Mar 8, 2008

ഹിപ്‌നോട്ടിക് അനുഭവങ്ങള്‍ - 3

ഉറങ്ങിക്കിടക്കുന്നവരെ ഉണര്‍ത്തുവാന്‍ വൈമനസ്യം കാണിക്കുന്നവര്‍ ഇന്നും ധാരാളമുണ്ട്. പല തരം അന്ധവിശ്വാസങ്ങളും അതിനു പുറകിലുണ്ട്. ഉറങ്ങുന്നവന്റെ ആത്മാവ് സഞ്ചാരത്തിനു പോയിരിക്കുകയാണെന്നും ആത്മാവ് തിരികെ വരുന്നതിനു മുമ്പെങ്ങാനും വിളിച്ചുണര്‍ത്തിയാല്‍ ഉണരുന്ന വ്യക്തിക്ക് ബോധം നഷ്‌ടപ്പെടുമെന്നോ ഭ്രാന്ത് വരെ ആകെമെന്നോ ഒക്കെ ഇന്ത്യയില്‍ പലരും ഇന്നും വിശ്വസിക്കുന്നു.

അതെന്തൊക്കെ ആയാലും അമ്മാതിരി ഭയമൊന്നുമായിരുന്നില്ല നമ്മുടെ പയ്യന്റെ കാര്യത്തില്‍ എനിക്കുണ്ടായിരുന്നത്. അവനെ നമുക്ക് ഹാരിസ് എന്നു വിളിക്കാം. നല്ല വെളിച്ചമുള്ള സമയത്ത് ഉറങ്ങാന്‍ കിടന്ന ഹാരിസ് കുറ്റാക്കുട്ടിരുട്ടില്‍ എങ്ങാനും ഉണര്‍ന്നു പോയാല്‍ ഭയപ്പെട്ടേക്കുമോ എന്ന് ഞാന്‍ ശങ്കിച്ചു. ഭാഗ്യത്തിന് ഒന്നും സംഭവിച്ചില്ല. ഏറെത്താമസിയാതെ കറന്റ് വന്നു. അവന്‍ സ്വമേധയാ ഉണരുന്നത് വരെ ഉറങ്ങാന്‍ അനുവദിച്ചു കൊണ്ട് ഞാന്‍ അവന്റെ അരികിലിരുന്നു.

അടുത്ത ദിവസം അവനെ ഹിപ്‌നോ അനാലിസിസിന് വിധേയനാക്കാന്‍ ഞാന്‍ തീരുമാനിച്ചു.



അതിനു മുമ്പായി ഹിപ്‌നോട്ടിസം അല്ലെങ്കില്‍ ഹിപ്‌നോ തെറാപ്പി ഒരു വ്യക്തിയില്‍ എങ്ങനെ പ്രാവര്‍ത്തികമാകുന്നു എന്ന് നമുക്ക് നോക്കാം.

മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനത്തെ ഉന്നത നാഡീവ്യൂഹ പ്രവര്‍ത്തനം (Higher Nervous Activity) എന്നും താഴ്‌ന്ന നാഡീവ്യൂഹ പ്രവര്‍ത്തനം (Lower Nervous Activity)എന്നിങ്ങനെ രണ്ടായി തരം തിരിച്ചിട്ടുണ്ട്.

താഴ്‌ന്ന നാഡീവ്യൂഹ പ്രവര്‍ത്തനങ്ങള്‍ ജന്മസഹജമാണ്. വിശപ്പ്, ദഹനം, സ്വയം സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, പ്രതിരോധം, കാമം, വാത്സല്യം തുടങ്ങിയവ നാഡീവ്യൂഹ വ്യവസ്ഥയുടെ താഴ്‌ന്ന തരം പ്രവര്‍ത്തനങ്ങളില്‍പ്പെടുന്നു.

ജീവിതകാലഘട്ടത്തില്‍ നാം ആര്‍ജ്ജിക്കുന്ന സ്വഭാവ സവിശേഷതകള്‍ അഥവാ പ്രവര്‍ത്തനങ്ങള്‍ ബാഹ്യലോകവുമായുള്ള നമ്മുടെ ബന്ധത്തെ ഉറപ്പിക്കുന്നു. ഇതാണ് കണ്ടീഷന്‍ഡ് റിഫ്ലക്സ് എന്ന് അറിയപ്പെടുന്നത്.

