1999 ഡിസംബര്‍ മാസം.കോഴിക്കോട് താമരശ്ശേരി വരെ പോകേണ്ട ഒരത്യാവശ്യമുണ്ടായിരുന്നു എനിക്ക്. അവിടെ ഒരിടത്ത് നിന്നും കുറച്ച് പണം കിട്ടാനുണ്ട്.
ഞാനങ്ങനെ തരിച്ചു നില്‍ക്കുകയാണ്.
കാരുണ്യവാനായ ദൈവത്തിന്റെ സഹായം വന്നിറങ്ങുന്ന വഴികളേതേതെന്ന് ഗണിക്കാനാവാതെ...
പരിചിതരും അപരിചിതമായവരുടെ സ്നേഹവായ്പ്പില്‍ കൃതജ്ഞതാനിര്‍ഭരനായി...
അവഗണിച്ചവരോട് ദ്വേഷമേതുമില്ലാതെ...
എല്ലാവര്ക്കും നന്മ വരുത്തേണമേ എന്ന പ്രാര്‍ത്ഥനയോടെ...
കോഴിക്കോട് യാത്ര പണ്ടൊക്കെ ഏറെ നൊമ്പരം സമ്മാനിച്ചിരുന്നതാണ്; അവിടെ ബോര്‍ഡിംഗ് സ്കൂളില്‍ പഠിക്കുമ്പോള്‍. വീട്ടുകാരെയും കൂട്ടുകാരെയും വിട്ട് പരശുറാം ട്രെയിനില്‍ യാത്രയാവുമ്പോള്‍, തിങ്ങിയ കമ്പാര്‍ട്ട്മെന്റിനുള്ളില്‍ വിങ്ങിയ ഹൃദയവുമായി സങ്കടം കടിച്ചമര്‍ത്തിയിരിക്കുമ്പോള്‍ അതിവേഗം പിന്നോട്ട് പായുന്ന ഗ്രാമക്കാഴ്ചകള്‍ മിഴിനീര് മൂടി അവ്യക്തമാകുമായിരുന്നു.
അവധിക്ക് തിരികേ വരുമ്പോള്‍ അതിയായ ആഹ്ലാദം പകര്‍ന്നിരുന്നതും ഇതേ തീവണ്ടി യാത്ര. കായംകുളം അടുക്കവേ അപ്രതീക്ഷിതമായൊരു പുലരിമഴയില്‍ പുളകിതയായപഞ്ചാരമണ്ണില്‍ നിന്നുയര്‍ന്ന പുതുമണം ആവോളം നുകര്‍ന്ന് തീവണ്ടി വാതില്‍പ്പടിയില്‍ നിന്നിരുന്നത്...നാടന്‍ തിരുവിതാംകൂര്‍ വര്‍ത്തമാനം അല്പം കൊതിയോടെ കേട്ടുകൊണ്ട് പ്ലാറ്റ്ഫോമിലൂടെ നടന്നിരുന്നത്...
ഇടവഴികളിലൂടെ മാത്രം വീട്ടിലേക്ക് പോയിരുന്നത്...
എങ്കിലും കോഴിക്കോട് നഗരം എനിക്കെന്നും ഇഷ്ടമാണ്. ഞാനാദ്യമായി കോഴിക്കോട്ട് പോയത് എനിക്കോര്‍മ്മയില്ല. എന്തെന്നാല്‍ അന്നെനിക്ക് രണ്ടരവയസ്സായിരുന്നു പ്രായം എന്നാണ് ഉമ്മ പറയുന്നത്. മീറ്റിംഗുകള്‍ക്കും മറ്റുമായി കോഴിക്കോട്ടേക്ക് പോകേണ്ടിയിരുന്ന ഉപ്പ പലതവണ നന്നേ ചെറുപ്പത്തില്‍ ഞങ്ങളെ അവിടെ കൊണ്ടുപോയിട്ടുണ്ട്. കോഴിക്കോട്ടേക്ക് മാത്രമല്ല, കന്യാകുമാരി മുതല്‍ കാസര്‍കോട് വരെ ഒട്ടുമിക്ക സ്ഥലങ്ങളിലേക്കും ഞങ്ങള്‍ മക്കളെ കൊണ്ടുപോയി യാത്രയുടെ ഹരം ഞങ്ങള്‍ക്ക് പകര്‍ന്ന് തന്നിട്ടുണ്ട് ഉപ്പ.
പഠനം കഴിഞ്ഞപ്പോള്‍ സ്വതന്ത്രമായ കോഴിക്കോടന്‍ യാത്രകളായിരുന്നു. ഒരുപാട് വട്ടം. ഓരോ തവണയും ഓരോ ആവശ്യങ്ങളുണ്ടാവും. അങ്ങനെ ഒരു യാത്ര ഇതും. (പിന്നീട് തീവണ്ടിയാത്ര ജീവിതത്തിന്റെ ഭാഗം തന്നെയായി മാറി. കൊല്ലത്തേക്കും കോട്ടയത്തേക്കും സഞ്ചരിച്ച് ദിവസത്തിന്റെ നല്ലൊരു ഭാഗം ട്രെയിനില്‍ ചെലവഴിക്കുന്ന ഒരു സീസണ് യാത്രക്കാരനായിരുന്നു ഞാന്‍ കുറേ വര്‍ഷങ്ങള്‍!)
രാവിലെ എട്ട് അഞ്ചിനാണ് പരശുറാം കായംകുളത്ത് എത്തുന്നത്. അന്ന് പിള്ളയുടെ കാന്റീനില്‍ നിന്ന് ആവി പറക്കുന്ന ദോശയും കടലക്കറിയും കഴിച്ചു കഴിഞ്ഞപ്പോഴേക്കും വണ്ടിയെത്തി. ഉച്ചഭക്ഷണം ഷൊര്‍ണ്ണൂരില്‍ നിന്നായിരുന്നു. രണ്ട് പരിപ്പു വടയും കാപ്പിയും മാത്രം. വൈകുന്നേരം നാലു മുപ്പതിന് കൊഴിക്കോട്ടെത്തി. അരയിടത്ത് പാലത്തിനവിടെ വരെ പോകണം. അവിടെ ഒരോഫീസില്‍ കൊടുക്കുവാനായി കുറച്ച് പണം ഒരു സുഹൃത്ത് തന്നു വിട്ടിരുന്നു. ഞാന്‍ കയ്യിലെ പണം എണ്ണി നോക്കി. മൊത്തം തൊള്ളായിരം രൂപയോളമുണ്ട്. എണ്ണൂറു രൂപ ഓഫീസില്‍ കൊടുത്താല്‍ ബാക്കി നൂറുണ്ട്. ഭക്ഷണം കഴിക്കാനും താമരശ്ശേരി വരെയെത്താനും അത് ധാരാളം. താമരശ്ശേരിയില്‍ നിന്ന് കാശ് കിട്ടും. ഒരോട്ടോറിക്ഷയില്‍ അരയിടത്ത് പാലം. എണ്ണൂറു രൂപ അവിടെ കൊടുത്തിട്ട് കെ എസ് ആര് റ്റിസി സ്റ്റാന്റിലേക്ക്. സാഗര്‍ ഹോട്ടലില്‍ നിന്ന് കുശാലായി ഭക്ഷണം കഴിച്ചു. ബസ്സ്റ്റാന്റിലേക്ക്...
