ഓരോ വര്‍ണ്ണത്തെയും നമ്മുടെ കണ്ണും മനസ്സും എങ്ങനെയാണ് ഉള്‍ക്കൊള്ളുന്നതെന്നും നിറങ്ങളുടെ അര്‍ത്ഥവ്യാപ്തി എന്തെന്നും മനസ്സിലാക്കുന്നത് ഒരു ഡിസൈനറെ സംബന്ധിച്ച് വളരെയധികം ഉപകാരപ്രദമായിരിക്കും.
ചിലപ്പോള്‍ നിറങ്ങള്‍ നമ്മില്‍ ചില ശാരീരികപ്രതിപ്രവര്‍ത്തനങ്ങള്‍ ഉണ്ടാക്കിയെന്നിരിക്കും. തീയുടെയും രക്തത്തിന്റെയും നിറമായ ചുവപ്പ് പൊതുവേ രക്തസമ്മര്‍ദ്ദം ഉയര്‍ത്താറുണ്ട് . മറ്റുചിലപ്പോള്‍ ചില സാംസ്‌കാരികമായ പ്രതികരണങ്ങള്‍ നിറങ്ങളിലൂടെ പ്രകടിപ്പിക്കപ്പെടാം. വിവാഹവേളയില്‍ ശുഭ്രവസ്ത്രം ധരിക്കുന്നതും മരണപ്പെട്ടവനോടുള്ള അനുശോചനാര്‍ത്ഥം കറുത്ത മുദ്ര അണിയുന്നതും ഉദാഹരണം. സമൂഹത്തിലെ ട്രെന്‍ഡുകളെ പ്രതിനിധാനം ചെയ്യാന്‍ നിറങ്ങളെ എത്ര സമര്‍ത്ഥമായാണ് ഉപയോഗപ്പെടുത്തുന്നത് ! വസ്ത്രം, വാഹനം മുതല്‍ ആഹാരസാധനം വരെ നമ്മുടെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന നിര്‍ണ്ണായക ഘടകം നിറം തന്നെയാണ്.
നിറങ്ങള്‍ ശരിയായി സംയോജിപ്പിക്കാനും ചേരുംപടി ചേര്‍ക്കാനും നിറങ്ങള്‍ തമ്മിലുള്ള പൊരുത്തവും പൊരുത്തക്കേടുകളുമൊക്കെ അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
അതിനു മുമ്പായി കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഡിസൈന്‍ ചെയ്യുവാന്‍ ആഗ്രഹിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട അടിസ്ഥാനപരമായ ചില കാര്യങ്ങള്‍ വെറുതേ ഒന്ന് പറഞ്ഞു പോകാം.
നിറസിദ്ധാന്തമൊക്കെ അറിഞ്ഞിരിക്കണമെന്നാണ് വെപ്പ് ! നിറസിദ്ധാന്തമെന്തെന്നറിയണമെങ്കില്‍ നിറമെന്തെന്നറിയണം. നിറങ്ങളുടെ അര്‍ത്ഥമെന്തെന്നറിയണം.പ്രൈമറി ക്ലാസ്സിലെ പുസ്തകത്താളുകളില്‍ നിന്ന് നാം പഠിച്ച നിറസിദ്ധാങ്ങളല്ല രൂപകല്‍പ്പനാവിദഗ്‌ദ്ധന്മാരുടെ കളര്‍തിയറി. അന്ന് പഠിച്ച കളര്‍വീലല്ല വെബ് സൈറ്റും ബ്ലോഗും കൊണ്ടമ്മാനമാടുന്ന ഹൈടെക് വെബ്‌ഡിസൈനര്‍മാരുടെ കളര്‍വീല്‍. കുട്ടിയായിരുന്നപ്പോള്‍ ക്രയോണ്‍ കൊണ്ട് കളര്‍ ഉരച്ചു ചേര്‍ത്തത് പോലല്ല പ്രിംന്റിംഗിന് മഷി കൂട്ടുന്നത്. ഇതൊക്കെ അറിയണമെങ്കില്‍ ആര്‍ ജി ബിയും സി എം വൈ കെയും അഡ്‌ജസന്റും കോമ്പ്ലിമെന്ററിയുമൊക്കെ അറിയാനുള്ള സെന്‍സ് ഉണ്ടാവണം..(ഠേം ഡേം)സെന്‍സിക്കിലിബ്ലിറ്റി ഉണ്ടാവണം...(ഠേം ഡേം) സെന്‍സര്‍റ്റിവിക്കിറ്റി ഉണ്ടാവണം...(ഠേം ഠേം ഡേം..!)
