Jan 25, 2009

താമരശ്ശേരിയില്‍ ഒരു ഹര്‍ത്താല്‍ കാലത്ത്...

1999 ഡിസംബര്‍ മാസം.കോഴിക്കോട് താമരശ്ശേരി വരെ പോകേണ്ട ഒരത്യാവശ്യമുണ്ടായിരുന്നു എനിക്ക്. അവിടെ ഒരിടത്ത് നിന്നും കുറച്ച് പണം കിട്ടാനുണ്ട്.
കോഴിക്കോട് യാത്ര പണ്ടൊക്കെ ഏറെ നൊമ്പരം സമ്മാനിച്ചിരുന്നതാണ്; അവിടെ ബോര്‍ഡിംഗ് സ്കൂളില്‍ പഠിക്കുമ്പോള്‍. വീട്ടുകാരെയും കൂട്ടുകാരെയും വിട്ട് പരശുറാം ട്രെയിനില്‍ യാത്രയാവുമ്പോള്‍, തിങ്ങിയ കമ്പാര്‍ട്ട്മെന്റിനുള്ളില്‍ വിങ്ങിയ ഹൃദയവുമായി സങ്കടം കടിച്ചമര്‍ത്തിയിരിക്കുമ്പോള്‍ അതിവേഗം പിന്നോട്ട് പായുന്ന ഗ്രാമക്കാഴ്‌ചകള്‍ മിഴിനീര്‍ മൂടി അവ്യക്തമാകുമായിരുന്നു.
അവധിക്ക് തിരികേ വരുമ്പോള്‍ അതിയായ ആഹ്ലാദം പകര്‍ന്നിരുന്നതും ഇതേ തീവണ്ടി യാത്ര. കായംകുളം അടുക്കവേ അപ്രതീക്ഷിതമായൊരു പുലരിമഴയില്‍ പുളകിതയായപഞ്ചാരമണ്ണില്‍ നിന്നുയര്‍ന്ന പുതുമണം ആവോളം നുകര്‍ന്ന് തീവണ്ടി വാതില്‍പ്പടിയില്‍ നിന്നിരുന്നത്...നാടന്‍ തിരുവിതാംകൂര്‍ വര്‍ത്തമാനം അല്പം കൊതിയോടെ കേട്ടുകൊണ്ട് പ്ലാറ്റ്ഫോമിലൂടെ നടന്നിരുന്നത്...
ഇടവഴികളിലൂടെ മാത്രം വീട്ടിലേക്ക് പോയിരുന്നത്...
എങ്കിലും കോഴിക്കോട് നഗരം എനിക്കെന്നും ഇഷ്‌ടമാണ്. ഞാനാദ്യമായി കോഴിക്കോട്ട് പോയത് എനിക്കോര്‍മ്മയില്ല. എന്തെന്നാല്‍ അന്നെനിക്ക് രണ്ടരവയസ്സായിരുന്നു പ്രായം എന്നാണ് ഉമ്മ പറയുന്നത്. മീറ്റിംഗുകള്‍ക്കും മറ്റുമായി കോഴിക്കോട്ടേക്ക് പോകേണ്ടിയിരുന്ന ഉപ്പ പലതവണ നന്നേ ചെറുപ്പത്തില്‍ ഞങ്ങളെ അവിടെ കൊണ്ടുപോയിട്ടുണ്ട്. കോഴിക്കോട്ടേക്ക് മാത്രമല്ല, കന്യാകുമാരി മുതല്‍ കാസര്‍കോട് വരെ ഒട്ടുമിക്ക സ്ഥലങ്ങളിലേക്കും ഞങ്ങള്‍ മക്കളെ കൊണ്ടുപോയി യാത്രയുടെ ഹരം ഞങ്ങള്‍ക്ക് പകര്‍ന്ന് തന്നിട്ടുണ്ട് ഉപ്പ.
പഠനം കഴിഞ്ഞപ്പോള്‍ സ്വതന്ത്രമായ കോഴിക്കോടന്‍ യാത്രകളായിരുന്നു. ഒരുപാട് വട്ടം. ഓരോ തവണയും ഓരോ ആവശ്യങ്ങളുണ്ടാവും. അങ്ങനെ ഒരു യാത്ര ഇതും. (പിന്നീട് തീവണ്ടിയാത്ര ജീവിതത്തിന്റെ ഭാഗം തന്നെയായി മാറി. കൊല്ലത്തേക്കും കോട്ടയത്തേക്കും സഞ്ചരിച്ച് ദിവസത്തിന്റെ നല്ലൊരു ഭാഗം ട്രെയിനില്‍ ചെലവഴിക്കുന്ന ഒരു സീസണ്‍ യാത്രക്കാരനായിരുന്നു ഞാന്‍ കുറേ വര്‍ഷങ്ങള്‍!)