നേരം സന്ധ്യയാകുന്നു. താമരശ്ശേരിക്കുള്ള ‘ആനവണ്ടിയില്‍‘ കയറി ഇരിപ്പാണ്. ബസ് നിറയെ യാത്രക്കാരുണ്ട്. കണ്ടക്റ്റര്‍ ടിക്കറ്റ് കൊടുക്കുന്നു. പെട്ടെന്ന് എന്തൊക്കെയോ തകര്‍ന്നടിയുന്നത് പോലെ ഭീമാകാരമായ ഒച്ച...! ബസിന്റെ കണ്ണാടിച്ചില്ലുകള്‍ ഒന്നൊന്നായി ഉടഞ്ഞു വീഴുന്നു. കൂര്‍ത്ത കല്ലുകള്‍ കണ്ണാടി ഭേദിച്ച് ബസിനകത്തേക്ക്... എല്ലാവരും പരിഭ്രാന്തരായി. ആര്‍ക്കും ഒന്നും മനസ്സിലാവുന്നില്ല. ബസില്‍ നിന്നിറങ്ങി ഓടാനായി എല്ലാവരുടെയും ശ്രമം. ഞാനും ഭയന്ന് പോയിരുന്നു. എങ്ങനെയോ പുറത്തിറങ്ങി, എങ്ങോട്ടെന്നില്ലാതെ ഓടി. സമീപത്തെ ബസ്സുകളിലും കല്ല് പതിക്കുകയാണ്. ഭവിഹ്വലരായി പായുന്ന യാത്രക്കാര്‍. ഒന്നും മനസ്സിലാവുന്നില്ല. ആരൊക്കെയോ ബസ്റ്റാന്റിന്റെ മുകളിലത്തെ നിലയിലേക്ക് ഓടിക്കയറുന്നു. ഞാനും അങ്ങോട്ടോടി. ഒരുകൂട്ടം ആള്ക്കാര് ബസ്സ്റ്റാന്റിലെ സ്റ്റാളുകള്‍ മുഴുവന്‍ അടിച്ചു തകര്‍ക്കുന്നത് കണ്ടു. മറ്റൊരു കൂട്ടര് ബിജെപിക്ക് സിന്ദാബാദ് വിളിച്ചു കൊണ്ട് ബസ്സുകള്‍ തല്ലിത്തകര്‍ക്കുകയാണ്. വ്യാപാരികള്‍ കടമുറികളുടെ ഷട്ടറിട്ട് ഭയത്തോടെ ഓടുന്നു. ബസ്റ്റാന്റിലെ റ്റെലിഫോണ്‍ ബൂത്തുകള്‍ ക്ഷണനേരം കൊണ്ട് തകര്‍ത്ത് തരിപ്പണമാക്കിയിരിക്കുന്നു. ഞങ്ങള്‍ ചിലര്‍ ബസ്റ്റാന്റിന്റെ രണ്ടാം നിലയിലെ ഒരോഫീസില്‍ അഭയം തേടി. എന്താണ് സംഭവിക്കുന്നതെന്ന് പരസ്പരം അന്വേഷിക്കുകയാണ് ഓരോരുത്തരും. കണ്ണൂരില്‍ ഏതോ ബിജെപിക്കാരനെ കൊന്നെന്നോ മറ്റോ ആരോ പറയുന്നു. പുറത്ത് റോഡില്‍ മുദ്രാവാക്യം വിളി കേള്‍ക്കുന്നു... “ജയകൃഷ്ണന് മാഷ് സിന്ദാബാദ്, രക്തസാക്ഷി സിന്ദാബാദ്...”
ഞാന്‍ മെല്ലെ റ്റെറസ്സിനു മുകളിലേക്ക് കയറി. മറഞ്ഞു നിന്ന് റോഡ് വീക്ഷിച്ചു. അക്രമാസക്തരായ വലിയൊരു ജനക്കൂട്ടം വ്യാപാരശാലകള്‍ ആക്രമിക്കുകയാണ്. ഒട്ടുമിക്ക കടകളും അടച്ചിരിക്കുന്നു. കിഴക്കു നിന്നും ഒരു പോലീസ് ജീപ്പ് കുതിച്ചു വരുന്നു. അക്രമികള്‍ക്ക് ഒരു ഇരുപത് മീറ്റര്‍ മുന്നിലായി ബ്രേക്ക് ചവിട്ടുന്നു. റ്റയറുകള്‍ റോഡിലുരയുന്ന ശബ്ദം. സെക്കന്റ് കൊണ്ട് ജീപ്പ് വെട്ടിത്തിരിച്ച് കിഴക്കോട്ട് തന്നെ പ്രാണഭയത്തോടെ അതിവേഗം പാഞ്ഞുപോകുന്നു... അക്രമി സംഘവും കിഴക്കോട്ട്. ഞാന്‍ മെല്ലെ താഴേക്കിറങ്ങി.
അപ്പോഴേക്കും സംഭവത്തിന്റെ വിശദാംശങ്ങള്‍ അറിവായിത്തുടങ്ങി. കണ്ണൂരില്‍ ജയകൃഷ്ണന് എന്ന സ്കൂള്‍മാഷായ ഒരു ബിജെപി നേതാവിനെ ക്ലാസ്സ് മുറിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലിട്ട് വെട്ടിക്കൊന്നിരിക്കുന്നു. സംഭവത്തോട് ബിജെപി പ്രവര്‍ത്തകരുടെ വൈകാരിക പ്രതികരണമാണ് അരങ്ങേറുന്നത്. ഹര്‍ത്താല്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.
ബസ്സുകളൊക്കെ ഓട്ടം മതിയാക്കി. വാഹനങ്ങള്‍ ഇനി നിരത്തിലിറങ്ങില്ല. ബിജെപിക്കാര്‍ കൊലവിളിയുമായി റോന്തു ചുറ്റുന്നു. ദൈവമേ, ഞാനിനിയെങ്ങനെ താമരശ്ശേരിയിലെത്തും. ഒന്നു ഫോണ്‍ ചെയ്യാന്‍ പോലും സൌകര്യമില്ല. ബസ്റ്റാന്റിലെ ഒരു മൂലക്ക് വെറുതേയിരുന്നു. കുറേ നേരം കഴിഞ്ഞ് രംഗം ഒന്ന് ശാന്തമായപ്പോള്‍ ബൂത്തുടമ റ്റെലിഫോണുകള്‍ പുറത്തെടുത്തു വെച്ചു. നൂറുകണക്കിനു പേര് ഫോണ്‍ വിളിക്കാന്‍ ഓടിക്കൂടി. ഞാന്‍ സുഹൃത്തിനെ വിളിച്ചു. റോഡെല്ലാം ബ്ലോക്കാണ്. റ്റൂ വീലറില്‍ പോലും കോഴിക്കോട്ട് വരാന്‍ കഴിയില്ല. ഇന്നെവിടെയെങ്കിലും ലോഡ്ജില്‍ തങ്ങീട്ട് നാളെ അവിടേക്ക് ചെല്ലാന്‍ സുഹൃത്തിന്റെ ഉപദേശം.
ലോഡ്ജിനെക്കൂറിച്ച് ചിന്തിച്ചപ്പോഴാണ് പോക്കറ്റിലേക്ക് കൈ ചെന്നത്. ഓട്ടോക്കൂലിയും ഭക്ഷണവുമൊക്കെക്കഴിഞ്ഞ് അമ്പതോ അമ്പത്തഞ്ചോ രൂപ കാണും. അമ്പതു രൂപക്ക് എവിടെ ലോഡ്ജ് കിട്ടാന്‍? അടുത്തുകണ്ട ചില ലോഡ്ജുകളില്‍ അന്വേഷിച്ചു. കാശുണ്ടായിട്ടും കാര്യമില്ല. മുറികളൊക്കെ നിറഞ്ഞു കവിഞ്ഞിരിക്കുന്നു. വേറെ ചിലടത്ത് മുറിയുണ്ട് , കാശ് കൂടുതല്‍! കയ്യിലിരുന്ന എണ്ണൂറു കൊണ്ടുക്കൊടുത്തു പോയതില്‍ കടുത്ത നിരാശ തോന്നി. ഇങ്ങനെയൊക്കെ വരുമെന്ന് ആരറിഞ്ഞു?
നേരം ഒരുപാടായി. ഞാന്‍ നടക്കുകയാണ്. എവിടെ ഒന്ന് തലചായ്ക്കും? ബസ്സ്റ്റാന്റില് കിടന്നുറങ്ങാന്‍ ഭയം. ആരോ പറഞ്ഞു. പാളയത്ത് കുറഞ്ഞ വാടകക്ക് മുറി കിട്ടും. പാളയത്തേക്ക് നടന്നു. ഒറ്റയിടത്തും മുറിയില്ല. ഒടുക്കം ഒരു ഇടുങ്ങിയ ലോഡ്ജിലെ ഒരാള്‍ ഒരു നിര്‍ദ്ദേശം വെച്ചു. മുറി തരാം, അന്‍പതു രൂപ വാടക. പക്ഷേ കാലത്തേ ആറ് മണിക്ക് എഴുന്നേല്‍ക്കണം. ആറെങ്കില്‍ ആറ്. ഉറക്കവും ക്ഷീണവും കാരണം എങ്ങനെയെങ്കിലും ഒന്ന് കിടന്നാല്‍ മതിയെന്നായി. സമ്മതിച്ചു.
