May 3, 2010

Adobe Illustrator Quick Tricks 1 - Quick Custom Border
രു ചെറിയ പരീക്ഷണം! മുമ്പത്തെപ്പോലെ ട്യൂട്ടോറിയല്‍ കുത്തിയിരുന്ന്‌ ടൈപ്പാന്‍ വയ്യാത്തത് കൊണ്ട് സ്ക്രീന്‍ കാസ്റ്റാവാമെന്ന് വെച്ചു. ആദ്യായിട്ടായത് കൊണ്ട് കൊഴപ്പങ്ങളേ കാണൂ അധികം എന്നറിയാം...ന്നാലും ഒരു ധൈര്യത്തിനങ്ങ് പൂശുന്നു.

ആദ്യം അഡോബി ഇല്ല്സ്ട്രേറ്ററിലെ ചില എളുപ്പപ്പണികള്‍ ഒരു സീരീസാക്കാനാണ് ആഗ്രഹം. ഇപ്രാവശ്യം ഒരു കസ്റ്റം ബോര്‍ഡറുണ്ടാക്കുന്ന കുഞ്ഞു വിദ്യ. Adobe Illustrator CS4 ആണ് ഉപയോഗിച്ചിരിക്കുന്നത്.

അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുമല്ലോ :)

Feb 4, 2010

ഒച്ചയില്‍ തളരുന്ന കേരളം

കേരളത്തെക്കുറിച്ച് എന്തെങ്കിലുമൊക്കെ കുറ്റവും കുറവും പറയല്‍ വിദേശമലയാളികളുടെ ഒരു ശീലമായിരിക്കുന്നു എന്നൊരാക്ഷേപമുണ്ട്. വല്ലപ്പോഴും നാട്ടിലെത്തുമ്പോള്‍
കാണുന്നതിലൊക്കെയും ദോഷം കണ്ടെത്തുന്ന പ്രവാസികളുടെ മനോഭാവത്തെ കേരളനിവാസികള്‍ രൂക്ഷമായി പരിഹസിക്കാറുമുണ്ട്.

കേരളത്തില്‍ കാര്യങ്ങളെല്ലാം തെറ്റായ ദിശയിലാണെന്ന അഭിപ്രായം എനിക്കില്ല. ഓരോരോ ന്യൂനതകള്‍ കണ്ടെത്താനും വിമര്‍ശിക്കാനും ഞാന്‍ ഉദ്യമിക്കുന്നുമില്ല. ഈ ലേഖനത്തിന്റെ ഉദ്ദേശ്യം അതൊന്നുമല്ല.

വിവിധതരം മലിനീകരണങ്ങളെക്കൂറിച്ചും  മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും നാം പതിവായി കേള്‍ക്കാറുണ്ട്, വായിക്കാറുണ്ട്, ചര്‍ച്ച ചെയ്യാറുണ്ട്. മലയാളിയുടെ ശുചിത്വബോധം വൈയക്തിമാണെന്നും അന്തരീക്ഷമോ വെള്ളമോ ഭൂമിയോ അശുദ്ധമാകുന്നതിലെ ആശങ്ക കേരളീയനില്ലെന്നും നാം നമ്മെത്തന്നെ പലവുരു ബോധ്യപ്പെടുത്താറുമുണ്ട്. എന്നിട്ടും പരിസ്ഥിതി നിയമലംഘനങ്ങള്‍ നാം നിര്‍ബാധം തുടരുന്നു. നമ്മുടെ തൊണ്ണൂറു ശതമാനം കിണറുകളിലെയും ജലം മലിനമാണെന്നറിഞ്ഞിട്ടും നാം കുറ്റകരമായ നിസ്സംഗത പുലര്‍ത്തുന്നു. ഭൂരിപക്ഷം നദികളിലെയും ആറുകളിലെയും ജലം കോളിഫോം ബാക്റ്റീരിയകളാല്‍ സമൃദ്ധമാണെന്നറിഞ്ഞിട്ടും നാം നദികളിലേക്കും നീരുറവകളിലേക്കും മാലിന്യങ്ങള്‍ തുടര്‍ച്ചയായി ഒഴുക്കിക്കൊണ്ടിരിക്കുന്നു.  (കേരള റൂറല്‍ വാട്ടര്‍ സപ്ലൈ ആന്‍ഡ് സാനിറ്റേഷന്‍സ് ഏജന്‍സി (കെ.ആര്‍.ഡബ്ല്യു.എസ്.എ) നടത്തിയ ഗുണമേന്മ പരിശോധനയിലും കേരള വാട്ടര്‍ അതോറിറ്റി നടത്തിയ പഠനത്തിലും തെളിഞ്ഞ വസ്തുത).