രാവിലെ എട്ട് അഞ്ചിനാണ് പരശുറാം കായംകുളത്ത് എത്തുന്നത്.  അന്ന് പിള്ളയുടെ കാന്റീനില്‍ നിന്ന് ആവി പറക്കുന്ന ദോശയും കടലക്കറിയും കഴിച്ചു കഴിഞ്ഞപ്പോഴേക്കും വണ്ടിയെത്തി. ഉച്ചഭക്ഷണം ഷൊര്‍ണ്ണൂരില്‍ നിന്നായിരുന്നു. രണ്ട് പരിപ്പു വടയും കാപ്പിയും മാത്രം. വൈകുന്നേരം നാലു മുപ്പതിന് കൊഴിക്കോട്ടെത്തി. അരയിടത്ത് പാലത്തിനവിടെ വരെ പോകണം. അവിടെ ഒരോഫീസില്‍ കൊടുക്കുവാനായി കുറച്ച് പണം ഒരു സുഹൃത്ത് തന്നു വിട്ടിരുന്നു. ഞാന്‍ കയ്യിലെ പണം എണ്ണി നോക്കി. മൊത്തം തൊള്ളായിരം രൂപയോളമുണ്ട്. എണ്ണൂറു രൂപ ഓഫീസില്‍ കൊടുത്താല്‍ ബാക്കി നൂറുണ്ട്. ഭക്ഷണം കഴിക്കാനും താമരശ്ശേരി വരെയെത്താനും അത് ധാരാളം. താമരശ്ശേരിയില്‍ നിന്ന് കാശ് കിട്ടും. ഒരോട്ടോറിക്ഷയില്‍ അരയിടത്ത് പാലം. എണ്ണൂറു രൂപ അവിടെ കൊടുത്തിട്ട് കെ എസ് ആര്‍ റ്റിസി സ്റ്റാന്റിലേക്ക്. സാഗര്‍ ഹോട്ടലില്‍ നിന്ന് കുശാലായി ഭക്ഷണം കഴിച്ചു. ബസ്‌സ്റ്റാന്റിലേക്ക്...
നേരം സന്ധ്യയാകുന്നു. താമരശ്ശേരിക്കുള്ള ‘ആനവണ്ടിയില്‍‘ കയറി ഇരിപ്പാണ്. ബസ് നിറയെ യാത്രക്കാരുണ്ട്. കണ്ടക്റ്റര്‍ ടിക്കറ്റ് കൊടുക്കുന്നു. പെട്ടെന്ന് എന്തൊക്കെയോ തകര്‍ന്നടിയുന്നത് പോലെ ഭീമാകാരമായ ഒച്ച...! ബസിന്റെ കണ്ണാടിച്ചില്ലുകള്‍ ഒന്നൊന്നായി ഉടഞ്ഞു വീഴുന്നു. കൂര്‍ത്ത കല്ലുകള്‍ കണ്ണാടി ഭേദിച്ച് ബസിനകത്തേക്ക്... എല്ലാവരും പരിഭ്രാന്തരായി. ആര്‍ക്കും ഒന്നും മനസ്സിലാവുന്നില്ല. ബസില്‍ നിന്നിറങ്ങി ഓടാനായി എല്ലാവരുടെയും ശ്രമം. ഞാനും ഭയന്ന് പോയിരുന്നു. എങ്ങനെയോ പുറത്തിറങ്ങി, എങ്ങോട്ടെന്നില്ലാതെ ഓടി. സമീപത്തെ ബസ്സുകളിലും കല്ല് പതിക്കുകയാണ്. ഭവിഹ്വലരായി പായുന്ന യാത്രക്കാര്‍. ഒന്നും മനസ്സിലാവുന്നില്ല. ആരൊക്കെയോ ബസ്റ്റാന്റിന്റെ മുകളിലത്തെ നിലയിലേക്ക് ഓടിക്കയറുന്നു. ഞാനും അങ്ങോട്ടോടി. ഒരുകൂട്ടം ആള്‍ക്കാര്‍ ബസ്‌സ്റ്റാന്റിലെ സ്റ്റാളുകള്‍ മുഴുവന്‍ അടിച്ചു തകര്‍ക്കുന്നത് കണ്ടു. മറ്റൊരു കൂട്ടര്‍ ബിജെപിക്ക് സിന്ദാബാദ് വിളിച്ചു കൊണ്ട് ബസ്സുകള്‍ തല്ലിത്തകര്‍ക്കുകയാണ്. വ്യാപാരികള്‍ കടമുറികളുടെ ഷട്ടറിട്ട് ഭയത്തോടെ ഓടുന്നു. ബസ്റ്റാന്റിലെ റ്റെലിഫോണ്‍ ബൂത്തുകള്‍ ക്ഷണനേരം