പ്രാഥമിക വര്‍ണ്ണങ്ങള്‍ ഏതൊക്കെയെന്ന് നമുക്കറിയാം. ചുവപ്പ്, മഞ്ഞ പിന്നെ നീല.
രണ്ട് പ്രൈമറി കളറുകളെ സംയോജിപ്പിച്ചാല്‍ സെക്കന്ററി കളര്‍ കിട്ടും.
പാരമ്പര്യ സെക്കന്ററി കളറുകള്‍ ഓറഞ്ച് (ചുവപ്പ്+മഞ്ഞ), പച്ച (മഞ്ഞ+നീല), പര്‍പ്പിള്‍ (നീല+ചുവപ്പ്) എന്നിവയാണല്ലോ?

പ്രൈമറി കളേഴ്സ് സംയോജിപ്പിച്ച് എത്ര നിറങ്ങള്‍ വേണമെങ്കിലും നമുക്ക് ഉണ്ടാക്കാമെന്നും നമുക്കറിയാം.
നിറങ്ങളെ നാം ദര്‍ശിക്കുന്നത് ഒരല്‍പ്പം വ്യത്യസ്തരീതിയിലാണ്. പ്രകാശം ഒരു പ്രതലത്തില് നിന്നും പ്രതിഫലിച്ച് കണ്ണിന്റെ റെറ്റിനയില് പതിക്കുമ്പോള് അനുഭവിക്കുന്ന കാഴ്ചക്കാണ് നിറം എന്നു പറയുന്നത്
ഒരു പ്രിസത്തിലൂടെ പ്രകാശം കടത്തിവിടുമ്പോള്‍ പ്രിസം പ്രകാശത്തെ മഴവില്‍ നിറങ്ങളായി വിഭജിക്കുന്നത് നാം കണ്ടിട്ടുണ്ടാവും. ഈ വര്‍ണ്ണരാജി പ്രധാനമായും മൂന്ന് വര്‍ണ്ണമേഖലകളായിരിക്കും. ചുവപ്പ്, പച്ച, നീല. (Red, Green, Blue – RGB).
ചുവപ്പ്, പച്ച, നീല (RGB) നിറമുള്ള പ്രകാശം ചേര്‍ന്ന് വെള്ള നിറമുള്ള പ്രകാശം സൃഷ്‌ടിക്കുന്നു. അഥവാ വെളുപ്പ് നിറം കിട്ടാനായി ചുവപ്പ്, പച്ച, നീല എന്നിവ സംയോജിക്കപ്പെട്ടു. അത് കൊണ്ട് ഇവയെ സംയോജിത പ്രാഥമിക വര്‍ണ്ണങ്ങള്‍ (additive primaries) എന്ന് വിളിക്കപ്പെടുന്നു.
ഇനി ഈ മൂന്ന് വര്‍ണ്ണങ്ങളില്‍ നിന്ന് ഏതെങ്കിലുമൊന്ന് ഒഴിവാക്കുക. അപ്പോള്‍ നമുക്ക് മറ്റു ചില നിറങ്ങള്‍ കിട്ടും. അതായത് ആര്‍ ജി ബിയില്‍ നിന്ന് റെഡ് കിഴിക്കുക. അപ്പോള്‍ കിട്ടുന്നത് CYAN എന്നൊരു നിറമായിരിക്കും. (Green+Blue).
RGB-Green= Magenta. (Red+Blue)
RGB-Blue= Yellow.(Red+Green)
ഈ നിറങ്ങളെ subtractive primaries എന്ന് വിളിക്കപ്പെടുന്നു.(CMY). ചിത്രം ശ്രദ്ധിക്കുക.

കാഴ്‌ചയില്‍ നമുക്ക് അനുഭവേദ്യമാകുന്ന നിറം പ്രകാശത്തിന്റെ പ്രതിഫലനമാണ്. പെയിന്റ് അഥവാ മഷി പ്രകാശമല്ലല്ലോ !