ദിനംപ്രതി 6756 ടണ്‍ നഗരമാലിന്യം സൃഷ്ടിക്കപ്പെടുന്ന കേരളത്തില്‍ പൂര്‍ണതോതില്‍ മാലിന്യ സംസ്‌കരണം ശാസ്ത്രീയമായ രീതിയില്‍ നടത്താന്‍ സംവിധാനമുള്ള ഒറ്റ കോര്‍പ്പറേഷനോ മുനിസിപ്പാലിറ്റിയോ ഗ്രാമപ്പഞ്ചായത്തോ ഇല്ല എന്നറിഞ്ഞിട്ടും നാം മണ്ണിനെയും വെള്ളത്തെയും വായുവിനെയും കൂടുതല്‍ മലിനമാക്കിക്കൊണ്ടേയിരിക്കുകയാണ്.  ഇത്രയും മാലിന്യം നമ്മള്‍ ഇതുവരെ എന്തുചെയ്യുകയായിരുന്നു എന്നു ചോദിച്ചാല്‍‍, മലിനമായ കിണറുകളും പുഴകളും ഭൂഗര്‍ഭജലവും ഒക്കെ അതിന്റെ മറുപടിയാണ്. പകര്‍ച്ചവ്യാധികള്‍ കൂടെക്കൂടെ താണ്ഡവമാടുന്നതില്‍ അദ്ഭുതം പോലുമില്ല നമുക്ക്.

മാലിന്യാവതാരങ്ങളില്‍ ഏറ്റവും അപകടകാരിയായതും സംസ്‌കരിക്കാന്‍ വിഷമമുള്ളതുമായ ആശു​പത്രി മാലിന്യങ്ങളും ഇലക്ട്രോണിക് മാലിന്യങ്ങളും (ഇ-മാലിന്യം) നമ്മുടെ ഉറക്കം കെടുത്താന്‍ തുടങ്ങിയിട്ടുണ്ട്. മാലിന്യസംസ്‌കരണം മാറ്റിനിര്‍ത്തിക്കൊണ്ട് ഇനിയുള്ള കാലം മുന്നോട്ടുപോകാനാവില്ല എന്നൊരു ചിന്ത ശക്തിപ്പെടുമ്പോള്‍ മാലിന്യസംസ്‌കരണത്തിനുള്ള പുതിയ പദ്ധതികളുമായി  ജനങ്ങളും ഭരിക്കുന്നവരും രംഗത്തെത്തുമെന്ന് ന്യായമായും ആശിക്കാം നമുക്ക്.

അങ്ങനെ മാലിന്യചിന്തകളാല്‍ മലിനമായ മനസ്സുമായി പത്രം തുറന്ന ഒരു പ്രഭാതത്തിലാണ് കേന്ദ്രസര്‍ക്കാര്‍ മറ്റൊരു മലിനീകരണം തടയാന്‍ നിയമം കൊണ്ടുവന്നതറിഞ്ഞത്. ശബ്‌ദമലിനീകണം. ഈ ലേഖനത്തിന് ആധാരവും ശബ്‌ദമലിനീകരണത്തെക്കുറിച്ചുള്ള ആശങ്കയാണ്.

