Sep 6, 2008

ഫോട്ടോഷോപ്പ് ലേയറുകള്‍: ഒരാമുഖം.


ഫോട്ടോഷോപ്പിന്റെ മര്‍മ്മപ്രധാനമായ പ്രത്യേകതകളില്‍ ഒന്നാണ് ലേയറുകള്‍. കോംപ്ലക്സ് ഇമേജുകള്‍ നിര്‍മ്മിക്കുവാന്‍ ഉപയോഗിക്കുന്ന അടിസ്ഥാന ഫീച്ചര്‍. തുടക്കക്കാരെ ഒത്തിരി കുഴക്കുന്ന ജഗജില്ലി. ഒന്നു വഴങ്ങിക്കിട്ടാന്‍ ഇശ്ശി സമയമെടുത്തെന്നിരിക്കും. പരിഭ്രമിക്കേണ്ട. ലേയറുകളുടെ അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കി നന്നായി പരിശീലിച്ചാല്‍ സംഗതി നിങ്ങളുടെ വിളിപ്പുറത്തു വരും. (ങാഹാ, അത്രക്കായോ!)

ലേയറുകള്‍ ആദ്യമായി അവതരിക്കപ്പെടുന്നത് ഫോട്ടോഷോപ്പ് വേര്‍ഷന്‍ 3 ല്‍ ആണ്.

എന്താണീ ലേയര്‍ എന്നൊന്നു നോക്കാം.

ഒന്നിനു മേല്‍ ഒന്നായി അടുക്കി വെക്കപ്പെടുന്ന ഇമേജ് പാളികളാണ് ലേയറുകള്‍ എന്ന് സാമാന്യമായി പറയാം. ഒരുദാഹരണത്തിലൂടെ ഇതു വിശദീകരിക്കാം.

എന്റെ കയ്യില്‍ ഒരു പേപ്പര്‍ ഉണ്ടെന്ന് സങ്കല്‍പ്പിക്കുക. ഞാന്‍ അതില്‍ ചുവപ്പ് പെയിന്റ് അടിക്കുന്നു. എന്നിട്ടു ഒരു സുതാര്യമായ ഫിലിം പേപ്പര്‍ എടുത്ത് വട്ടത്തില്‍ ഒരു “സര്‍ക്കിള്‍ “ ‍(!) വെട്ടിയെടുക്കുന്നു. അതില്‍ ഞാന്‍ മഞ്ഞ പെയിന്റ് അടിക്കുന്നു. അതു ചുവന്ന പേപ്പറിനു മീതേ വെക്കുന്നു. പിന്നീട് വേറൊരു ഫിലിം എടുത്ത് “TYPE” എന്ന അക്ഷരങ്ങള്‍ വെട്ടിയെടുത്ത് നീലച്ചായമടിച്ച് നമ്മുടെ “സര്‍ക്കിളു വട്ടത്തിനു“ മീതേ വെക്കുന്നു. ഇപ്പോള്‍ എനിക്കു ഒരു ബാക്ക്ഗ്രൌണ്ട് ലേയറും (ചുവന്ന പേപ്പര്‍) ‍രണ്ടു “സാദാ” ലേയറുകളും (മഞ്ഞ വട്ടവും നീല ടൈപ്പ് ലേയറും) കിട്ടി.

type.jpgചിത്രം ശ്രദ്ധിക്കുക.

p1.jpg

ഈ ചിത്രത്തില്‍ ബാക് ഗ്രൌണ്ട് ലേയറിനു മീതേ LearnGrafx എന്ന ടൈപ് ലേയര്‍ കാണാം.
അപ്പോള്‍ ലേയറുകള്‍ എന്താണെന്നു കത്തിയെന്നു വിചാരിക്കുന്നു. ഇതുമാതിരി നമുക്കു ഫോട്ടോഷോപ്പില്‍ ലേയറുകള്‍ ഉണ്ടാക്കി ആ ലേയറുകളില്‍ എന്തു വികൃതിയും കാണിക്കാം. ഓരോ ലേയറിനേയും നമുക്കിഷ്ടമുള്ളതു പോലെ പരിഷ്കരിക്കാം. അതിന്മേല്‍ വരക്കാം, തുടക്കാം, മുറിക്കാം, ഡിലീറ്റാം, എങ്ങോട്ടു വേണമെങ്കിലും നീക്കിക്കൊണ്ടു പോകാം, സ്റ്റൈലുകള്‍ കൊടുക്കാം..അങ്ങനെയങ്ങനെ നിരവധിയനവധി ബമ്പര്‍ സമ്മാനങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു.

ഫോട്ടോഷോപ്പ് ലേയറുകളാല്‍ സമൃദ്ധം:

ലേയറുകള്‍ നിയന്ത്രിക്കപ്പെടുന്നത് ലേയര്‍ പാലറ്റ് വഴിയാണ്. (Layers palette). ലേയര്‍ പാലറ്റ് ദൃശ്യമാകാന്‍ മെനുവില്‍ Window>Layers. അല്ലെങ്കില്‍ ‍(F7) പ്രെസ്സ് ചെയ്യുക. ഈ പാലറ്റില്‍ നിങ്ങള്‍ക്ക് ലേയറുകളും ലേയറുകളിലെ ഉള്ളടക്കം നഖച്ചിത്രങ്ങളായും(Thumbnail) കാണാം. താഴ് ഭാഗത്ത് കുറെ ഐക്കണുകള്‍( കൊച്ചു ചിത്രങ്ങള്‍) ഉണ്ട്.

