Jan 6, 2008

അങ്ങനെ ഒരു ഡയറക്റ്റ് മാര്‍ക്കറ്റിംഗ് - 2

പിറ്റേ ദിവസം അര്‍ക്കനേക്കാള്‍ മുമ്പേ ഉണര്‍ന്നത് ഞാനാണ്. ഏറെക്കാലം കൂടി മന‍സ്സുണ്ടായിട്ടല്ലെങ്കിലും ഒരു പ്രഭാതം കാണാന്‍ പോകുന്നുവെന്ന ചിന്ത എന്നെ ആഹ്ലാദഭരിതനാക്കി. വെളിച്ചം പരന്നിട്ടില്ല. എവിടെയോ കേട്ടു മറന്ന ശബ്ദവീചികള്‍ കാതിലലയടിച്ചു…“കൌസല്യാ സുപ്രജാ രാമ പൂര്‍വ്വ സന്ധ്യാ പ്രവര്‍ത്തതേ… ” തൊട്ടടുത്ത മണ്ണടിക്കാവ് അമ്പലത്തില്‍ നിന്നാണ്…പിന്നെയും കുറേക്കഴിഞ്ഞാണ് സുബഹി ബാങ്ക് വിളിച്ചത്. നിര്‍വൃതിയോടെ ഞാന്‍ കേട്ടു നിന്നു.

തൊടിയിലെ പടവു കെട്ടിയ കുളത്തില്‍ നന്നായൊന്നു മുങ്ങികുളിച്ചുവന്ന് പുതിയ പാന്റ്സും ഉടുപ്പും ധരിച്ചു പുറത്തിറങ്ങാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും തൊടിയും കുളവും പടവുമൊന്നുമില്ലാത്തതിനാല്‍ കിണറ്റില്‍ നിന്ന് വെള്ളം കോരിത്തന്നെ കുളിച്ചു. ഏറെ നാളിനു ശേഷം അവ്വല് സുബഹിക്ക് * എന്നെ പള്ളിയില്‍ കണ്ടപ്പോള്‍ മോതീനും മുസ് ലിയാര്‍ക്കും ആശ്ചര്യം; ആഹ്ലാദം!

പുലരിയുടെ ചന്തം എന്നെ വിസ്മയിപ്പിച്ചു; പക്ഷികളുടെ കളകൂജനങ്ങളും. ഉദയാര്‍ദ്രകിരണങ്ങള്‍ ഇലച്ചാര്‍ത്തുകളിലൂടെ അരിച്ചരിത്തെന്നു. പന്ത്രണ്ടു കൊല്ലത്തിലൊരിക്കല്‍ പൂക്കുന്നതിനാല്‍ നീലക്കുറിഞ്ഞിക്കു എന്തൊരഴക്; വല്ലപ്പോഴും മാത്രം കാണുന്ന ഈ പുലരിക്കുമതേയഴക്…

ഞാന്‍ നടന്നു. പ്രൈവറ്റ് ബസ്റ്റാന്‍ഡ് ആണ് ലക്ഷ്യം. സ്റ്റാന്‍ഡടുക്കവേ അനൌണ്‍സ്മെന്റ് കേള്‍ക്കായി…“കായംകുളത്തു നിന്നും ഒന്നാം കുറ്റി രണ്ടാം കുറ്റി മൂന്നാം കുറ്റി കറ്റാനം ചാരുമ്മൂട് കുടശ്ശനാട് മാവേലിക്കര മാന്നാര്‍ തിരുവല്ല വഴി ചങ്ങനാശ് ശ്ശേരിക്കു പുറപ്പെടുന്നു പാ‍ാ‍ാഞ്ചജന്യം. സ്റ്റാന്‍ഡിന്റെ വടക്കുവശത്തു പാര്‍ക്ക് ചെയ്യുന്നു, എടുത്തു മാറ്റെടാ #&@*…..”
പാര്‍ക്ക് ചെയ്യുന്നു എന്നതു വരെ യാത്രക്കാരോടും തെറിയുടെ അകമ്പടിയോടെയുള്ള എടുത്തു മാറ്റെടാ ബസ്സ് ഡ്രൈവറോടുമാണ്. എന്നാല്‍ കോളാമ്പിയിലൂടെ അത് പട്ടണവാസികള്‍ക്കെല്ലാം ശ്രവിക്കാം.

