486 എന്നു കേട്ട് പണ്ടു പണ്ടു നടന്നൊരു സംഭവമാണെന്നു തെറ്റിദ്ധരിക്കണ്ട. വേറേ ഇന്‍സ്റ്റിട്ട്യൂട്ടിലൊക്കെ പീത്രി വെലസുമ്പളും ഞങ്ങടെ സ്ഥാപനത്തില്‍ 486 തന്നെ രാജാവ്. മഹാനായ ഡോസ് ഓയെസ്സിന്റെ നെഞ്ചത്ത് കേറി ആര്‍മ്മാദിക്കുന്നത് അപ്സരകന്യകളായ വേഡ്‌സ്റ്റാര്‍, ലോട്ടസ്, ഡീബെയ്സ് തുടങ്ങിയവര്‍. കൂട്ടിന്‍ ഒരു വിദൂഷകന്റെ റോളില്‍ ബേസിക്കും. സംശയിക്കണ്ട, പ്ലേ പറഞ്ഞിട്ട് എ.ബി.സി.ഡി അടിച്ച് റണ്‍ പറയുമ്പോള്‍ സംഗീതം പൊഴിക്കുന്ന അതേ ബേസിക് തന്നെ. സാറമ്മരൊക്കെ പറേന്നത് കേള്‍ക്കാം: “കോബോളൊക്കെ അറുപഴഞ്ചനാണടോ“.
തന്നേമല്ല, കോട്ടയത്തു പോയി ഹാര്‍ഡ്‌വെയര്‍ പഠിച്ച് ചങ്ങനാശ്ശേരീല്‍ ജോലി കിട്ടിയഅനില്‍ ഞങ്ങടെ പ്രദേശത്തെ താരമായിരുന്നു. ഞങ്ങടെ നാട്ടിലെ ഒരേയൊരു ഹാര്‍ഡ്‌വെയര്‍. വേഡും എക്സലും പഠിക്കാന്‍ പോകുന്ന സോഫ്റ്റ്വെയറന്മാര്‍ക്കു പോലും ആരാധ്യപുരുഷന്‍. അനിലാന്നെങ്കി ചങ്ങനാശ്ശേരീ ജോലി. നാട്ടില്‍ മരുന്നിനു പോലും വേറൊരു ഹാര്‍ഡ്‌വെയര്‍ ഇല്ല. ഇതെങ്ങനെങ്കിലും ഒന്നു പഠിച്ചെടുത്താല്‍ ഒരു വെലസു വെലസാമെന്ന എന്റെ മോഹം തികച്ചും ന്യായമായിരുന്നു.
അനിലു പഠിച്ച അതേ സ്ഥാപനത്തില്‍ തന്നെ - കോട്ടയം കൊറോണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‍നോളജിയില്‍ - ഹാര്‍ഡ്‌വെയര്‍ പഠിക്കാന്‍ ചേര്‍ന്നു. അനിലിന്റെ റെക്കമന്റേഷന്‍. അങ്ങനെ ഞാനും ഹാര്‍ഡ്‌വെയര്‍ ലോകത്തേക്ക് കാലെടുത്തു വെച്ചു. ഞാന്‍ വളരെ അഡ്‌വാന്‍സ്‌ഡായിത്തന്നെ ചിന്തിച്ചു. നിറയുന്നേനു മുമ്പ് തുളുമ്പിക്കാണിക്കണം. മാര്‍ക്കറ്റിംഗില്ലാതെ ഇന്നത്തെക്കാലത്ത് പിടിച്ചു നില്‍ക്കാന്‍ പറ്റുമോ?