ലേയറുകള്‍ ഉണ്ടാക്കുന്നത്…

layer-pallate-icons.jpgഈ ലേയര്‍ പാലറ്റ് ശ്രദ്ധിക്കുക. ഏറ്റവും താഴെ വലത്തു നിന്നു രണ്ടാമത്തേത് പുതിയ ലേയര്‍ (New) ഉണ്ടാക്കാനുള്ള ഐക്കണാണ്. ഇവിടെ ക്ലിക്ക് ചെയ്ത് പുതിയ ലേയര്‍ ഉണ്ടാക്കാം. Layer>New>Layer (Shift+Ctrl+N). ഇങ്ങനെ ലേയറുകള്‍ നിര്‍മ്മിച്ച് അതിന്മേല്‍ വരക്കുകയോ ഒക്കെ ചെയ്യാം. ഒന്നില്‍ ചെയ്യുന്നത് മറ്റൊരു ലേയറിനെ ബാധിക്കില്ല. ലേയറുകളില്‍ എന്തെങ്കിലും ചെയ്യും മുമ്പ് ആ ലേയര്‍ സെലക്റ്റ് ചെയ്യണം. അപ്പോള്‍ അത് ആക്റ്റീവ് ആകും. ആക്റ്റീവ് ആകുന്ന ലേയര്‍ നീല നിറത്തില്‍ ഹൈലൈറ്റാവും. വലത്തു നിന്നു ആദ്യത്തേത് ലേയറുകള്‍ ഡിലീറ്റ് ചെയ്യാനുള്ള ഐക്കണാണ്. അത് എങ്ങനെയെന്നു പിന്നെപ്പറയാം.

ലേയറുകള്‍ക്ക് പേരു നല്‍കുന്നത്…

സാധാരണ ഗതിയില്‍ നിങ്ങള്‍ ലേയറുകള്‍ ഉണ്ടാക്കുമ്പോള്‍ Layer1, Layer2 എന്നിങ്ങനെയാണ് പേരുകള്‍ വരാറ്. ഇത് ഓര്‍ത്തിരിക്കാന്‍ ഇമ്മിണി പ്രയാസള്ള നാമധേയങ്ങളാണല്ലോ. ആയതിനാല്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള പേരു നല്‍കാം. പേരു മാറ്റേണ്ട ലേയറില്‍ (Layer1 അല്ലെങ്കില്‍ ലേയറിന്റെ പേര് ) സിമ്പ്ലി ഡബിള്‍ ക്ലിക്ക് ചെയ്യുക. എന്നിട്ടു പേരു മാറ്റിക്കൊടുത്തോളൂ. ഇനി ലേയറില്‍ Right Click ചെയ്ത്‍ Layer Properties എടുത്താല്‍ പേരും മാറ്റാം ലേയര്‍ എളുപ്പം തിരിച്ചറിയാന്‍ വേണ്ടി ഒരു കളറും നല്‍കാം.

ലേയറുകള്‍ സ്ഥാനം മാറ്റാന്‍…

ലേയറുകള്‍ ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് മാറ്റുന്നതിന് വേണ്ടി ആദ്യം ലേയര്‍ സെലെക്റ്റ് ചെയ്യണം. ഇതു പലരീതിയില്‍ ചെയ്യാം. എളുപ്പം ലേയര്‍ പാലറ്റില്‍ സെലെക്റ്റ് ചെയ്യേണ്ട ലേയറില്‍ ക്ലിക്ക് ചെയ്ത് ആക്റ്റീവ് ആക്കുകയാണ്. അല്ലെങ്കില്‍ ഡോകുമെന്റിലെ ലേയര്‍ ഓബ്ജെക്റ്റില്‍ (ഇമേജില്‍) മൂവ് ടൂള്‍ എടുത്ത് Right Click ചെയ്യുമ്പോള്‍ തെളിഞ്ഞു വരുന്ന ലേയറുകളുടെ പേരില്‍ നിന്ന് വേണ്ട ലേയര്‍ തെരഞ്ഞെടുക്കാം. Option Bar ല്‍ (Window>Options) Auto Select ചെക്ക് ചെയ്താല്‍ (മൂവ് ടൂള്‍ സെലെക്റ്റ് ചെയ്തിരിക്കണം) മൂവ് ടൂള്‍ കൊണ്ട് ചുമ്മാ വേണ്ട ലേയറില്‍ ക്ലിക്ക് ചെയ്താല്‍ ആ ലേയര്‍ സെലക്റ്റ് ആകും. (മൂവ് ടൂള്‍ എടുക്കുന്നതിനു V പ്രെസ്സ് ചെയ്താല്‍ മതി. നിങ്ങള്‍ ഏതു ടൂളില്‍ നിന്നാലും ആ ടൂള്‍ മാറ്റാതെ തന്നെ മൂവ് ടൂള്‍ വരുത്തുന്നതിന് Control കീ പ്രെസ്സ് ചെയ്താല്‍ മതി.) ഇനി മൌസ് ക്ലിക്ക് ചെയ്തു കൊണ്ട് എങ്ങോട്ടു വേണമെങ്കിലും ലേയറിനെ വലിച്ചു കൊണ്ടു പോകാം..ഐലസാ…

