Oct 24, 2011

അറബി പാഠം 1

ഗള്‍ഫിലെ സംസാരഭാഷ

ആറു മലയാളിക്ക് നൂറു മലയാളം എന്നാണ് ചൊല്ല്. അങ്ങനെയെങ്കില്‍ പശ്‌ചിമേഷ്യയുടെ വിസ്തൃതിക്കും ഭൂപ്രദേശങ്ങളുടെ വൈവിധ്യത്തിനുമനുസരിച്ച് എണ്ണിയാലൊടുങ്ങാത്ത രൂപഭേദങ്ങള്‍ ഭവിച്ച അറബി ഭാഷയുടെ വൈവിധ്യമാര്‍ന്ന വാമൊഴിശൈലികള്‍ ഒരു പഠനസഹായിയില്‍ ഉള്‍ക്കൊള്ളിക്കാന്‍ ആര്‍ക്കു സാധിക്കും !

സംസാരഭാഷക്ക് അതിന്റേതായ പദസമ്പത്തും ശൈലികളുമുണ്ട്. ഗള്‍ഫിലെ അറബി സംസാരഭാഷ പരിചയപ്പെടുത്താനുള്ള ലളിതമായ ഒരുദ്യമമാണിത്. അക്ഷരമാലയോ എഴുത്തോ ഗഹനമായ വ്യാകരണനിയമങ്ങളോ പഠിപ്പിക്കാനല്ല ഉദ്ദേശിക്കുന്നത്. അറബി നാടുകളില്‍ ജോലി ചെയ്യുന്ന, അറബി തീരെ അറിയാത്ത മലയാളി സുഹൃത്തുക്കള്‍ക്ക് പ്രയോജനമാവുന്ന വിധം ധാരാളം അത്യാവശ്യമായ ഒറ്റവാക്കുകളും ലഘുവാചകങ്ങളും ചോദ്യോത്തരങ്ങളും ഉള്‍ക്കൊള്ളിച്ച് വാക്യങ്ങളും വാക്യാംശങ്ങളും ഉദാഹരണമായി പറഞ്ഞ് കൊണ്ട് സംസാരഭാഷ പരിചയപ്പെടുത്തുക മാത്രമാണ്. സംസാരഭാഷയില്‍ ഉപയോഗപ്പെടുന്ന പദസമ്പത്ത് പരമാവധി ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കാം. വാക്കുകളുടെ അറബി രൂപം വേണ്ടിടത്ത് മാത്രം ചേര്‍ക്കുവാനേ ഉദ്ദേശിക്കുന്നുള്ളൂ.
എന്തായാലും നിങ്ങളുടെ അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ അറിയിക്കുക.

നമുക്ക് തുടങ്ങാം.
ആദ്യം സര്‍വ്വനാമങ്ങള്‍.

അവന്‍ =ഹുവ
അവര്‍ = ഹും
അവള്‍ = ഹിയ
നീ (പുരുഷനോട്) = ഇന്‍‌ത
നിങ്ങള്‍ = ഇന്‍‌തൂ
നീ (സ്ത്രീയോട്) = ഇന്‍‌തി
ഞാന്‍ = അന
ഞങ്ങള്‍ = എഹ്‌നാ (നഹ്‌‌നു എന്നാണ് യഥാര്‍ത്ഥ രൂപം)

ഉദാഹരണങ്ങള്‍:

ഹുവ ദുക്‍തൂര്‍ = അവന്‍ ഒരു ഡോക്റ്ററാകുന്നു
ഹുവ മുഹന്‍‌ദിസ് = അവന്‍ ഒരു എഞ്ചിനിയര്‍ ആകുന്നു)
ഹുവ സായിഖ് = അവന്‍ ഒരു ഡ്രൈവര്‍ ആകുന്നു
ഹിയ മുമത്തല (ممثلة) = അവള്‍ ഒരു നടി ആകുന്നു.
ഹിയ മുമര്‍‌രിദ (ممرضة) = അവള്‍ ഒരു നേഴ്‌സ് ആകുന്നു.
ഇന്‍‌ത ത‌അ‌ബാന്‍? = നീ ക്ഷീണിതനാണോ?
ഇന്‍‌ത ജൂആന്‍? = നീ വിശന്നിരിക്കുകയാണോ?
ഇന്‍‌ത സ‌(Z)അ്‌ലാന്‍? = നീ പിണങ്ങിയിരിക്കുകയാണോ?
ഇന്‍‌തി ഉഖ്‌ത് സലീം? = നീ സലീമിന്റെ സഹോദരിയാണോ?
ഇന്‍‌തൂ താലിബാന്‍ ഫീ മദ്രസ? = നിങ്ങള്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളാണോ?
ഇന്‍‌തൂ മുവദ്ദിഫീന്‍ ഹുകൂമ? = നിങ്ങള്‍ ഗവണ്മെന്റ് ഉദ്യോഗസ്ഥരാണോ?
അന ത്വയ്യാര്‍ ഫീ ത്വൈറാനുല്‍ ഹിന്ദ് = ഞാന്‍ എയര്‍ ഇന്ത്യയിലെ പൈലറ്റ് ആകുന്നു.
എഹ്‌നാ ഫര്‍ഹാനീന്‍ വാജിദ് = ഞങ്ങള്‍ വളരെ സന്തുഷ്ടരാണ്.
എഹ്‌നാ അത്വ്‌ശാനീന്‍ വാജിദ് = ഞങ്ങള്‍ നന്നായി ദാഹിക്കുന്നു.

No comments: