Jan 6, 2008

അങ്ങനെ ഒരു ഡയറക്റ്റ് മാര്‍ക്കറ്റിംഗ് - 3

മൂന്നാം ദിവസം തിരുവല്ലായ്ക്കടുത്ത് പമ്പയറിന്റെ തീര്‍ത്തൊരിടത്തായിരുന്നു ഞാന്‍ ബസ്സിറങ്ങിയത്. പമ്പാനദിക്കരയിലൂടെ ഞാന്‍ കിഴക്കോട്ടു നടന്നു. പച്ചപ്പു നിറഞ്ഞ ഉള്‍നാടന്‍ പ്രദേശങ്ങളിലൂടെയുള്ള
നടപ്പ് പ്രദാനം ചെയ്തിരുന്ന സന്തോഷത്തിന്റെ തിരുമധുരം ഇന്നുമെന്റെ ഓര്‍മ്മകളില്‍ കിനിയുന്നു.
എന്തെല്ലം അനുഭവങ്ങള്‍…പുതു പുതു കാഴ്ച്ചകള്‍…

പാണ്ടി എന്നൊരു സ്ഥലമുണ്ട്, ആയാപറമ്പിനടുത്ത്. അവിടെ നദി കടക്കുന്നത് ബഹുരസമാണ്.
നദിയില്‍ നാട്ടിയ മുളന്തൂണുകളിലായി നദിക്കു കുറുകേ കയര്‍ കെട്ടിയിരിക്കുന്നു. നമ്മള്‍ വഞ്ചിയില്‍ കയറി
നിന്ന് കയര്‍ പിടിച്ചു വലിച്ചു വലിച്ചു അക്കരെക്കു പോകും…തുഴയുമില്ല, തുഴച്ചില്‍ക്കാരനുമില്ല.
കല്ലൂപ്പാറക്ക് പോകും വഴി പമ്പയുടെ ഒരു പോഷകനദിക്കരയില്‍ “ആരെങ്കിലും വന്ന്
എന്നെയൊന്നക്കരക്ക് കൊണ്ടുപോണേ”എന്ന അഭ്യര്‍ത്ഥനയുമായി ഒരു തോണി
അനാഥമായിക്കിടക്കുന്നു. തുഴയും അതില്‍ത്തന്നെയുണ്ട്. നമ്മള്‍ കയറിയിരുന്ന് സ്വയം തുഴഞ്ഞ്
അക്കരെക്ക്. നാം പുറപ്പെട്ടു കഴിഞ്ഞാണ് എവനെങ്കിലും വരുന്നതെങ്കില്‍ തെണ്ടിയതു തന്നെ.
ഏതെങ്കിലുമൊരു കാലത്ത് അക്കരെയൊരു വിദ്വാന്‍ വന്ന് ഇക്കരെക്ക് തുഴഞ്ഞു വരണം. അല്ലാതെ
അക്കരയിക്കരെ നിന്നാലൊന്നും ആശ തീരില്ല.

തിരുവല്ലക്ക് കിഴക്ക് കരിമ്പിന്‍ പാടങ്ങളിലൂടെയുള്ള സഞ്ചാരം. ഒരു ശര്‍ക്കര‍ക്കളത്തില്‍ ഉണ്ടശ്ശര്‍ക്കരയുടെ പ്രോസസിംഗ് കൌതുകത്തോടെ, അതിലേറെ കൊതിയോടെ കണ്ടുനിന്ന എനിക്ക് നല്ലവളായ ഒരമ്മ ശര്‍ക്കര‍ത്തോണിയില്‍ നിന്നും ചൂടോടെ കുറച്ച് ഉരുകിയ ശര്‍ക്കര ഒരു പ്ലാവിലയില്‍ കോരിയെടുത്ത് തന്നു.
“കഴിച്ചോ മോനേ…”