“ശബ്ദമലിനീകരണത്തിനു തടയിടാന്‍ പുതിയ നിയമങ്ങള്‍. നഗരങ്ങളിലെ ശബ്ദസംവിധാനം നിയന്ത്രിക്കാന്‍ ദേശീയ ഏജന്‍സിക്കു രൂപം കൊടുത്തിട്ടുണ്ട്. വീട്ടില്‍ സംഗീതം ആസ്വദിക്കുന്നവര്‍ക്ക് അനുവദിച്ചിരിക്കുന്നത് 5 ഡെസിബെല്‍ ഫ്രീക്വന്‍സി. രാത്രി 10 മണിക്കുശേഷം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതിയില്ല. നിര്‍മാണപ്രവര്‍ത്തനങ്ങളോടൊപ്പം സംഗീതം, സംഗീത ഉപകരണങ്ങള്‍ എന്നിവയുടെ ശബ്ദം, പടക്കം പൊട്ടിക്കല്‍ തുടങ്ങി ഉറക്കത്തിന് തടസ്സമുണ്ടാക്കുന്ന ശബ്ദങ്ങളും മലിനീകരണത്തിന്റെ പരിധിയില്‍ പെടുത്തിയതായി കേന്ദ്ര വനം - പരിസ്ഥിതി മന്ത്രി ജയറാം രമേശ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജനവാസ പ്രദേശങ്ങളില്‍ രാത്രി പത്തിനും പുലര്‍ച്ചെ ആറിനുമിടയില്‍ ഈ വിലക്ക് ലംഘിക്കുന്നവര്‍ക്ക് ഏഴു വര്‍ഷംവരെ തടവോ ലക്ഷം രൂപവരെ പിഴയോ ലഭിക്കും. ഹോട്ടലുകള്‍, മാളുകള്‍, മറ്റു പൊതു പരിപാടികള്‍ എന്നിവിടങ്ങളിലും ശബ്ദനിയന്ത്രണമുണ്ട്” ഇങ്ങനെയാണ് വാര്‍ത്ത.

ശബ്ദമലിനീകരണത്തിന്റെ ഗൌരവം തികച്ചും ബോധ്യപ്പെട്ടതു കൊണ്ടാവണം ഇങ്ങനെ നിയമങ്ങള്‍. ഇവയൊക്കെ ഫലപ്രദമായി നടപ്പാക്കപ്പെടുമോ എന്നത് കണ്ടറിയേണ്ട കാര്യമാണ്.

ശബ്ദശല്യം കേരളത്തില്‍ വളരെക്കൂടുതലാണെന്ന് പറയാതെ തരമില്ല. ജനങ്ങളുടെ സ്വൈരം കെടുത്തുന്ന, ഭ്രാന്ത് പിടിപ്പിക്കും വിധമുള്ള ശബ്ദകോലാഹലങ്ങളാണ് കേരളത്തിലെവിടെയും, എല്ലായ്‌പ്പോഴും. ശബ്ദമുഖരിതമാണ് നമ്മുടെ നാട്. നിരത്തുകളിലെ നിരന്തരമായ ഹോണടി ശല്യം, കാതടപ്പിക്കുന്ന മൈക്ക് അനൌണ്‍സ്‌മെന്റുകള്‍, പരസ്യപ്രഘോഷണങ്ങള്‍, കവലപ്രസംഗങ്ങള്‍, സമ്മേളനങ്ങള്‍, പ്രകടനങ്ങള്‍, മുദ്രാവാക്യങ്ങള്‍, ആരാധാനാലയങ്ങളിലെ അനാവശ്യ ശബ്ദഘോഷം...നമുക്ക് സ്വൈരമില്ല.

കേരളത്തില്‍ ഇപ്പോള്‍ ഉത്സവക്കാലമാണ്. പൊട്ടിത്തെറിക്കുന്ന ശബ്ദം ഇല്ലാത്ത ഉത്സവങ്ങള്‍ ചിന്തിക്കാനാവാത്ത സാംസ്കാരിക ബോധമാണല്ലോ നമ്മുടേത്. ശബ്ദഘോഷം ഉത്സവപരിസരത്ത് മാത്രം ഒതുങ്ങുന്നില്ല ഇപ്പോള്‍. രണ്ട് കിലോമീറ്റര്‍ ചുറ്റളവിലെ ടെലഫോണ്‍ പോസ്റ്റുകളിലുടനീളം കോളാമ്പി സ്പീക്കറുകളാണ്. ശബ്ദം നിയന്ത്രിച്ചു വേണം ആഘോഷങ്ങളും ഉത്സവങ്ങളും നടത്താന്‍ എന്ന നിലപാടുകള്‍ വലിയ കോലാഹലമാണ് നമ്മുടെ സമൂഹത്തില്‍ ഉണ്ടാക്കുന്നത്.

