Sep 9, 2008

ഫോട്ടോഷോപ്പിലെ ലേയര്‍ മാസ്‌ക് (Layer Mask in Photoshop)

ഇവിടെപ്പറഞ്ഞിരിക്കുന്ന ചെലതൊക്കെ മനസ്സിലാകണമെങ്കില്‍ ആദ്യം ലോ ലവിടുത്തെ “ഫോട്ടോഷോപ്പ് ലേയറുകള്‍” എന്ന പോസ്‌റ്റ് വായിച്ചേച്ചും വരിക (കട്.കോവാലകൃഷ്‌ണന്‍!) :)

ഫോട്ടോഷോപ്പിലെ വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ് ലേയര്‍ മാസ്‌ക്.

എന്താണ് ലേയര്‍ മാസ്‌ക് ? ലേയര്‍ മാസ്‌കിന്റെ പ്രാധാന്യമെന്ത്? “നമുക്ക് പരിശോധിക്കാം“.. (കട്. നാലാം ക്ലാസ്സിലെ സയന്‍സ് പുസ്തകം!)

എഡിറ്റു ചെയ്യാവുന്ന സെലക്ഷനുകളാണ് ലേയര്‍ മാസ്‌കുകള്‍. ലേയറുകള്‍ക്ക് പരിക്കേല്പിക്കാതെ മാറ്റത്തിരുത്തലുകള്‍ വരുത്തുക (Non Destructive Editing) എന്ന പ്രക്രിയയില്‍ നിര്‍ണ്ണായക വേഷം ആടുന്നത് മൂപ്പരാണ്.

ലേയര്‍ മാസ്‌കുകള്‍ കൈകാര്യം ചെയ്യാന്‍ വളരെ എളുപ്പവും സൌകര്യവുമാണ്. ഒരു മുഴുവന്‍ ഗ്രേസ്കെയില്‍ ഇമേജ് (ചാരപ്പടം!) എന്ന പോലെ തന്നെ നമുക്ക് ഈ മാസ്‌കുകളെ പരിഗണിക്കാം.എന്നിട്ട് അതിന്മേല്‍ ഫില്‍ട്ടറുകള്‍ പ്രയോഗിക്കാം, സെലക്ഷന്‍ റ്റൂള്‍സ് ഉപയോഗിച്ച് പല കളികള്‍ കളിക്കാം, അഡ്‌ജസ്റ്റ് മെന്റ്‌സ് റ്റൂള്‍സ് ഉപയോഗിക്കാം, അങ്ങനെ അങ്ങനെ ഈ മാസ്‌ക് വേലായുധന്റെ തിരുമാറത്ത് നമുക്ക് പലതും പയറ്റാം...

മാസ്‌ക് കണ്ടാലറിയാം ഇമേജിലെ പഞ്ഞം! എന്നച്ചാ ലേയര്‍ മാസ്‌ക് ഇമേജിനെ എങ്ങനെ ബാധിക്കുന്നു എന്ന് ലേയറിലേക്ക് ഒറ്റനോട്ടം നടത്തിയാല്‍ തന്നെ നമുക്ക് മനസ്സിലാകും.

ആരോട് കൂട്ടു കൂടുന്നതിലും ഈ ചങ്ങാതിക്ക് ഒരു വിരോധവുമില്ല. വെക്‍റ്റര്‍ മാസ്‌ക്, ലേയര്‍ ഗ്രൂപ്പ്, അഡ്‌ജസ്റ്റ് മെന്റ് ലേയേഴ്സ്... എവിടെ വേണമെങ്കിലും ലേയര്‍ മാസ്‌കിനെ കൊള്ളിക്കാം.

നമ്മുടെ സെലക്ഷന്‍ സേവ് ചെയ്തു വെക്കാനും ലേയര്‍മാസ്ക് നമ്മെ അനുവദിക്കുന്നുണ്ട്. ഓരോ തവണയും നാം നമ്മുടെ ഡോക്കുമെന്റ് സേവ് ചെയ്യുമ്പോള്‍ ലേയര്‍ മാസ്‌കും കൂടെ സേവ് ആകും.


ശരിക്കും എന്തിനാണ് ലേയര്‍ മാസ്‌ക് ഉപയോഗിക്കുന്നത് ?

പിക്‍സലുകളെ മറച്ചു വെക്കാനാണെന്ന് ഉത്തരം. അഡ്‌ജസ്റ്റ്മെന്റ് ലേയറുകള്‍ ഉപയോഗിക്കുമ്പോള്‍ ഉളവാകുന്ന റിസല്‍റ്റ് മാസ്‌ക് ചെയ്യാനും ലേയര്‍ മാസ്‌ക് ഉപയോഗിക്കാറുണ്ട്. ഈ കുറിപ്പില്‍ ലേയര്‍ മാസ്‌ക് ഉപയോഗിച്ച് പിക്‍സലുകളെ മറക്കുന്നതിനെക്കുറിച്ചാണ് പറയുന്നത്.