കൊയ്തൊഴിഞ്ഞ പാടത്ത് ക്രിക്കറ്റ് കളിക്കുന്ന കുഞ്ഞു ‘സച്ചിന്‍’മാരെക്കണ്ട് തോളിലെ മാറാപ്പ് ദൂരെയെറിഞ്ഞ് കളത്തില്‍ച്ചാടിയിറങ്ങി രണ്ടോവര്‍ പന്തെറിഞ്ഞതും കളികഴിഞ്ഞ് ചുറ്റുംകൂടിയ നിഷ്‌കളങ്ക ബാല്യങ്ങള്‍ക്ക് ഈ ‘വലിയ ചേട്ടന്‍’ ഒരു ഫ്ലവര്‍വേസ് സമ്മാനിച്ചതും ഞാന്‍ മറക്കാന്‍ പാടുണ്ടോ?

മനുഷ്യരുടെ നന്മയും സ്നേഹവും-മനുഷ്യരുടെ വിദ്വേഷവും വെറുപ്പും, മനുഷ്യരുടെ അലിവും കാരുണ്യവും- മനുഷ്യരുടെ ക്രൂരതയും സ്വാര്‍ത്ഥതയും, മനുഷ്യരുടെ കഷ്‌ടപ്പാടും പ്രയാസങ്ങളും-മനുഷ്യരുടെ ആര്‍ഭാടവും ആഢംബരങ്ങളും…
കുറഞ്ഞ നാള്‍ കൊണ്ട് മാനുഷ്യകത്തിന്റെ കേവലമായ ഒരു പരിഛേദം തന്നെ കണ്ടു ഞാന്‍.

വീട്ടുമുറ്റത്തെ പൈപ്പില്‍ നിന്ന് വെള്ളം കുടിച്ചതിനു വയറുനിറയെ ചീത്തവിളി സമ്മാനിച്ച വല്യവീട്ടിലെ കൊച്ചമ്മ.
ഊണുസമയത്ത് മനയില്‍ വിളിച്ചു കയറ്റി സ്നേഹത്തോടെ ചോറുവിളമ്പിത്തന്ന രണ്ട് അന്തര്‍ജ്ജനങ്ങള്‍.
വീട്ടുവളപ്പില്‍ കയറിയതിനു പട്ടിയെ അഴിച്ചുവിട്ട കുടവയറനായ ഉണ്ടക്കണ്ണന്‍.
രാത്രി വഴിതെറ്റിയലഞ്ഞ എന്നെ ഇരുട്ടത്ത് ടോര്‍ച്ചുമായി രണ്ടുകിലോമീറ്റര്‍ കൂടെ നടന്ന് മെയിന്‍‌റോഡിലെത്തിച്ച ആ മധ്യവയസ്‌കന്‍.
‘മുഹമ്മദനാ’ണെന്ന് വൈകിയറിഞ്ഞപ്പോള്‍ വാങ്ങിയ സാധനം തിരികെത്തന്ന സുവിശേഷപ്രവര്‍ത്തകന്‍.
പള്ളിമേടയിലെ മുറിയില്‍ കയറ്റിയിരുത്തി ചായ തന്നിട്ട് വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ, ഒത്തിരി തമാശ പറഞ്ഞു പൊട്ടിച്ചിരിപ്പിച്ച നല്ലവനായ വികാരിയച്ചന്‍.
ദൈവമേ, മാനേജര്‍ സാര്‍ പറഞ്ഞതുപോലെ എന്തോരം പേഴ്സണാലിറ്റികള്‍!
ക്ഷമിക്കണം ഇതെല്ലാം പറഞ്ഞില്ലെങ്കില്‍ ഈ അനുഭവങ്ങള്‍ക്ക് ആത്മാവില്ല.

