ഒന്നു പിടിച്ചു നിന്നേ പറ്റൂ…

“ലിസണിയര്‍..” മനേജര്‍ തുടരുകയാണ്. “നോക്കൂ, നിങ്ങള്‍ക്ക് ഈ ട്രെയ്നിംഗ് കാലയളവില്‍ മാസം കുറഞ്ഞത് 6000 രൂപ വരെ സമ്പാദിക്കാം. നിങ്ങളുടെ കഴിവും മിടുക്കുമനുസരിച്ച് അത് എത്ര വേണമെങ്കിലും ഉയര്‍ത്താം. അതായത് നിങ്ങള്‍ 150 രൂപ വിലയുള്ള ഒരു പ്രോഡക്റ്റ് വില്‍ക്കുമ്പോള്‍ 10% കമ്മീഷന്‍ നിങ്ങള്‍ക്ക് കിട്ടുന്നു. ശരാശരി 20 പ്രൊഡക്റ്റ് ഒരു ദിവസം മാര്‍കറ്റ് ചെയ്താല്‍ നിങ്ങള്‍ക്ക് കിട്ടുന്നത് 300 രൂപ. ഒരു മാസത്തിലോ? 9000. അവധി
ദിവസങ്ങളും മാര്‍കറ്റിംഗിലെ വ്യതിയാനങ്ങളും ഒഴിച്ചാല്‍ ശരാശരി 6000 ഉറപ്പായിട്ടും കിട്ടും…”

അതുശരി, അപ്പോള്‍ 6000 ത്തിന്റെ ഗുട്ടന്‍സ് പിടികിട്ടി. ഇമ്മിണി പുളിക്കുമെന്നേയുള്ളൂ…

“ഫ്രണ്ട്സ്, നിങ്ങള്‍ ഫീല്‍ഡില്‍ പോകുമ്പോള്‍ ഒരു ദിവസം ശരാശരി 100 പേരെയെങ്കിലും നിങ്ങള്‍ക്ക് സന്ദര്‍ശിക്കാന്‍ കഴിയും. ഒരു മാസത്തിലോ? 3000. മാസം മൂവായിരത്തിലധികം ആളുകളുമായി ഇടപെടാന്‍ കഴിയുക എന്നത് മഹാകാര്യമാണ്. നിങ്ങള്‍ക്ക് ആളുകളുടെ പെരുമാറ്റം മനസ്സിലാകും, അവരോട് എങ്ങനെ പെരുമാറണമെന്നു നിങ്ങള്‍ പഠിക്കും…അതിലൂടെ നിങ്ങളുടെ വ്യക്തിത്വം വികസിക്കും.”
പേഴ്സണാലിറ്റി ഡെവല്പ്മെന്റ് ക്ലാസ് അവിടെത്തീര്‍ന്നു. ഇനി എന്താണാവോ?
അയാള്‍ തുടരുകയാണ്: “ നോക്കൂ, നിങ്ങളോട് ആള്‍ക്കാര്‍ പലതരത്തില്‍ പ്രതികരിച്ചുവെന്നു വരും. നിങ്ങള്‍ അതൊന്നും മൈന്‍ഡ് ചെയ്യരുത്. ബികോസ്..യു ആര്‍ റൈനോസ്…”
ഹെന്റമ്മേ എനിക്കു കരച്ചില്‍ വന്നു. നാട്ടുകാരുടെ ചീത്തവിളി ഉറപ്പ്. എന്നാലും ഒരു കൈനോക്കിക്കളയാം. കായകുളത്തുകാരുടെ കണ്ണില്‍ അത്രയെളുപ്പം പെടാത്ത ആറന്മുള, തിരുവല്ല, കോടഞ്ചേരി, ചെങ്ങന്നൂര്‍ കിഴക്കന്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുവാന്‍ ഞാന്‍ തീരുമാനിച്ചു; അത്യാവശ്യം കടങ്ങള്‍ ഒന്നു വീടുന്നതു വരെ മാത്രം…..

(തീരുന്നില്ല. ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു ക്ലൈമാക്സില്‍ പര്യവസാനിച്ച ഡയറക്റ്റ് മാര്‍ക്കറ്റിംഗ് മാര്‍ഗ്ഗമധ്യേ ഞാനനുഭവിച്ച ഏതാനും സംഗതികള്‍ കൂടി പറഞ്ഞാലേ ഇതു പൂര്‍ണ്ണമാകൂ…അടുത്ത പോസ്റ്റില്‍ അത് പറഞ്ഞു നിങ്ങളെ കൊല്ലുന്നതായിരിക്കും…‍അതിനാല്‍ ഇതു തുടരും)

13 Comments »

1.