ശരി ശരി...

ഈ ലേയര്‍ മാസ്‌കുകള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്?

ലേയര്‍ മാസ്‌ക് ആഡ് ചെയ്തിട്ടുള്ള ലേയറുകളെ എങ്ങനെ പരിഗണിക്കണമെന്ന് ഫോട്ടൊഷോപ്പിനോട് സൂത്രമുപദേശിക്കുകയാണ് സത്യത്തില്‍ ലേയര്‍ മാസ്‌കുകള്‍ ചെയ്യുന്നത്. ചാര (ഗ്രേ) നിറത്തിന്റെ പല ഷേഡുകള്‍ ആണ് മാസ്‌കിന് ആധാരം. നമുക്ക് തല്‍ക്കാലം കറുപ്പും വെളുപ്പും മാത്രമായ മാസ്‌കുകള്‍ ശ്രദ്ധിക്കാം.


അതേയ്, ഈ ലേയര്‍ മാസ്‌ക് മനസ്സിലാക്കാനായി താഴെപ്പറയുന്നവ ഒന്നു ശ്രദ്ധിക്കണേ...

*ഒരു ലേയര്‍ മാസ്‌കിലെ കറുത്ത നിറം ആ മാസ്‌ക് ചേര്‍ത്തിട്ടുള്ള ലേയറിലെ പിക്‍സലുകളെ മറയ്‌ക്കുന്നു. എന്നു വെച്ചാല്‍ പിക്‍സലുകളെ ട്രാന്‍‌സ്‌പരെന്റ് ആക്കുന്നു.

*ഒരു ലേയര്‍ മാസ്‌കിലെ വെളുത്ത നിറം ആ മാസ്‌ക് ചേര്‍ത്തിട്ടുള്ള ലേയറിലെ പിക്‍സലുകളെ അതേ പടി വെളിവാക്കുന്നു. എന്നു വെച്ചാല്‍ പിക്‍സലുകളെ ഒന്നും ചെയ്യുന്നില്ലാന്ന്.


ഉദാഹരണം പറയാം.


Layer1 എന്നൊരു ലേയര്‍ മഞ്ഞനിറത്തില്‍...

അതിനു മീതേ ഓറഞ്ചു നിറത്തിലുള്ള മറ്റൊരു ലേയര്‍ ...

ഓറഞ്ച് ലേയറിന് തൊട്ടു വലതു വശത്തായി ഒരു ബ്ലാക് & വൈറ്റ് തമ്പ് നെയില്‍ കാണാം. ഒരു ഇമേജാണത്. അതു തന്നെയാണ് നമ്മുടെ ലേയര്‍ മാസ്‌ക്.

ഈ ഉദാഹരണം എന്താണ് സൂചിപ്പിക്കുന്നത്? അതെന്തെന്നാല്‍ ഓറഞ്ചു ലേയറിനോട് ചേര്‍ത്തിട്ടുള്ള ലേയര്‍ മാസ്‌കില്‍ നാം ഒരു വട്ടം വരച്ച് അതില്‍ കറുപ്പ് ചായം നിറച്ചു, ആ കറുപ്പ് വട്ടം ഓറഞ്ചു ലേയറിലെ അത്രയും ഭാഗത്തെ പിക്സലുകളെ സുതാര്യമാക്കി. അപ്പോ താഴത്തെ മഞ്ഞ ലേയര്‍ ആ വട്ടത്തിലൂടെ കാണായി. . നമ്മുടെ ഇമേജുകള്‍ക്ക് യാതൊരു കേടുപാടും വരാതെ അത് എഡിറ്റ് ചെയ്യാമെന്നതാണ് ലേയര്‍ മാസ്‌ക് നല്‍കുന്ന പ്രധാന സൌകര്യം. മാറ്റങ്ങള്‍ വേണ്ടെങ്കില്‍ മാസ്‌ക് ഡിലീറ്റ് ചെയ്യുകയോ ഡിസേബിള്‍ ചെയ്യുകയോ ആവാം.


ഒരുദാഹരണം. താഴത്തെ ചിത്രം ശ്രദ്ധിക്കൂ.(ഞെക്കി വലുതാക്കി കാണൂ)

ദാ നോക്കൂ മാസ്‌ക് തനിയെ. (ലേയര്‍ മാസ്‌ക് തമ്പ്നെയിലില്‍ ആള്‍ട്ട് കീ അമര്‍ത്തിക്കൊണ്ട് ഞെക്കിയാല്‍ മാസ്‌ക് മാത്രമായി കാണാം).