കൊണ്ട് തകര്‍ത്ത് തരിപ്പണമാക്കിയിരിക്കുന്നു. ഞങ്ങള്‍ ചിലര്‍ ബസ്റ്റാന്റിന്റെ രണ്ടാം നിലയിലെ ഒരോഫീസില്‍ അഭയം തേടി. എന്താണ് സംഭവിക്കുന്നതെന്ന് പരസ്പരം അന്വേഷിക്കുകയാണ് ഓരോരുത്തരും. കണ്ണൂരില്‍ ഏതോ ബിജെപിക്കാരനെ കൊന്നെന്നോ മറ്റോ ആരോ പറയുന്നു. പുറത്ത് റോഡില്‍ മുദ്രാവാക്യം വിളി കേള്‍ക്കുന്നു... “ജയകൃഷ്‌ണന്‍ മാഷ് സിന്ദാബാദ്, രക്തസാക്ഷി സിന്ദാബാദ്...”
ഞാന്‍ മെല്ലെ റ്റെറസ്സിനു മുകളിലേക്ക് കയറി. മറഞ്ഞു നിന്ന് റോഡ് വീക്ഷിച്ചു. അക്രമാസക്തരായ വലിയൊരു ജനക്കൂട്ടം വ്യാപാരശാലകള്‍ ആക്രമിക്കുകയാണ്. ഒട്ടുമിക്ക കടകളും അടച്ചിരിക്കുന്നു. കിഴക്കു നിന്നും ഒരു പോലീസ് ജീപ്പ് കുതിച്ചു വരുന്നു. അക്രമികള്‍ക്ക് ഒരു ഇരുപത് മീറ്റര്‍ മുന്നിലായി ബ്രേക്ക് ചവിട്ടുന്നു. റ്റയറുകള്‍ റോഡിലുരയുന്ന ശബ്ദം. സെക്കന്റ് കൊണ്ട് ജീപ്പ് വെട്ടിത്തിരിച്ച് കിഴക്കോട്ട് തന്നെ പ്രാണഭയത്തോടെ അതിവേഗം പാഞ്ഞുപോകുന്നു... അക്രമി സംഘവും കിഴക്കോട്ട്. ഞാന്‍ മെല്ലെ താഴേക്കിറങ്ങി.
അപ്പോഴേക്കും സംഭവത്തിന്റെ വിശദാംശങ്ങള്‍ അറിവായിത്തുടങ്ങി. കണ്ണൂരില്‍ ജയകൃഷ്‌ണന്‍ എന്ന സ്കൂള്‍മാഷായ ഒരു ബിജെപി നേതാവിനെ ക്ലാസ്സ് മുറിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലിട്ട് വെട്ടിക്കൊന്നിരിക്കുന്നു. സംഭവത്തോട് ബിജെപി പ്രവര്‍ത്തകരുടെ വൈകാരിക പ്രതികരണമാണ് അരങ്ങേറുന്നത്. ഹര്‍ത്താല്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.
ബസ്സുകളൊക്കെ ഓട്ടം മതിയാക്കി. വാഹനങ്ങള്‍ ഇനി നിരത്തിലിറങ്ങില്ല. ബിജെപിക്കാര്‍ കൊലവിളിയുമായി റോന്തു ചുറ്റുന്നു. ദൈവമേ, ഞാനിനിയെങ്ങനെ താമരശ്ശേരിയിലെത്തും. ഒന്നു ഫോണ്‍ ചെയ്യാന്‍ പോലും സൌകര്യമില്ല. ബസ്റ്റാന്റിലെ ഒരു മൂലക്ക് വെറുതേയിരുന്നു. കുറേ നേരം കഴിഞ്ഞ് രംഗം ഒന്ന് ശാന്തമായപ്പോള്‍ ബൂത്തുടമ റ്റെലിഫോണുകള്‍ പുറത്തെടുത്തു വെച്ചു. നൂറുകണക്കിനു പേര്‍ ഫോണ്‍ വിളിക്കാന്‍ ഓടിക്കൂടി. ഞാന്‍ സുഹൃത്തിനെ വിളിച്ചു. റോഡെല്ലാം ബ്ലോക്കാണ്. റ്റൂ വീലറില്‍ പോലും കോഴിക്കോട്ട് വരാന്‍ കഴിയില്ല. ഇന്നെവിടെയെങ്കിലും ലോഡ്‌ജില്‍ തങ്ങീട്ട് നാളെ അവിടേക്ക് ചെല്ലാന്‍ സുഹൃത്തിന്റെ ഉപദേശം.