ചെങ്ങന്നൂരിനുള്ള ബസില്‍ ഇടം പിടിച്ചു. ജൂനിയര്‍ യേശുദാസ് ബാബു യാത്രക്കാര്‍ക്കു മുമ്പേ ബസ്സില്‍ കയറിപ്പറ്റിയിട്ടുണ്ട്. അന്ധനാണ്. നന്നായി പാടും…പാട്ടു പഠിക്കുന്നുണ്ട്. ബാബുവിന്റെ ഭൂപാള രാഗം ചില വല്യമ്മമാരുടെയെങ്കിലും ശകാരത്തിനു കാരണമാകുന്നു. ബസ് സ്റ്റാര്‍ട്ട് ചെയ്തു. ടേക്ക് ഓഫ് ചെയ്യാന്‍ ഏതാനും നിമിഷങ്ങള്‍ മാത്രം. യാത്രക്കാര്‍ സീറ്റ് ബെല്‍റ്റിനു പകരം സ്വന്തം ജീവന്‍ കയ്യിലെടുത്തു. മത്സരയോട്ടം ഇതാ തുടങ്ങുകയായി. ചെങ്ങന്നൂരില്‍ എത്തിയെങ്കില്‍ പറയാം എത്തിയെന്ന്.

ഒരമ്മാവന്‍ പെണ്ണുക്കര, പെണ്ണുക്കര..ആളെറങ്ങണമെന്നു വിളിച്ചു കൂവി. കിളി നോക്കുമ്പം പെണ്ണുക്കര സ്റ്റോപ്പില്‍ എബിമോന്‍ നിര്‍ത്തിയിട്ടിരിക്കുന്നു. ഇതു തന്നെ തക്കം. സിംഗിളിനു പകരം കിളി ട്രിപ്പിളടിച്ചു മണി! പോരാഞ്ഞ് ഒരുഗ്രന്‍ ചൂളവും…ഉശിരു കേറിയ ഡ്രൈവര്‍ ആക്സിലേറ്ററില്‍ ഊക്കന്‍ ചവിട്ടു ചവിട്ടി… ബസ്സ് എബിമോനെയും മറികടന്ന് കുതിച്ചു. മൂന്നു സ്റ്റോപ്പകലെ അമ്മാവനെ ഇറക്കിവിടുമ്പോള്‍ ഒരുപദേശം കൊടുക്കാന്‍ കിളി മറന്നില്ല.“അമ്മാവോ സൈഡിക്കുടെ പോണേ… എറച്ചീ മണ്ണു പറ്റിക്കല്ലേ..”

ഞാനാരാ മോന്‍? എനിക്കിറങ്ങേണ്ട സ്റ്റോപ്പിനും രണ്ട് സ്റ്റോപ്പ് മുന്നേ ആളെറങ്ങണമെന്നു ഞാനും വിളിച്ചു പറഞ്ഞു.എന്നാല്‍ ഉദ്ദേശിക്കുന്ന സ്റ്റോപ്പില്‍ കൃത്യമായി ഇറങ്ങാമല്ലോ….ഞാനതു പറയേണ്ട താമസം, ചെറുപ്പക്കരനായതിനാലാവാം-കിളി ഒറ്റ ബെല്ല്…സിംഗിളു തന്നെ. ഞാന്‍ വിയര്‍ത്തു. “സോറി, സോറി ഇതല്ല, മാറിപ്പോയതാ..രണ്ടു സ്റ്റോപ്പ് കഴിഞ്ഞാ എറങ്ങേണ്ടത്….” കിളി ഒന്നു മൂളി. ക്രിസ്ത്യന്‍ കോളജ് ജംഗ്ഷനില്‍ ഇറങ്ങണമെന്ന് വിളിച്ചു കൂവിയിട്ടും കിളി മൈന്‍ഡ് ചെയ്യാതിരുന്നപ്പോഴാണ് മൂളലിന്റെ അര്‍ത്ഥം മന‍സ്സിലായത്. “ദേണ്ടെ, അമ്മാവനോടു കളിച്ച പോലെ എന്നോട് കളിക്കരുത് കേട്ടോ..അടിയെടാ ബെല്ല് ”. നൂറു വാരയല്ലേ മുന്നോട്ടു പോയുള്ളൂ എന്ന ആശ്വാസത്തില്‍ ഞാന്‍ ഓഫീസിലേക്കു നടന്നു.