ഓര്‍ക്കേണ്ടത് : കറുപ്പ് നിറം പിക്‍സലിനെ മറയ്‌ക്കുന്നു.

ഇനി ലേയര്‍ മാസ്‌ക് ഉണ്ടാക്കുന്ന വിധം പഠിക്കാം.


  1. സുതാര്യമായ ഒരു ലേയര്‍ മാസ്ക് ഉണ്ടാക്കുന്നത്. Creating a Layer Mask (Reveal All)

ലേയര്‍ പാലറ്റിലെ Add Layer Mask ഐക്കണില്‍ ക്ലിക്ക് ചെയ്ത് ഓള്‍ വിസിബിളായ ഒരു ലേയര്‍ മാസ്ക് ഉണ്ടാക്കാം. (PS. CS3 മെനുവില്‍ Layer>Layer Mask>Reveal All). ഇത് ഒരു വൈറ്റ് മാസ്‌ക് ആയിരിക്കും. അതിനര്‍ത്ഥം ആ ലേയറിനെ പിക്സലിനെ ഒന്നും മറയ്‌ക്കുന്നില്ല എന്നാണല്ലോ. ഈ മാസ്‌കില്‍ കറുപ്പ് നിറം നിറക്കുന്ന ഭാഗത്തെ പിക്സലുകള്‍ അപ്രത്യക്ഷമാകാന്‍ തുടങ്ങും. (ഇതൊന്നും ലേയറിനെ ബാധിക്കുന്നില്ല എന്നോര്‍ക്കുമല്ലോ).

ഈ ചിത്രത്തില്‍ ഡോകുമെന്റ് വിന്‍ഡോയില്‍ ഓറഞ്ചു നിറത്തിലെ ലേയര്‍ അതേപടി കാണാം. കാരണം വൈറ്റ് മാസ്‌ക് പിക്സലിനെ മറയ്‌ക്കുന്നില്ല.
  1. ഒളി‌മാസ്‌കുകള്‍ ഉണ്ടാക്കുന്നത്. Creating a Layer Mask (Hide All)

കറുപ്പ് നിറം നിറഞ്ഞ ഒരു മാസ്‌കാണ് ഓള്‍ ഹിഡന്‍ മാസ്‌ക് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.തീര്‍ച്ചയായും ഇത്തരം മാസ്‌കുള്ള ലേയറിലെ പിക്സലുകള്‍ ഹിഡന്‍ ആയിരിക്കുമല്ലോ. ലേയര്‍ പാലറ്റിലെ Add Layer Mask ഐക്കണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ALT കീ കൂടീ അമര്‍ത്തിപ്പിടിച്ച് ഞെക്കുക. (PS. CS3 മെനുവില്‍ Layer>Layer Mask>Hide All)നമ്മുടെ ഡോക്കുമെന്റ് വിന്‍ഡോയില്‍ ബാക്ക്ഗ്രൌണ്ട് ലേയറിലെ വെളുപ്പ് നിറം കാണാം. കാരണം മുകളിലെ ഓറഞ്ച് നിറമുള്ള ലേയറിലെ പിക്സലിനെയെല്ലാം നമ്മുടെ ബ്ലാക്ക് മാസ്‌ക് മറച്ചിരിക്കുന്നു.


  1. ലേയര്‍ മാസ്‌കില്‍ ബ്രഷ് കൊണ്ട് പെയിന്റ് ചെയ്യുന്നത്.

ലേയര്‍ പാലറ്റിലെ മാസ്‌ക് തമ്പ്നെയില്‍ ക്ലിക്ക് ചെയ്ത് സെലക്റ്റ് ചെയ്ത ശേഷം ഏതെങ്കിലും ബ്രഷ് കൊണ്ട് നമുക്ക് പെയിന്റ് ചെയ്യാം. മാസ്‌ക് സെലക്റ്റ് ചെയ്യുമ്പോള്‍ ഫോര്‍ ഗ്രൌണ്ട്, ബ്ലാക്ക് ഗ്രൌണ്ട് കളറുകള്‍ കറുപ്പും വെളുപ്പും ആയിരിക്കും. കറുപ്പ് നിറം കൊണ്ട് പെയിന്റ് ചെയ്യുമ്പൊള്‍ മാസ്‌ക് ഇമേജിലെ പിക്സലിനെ മറ‌യ്‌ക്കുന്നു. വെളുപ്പ് നിറം കൊണ്ടാണെങ്കില്‍ മാസ്‌ക് സുതാര്യമാകുന്നു, പിക്‍സലുകള്‍ വെളിവാകും. (ഫോര്‍ ഗ്രൌണ്ട്, ബ്ലാക്ക് ഗ്രൌണ്ട് കളറുകള്‍ മാറ്റുന്നതിന് X കീ അമര്‍ത്തിയാല്‍ മതി. എന്നിട്ട് മാസ്‌കുകളുണ്ടാക്കി വരച്ചു നോക്കൂ).