കൌമാരമൊക്കെ കഴിഞ്ഞു യുവത്വത്തിലേക്കു പ്രവേശിക്കുന്ന സുരഭില കാ‍ലഘട്ടം പ്രാരബ്ധങ്ങളുടേത് കൂടിയാ‍യിരുന്നു. “എത്ര കാലമാടാ തന്തേടേം തള്ളേടേം ചെലവില്‍” എന്ന മാതാജിയുടെ മന്ത്രോച്ചാരണം പുളകിതമാ‍ക്കിയിരുന്ന പുലര്‍വേളകള്‍. പുറത്തിറങ്ങുമ്പോള്‍ എതിരേ വരുന്ന മൂപ്പിത്സിന്റെ കുശലാന്വേഷണം.“ ജോലിയൊന്നുമായില്ല, ഇല്ലിയോ മോനേ…” ഒന്നും മിണ്ടാതെ നടന്നു നീങ്ങുമ്പോള്‍ മൂ‍പ്പിലാന്റെ ആത്മഗതം കേള്‍ക്കാം…“കാല്‍ സറായീം കേറ്റി രാവിലെ എറങ്ങിക്കോളും, നാട്ടുകാരുടെ നെഞ്ചത്തു കേറാന്‍…എവനെക്കൊണ്ടൊന്നും ജോലീം വേലേമെടുക്കാന്‍ ആകത്തില്ല…”

Comment by സിയ — January 27, 2007 @ 10:51 am
2.

കൊള്ളാം സിയ.
ജീവിതാനുഭവങ്ങള്‍ അത് അനുഭവിച്ചവര്‍ തന്നെ അല്‍പ്പം നര്‍മ്മത്തിന്റെ മേമ്പൊടിയോടെ വിവരിക്കുമ്പൊ അത് വായിക്കാനും നല്ല സുഖമുണ്ട്.
തുടരൂ.

Comment by ഇക്കാസ് — January 27, 2007 @ 11:33 am
3.

എന്നിട്ട്‌ അവസാനം എന്ത്‌ ഉണ്ടായി…???. വളരെ പച്ചയായ അവതരണം…http://ente-vishesham.blogspot.com

Comment by Deepu — January 27, 2007 @ 11:49 am
4.

കയ്ക്കുന്ന ജീവിതാനുഭവങ്ങള്‍ ഹാസ്യത്തില്‍ പൊതിഞ്ഞു് ലളിതമായി പറഞ്ഞിരിക്കുന്നു. സിയാ അടുത്തതു പോരട്ടെ.

Comment by venu — January 27, 2007 @ 11:57 am
5.

അപ്പോ നീയും മോശമല്ല അല്ലേ .. ഡാ.. ആരാ ഈ ടി … ???
അവ്വല്‍ സുബഹിക്ക് ഗള്‍ഫില്‍ വന്നതുകൊണ്ട് ആ പരിപാടികളെല്ലാം (ജോലിക്ക് തെണ്ടല്‍) ഇവിടെയായിരുന്നു
കൊള്ളാം നല്ല വിവരണം അസ്സലായി
വരട്ടെ അടുത്തത്

Comment by വിചാരം — January 27, 2007 @ 12:47 pm
6.

കൊള്ളാം,അടുത്ത ഭാഗം പോരട്ടെ

Comment by വല്യമ്മായി — January 27, 2007 @ 1:01 pm
7.

എന്റെയും ഒരു ട്യൂട്ടോറിയല്‍ കാല്‍ഘട്ടത്തിലേക്ക്‌ ഓര്‍മകളെ തിരികെ കൊണ്ടുപോയതിന്‌ നന്ദി. സിയാ… ഈ വഴി താങ്കള്‍ക്ക്‌ നന്നാകുമെന്ന്‌ തോന്നുന്നു. അല്‍പ്പം ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയും കൂടി ആവാം.

Comment by പി. ശിവപ്രസാദ്‌ — January 27, 2007 @ 2:35 pm
8.

ഒള്ളാം വളരെ നന്നായിട്ടുണ്ട്‌ സിയ

Comment by കേരളഫാര്‍മര്‍ — January 27, 2007 @ 2:36 pm
9.