രാവിലെ ആറു മണിക്ക് ലോഡ്ജുകാരന് വിളിച്ചുണര്‍ത്തി. ഒന്ന് കുളിച്ച ശേഷം പുറത്തിറങ്ങി. ഞാന്‍ അമ്പരന്നു പോയി! നഗരം ശ്മശാനം പോലെ വിജനം, മൂകം! ഒരു മനുഷ്യജീവിയെ എങ്ങും കാണാനില്ല. ഞാന്‍ എങ്ങോട്ട് പോകും? എന്തായാലും ബസ്സ്റ്റാന്റിലേക്ക് നടക്കാമെന്ന് കരുതി. നന്നായി വിശക്കുന്നുണ്ട്. തലേന്ന് വൈകുന്നേരം ആഹാരം കഴിച്ചതാണ്. ഒരു ചായക്കട പോലുമില്ല ഒരു കാലിച്ചായ കുടിക്കാന്‍.
കെ എസ് ആര് റ്റി സി ബസ്റ്റാന്റിന് എതിര്‍വശത്തായി ചെറിയൊരാള്‍ക്കൂട്ടം കണ്ടു. ഒരു പീടികയുടെ നിരപ്പലക അല്പം തുറന്ന് വെച്ച് ഒരാള്‍ ഇളനീര് വില്‍ക്കുകയാണ്. ധാരാളം പേര് ഇളനീര് കുടിച്ച് കാമ്പ് വെട്ടിത്തിന്നുന്നു. ഞാനും ഒരിളനീര്‍ വാങ്ങി, കാമ്പ് തിന്നു കൊണ്ടിരിക്കേ ഒരു കൈ തോളില്‍ ആഞ്ഞു വീണു. ഞെട്ടിപ്പിടഞ്ഞു തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ണുകളെ വിശ്വസിക്കാനായില്ല. എന്റെ അടുത്ത ബന്ധുവും കളിക്കൂട്ടുകാരനുമായ നാസിം!
അവന് കോഴിക്കോട്ട് എം ഇ എസ് ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുകയാണ്. അവനവിടെ ഉണ്ടാവുമെന്ന് ഞാനോര്‍ത്തതേയില്ല. രാവിലെ വിശപ്പിനു വകതേടി ഇറങ്ങിയതാണ് അവനും. എന്നെ ഹോസ്റ്റലിലേക്ക് കൂട്ടിക്കൊണ്ടു പോയി. ചെന്ന പാടെ ഞാന്‍ കട്ടിലില്‍കിടന്ന് ഉറക്കമായി. ഉച്ചക്ക് മെസ്സില്‍ നിന്ന് ഊണു കൊണ്ടുത്തന്നു അവന്. പിന്നെ വിശേഷങ്ങളും തമാശകളും പറഞ്ഞിരിപ്പായി.
സന്ധ്യക്ക് പുറത്തിറങ്ങി. താമരശ്ശേരി വരെ എത്താന്‍ വണ്ടിക്കൂലി അന്ന് അഞ്ചോ ആറോ രൂപ മതി. ഒരു പത്തു രൂപ നാസിമിനോട് വാങ്ങാന്‍ ഞാന്‍ പലതവണ ഉദ്യമിച്ചെങ്കിലും അവന് പണത്തിന് ബുദ്ധിമുട്ടുണ്ടെന്ന് അവന്റെ വര്‍ത്തമാനത്തില്‍ നിന്ന് എനിക്ക് തോന്നിയതിനാലും ഏതോഅഭിമാനബോധം നിമിത്തവും ഞാനാ ശ്രമത്തില്‍ നിന്ന് പിന്തിരിഞ്ഞു. ഞങ്ങള്‍ യാത്രപറഞ്ഞു പിരിയും വരെ ഞാന്‍ കാശ് ചോദിച്ചതേയില്ല.
ബസ്സ്റ്റാന്റിലെത്തി. ബസുകള്‍ ഓട്ടം തുടങ്ങിയിരിക്കുന്നു. എങ്ങനെ പോകും? ഒരു രൂപ തികച്ച് കയ്യിലില്ല. എന്നിട്ടും ഞാനേതോ നിസംഗ ഭാവത്തിലായിരുന്നു. സമയം കടന്നു പോകുന്നു. എന്താ ചെയ്യുക? ആരോടെങ്കിലും സഹായം ചോദിക്കുക തന്നെ. ഞാന്‍ മെല്ലെ എഴുന്നേറ്റു. മാന്യനെന്ന് തോന്നിയ ഒരാളുടെ അടുത്ത് ചെന്ന് വളരെ സ്വകാര്യമായി പറഞ്ഞു: “സര്, ഞാന്‍ കായംകുളത്ത് നിന്നും വന്നതാണ്. ഇന്നലത്തെ ബഹളത്തില്‍ എന്റെ പഴ്സ് നഷ്ടമായി. ഞാന്‍ സ്റ്റാന്റില്‍ കുടുങ്ങിപ്പോയി. എനിക്ക് താമരശ്ശേരി വരെ എത്തണം. സാറൊരു പത്തു രൂപ തന്ന് സഹായിച്ചാല്‍...”
പ്രതികരണം പെട്ടെന്നായിരുന്നു: “നിന്നെ കണ്ടാല്‍ പറയില്ലല്ലോടേയ് ഇത്ര വെല്യൊരു തെണ്ടിയാണെന്ന്. നീയൊക്കെ തെക്കൂന്ന് ഇവിടെ വന്ന് തെണ്ടണത് തെക്കരെ പറേപ്പിക്കാന് തന്നെ അല്ലീ...?”
ഓഹോ .....യെവന് തെക്കനാരുന്നോ. ഇതറിഞ്ഞിരുന്നേ കയ്യിലുള്ള ഒരു രൂപ അവനങ്ങോട്ട് കൊടുത്തേനെ. അടുത്ത ശ്രമത്തിന് ഊര്‍ജ്ജം സംഭരിക്കാന്‍ ഞാനൊരു ബെഞ്ചിലിരുന്നു. പത്തുമിനുട്ട് കഴിഞ്ഞ് മറ്റൊരു മാന്യനോട് സംഭവം വിവരിച്ച് പാതി ആയപ്പോളേ അദ്ദേഹം കയ്യാല്‍ തടുത്തു.
“ത്താ പ്പോ ദ്, നിര്‍ത്തിക്കാള ബര്‍ത്താനം. ഇങ്ങനോരോ കാരണം പറഞ്ഞങ്ങിറക്കോളണ്ടി, ഒറുപ്യ തരില്യ.വയി മാറ്...”
ഹും! വടക്കനും തഥൈവ.
സത്യം പറഞ്ഞാല്‍ കുറേശ്ശേ ടെന്‍ഷന്‍ ആയിത്തുടങ്ങി. എല്ലാവരും ഇങ്ങനെ പറഞ്ഞാല്‍ ഞാനെങ്ങനെ താമരശ്ശേരിക്ക് പോകും? കുറേ നേരം അങ്ങനെ ഇരുന്നു. അപ്പോഴുണ്ട് മതവിദ്യാര്‍ത്ഥിയായ (മുതഅല്ലിം) ഒരു പയ്യന്‍സ് അവിടെ നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. അദ്ദേഹത്തോടൊന്ന് ചോദിക്കാം. കാശ് തന്നില്ലെങ്കിലും കുറഞ്ഞ പക്ഷം തെറിയെങ്കിലും വിളിക്കില്ല. ചെന്നു. വളരെ മയത്തില്‍ ദയനീയമായി കാര്യം പറഞ്ഞു. പത്തു മതിയോ എന്നൊരു ചോദ്യം! ധാരാളം മതിയെന്ന് ഞാന്‍. പൈസ തന്നു. സത്യമായിട്ടും എന്റെ കണ്ണ് നിറഞ്ഞു.
“ഇത് തിരിച്ചു തരാന്‍ കഴിയുമോ എന്നെനിക്കറിയില്ല...”
“തിരിച്ചു തരേണ്ട, നിങ്ങള്‍ പ്രാര്‍ത്ഥിച്ചാല്‍ മതി”
“ഈ ഉപകാരം ഒരിക്കലും മറക്കില്ല. ദൈവം അര്‍ഹിക്കുന്ന പ്രതിഫലം നല്കി അനുഗ്രഹിക്കട്ടെ...എവിടെയാ നിങ്ങളുടെ നാട്?...”