ഹാര്‍ഡ്‌വെയര്‍ പഠിച്ചുതുടങ്ങിയ കാര്യം പരമാവധി പബ്ലിസിറ്റി ചെയ്തെന്റെ വായ കഴച്ചു. ആയിടക്ക് ആരെ, എവിടെ, എന്തിനു കണ്ടാലും ഇങ്ങനെയൊരു വാചകം ഞാന്‍ നിശ്ചയമായും ഫിറ്റ് ചെയ്തിരിക്കും. “ഈയിടെയായി തീരെ സമയമില്ല കേട്ടോ, ഞാന്‍ കോട്ടയത്ത് കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ പഠിക്കുകയല്ലേ, ഡെയ്‌ലി പോയി വരണം…”
ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്നും ഉപയോഗശൂന്യമായ മദര്‍ബോര്‍ഡ്, പവര്‍ സപ്ലൈ, മോഡം മുതലായവ ഉടന്‍ തന്നെ തിരിച്ചെത്തിക്കാമെന്ന ഉറപ്പില്‍ വീട്ടിലേക്കു കൊണ്ടുവരും. പിന്നെ കല്യാണവീടായാലും മരണവീടായാലും മദര്‍ബോര്‍ഡും കയ്യില്‍പ്പിടിച്ചാണ് പോകുന്നത്. ചെറുപ്പക്കാരാണ് ചോദിക്കുന്നതെങ്കില്‍ മറുപടി ഇങ്ങനെ: “സര്‍വ്വീസിനു തന്നതാ, ഇതിന്റെ നോര്‍ത്തു ബ്രിഡ്ജിനു എന്തോ തകരാറുണ്ട്. ശ്ശെടാ, ഇതെങ്ങോട്ടെങ്കിലും ഒന്നു വെച്ചിട്ടു വേണമല്ലോ സദ്യക്കിരിക്കാന്‍…പണിയൊഴിഞ്ഞിട്ടൊരു കല്യാണം കൂടാനും സമ്മതിക്കൂല്ലന്നു വെച്ചാല്‍…”
ഇത്തിരി പ്രായമുള്ളവര്‍ ചോദിക്കുകയാണെങ്കില്‍ മറുപടി അല്പം കൂടി വിശാലമാണ്. “ഹ ഹ, അതേ ഇത് കമ്പ്യൂട്ടറിന്റെ മദര്‍ബോര്‍ഡെന്നു പറയുന്ന സാധനമാ, ഫയങ്കര വെലയാ. നമ്മടെ സദാശിവന്‍ ഡോക്റ്ററുടെ വീട്ടിലെ കമ്പ്യൂട്ടറിന്റെയാ. ദാ, ഇതാണ് മോഡം. ഇതിനാത്തു കൂടിയാ ഈ എന്റര്‍നെറ്റൊക്കെ വരുന്നത്. ഇതു രണ്ടും കേടാ, റിപ്പയര്‍ ചെയ്യാന്‍ തന്നതാ…”
ഇമ്മാതിരി ടെക്‍നിക്കുകള്‍ക്കു പുറമേ, പഠിക്കും മുമ്പേ ഞാന്‍ ഹാര്‍ഡ്‌വെയര്‍ എഞ്ചിനീയര്‍ ആയതിനു പിന്നില്‍ എന്റെ അനിയമ്മാരുടേം അടുത്ത കൂട്ടുകാരുടേം അമ്മാവന്റെ മക്കടേം വിലയേറിയ അധ്വാനമുണ്ട്. വിലയേറിയത് എന്നതിന്റെ താല്പര്യം, എനിക്കു വേണ്ടിയുള്ള പ്രചരണപരിപാടികളുടെ പ്രതിഫലം അവന്മാര്‍ ക്യാഷ്, പൊറോട്ട-ഇറച്ചി, ബിരിയാനി മുതലായവയായി എന്നില്‍ നിന്നും പൂര്‍ണ്ണമായി വസൂലാക്കിയിട്ടുണ്ട് എന്നതാണ്.