താഴ്‌ന്ന നാഡീവ്യൂഹ പ്രവര്‍ത്തനങ്ങള്‍ സഹജവാസനകളുടെ അഥവാ വികാരങ്ങളുടെ അടിസ്ഥാനമാണെങ്കില്‍ ഉന്നത നാഡീവ്യൂഹ പ്രവര്‍ത്തനങ്ങള്‍ ജന്മവാസനകള്‍ ഒഴികെയുള്ള മറ്റെല്ലാ വിധേയത്തങ്ങളുടെയും അടിസ്ഥാനമാണ്.

ഐ.പി. പവ്‌ലോവ് ഉന്നത നാഡീവ്യൂഹ പ്രവര്‍ത്തനം ഒരുദാഹരണത്തിലൂടെ വിവരിക്കുന്നത് നോക്കാം.

നായക്ക് ഭക്ഷണം കൊടുക്കുന്നതിനു മുമ്പായി കുറച്ച് സെക്കന്റുകള്‍ മണിയടി ശബ്‌ദം കേള്‍പ്പിക്കുക. അതായത് കുറച്ചു നേരം ബെല്ലടിച്ചതിനു ശേഷം മാത്രം നായക്ക് ഭക്ഷണം കൊടുക്കുക. ഇതൊരു ശീലമാകുമ്പോള്‍ പിന്നീട് ഭക്ഷണം കൊടുത്താലും ഇല്ലെങ്കിലും മണിയടി ശബ്ദം കേട്ടാലുടന്‍ നായയുടെ വാ‍യില്‍ വെള്ളമൂറാന്‍ തുടങ്ങുന്നു. ഇവിടെ മണിയടി ശബ്‌ദം കണ്ടീഷന്‍ഡ് റിഫ്ലക്സ് ആയിരിക്കുന്നു. മണിയടി ശബ്‌ദത്തോടുള്ള ഈ വിധേയത്തം ആര്‍ജ്ജിതമാണ്, സഹജമല്ല. എന്നാല്‍ ഭക്ഷണം കണ്ടാല്‍ വെള്ളമൂറുക എന്ന സഹജ വാസനയില്‍ അധിഷ്‌ടിതമാണ് താനും. ഭക്ഷണം മാത്രമല്ല, ഭക്ഷണത്തിനുള്ള സിഗ്‌നലും ഭക്ഷണദാഹത്തെ ഉണര്‍ത്തുന്നു. ഈ പ്രതിഭാസത്തെ പാവ്‌ലോവ് ഫസ്റ്റ് സിഗ്‌നല്‍ സിസ്റ്റം എന്നു വിളിച്ചു.

മുകളില്‍ പറഞ്ഞ പരീക്ഷണം മനുഷ്യനിലാണ് നടത്തുന്നതെങ്കില്‍ ബെല്‍ എന്നു കേട്ടാല്‍ത്തന്നെ അവന്റെ വായില്‍ വെള്ളം നിറയും. അതായത് ഭക്ഷണത്തിന്റെ സിഗ്‌നലായ ബെല്ലും ബെല്ലിന്റെ സിഗ്‌നലായ ബെല്‍ എന്ന ശബ്‌ദമോ എഴുത്തോ അവനില്‍ ഉമിനീര്‍ ഊറിക്കുന്നു. ഇവിടെ ബെല്‍ എന്ന ശബ്‌ദത്തെ സിഗ്‌നലിന്റെ സിഗ്‌നല്‍ അഥവാ സെക്കന്റ് സിഗ്‌നല്‍ എന്നു പാവ്‌ലോവ് വിളിച്ചു. സെക്ക്ന്റ് സിഗ്‌നല്‍ പരിപൂര്‍ണ്ണമായും കന്റീഷന്‍ഡ് റിഫ്ലക്സ് ആണ്. ആര്‍ജ്ജിതമാണ്, സഹജമല്ല.

അപ്പോള്‍ ഒരു ബെല്ലടി ശബ്‌ദത്തിന് നായയുടെ ശാരീരിക പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്നു എന്ന് മനസ്സിലാക്കാം. അതു പോലെ വാക്കുകള്‍ക്ക് -സെക്കന്റ് സിഗ്‌നല്‍ സിസ്റ്റത്തിനു- മനുഷ്യന്റെ ആന്തരികവും ശാരീരികവുമായ ചേഷ്‌ടകളെ സ്വാധിനിക്കാന്‍ കഴിയും. (പുളി എന്നു കേട്ടാല്‍ നമ്മുടെ വായില്‍ വെള്ളം നിറയുന്നത് ഓര്‍ക്കുക).