ആ പൂതിയങ്ങു മനസ്സി വെച്ചാ മതി വിചാരം. ആ ‘ടീ’യെക്കുറിച്ചു ഞാന്‍ പറഞ്ഞിട്ട്റ്റു വേണം എന്റെ ‘ടി’ എന്നെ ടിഷ്യൂം ടിഷ്യൂമെന്ന് മോളി നിര്‍ത്താന്‍…അയ്യട

Comment by സിയ — January 27, 2007 @ 2:56 pm
10.

എന്റെ കടിഞ്ഞൂല്‍ പോസ്റ്റിനെ കാണാന്‍ വരികയും അഭിനന്ദനങ്ങളും വിലയിരുത്തലുകളും കാണിക്കവെക്കുകയും ഓസിനു നിര്‍ദ്ദേശങ്ങള്‍ തരികയും ചെയ്ത ഇക്കാസ്,ദീപു,വേണു നായരെന്ന വേണുച്ചേട്ടന്‍,വിചാരമെന്ന റെബല്‍ ഫാറൂഖ്, എന്റെ വല്യമ്മായി, പി.ശിവപ്രസാദ് എന്ന എന്റെ ശിവേട്ടന്‍, ഞങ്ങളൊക്കെ ഒത്തിരി ബഹുമാനിക്കുന്ന പ്രിയങ്കരനായ ചന്ദ്രേട്ടന്‍ എന്നിവര്‍ക്കും പോസ്റ്റ് വായിച്ചു സമയക്കുറവ് മാത്രം കാരണം കമെന്റ് എഴുതാന്‍ കഴിയാതെ പോയ ലക്ഷോപലക്ഷം മലയാളി വായനക്കാര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദ് പ്രകാശിപ്പിച്ചു കൊണ്ട് ഞാന്‍ ഓഫീസിലെ കാര്യപരിപാടികളിലേക്ക് കടക്കുകയാണ്….നന്ദി, നമസ്കാരം…(മൈക്ക് ഓഫ് ചെയ്യെടാ… ;)

Comment by സിയ — January 28, 2007 @ 5:25 am
11.

ഓരോരുത്തരുടേയും ജീവിതം അവലോകനം ചെയ്തു നോക്കുമ്പോള്‍ ഇതുാലെയോ, ഇതിലും വലിയതോ ആയ കഥകള്‍ ചിലപ്പോള്‍ കിട്ടിയേക്കും.
പക്ഷെ പിന്നോട്ടു നോക്കി രസിക്കാന്‍ ഒരു രസം തന്നെയാണേ

Comment by indiaheritage — January 28, 2007 @ 5:48 am
12.

:-)
ഈ ഡയറക്റ്റ് മാര്‍ക്കറ്റിംഗുമായി വരുന്നവരോട് വേണ്ടാന്നു പറഞ്ഞു തിരിച്ചയക്കുമ്പോള്‍ ഇവന്മാരെന്തിനു ഇതുമായി ഇറങ്ങുന്നെന്നോര്‍ക്കാറില്ല

എന്നാലും ആ “ടി” ഏതാണെന്ന് …

Comment by സിജു — January 28, 2007 @ 7:23 am
13.

കൗമാരം- എങ്ങട്ടു തിരിഞ്ഞാലും നമ്മുടെ തലയിലായിരിക്കും ഇടിത്തീ, നാട്ടുകാരു ഒരുഭാഗത്തു, വീട്ടുകാരു ഒരു ഭാഗത്തു, എന്റെ വീടും നാടും ഞാനൊക്കെ തീയിടാത്തതു ഭാഗ്യം.അപ്രതീക്ഷിതമായി ഒരുവീട്ടുപടിക്കല്‍ ചെന്നു ബെല്ലടിച്ചാലുണ്ടകുന്ന അനുഭവങ്ങളുടെ ബാക്കി തുടരുക.

Comment by bayan — January 28, 2007 @ 8:34 am

2 comments:

ഇസാദ്‌ said...

ആഹാ, നന്നായിട്ടുണ്ടല്ലോ .. നല്ല ഒഴുക്കുണ്ട് വായിക്കാന്‍. ഇതെന്തേ ഇത്രേം നാളായിട്ടും ആരും കണ്ടില്ല ?? സംഗതി ഉഷാറ് .. ബാക്കി വായിക്കട്ടേ .. :)

Unknown said...

സംഗതി നന്നായിരിക്കുന്നു.

ഇത് പഴയതാണോ, ഏതായാലും ഞാനിവിടെ പുതിയതാണ്. ബസ്സില്‍ കേറി ഇവിടെ എത്തി.