ഇതവിടെ നില്‍ക്കട്ടെ.
പ്രിന്റിനും വെബിനും വേണ്ടി കളറുകള്‍ പുനര്‍നിര്‍മ്മിക്കുന്നതെങ്ങനെയെന്ന് നോക്കാം.
നമ്മുടെ കമ്പ്യൂട്ടര്‍ മോണിറ്റര്‍ പ്രവഹിപ്പിക്കുന്നത് പ്രകാശമാണ്. അതു കൊണ്ട് തന്നെ നാം കാണുന്ന നിറങ്ങള്‍ നിര്‍മ്മിക്കുവാന്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നത് RGB എന്ന നിറമേഖലയാണ് എന്ന് മനസ്സിലാക്കാം. വെബിലേക്കോ സ്ക്രീനിലേക്കോ വേണ്ടി ഇമേജുകള്‍ തയ്യാറാക്കുമ്പോള്‍ RGB നിറങ്ങളുടെ വിവിധ അളവുകളാണ് നാം നീക്കിവെക്കുന്നത്.

ഇമേജ് കടപ്പാട്: http://bluelobsterart.com
ഫോട്ടോഷോപ്പ് മുതലായ നമ്മുടെ ഗ്രാഫിക് സോഫ്‌റ്റ്വെയറില്‍ താഴെ ഉദാഹരണത്തില്‍ കാണും വിധം RGB യുടെ സംഖ്യാക്രമീകരണം കാണാം.
255 RED - 255 GREEN - 0 BLUE
FF FF 00
1 മുതല്‍ 255 വരെയുള്ള അക്കങ്ങള്‍ ഓരോ നിറത്തിന്റെയും അളവിനെ കുറിക്കുന്നു. ഈ അളവുകള്‍ നമ്മുടെ കമ്പ്യൂട്ടറിനു മനസ്സിലാവുന്നതിന് വേണ്ടി ഹെക്സാഡെസിമല്‍ സംഖ്യാ സംവിധാനത്തിലേക്ക് പരിഭാഷപ്പെടുത്താറുണ്ട്. 255 RED - 255 GREEN - 0 BLUE എന്നത് ഹെക്സാഡെസിമലില്‍ FF FF 00FF FF 00
എന്നായി മാറും. ആദ്യ ജോഡി FF എന്നത് Red. രണ്ടാമത്തെ FF Green. 00 എന്നത് Blue.
255 നു തുല്യമായ ഹെക്സാ ആണ് FF. 0 നു തുല്യമായത് 00.

ഇമേജ് കടപ്പാട്: http://bluelobsterart.com
ഇങ്ങനെ പ്രകാശരൂപത്തില്‍ നാം കാണുന്ന നിറങ്ങളെ പ്രിന്റിനു വേണ്ടി പുനര്‍നിര്‍മ്മിക്കുന്നതെങ്ങനെ? നേരത്തേ Additive Primaries ല്‍ നിന്ന് നിറങ്ങള്‍ കുറച്ച് Subtractive primaries നിര്‍മ്മിക്കുന്നത് നാം കണ്ടു. പ്രകാശം യോജിച്ച് വര്‍ണ്ണങ്ങളുണ്ടാകുന്നത് പോലെയുള്ള നിറം പ്രിന്റിനു വേണ്ടി മഷി കൂട്ടുമ്പോള്‍ കിട്ടില്ല. ആയതിനാല്‍ CMY നിറങ്ങളുടെ വിവിധങ്ങളായ അളവുകള്‍ കറുപ്പ് മഷി (ബ്ലാക്കിനെ K എന്ന അക്ഷരം കൊണ്ട് സൂചിപ്പിക്കുന്നു. B എന്ന അക്ഷരം ബ്ലൂ കൊണ്ടുപോയത് കൊണ്ടാവാമിത്) കൂടി ചേര്‍ത്താണ് പ്രിന്റിനു വേണ്ട മഷി കൂട്ടുന്നത്. നിറങ്ങള്‍ ശതമാനക്കണക്കില്‍ കൂട്ടിയോജിപ്പിക്കുകയാണ് ചെയ്യുന്നത്.