അപ്പോള്‍ നമ്മള്‍ പറഞ്ഞു വന്നത് മാര്‍ക്കറ്റിംഗ് ചരിതം മൂന്നാം ദിവസം.
കാലത്ത് അഞ്ചു മണിക്ക് ഒരു കട്ടന്‍ ചായ കഴിച്ചു പുറപ്പെട്ടതാണു ഞാന്‍. കാ‍യംകുളത്തു നിന്നും ചെങ്ങന്നൂര്‍. അവിടെ നിന്നും സാധനങ്ങളുമായി തിരുവല്ലയ്ക്ക്. വണ്ടിക്കൂലി കഴിച്ചപ്പോള്‍ കീശ കാലി. അമ്പതിന്റെ ഒരൊറ്റനാണയം മാത്രം. സാരമില്ല, രാവിലെ രണ്ടു പ്രോഡക്റ്റ് വിറ്റാല്‍ രൂപാ മുപ്പത് കിട്ടും.വയറു നിറയെ കാപ്പിയൊക്കെ കുടിച്ച് ഉഷാറായി നടക്കാം. മനസ്സിലുറപ്പിച്ചു ഞാന്‍ നടന്നു. പത്തുപതിനൊന്നു മണിയായിട്ടും ഒന്നുപോലും വിറ്റുപോകുന്നില്ല. വീടുവീടാന്തരം പ്രസംഗിച്ചു പ്രസംഗിച്ചു എന്റെ തൊള്ളേലെ വെള്ളം വറ്റി. പഞ്ചായത്തു പൈപ്പില്‍ നിന്ന് തല്‍ക്കാലം ദാഹം ശമിപ്പിച്ചു. മീനമാസത്തിലെ സൂര്യന്‍ തലക്കു മുകളില്‍. ഇരുപത്തഞ്ചു കിലോ സാധനം തോളിന്മേലും. വിയര്‍ത്തൊലിച്ച് ഞാന്‍ വീണ്ടും നടന്നു. മണി രണ്ട്…മൂന്ന്… ആര്‍ക്കും സാധനം വേണ്ട. വിശന്നു
പൊറുതി മുട്ടി. ഐഡിയ! കയ്യിലിരുന്ന അമ്പതു പൈസക്ക് അടുത്തുകണ്ട മാടക്കടയില്‍ നിന്ന് രണ്ടു ഗ്യാസുമുട്ടായി വാങ്ങി. ഒരു ഗ്ലാസ്സ് പച്ചവെള്ളം ബില്‍കുല്‍ ഫ്രീ… നടപ്പ്. മണി നാലു കഴിഞ്ഞു. എന്റെ കണ്ണില്‍ ഇരുട്ടു കയറി. തളര്‍ന്നു വലഞ്ഞ ഞാന്‍ വഴിയരികിലെ ഒരു കല്ലിലേക്ക് ഇരുന്നു പോയി. മനമുരുകി പ്രാര്‍ത്ഥിച്ചു: ഒരു പീസ്…ഒരൊറ്റ പീസ് ആരെങ്കിലും വാങ്ങണേ… പരിചയമുള്ള ഒരു മുഖവുമില്ലാത്ത നാട്. ആരോടെങ്കിലും ഭക്ഷണം യാചിക്കാന്‍ അഭിമാനം അനുവദിക്കുന്നുമില്ല. പിന്നെയും നടന്നു. അഞ്ചു മണിയാ‍കുന്നു. മുന്നില്‍ക്കണ്ട വീട്ടിലേക്ക്
കയറി ബെല്ലടിച്ചു. ഒരു സ്ത്രീ ഇറങ്ങി വന്നു, കൂടെ പത്തുപതിനൊന്നു വയസ്സു പ്രായമുള്ള ഒരു ബാലനും.

സാധാരണപോലെ ഞാന്‍ പ്രോഡക്റ്റെല്ലാം പ്രദര്‍ശിപ്പിച്ച് ക്ഷീണിച്ച സ്വരത്തില്‍ വാചകമടിച്ചു. നിസ്സംഗതയൊടെ കേട്ടുനിന്ന സ്ത്രീ അവസാനം ഒറ്റപ്പറച്ചില്‍ “ഒന്നും വേണ്ട, ഒന്നുമിവിടെ ആവശ്യമില്ല”. എന്റെ ആശ കെട്ടു. ദയനീയമായി അവരെയൊന്നു നോക്കി. ആ ബാലന്‍ എന്നെ സാകൂതം വീക്ഷിച്ചുകൊണ്ടു നില്‍ക്കുകയാണ്.