ലോഡ്‌ജിനെക്കൂറിച്ച് ചിന്തിച്ചപ്പോഴാണ് പോക്കറ്റിലേക്ക് കൈ ചെന്നത്. ഓട്ടോക്കൂലിയും ഭക്ഷണവുമൊക്കെക്കഴിഞ്ഞ് അമ്പതോ അമ്പത്തഞ്ചോ രൂപ കാണും. അമ്പതു രൂപക്ക് എവിടെ ലോഡ്‌ജ് കിട്ടാന്‍? അടുത്തുകണ്ട ചില ലോഡ്‌ജുകളില്‍ അന്വേഷിച്ചു. കാശുണ്ടായിട്ടും കാര്യമില്ല. മുറികളൊക്കെ നിറഞ്ഞു കവിഞ്ഞിരിക്കുന്നു. വേറെ ചിലടത്ത് മുറിയുണ്ട് , കാശ് കൂടുതല്‍! കയ്യിലിരുന്ന എണ്ണൂറു കൊണ്ടുക്കൊടുത്തു പോയതില്‍ കടുത്ത നിരാശ തോന്നി. ഇങ്ങനെയൊക്കെ വരുമെന്ന് ആരറിഞ്ഞു?
നേരം ഒരുപാടായി. ഞാന്‍ നടക്കുകയാണ്. എവിടെ ഒന്ന് തലചായ്ക്കും? ബസ്‌സ്റ്റാന്റില്‍ കിടന്നുറങ്ങാന്‍ ഭയം. ആരോ പറഞ്ഞു. പാളയത്ത് കുറഞ്ഞ വാടകക്ക് മുറി കിട്ടും. പാളയത്തേക്ക് നടന്നു. ഒറ്റയിടത്തും മുറിയില്ല. ഒടുക്കം ഒരു ഇടുങ്ങിയ ലോഡ്ജിലെ ഒരാള്‍ ഒരു നിര്‍ദ്ദേശം വെച്ചു. മുറി തരാം, അന്‍പതു രൂപ വാടക. പക്ഷേ കാലത്തേ ആറ് മണിക്ക് എഴുന്നേല്‍ക്കണം. ആറെങ്കില്‍ ആറ്‌. ഉറക്കവും ക്ഷീണവും കാരണം എങ്ങനെയെങ്കിലും ഒന്ന് കിടന്നാല്‍ മതിയെന്നായി. സമ്മതിച്ചു.
രാവിലെ ആറു മണിക്ക് ലോഡ്‌ജുകാരന്‍ വിളിച്ചുണര്‍ത്തി. ഒന്ന് കുളിച്ച ശേഷം പുറത്തിറങ്ങി. ഞാന്‍ അമ്പരന്നു പോയി! നഗരം ശ്മശാനം പോലെ വിജനം, മൂകം! ഒരു മനുഷ്യജീവിയെ എങ്ങും കാണാനില്ല. ഞാന്‍ എങ്ങോട്ട് പോകും? എന്തായാലും ബസ്‌സ്റ്റാന്റിലേക്ക് നടക്കാമെന്ന് കരുതി. നന്നായി വിശക്കുന്നുണ്ട്. തലേന്ന് വൈകുന്നേരം ആഹാരം കഴിച്ചതാണ്. ഒരു ചായക്കട പോലുമില്ല ഒരു കാലിച്ചായ കുടിക്കാന്‍.