പഠിക്കാന്‍ പോയി ഒരു മാസമേ ആയുള്ളൂ, അതാ വരുന്നു സര്‍വ്വീസിനുള്ള ആദ്യക്ഷണം. പത്തിയൂരില്‍ എന്റെ ഉമ്മയുടെ വീടിനടുത്തുള്ള ഒരു വീട്ടില്‍ ഇന്റര്‍നെറ്റ് കണക്റ്റ് ചെയ്തു കൊടുക്കണം. എന്റെ ഇളയ അമ്മാവനാണ് ഈ പ്രോജക്റ്റിലേക്ക് എന്നെ കരാര്‍ ചെയ്തത്. വല്യമ്മാവന്റെ മക്കള്‍ അദ്ദേഹത്തെയും തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു. ഇന്റര്‍നെറ്റില്‍ ഒന്നുരണ്ടുവട്ടം മദാലസാ ഡോട്ട് കോമും മലയാള മനോരമയും മമ്മൂട്ടി ഡോട്ട് കോമും കണ്ടിട്ടുള്ളതല്ലാതെ ഈ ലോകവലയെക്കുറിച്ച് യാതൊരു ബോധവും പൊക്കണവും എനിക്കില്ലായിരുന്നു. പ്രെഗ്‌നന്‍സി ടെസ്റ്റ് പോസിറ്റീവായ അവിവാഹിതയുടെ അവസ്ഥയിലായി ഞാന്‍. പടച്ചോനേ, ഇത്രേം വേഗം ഇങ്ങനെയൊരു കുരിശു തലേല്‍ കെട്ടിവെക്കപ്പെടുമെന്ന് ഞാന്‍ നിനച്ചതേയില്ല. പഠിച്ചു തീരുവോളം ഒരു സാവകാശം ഈ നാട്ടുകാര്‍ തരില്ലെന്നോ? അതിരു കടന്ന പ്രചാരണം വരുത്തിയ ദോഷം. ഒഴിഞ്ഞു മാറാന്‍ അമ്മാവന്‍ സമ്മതിച്ചില്ല. എന്നെക്കുറിച്ച് അത്രയേറെ അമ്മാവന്‍ ആ വീട്ടുകാരോടു പറഞ്ഞു കഴിഞ്ഞിരിക്കുന്നു. അമ്മാവനോടു പോലും സത്യം തുറന്നു പറയാന്‍ ദുരഭിമാനം എന്നെ അനുവദിച്ചതുമില്ല.
വരുന്നതു വരട്ടെ. അരക്കൈ നോക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. പരിഹാരമില്ലാത്ത പ്രശ്നങ്ങളില്ലല്ലോ? ഞാന്‍ കോട്ടയത്ത് ഇന്‍സ്റ്റിട്ട്യൂട്ടിലേക്ക് ഫോണ്‍ ചെയ്ത് ഇന്റര്‍നെറ്റ് കണക്റ്റ് ചെയ്യുന്നതെങ്ങനെയെന്ന് വിശദമായി അന്വേഷിച്ചു. മൊത്തോമൊന്നും മന്‍സ്സിലായില്ലെങ്കിലും ഏതാണ്ടൊക്കെ മനസ്സിലായതായി തോന്നി. ഒരു ധൈര്യമൊക്കെ സംഭരിച്ച് അമ്മാവനും ഞാനും കൂടി ആ വീട്ടിലെത്തി. അവിടെ പ്രായമായ ഒരമ്മാവനും അമ്മായീം അവരുടെ മരുമക്കളായ രണ്ടു സ്ത്രീകളും മാത്രം. ഗള്‍ഫിലുള്ള ഭര്‍ത്താക്കമ്മാരുമായി ചാറ്റ് ചെയ്യാനാണ് മരുമക്കള്‍ ലലനാമണികള്‍ക്ക് ഈ ഇന്റര്‍നെറ്റ്. ആര്‍ക്കും കമ്പ്യൂട്ടറിനെക്കുറിച്ചൊരു കുന്തോം അറിഞ്ഞുകൂടാ. ആഹാ..ധൈര്യമായി പണി പഠിക്കാം. എന്റെ ധൈര്യം കൂടി. സത്യത്തിന്റെ ഒരു വണ്‍ മന്ത് അണ്‍ലിമിറ്റഡ് ഞാന്‍ തന്നെ പോയി വാങ്ങിച്ചു. തൊട്ടുതൊഴുത് കണക്ഷന്‍ കര്‍മ്മങ്ങളാരംഭിച്ചു. മനസ്സിലാകുന്ന കാര്യങ്ങള്‍ വളരെക്കുറവ്. ഒന്നുമങ്ങോട്ടു ശരിയാകുന്നില്ല. എവിടെയോ എന്തൊക്കെയോ പ്രശ്‌നങ്ങള്‍. നേരം കുറേയായി. ഞാന്‍ വിയര്‍ത്തു. മനസ്സില്‍ ആകെ F1 വിളികള്‍. ദൈവമേ, രക്ഷിക്കണേ. എന്റെ ധൈര്യം ചോര്‍ന്നു തുടങ്ങി. എന്നെക്കോണ്ടിനി ഇതു നടക്കില്ല എന്ന തോന്നല്‍ ശക്തമായി. ഒരൈഡിയക്കു വേണ്ടി മനമുരുകി പ്രാര്‍ത്ഥിച്ചു. മൌസില്‍ തുരുതുരാ ഞെക്കി. അവസാനം എന്തോ തീരുമാനിച്ചുറപ്പിച്ച മട്ടില്‍ ഞാനെഴുന്നേറ്റു.