ലേയറുകള്‍ മറ്റു ലേയറുകള്‍ക്ക് താഴെയും മീതെയുമായി എങ്ങനെ ക്രമീകരിക്കാം? ലേയര്‍ പാലറ്റില്‍ നിന്ന് ലേയര്‍ സെലെക്റ്റ് ചെയ്ത് മറ്റു ലേയറുകളുടെ താഴേക്കോ മുകളിലേക്കോ Drag (വലിച്ചിട്ടാല്‍) മതി. ഇതിന്റെ ഷോട്കട്ട് Ctrl + ] (മുകളിലേക്ക്) Ctrl + [ (താഴേക്ക്). ഏറ്റവും മുകളിലേക്ക് Shift+Ctrl+], ഏറ്റവും താഴേക്ക് Shift +Ctrl+[.

ലേയറുകള്‍ കണ്ണടക്കുമ്പോള്‍…

ഒരു ലേയറിനെ ഡോകുമെന്റില്‍ ഡിലീറ്റ് ചെയ്യാതെ അപ്രത്യക്ഷമാക്കാന്‍ ലേയര്‍ പാലറ്റില്‍ ലേയറിനു നേരേയുള്ള കണ്ണിന്റെ പടത്തില്‍ ക്ലിക്ക് ചെയ്താല്‍ മതി. വീണ്ടും കാണാന്‍ ഒന്നൂടി ‘സൈറ്റടിക്കുക‘, കണ്ണില്‍ത്തന്നെ! നമ്മള്‍ സെലക്റ്റ് ചെയ്യുന്ന ലേയര്‍ ഒഴികെ മറ്റെല്ലാം അപ്രത്യക്ഷമാക്കാന്‍ കണ്ണില്‍ Alt Click ചെയ്താല്‍ മതി. ഒന്നുകൂടി ആള്‍ട്ടിയാല്‍ (Alt Click) എല്ലാം പഴയപടിയാകും.hide.jpg

ലേയറുകള്‍ കോപ്പി ചെയ്യുന്നത്…

ഒരു ലേയറിന്റെ ഡൂപ്ലിക്കേറ്റ് ഉണ്ടാക്കാ‍ന്‍ ലേയര്‍ സെലെക്റ്റ് ചെയ്തിട്ട് മെനുവില്‍ നിന്ന് Layer>Duplicate Layer. അല്ലെങ്കില്‍ ആ ലേയറിനെ ലേയര്‍ പാലറ്റിന്റെ താഴേയുള്ള New ഐക്കണിലേക്ക് വലിച്ചിടുക, അതുമല്ലെങ്കില്‍ കണ്‍ ട്രോളും ആള്‍ട്ടും അമര്‍ത്തിപ്പിടിച്ച് മൌസ് ക്ലിക്ക് ചെയ്ത് കൊണ്ട് മൂവ് ചെയ്യുക.

ലേയര്‍ ഡിലീറ്റ് ചെയ്യാന്‍…

സെലെക്റ്റ് ചെയ്ത ലേയറിനെ ലേയര്‍ പാലറ്റിന്റെ താഴെ ചവറ്റുകുട്ടയുടെ മാതിരിയുള്ള ഐക്കണിലേക്ക് ചുമ്മാ വലിച്ചിടുക. അല്ലെങ്കില്‍ Layer>Delete> Layer.

ലേയറിന്റെ ഒപാസിറ്റി മാറ്റാന്‍…

opacity.jpg

ഒപക് എന്നാല്‍ അതാര്യമായത്…ഒപാസിറ്റിയോ..അതാര്യത…(ആണോ?) അതാര്യമായത് അതിന്റെ പിന്നിലുള്ള മറ്റൊന്നിനെ മറയ്ക്കുന്നു. ലേയര്‍ 100% ഒപക് ആണെങ്കില്‍ താഴെയുള്ള ലേയറുകള്‍ പൂര്‍ണ്ണമായും മറയും. അപ്പോള്‍ ഒപാസിറ്റിയുടെ ശതമാനം മാറ്റുന്നതനുസരിച്ച് അടിയിലുള്ള ലേയര്‍ പ്രത്യക്ഷമാകാന്‍ തുടങ്ങും. 10% ഒപാസിറ്റി നിങ്ങള്‍ കൊടുത്തു എന്നിരിക്കട്ടെ, ഒരു കണ്ണാടിയിലൂടെ എന്ന പോലെ താഴെയുള്ള ലേയര്‍ കാണാം. ഒപാസിറ്റി കണ്‍ ട്രോള്‍ ഇമേജ് എഡിറ്റിംഗില്‍ ഒരുപാട് പ്രാധാന്യമുള്ള ഓരേര്‍പ്പാടാണ്. ഒരു ലേയറിന്റെ ഒപാസിറ്റി ചെയ്ഞ്ച് ചെയ്യാന്‍ ലേയര്‍ പാലറ്റിലെ Opacity എന്നിടത്ത് വേണ്ട വില (Value) ശതമാനക്കണക്കില്‍ കൊടുത്താല്‍ മതി. അല്ലെങ്കില്‍ അവിടെയുള്ള സ്ലൈഡര്‍ നിരക്കി നീക്കിയാല്‍ മതി. ഒപാസിറ്റി കുറയുംതോറും ലേയര്‍ Transparent ആയിക്കൊണ്ടിരിക്കും.