കെ എസ് ആര്‍ റ്റി സി ബസ്റ്റാന്റിന് എതിര്‍വശത്തായി ചെറിയൊരാള്‍ക്കൂട്ടം കണ്ടു. ഒരു പീടികയുടെ നിരപ്പലക അല്‍‌പം തുറന്ന് വെച്ച് ഒരാള്‍ ഇളനീര്‍ വില്‍ക്കുകയാണ്. ധാരാളം പേര്‍ ഇളനീര്‍ കുടിച്ച് കാമ്പ് വെട്ടിത്തിന്നുന്നു. ഞാനും ഒരിളനീര്‍ വാങ്ങി, കാമ്പ് തിന്നു കൊണ്ടിരിക്കേ ഒരു കൈ തോളില്‍ ആഞ്ഞു വീണു. ഞെട്ടിപ്പിടഞ്ഞു തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ണുകളെ വിശ്വസിക്കാനായില്ല. എന്റെ അടുത്ത ബന്ധുവും കളിക്കൂട്ടുകാരനുമായ നാസിം!
അവന്‍ കോഴിക്കോട്ട് എം ഇ എസ് ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുകയാണ്. അവനവിടെ ഉണ്ടാവുമെന്ന് ഞാനോര്‍ത്തതേയില്ല. രാവിലെ വിശപ്പിനു വകതേടി ഇറങ്ങിയതാണ് അവനും. എന്നെ ഹോസ്റ്റലിലേക്ക് കൂട്ടിക്കൊണ്ടു പോയി. ചെന്ന പാടെ ഞാന്‍ കട്ടിലില്‍കിടന്ന് ഉറക്കമായി. ഉച്ചക്ക് മെസ്സില്‍ നിന്ന് ഊണു കൊണ്ടുത്തന്നു അവന്‍. പിന്നെ വിശേഷങ്ങളും തമാശകളും പറഞ്ഞിരിപ്പായി.
സന്ധ്യക്ക് പുറത്തിറങ്ങി. താമരശ്ശേരി വരെ എത്താന്‍ വണ്ടിക്കൂലി അന്ന് അഞ്ചോ ആറോ രൂപ മതി. ഒരു പത്തു രൂപ നാസിമിനോട് വാങ്ങാന്‍ ഞാന്‍ പലതവണ ഉദ്യമിച്ചെങ്കിലും അവന് പണത്തിന് ബുദ്ധിമുട്ടുണ്ടെന്ന് അവന്റെ വര്‍ത്തമാനത്തില്‍ നിന്ന് എനിക്ക് തോന്നിയതിനാലും ഏതോഅഭിമാനബോധം നിമിത്തവും ഞാനാ ശ്രമത്തില്‍ നിന്ന് പിന്തിരിഞ്ഞു. ഞങ്ങള്‍ യാത്രപറഞ്ഞു പിരിയും വരെ ഞാന്‍ കാശ് ചോദിച്ചതേയില്ല.
ബസ്‌സ്റ്റാന്റിലെത്തി. ബസുകള്‍ ഓട്ടം തുടങ്ങിയിരിക്കുന്നു. എങ്ങനെ പോകും? ഒരു രൂപ തികച്ച് കയ്യിലില്ല. എന്നിട്ടും ഞാനേതോ നിസംഗ ഭാവത്തിലായിരുന്നു. സമയം കടന്നു പോകുന്നു. എന്താ ചെയ്യുക? ആരോടെങ്കിലും സഹായം ചോദിക്കുക തന്നെ. ഞാന്‍ മെല്ലെ എഴുന്നേറ്റു. മാന്യനെന്ന് തോന്നിയ ഒരാളുടെ അടുത്ത് ചെന്ന് വളരെ സ്വകാര്യമായി പറഞ്ഞു: “സര്‍, ഞാന്‍ കായംകുളത്ത് നിന്നും വന്നതാണ്. ഇന്നലത്തെ ബഹളത്തില്‍ എന്റെ പഴ്‌സ് ന‌ഷ്‌ടമായി. ഞാന്‍ സ്റ്റാന്റില്‍ കുടുങ്ങിപ്പോയി. എനിക്ക് താമരശ്ശേരി വരെ എത്തണം. സാറൊരു പത്തു രൂപ തന്ന് സഹായിച്ചാല്‍...”
പ്രതികരണം പെട്ടെന്നായിരുന്നു: “നിന്നെ കണ്ടാല്‍ പറയില്ലല്ലോടേയ് ഇത്ര വെല്യൊരു തെണ്ടിയാണെന്ന്. നീയൊക്കെ തെക്കൂന്ന് ഇവിടെ വന്ന് തെണ്ടണത് തെക്കരെ പറേപ്പിക്കാന്‍ തന്നെ അല്ലീ...?”