ഉദാ:- 50% CYAN 100% YELLOW 25% MAGENTA.
അപ്പോള്‍ CMYK എന്ന കളര്‍ മോഡല്‍ എന്താണെന്ന് മനസ്സിലായി. പ്രിന്റിനുപയോഗിക്കുന്ന അനേകം കളര്‍ മോഡലുകളില്‍ ഒന്ന് മാത്രമാണ് CMYK.
ഇനി താഴെ ചിത്രങ്ങള്‍ ഒന്ന് നോക്കുക. അടുത്ത മൂന്ന് ഖണ്ഡികയില്‍ ഓരോന്ന് വായിക്കുമ്പോഴും ഈ കളര്‍ വീല്‍ ശ്രദ്ധിക്കണം.

Adjacent colours
ഒരു കളര്‍ വീലില്‍ അടുത്തടുത്തായി കാണപ്പെടുന്ന നിറങ്ങളെയാണ് Adjacent colours (തൊട്ടു കിടക്കുന്ന വര്‍ണ്ണങ്ങള്‍) എന്ന് പറയുന്നത്. ഇവ പരസ്പരം പൊരുത്തപ്പെടുന്നതിനാല്‍ ഇവയെ harmonizing colours എന്നും പറയാറുണ്ട്. ഉദാഹരണം പച്ചയും മഞ്ഞയും, പര്‍പ്പിളും മജന്റയും. സാധാരണഗതിയില്‍ ഒന്ന് മറ്റൊന്നിനോട് നന്നായി ചേര്‍ന്ന് പോകും. എന്നാല്‍ അടുത്തടുത്തുള്ള നിറങ്ങളുടെ മൂല്യം ഏറെ സമാനമാണെങ്കില്‍ ഒരു വാഷ്‌ഡ് ഔട്ട് എന്നപോലെയോ വ്യതിരിക്തത (കോണ്ട്രാസ്റ്റ്) കുറവായതു പോലെയോ തോന്നാം.
Complementary colours
കളര്‍വീലില്‍ ചില നിറങ്ങള്‍ മറ്റു നിറങ്ങളാല്‍ വേര്‍തിരിക്കപ്പെടുന്നുണ്ട്. അത്തരം വര്‍ണ്ണങ്ങളെ കോമ്പ്ലിമെന്ററി കളേഴ്സ് എന്ന് പറയാം. (Complementary colours). ചുവപ്പും പച്ചയും കോമ്പ്ലിമെന്ററി കളറുകളാണ്. ഈ കളറുകള്‍ അടുത്തടുപയോഗിച്ചാല്‍ ഒരു ‘വര്‍ണ്ണപ്രകമ്പനം‘ തന്നെ ഉളവായെന്ന് വരാം. കണ്ണിന് ക്ഷീണമുണ്ടാവുകയും ചെയ്യും. അതേ സമയം ഒരു പേജില്‍ മറ്റു നിറങ്ങളുമായി വേര്‍തിരിച്ച് ഉപയോഗിച്ചാല്‍ ഇവ ഒരുമിച്ച് പോകുകയും ചെയ്യും.
Clashing colours
കളര്‍വീലില്‍ ഒരു നിറത്തിന്റെ തികച്ചും എതിര്‍വശത്ത് നിലകൊള്ളുന്ന നിറങ്ങളെ ക്ലാഷിംഗ് കളേഴ്സ് (Clashing colours) എന്ന് വിളിക്കാം. ഉദാഹരണം മഞ്ഞയും നീലയും, പച്ചയും മജന്റയും.
മുട്ടന്‍ ഇടികൂടുന്ന നിറങ്ങളെന്നാണ് പേരെങ്കിലും ശ്രദ്ധയോടെ ഉപയോഗിക്കുമെങ്കില്‍ ഈ നിറങ്ങള്‍ മോശം കോംബിനേഷന്‍ ആവുകയില്ല. ഈ വര്‍ണ്ണങ്ങള്‍ നല്ല കോണ്ട്രാസ്റ്റും ദൃശ്യപരതയും പ്രദാനം ചെയ്യുന്നു.
ഇനി നമുക്ക് വര്‍ണ്ണങ്ങളുടെ അര്‍ത്ഥതലങ്ങളിലേക്ക് വരാം.