“ഓ.കെ”. ഞാന്‍ പറഞ്ഞു. എന്നിട്ടു കമ്പ്യൂട്ടര്‍ ഷട്ട്ഡൌണ്‍ ചെയ്തു. “ഇന്റെര്‍നെറ്റെല്ലാം ഓക്കെയായിട്ടുണ്ട്. പക്ഷേ 24 മണിക്കൂര്‍ കാത്തിരിക്കണം”.
“അതെന്തിനാ…” സ്ത്രീകളിരുവരും ഒരുമിച്ചു ചോദിച്ചു.
“അതോ, അത് കണക്ഷനുറയ്ക്കണം. ഞാനിപ്പോള്‍ കണക്ഷന്‍ റിക്വസ്റ്റ് മദ്രാസിലെഹെഡ്ഡാഫീസിലേക്കയച്ചിട്ടുണ്ട്. അതവിടെ ചെന്ന് കണക്ഷനുറക്കാന്‍ 24 മണിക്കൂര്‍ സമയം വേണം. അതുവരെ ആരും കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്യരുത്. ഞാന്‍ നാളെ വൈകിട്ടു വരാം…” അമ്മാവനെ കാത്തുനില്‍ക്കാതെ ഞാന്‍ പെട്ടെന്ന് പുറത്തിറങ്ങി.
കോട്ടയത്ത് ഇന്‍സ്റ്റിട്ട്യൂട്ടില്‍ ചെന്നു സാറമ്മാരുടെ കാലേ വീണു. എങ്ങനെങ്കിലും ഇന്നുതന്നെ ഇന്റര്‍നെറ്റു കണക്റ്റു ചെയ്യാന്‍ എന്നെ പഠിപ്പിക്കണം. നാട്ടിലൊരിടത്ത് കണക്ഷനുറയ്ക്കാന്‍ വെച്ചിട്ടു വരുവാ…അഭിമാനത്തിന്റെ പ്രശ്‌നമാണ്..കൈവിടരുത്. അലിവു തോന്നിയ ശ്യാം സാര്‍ ഇന്റര്‍നെറ്റു കണക്റ്റു ചെയ്യുന്നതെങ്ങനെയെന്ന് അഞ്ചാറുവട്ടം ലൈവായി കാണിച്ചുതന്നു. വൈകുന്നേരം തന്നെ ഞാനാ വീട്ടില്‍പ്പോയി അക്ഷരാര്‍ത്ഥത്തില്‍ കണക്ഷനുറപ്പിച്ചു. രൂപാ 250 എണ്ണി മേടിക്കുവേം ചെയ്തു.
ഒന്നു രണ്ടു മാസം കഴിഞ്ഞായിരുന്നു അടുത്ത കോള്‍. ഇത്തവണ ഒരു കൂട്ടുകാരനാണ് ഇടനില. ഒരു അധ്യാപകന്റെ വീട്ടിലാണ് പ്രശ്‌നം. സൌണ്ട് കേള്‍ക്കുന്നില്ല.അത്രേയുള്ളൂ. ഞാന്‍ പരിശോധിച്ചു. കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയറിന്റെ ഹിസ്റ്ററിയും ഫണ്ടമെന്റത്സും മാത്രം കൈമുതലായുള്ള എനിക്ക് സൌണ്ട് ഡ്രൈവറിന്റെയൊക്കെ സങ്കീര്‍ണ്ണതകള്‍ മനസ്സിലായതേയില്ല. ഡിവൈസ്, ഡിവൈസ് മാനേജര്‍ ഇതിന്റെ തിയറികളിലേക്ക് മാത്രം കടന്നിട്ടേയുള്ളായിരുന്നൂ.