വാക്കുകള്‍ കൊണ്ട് കരയിപ്പിക്കാനും ചിരിപ്പിക്കാനും ഭയപ്പെടുത്താനും കഴിയുമെന്ന് ആര്‍ക്കുമറിയാമല്ലോ. വാക്കുകള്‍ ശാരീരിക പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുമെന്നതിന്റെ ഉദാ‍ഹരങ്ങളാണിവ. അതായത് ജന്മസിദ്ധമല്ലാത്ത തികച്ചും ആര്‍ജ്ജിതമായ റിഫ്ലക്സുകളുടെ സ്വാധീനം.

ഹിപ്‌നോട്ടിക് നിദ്രയില്‍ ഈ വാക്കുകള്‍ക്ക് സെക്കന്റ് സിഗ്‌നല്‍ സിസ്റ്റത്തിനുള്ള സ്വാധീനം നമുക്ക് നോക്കാം.

ഒരു ഹിപ്‌നോട്ടൈസര്‍ വ്യക്തിയെ മയക്കുന്നതും റപ്പോര്‍ ബന്ധം നിലനിര്‍ത്തുന്നതും വാക്കുകളിലൂടെയാണ്. ഹിപ്‌നോട്ടിക് നിദ്രയിലായിരിക്കുന്ന വ്യക്തിയും ഹിപ്‌നോട്ടൈസറും തമ്മിലുള്ള ബന്ധം തികച്ചും സംഭാഷണത്തില്‍ മാത്രം അധിഷ്‌ടിതമായ സെക്കന്റ് സിഗ്‌നല്‍ സിസ്റ്റത്തിലൂടെയാണ്.



നിദ്രാവിധേയന്റെ മസ്തിഷ്‌കത്തിന്റെ ഭൂരിഭാഗവും നിരോധിതാവസ്ഥയിലായിരിക്കയാല്‍ ഹിപ്‌നോട്ടൈസറുടെ നിര്‍ദ്ദേശങ്ങള്‍ യാതൊരു ചെറുത്തു നില്‍പ്പിനും വിധേയമാകാതെ നിദ്രാവിധേയനില്‍ പ്രായോഗികമാകുന്നു.

ഇല്ലാത്ത അനുഭൂതിയും മറ്റും ഉണ്ടാക്കാനും ഉള്ളവയെ അനുഭവവേദ്യമല്ലാതാക്കുവാനും നിര്‍ദ്ദേശങ്ങളിലൂടെ കഴിയും.

ഉദാഹരണത്തിന് നിദ്രാവിധേയനായ വ്യക്തിയോട് അയാളുടെ കൈകള്‍ മരവിച്ചിരിക്കുകയാണെന്നും കയ്യില്‍ എന്തു സംഭവിച്ചാലും അറിയില്ലെന്നും സജഷന്‍ കൊടുത്ത ശേഷം സൂചിയോ ശൂലമോ കുത്തിയിറക്കിയാലും അത് അയാള്‍ അറിയുകയില്ല.

നിദ്രാവിധേയനായിരിക്കുമ്പോള്‍ കണ്ണു തുറന്നാലും ഒന്നും കാണുവാന്‍ കഴിയാത്ത സ്ഥിതി വിശേഷം നിര്‍ദ്ദേശങ്ങളിലൂടെ ഉളവാക്കുവാനും ഹിപ്‌നോട്ടൈസര്‍ക്ക് കഴിയുന്നു.

ഉറക്കത്തില്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ ഉണര്‍ത്തുന്നതിനു മുമ്പ് പിന്‍‌വലിക്കാതെ ഇരുന്നാല്‍ അവ ഉണര്‍ന്ന ശേഷവും വ്യക്തിയില്‍ സ്വാധീനം ചെലുത്തുമെന്നതാണ് വസ്തുത. ഉറക്കത്തില്‍ നല്‍കിയ എല്ലാ നിര്‍ദ്ദേശങ്ങളും പിന്‍‌വലിച്ചിട്ടാണ് ഉണര്‍ത്തുന്നതെങ്കില്‍ ഉണര്‍ന്ന വ്യക്തിയില്‍ യാതൊരു സവിശേഷതയും കാണപ്പെടുകയില്ല.