പതിനെട്ടടവും പരാജയപ്പെട്ടു. എന്റെ കണ്‍‌ട്രോള്‍ വിട്ടുപോയി. ഞാന്‍ ഒറ്റക്കരച്ചില്‍. ആ സ്ത്രീ അന്ധാളിച്ചു.
“ചേച്ചീ, നേരം വെളുത്തിട്ടിതു വരെ ഒന്നും കഴിച്ചിട്ടില്ല. ഒരൊറ്റപ്പീസും വിറ്റിട്ടില്ല ചേച്ചീ…കയ്യിലഞ്ചു പൈസയില്ല. വിശന്നിട്ടെന്റെ തലകറങ്ങുന്നു. എനിക്കെന്തെങ്കിലുമൊന്നു തിന്നാന്‍ വേണ്ടിയെങ്കിലും ഒരു സാ‍ധനം ചേച്ചി വാങ്ങിക്കണം. പ്ലീസ്…” ഞാന്‍ മൂക്കു പിഴിഞ്ഞു.
അവര്‍ ചിന്താക്കുഴപ്പത്തിലായതു പോലെ തോന്നി. എനിക്കു പ്രതീക്ഷയേറി.
‘അമ്മേ, പാവം ചേട്ടന്‍. മേടീരമ്മേ, സാധനം മേടീരമ്മേ. ആ ചേട്ടന്‍ പാവമല്ലേ മേടീര്…”
ആശ്വാസത്തിന്റെ കുളിര്‍ക്കാറ്റായി ആ ബാലന്റെ സഹതാപ വാക്കുകള്‍. ഞാന്‍ കൃതജ്ഞതയോടെ അവനെ നോക്കി. ധര്‍മ്മസങ്കടത്തിലായ ചേച്ചി ഒരു ഡിഷ്‌സെറ്റ് എടുത്ത് വില ചോദിച്ചു. “എന്തവാ ലാസ്റ്റ് വെല?”
എനിക്കൊന്നും മറയ്ക്കാനില്ലായിരുന്നു.
“ചേച്ചീ നൂറ്റമ്പതു രൂപക്ക് വിറ്റാല്‍ എനിക്കു പതിനഞ്ചു രൂപ കിട്ടും.ചേച്ചിയൊരു കാര്യം ചെയ്യ്. പത്തു രൂപ കുറച്ചു തന്നാല്‍ മതി. നൂറ്റി നാല്‍പ്പത്”
അവര്‍ മനസ്സില്ലാ മനസ്സോടെ സാധനവുമായി അകത്തേക്കു പൊയി. ബാലന്‍ എന്റെയടുത്തേക്ക് വന്നു.
“കണ്ടോ, ഞാന്‍ പറഞ്ഞാല്‍ അമ്മ മേടിക്കും. ചേട്ടനു ചോറു വേണോ?”
ദൈവമേ, എന്റെ ഉള്ളു കരഞ്ഞു. മിഴികള്‍ നിറഞ്ഞു.
“മോനേ..” ഒരു ഗദ്‌ഗദം പുറത്തു വന്നു. ഞാനാ കുട്ടിയുടെ തലയില്‍ തലോടി. അവന്‍ സ്നേഹത്തോടെ
എന്നോടു ചേര്‍ന്നു നിന്നു. ഞാന്‍ കണ്ണു തുടച്ചു.
കാശുമായി അവന്റെ അമ്മ വന്നു. “ഇന്നാ, നൂറ്റമ്പതുമുണ്ട്”
“വേണ്ടി ചേച്ചീ, നൂറ്റി നാല്‍പ്പത്. പത്തുരൂപാ നഷ്‌ടം ഞാന്‍ സഹിച്ചു. ചേച്ചീടെ ഈ സഹായം ഞാന്‍ ഒരിക്കലും മറക്കത്തില്ല. ഞാന്‍ പൊയ്ക്കോട്ടേ….”
“നില്‍ക്ക്, ചോറു കഴിച്ചിട്ടു പോകാം”
“വേണ്ട ചേച്ചീ, ഇരുട്ടുന്നേനു മുമ്പേ പോണം. ഞാന്‍ പുറത്തൂന്ന് കഴിച്ചോളാം”
നിഷ്‌കളങ്കനാ‍യ ആ പൈതലിന്റെ മൂര്‍ദ്ധാവില്‍ ഒരുമ്മ വെച്ചിട്ട് ഞാന്‍ പുറത്തിറങ്ങി. എന്റെ വിശപ്പു
കെട്ടിരുന്നു. മുറുക്കാന്‍ കടയില്‍ നിന്നും ഒരു സോഡാ‍ സറുവത്ത്. അന്ന് രണ്ട് പീസു കൂടി വിറ്റുപോയി.