“എന്റെയോ, പരുത്തിപ്പാറ. ഫറോക്കിനടുത്താണ്”
“പരുത്തിപ്പാറ...! എന്റെ അനിയന് അവിടെ നിന്ന് ഫറോക്കില്‍ പഠിക്കുന്നുണ്ട്...?”
“നിങ്ങളുടെ നാടെവിടേ?”
“കായംകുളം”
“കായംകുളം....!!! അനസിന്റെ ജ്യേഷ്ടനാണോ നിങ്ങള്‍ !”
“അതെ..”
“സിയാദ്. അല്ലേ....! അനസ് എന്റെ നല്ല കൂട്ടുകാരനാണ്...ഓന് നിങ്ങളെക്കുറിച്ച് പറയാറുണ്ട്...”
ഞാനങ്ങനെ തരിച്ചു നില്‍ക്കുകയാണ്.
കാരുണ്യവാനായ ദൈവത്തിന്റെ സഹായം വന്നിറങ്ങുന്ന വഴികളേതേതെന്ന് ഗണിക്കാനാവാതെ...
പരിചിതരും അപരിചിതമായവരുടെ സ്നേഹവായ്പ്പില്‍ കൃതജ്ഞതാനിര്‍ഭരനായി...
അവഗണിച്ചവരോട് ദ്വേഷമേതുമില്ലാതെ...
എല്ലാവര്ക്കും നന്മ വരുത്തേണമേ എന്ന പ്രാര്‍ത്ഥനയോടെ...
24 comments:
കോഴിക്കോട് യാത്ര പണ്ടൊക്കെ ഏറെ നൊമ്പരം സമ്മാനിച്ചിരുന്നതാണ്; അവിടെ ബോര്‍ഡിംഗ് സ്കൂളില്‍ പഠിക്കുമ്പോള്‍. വീട്ടുകാരെയും കൂട്ടുകാരെയും വിട്ട് പരശുറാം ട്രെയിനില്‍ യാത്രയാവുമ്പോള്‍, തിങ്ങിയ കമ്പാര്‍ട്ട്മെന്റിനുള്ളില്‍ വിങ്ങിയ ഹൃദയവുമായി സങ്കടം കടിച്ചമര്‍ത്തിയിരിക്കുമ്പോള്‍ അതിവേഗം പിന്നോട്ട് പായുന്ന ഗ്രാമക്കാഴ്ചകള്‍ മിഴിനീര് മൂടി അവ്യക്തമാകുമായിരുന്നു.
:)
കിഴക്കു നിന്നും ഒരു പോലീസ് ജീപ്പ് കുതിച്ചു വരുന്നു. അക്രമികള്‍ക്ക് ഒരു ഇരുപത് മീറ്റര്‍ മുന്നിലായി ബ്രേക്ക് ചവിട്ടുന്നു. റ്റയറുകള്‍ റോഡിലുരയുന്ന ശബ്ദം. സെക്കന്റ് കൊണ്ട് ജീപ്പ് വെട്ടിത്തിരിച്ച് കിഴക്കോട്ട് തന്നെ പ്രാണഭയത്തോടെ അതിവേഗം പാഞ്ഞുപോകുന്നു
ഹഹഹ അത് കൊള്ളാം.
ഞാന്‍ ഒന്‍പതാം ക്ലാസ്സ് തൊട്ട് ഒറ്റക്ക് പരപ്പനങ്ങാടി-തിരുവല്ല പരശുറാം സ്ഥിരം കുറ്റിയായിരുന്നു-തിരിച്ചും. അവധിക്കാലത്ത്. ഒറ്റക്ക് യാത്ര ചെയ്യാന്‍ തുടങ്ങിയതില്‍ പിന്നെ ഒരു സ്വര്‍ണ്ണമാല തന്നു, അമ്മ. വല്യ പവനൊന്നും ഇല്ല്യ, എന്നാലും എന്തെങ്കിലും അത്യാവശ്യം വന്നാല്‍ കാശ് കിട്ടും.
ഭയങ്കര അനുഭവം തന്നെ സിയ. ചെയ്യാമായിരുന്ന കാര്യങ്ങള്‍ :
ഒരു ഓറ്റോ പിടിച്ച് താമരശേരിയില്‍ പോയി പൈസ വാങ്ങി ആ പൈസക്ക് കാര്യങ്ങള്‍ എല്ലാം സോള്വാക്കുക. ഇനി കാശ് തരാനുള്ള ആള് മുങ്ങിയിരുന്നെങ്കില്‍ രാം ജി രാവുവില്‍ മാമുക്കോയ പോകുമ്പോള്‍ പിന്നാലെ ഒരു ഓട്ടോയും പോകും എന്ന പറഞ്ഞ പോലെ ആ ഓട്ടോയും പിന്നാലെ തൂങ്ങിയേനെ.
അല്ലെങ്കില്‍ നാസിമിന്റെ കൈയ്യില്‍ നിന്നു തന്നെ വാങ്ങാരുന്നു.
കാശില്ലാത്തപ്പോള്‍ തന്നെ അന്‍പതു രൂപേടെ ലോഡ്ജില്‍ ലാവിഷായി ഉറങ്ങണമായിരുന്നു അല്ലേ?കാശുണ്ടായിട്ട് തന്നെ ഓവര്‍ നൈറ്റ് ട്രെയിനു എറണാകുളത്ത് വെയിറ്റ് ചെയ്യുമ്പോള്‍ റെയില്വേസ്റ്റേഷനിലാ ഞാനുറങ്ങീരുന്നത്!
അതാവുമ്പം ഏത് ഹര്‍ത്താലിലും സേഫ് അല്ലേ.
പിന്നെ കടം മാന്യമായി ചോദിക്കണമെങ്കില്‍ പോലീസുകാരോട് ചോദിച്ചാല്‍ മതി. ഒത്താല്‍ ഫ്രീ ആയിട്ട് ലിഫ്റ്റും തരും.
നല്ല പോസ്റ്റ്. ജീവിതത്തില്‍ "തെണ്ടാനുള്ള" യോഗം ഉണ്ടായിരുന്നെങ്കില്‍ പോയി കിട്ടി എന്നു കരുതി സന്തോഷിക്കാം. :-)
:)
താമരശ്ശേരി ചുരം ഒക്കെ കറങ്ങി നടപ്പായിരുന്നു അല്ലേ പരിപാടി. നാട്ടില്‍ എവിടെയെങ്കിലും യാത്ര ചെയ്യുമ്പോള്‍ പെട്ടെന്നുണ്ടാകുന്ന ഇത്തരം പ്രശ്നങ്ങള്‍ മൂലം പലരും ദീപികയിലും മനോരമയിലും ഒക്കെ അന്തിയുറങ്ങിയതായി കേട്ടിട്ടുണ്ട്. അത് നോക്കി കൂടായിരുന്നോ??
അപ്പോള്‍ അത്യാവശ്യം വന്നാല്‍ തെണ്ടാനുള്ള എക്സ്പീരിയന്‍സുമായി. സീ.വി. ഉണ്ടാക്കുമ്പോള്‍ അതുമെഴുതാമല്ലോ. അവസാനത്തെ മാന്യന് പരിചയം ഉള്ളതായത് കഷ്ടമായല്ലോ. ആ പത്തുരൂപ നഷ്ടം ;)
കൊള്ളാം മാഷേ അനുഭവങ്ങള്‍. ഞാനൊരിക്കല്‍ പുല്‍പ്പള്ളിക്ക് പോകുമ്പോള്‍ ഒരു ആശുപത്രിയില്‍ തങ്ങേണ്ടി വന്നിട്ടുണ്ട്. അനിയന് ജീപ്പ് ആക്സിഡന്റില്‍ പെട്ട് വൈത്തിരിയില്‍ ഒരു ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു. രാവിലെ ബസ്സില്‍ കയറിയതായിരുന്നു ഞാന്‍. ബത്തേരി കഴിഞ്ഞപ്പോള്‍ തന്നെ നേരം ഇരുട്ടിത്തുടങ്ങി. ആശുപത്രിയില്‍ ഇറങ്ങേണ്ട കാര്യമില്ലാതിരുന്നിട്ടും അവിടെ ഇറങ്ങി. കാരണം വീണ്ടും പോവാന്‍ 3-4 മണിക്കൂറുകള്‍ കിടക്കുന്നു. വൈത്തിരി എന്ന സ്ഥലത്തുള്ള ആശുപത്രിയില്‍ ജീപ്പ് ആക്സിഡന്റില്‍ കൂടുതല്‍ അപകടം പറ്റിയ ഡ്രൈവറുടെ മുറിയില്‍ കിടന്ന് പിറ്റേ ദിവസം ഉച്ചയോടെയാണ് പുല്‍പ്പള്ളിയില്‍ അനിയന് താമസിച്ചിരുന്ന വീട്ടിലെത്താന്‍ സാധിച്ചത്. അവിടെ ഇറങ്ങിയത് നന്നായെന്ന് പിന്നീടാണ് മനസ്സിലായത്. കാരണം അപ്പോള്‍ തന്നെ സമയം 9 മണി രാത്രി ആയിരുന്നു. വീണ്ടും ഒരു ബസ്സ് മാറിക്കയറി അവിടെ നിന്നും ജീപ്പില്‍ കയറി വേണം ആദ്യമായി പോകുന്ന ആ സ്ഥലത്തെത്താന്‍.