ട്രെയ്നിംഗിന്റെ രണ്ടാം ദിവസം. കുറേയേറെ സാധനങ്ങള്‍ നിരത്തിവെച്ചിരിക്കുന്നു. ഒരിക്കലും ചൂടു നഷ്ടപ്പെടാത്ത കാസറോള്‍ (അടുപ്പില്‍ വെച്ചാല്‍ മതി), ഒരിക്കലും പൊട്ടാത്ത ഡിന്നര്‍ സെറ്റ് (ഷോ കേസില്‍ വെക്കണം), പത്തുകൊല്ലത്തെ ഗ്യാരണ്ടിയുള്ള ടോര്‍ച്ച് (കമ്പനിക്ക് 6 മാ‍സം ആയുസ്സ്), വളര്‍ന്ന പെണ്‍കുട്ടികളുള്ള വീട്ടിലേക്ക് കോളര്‍ ഐഡി (നമ്പര്‍ തെറ്റിക്കാണിക്കുന്നതിനാല്‍ വാങ്ങുന്നവന് മാനനഷ്ടം, ധന നഷ്ടം, ആയുരാരോസ്യ സൌഖ്യം), ഫ്ലവര്‍ വേസ് (തരക്കേടില്ല) ഇത്യാതി പ്രമുഖ ഉത്പന്നങ്ങളാണ് മാര്‍ക്കറ്റ് ചെയ്യേണ്ടത്. മാനേജര്‍ സാര്‍ എഴുന്നെള്ളുകയായി.
“ഡിയര്‍ ഫ്രണ്ട്സ്, നിങ്ങള്‍ എങ്ങനെയാണ് ഈ സാധനങ്ങള്‍ കസ്റ്റമേഴ്സിനെക്കൊണ്ട് പര്‍ച്ചേസ് ചെയ്യിക്കുക?”
പലരും പലതും പറഞ്ഞു. ഗുണഗണങ്ങള്‍ വര്‍ണ്ണിക്കുമെന്നു പറഞ്ഞു. ഇതാനയാണ്, ചേനയാണ്…
ഊറിയ ചിരിയോടെ മാനേജര്‍ തുടര്‍ന്നു:“നോ നൊ നൊ നോ….ഒരിക്കലും പ്രോഡക്റ്റിന്റെ ഗുണഗണങ്ങള്‍ പറഞ്ഞു നിങ്ങള്‍ എനര്‍ജി വേസ്റ്റാക്കരുത്. കസ്റ്റമര്‍ വാങ്ങുകയുമില്ല. നോക്കൂ ഇതിനെന്താ വില..150 രൂപ. നിങ്ങള്‍ നൂറ്റമ്പതല്ല പറയേണ്ടത്. ദാ നോക്കൂ…ഇങ്ങനെ പറയണം..ഡിയര്‍ മാഡം, അടുത്തിടെ മാര്‍ക്കറ്റിലിറങ്ങാന്‍ പോകുന്ന ഈ മനോഹര ഉത്പന്നത്തിന്റെ ഹൌസ് കാമ്പയിനിനു വന്നതാണ് ഞാന്‍. മാര്‍ക്കറ്റില്‍ ഇതിനു 359 രൂപ അമ്പതു പൈസയാണ് വില. നിങ്ങള്‍ ഏതു മാര്‍ക്കറ്റില്‍ ചെന്നാലും ആ വിലയാകും. എന്നാല്‍ പരസ്യപ്രചരണാര്‍ത്ഥം ഇന്നു മാത്രം നിങ്ങള്‍ക്ക് വെറും 150 രൂപക്ക് ഈ പ്രോഡക്റ്റു കിട്ടും. എത്ര പീസ് എടുക്കണം മാഡം?”
ഹൌ! എന്തൊരു തന്ത്രം…അപ്പം ഇതിനാണല്ലേ തൊലിക്കട്ടി വേണ്ടത്. ഇതിലെ നൈതികത എന്നെ വീര്‍പ്പുമുട്ടിച്ചെങ്കിലും കൂടുതല്‍ ആലോചിക്കാന്‍ മെനക്കെട്ടില്ല. പ്രോഡക്റ്റെല്ലാം മഹാശ്ചര്യം, നമുക്കും കിട്ടണം പണം!
“നിങ്ങള്‍ കസ്റ്റമറെ ബോധ്യപ്പെടുത്തുന്നതിനായി ഇങ്ങനെ ശ്വാസം വിടാതെ പറയുന്നതിന് പിച്ചിംഗ് എന്നാണ് പറയുക. എത്ര നന്നായി നിങ്ങള്‍ പിച്ച് ചെയ്യുന്നുവോ അത്രയും കൂടുതല്‍ സാധനങ്ങള്‍ നിങ്ങള്‍ക്ക് വിറ്റഴിക്കാം. കണ്ണില്‍ നോക്കി ആത്മവിശ്വാസത്തോടെ പറയണം. പിച്ചിംഗിന് പരിശീലനം ആവശ്യമുണ്ട്. ദാ എല്ലാവെരും ഇങ്ങോട്ടു നോക്കൂ….ഞാന്‍ പറയുന്നത് പോലെ പറയൂ….വഴക്കത്തോടെ പിച്ചു ചെയ്യാന്‍ ഇതു സഹായിക്കും”
ഞങ്ങള്‍ കാതുകൂര്‍പ്പിച്ചു.