ആ രാത്രി അവാച്യമായ ഒരു നിര്‍വൃതിയില്‍ ലയിച്ചുറങ്ങിയ എന്റെ സ്വപ്നങ്ങളില്‍ മുഴുവന്‍ സ്നേഹസമ്പന്നനായ ആ ബാലനായിരുന്നു. ഒപ്പം നന്മയുടെ കൈത്തിരികളായ ഒരുപാടു കുഞ്ഞുങ്ങളും..
(ഈ ലക്കത്തോടെ ഈ കുറിപ്പുകള്‍ അവസാനിപ്പിക്കണമെന്നു വിചാരിച്ചതായിരുന്നു. എഴുതാനുദ്ദേശിച്ചതല്ല കടലാസില്‍ തെളിഞ്ഞത്, ഒരല്‍പ്പം നീണ്ടുപോയി. രസകരമായ ഒന്നുരണ്ടു കാര്യങ്ങള്‍ പറയാനായി ഒരു ലക്കം കൂടി പ്രിയ വായനക്കാര്‍ അനുവദിക്കുമല്ലോ…)

16 Comments »

1.

മൂന്നാം ദിവസം തിരുവല്ലായ്ക്കടുത്ത് പമ്പയറിന്റെ തീര്‍ത്തൊരിടത്തായിരുന്നു ഞാന്‍ ബസ്സിറങ്ങിയത്.

പമ്പാനദിക്കരയിലൂടെ ഞാന്‍ കിഴക്കോട്ടു നടന്നു. പച്ചപ്പു നിറഞ്ഞ ഉള്‍നാടന്‍ പ്രദേശങ്ങളിലൂടെയുള്ള

നടപ്പ് പ്രദാനം ചെയ്തിരുന്ന സന്തോഷത്തിന്റെ തിരുമധുരം ഇന്നുമെന്റെ ഓര്‍മ്മകളില്‍ കിനിയുന്നു.

എന്തെല്ലം അനുഭവങ്ങള്‍…പുതു പുതു കാഴ്ച്ചകള്‍…

പാണ്ടി എന്നൊരു സ്ഥലമുണ്ട്, ആയാപറമ്പിനടുത്ത്. അവിടെ നദി കടക്കുന്നത് ബഹുരസമാണ്.

നദിയില്‍ നാട്ടിയ മുളന്തൂണുകളിലായി നദിക്കു കുറുകേ കയര്‍ കെട്ടിയിരിക്കുന്നു. നമ്മള്‍ വഞ്ചിയില്‍ കയറി

നിന്ന് കയര്‍ പിടിച്ചു വലിച്ചു വലിച്ചു അക്കരെക്കു പോകും…തുഴയുമില്ല, തുഴച്ചില്‍ക്കാരനുമില്ല.

Comment by സിയ — February 6, 2007 @ 5:29 am
2.

ഒന്നാം ലക്കത്തില്‍ തമാശ രൂപത്തില്‍ പറഞ്ഞ കാര്യങ്ങള്‍ രണ്ടാം ലക്കമെത്തിയപ്പൊ ഭാവ സാന്ദ്രമാകുന്നു.
വിഷമിക്കാതിരിക്കൂ സിയ, ഏതിറക്കത്തിനും ഒരു കയറ്റമുണ്ട്. ശുഭപ്രതീക്ഷകളോടെ അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു.

Comment by ഇക്കാസ് — February 6, 2007 @ 5:44 am
3.