പഴയ ഓര്‍മ്മകള്‍ ഈ പോസ്റ്റ് വായിച്ചപ്പോള്‍. :)
ഹൈ , കലക്കീലോ ഗെഡീ! അത് ശെര്യാട്ടാ, മനസ്സിലു അല്പം നന്മയുണ്ടെങ്കില് എവടന്നേലും ഓരോ കുരിപ്പോളു വന്നു സഹായിച്ചോളും ;)
താന്‍, ആ തക്കന്റേം വടക്കന്റേം അടുത്ത് പോയി കായി ചോയ്ച്ചേനു പകരം ഒരു തൃശ്ശൂക്കാരന്റെ അടുത്ത് ചോയ്ക്കാര്ന്നില്ല..(മ(ദ്യ)ദ്ധ്യ കേരളീയന്)
ദേ ഈ മറുപടി കിട്ട്യേനേ..
“പണ്ടാരം, ഇമ്മളന്നെ ആകെ അല്ക്കുല്ത്തായി നടക്കാ,...അയിന്റെടേലാ ദീ ചുള്ളന്, ന്തൂട്ടാപ്പ ചിയ്യ, ന്നാ 5 ഉര്പ്പീണ്ട്, ന്റേല് ആകെ 15 ഉര്പ്യേള്ളോ ഗെഡ്യേ, നാളെ കൊക്കാലേലു എത്തണ്ടതാ, (ന്നട്ട് ഒരു ആല്‍മഗതം: ഒരു കുപ്പി കള്ളിന്റെ കാശ് വേസ്റ്റായി.. അന്നു കുപ്പിക്ക് 6 ഉര്‍പ്പ്യാ..താന്‍ പറഞ്ഞ കാലത്ത് .. അല്ലേ പോട്ട്, ഞാന്‍ കള്ളടിച്ചിരുന്ന കാലത്ത്!)
ബൈ ദ ബൈ!
താാാാാാാാമരശ്ശേരി ന്നു കേട്ടതും ഇമ്മടെ പപ്പൂനെ ഓര്‍മ്മ വന്നു! പാവം ;(
ഹൊ കലക്കി നാട്ടുകാരാ...
സിയ, നല്ല പോസ്റ്റ്.
നന്മയുടെ കെടാവിളക്ക് മനസ്സില്‍ കൊണ്ടുനടന്ന അനസിന്റെ ആ ചങ്ങാതിക്ക് എന്റെ വക ഒരു ‘അസലാമലൈക്കും‘!
ഒരു വല്യ ഓഫ്:
സിയേ, ഇവിടെ അക്രമങ്ങള്‍ വിവരിച്ചത് വായിക്കുമ്പോള്‍ ഞാനത് മനസ്സില്‍ കാണുകയായിരുന്നു. ഏകദേശം അതിന്റെ ഫീല്‍ കിട്ടി. കാരണം, സ്ട്രോങ്ങായ പ്രകോപനം ഉണ്ടാകുമ്പോ ആളുകള്‍ക്ക് അതുവരെ കാണാത്ത മുഖങ്ങള്‍ വരുന്നതും ഭീകരമായി പ്രതികരിക്കുന്നതും നേരിട്ട് അനുഭവിച്ചിട്ടുണ്ട്.
ഒരു പതിനഞ്ച് വര്‍ഷം പിറകോട്ട് പോവുകയാണ് മനസ്സ്.
പണ്ട്, 1994 ലെ ഒരു നവമ്പര്‍ മാസം! ഞാന്‍ പ്ലസ് ടു വില്‍ പഠിക്കുന്ന കാലം.പതിവിന് വിപരീതമായി മധ്യാഹ്നവേളയില്‍ സ്കൂളില്‍ ലോങ്ങ് ബെല്ലടിച്ചു!! സംഗതി എന്താന്ന് തിരക്കിയപ്പോ, 5 കിലോമീറ്റര്‍ അകലയുള്ള കൂത്തുപറമ്പ് ടൌണില്‍ വെടിവെപ്പില്‍ ഒരാള്‍ മരിച്ചു എന്ന് അറിഞ്ഞു. അതുകൊണ്ട് ചിലപ്പോ ഗതാഗതം സ്തംഭിച്ചാലോന്ന് ഭയന്ന് സ്കൂള്‍ വിട്ടതാണു. ഞാന്‍ ഫുള്‍ ഹാപ്പിയായി. കുറച്ച് കാലമായി കരുതുന്നു തൊട്ടടുത്ത ശ്രീദിഭ തീയറ്ററില്‍ തകര്‍ത്തോടിക്കൊണ്ടിരിക്കുന്ന ആ ടൈമിലെ ബിഗ് ഹിറ്റ് ‘കാശ്മീരം’ എന്ന സുരേഷ് ഗോപി ചിത്രം കാണണം കാണണം എന്ന്. ഇതാ അവസരം വന്നെത്തിയിരിക്കുന്നു.
പടം തുടങ്ങി. നല്ല പടം.
“പോരുനീ വാരിളം ചന്ദ്രലേഖേ..
ഷാജഹാന് തീര്‍ത്തൊരീ രംഗഭൂവില്‍..”
കനക സ്ക്രീനില്‍ ആടിത്തകര്ക്കുകയാണു. ഇടക്കിടെ കുറേ ആളുകള്‍ ഇറങ്ങിപോകുന്നുണ്ട്. പാട്ടായതുകൊണ്ടാണെന്ന് കരുതി. പോയവരൊന്നും തിരിച്ചുവരുന്നില്ല. പടം കഴിഞ്ഞ് പുറത്തിറങ്ങി പെരളശ്ശേരി എന്റെ സ്കൂള്‍ സ്റ്റോപ്പിലേക്ക് നടന്നപ്പോ അവിടെ നടുറോഡില്‍ ഒരു സര്‍ക്കാര്‍ ജീപ്പ് തലതിരിച്ചിട്ട്.. കുറേ ആളുകള്‍ അതിനെ വല്യ വല്യ മരക്കഷ്ണങ്ങള്‍കൊണ്ട് അടിക്കുന്നു.. ഒരുത്തന് തീ കൊടുക്കുന്ന തിരക്കിലാണു. അത് 5 മിനിട്ട് കൊണ്ട് ആളിക്കത്തി. വേറെ ഒരു സര്‍ക്കാര്‍ കാര്‍ സൈഡില്‍ പിടിച്ചിട്ടിട്ടുണ്ട്. അടുത്ത ഊഴം അതിന്റെതാണു.
ജില്ലയില്‍ വാഹനങ്ങളെല്ലാം ഓട്ടം നിര്‍ത്തി. ഞാന്‍ ആ ഭീകരാന്തരീക്ഷത്തില്‍ ഒരു കാഴ്ചക്കാരനായി വായനശാലയുടെ ഉമ്മറത്ത് കയറിനിന്നു.
സംഗതി വളരെ സീരിയസ്സാണു. രാവിലെ ഒരുത്തന് മരിച്ചു എന്നത് വൈകുന്നേരമായപ്പോഴേക്കും അഞ്ചായി മരണം! പോലീസ് ആകാശത്തേക്ക് വെടിവച്ചാലും പാതാളത്തിലേക്ക് വെടിവച്ചാലും 5 ആളുകള്‍ പോയി എന്ന് മാത്രം വ്യക്തം.