വര്‍ണ്ണങ്ങളെ അവയുടെ സ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ നാലു ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു. Cool, Warm, Mixed Cool/Warm, Neutral എന്നിങ്ങനെയാണ് ഗ്രൂപ് തിരിച്ചിരിക്കുന്നത്. ഓരോ ഗ്രൂപ്പിലെയും വര്‍ണ്ണങ്ങളേതെന്നും അവയുടെ അര്‍ത്ഥവും സവിശേഷതകളും എന്തെന്നും നമുക്ക് നോക്കാം.
Cool Colours.
നീല, പച്ച, വൈഢൂര്യം, വെള്ളി തുടങ്ങിയവും നിഷ്‌പക്ഷ നിറങ്ങളായ ഗ്രേ, വെളുപ്പ് മുതലായവയും കൂള്‍ കളേഴ്സിന് ഉദാഹരണമാണ്. (Blue, Green, Turquoise, Gray, Silver, White). ശാന്തമായ ഒരു ഭാവമാണ് കൂള്‍ കളേഴ്‌സിനുള്ളത്. ജലത്തിന്റെ നീലിമ. സസ്യ ജാലകങ്ങളുടെ ഹരിതം. പ്രകൃതിയുടെ, ജീവന്റെ വര്‍ണ്ണങ്ങള്‍. ഈ തണുത്ത നിറങ്ങള്‍ക്ക് ചൂടുപകരാന്‍ ഇവയ്‌ക്കൊപ്പം ചുവപ്പോ കുങ്കുമമോ പോലെയുള്ള ഊഷ്‌മള വര്‍ണ്ണങ്ങള്‍ ഉപയോഗിക്കാം. പശ്ചാത്തലത്തിലേക്ക് ഉള്‍വലിയുന്ന തണുത്ത വര്‍ണ്ണങ്ങളില്‍ അധീശത്വഭാവത്തോടെ അരുണവര്‍ണ്ണം വിലസും.
ഓരോ നിറങ്ങളുടെയും സ്വഭാവവും പ്രത്യേകതയും അര്‍ത്ഥവും ഉപയോഗരീതിയുമൊക്കെ മനസ്സിലാക്കല്‍ രസകരം തന്നെയാണ്.
ആദ്യമായി നീല തന്നെയാവട്ടെ.
നീല. പ്രശാന്തമായ നിറം. ഉറപ്പിന്റെയും സ്ഥൈര്യത്തിന്റെയും വര്‍ണ്ണമെന്നാണ് നീലയെ പറയുക. അതേ പോലെ തന്നെ ഹൃദ്യവുമാണ്. എല്ലാപേരും തന്നെ നീലയെ ഇഷ്‌ടപ്പെടുന്നു. നീല ഒരു പ്രകൃതി വര്‍ണ്ണമാണ്. ആകാശത്തിന്റെയും കടലിന്റെയും നിറം. അതു കൊണ്ട് തന്നെ ഇതൊരു യൂണിവേഴ്‌സല്‍ കളറാണ്. വിശ്വാസത്തിന്റെയും കൂറിന്റെയും വിജ്ഞാനത്തിന്റെയും പ്രതിപത്തിയുടെയും ധിഷ്ണയുടെയും സ്വര്‍ഗ്ഗത്തിന്റെയും പ്രതീകമാണ് നീല. ശരീരത്തിനും മനസ്സിനും ഗുണദായകമായ നിറമാണ് നീലയെന്നാണ് പറയപ്പെടുന്നത്. നീല മനുഷ്യ ശരീരത്തിലെ ചയാപചയങ്ങളെ ( human metabolism) മന്ദീഭവിപ്പിക്കുകയും ശാന്തത പ്രദാനം ചെയ്യുകയും ചെയ്യുന്നു.
നീല നിറം വൃത്തിയുമായും ആകാശം, വായു, വെള്ളം മുതലായവുമായും ബന്ധപ്പെട്ട ഉത്പന്നങ്ങള്‍ പ്രൊമോട്ട് ചെയ്യാന്‍ ഉപയോഗിക്കാവുന്നതാണ്. ഉദാ:- വാട്ടര്‍ പ്യൂരിഫിക്കേഷന്‍ ഫില്‍ട്ടറുകള്‍, ക്ലീനിംഗ് ലിക്വിഡ്, എയര്‍ ലൈനുകള്‍, എയര്‍ പോര്‍ട്ട്, മിനറല്‍ വാട്ടര്‍ മുതലായവ.