ഈ ശബ്ദജാലങ്ങള്‍  മനുഷ്യന്റെ ശാരീരിക-മാനസികാരോഗ്യത്തെ ബാധിക്കുന്നതിനെക്കുറിച്ച് നാം എത്രത്തോളം ബോധവാന്മാരാണെന്നെനിക്കറിയില്ല. ദീര്‍ഘനാള്‍ ഒരേ ശബ്ദം ഏറ്റു കൊണ്ടിരിക്കുന്നത്  ആയുസ്സ് കുറയ്ക്കുന്നതായും മനുഷ്യനെ രോഗത്തിനടിമയാക്കുന്നതായും ലോകാരോഗ്യസംഘടന പുറത്തുവിട്ട പുതിയ തെളിവുകള്‍ പറഞ്ഞു തരുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകത്താകമാനം ഓരോ വര്‍ഷവും നടക്കുന്ന ഏതാണ്ട് എഴുപത് ലക്ഷം ഹൃദ്രോഗമരണങ്ങളില്‍ രണ്ട് ലക്ഷവും നിരന്തരമായ ശബ്ദത്തിന്റെ ശാരീരിക പ്രത്യാഘാതങ്ങളില്‍ നിന്ന് വികസിക്കുന്നതാണ്.

ഉച്ചത്തിലുള്ള ശബ്ദങ്ങള്‍ ഭയത്തിന്റെ സംവേദനമാണ് സൃഷ്‌ടിക്കുന്നത്. വലിയ ശബ്ദങ്ങള്‍ ഗര്‍ഭത്തിലായിരിക്കുമ്പോള്‍ പോലും കുട്ടിയുടെ ശരീരത്തെ ഞെട്ടിത്തരിപ്പിക്കുന്നു. കഠിനമായ ശബ്ദം കേട്ടാല്‍ അതിഗാഢമായ നിദ്രയില്‍ നിന്നു പോലും ഞെട്ടിയുണര്‍ന്ന് ചാടിയെഴുന്നേറ്റ് സംഭവിക്കാന്‍ പോകുന്നതിന്റെ ശരിതെറ്റുകള്‍ അളക്കാന്‍ നില്‍ക്കാതെ ഓടിമാറുന്ന പ്രവണത സാധാരണമാണ്. ശബ്ദത്തിന് നമ്മുടെ ശരീരത്തിനുള്ളില്‍ സ്ഥിരമായി നിലനില്‍ക്കുന്ന ജാഗരൂകതയുടെ ഒരവസ്ഥ സൃഷ്ടിക്കാന്‍ കഴിയുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. നാം ഉറങ്ങിക്കിടക്കുമ്പോഴും നമ്മുടെ മസ്തിഷ്‌‌‌കവും ശരീരവും ശബ്ദത്തോട് പ്രതികരിക്കുന്നുണ്ട്. ശരീരത്തിലെ കോര്‍ട്ടിസോള്‍, അഡ്രിനാലിന്‍, നോര്‍ അഡ്രിനാലിന്‍ എന്നീ സ്ട്രെസ്സ് ഹോര്‍മോണുകളുടെ അളവ് വര്‍ദ്ധിപ്പിച്ചു കൊണ്ടാണിത് നടക്കുന്നത്. ഭയസന്ധികളില്‍ ഓടി രക്ഷപ്പെടാന്‍ ശരീരത്തെ സജ്ജമാക്കുന്ന ഹോര്‍മോണുകളാണിവ. ഊര്‍ജ്ജപ്രവര്‍ത്തനങ്ങള്‍ വളരെ കാര്യക്ഷമമാക്കുക, അതിനായി രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുക, രക്തസമ്മര്‍ദ്ദം പെരുപ്പിച്ച് നിര്‍ത്തുക, അതോടൊപ്പം പ്രത്യുത്പാദനം, ദഹനം, വളര്‍ച്ച തുടങ്ങിയ പ്രവര്‍ത്തനങ്ങളെ താല്‍ക്കാലികമായി നിര്‍ത്തി വെക്കുക എന്നിങ്ങനെയൊക്കെ പെട്ടെന്നൊരു ആക്ഷന് ശരീരത്തെ ഒരുക്കുന്നവയാണ് ഈ ഹോര്‍മോണുകള്‍.