“നോക്കിനില്ക്കാതെ അടിച്ച് തകര്‍ക്കെടാ..” . എസ് എഫ് ഐയിലെ ബിനീഷ് എന്നോടും കൂടെയുണ്ടായിരുന്ന സുഹൃത്തിനോടും ചുവന്നമുഖത്തോടെ, ഭീകരമായ ഭാവത്തോടെ, സര്‍ക്കാര്‍ കാര്‍ ചൂണ്ടിക്കാണിച്ച് പറഞ്ഞു. ഇത്രയും ശാന്തശീലനായ ബിനീഷിന്റെ ഒരു സ്പെഷല്‍ മുഖമാണ് ഞാന്‍ അന്ന് കണ്ടത്. ഞാന്‍ എങ്ങിനെയാ അവിടെ നിന്ന് രക്ഷപ്പെട്ടത് എന്ന് എനിക്കേ അറിയൂ. അവനോട് ‘ഇല്ല’ എന്ന രീതിയില്‍ പ്രതികരിച്ചിരുന്നെങ്കില്‍ ആ മാനസികാവസ്ഥയില്‍ അവന് ഞങ്ങളെ ശരിയാക്കിയേനേ...! ഞാന്‍ ഒരുപാര്‍ട്ടിയിലും ഇല്ലാത്തവനാണു എന്ന് അവനു വ്യക്തമായി അറിയാം... പക്ഷെ അതിനൊന്നും അവിടെ പ്രസക്തി ഇല്ലന്ന് തോന്നിച്ചു. അത്രയും വികാരങ്ങള്‍ ആയിരുന്നു ആ മുഖത്ത്. ഹോ.. ഒര്ക്കുമ്പോത്തന്നെ......
ഏത് പാര്‍ട്ടിയില്‍ ഉള്ള ആളാണേലും, ഒരു പാര്‍ട്ടിയിലും ഇല്ലാത്ത ആളാണേലും ഇത്തരം അവസരങ്ങളില്‍ എന്തും ചെയ്യാന്‍ തയ്യാറായ മാനസികാവസ്ഥയിലുള്ളവരുടെ മുന്നില്‍ ചെന്ന് പെടാതിരിക്കാന്‍ ശ്രമിക്കുന്നതാണ് നല്ലത്. സിയയുടെ കുറിപ്പില്‍, “കിഴക്കുനിന്ന് വന്ന പോലീസ് ജീപ്പ് വെട്ടിത്തിരിച്ച് കിഴക്കോട്ട് തന്നെ പ്രാണഭയത്തോടെ അതിവേഗം പാഞ്ഞു“പോയില്ലായിരുന്നെങ്കില്‍ നേരത്തെ പറഞ്ഞതിന് സമാനമായ സംഗതികള്‍ പ്രതീക്ഷിക്കാമായിരുന്നു.
വാല്‍ക്കഷ്ണം: അന്ന് അഞ്ചാറ് കിലോമീറ്റര്‍ നടന്ന് വീട്ടിലെത്തിയപ്പോ അയല്‍വക്കത്ത് ‘ആശാരിവീട്ടില്‍’ ആള്‍ക്കൂട്ടം. വെടിവെപ്പില്‍ മരിച്ചവരില്‍ ഒരാള്‍ അയല്പക്കത്തെ ചേട്ടന്!!!
കണ്ണൂര്‍ എന്ന് കേള്‍ക്കുമ്പോ വേദനതോന്നുന്ന സംഗതികളില്‍ ഒന്നായിരുന്നു ഇത്. മറ്റൊന്ന് ഇവിടെ എന്റെ നാട്ടുകാരിയുടെ പോസ്റ്റില്‍ വിശദമായി പങ്കുവച്ചിട്ടുണ്ട്.
പലപ്പോഴും ഇങ്ങനെ കുടുക്കില്പ്പെട്ടുനില്ക്കുമ്പോഴാ പലതിന്റേം വില നമ്മളറിയുന്നത്
നല്ല പോസ്റ്റ് സിയ
വടക്കുള്ളവര്‍ പലരും വളരെ ഉപകാരികളാണ്. ഒരിക്കല്‍ എനിക്കു കണ്ണൂര്‍-കക്കാട്പോകേണ്ട ആവശ്യമുണ്ടായിരുന്നു തിരുവനന്തപുരത്തു നിന്നും പുറപ്പെട്ടപ്പൊഴേ ആളുകള്‍ പറഞ്ഞു വെട്ടിക്കൊല്ലുമെന്ന്. എന്നിട്ടും പോയി. റെയില്‍വേസ്റ്റേഷനിലിറങ്ങി കണ്ണില്‍ കണ്ട ഒരാളോട് വഴി ചോദിച്ചു. ആ നല്ല മനുഷ്യന് എന്നെയും കൂട്ടി ബസ്റ്റോപ്പ് വരെ പോയി ഒപ്പം സംസാരിച്ചു നിന്ന് ബസ്സ് വന്നപ്പോള്കയറ്റി അയച്ചു. അത്ഭുതപ്പെട്ടു പോയി. ഒരു മുന്‍പരിചയവുമില്ല ആ ചങ്ങാതിയെ. എന്നാല്‍ എറണാകുളത്തോ തിരുവനന്തപുരത്തോ പോയി ഒരു സ്ഥലം ചോദിച്ചാല്‍ സെക്രട്ടേറിയറ്റിന്റെ മുന്പില് നിന്നു സെക്രട്ടേറിയറ്റ് എവിടെയാണെന്നു ചോദിച്ചാല്‍ പറയും ഒരു പത്തു കിലോമീറ്റര്‍ പോണം ദാ ആ കെടക്കുന്ന ബസ്സില്‍ കേറിക്കോന്ന്.
എന്റെ അനുഭവത്തില്‍ വടക്കുള്ള ആള്ക്കാര് നല്ലവരാണ്. കുറഞ്ഞപക്ഷം പെരുമാറാനെങ്കിലും.
നല്ല പോസ്റ്റ് സിയ ആശംസകള്‍
വടക്കനാണൊ തെക്കനാണൊ എന്നതല്ല, നമ്മുടെ മനസ്സ് നല്ലതാണൊ എന്നതാണ് പ്രധാനം..
നീ നല്ലോനായോണ്ടാ..പടച്ചോന് പല രൂപത്തില്‍ നിന്നെ സഹായിച്ചത്
നല്ല ടെച്ചിംഗായ പോസ്റ്റ്
ഓടോ: ബ്രോസ്റ്റഡ് കഴിപ്പിച്ച് നാരങ്ങാ അച്ചാറും ചമ്മന്തിപ്പൊടീം പാഴ്സലായിത്തന്നതിലല്ല ഈ സ്നേഹം..:)
നന്മയുള്ളവര് എവിടെയും കാണും സിയ... അവര്ക്കാരിലും സംശയം തോന്നില്ല!
ചിലസമയത്ത് നമ്മളെ ദുരഭിമാനം കയറിയങ്ങ് ഭരിച്ച് കൊളാക്കും. നാസിമിനോട് പറയണമായിരുന്നു സിയയുടെ അവസ്ഥ... അയാളുടെ കയ്യിലില്ലെങ്കിലും എന്തെങ്കിലും പരിഹാരം അയാള്‍ക്ക് ചെയ്യാന്‍ കഴിയുമായിരുന്നു.
നല്ല പോസ്റ്റ് സിയ, ഇനിയും ഇത്തരം അനുഭവങ്ങളുണ്ടായി അവ ഞങ്ങളുമായി പങ്കുവെക്കാന്‍ താങ്കള്‍ക്കാവട്ടെ എന്നാശംസിക്കുന്നു...
നല്ല അനുഭവം;ടച്ചിംഗ് വിവരണം..
കോഴിക്കോട്ടേക്കുള്ള ട്രെയിന്‍ യാത്ര എനിക്കെന്നും ഒട്ടേറെ ഹരം പകര്‍ന്നിരുന്ന യാത്രകളായിരുന്നു.എന്റെ നാട്ടില്‍ നിന്ന് ബസ്സില്‍ ഒന്നരമണിക്കൂര്‍ കൊണ്ട് അവിടെയെത്താമെങ്കിലും രണ്ട് മണിക്കൂര്‍ ട്രെയിന്‍ യാത്രയും ഒന്നര മണിക്കൂറിലേറേ വെയിറ്റിംഗും തെരഞ്ഞെടുത്ത് തീവണ്ടിക്കായി കാത്തുനില്ക്കാന് എന്നെ പ്രേരിപ്പിച്ചതും ഇത്തരം യാത്രാനുഭവങ്ങള്‍ക്കു വേണ്ടി തന്നെ.രണ്ട് വര്‍ഷത്തിലേറെ സീസണ് ടിക്കറ്റുയാത്രക്കാരനായിരുന്നു.