ആര്‍ദ്രമായ എഴുത്ത്. ലളിതമായ വിവരണം. വായനയുടെ സുഖവും അനുഭവ തീവ്രതയുടെ നൊമ്പരവും. കൊള്ളാം സിയാ

Comment by റെനിന്‍ — February 6, 2007 @ 6:34 am
4.

സിയാ, എഴുത്ത് നന്നായി. നേരില്‍ കണ്ട പോലെ തോന്നി. ഇത്രയധികം കഷ്ടപ്പാട് സഹിച്ചിട്ടുണ്ടല്ലേ ജീവിതത്തില്‍. ഇപ്പോള്‍ നല്ല നിലയില്‍ എത്തിയല്ലോ, ആശ്വസിക്കൂ.

Comment by ശ്രീജിത്ത് കെ — February 6, 2007 @ 7:05 am
5.

നല്ല വിവരണം
ഇത്തിരി നൊമ്പരം
സിയ എഴുതൂ വായിക്കാന്‍ ഒത്തിരി പേരുണ്ട്
സസ്നേഹം

Comment by വിചാരം — February 6, 2007 @ 7:21 am
6.

സിയാ വല്ലാതെ നോവിച്ചല്ലോ.വിയര്‍‍പ്പും കണ്ണുനീരുമാണു് അക്ഷരങ്ങളായി എന്‍റെ മുന്നില്‍‍ നിങ്ങള്‍‍ നിരത്തിയിരിക്കുന്നതു്.
ആത്മവിശ്വാസവും സ്ഥിരോത്സാഹവും നിങ്ങളെ വിജയത്തില്‍‍ നിന്നു് വിജയത്തിലേയ്ക്കു് നയിക്കും.
സസ്നേഹം,
വേണു.

Comment by വേണു — February 6, 2007 @ 7:48 am
7.

സിയാ, എല്ലാ പൊസ്റ്റുകളും വായിക്കുന്നുണ്ട്. ഈ പോസ്റ്റ് വായിച്ചിട്ട് വിഷമം തോന്നി. കഴിഞ്ഞദിവസം വീട്ടില്‍ വന്ന ഒരു സെയിത്സ്മാനോട് ഞാന്‍ നന്നായിട്ടാണോ പെരുമാറിയത് എന്നൊരു സംശയം. എന്തായാലും ഇനിയും കൂടുതല്‍ ശ്രദ്ധിക്കാം. ഇതുപോലെയുള്ള അനുഭവങ്ങള്‍ വായിക്കുമ്പോള്‍ നിസാരമെന്ന് കരുതുന്ന പല കാര്യങ്ങളും കൂടുതല്‍ മനസിലാക്കാന്‍ പറ്റുന്നു.

Comment by ശാലിനി — February 6, 2007 @ 8:16 am
8.

സിയാ,ശരിക്കും കണ്ണു നിറഞ്ഞു വായിച്ചു കഴിഞ്ഞപ്പോള്‍.ഇനിയുള്ള ജീവിതത്തില്‍ ഒരു മുതല്‍ക്കൂട്ടാകട്ടെ ഈ അനുഭവങ്ങള്‍

Comment by വല്യമ്മായി — February 6, 2007 @ 8:23 am
9.

എല്ലാം വായിച്ച് കഴിഞ്ഞശേഷം കമന്റാമെന്നു കരുതി. പക്ഷേ ഈ ‘സെന്റി’ കണ്ടപ്പോള്‍ കമന്റാതെ പോകാന്‍ തോന്നുന്നില്ല.
-നന്നായിരിക്കുന്നു, സിയാ!

Comment by ശശി — February 6, 2007 @ 9:03 am
10.

സിയ
വളരെ ഹൃദയ സ്പര്‍ശിയായി തന്നെ പറഞ്ഞിരിക്കുന്നു അനുഭവങ്ങള്‍.
ഇനിയുള്ള ജീവിതത്തില്‍ താങ്കള്‍ക്കും കുടുംബത്തിനും വഴികാട്ടിയാകട്ടെ ഈ തീയില്‍ കുരുത്ത അനുഭവസമ്പത്ത്..