ഒരു കാര്യം ശ്രദ്ധിക്കേണ്ടത് എല്ലാ വ്യക്തികളും സജസ്റ്റബിലിറ്റി (നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാനുള്ള കഴിവ്) ഉള്ളവരാകണമെന്നില്ല. ഹിപ്‌നോട്ടിക് നിദ്രക്ക് വിധേയമാകാന്‍ കഴിയാത്ത വണ്ണം മനസ്സ് ഏകാഗ്രമാക്കാന്‍ കഴിയാത്തവര്‍ ധാരളമുണ്ട്.

ഒരു അനുഭവത്തിന്റെ പ‌ശ്‌ചാത്തലത്തില്‍ ഹിപ്‌നോട്ടിസത്തെക്കുറിച്ച് പ്രാഥമികമായ ഒരു അവബോധം പകരാന്‍ ഇത്രയൊക്കെ പറയാന്‍ കഴിഞ്ഞല്ലോ.

അപ്പോള്‍ നമുക്ക് ഹാരിസിനെ ഹിപ്‌നോട്ടൈസ് ചെയ്യാം…അവന്റെ പ്രശ്‌നമെന്താണെന്ന് നോക്കാം…

പിറ്റേ ദിവസം അവനെ ഞാന്‍ ഹിപ്‌നോട്ടിക് നിദ്രയിലാക്കി. ഏകദേശം അവന്റെ മനസ്സ് എന്റെ നിയന്ത്രണത്തിലാണെന്ന് ഉറപ്പായപ്പോള്‍ ഞാനവനോട് സംസാരിക്കാന്‍ തുടങ്ങി. അവന്‍ സംസാരിച്ചു. കൂടുതല്‍ കൂടുതല്‍ കാര്യങ്ങള്‍ ഞാന്‍ ചോദിച്ചു. അവന്‍ എല്ലാം പറയുവാന്‍ തയ്യാറായിരുന്നു.

അവനെക്കുറിച്ച് അവന്റെ വാക്കുകളിലൂടെ തന്നെ മനസ്സിലാക്കിയ ഞാന്‍ അതിനിടെ അവന്റെ രോഗകാരണം കണ്ടെത്തിയിരുന്നു.

അത് അടുത്ത കുറിപ്പില്‍……(ക്ഷമിക്കണം. ദൈര്‍ഘ്യം കാരണമാണ്).

7 comments:

Ziya said...

23 Comments »

1.

സിയാ..ഞാന്‍ ദെ ഇപ്പോഴാ ഇത് കണ്ടത്. പോസ്റ്റ് ആദ്യം തോട്ടെ വായിച്ചു. നന്നായിട്ടുണ്ട്. പക്ഷെ ഓരോന്ന് കഴിയുമ്പോഴും തുടരും എന്ന് കേള്‍ക്കുമ്പോള്‍ ഇവിടെയും ഇച്ചിരി ടെന്‍ഷന്‍. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. വേഗം അടുത്തത് പോസ്റ്റ് ചെയ്യ് ട്ടാ..വെയ്‌റ്റിങ്ങ്..

Comment by മെലോഡിയസ് — October 1, 2007 @ 6:24 pm
2.

ലീഡാറെ ഹിപ്നോട്ടു ചെയ്യാനെത്തിയ ഹിപ്നോട്ടിസ്റ്റ് ക്ഷണനേരത്തിനിടയില്‍ കുഴഞ്ഞു വീണ ഒരു സ്റ്റേജ് സ്കിറ്റ് പരിപാടി ഓര്‍മ്മ വന്നു.
ഹിപ്നൊട്ടിസത്തിനു പിടികൊടുക്കാതെ പിടിച്ചു നില്‍ക്കുന്ന സമര്‍ത്ഥരുണ്ട് എന്നു കേട്ടിട്ടുണ്ട്. അതെങ്ങനെയാണാവോ?

Comment by കരീം മാഷ് — October 2, 2007 @ 12:36 am
3.

വെയ്റ്റിങ്ങ്….
-സുല്‍

Comment by sul | സുല്‍ — October 2, 2007 @ 5:43 am
4.

കൊള്ളാം. വളരെക്കാലം താമസിച്ചു മൂന്നാം ഭാഗത്തിന്.