എനിവേ,പ്രയാസി പറഞ്ഞതുപോലെ വടക്കനൊ തെക്കനോ എന്നുള്ളതല്ലാ മനസ്സിന്റെ വലിപ്പമാണ് സഹജീവിയുടെ പ്രയാസത്തെ തിരിച്ചറിയാന്‍ സഹായിക്കുന്നത്.
ആ ദിവസത്തെ പത്തുരൂപയുടെ മൂല്യം പിന്നീടിങ്ങോട്ട് നമ്മുടെ ജീവിതത്തിലെപ്പോഴെങ്കിലും നമ്മെ സ്വാധീനിച്ചിട്ടുണ്ടെങ്കില്‍ അന്നത്തെ ആ നിസ്സഹായസ്ഥ കൊണ്ട് ഒട്ടേറെ ഗുണമുണ്ടായേനെ.
"ഇനിയും ഇത്തരം അനുഭവങ്ങളുണ്ടായി അവ ഞങ്ങളുമായി പങ്കുവെക്കാന്‍ താങ്കള്‍ക്കാവട്ടെ എന്നാശംസിക്കുന്നു"
ഉം അഗ്രജോ അത് വേണോ? :-)
ഈ വടക്കനേം തെക്കനേം കുറ്റം പറഞ്ഞിട്ട് കാര്യമില്ല,
ഈ മോഡല്‍ പറ്റിക്കല്‍ ഉള്ളതാണ്, അത് കാരണം വലയുന്നത് ആപത്ഘട്ടത്തില്‍ ഇതു പോലെ സഹായം തേടുന്നവര്‍ ആണ്.
ബാംഗ്ലൂരില്‍ ആയിരുന്നപ്പോള്‍ ബി റ്റി എം ബസ് സ്റ്റോപ്പില്‍ നില്ക്കുമ്പോള് മാന്യമായി വസ്ത്രധാരണം ചെയ്ത ഒരു വൃദ്ധന് വന്നു. മൈസൂരില്‍ നിന്നു വന്നതാണെന്നും പണം നഷ്ടപ്പെട്ടെന്നും പറഞ്ഞ്. ഒന്നും കഴിച്ചിട്ടെല്ലെന്നു പറഞ്ഞപ്പോളേക്കും അയാളുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പിയിരുന്നു. ഇരുപത് രൂപ ചോദിച്ചു, ഞാന്‍ കൈയ്യിലുണ്ടായിരുന്ന നാല്പത് രൂപ കുടഞ്ഞു കൊടുത്തു.
ഉടനെ അയാള്‍ ഒന്നും പറയാതെ അത് വാങ്ങി വലിച്ചു വിട്ടു പോയി. ഒരാഴ്ച കഴിഞ്ഞ് മായോ ഹാളില്‍ നില്ക്കുമ്പോള് വീണ്ടും അയാളെ അവിടെ കണ്ടു-ബസ് സ്റ്റോപ്പില്‍ പണ്ടു കണ്ടപോലെ തന്നെ. അയാള്‍ക്ക് ചമ്മലാവണ്ട എന്നു കരുതി ഞാന്‍ മാറി നിന്നു ! വീണ്ടും പൈസ കളഞ്ഞു പോയതായിരിക്കുമോ ആ!?
വീണ്ടും ഒന്നു രണ്ടു പേര്‍ക്ക് ഇതു പോലെ പൈസ കൊടുത്തിട്ടുണ്ട്..സംശയത്തിന്റെ പുറത്ത്..ഒരു വേള പറയുന്നത് സത്യമാണെങ്കിലോ?
പിന്നെ വടക്കനും തെക്കനുമല്ല, സാക്ഷാല്‍ സായിപ്പും ഈ പരിപാടി ചെയ്യും. ശരിക്കും പറ്റിയ ഒരു പറ്റ് ഒരു പോസ്റ്റാക്കാം. എങ്കിലും ഒരു ദിവസം ഇവിടെ ഞാനും ശ്രീമതിയും കൂടെ പോകുമ്പോള്‍ വഴിയരുകില്‍ ഒരു കാര്‍. ഹാസാര്‍ഡ് ഒക്കെയിട്ട്. ഒരു കിഴവന് സായിപ്പ് ഒരു പെട്രോള്‍ പാട്ട എടുത്ത് വീശിക്കാണിക്കുന്നുമുണ്ട്. ആദ്യം പറ്റീരാ വിട്ടോ എന്ന് മനസ്സു പറഞ്ഞെങ്കിലും അവിടെ അങ്ങനെ ഒരു സായിപ്പ് തന്നെ നില്‍ക്കുന്നത് പന്തിയല്ല എന്നു തോന്നിയത് കൊണ്ട് അടുത്ത റോബോയില്‍ യു റ്റേണ്‍ എടുത്ത് ചെന്നു. മൂപ്പര്‍ക്ക് പെട്റോളില്ല പോലും. കാശ് മതി, പെടോള് വാങ്ങി വരണോ എന്ന് ചോദിച്ചപ്പോള്‍. മൂപ്പര് തന്നെ നടന്ന് പോയി വാങ്ങിക്കോളാമെന്ന്, ഒരേ നിര്‍ബന്ധം! അന്‍പത് രാന്‍ഡ് പണ്ടാരടക്കി, കളിപ്പിക്കല്‍ ആണെന്നറിഞ്ഞിട്ടും..ഇനിയെങ്ങാന്‍ സത്യമാണെങ്കിലോ?!
ആ സ്ഥാനത്ത് ഒരു കറുത്തവന് ആണെങ്കില്‍ കണ്ട മൈന്‍ഡില്ലാതെ പോകുമായിരുന്നെന്നും സങ്കടത്തോടെ പറയട്ടെ. കാരണം കാര്‍ ഹൈജാക്ക് ചെയ്യാനല്ലെന്ന് ആരു കണ്ടു? വെറുതേ പോയി വയറ്റില്‍ തൊളയുണ്ടാക്കി വരണോ? സായിപ്പ്/ഇന്ത്യന്‍ ആണെങ്കില്‍ ആ ഭയം വേണ്ട.
:-(
അരവിന്ദാ... അതിലു പിടിച്ചെന്നെ കുത്തല്ലേ...
ഇവനിട്ട് അങ്ങനെ എഴുത്യേങ്കിലും... അങ്ങനെയൊന്നും വരുത്തല്ലേന്ന് പ്രാര്‍ത്ഥിച്ചിട്ടുണ്ട്
:)
പരിചിതരും അപരിചിതമായവരുടെ സ്നേഹവായ്പ്പില്‍ കൃതജ്ഞതാനിര്‍ഭരനായി...
അവഗണിച്ചവരോട് ദ്വേഷമേതുമില്ലാതെ...
എല്ലാവര്ക്കും നന്മ വരുത്തേണമേ എന്ന പ്രാര്‍ത്ഥനയോടെ... മേല്പറഞ്ഞതരം അനുഭവങ്ങളിലൂടെ കൈവന്ന മനസ്സാക്ഷിയുടേ സഹായ ഹസ്തവുമായി എന്നൊരു വരികൂടെ പ്രതീക്ഷിയ്ക്കുന്നു, എഴുത്തുകാരനില്‍ നിന്നും വായനക്കാരില്‍ നിന്നും..
:)
ഇത്തരം ചില സന്ദര്‍ഭങ്ങള്‍ മനസ്സില്‍ നിലനില്ക്കുന്നതും ഓര്‍മ്മ വരുന്നതും നല്ലതിനാണ്...
@ ക്രിഷ്
:)
@ അരവിന്ദ്
:) ഓട്ടോ പിടിച്ച് അല്ലേ!
താമരശ്ശേരി കോഴിക്കോട് അയ്മ്പത് കിലോമീറ്ററാ ദൂരം. ഒരു റോഡ് റോളര്‍ കിട്ടീരുന്നേ അഞ്ച് മിനുട്ട് കൊണ്ട് എത്താര്‍ന്നു (കട്.പപ്പു)
നാസിമിന്റെ കയ്യില്‍ നിന്ന് കാശ് വാങ്ങാഞ്ഞത് ദുരഭിമാനം.