“ദാ ഇങ്ങനെ.
അരക്കില്ലം മഠത്തിച്ചെന്നരിയെടുത്തവിലെടുത്തരക്കെടുത്തുരുക്കെടുത്തരക്കില്ലം മഠത്തിത്തന്നരിയുംവിറ്റവിലുംവിറ്റരക്കുംവിറ്റുരുക്കുംവിറ്റപ്പന്‍ ഉപ്പും കൊണ്ടിപ്പവരും…ഉറക്കെപ്പറയൂ….”
ഹൌ…കേട്ടുനിന്ന ഞങ്ങള്‍ക്ക് ശ്വാസം മുട്ടി…കണ്ണു തുറിച്ചു.
************************

ആദ്യരണ്ടു ദിവസം ട്രെനിംഗ് തരാന്‍ ഒരു സീനിയര്‍ കൂടെ വന്നു. അയാള്‍ ചിലപ്പോഴെല്ലാം നമ്മളെക്കൊണ്ടു ‘പിച്ച്‘ ചെയ്യിക്കും. വെള്ളത്തില്‍ ചാടി ചാകാന്‍ പോകുന്നവന് കുടയെന്തിന്…ഞാന്‍ നാണം ദൂരെയെറിഞ്ഞു, അതൊരു ഭാരമാണ്. ആത്മവിശ്വാസം ഊതിപ്പെരുപ്പിച്ചു. കസ്റ്റമര്‍ വെറും പീറ, ഞാനോ ഇന്റര്‍നാ‍ഷണല്‍ മാര്‍ക്കറ്റിംഗ് കമ്പനിയുടെ എക്സിക്യൂട്ടീവ് റെപ്പ്.