കുറെ ലോക്കുകള്‍

ലേയര്‍ പാലറ്റിന്റെ മുകളില്‍ കറെ ലോക്കുകള്‍ കാണാം.

lock-trans.jpg

ചിത്രം ശ്രദ്ധിക്കുക. ഇടത്തു നിന്നു ആദ്യം കാണുന്നത് Lock Transparent Pixels പിന്നെ Lock Image Pixels, Lock Position, Lock All എന്നിവയും കാണാം.
Lock Transparent Pixels ന്റെ പ്രവര്‍ത്തനം നോക്കാം. പഴയ വേര്‍ഷനുകളില്‍‍ ഇത് Preserve Transparency എന്നാണുള്ളത്. ഒരു ഡോകുമെന്റിലെ ലേയര്‍ എല്ലായ്പ്പോഴും ആ ഡോകുമെന്റിന്റെ വലിപ്പം തന്നെ ഉള്ളതായിക്കൊള്ളണമെന്‍ില്ല. താഴെ തൊപ്പിക്കാരന്റെ പടം നോക്കുക. ഈ ലേയറില്‍ പടം ഉള്ള ഭാഗത്തു മാത്രമാണ് അത്രയും Pixels ഉള്ളത്‌. ഡോകുമെന്റിന്റെ ബാക്കി ഭാഗം അതേ ലേയറില്‍ത്തന്നെ ശൂന്യം അഥവാ Transparent ആണ്. Lock Transparent Pixels ക്ലിക്ക് ചെയ്താല്‍ Pixels അഥവാ പടം ഉള്ള ഭാഗത്തു മാത്രമേ എന്തെങ്കിലും വരക്കാനോ പെയിന്റടിക്കാനോ ഒക്കെ പറ്റൂ. ബാക്കി സ്ഥലത്ത് ഒന്നും ഏശില്ല.
രണ്ട് ഉദാഹരങ്ങളിലൂടെ ഇത് വ്യകതമാകും.

pres-1.jpg

ഒന്നാമത്തെ ചിത്രത്തില്‍ തൊപ്പിക്കാരന്റെ തൊപ്പിയില്‍ കറുപ്പ് നിറം പെയിന്റ് ചെയ്യുമ്പോള്‍ ചുറ്റുഭാഗങ്ങളിലും പെയിന്റ് വീഴുന്നു. Lock Transparent Pixels ഇവിടെ ഓഫ് ആണ്. എന്നാല്‍ രണ്ടാമത്തെ ചിത്രത്തില്‍

pres-2.jpg
Transparent Pixels ഓണ്‍ ചെയ്തു വരക്കുമ്പോള്‍ തൊപ്പിക്കാരന്റെ ചിത്രത്തില്‍ മാത്രം പെയിന്റ് നിറയുന്നു. ഇത് ഏറെ ഉപയോഗമുള്ള ഒരു ഓപ്ഷനാണ്.

Lock Image Pixels എന്നാല്‍ ഇമേജില്‍ ഒരു പണിയും നടക്കില്ല. എന്നാല്‍ ലേയറിനെ എവിടേക്കും കൊണ്ടുപോകാം.

Lock Position എന്നാല്‍ ലേയറിനെ എവിടേക്കും നീക്കാനോ അനക്കാനോ കഴിയില്ല. എന്നാല്‍ ഇമേജില്‍ വ്യത്യാസങ്ങള്‍ വരുത്താം. വരക്കാം, തുടക്കാം ഇ റ്റി സി…..

Lock All ഓണ്‍ ചെയ്താല്‍ ഒണ്ണുമേ സെയ്യ മുടിയാത്…അപ്പടിയേ ലോക്കായിടുവേന്‍….