ഊരിപ്പോരണമല്ലോ. പ്രശ്നപരിഹാരത്തിനുള്ള പോം വഴികള്‍ വല്ലോം ആ തിയറിക്ലാസ്സുകളിലെങ്ങാനുമുണ്ടോ? ചിന്തകള്‍ ക്ലാസ്സിലേക്കു പറന്നു. ഓരോരോ ആലോചനകള്‍ക്കിടയില്‍ ശ്യാം സാറിന്റെ വാക്കുകള്‍ ഓര്‍മ്മയില്‍. “മൈക്രോ പ്രോസ്സസറിന്റെ ശ്രദ്ധ ക്ഷണിക്കുന്നതിനായി ഡിവൈസുകള്‍ സി.പി.യു വിലേക്കയക്കുന്ന സിഗ്‌നലുകളെയാണ് ഇന്ററപ്റ്റ് റിക്വസ്റ്റ് ക്വറി അഥവാ IRQ എന്നു പറയുന്നത്…”
ഹിയ്യടാ…പെട്ടെന്നൊരൈഡിയ മിന്നി. സൌണ്ട് കേട്ടില്ലേലും എനിക്കു പറപറക്കാം.ഞാന്‍ തിരക്കിട്ടു ബാഗു പരിശൊധിക്കാന്‍ തുടങ്ങി. അതിനാത്തുള്ള കൊറേ സീഡിയും ഫ്ലോപ്പീമെല്ലാം വാരി നിലത്തിട്ടു. ശ്ശെ ശ്ശെ എന്നു കൂടെക്കൂടെപ്പറഞ്ഞു. കൈ നെറ്റിയിലടിച്ചു. പാന്റ്സിന്റെ പോക്കറ്റെല്ലാം പരിശോധിച്ചു. അധ്യാപകനായ ഗൃഹനാഥന്‍ ഉത്കണ്ഠയോടെ ചോദിച്ചു. എന്താ എന്തു പറ്റി?
നിരാശയോടെയും ക്ഷമാപണത്തോടെയും ഞാന്‍ പറഞ്ഞു: “ക്ഷമിക്കണം സാറേ, IRQ എടുക്കാന്‍ മറന്നു പോയി. IRQ ഇല്ലാതെ ഒരു പണീം നടക്കത്തില്ല. ഒരു പക്ഷേ ഞാനത് കോട്ടയത്ത് വെച്ചു മറന്നതാരിക്കും. സാരമില്ല സാറ്, ഞാന്‍ IRQ എടുത്തോണ്ട് പിന്നെ വരാം…”
IRQ എന്ന ആയുധം അരിവാളോ ചുറ്റികയാണൊന്നറിയാതെ സാറ് നക്ഷത്രമെണ്ണി നിന്നപ്പോള്‍ ഞാന്‍ ജീവനും കോണ്ടോടി. പിന്നൊരിക്കലും ആ വഴി പോയിട്ടേയില്ല.
ചുമ്മാതൊന്നുമല്ല, കുറെ പ്ലാനും പദ്ധതീമൊക്കെ മനസ്സില്‍ കണ്ടോണ്ടു തന്നെയാണ് കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ പഠിക്കണമെന്ന തീരുമാനം ഞാനെടുത്തത്. അക്കാലത്ത് ഹാര്‍ഡ്‌വെയര്‍ ‘എഞ്ചിനീയര്‍’മാര്‍ക്ക് ഞങ്ങടെ നാട്ടില്‍ ഒരൊന്നൊന്നര വെയ്‌റ്റായിരുന്നു. ഞങ്ങടെ കമ്പ്യൂട്ടര്‍ ഇന്‍സ്റ്റിട്ട്യൂട്ടില്‍ 486 നന്നാക്കാന്‍ വരുന്ന എഞ്ചിനീയര്‍ സാറമ്മാരുടെ ഒരു ഗമേം പവറും. ചാള്‍സ് ബാബ്ബേജ് പോലും അവരെക്കഴിഞ്ഞേയുള്ളൂ. അവരു കമ്പ്യൂട്ടറു നന്നാക്കുമ്പം ചുറ്റും നില്‍ക്കുന്ന പ്രിന്‍സിപ്പാളിന്റേം സാറമ്മാരുടേം ഒരു ഭവ്യത! ഒരു ബഹുമാനം!
