Jan 19, 2009

വ്യത്യസ്തനായ ബാര്‍ബര്‍ !

സത്യത്തില്‍ വ്യത്യസ്തമായ എന്തോരം മുടികളാണുള്ളത് ! ചിതറിയ മുടി, പറക്കുന്ന മുടി, ചുരുണ്ട മുടി, കോലന്‍ മുടി, നീളന്‍ മുടി...അങ്ങനെ അനേകം മുടികള്‍...

ഇത്തരം മുടിയന്മാരുടെ പടങ്ങള്‍ ഫോട്ടോഷോപ്പില്‍ കയറുമ്പോഴാണ് സത്യത്തില്‍ പലരുടെയും ചുണ്ടില്‍ നിന്ന് ‘മുടി‘ മന്ത്രണം ഉതിരുന്നതത്രേ! ഒന്ന് വൃത്തിയായി വെട്ടിയൊതുക്കി മറ്റൊരു ബാക്ക് ഗ്രൌണ്ടില്‍ ഫോട്ടോ പിടിപ്പിക്കണമെങ്കില്‍ ഇമ്മിണി പാടാണെന്ന് ചിലരരുടെ മനോഗതം.

സത്യത്തില്‍ അത്ര പ്രയാസമാണോ ഈ മുടി മുറിക്കല്‍? അല്ലേ അല്ല. സത്യത്തില്‍ (ഈ സത്യം എന്നേം കൊണ്ടേ പോകൂ) ഫോട്ടോഷോപ്പിനെ പോലെ ഇത്രയും വ്യത്യസ്തനായ ഒരു ബാര്‍ബറെ ചിലരെങ്കിലും തിരിച്ചറിയുന്നില്ല എന്നതാണ് ആധുനിക കേരളത്തിലെ ഏറ്റവും ദുഃഖകരമായ ഒരു സത്യം! :)

സംഗതി എന്താന്ന് വെച്ചാല്‍ മുമ്പ് പറഞ്ഞത് പോലെ ഒരു കാര്യം ചെയ്യാന്‍ ഒരൊമ്പതിനായിരം വഴികള്‍ ഫോട്ടോഷോപ്പിലുണ്ടെന്നറിയാമല്ലോ? ഈ മുടിയൊക്കെ കൃത്യമായി വെട്ടിയെടുക്കാനും വഴികള്‍ ധാരാ‍ളമുണ്ട്. പലരും അവരവരുടേതായ രീതികള്‍ പ്രയോഗിക്കുന്നു. എന്റെ അനുഭവത്തില്‍ ഏറ്റവും ലളിതവും ഫലപ്രദവുമെന്ന് തോന്നുന്ന ഒന്ന് രണ്ട് മാര്‍ഗ്ഗങ്ങളാണ് ചുവടെ വിവരിക്കുന്നത്.

സെലക്ഷന്‍ ടൂളുകള്‍ കൊണ്ടോ പെന്‍ ടൂള്‍ ഉപയോഗിച്ചോ പാറിയ മുടികള്‍ സെലക്റ്റ് ചെയ്യുന്നത് അത്ര നല്ല കീഴ്‌വഴക്കമല്ല. മിക്കവാറും ഏറെ സമയം കളയുന്നതും പ്രയോജനരഹിതവുമായ ഒരു ശ്രമമായിരിക്കും അത്.

സാധാരണയായി വര്‍ണ്ണാഭമായ ബാക്ക്ഗ്രൌണ്ടും വ്യത്യസ്തമായ ഫോട്ടോയുമാണെങ്കില്‍ Extract എന്ന രീതിയാണ് ഞാന്‍ ഉപയോഗിക്കുക. അതേക്കുറിച്ച് അവസാനം പറയാം. ഇപ്പോള്‍ മറ്റു ചില ടെക്‍നിക്കുകള്‍ നമുക്ക് നോക്കാം.

ആല്‍ഫാ ചാനല്‍ ഉപയോഗിച്ച് മുടി കട്ട് ചെയ്യുന്നത്.

ഇത് അങ്ങേയറ്റം ലളിതമായ ഒരു രീതിയാണ്. ഫോട്ടോഷോപ്പ് ചാനലുകളെക്കുറിച്ചുള്ള പോസ്റ്റ് വായിച്ചിട്ടില്ലാത്തവര്‍ അത് ഒന്ന് നോക്കിയ ശേഷം ഈ രീതി പരീക്ഷിക്കുന്നത് നന്നായിരിക്കും.

  1. നിങ്ങളുടെ ഇമേജ് ഫോട്ടോഷോപ്പില്‍ തുറക്കുക. (ചിത്രം RGB മോഡിലാണെന്ന് ഉറപ്പ് വരുത്തണം). (ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഇമേജിന് കടപ്പാട് - www.myrastudio.net )

  2. ബാക്ക്ഗ്രൌണ്ട് ലെയറില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് ലോക്ക് മാറ്റുക. Layer0 എന്നൊരു ലെയര്‍ കിട്ടും.

  3. ഇനി നമുക്ക് വേണ്ട ബാക്ക്ഗ്രൌണ്ട് ഇമേജോ അല്ലെങ്കില്‍ കളര്‍/ഗ്രേഡിയന്റ് ഫില്‍ഡ് ലെയറോ Layer0 യുടെ താഴെ പ്രതിഷ്ടിക്കുക. (ഞാനിവിടെ ഗ്രേഡിയന്റ് റ്റൂള്‍ ഉപയോഗിച്ച് ഫില്‍ ചെയ്ത ഒരു ലെയറാണ് ഉപയോഗിച്ചിരിക്കുന്നത് Layer1. ചിത്രം ശ്രദ്ധിക്കുക. അത് ഇപ്പോള്‍ മുകളിലാണ്. Layer0 യുടെ താഴെ കൊണ്ടുവരണം.)