ബ്ലെന്‍ഡിംഗ് ഓപ്ഷനുകള്‍

ലേയര്‍ പാലറ്റിനു മുകളില്‍ ഇടതു വശത്ത് Normal എന്നു കാണുന്നില്ലേ. അവിടെ ക്ലിക്ക് ചെയ്താല്‍ ഒരു ഡ്രോപ് ഡൌണ്‍ മെനു അങ്ങിറങ്ങി വരും.

blending-mode.jpg

ഒത്തിരി ബ്ലെന്‍ഡിംഗ് മോഡുകളുടെ ഒരു നീണ്ട ലിസ്റ്റ് അവിടെ കാണാം. എല്ലാം ഇപ്പോള്‍ വിശദീകരിക്കുന്നില്ല. Overlay, Soft Light, Hard Light ഇവയൊക്കെ റിയലിസ്റ്റിക് ലൈറ്റ് ഇഫക്റ്റുകള്‍ ഉണ്ടാക്കാന്‍ നല്ലതാണ്. ഈ ബ്ലെന്‍ഡിംഗ് മോഡുകളുടെ പ്രവര്‍ത്തനവും വ്യത്യാസവും മനസിലാക്കാന്‍ എളുപ്പവഴി നിങ്ങള്‍ ലേയറിന്റെ ബ്ലെന്‍ഡിംഗ് മോഡ് മാറ്റിമാറ്റി കളിക്കുകയാണ്. അഡ്വാന്‍സ് ഡ് ലേയര്‍ ടെക് നിക് പറയുന്ന സമയത്ത് ഓരോ മോഡും വിശദീകരിക്കാം.

സുഹൃത്തുക്കളേ , ഇതൊരു ആമുഖം മാത്രമാണ്. ലേയറുകള്‍ എന്തെന്ന് അറിയാന്‍ മാത്രം. അഡ്വാന്‍സ് ഡ് ലേയര്‍ ടെക് നിക്സ് പിന്നാലെ പ്രതീക്ഷിക്കാം.

16അഭിപ്രായങ്ങള്‍ »

  1. ഫോട്ടോഷോപ്പ് ലേയറുകള്‍: ഒരാമുഖം.

    ഫോട്ടോഷോപ്പിന്റെ മര്‍മ്മപ്രധാനമായ പ്രത്യേകതകളില്‍ ഒന്നാണ് ലേയറുകള്‍. കോംപ്ലക്സ് ഇമേജുകള്‍ നിര്‍മ്മിക്കുവാന്‍ ഉപയോഗിക്കുന്ന അടിസ്ഥാന ഫീച്ചര്‍. തുടക്കക്കാരെ ഒത്തിരി കുഴക്കുന്ന ജഗജില്ലി. ഒന്നു വഴങ്ങിക്കിട്ടാന്‍ ഇശ്ശി സമയമെടുത്തെന്നിരിക്കും. പരിഭ്രമിക്കേണ്ട. ലേയറുകളുടെ അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കി നന്നായി പരിശീലിച്ചാല്‍ സംഗതി നിങ്ങളുടെ വിളിപ്പുറത്തു വരും. (ങാഹാ, അത്രക്കായോ!)

    അഭിപ്രായം by ziya — ഡിസംബര്‍ 27, 2006 @ 12:14 pm

  2. പ്രിയ സിയ
    എങ്ങനെ അഭിനന്ദിക്കണമെന്നറിയില്ല . നിന്‍റെ എല്ലാ പോസ്റ്റും ഞാന്‍ പ്രിന്‍റെടുത്ത് വിശദമായി തന്നെ വായിച്ചു. വളരെ രസകരമായി ഫോട്ടോഷോപ്പിനെ കുറിച്ച് വിശദമാക്കിയതില്‍ അഭിനന്ദനങ്ങള്‍ , മാത്രമല്ല ഫോട്ടോഷോപ്പില്‍ ഇത്തിരിമാത്രം പരിജ്ഞാനമുള്ള എനിക്ക് ഒത്തിരി കൂടി കൂടി , ബൂലോകത്തില്‍ വളരെ വിരളമായ വിജ്ഞാനപ്രദമായ ബ്ലോഗുകളില്‍ ഒന്നായി ഞാന്‍ ഇതിനെ കാണുന്നു .. സിയയുടേ പഠിപ്പിക്കലിന് ശേഷം ഞാന്‍ സംശയങ്ങള്‍ ചോദിക്കാം മറ്റൊരു പോസ്റ്റിനായി കാത്തിരിക്കുന്നു
    സസ്നേഹം ഫാറൂഖ്

    അഭിപ്രായം by വിചാരം — ഡിസംബര്‍ 27, 2006 @ 12:40 pm

  3. നന്ദി വിചാരം. സംശയ നിവാരണത്തിനായി ഒരു ബ്ലോഗ് പരിഗണയിലുണ്ട്. തുടങ്ങിയാലോ?

    അഭിപ്രായം by ziya — ഡിസംബര്‍ 27, 2006 @ 2:32 pm

  4. ഈ പോസ്റ്റ്‌ എനിക്കും പഠിക്കാന്‍ പാകത്തിനുള്ളതാണെന്ന്‌ തോന്നുന്നു. ചെയ്തുകഴിഞ്ഞ്‌ മറ്റൊരു കമെന്റ്‌ തീര്‍ച്ചയായും ഇടാം.
    നന്ദി സിയാദ്‌

    അഭിപ്രായം by കേരളഫാര്‍മര്‍ — ഡിസംബര്‍ 27, 2006 @ 2:40 pm

  5. സദയം ശ്രദ്ധിക്കുമല്ലോ..:

    1) *കഴിവതും* പിന്മൊഴി ഗൂഗിള്‍ ഗ്രൂപ്പിലേക്ക് നേരിട്ട് ഈ-മെയിലുകള്‍ എഴുതാതിരിക്കുക.