ഏകനായി റെപ്പാന്‍ പോയ ആദ്യദിനം. ഗ്രാമങ്ങളായിരുന്നു എന്റെ ചോയ്സ്. കച്ചോടം നടന്നില്ലെങ്കിലും ഗാന്ധിജി പറഞ്ഞപ്രകാരം ഇന്ത്യയുടെ ആത്മാവ് എങ്കിലും നേരില്‍ ദര്‍ശിക്കാമല്ലോ. നഗരവാസികളെ അപേക്ഷിച്ച് ഗ്രാമീണര്‍ പെട്ടെന്ന് വലയില്‍ വീഴുമെന്ന ഗൂഢോദ്ദേശ്യവുമുണ്ടായിരുന്നു. ഏതെങ്കിലും ഒരു സ്ഥലത്ത് ബസ്സിറങ്ങും. പ്രഭാതം മുതല്‍ പ്രദോഷം വരെ നടപ്പ്. വീടുകളില്‍ നിന്ന് വീടുകളിലേക്ക്…കുടിലു മുതല്‍ കൊട്ടാരം വരെ, പഞ്ചായത്താപ്പീസ്, വില്ലേജാപ്പീസ്, പോലീസ് സ്റ്റേഷന്‍ (അതെനിക്കു നല്ല പരിചയമായിരുന്നു, പോലീസുകാരിലെ മനുഷ്യസ്നേഹികളെ ഞാന്‍ നേരിട്ടറിഞ്ഞിട്ടുണ്ട്), പ്രാഥമികാരോഗ്യ കേന്ദ്രം, സ്വകാര്യാശുപത്രികള്‍ (ഉച്ചക്ക് 2 മണിക്കൂര്‍ റെസ്റ്റ് അവിടെയാണ്. രോഗികളും സന്ദര്‍ശകരും വളരെക്കുറവുള്ള ബെസ്റ്റ് ടൈം), ക്ഷേത്രങ്ങള്‍, പള്ളികള്‍, പള്ളിക്കൂടങ്ങള്‍..‍എല്‍.പി മുതല്‍ എച്ച് എസ്സ് വരെ (അന്ന് പന്ത്രണ്ട് വന്നിട്ടുണ്ടായിരുന്നില്ല) ഇനിയൂലകത്തില്‍ ഞാന്‍ ചവിട്ടാത്തൊരു മണ്ണ് ഫൂമിമലയാളത്തിലില്ല. 30 രൂപ അന്നത്തെ വരുമാനം. വണ്ടിക്കൂലീം കഴിച്ച് രണ്ടര രൂപ അമ്പതു പൈസ.
രണ്ടാം ദിനം ഉഷാറായിരുന്നു….80 രൂപ. ഒരു സ്കൂളിലെ ടീച്ചര്‍മാരെ അടങ്കം പറ്റിച്ചു. അന്ന് തങ്കപ്പണ്ണന്റെ മുറുക്കാന്‍ കടയില്‍ നിന്ന് ആത്മാഭിമാനത്തോടെ വിത്സ് വലിച്ചു. എ.ഡി.ബിക്ക് കേരളം കൊടുക്കുന്നത് പോലെയൊരു പ്രീമിയം തങ്കപ്പണ്ണന് കൊടുത്തു.

മൂന്നാം ദിനം. അനുദിനമുള്ള പുരോഗതിയില്‍ അമിത വിശ്വാസമര്‍പ്പിച്ച എനിക്ക് ആകെപ്പിഴച്ച ദിവസം!
(തുടരും)

14 Comments »

1.

പിറ്റേ ദിവസം അര്‍ക്കനേക്കാള്‍ മുമ്പേ ഉണര്‍ന്നത് ഞാനാണ്. ഏറെക്കാലം കൂടി മന‍സ്സുണ്ടായിട്ടല്ലെങ്കിലും ഒരു പ്രഭാതം കാണാന്‍ പോകുന്നുവെന്ന ചിന്ത എന്നെ ആഹ്ലാദഭരിതനാക്കി. വെളിച്ചം പരന്നിട്ടില്ല. എവിടെയോ കേട്ടു മറന്ന ശബ്ദവീചികള്‍ കാതിലലയടിച്ചു…“കൌസല്യാ സുപ്രജാ രാമ പൂര്‍വ്വ സന്ധ്യാ പ്രവര്‍ത്തതേ… ” തൊട്ടടുത്ത മണ്ണടിക്കാവ് അമ്പലത്തില്‍ നിന്നാണ്…പിന്നെയും കുറേക്കഴിഞ്ഞാണ് സുബഹി ബാങ്ക് വിളിച്ചത്. നിര്‍വൃതിയോടെ ഞാന്‍ കേട്ടു നിന്നു.

Comment by സിയ — January 28, 2007 @ 2:59 pm
2.

ഏതെങ്കിലും ഒരു സ്ഥലത്ത് ബസ്സിറങ്ങും. പ്രഭാതം മുതല്‍ പ്രദോഷം വരെ നടപ്പ്. വീടുകളില്‍ നിന്ന് വീടുകളിലേക്ക്…കുടിലു മുതല്‍ കൊട്ടാരം വരെ, പഞ്ചായത്താപ്പീസ്, വില്ലേജാപ്പീസ്, പോലീസ് സ്റ്റേഷന്‍ (അതെനിക്കു നല്ല പരിചയമായിരുന്നു, പോലീസുകാരിലെ മനുഷ്യസ്നേഹികളെ ഞാന്‍ നേരിട്ടറിഞ്ഞിട്ടുണ്ട്), പ്രാഥമികാരോഗ്യ കേന്ദ്രം, സ്വകാര്യാശുപത്രികള്‍ (ഉച്ചക്ക് 2 മണിക്കൂര്‍ റെസ്റ്റ് അവിടെയാണ്. രോഗികളും സന്ദര്‍ശകരും വളരെക്കുറവുള്ള ബെസ്റ്റ് ടൈം)

Comment by സിയ — January 28, 2007 @ 3:13 pm
3.

Direct marketing….nannavunnu….

Comment by G.Manu — January 29, 2007 @ 5:03 am
4.

കലക്കുന്നുണ്ട് ഉണ്ണിയേയ്. ഇതങ്ങ് വലിച്ച് നീട്ടാണ്ട് സസ്പെന്‍സ് അങ്ങട് പൊളിക്ക് അനിയാ. ടെന്‍ഷന്‍ അടിച്ച് ചാവാറായി.

Comment by ശ്രീജിത്ത് കെ — January 29, 2007 @ 5:21 am
5.

ആഹ! ഇത് കലക്കുന്നുണ്ടല്ലോ സിയ..
കാടും മേടും താണ്ടിയുള്ള നടപ്പിന്റെ കഥകള്‍ ലവന്‍ പറഞ്ഞ പോലെ വലിച്ചു നീട്ടാതെ വേഗം വേഗം ഇങ്ങട് ഇടുക.. നോം വായിച്ചു രസിക്കട്ടെ.

Comment by ഇക്കാസ് — January 29, 2007 @ 5:28 am
6.

അരക്കില്ലം മഠത്തിച്ചെന്നരിയെടുത്തവിലെടുത്തരക്കെടുത്തുരുക്കെടുത്തരക്കില്ലം മഠത്തിത്തന്നരിയുംവിറ്റവിലുംവിറ്റരക്കുംവിറ്റുരുക്കുംവിറ്റപ്പന്‍ ഉപ്പും കൊണ്ടിപ്പവരും…ഉറക്കെപ്പറയൂ….”
ഇതൊരു സാമ്പിള്‍ മാത്രമായിരുന്നു…അവിടെ നിന്നും പഠിച്ച വേറൊരു സാധനം ഇതാ…
Betty bought some butter but the butter was bitter so she bought some better butter to make the bitter butter better

Comment by സിയ — January 29, 2007 @ 5:37 am
7.