അഭിപ്രായം by സിയ — ഫെബ്രുവരി 19, 2007 @ 2:47 pm
ഹൊ! ചാള്‍സ് ബാബേജിന്റെ പേരൊക്കെ പറയുന്നത് കേട്ടപ്പൊ ഞാനോര്‍ത്തു എന്തെങ്കിലുമൊക്കെ അറിഞ്ഞിട്ടാ ഈ പണിക്കിറങ്ങിയതെന്ന്! തുടക്കത്തിലേ ഇങ്ങനെയായിരുന്നെങ്കില്‍ ബാക്കി എന്തായിരിക്കും! പാവം കഫീലിന്റെ തലേവിധി തേച്ചാലും കുളിച്ചാലും മാറ്റാന്‍ പറ്റില്ലല്ലോ!
അഭിപ്രായം by ikkaas@പിക്കാസ് — ഫെബ്രുവരി 20, 2007 @ 6:54 am
സിയാ, മഹാ തരികിട ആയിരുന്നല്ലേ മുന്‍പ്. രസമുണ്ടൂട്ടോ വായിക്കാന്‍. ശരിക്കും ഇഷ്ടായി.
അഭിപ്രായം by ശ്രീജിത്ത് കെ — ഫെബ്രുവരി 20, 2007 @ 6:57 am
സിയാ….
അഭിപ്രായം by ഇത്തിരിവെട്ടം — ഫെബ്രുവരി 20, 2007 @ 7:13 am
ഹഹഹ ..
IRQ കലക്കി പൊരിച്ചു …. സമ്മതിച്ചു തന്നിരിക്കുന്നു.
ഇപ്പോഴും അതില്‍ കൂടുതലൊന്നും വിവരം ഇല്ലല്ലോ അല്ലേ
അഭിപ്രായം by തമനു — ഫെബ്രുവരി 20, 2007 @ 7:48 am
IRQ സൂപ്പര്‍
നഷ്ടപെട്ടുപോയ IRQ പിന്നെ എപ്പോഴെങ്കിലും കിട്ടിയോ..
അഭിപ്രായം by സിജു — ഫെബ്രുവരി 20, 2007 @ 11:53 am
…പ്രെഗ്‌നന്‍സി ടെസ്റ്റ് പോസിറ്റീവായ അവിവാഹിതയുടെ അവസ്ഥയിലായി ഞാന്‍…
നന്നായിരുന്നു IRQ
അഭിപ്രായം by അഗ്രജന്‍ — ഫെബ്രുവരി 20, 2007 @ 12:34 pm
സിയാ…അപ്പൊ ഗ്രാഫിക്സ് പഠിപ്പിക്കല്‍ മാത്രമല്ലാ….ചില ‘നമ്പറും’ കൈയില്‍ ഉണ്ട് അല്ലേ……ഇതെന്താ കണക്ഷന്‍ കുഴിച്ചിട്ടേക്കണാ….ഉറക്കാന്‍……..കൊള്ളാട്ടോ..ശരിക്കും ചിരിച്ചു….
അഭിപ്രായം by sandoz — ഫെബ്രുവരി 20, 2007 @ 1:43 pm
ഹാ ഹാ ഹാ കേമം തന്നെ..!
അഭിപ്രായം by ഏവൂരാന്‍ — ഫെബ്രുവരി 20, 2007 @ 4:41 pm
സിയാ കലക്കീട്ടുണ്ട് കേട്ടോ.