Comment by കേരളഫാര്‍മര്‍ — October 2, 2007 @ 5:48 am
5.

ഹിപ്നൊട്ടിസത്തിനു പിടികൊടുക്കാതെ പിടിച്ചു നില്‍ക്കുന്ന സമര്‍ത്ഥരുണ്ട് എന്നു കേട്ടിട്ടുണ്ട്. അതെങ്ങനെയാണാവോ?

യഥാര്‍ത്ഥത്തില്‍ ഇതൊരു തെറ്റിദ്ധാരാണയാണ്. ഹിപ്നൊട്ടിസത്തിനു പിടികൊടുക്കാത്തവര്‍ സമര്‍ത്ഥരായിരിക്കുകയില്ല. ഏറ്റവും സമര്‍ത്ഥരെയും നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാനുള്ള കഴിവ് ഉള്ളവരെയും വേഗം ഹിപ്‌നോട്ടൈസ് ചെയ്യാം.
എന്നാല്‍ എന്നെ ഒന്നു ഹിപ്‌നോട്ടൈസ് ചെയ്യ്, കാണട്ടെ മിടുക്ക് എന്ന മനോഭാവമുള്ളവരെയും ഹിപ്‌നോട്ടിസ് അവസ്ഥയില്‍ എങ്ങനെ മയക്കപ്പെടുന്നു എന്നു നിരീക്ഷിക്കാനായി ജാഗ്രത പുലര്‍ത്തി ഹിപ്‌നോട്ടിസ്റ്റിന്റെ വാക്കുകളെ ഗൌനിക്കാതിരിക്കുകയും ചെയ്യുന്നവരെ മയക്കാന്‍ ദേവേന്ദ്രന്റെ അച്ഛന്‍ മുത്തുപ്പട്ടര്‍ വന്നാല്‍ പോലും കഴിയില്ല.

Comment by ::സിയ↔Ziya — October 2, 2007 @ 6:35 am
6.

സിയാ, വിജ്ഞാനപ്രദം ഈ ലക്കവും. പക്ഷെ ഇങ്ങനെ ഗ്യാപ്പിട്ടാല്‍ നിന്നെ ഹിപ്നോട്ടൈസ് ചെയ്യാന്‍ ഞാന്‍ ആളെ വിടേണ്ടി വരുമല്ലോ

Comment by കുറുമാന്‍ — October 2, 2007 @ 6:45 am
7.

ജീ ടാക്കിലൂടെ ഒരാളെ ഹിപ്നോട്ടൈസ് ചെയ്യാന്‍ പറ്റുമോ?
ഹാരിസിനെ ഒറക്കിക്കെടത്തീട്ട് മൂന്നു മാസം വായും പൊളിച്ചിരുത്താനുള്ള പ്ലാന്‍ വേണ്ട. അടുത്ത ഭാഗം ഉടനെ പോസ്റ്റുക.

Comment by ikkaas|ഇക്കാസ് — October 2, 2007 @ 6:52 am
8.

വ്യക്തിയെ ഉറക്കുകയല്ല, ഉറങ്ങാന്‍ സഹായിക്കുകയാണ് യഥാര്‍ത്ഥത്തില്‍ ഹിപ്‌നോട്ടൈസര്‍ ചെയ്യുന്നത്. ഒരു ചെറിയ ശതമാനം ആളുകള്‍ക്ക് ഉറങ്ങുവാന്‍ ഫോണ്‍, റേഡിയോ, ടെലിവിഷന്‍ എന്നിവയില്‍ കൂടിയുള്ള സഹായം മതി.
ജീ ടാക്ക് ഞാന്‍ പരീക്ഷിച്ചിട്ടുണ്ടെങ്കിലും വേണ്ടത്ര വിജയിക്കുന്നതായി കണ്ടില്ല. ജീ ടാക്കിലൂടെ സന്ദേശം കൈമാറാന്‍ ജാഗ്രത പുലര്‍ത്തേണ്ടി വരുന്നതിനാല്‍ ഉറക്കം മാറിനില്‍ക്കുന്നതായി തോന്നി. (കൂടെ മറ്റുള്ളവര്‍ ലിങ്ക് തരുന്നതും ഒരു മേജര്‍ പ്രശ്‌നമാണ്).
എന്നാല്‍ യാഹൂ മുതലായ വീഡിയോ കോണ്‍ഫറന്‍സിലൂടെ പറ്റുമെന്നാണ് എന്റെ വിശ്വാസം.