സിയ, വളരെ ലളിതമായ വിവരണം. ആ പിച്ചിംഗ് എക്സര്‍സൈസ് കലക്കന്‍, പോരട്ടെ അടുത്തതും.

Comment by അലിഫ് — January 29, 2007 @ 6:14 am
8.

ദേ.. ഒരു കാര്യം നിന്നോട് തൊള്ളയില്‍ കൊള്ളാത്ത ഈ ജാതി ഡയലോഗുമായി ..അരക്കില്ലം മഠത്തിച്ചെന്നരിയെടുത്തവിലെടുത്തരക്കെടുത്തുരുക്കെടുത്തരക്കില്ലം മഠത്തിത്തന്നരിയുംവിറ്റവിലുംവിറ്റരക്കുംവിറ്റുരുക്കുംവിറ്റപ്പന്‍ ഉപ്പും കൊണ്ടിപ്പവരും…ഉറക്കെപ്പറയൂ….”
ഇനിയെങ്ങാനും വന്നാല്‍ .. കാര്യം പറഞ്ഞേക്കാം തലമണ്ട അടിച്ച് പൊളിക്കും
കസറുന്നുണ്ട് ട്ടോ .. വരട്ടെ അടുത്തത്

Comment by വിചാരം — January 29, 2007 @ 6:15 am
9.

ഡയറക്റ്റ് മാര്‍ക്കറ്റിംഗുകാരുടെ വിപണന തന്ത്രങ്ങളാണല്ലോ സിയ പുറത്താക്കുന്നത്

Comment by സിജു — January 29, 2007 @ 6:19 am
10.

ഡയറക്റ്റ് മാര്‍ക്കറ്റിംഗുകാരുടെ വിപണന തന്ത്രങ്ങള്‍ എന്നെങ്കിലും പുറത്താക്കണമെന്ന് ഞാന്‍ പണ്ടേ കരുതിയതാണ്.
തൊഴിലില്ലാതെ അലയുന്ന ഒത്തിരി യുവതീ യുവാക്കളെയും നാട്ടുകാരെയുമാണ് അവര്‍ പച്ചക്ക് വഞ്ചിക്കുന്നത്.

Comment by ziya — January 29, 2007 @ 7:29 am
11.

സിയ..
ഡയറക്റ്റ്‌ മാര്‍ക്കറ്റിംഗ്‌ കൊള്ളാം.

കൃഷ്‌ | krish

Comment by കൃഷ്‌ | krish — January 29, 2007 @ 8:14 am
12.

വേഷങ്ങള്‍ എന്തൊക്കെ കെട്ടണം.ഇന്ത്യയുടെ ആത്മാവ് നേരില്‍ ദര്‍ശിക്കുന്നതോടൊപ്പം സ്വന്തം ആത്മാവും.അടുത്തതു പോരട്ടെ സിയാ.

Comment by venu — January 29, 2007 @ 9:32 am
13.

മനു, ശ്രീ, ഇക്കാസ്, അലിഫ്, വിചാരം, സിജു, കൃഷ്, വേണുച്ചേട്ടന്‍ എല്ലാവര്‍ക്കും ഹൃദയംഗമായ നന്ദി രേഖപ്പെടുത്തിക്കൊണ്ട്…
അടുത്ത ഒരു രംഗത്തോടു കൂടി ഈ മാര്‍ക്കറ്റിംഗിനു തിരശ്ശീല വീഴുന്നതായിരുക്കുമെന്ന സന്തോഷ വാര്‍ത്ത ബൂലോഗരെ ആഹ്ലാദപൂര്‍വ്വം അറിയിച്ചു കൊള്ളട്ടെ!

Comment by സിയ — January 29, 2007 @ 10:20 am
14.

മൂന്നാം ഫാഗം എന്ത്യേ?

Comment by റെനിന്‍ — January 31, 2007 @ 2:58 pm

1 comment:

ഇസാദ്‌ said...

കലക്കി !!! തകറ്ത്തു ... വിവരണം അടിപൊളി ... അടുത്തത് വായിക്കട്ടേ ..