കോര്‍പ്പറേറ്റ് നിറമെന്നും നീല അറിയപ്പെടുന്നു. ഹൈടെക് ഉത്പന്നങ്ങള്‍ പ്രൊമോട്ട് ചെയ്യുവാന്‍ നീല ഉപയോഗിക്കപ്പെടുന്നു. നീല ഒരു മസ്‌കുലിന്‍ നിറമായതിനാല്‍ പുരുഷന്മാര്‍ക്കിടയില്‍ ഈ നിറത്തിന് നല്ല സ്വീകാര്യതയുണ്ട്.
ആഹാരവും പാചകവുമായി ബന്ധപ്പെട്ട ഉത്പന്നങ്ങള്‍ പ്രൊമോട്ട് ചെയ്യുമ്പോള്‍ നീല ഉപയോഗിക്കരുത്. കാരണം നീല നിറം വിശപ്പിനെ കെടുത്തുന്നതായി പറയപ്പെടുന്നു. ചുവപ്പ് , മഞ്ഞ തുടങ്ങിയ വാം കളറുകളോടൊപ്പം ഉപയോഗിക്കുമ്പോള്‍ വളരെയധികം ഇമ്പാക്റ്റ് ഉണ്ടാവും. ഡിസൈനുകളില്‍ ആവേശമുണര്‍ത്തുന്ന കളര്‍ സ്കീമാണീത്. ഉദാഹരണം ഒരു സൂപ്പര്‍ ഹീറോയ്ക്ക് യോജിച്ച നിറങ്ങളാണ് നീലയും മഞ്ഞയും ചുവപ്പും.
ഇളം നീല ആരോഗ്യം, രോഗശമനം, മൃദുലത മുതലായവുമായി ബന്ധപ്പെട്ടിരിക്കുന്നു.
കടും നീല വിജ്ഞാനം, ശക്തി, ഗൌരവം, ആര്‍ജവം മുതലായവയെ സൂചിപ്പിക്കുന്നു.
ഇനി കൂള്‍ കളേഴ്സിലെ മറ്റു നിറങ്ങള്‍, മറ്റു ഗ്രൂപ്പുകള്‍-അതിലെ നിറങ്ങള്‍-അര്‍ത്ഥങ്ങള്‍ ഇവയൊക്കെ ദൈവമനുവദിക്കുമെങ്കില്‍ പിന്നാലെ. അതു കൊണ്ട് (തുടരും)
16 comments:
നിറങ്ങളെന്നാല്‍ ചില പ്രാഥമികവര്‍ണ്ണങ്ങളുടെ സമ്മിശ്രണം മാത്രമല്ല. നിറങ്ങള്‍ വാക്കുകള്‍ക്കതീതമായ ആശയവിനിമയോപധി കൂടിയാണ്. നിറങ്ങള്‍ക്ക് ഒരു പ്രതീകാത്മകത്വം ഉണ്ട്. കേവലം ചായക്കൂട്ടിനുപരിയായ അര്‍ത്ഥതലങ്ങളുമുണ്ട്.
നിറങ്ങളെന്നാല്‍ ചില പ്രാഥമികവര്‍ണ്ണങ്ങളുടെ സമ്മിശ്രണം മാത്രമല്ല. ഇങ്ങനെയും ചില കാര്യങ്ങളുണ്ട് ല്ലേ
:-) നല്ല ലേഖനം. നീല(നിറം) എന്റെയൊരു വീക്ക്നെസാണ്...
ഇങ്ങിനെയുള്ള നിയമങ്ങളെല്ലാം പഠിച്ചിട്ട്, അവയെ അനുസരിക്കാതെ ഓരോന്ന് ഡിസൈന്‍ ചെയ്യുമ്പോളാണ് ശരിക്കും രസം. (പഠിച്ചിട്ട് ചെയ്താലേ പറ്റൂ, അല്ലതെ ചെയ്തിട്ട് കാര്യമുണ്ടാവണമെന്നുമില്ല... എല്ലാ ചക്ക വീഴുമ്പോഴും മുയല്‍ ചാവില്ലല്ലോ!)