    2) gimp നെ പറ്റിയും എഴുറ്റുവാന്‍ താങ്കള്‍ക്ക് കഴിയുമോ?

    3) കുറച്ചു ബാനറുകള്‍ വേണമായിരുന്നു, തനിമലയാളം.ഓര്‍ഗ്ഗിനു — കേരളത്തില്‍ നിന്നുള്ള ചിത്രങ്ങളുടെ പശ്ചാത്തലത്തിലുള്ളവ — സഹായിക്കാമോ? ദാ ഇതു പോലുള്ളവയാണു ഉദ്ദേശിച്ചത്.

    നന്ദി..!

    അഭിപ്രായം by ഏവൂരാന്‍ — ഡിസംബര്‍ 27, 2006 @ 2:42 pm

  6. ലെയര്‍ ലോക്കുകളെക്കുറിച്ചുള്ള അറിവ് ഉപകാരപ്രദമായി..
    നന്ദി.

    അഭിപ്രായം by ikkaas — ഡിസംബര്‍ 28, 2006 @ 4:52 am

  7. ഏവൂരാന്‍ ചേട്ടാ,
    തീര്‍ച്ചയായും GIMP നെ കുറിച്ചു ആര്‍ട്ടിക്കിള്‍ എഴുതുന്നതാണ്‍. ഓപണ്‍ സോഴ്സ് സംരഭങ്ങളിലുള്ള മികച്ച പ്രോഗ്രാമുകള്ക്ക് നല്ല പ്രചാരം കിട്ടേണ്ടതുണ്ട്.

    അഭിപ്രായം by ziya — ഡിസംബര്‍ 28, 2006 @ 5:56 am

  8. ലെയറുകളെകുറിച്ച് എല്ലാമറിയാമെന്നായിരുന്നു എന്റെ വിചാരം. ഈ പോസ്റ്റ് വായിച്ചപ്പോഴാണ് അറിയാവുന്നതില്‍ കൂടുതല്‍ അറിയുവാനുണ്ട് എന്ന് മനസിലായത്.

    അറിവുകള്‍ മറ്റുള്ളവര്‍ക്ക് കഴിവതും പകര്‍ന്നുകൊടുക്കാതിരിക്കുന്ന ഈ കാലത്ത് തങ്കളുടെ ഈ സംരംഭം അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. അടുത്ത പോസ്റ്റിനുവേണ്ടികാത്തിരിക്കുന്നു.
    (കമന്തുകളുടെ ഫോണ്ട് സൈസ് തീരെ കുറവാണ്)

    അഭിപ്രായം by ശാലിനി — ഡിസംബര്‍ 28, 2006 @ 6:08 am

  9. ഉമേഷേട്ടാ, ചന്ദ്രേട്ടാ, പെരിങ്ങോടരേ, ഏവൂരാനേ….
    വേഡ് പ്രെസ്സില്‍ കമെന്റുകളുടെ ഫോണ്ട് സൈസ് കൂട്ടാന്‍ എന്തു ചെയ്യണം?

    അഭിപ്രായം by ziya — ഡിസംബര്‍ 28, 2006 @ 6:24 am

  10. സിയാദ്‌: വായിക്കുവാനാണ് ഫോണ്ട്‌ സൈസ്‌ കൂട്ടുവാനാഗ്രഹിക്കുന്നതെങ്കില്‍ View > Text Size > Larer OR Largest സെലക്ട്‌ ചെയ്താല്‍ മതി.

    അഭിപ്രായം by കേരളഫാര്‍മര്‍ — ഡിസംബര്‍ 28, 2006 @ 7:59 am

  11. സിയ നന്നായിരിക്കുന്നു. ഒന്നു കൂടി വായിച്ചിട്ട് സംശയങ്ങള്‍ ചോദിക്കാം.

    അഭിപ്രായം by Shiju — ഡിസംബര്‍ 28, 2006 @ 10:02 am

  12. Dear Siya,
    I don’t have words to thank you for your efforts. This was somethng which I thought I will never be able to understand. Waiting for the rest

    അഭിപ്രായം by indiaheritage — ഡിസംബര്‍ 28, 2006 @ 10:13 am

  13. good work man. great effort.
    മലയാളത്തില്‍ തന്നെ ഈ വിവരങ്ങള്‍ എഴുതിയത് നല്ല കാര്യം തന്നെ,

    ഒരു പ്രശ്നം നിലനില്കുന്നു.
    Photoshopഉം Illsutratorഉം മാത്രം പഠിച്ചാല്‍ Graphic Designer അകാന്‍ കഴിയില്ല. നൂതനമായ അവിഷകാര വൈവിധ്യങ്ങള്‍ കഴ്ചവെക്കാന്‍ വേണ്ട പ്രധാന ഘടകം ചിത്രം കൈകൊണ്ടു രജിക്കാന്‍ ഉള്ള കഴിവ് തന്നെയാണു. ഭാരതത്തില്‍ (കേരളത്തലും) പലപ്പോഴും Graphic Design ഒരു IT വിഷയമായി അണു കാണാറുള്ളത്. Graphic Design ഒരു Fine Arts subject തന്നെയാണു. കലകാരന്‍ ചെയ്യേണ്ട ജോലി IT കാരനെകൊണ്ടു ചെയുന്നതുകൊണ്ടാണു ഇന്നു Asianteലും Surya TVലും Kairaliലും ഓര്‍ക്കാനം വരുന്ന Graphics നാം കാണാന്‍ ഇടയാകുന്നത്.

