Dec 20, 2009

മുത്തശ്ശിയും മാവും

പാറയ്‌ക്കാട്ടെ മുത്തശ്ശിയുടെ മൂവാണ്ടന്‍ മാവില്‍ കല്ലെറിഞ്ഞ വകയില്‍ വാങ്ങിക്കൂട്ടിയ ശകാരങ്ങള്‍ക്കും ശാപവചസ്സുകള്‍ക്കും കയ്യും കണക്കുമില്ലായിരുന്നല്ലോ എന്ന് ചിന്തിച്ചങ്ങനെ നിന്നത് അമ്മയുടെ തറവാട്ടില്‍ പോയനേരം പടിഞ്ഞാറ് വശത്തെ മുത്തശ്ശിയുടെ പറമ്പിലേക്കങ്ങനെ നോക്കി നിന്നപ്പോഴാണ്.
പാറയ്‌ക്കാട്ടെ വല്യ പറമ്പിലെ വല്യ വീട്ടിലെ  കുഞ്ഞായി മുത്തശ്ശി, കൂട്ടിന് ഏകമകള്‍ കൊച്ചായിയും.

കഴിഞ്ഞ കൊല്ലം മാങ്ങക്കച്ചവടക്കാരന്‍ പുരുഷന്‍ മൂവാണ്ടന്‍ മാവിലെ മൊത്തം മാങ്ങകള്‍ക്കും കൂടി ഒരോട വില അങ്ങ് പറഞ്ഞത്രേ.രണ്ടായിരം രൂപ. മുത്തശ്ശിക്ക് സന്തോഷമായി. അഞ്ഞൂറ്‌ അഡ്വാന്‍സും കൊടുത്ത് പിറ്റേ ദിവസം മാങ്ങ പറിയ്ക്കാനെത്തിയ പുരുഷന്‍ മൊത്തം മാങ്ങകളും പറിച്ച് കുട്ടയിലാക്കിയിട്ട് മാങ്ങാ പറിക്കുന്ന തോട്ടിയും ഇടുന്ന ഷര്‍ട്ടും മാവിന്‍ ചോട്ടില്‍ വെച്ചിട്ടു പറഞ്ഞു : “അമ്മേ, തോട്ടിയും ഉടുപ്പും ഇവിടിരിക്കട്ടെ, ഞാനീ കൊട്ടയെല്ലാം കൈവണ്ടീ കേറ്റി വെച്ചിട്ട് വരാം”. മാങ്ങാക്കുട്ടകള്‍ കൈവണ്ടീല്‍ കയറ്റാന്‍ പോയ പുരുഷനെ കൊല്ലമൊന്നു  കഴിഞ്ഞിട്ടും മഷിയിട്ടു നോക്കിയിട്ടും ആ ഭാഗത്തൊന്നും കണ്ടില്ലത്രേ! കണ്ണ് നട്ടു കാത്തിരുന്ന മുത്തശ്ശിയുടെ മങ്ങിയ കാഴ്‌ച്ചക്ക് കൂടുതല്‍ മങ്ങലേറ്റത് മിച്ചം.

ഇക്കൊല്ലം മാവില്‍ മാങ്ങാ നിറഞ്ഞപ്പോള്‍ വിലപറയാനെത്തിയത് മാങ്ങാ ഇന്‍ഡസ്‌ട്രിയിലെ പുതുമുഖങ്ങള്‍ അശോകനും.ഷറഫും.  മുത്തശ്ശി നല്ല കണക്കു കൂട്ടലില്‍ തന്നെ ആയിരുന്നു. മൂവായിരം രൂപ മുത്തശ്ശി ചോദിച്ചു. ആയിരത്തഞ്ഞൂറ്‌ അഡ്‌വാന്‍സ്. ബാക്കി തുക മാങ്ങാപറിക്കുന്നതിന് മുമ്പ് പേ ചെയ്തിരിക്കണം.  രണ്ടായിരത്തഞ്ഞൂറിന് ഉറപ്പിച്ചു. അശോകനും ഷറഫും നോക്കുമ്പോള്‍ ഈ വില വന്‍ ലാഭമെന്ന് കണ്ടു. മുത്തശ്ശി ആവശ്യപ്പെട്ട അഡ്വാന്‍സ് ആയിരത്തഞ്ഞൂറും നല്‍കി.

പിറ്റേ ദിവസം ഷറഫും അശോകനും മാങ്ങാ പറിക്കാനെത്തിയപ്പോള്‍ മാവ് നിന്നിടത്ത് മാവില പോലുമില്ലെന്‍ കണ്ട് ആശ്‌ചര്യപ്പെട്ടു, പരിഭ്രാന്തരുമായി! തത്സമയം പുളിന്തറയിലെ വാസു മൂവാണ്ടന്‍ മാവിന്റെ നീളന്‍ തടി വെട്ടിക്കീറി  തെക്കേപ്പറമ്പില്‍ കുഞ്ഞായി മുത്തശ്ശിക്ക് ചിതയൊരുക്കുകയായിരുന്നു!