“പ്രെഗ്‌നന്‍സി ടെസ്റ്റ് പോസിറ്റീവായ അവിവാഹിതയുടെ അവസ്ഥയിലായി ഞാന്‍“
ആ വാചകം കലക്കീ കേട്ടോ. പിന്നെ IRQ എടുക്കാന്‍ പോയ ആ പോക്കും
അഭിപ്രായം by Shiju Alex — ഫെബ്രുവരി 20, 2007 @ 5:17 pm
ഇതു രസികന്‍:)
അഭിപ്രായം by തറവാടി — ഫെബ്രുവരി 20, 2007 @ 5:27 pm
really funny
അഭിപ്രായം by diva(d.s.) — ഫെബ്രുവരി 20, 2007 @ 6:16 pm
ഇക്കാസ്, ശ്രീജി, ഇത്തിരിവെട്ടം, തമനു, സിജു, അഗ്രജന്‍, സാന്‍ഡോസ്, ഏവൂരാന്‍, ഷിജുച്ചേട്ടന്‍, തറവാടി, ദിവാ…
പിന്നെ ഐ.ആര്‍.ക്യൂ വായിച്ചു നക്ഷത്രമെണ്ണിയ
മുഴുവന്‍ പേര്‍ക്കും ഉറച്ച നന്ദി!
അഭിപ്രായം by സിയ — ഫെബ്രുവരി 21, 2007 @ 11:44 am
IRQ എന്ന ആയുധം അരിവാളോ ചുറ്റികയാണൊന്നറിയാതെ സാറ് നക്ഷത്രമെണ്ണി നിന്നപ്പോള്‍ ഞാന്‍ ജീവനും കോണ്ടോടി. പിന്നൊരിക്കലും ആ വഴി പോയിട്ടേയില്ല.
Athu kalakki
അഭിപ്രായം by Rajesh — ഫെബ്രുവരി 22, 2007 @ 4:54 am
am from corona institute
got link to your website from a notice published on the notice board and read the story first there nice ziya
harish
അഭിപ്രായം by harish — ഓഗസ്റ്റ് 5, 2007 @ 3:44 am
പ്രിയ ഹരീഷ്,
ഈ ബ്ലോഗില്‍ വന്നതിനും കഥ വായിച്ചതിനും വളരെ നന്ദി.
കൊറോണ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുഴുവന്‍ അദ്ധ്യാപകര്‍ക്കും സുഹൃത്തുക്കള്‍ക്കും നന്ദി
അഭിപ്രായം by സിയ — ഓഗസ്റ്റ് 5, 2007 @ 5:23 am
സിയ, ഐ. ആര്‍. ക്യൂ വും കണക്ഷന്‍ ഉറയ്ക്കലും… വായിലെനാക്ക് തന്നെയാണ് പ്രധാന ആയുധം അല്ലേ…
ഇന്നസെന്റ് ഏതോ ഒരു സിനിമയില്‍ പഞ്ചമത്തിന്റെ ‘പ‘ കിട്ടാത്ത ഹാര്‍മോണിയം നന്നാക്കാനായി മുഴുവന്‍ തുറന്ന് കട്ടേം സ്പ്രിങ്ങും ഒക്കെ വേറേ വേറെ ആക്കി ഒടുക്കം കസ്റ്റമറുടെ അടുത്ത് ഒരു അഴിഞ്ഞ് കിടന്ന പാര്‍ട്ട് കാണിച്ച് പറഞ്ഞു “ദേ കെടക്കുണൂ പാ” അതുപോലെ കമ്പ്യൂട്ടര്‍ തുറന്ന് പൊടിയൊക്കെ തട്ടി എന്റെങ്കിലും കാണിച്ച് കൊടുത്ത് പറയായിരുന്നു, “ദേ കെടക്കുണൂ ഐ ആര്‍ ക്യൂ” ന്ന്
അഭിപ്രായം by പുള്ളി — ഓഗസ്റ്റ് 11, 2007 @ 5:12 pm
Good post.
Aliyan Alu Puli Thanne!!
അഭിപ്രായം by Neelan — ജൂണ്‍ 18, 2008 @ 10:13 am