ഒരു ശബ്ദം ഒരാളെ നിരന്തരം ശല്യപ്പെടുത്തുന്നു എന്ന് കരുതുക. ഉദാഹരണത്തിന് റെയില്‍‌വേ ലൈനിനരുകില്‍ താമസിക്കുന്ന ഒരാളുടെ കാര്യമെടുക്കാം. ആദ്യമാദ്യം തീവണ്ടി ശബ്ദം അയാളെ വല്ലാതെ അലോസരപ്പെടുത്തും. ആഴത്തില്‍ നിന്നുള്ള ഉറക്കത്തില്‍ നിന്നു പോലും ഞെട്ടി എഴുന്നേല്‍ക്കും. ഓരോ ഞെട്ടിയുണരലിന്റെ നേരത്തും ആദ്യം പറഞ്ഞ സ്ട്രെസ്സ് ഹോര്‍മോണുകള്‍ അയാളുടെ ശരീരത്തില്‍ ചംക്രമണം നടത്തും. കാലം കഴിയുന്തോറും  ആ ശബ്ദം അയാള്‍ക്ക് ശീലമാകും. അത് അയാളെ ശല്യപ്പെടുത്താതാകും. പക്ഷേ ശരീരത്തില്‍ സൃഷ്‌ടിക്കപ്പെടുന്ന ഹോര്‍മോണ്‍ മാറ്റങ്ങള്‍ മാറില്ല. എത്ര പഴകിയാലും തീവണ്ടിയുടെ ഓരോ പാച്ചിലും അയാളില്‍ ഭയത്തിന്റെ സംവേദനങ്ങള്‍ സൃഷ്‌‌ടിച്ചു കൊണ്ടിരിക്കും. രക്ഷപ്പെടാനുള്ള ചോദന ഓരോ സമയത്തും ഹോര്‍മൊണ്‍ സ്രവിപ്പിക്കും. പക്ഷേ ഓരോ സമയത്തും മസ്തിഷ്‌കം ബോധ്യപ്പെടുത്തും, അത് തീവണ്ടിയാണ്, ഭയപ്പെടേണ്ട, ഇങ്ങോട്ട് വരില്ല. ശരീരത്തിലെ ഹോര്‍മോന്‍ അളവിലെ മാറ്റങ്ങള്‍ക്കനുസരിച്ച് ഉറക്കം കളയണ്ട. ശീലം മാനസികമായ ശല്യം കുറയ്ക്കും. പക്ഷേ ശാരീരികമായി ഉണ്ടാവുന്ന മാറ്റങ്ങള്‍ക്ക് ഒരു കുറവും വരുത്തുന്നില്ല.               

ഈ സ്ട്രെസ്സ് ഹോര്‍മോണുകള്‍ ശരീരത്തില്‍ സ്ഥിരമായോ ഇടവിട്ടോ നിലനില്‍ക്കുന്നത്
ശരീരത്തിന്റെ സാധാരണമട്ടിലുള്ള പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കുന്നു. (സ്ട്രെസ്സ് ഹോര്‍മോണുകളുടെ ഉത്പാദനത്തില്‍ റ്റെലിവിഷന്‍ കാഴ്‌ച്ചക്കുള്ള പങ്കിനെക്കുറിച്ച് മുമ്പ് എഴുതിയിട്ടുണ്ട് ഇവിടെ)  രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതിനായി നടക്കുന്ന വാസോകോണ്ട്രാക്ഷന്‍ ആത്യന്തികമായി ഹൃദ്രോഗത്തിലേക്ക് നയിക്കപ്പെടുന്നു. പെട്ടെന്നുള്ള ഊര്‍ജ്ജാവശ്യങ്ങള്‍ നിറവേറ്റാനായി നടത്തുന്ന ശ്രമങ്ങള്‍പ്രമേഹത്തിലേക്കെത്തിപ്പെടുന്നു. ദഹനം തടഞ്ഞു നിര്‍ത്തുന്നത് അള്‍സറിലേക്കും നയിക്കും. മസ്തിഷ്‌കത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഓര്‍മ്മയുടെ പ്രശ്‌നങ്ങളിലേക്കും ആത്മഹത്യാപ്രവണതയിലേക്കും പഠനവൈകല്യങ്ങളിലേക്കും ഒക്കെ നയിക്കും. മാനസികമായ നിലയില്‍ ആക്രമണസ്വഭാവത്തിന്റെ വര്‍ദ്ധനയും സഹകരണ സ്വഭാവത്തിന്റെ കുറവും കാണാനാകും. ചുറ്റുപാടും നിന്നുയരുന്ന ശബ്ദം ശല്യമാണെന്ന് നിരന്തരം തോന്നുകയും അതിനെതിരേ കഠിനമായ രോഷം തോന്നുകയും എന്നാല്‍ ശബ്ദശല്യത്തെ തടയാനാകാതെ വരികയും ചെയ്യുന്ന അവസ്ഥ സമ്മര്‍ദ്ദത്തെ പെരുപ്പിക്കും.