Comment by ::സിയ↔Ziya — October 2, 2007 @ 7:09 am
9.

ഒന്നു വേഗം പ‍റഞു തീര്‍ക്കു സിയ, ഹാരിസു ഉ‍ണരുബൊയെക്കും ഇവിടേ ഉ‍റക്കം വരും. എതായാലും സീയക്കു ഇങ്ഗിനെ ഒരു കഴിവു‍ള്ളതരിഞില്ല, എല്ലാ നന്മ്ക‍ള്ള് നേരുന്നു.

Comment by cherushola — October 2, 2007 @ 7:22 am
10.

ങേ… ജീ-ടോക്കിലും പരീക്ഷിച്ചിട്ടുണ്ടെന്നോ…!!!

ഇനി ഞാന്‍ സൂക്ഷിച്ചോളാം :)

അതേയ്… തികച്ചും വിജ്ഞാനപ്രദം… അഭിനന്ദനങ്ങള്‍.
അടുത്ത ലക്കം പെട്ടെന്ന് തന്നെ പോരട്ടെ…

Comment by അഗ്രജന്‍ — October 2, 2007 @ 8:11 am
11.

ഒത്തിരി നാളായി ഈ മൂന്നാം ഭാഗത്തിനു കാത്തിരിപ്പു തുടങ്ങിയിട്ട്‌

Comment by shefi — October 2, 2007 @ 8:14 am
12.

നാലാം ഭാഗം വേഗം ഒന്നു പോസ്റ്റിഷ്ടാ… ഹിപ്നോട്ടൈസ് ചെയ്യാന്‍ എങ്ങനെ പഠിക്കാം എന്നു കൂടെ ഒന്നു പറഞ്ഞിരുന്നെങ്കില്‍…….

Comment by അപ്പു — October 2, 2007 @ 10:58 am
13.

ഇത്രയും താമസം പാടില്ല സിയാ. ഇതിന്റെ ടെന്‍ഷന്‍ പോകുന്നതിനു മുന്‍പ് അടുത്ത ഭാഗം പറയൂ…

Comment by തമനു — October 2, 2007 @ 11:08 am
14.

സിയ,വളരെ ഡീപ് ആയി പറഞിരിയ്ക്കുന്നു. സിയ പറഞപോലെ, ഇതുവരെ ഉപബോധമനസ്സും അബോധമനസ്സും എന്നൊക്കെതന്നെയായിരുന്നു ഞാനും കരുതിയിരുന്നത്.. ഇപ്പോഴാണ്, ആ വിഷയത്തിലേയ്ക്ക് കുറച്ചുകൂടി വെളിച്ചം വീണുകിട്ടിയത്…നന്ദി. ദയവായി തുടരുക. :)

Comment by Sumesh Chandran — October 2, 2007 @ 11:10 am
15.

ഹിപ്നോട്ടയ്സ്സ് ചെയ്യുമ്പോള്‍ മനസ്സിനെ ഒരു പ്രത്യേക ബിന്ദുവിലേക്കു കൊണ്ടു വരണമെന്നു പറയുന്നു.എന്താണു മനസ്സ്,ഈ മനസ്സ് എവിടെ കുടികൊള്ളുന്നു? മനസ്സെന്നു പറയുന്നത് വികാരമൊ വിചാരമൊ?

പണ്ട് കോളേജില്‍ പഠിച്ചിരുന്നപ്പോള്‍, ഹിപ്നോട്ടിസം എന്താണെന്നു മനസ്സിലാക്കിത്തരുവാന്‍ ഒരു മനശാസ്ത്ര വിദ്ധ്യാര്‍ത്ഥി ക്ലാസ്സെടുത്തു. അവിടെ അയാള്‍ പറഞ്ഞു മനസ്സെന്നു പറയുന്ന സാധനം ഇല്ലാന്ന്, പക്ഷെ ഹിപ്നോട്ടിസം കാണിക്കുവാന്‍ വേണ്ടി ഒരു കുട്ടിയോടു പറഞ്ഞു മനസ്സിനെ കണ്ണുകളുടെ നടുക്ക് കേന്ദ്രീകരക്കണമെന്ന്, അന്നു ഞാന്‍ ചോദിച്ച ചോദ്യമാണിത്,മനസ്സില്ലാന്നു പറഞ്ഞിട്ട് മനസ്സിനെ കേന്ദ്രീകരിക്കാന്‍ പറയുന്നതിന്റെ ന്യായം എന്താണ്, കൃത്യമായ ഉത്തരം തരാന്‍ കഴിയാത്ത അയാളുടെ ക്ലാസ്സില്‍നിന്ന് ഞാന്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി.. അപ്പോള്‍, ഇവിടെ എനിക്കു നല്ലൊരു ഉത്തരം കിട്ടുമെന്നു കരുതട്ടേ..