    Contemporary Art Historyയും Design Fundamentalsഉം Typographyയും പടിക്കാത്ത മുടന്തന്‍ Graphic Designerമാരെ കൊണ്ടു കാലുകുത്താന്‍ സ്ഥലമില്ല. Mouse ഉപയോഗിക്കാന്‍ അറിയാവുന്നവനെല്ലാം Graphic Designer. സ്വന്തമായി പേപ്പറില്‍ ഒരു വര വരക്കാന്‍ കഴിയാത്തവന്മാരെല്ലാം ഇന്നു “Graphic Designer”മാര്‍ ആണു. ഇവരെ എല്ലാം Graphic Operators ആയി മാത്രമെ ഞാന്‍ കണാറുള്ളു.100 CV എടുത്തു മുന്നില്‍ വെച്ചാല്‍ അതില്‍ ഒന്നോ രണ്ടോ ഉണ്ടാകും ജോലിക്ക് വെക്കാന്‍ കൊള്ളാവുന്നതു്. പിന്നെയും ഉണ്ട് ചിലവുകള്‍. Clientന്റെ Product Line പഠിക്കാന്‍ ഇവനെ വിടണം Italyയിലും Parisലും. ഇവന്‍ തിരികെ വന്നാല്‍ നമ്മള്‍ രക്ഷപെട്ടു. മുങ്ങിയല്‍ നമ്മള്‍ തെണ്ടും. എന്നാല്‍ നാട്ടില്‍ കാ കാശിനു കൊള്ളാവുന്ന വല്ല Design Institutesവല്ലതും ഉണ്ടോ? ഇല്ല. ഉണ്ട് Photoshopഉം Illustratorഉം പഠിപ്പിക്കുന്ന കച്ചവട സ്ഥാപനങ്ങള്‍.

    മനസിന്റെ വിഷമം കൊണ്ടു പറഞ്ഞുപോയതാണു് കേട്ടോ.

    വിഷയം Photoshopഉം Illsutratorഉം പഠിപ്പിക്കലാണെങ്കിലും, Design എന്താണെന്നു കൂടി അനിയന്മാരെയും /അനിയത്തിമാരെയും പഠിപ്പിക്കണം.

    അതായത് പേന ഉപയോഗിക്കാന്‍ മാത്രം പഠിപ്പിക്കാതെ പേനകൊണ്ടു കവിത എഴുതാനും പഠിപ്പിക്കണം എന്ന്.

    സസ്നേഹം.

    കൈപ്പള്ളി

    അഭിപ്രായം by കൈപ്പള്ളി — ഡിസംബര്‍ 28, 2006 @ 1:26 pm

  14. കൈപ്പള്ളിയുടെ അതേ അഭിപ്രായങ്ങള്‍ തന്നെയാണ്‍ എനിക്കുമുള്ളത്. എന്റെ വിഷയം ഫൊട്ടോഷോപ്പും ഇല്ലസ്ട്രേറ്ററും മാത്രം പഠിപ്പിക്കലല്ല.
    “Contemporary Art Historyയും Design Fundamentalsഉം Typographyയും പടിക്കാത്ത മുടന്തന്‍ Graphic Designerമാരെ കൊണ്ടു കാലുകുത്താന്‍ സ്ഥലമില്ല. Mouse ഉപയോഗിക്കാന്‍ അറിയാവുന്നവനെല്ലാം Graphic Designer. സ്വന്തമായി പേപ്പറില്‍ ഒരു വര വരക്കാന്‍ കഴിയാത്തവന്മാരെല്ലാം ഇന്നു “Graphic Designer”മാര്‍ ആണു.”
    ഈ അഭിപ്രായം പണ്ടേ പറയുന്നവനാണ്‍ ഞാന്‍. “വാളെടുക്കുന്നവനെല്ലാം വെളിച്ചപ്പാട്”!
    കൈപ്പള്ളി ഈ ബ്ലോഗ് മുഴുവനും വായിച്ചില്ല. ഇതിന്റെ ആമുഖം ഒന്നു വായിച്ചു നോക്കുക. …”ഗ്രാഫിക് ഡിസൈനിംഗും ഡെസ്ക് ടോപ് പബ്ലിഷിംഗും പഠിക്കാം എന്ന ഈ പഠന പരമ്പരയിലേക്ക് സ്വാഗതം.
    ആദ്യമായി ഈ കോഴ്സിന്‍റെ ഘടനയെക്കുറിച്ച് ഒന്നു വിശദീകരിക്കാം.
    ഏവര്‍ക്കും ഒട്ടൊക്കെ പരിചിതമാണ് ഡി.റ്റി.പി യും ഗ്രാഫിക് ഡിസൈനിംഗും. എന്നാല്‍ ശരിയായ രീതിയില്‍, തികഞ്ഞ പ്രൊഫഷണല്‍ സമീപനത്തോടെ ഈ രംഗത്ത് കടക്കുന്നവര്‍ ഒട്ടേറെ വസ്തുതകള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്……എന്നു തുടങ്ങുന്ന ആമുഖത്തില്‍ “ അധ്യായങ്ങളുടെ ഗണത്തില്‍പ്പെടുത്താതെ സോഫ്റ്റ്വെയര്‍ ടിപ്സ്&ട്രിക്സ്, റ്റൂട്ടോറിയത്സ്, അസൈന്മെന്‍സ്, ഗ്രാഫിക്സ്-ഗ്രാഫിക്സ് സോഫ്റ്റ്വെയര്‍-ഗ്രാഫിക്സ്, ഡെസ്ക് ടോപ് പബ്ലിഷിംഗ് വ്യവസായം തുടങ്ങിയവയെക്കുറിച്ചുള്ള രസകരമായ വിവരങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സ്പെഷല്‍ പോസ്റ്റുകള്‍ ഇടക്കിടെ പബ്ലിഷ് ചെയ്യുന്നതാണ്.” എന്നാണുള്ളത്. അതായത് കൈപ്പള്ളി പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ പറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ത്തന്നെ എല്ലാത്തരം വായനക്കാരുടെയും ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് ഇത്തരം ഗ്രാഫിക് സോഫ്റ്റ് വെയര്‍ പാഠങ്ങള്‍ പോസ്റ്റു ചെയ്യുമെന്ന് സാരം.