എന്റെ പൊട്ടത്തലയില്‍ റെയില്‍ വേസ്റ്റേഷന് മിന്നിയതേയില്ല. തന്നെയുമല്ല അടുത്ത ദിവസം താമരശ്ശേരിയില്‍ നിന്ന് സുഹൃത്ത് വരാമെന്നും പറഞ്ഞിരുന്നു. ഹര്‍ത്താല്‍ രൂക്ഷമായതിനാല്‍ വരാന്‍ പറ്റിയില്ലെന്ന് മാത്രം.
@വേണു
:)
@മഴത്തുള്ളി
വയനാടൊക്കെ ഇഷ്ടപ്പെട്ടോ :)
@ VM
കമന്റ് സൂപ്പറായീണ്ട് ഗഡ്യേ!
@പകല്ക്കിനാവന്
നന്ദി!
@അഭിലാഷങ്ങള്‍
നന്ദി! ഒരു പോസ്റ്റിന്റെ ഗുമ്മുണ്ട് ആ കമന്റിന്. നല്ല വിവരണം.
@പ്രിയ, ജയകൃഷ്ണന്, പ്രയാസി,മിന്നാമിനുങ്ങ്
നന്ദി
@ അഗ്രജന്
അനുഭവങ്ങളുണ്ടായാല്‍ പങ്കുവെക്കാനല്ല പങ്ക് പറ്റാന്‍ എത്തുന്നതായിരിക്കും :)
@അരച്ചേട്ടന് എഗൈന്‍ :)
പരമസത്യം! അമ്മാതിരി ധാരാളം അനുഭവങ്ങള്‍ എനിക്കുമുണ്ട്. ഒരിക്കല്‍ ബാംഗളൂരില്‍ നിന്നു വന്ന ഒരു സുന്ദരനായ ചെറുപ്പക്കാരന്. ട്രെയിനില്‍ പോക്കറ്റടിക്കപ്പെട്ടു എന്നും പറഞ്ഞ് വന്നപ്പോള്‍ ഞങ്ങള്‍ കൂട്ടുകാരൊക്കെ പിരിവെടുത്ത് ബാംഗളൂര്‍ എത്താനുള്ളതിലും അധികം പണം നല്കി യാത്രയാക്കി. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അവനെ ആലപ്പുഴ സ്റ്റാന്റില്‍ കണ്ടു. എന്താ ചെയ്യുക :)
താമരശ്ശേരി, അരയിടത്തുപാലം, പാളയം എന്നൊക്കെ സിയയുടെ പോസ്റ്റിലൂടെ വായിച്ചപ്പോള്‍ ... ശരിക്കും നാടിനെ ഓര്‍മ്മവന്നു ...
പോസ്റ്റ് നന്നായിരുന്നു ആശംസകള്‍
ഇങ്ങനെ ഒരു അവസ്ഥ വന്നാല്‍ എന്താ ചെയ്യുക അല്ലേ സിയച്ചേട്ടാ...
പക്ഷേ, പണം തരാത്തവരേയും ഒരു പരിധി വിട്ടു കുറ്റം പറയാനൊക്കില്ല.എത്രയോ പേര് കബളിപ്പിയ്ക്കപ്പെടുന്നു...
ഒരിയ്ക്കല്‍ ഞാന്‍ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ (സമയം സന്ധ്യ കഴിഞ്ഞിരുന്നു) ഒരാള്‍ വന്ന് സഹായം ചോദിച്ചു. ചെറുപ്പക്കാരനാണ്. 30- 35 വയസ്സ് പ്രായം വരും. പഴ്സ് കളഞ്ഞു പോയി, 50 രൂപ കൊടുക്കാമോ എന്ന് ചോദിച്ചു. വീട് ഹരിപ്പാടാണ് എന്നും പറഞ്ഞു. ഞാന്‍ 50 രൂപ കൊടുത്തു, അയാള്‍ പോയി. വീണ്ടും കൃത്യം രണ്ടാഴ്ചയ്ക്കു ശേഷം അതേ സമയത്ത് അതേ ട്രെയിനില്‍ ഞാന്‍ തമ്പാനൂര്‍ വന്നിറങ്ങി. അതേ സ്ഥലത്തു വച്ച് പഴയ ചേട്ടന് വന്ന് പഴയ പല്ലവി ആവര്‍ത്തിച്ചു. (പക്ഷേ, അപ്പോള്‍ അയാളുടെ വീട് മാവേലിക്കരയിലായി കേട്ടോ). ആ മുഖം ഞാന്‍ മറന്നിരുന്നില്ല. “അല്ല, ചേട്ടാ, രണ്ടാഴ്ച മുന്‍പ് 50 രൂപ തന്ന് ഞാന്‍ ചേട്ടനെ ചേട്ടന്റെ ഹരിപ്പാടുള്ള വീട്ടിലേയ്ക്ക് പറഞ്ഞു വിട്ടതാണല്ലോ എന്നിട്ടും, ഇതു വരെ പോയില്ലേ?” എന്ന് ചോദിച്ചു. അയാള്‍ ഒന്നും മിണ്ടാതെ എന്റടുത്തു നിന്നും സ്ഥലം വിട്ടു.
ഇതു മാത്രമല്ല, വേറെയും അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരു അനുഭവം കൊണ്ടൊന്നും ഞാന്‍ പഠിയ്ക്കില്ല :(
kollaam ...
രണ്ടുരൂപ ചോദിക്കേണ്ടിവന്നിട്ടുണ്ട് ഒരിക്കൽ. പിന്നീട് അങ്ങനെവരുമ്പോൾ ടാക്സിയിലായി യാത്ര! അതുകൊണ്ട് തന്നെ ജെനുഇൻ ആണെന്നു തോന്നിയാൽ ആരെങ്കിലും ചോദിച്ചാൽ കൊടുക്കാറുമുണ്ട്.
ആളുകളെ കുറ്റം പറഞ്ഞിട്ടുകാര്യമില്ല. തട്ടിപ്പുകാർ അത്രയ്ക്കുണ്ട്. ഇവിടെ ദുബൈയിൽ മറ്റൊരു രീതിയിലാണ് കളി. ഒമാൻ രജിസ്ട്രേഡ് വണ്ടിയിൽ വരും. ‘വഴിതെറ്റിപ്പോയി, പെട്രോളിനു കാശില്ല. പെട്രോൾ അടിച്ചുതരാമെന്നു പറഞ്ഞാൽ അതല്ല ഭക്ഷണം കഴിക്കണം എന്നു പറയും. ഭക്ഷണം വാങ്ങിച്ചുകൊടുക്കാമെന്നു പറഞ്ഞാൽ സമ്മതിക്കില്ല. അതവസാനം ഭീഷിണിയാകും!. നമ്മൾ പോലീസിനെ വിളിക്കുമെന്നു പറഞ്ഞാൽ ഉടൻ പുതിയൊരു കഥാനായിക വണ്ടിയുടെ ബാക്ക് സീറ്റിൽ നിന്നിറങ്ങും. സ്ത്രീകളോട് അപമര്യാദയായി പെരുമാറി എന്നുപറഞ്ഞ്! പോലീസ് വന്നെങ്കിൽ നമ്മൾ എപ്പോ മൊട്ടയടിച്ച്, നാട്ടിലെത്തീന്ന് ചോദിച്ചാ മതി.
എനിക്ക് ഏഴോ എട്ടോ വയസുള്ളപ്പോൾ, ഹാർമോണിയമൊക്കെ വച്ച് പാട്ടുപാടിയിരുന്ന ഒരാൾ ഒരിക്കൽ വീട്ടിലെത്തിയപ്പോൾ ഭക്ഷണം കൊടുത്തു. അയാൾ ഭക്ഷണം കഴിക്കുന്ന തക്കത്തിന് ഞാൻ ഹാർമോണിയത്തിൽ ഞെക്കിത്തുടങ്ങി. എന്റെ പരാക്രമം കണ്ട് അന്ന് ഞാൻ ‘സംഗീതത്തിൽ പേരെടുക്കുമെന്ന് ‘ അയാൾ പറഞ്ഞത് മറക്കാൻ പറ്റുന്നില്ല. പൈദാഹം മനുഷ്യനെ എവിടെത്തിക്കുമെന്നുള്ള അതിശയോക്തികൊണ്ടാവാം!
നല്ല പോസ്റ്റ് സിയ.
നല്ല പോസ്റ്റ്.
നേരത്തെ കണ്ടില്ലല്ലോ :((
എന്നാലും ഇനി എല്ലാ പോസ്റ്റുകളും വായിച്ചിട്ടേ പോവുന്നുള്ളൂ ..
Post a Comment