  4. ഇനി Channels സെലക്റ്റ് ചെയ്യുക. Bule ചാനല്‍ സെലക്റ്റ് ചെയ്ത ശേഷം ചാനല്‍ പാലറ്റിന്റെ താഴെയുള്ള Create new channel ഐക്കണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ Blue copy എന്നൊരു ആല്‍ഫാ ചാനല്‍ നിര്‍മ്മിക്കപ്പെടും. (സാധാരണ RGB ഇമേജില്‍ നിന്ന് ആല്‍ഫാ ചാനല്‍ ഉണ്ടാക്കാന്‍ ബ്ലൂ ചാനല്‍ കോപി ചെയ്യുകയാണ് പതിവ്).Blue copy ചാനല്‍ സെലക്റ്റ് ചെയ്തു കൊണ്ട് Levels നമുക്ക് അഡ്‌ജസ്റ്റ് ചെയ്യാം. Ctrl+L അമര്‍ത്തുക. താഴെ ചിത്രത്തില്‍ കാണും വിധം ലെവല്‍ അഡ്‌ജസ്റ്റ് ചെയ്യുക. വാല്യൂ 152 – 2.20 – 198. OK പറയുക. ഇപ്പോള്‍ മുടിയും മറ്റു ചില ഭാഗങ്ങളും കറു നിറഞ്ഞതായി കാണാം.

  5. ചാനലിന്റെ കറുപ്പ് ആവാത്ത ബാക്കി ഭാഗത്ത് , അതായത് ശ്രദ്ധിക്കുക- നാം ചിത്രത്തില്‍ നിന്ന് കട്ട് ചെയ്തെടുക്കാന്‍ ഉദ്ദേശിക്കുന്ന ഭാഗത്ത് ഏതെങ്കിലും ബ്രഷ് ഉപയോഗിച്ച് കറുപ്പ് നിറം പെയിന്റ് ചെയ്യണം. (മുടി മാത്രം ഈ രീതിയില്‍ സെലക്റ്റ് ചെയ്തിട്ട് ബാക്കി ഭാഗം പെന്‍ റ്റൂളോ മറ്റോ ഉപയോഗിച്ച് സെലക്റ്റ് ചെയ്യാവുന്നതാണ് പിന്നീട്). താഴെ ചിത്രം ശ്രദ്ധിക്കുക. RGB കോമ്പസിറ്റ് ചാനലിന്റെ നേരെയുള്ള കണ്ണില്‍ ക്ലിക്ക് ചെയ്താല്‍ മാസ്ക് വെളിവാകും. ചിത്രം കണ്ടു കൊണ്ട് മാസ്‌ക് ചെയ്യാം. അതായത് ബ്രഷ് കൊണ്ട് ചിത്രത്തിനു മീതേ കറുപ്പ് നിറം പെയിന്റ് ചെയ്യാം. പൂര്‍ത്തിയായാല്‍ താഴെക്കാണുന്നത് പോലെ ആല്‍ഫാ ചാനല്‍ കിട്ടും. RGB കോമ്പസിറ്റ് ചാനലിന്റെ നേരെയുള്ള കണ്ണില്‍ ക്ലിക്ക് ചെയ്ത് ഹൈഡ് ചെയ്യുക.

  6. ലെയര്‍ പാലറ്റില്‍ Layer0 സെലക്റ്റ് ചെയ്യുക. ഇനി Selection മെനുവില്‍ നിന്ന് Load Selection> ചാനല്‍ എന്നിടത്ത് Blue copy സെലക്റ്റ് ചെയ്യുക. താഴെ Invert എന്ന കോളത്തില്‍ ടിക് മാര്‍ക്ക് ചെയ്യാന്‍ മറക്കരുത്. OK. ഇനി Edit>Copy (Ctrl+C) പറയുക.

  7. Layer0 ഹൈഡ് ചെയ്യുക. (കണ്ണിനു നേരെ ക്ലിക്ക് ചെയ്യുക). പുതിയൊരു ലെയര്‍ ഉണ്ടാക്കുക. (Shift+Ctrl+N). Edit>Paste (Ctrl+V).

  8. ചിത്രം നോക്കൂ. പക്ഷേ മുടിയുടെ വശങ്ങളിലൊക്കെ വെളുപ്പ് നിറം! അത് മാറ്റണം. അതിനായി Burn Tool എടുക്കുക.(O). Option Bar ല്‍ Range: Highlights കൊടുക്കുക. Exposure : 65% മതി. ഇനി മെല്ലെ മുടിയുടെ വശങ്ങളിലൊക്കെ വെളുപ്പ് മാറിക്കിട്ടുന്നത് വരെ Burn Tool കൊണ്ടെ ഉരക്കുക.

  9. തൃപ്തിയായാല്‍ നിര്‍ത്തുക. മുടിവെട്ട് കഴിഞ്ഞു. ഇനി കുളിക്കുക :)


(ട്യൂട്ടോറിയലിനു വേണ്ടി വേഗത്തില്‍ ചെയ്തതിനാല്‍ പരമാവധി കൃത്യത കൈവരുത്താന്‍ സാധിച്ചിട്ടില്ല. ഇതേ വിഷയത്തിലുള്ള അടുത്ത ട്രിക്കുകള്‍ പിന്നാലെ).

Post a Comment