Comment by കുഞ്ഞന്‍ — October 2, 2007 @ 12:56 pm
16.

ഞാന്‍ ആര് എന്ന് നാം നമ്മോട് സ്വയം ചോദിച്ചാല്‍ എന്തുത്തരമാണ് നമുക്ക് നല്‍കാനാവുക?
ഞാന്‍ എന്നത് എന്താണ്?
എന്റെ ശരീരമാണോ ഞാന്‍… എന്റെ അവയവങ്ങളാണോ ഞാന്‍…എന്റെ ആന്തരികാവയവങ്ങളാണോ ഞാന്‍… എന്റെ ആത്മാവാണോ ഞാന്‍…. അപ്പോള്‍ ഞാന്‍ എന്നതിന് ഒറ്റ വാക്കില്‍ നിര്‍വ്വചന സാധ്യമല്ലെങ്കിലും നമുക്കറിയാം ഞാനെന്നത് ഭൌതികവും ആത്മീയവുമായ എന്തൊക്കെയോ കൂടിച്ചേര്‍ന്നതാണെന്ന്.
അതു പോലെ ഒറ്റവാക്കില്‍ ഉത്തരം തരാനോ നിര്‍വവചിക്കാനോ കഴിയാത്ത ഒരു പ്രതിഭാസമാണ് മനസ്സ്.
മനസ്സ് എന്നത് ഏതെങ്കിലും ഒരു അവയവമല്ല. അതൊരു സംജ്ഞ മാത്രമാണ്.
എങ്കിലും ആധുനിക ഗവേഷണങ്ങളുടെ വെളിച്ചത്തില്‍ മസ്തി‌ഷ്‌കത്തിലെ കേന്ദ്രനാഡീ വ്യൂഹങ്ങളുടെ പ്രവര്‍ത്തനങ്ങളെ മനസ്സ് എന്നു വിളിക്കാമെന്നു തോന്നുന്നു. ഉന്നതവും താഴ്ന്നതുമായ നാഡീവ്യൂഹ പ്രവര്‍ത്തനങ്ങളാണ് മനുഷ്യന്റെ മുഴുവന്‍ വികാരങ്ങളുടെയും വിധേയത്തങ്ങളുടെയും അടിസ്ഥാനം. ഈ നാഡീവ്യൂഹ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്‍ബലമേകുന്ന ഭൌതികാവയവങ്ങള്‍ നമുക്ക് കണ്ടെത്താവുന്നതാണല്ലോ…മസ്തിഷ്‌കവും നാഡീഞരമ്പുകളും ഹൃദയം വരെയും. എന്നാല്‍ ചിന്തകളെയും വികാരങ്ങളെയും നാം എങ്ങനെ തൊട്ടറിയും. അതാണ് മനസ്സ്.
താങ്കള്‍ ഈ ലേഖനപരമ്പര തുടക്കം മുതല്‍ വായിക്കുക.

Comment by സിയ — October 2, 2007 @ 1:24 pm
17.

കൊള്ളാലോ ഇഷ്ടാ.!

Comment by saljo — October 3, 2007 @ 3:37 am
18.

ഈ ലേഖന പരമ്പര നന്നായിരിക്കുന്നു.
:)

Comment by sreesobhin — October 3, 2007 @ 4:44 am
19.

ഹോ അങ്ങനെ അവനെ ഉറക്കത്തില്‍ നിന്നും വിളിച്ച് എഴുന്നേല്‍പ്പിച്ചു അല്ലേ. എന്തൊരു ഉറക്കം ആയിരുന്നു. രണ്ടു മാസമെങ്കിലും ഉറങ്ങീട്ടുണ്ടാവും :-)

Comment by kuthiravattan — October 3, 2007 @ 5:09 am
20.