Reveal All, Hide All മാസ്‌കുകളില്‍ കറുപ്പും വെളുപ്പും ഉപയോഗിച്ച് വരച്ചിരിക്കുന്നത് ശ്രദ്ധിക്കുക.

4.ഗ്രേഡിയന്റ് മാസ്ക്

ബ്രഷ് കൊണ്ട് പെയിന്റ് ചെയ്യുന്നത് പോലെ ഗ്രേഡിയന്റെ റ്റൂള്‍ ഉപയോഗിച്ചും മാസ്‌ക് ഉണ്ടാക്കാം. ശ്രദ്ധിക്കേണ്ട കാര്യം ഗ്രേഡിയന്റ് കളറുകള്‍ കറുപ്പും വെളുപ്പും ആയിരിക്കണം എന്നതാണ്. മാസ്‌ക് തമ്പ്നെയില്‍ സെലക്റ്റ് ചെയ്ത് ഗ്രേഡിയന്റ് റ്റൂള്‍ കൊണ്ട് ഡ്രാഗ് ചെയ്യുക. വിവിധ ഗ്രേഡിയന്റ് ഓപ്‌ഷനുകള്‍ പരീക്ഷിക്കുക.

5.ഗ്രേ മാസ്‌കുകള്‍.

കറുപ്പ് പിക്‍സലിനെ മറയ്‌ക്കുകയും വെളുപ്പ് പിക്‍ലിനെ വെളിവാക്കുകയും ചെയ്യുമെങ്കില്‍ ഈ രണ്ട് നിറങ്ങള്‍ക്കിടയിലുള്ള ഏതു വര്‍ണ്ണവും വിവിധ ഒപ്പാസിറ്റിയിലുള്ള റിസല്‍റ്റ് ഇമേജില്‍ ഉണ്ടാക്കുമല്ലോ. പല വര്‍ണ്ണങ്ങള്‍ കൊണ്ട് മാസ്‌കില്‍ വരക്കുകയും ബഹുവര്‍ണ്ണ ഗ്രേഡിയന്റ് പ്രയോഗിക്കുകയും ചെയ്യുക.

  1. ലേയര്‍ മാസ്‌ക് ഡിസേബിള്‍ ചെയ്യാന്‍.

ലേയര്‍ മാസ്‌ക് തമ്പ്നെയില്‍ Shift+Click ചെയ്താല്‍ മതി.

  1. ലേയര്‍ മാസ്‌ക് ഡിലീറ്റ് ചെയ്യാന്‍.

    ലേയര്‍ മാസ്‌ക് തമ്പ്നെയിലില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് കോണ്‍റ്റെക്സ്റ്റ് മെനുവില്‍ നിന്ന് Delete Layer Mask അല്ലെങ്കില്‍ മെനുവില്‍ Layer>Layer Mask>Delete. അതുമല്ലെങ്കില്‍ ലേയര്‍ പാലറ്റില്‍ താഴെ വേസ്‌ബിന്‍ ഐക്കണില്‍ ക്ലിക്ക് ചെയ്താലും മതി.

  2. ലേയര്‍ മാസ്‌ക് തമ്പ്നെയിലില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് കോണ്‍റ്റെക്സ്റ്റ് മെനുവില്‍ Apply Layer Mask എന്ന കമാന്‍ഡ് കൊടുത്താല്‍ മാസ്‌ക് ലേയറിനോട് മെര്‍ജ് ആകും. പിന്നെ മാസ്‌കില്ല. ഇമേജില്‍ നേരിട്ട് വ്യത്യാസം വരും

ഇനി ലേയര്‍ മാസ്‌കിന്റെ വിവിധ പ്രായോഗങ്ങള്‍, മാസ്‌കും സെലക്ഷനും, അഡ്‌ജസ്റ്റ്മെന്റ് ലേയറുകളിലെ മാസ്‌കിംഗ്, വെക്‍റ്റര്‍ മാസ്ക് മുതലായ പിന്നാലെ നോക്കാം; ദൈവം അനുവദിക്കട്ടെ...

Post a Comment