Comment by അലിഫ് — February 6, 2007 @ 9:51 am
11.

മനസില്‍ തട്ടും വിധം എഴുതിയീരിക്കുന്നു സിയാ.. ധൈര്യമായിട്ട്‌ വീണ്ടും എഴുതുക. ഞങ്ങളൊക്കെ വായിക്കാനുണ്ടാകും.

ആശംസകള്‍.

ഓടോ: പിന്നെ സിയ പോയ ആ നാടുണ്ടല്ലോ, ആ ജില്ലക്കാരൊക്കെ നല്ലതു പോലെ പെരുമാറുന്ന, നല്ല ആള്‍ക്കാരാ.

Comment by തമനു — February 7, 2007 @ 5:00 am
12.

ഇക്കാസ്, റെനിന്‍,ശ്രീജി,വിചാരം, വേണുച്ചേട്ടന്‍, ശാലിനി, വല്യമ്മായി,കൈതമുള്ള് ശശിച്ചേട്ടന്‍, അലിഫ്, ത്തമന്‍ ഊച്ചേട്ടന്‍…
തുടങ്ങി കരച്ചിലടക്കാന്‍ പാടുപെടുന്ന മുഴുവന്‍ വായനക്കാര്‍ക്കും ഹൃദയം തകര്‍ന്ന നന്ദി…നമസ്കാരം.
ഓ.ടോ. തമനുച്ചേട്ടോ…ചേട്ടന്റെ ജില്ലക്കാരുടെ കയ്യിലിരുപ്പിന്റെ മഹത്തായ ഗുണങ്ങള്‍ ഞാന്‍ വഴിയേ പറഞ്ഞോളാം.

Comment by സിയ — February 7, 2007 @ 5:12 am
13.

സിയാ..
ഹൃദയസ്പര്‍ശിയായ വിവരണങ്ങള്‍

Comment by സിജു — February 7, 2007 @ 1:00 pm
14.

സിയ…ഇത്‌ ഇപ്പോഴാണു വായിച്ചത്‌.’ടച്ചിംഗ്‌’ ആയിട്ടുണ്ട്‌.

Comment by sandozone — February 7, 2007 @ 1:12 pm
15.

നന്ദി സിജു, നന്ദി സാന്‍ഡോസ്..

Comment by സിയ — February 7, 2007 @ 1:46 pm
16.

ആ രാത്രി അവാച്യമായ ഒരു നിര്‍വൃതിയില്‍ ലയിച്ചുറങ്ങിയ എന്റെ സ്വപ്നങ്ങളില്‍ മുഴുവന്‍ സ്നേഹസമ്പന്നനായ ആ ബാലനായിരുന്നു. ഒപ്പം നന്മയുടെ കൈത്തിരികളായ ഒരുപാടു കുഞ്ഞുങ്ങളും..

വളരെ മനോഹരമായിട്ടുണ്ട് സിയാ.. വളരെ വളരെ ഇഷ്ടപ്പെട്ടു.

Comment by വിശാ‍ലമനസ്കന്‍ — February 12, 2007 @ 12:52 pm

3 comments:

ഇസാദ്‌ said...

ഹോ, നിങ്ങള്‍ ആളു പുലി തന്നെ കേട്ടൊ. കുറച്ചു സമയത്തേക്ക് ഞാനൊരു സിയ ആയിപ്പോയി. പഴയ അനുഭവങ്ങളൊക്കെ പിന്നീട് ഓറ്ക്കാന്‍ നല്ല സുഖമാണല്ലേ .. വളരെ നല്ല വിവരണം. അസ്സലായിട്ടുണ്ട്.

zain said...

വായിച്ചു ...,
ഇവിടെ എത്തിപെടാന്‍ വൈകി എന്ന് മാത്രം പറയട്ടെ .....

Shas said...

നല്ല എഴുത്ത് സിയാ... ഇനിയെപ്പോഴും ആ ബാലന്‍ കൂടെയുണ്ടാകും .. നന്മയുടെ പ്രതീകമായി