ഓഹോ .....യെവന്‍ തെക്കനാരുന്നോ. ഇതറിഞ്ഞിരുന്നേ കയ്യിലുള്ള ഒരു രൂപ അവനങ്ങോട്ട് കൊടുത്തേനെ. അടുത്ത ശ്രമത്തിന് ഊര്‍ജ്ജം സംഭരിക്കാന്‍ ഞാനൊരു ബെഞ്ചിലിരുന്നു. പത്തുമിനുട്ട് കഴിഞ്ഞ് മറ്റൊരു മാന്യനോട് സംഭവം വിവരിച്ച് പാതി ആയപ്പോളേ അദ്ദേഹം കയ്യാല്‍ തടുത്തു.
ത്താ പ്പോ ദ്, നിര്‍ത്തിക്കാള ബര്‍ത്താനം. ഇങ്ങനോരോ കാരണം പറഞ്ഞങ്ങിറക്കോളണ്ടി, ഒറുപ്യ തരില്യ.വയി മാറ്...”
ഹും! വടക്കനും തഥൈവ.
സത്യം പറഞ്ഞാല്‍ കുറേശ്ശേ ടെന്‍ഷന്‍ ആയിത്തുടങ്ങി. എല്ലാവരും ഇങ്ങനെ പറഞ്ഞാല്‍ ഞാനെങ്ങനെ താമരശ്ശേരിക്ക് പോകും? കുറേ നേരം അങ്ങനെ ഇരുന്നു. അപ്പോഴുണ്ട് മതവിദ്യാര്‍ത്ഥിയായ (മുത‌അല്ലിം) ഒരു പയ്യന്‍സ് അവിടെ നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. അദ്ദേഹത്തോടൊന്ന് ചോദിക്കാം. കാശ് തന്നില്ലെങ്കിലും കുറഞ്ഞ പക്ഷം തെറിയെങ്കിലും വിളിക്കില്ല. ചെന്നു. വളരെ മയത്തില്‍ ദയനീയമായി കാര്യം പറഞ്ഞു. പത്തു മതിയോ എന്നൊരു ചോദ്യം! ധാരാളം മതിയെന്ന് ഞാന്‍. പൈസ തന്നു. സത്യമായിട്ടും എന്റെ കണ്ണ് നിറഞ്ഞു.
ഇത് തിരിച്ചു തരാന്‍ കഴിയുമോ എന്നെനിക്കറിയില്ല...”
തിരിച്ചു തരേണ്ട, നിങ്ങള്‍ പ്രാര്‍ത്ഥിച്ചാല്‍ മതി”
ഈ ഉപകാരം ഒരിക്കലും മറക്കില്ല. ദൈവം അര്‍ഹിക്കുന്ന പ്രതിഫലം നല്‍കി അനുഗ്രഹിക്കട്ടെ...എവിടെയാ നിങ്ങളുടെ നാട്?...”
എന്റെയോ, പരുത്തിപ്പാറ. ഫറോക്കിനടുത്താണ്”
പരുത്തിപ്പാറ...! എന്റെ അനിയന്‍ അവിടെ നിന്ന് ഫറോക്കില്‍ പഠിക്കുന്നുണ്ട്...?”
നിങ്ങളുടെ നാടെവിടേ?”
കായംകുളം”
കായംകുളം....!!! അനസിന്റെ ജ്യേഷ്‌ടനാണോ നിങ്ങള്‍ !”
അതെ..”
സിയാദ്. അല്ലേ....! അനസ് എന്റെ നല്ല കൂട്ടുകാരനാണ്...ഓന്‍ നിങ്ങളെക്കുറിച്ച് പറയാറുണ്ട്...”

ഞാനങ്ങനെ തരിച്ചു നില്‍ക്കുകയാണ്.
കാരുണ്യവാനായ ദൈവത്തിന്റെ സഹായം വന്നിറങ്ങുന്ന വഴികളേതേതെന്ന് ഗണിക്കാനാവാതെ...
പരിചിതരും അപരിചിതമായവരുടെ സ്നേഹവായ്‌പ്പില്‍ കൃതജ്ഞതാനിര്‍ഭരനായി
...
അവഗണിച്ചവരോട് ദ്വേഷമേതുമില്ലാതെ...
എല്ലാവര്‍ക്കും നന്മ വരുത്തേണമേ എന്ന പ്രാര്‍ത്ഥനയോടെ...
Post a Comment