    അഭിപ്രായം by ziya — ഡിസംബര്‍ 28, 2006 @ 1:57 pm

  15. കൈപ്പള്ളി അദ്ധ്യായങ്ങളും വായിച്ചില്ലെന്നു തോന്നുന്നു. ഒന്നും രണ്ടും അദ്ധ്യായങ്ങള്‍ വായിക്കുക. ഗ്രാഫിക് ഡിസൈനിംഗ് മാത്രമല്ല ഡി റ്റി പി യക്കുറിച്ചും ഞാന്‍ ഈ പാഠങ്ങളില്‍ പറയുവാന്‍ ഉദ്ദേശിക്കുന്നു. ഡിസൈന്‍ എന്തെന്നോ അതിന്റെ അടിസ്ഥാന പാഠങ്ങളോ അറിയാത്ത “ഗ്രാഫിക് ഡിസൈനെര്‍”മാരെക്കൊണ്ട് ശ്വാസം മുട്ടുന്നു കേരളം. അതിനാല്‍ത്തന്നെ എന്റെ ഈ ബ്ലോഗില്‍ ഡിസൈന്‍ ചരിത്രം, ഡിസൈന്‍ അടിസ്ഥാന പ്രമാണങ്ങള്‍, നിയമങ്ങള്‍ , ഡി റ്റി.പി റൂള്‍സ്, ഡിസൈനിംഗില്‍ പാലിക്കേണ്ട സുപ്രധാന സംഗതികള്‍, ലോഗോ ഡിസൈന്‍ പ്രമാണങ്ങള്‍, നിറങ്ങളും അവയുടെ നിര്‍വ്വചനങ്ങളും, റ്റൈപൊഗ്രാഫി..റ്റൈപോഗ്രാഫിയുടെ നിയമങ്ങള്‍ തുടങ്ങി ഒട്ടന്വധി കാര്യങ്ങള്‍ ഉണ്ടാവുക തന്നെ ചെയ്യും. അതു തന്നെയാണ്‍ ലക്ഷ്യവും. അതിനിടയിലൂടെ നേരത്തേ പറഞ്ഞ ടിപ്സ് ആന്‍ഡ് റ്റ്രിക്സ്. കൈപ്പള്ളി തീര്‍ച്ചയാ‍യും ഈ കമെന്റിനു മറുപടി കുറിക്കണം.

    അഭിപ്രായം by ziya — ഡിസംബര്‍ 28, 2006 @ 2:20 pm

  16. എന്റെ ബ്ലോഗ്‌ സന്ദര്‍ശിക്കില്ലേ?

    അഭിപ്രായം by bnsubair — ഡിസംബര്‍ 28, 2006 @ 3:14 pm

4 comments:

യൂനുസ് വെളളികുളങ്ങര said...

വളരെ മഹത്തായ അനുഭവം

തികച്ചും അത്ഭുതം

പുതിയ കോനൊല്‍

Anoop Technologist (അനൂപ് തിരുവല്ല) said...

അഭിനന്ദനങ്ങള്‍

ClicksandWrites said...

Excellent presentation and extremely useful. Please keep in touch.

Ramesh Menon
www.team1dubai.blogspot.com
www.athaani.blogspot.com

Unknown said...

വളരെ സന്തൊഷം മഹത്തായ അനുഭവം പങ്കുവച്ചതിന്‍

Congratulation