ശബ്ദശല്യം പഠനത്തിന്റെ കഴിവിനെയും ബാധിക്കും. അതികഠിനമായ ശബ്ദം ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളെ നേരിട്ട് ബാധിക്കുന്നു.  ശബ്ദസമ്മര്‍ദ്ദം മാനസികമായ താളപ്പിഴകള്‍ക്കും കാരണമാകുന്നു. വലിയ ശബ്ദങ്ങള്‍ കേള്‍വിയെ ബാധിക്കുന്നത് സര്‍വ്വസാധാരണമാണെന്ന് നമുക്കറിയാം. വെടിയൊച്ച കേട്ട് ചെവിക്കല്ല് തകര്‍ന്ന വ്യക്തിയാണ് നമ്മുടെ കരസേനാ മേധാവി ദീപക് കപൂര്‍. ശബ്ദം സൃഷ്‌ടിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് കൂടുതല്‍ ഗൌരവതരമായി നമ്മുടെ സമൂഹം ചിന്തിക്കണം. ഹൃദ്രോഗികളുടെയും പ്രമേഹരോഗികളുടെയും പറുദീസയായി കേരളം മാറിയതില്‍ ശബ്ദമലിനീകരണത്തിനുള്ള പങ്കിനെക്കുറിച്ചും നാം ആലോചിക്കേണ്ടതാണ്‍.
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ള പുതിയ ശബ്ദമലിനീകരണ നിയന്ത്രണ നിയമങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുമെന്ന് പ്രത്യാശിയ്‌ക്കാം.

Jan 24, 2010

ഇന്ദിരയെ വിളിക്കൂ, ഇന്ത്യയെ രക്ഷിക്കൂ...


കായംകുളത്തിനടുത്ത് ചൂനാട് ജംഗ്‌ഷനിലെ മുപ്പതു വര്‍ഷം പഴക്കമുള്ളൊരു ചുവരെഴുത്ത്...
 
1980 ലെ ലോക്‍സഭാ തെരഞ്ഞെടുപ്പ് പ്രചരണമാണ്.

 
തേവള്ളി മാധവന്‍ പിള്ള ഇന്ദിരാ കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ത്ഥി. ചിഹ്നം ആന. ആന്റണി അന്ന് ഇടതിന്റെ കൂടെ. പി.ജെ.കുര്യന്‍ സ്ഥാനാര്‍ത്ഥി.ഇന്ദിരയുടെ തെളിച്ചം ഇന്ത്യയുടെ വെളിച്ചം!
80ല്‍ ഇന്ദിര ഇന്ത്യ ഭരിക്കും
അത് കണ്ട് നമ്പൂരി ഞെട്ടി വിറയ്‌ക്കും
എം.എന്‍.പിന്നെയും വാലാട്ടും
ആന്റണി അതു കണ്ട് തൂങ്ങി മരിക്കും!
(സി.എം.സ്റ്റീഫന്‍, എച്ച്.എന്‍.ബഹുഗുണ, ബ്രഹ്മാനന്ദ റെഡ്ഡി, കെ.കരുണാകരന്‍, കെ.എം. ചാണ്ടി എന്നിവര്‍ക്ക് സിന്ദാബാദുമുണ്ട്)


നിരണം പടയുടെ കാളരാത്രി ആവര്‍ത്തിക്കാതിരിക്കാന്‍
ഗുണ്ടാത്തലവന്‍ പി.ജെ.കുര്യനെ കെട്ടുകെട്ടിക്കുക.
അലഹബാദ് ഹൈക്കോടതി വിധിക്കെതിരേ ഇന്ദിര തന്നെ തുടരണമെന്ന് പറഞ്ഞ അന്തോണിയുടെ വിഴുപ്പ് ചുമക്കലാണോ മാര്‍ക്സിസം?
ഇടത് തട്ടിപ്പ്,വെട്ടിപ്പ് കറക്ക്കമ്പനിയെ അമ്പേ പരാജയപ്പെടുത്തുക.

(ഫലം വന്നപ്പോ കുര്യന്‍ ജയിച്ചു)

Jan 20, 2010

കായംകുളത്ത് നിന്നും പുറപ്പെടുന്ന ബസ്സുകളുടെ സമയവിവരം


കായംകുളത്ത് നിന്നും പുറപ്പെടുന്ന ഓര്‍ഡിനറി ബസ്സുകളുടെ സമയവിവരം.
കായംകുളം KSRTC സ്റ്റാന്റിലെ സമയവിവര ഫലകം!