--
ഗുഡ് വൺ,
ഞാനൊരു യെല്ലോ/ഓറഞ്ച് ആരാാധകനാണ്. കളറുകൾ മാത്രം മത്റ്റി ചിലതൊക്കെ എക്സ്പ്രസ് ചെയ്യാൻ.
പൊതുവേ ഉപയോഗത്തിൽ ഉള്ളത്.
കറുപ്പ്:ദുഃഖത്തെ സൂചിപ്പിക്കുന്ന്നു.
ചുവപ്പ്: തീവ്രത, കോംപറ്റീറ്റ്വ്‌വ്.
പച്ച: ഹരിതം, നിശ്‌ചലത, ശാന്തം.
വെള്ള: ശാന്തി, വൈസ്, സ്വച്‌ഛത
പർപ്പിൾ: റോയൽ, അരിസ്‌ട്രോക്രാറ്റിക്, ഇൻഹെറിറ്റൻസ് (പർപിൾ ദുഃഖത്ത്തിന്റെ നിറമാണെന്ന് ബ്ലോഗിലെവിടെയോ കേട്ടു. തെറ്റാണത്)
നീല: വിശ്വാസ്യത, ദ്ര്ഡത, ബുദ്ധി (കൂടുതൽ ആളുകൾ ഇതിനെ ആവശ്യമില്ലാതെ ഉപയോഗിച്ച് വഷളാക്കി)
മഞ്ഞ: യുവത്വം, ക്ഷമത, ചുറുചുറുക്ക്
പിങ്ക്: സ്ത്രീത്വം, നിർമ്മലം, ലളിതമായ,
അങ്ങനെ അങ്ങനെ...
ഇതിനെല്ലാം പുറമേ നിയമമില്ലായ്മയാണ് ഇതിന്റെ നിയമം!
നിറങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കാന്‍ ദൈവം തുണക്കട്ടെ എന്നാശംസിച്ചുകൊണ്ട് സസ്നേഹം രസികന്‍
നിറങ്ങളുടെ ഈ നൃത്തം കൊള്ളാലോ സിയാ.
തുടര്‍ന്നെഴുതൂ... ആശംസകള്‍..
സിയാ, നല്ല ലേഖനം.
ആ introduction കലക്കി ! മനോഹരം..
ബാക്കി കൂടി എഴുതൂ ..വായിച്ചു വന്നപ്പൊ ബാക്കി നിറങ്ങളെപ്പറ്റിയും കൂടുതലറിയാനൊരു ആകാംക്ഷ.. :)
നന്നായി സിയ.. നല്ല പോസ്റ്റ്.. അഭിവാദ്യങ്ങള്‍...
നിറങ്ങള്‍ കണ്ട് കണ്ണ് ബള്‍ബായി സിയാ...
നല്ല ലേഖനം.
താങ്കള്‍ ബ്ലോഗില്‍ അവസാനം വായിച്ച ലേഖനം ഏത് ? : സിയാ മാസ്റ്റര്‍ എഴുതിയ ‘നിറങ്ങളേ പാടൂ’ :)
-സുല്‍
സിയാദേ.. അന്നെ സമ്മതിച്ചിഷ്ടാ!
ബെസ്റ്റ് ലേഖനം..
അറിയേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ വസ്തുതകള്‍..ആകര്‍ഷകമായ വിവരണം.
പീ.ടി.കെ സിനിമയെടുക്കുന്നതു പോലെ സിയ വല്ലപ്പോഴുമൊക്കെ ഇതുപോലെ വിലയേറിയ ചില അറിവുകള്‍ പകര്‍ന്നു തരും.അതാകട്ടെ, ഉദാത്തവും.
നന്ദി, സിയാ ഈ പങ്കുവെക്കലിന്
-- മിന്നാമിനുങ്ങ്
സിയ, നല്ല ലേഖനം... ഇന്നാണ് വായിക്കാനൊത്തത്... നന്ദി :)
വളരെ ഉപകാരപ്രദം, ലോഗോ കളരിനെ കുറിച്ച് സിയാദ് പറയുമല്ലോ
നല്ല പോസ്റ്റ്.
thank you thank you...
Post a Comment