സിയ വീണ്ടുമെറങ്ങീല്ലാ….മന്ത്രവാദോം കൂടോത്രോമായിട്ട്‌…..
കഴിഞ്ഞ മൂന്ന് മാസം നീയെവിടേയിരുന്നു..
ഹിപ്നോട്ടിസം തിരിച്ചടിച്ച്‌ നീയുറങ്ങിപ്പോയാ…

Comment by sandoz — October 3, 2007 @ 7:22 am
21.

സിയ,

കൊള്ളാമല്ലോ ഈ ഹിപ്നോട്ടിസം. എനിക്കിഷ്ടമുള്ള വിഷയം.

അപ്പോ പാവം ഹാരിസ് ഇന്നുവരെ ചെയ്ത കൊള്ളരുതായ്മകളെല്ലാം മനസ്സിലായി അല്ലേ :) അവന്റെ ഒരു കഷ്ടകാലം. ;)

Comment by മഴത്തുള്ളി — October 3, 2007 @ 9:39 am
22.

ജീടാക്ക് വഴി ഹിപ്നോട്ടൈസ്ചെയ്യാന്‍ പറ്റൂല, ഈ തുടരന്റെ ബാക്കി ഹിപ്നോടൈസ് ചെയ്തെങ്കിലും എഴുതിക്കാന്‍ എത്ര കാലം ശ്രമിച്ചതാ, തുടര്‍ന്നതിനു നോമ്പു കാലത്തിനാണോ നന്ദി പറയേണ്ടത് ?

Comment by കുട്ടിച്ചാത്തന്‍ — October 3, 2007 @ 6:19 pm
23.

ഹിപ്നോട്ടിക് അനുഭവങ്ങള്‍ നന്നവുന്നുണ്ട്. പക്ഷെ ഒരു തുടരന്‍ പോലെ അടുത്ത പോസ്റ്റിനു വേണ്ടി കാത്തു നില്‍ക്കാന്‍ പ്രേരിപ്പിക്കുന്നതും ഹിപ്നോട്ടൈസ് തന്നെയല്ലേ?

Comment by mohan puthenchira — November 15, 2007 @ 8:14 am

ഒരു “ദേശാഭിമാനി” said...

കാണേണ്ട പലതും കാണാതെ പോകുന്നു ഞാന്‍. ഇന്നാണു ഈ പോസ്റ്റു കണ്ടതു. ടെലിപതിയെപറ്റിയും, ഹിപ്നോട്ടിസത്തെപറ്റിയും മനസിലാക്കണമെന്നുണ്ടായിരുന്നു. അതിനിപ്പോള്‍ താങ്കളൂണ്ടല്ലോ സഹായിക്കാന്‍! :)

തുടരു......

ശെഫി said...

സിയാ എത്രകാലായി ന്നറിയാവോ ഈ മൂന്നാംഭാഗത്തിനു കാത്തിരിപ്പു തുടങോട്ട്

Anonymous said...

അടുത്ത ഭാഗത്തിനായി ആകാംക്ഷാ പൂര്‍‌വ്വം കാത്തിരിക്കുന്നു.

Mohanam said...

ഇതു ഈ പോസ്റ്റിനുള്ള മറുപടി അല്ലെന്നറിയാം ക്ഷമിക്കുമല്ലോ....

എങ്കിലും പറയട്ടെ - ഇപ്പോഴാണ്‌ ഈ പോസ്റ്റ് കണ്ടത് (Adobe Illustrator) , അതില്‍ പറഞിരിക്കുന്ന ഒരു സംശയം ഫോട്ടോഷോപ്പില്‍ യൂനീക്കോട് വഴങ്ങുമല്ലോ, പക്ഷേ നേരിട്ടു പറ്റില്ലാ.. അതിനായി വരമൊഴി ഉപയോഗിക്കാം അതില്‍ റ്റൈപ് ചെയ്തിട്ട് മലയാളം കോപ്പി ചെയ്ത് ഫോട്ടോഷോപ്പില്‍ പേസ്റ്റിയാല്‍ മതി ... പക്ഷേ ഫോണ്ട് മാത്‌വെബ് ആയിരിക്കാന്‍ ശ്രധിക്കുമല്ലോ...

ശ്രീ said...

നല്ല അനുഭവക്കൂറിപ്പു തന്നെ സിയച്ചേട്ടാ...

Shaf said...

where is the 4th part