Feb 4, 2010

ഒച്ചയില്‍ തളരുന്ന കേരളം

കേരളത്തെക്കുറിച്ച് എന്തെങ്കിലുമൊക്കെ കുറ്റവും കുറവും പറയല്‍ വിദേശമലയാളികളുടെ ഒരു ശീലമായിരിക്കുന്നു എന്നൊരാക്ഷേപമുണ്ട്. വല്ലപ്പോഴും നാട്ടിലെത്തുമ്പോള്‍
കാണുന്നതിലൊക്കെയും ദോഷം കണ്ടെത്തുന്ന പ്രവാസികളുടെ മനോഭാവത്തെ കേരളനിവാസികള്‍ രൂക്ഷമായി പരിഹസിക്കാറുമുണ്ട്.

കേരളത്തില്‍ കാര്യങ്ങളെല്ലാം തെറ്റായ ദിശയിലാണെന്ന അഭിപ്രായം എനിക്കില്ല. ഓരോരോ ന്യൂനതകള്‍ കണ്ടെത്താനും വിമര്‍ശിക്കാനും ഞാന്‍ ഉദ്യമിക്കുന്നുമില്ല. ഈ ലേഖനത്തിന്റെ ഉദ്ദേശ്യം അതൊന്നുമല്ല.

വിവിധതരം മലിനീകരണങ്ങളെക്കൂറിച്ചും  മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും നാം പതിവായി കേള്‍ക്കാറുണ്ട്, വായിക്കാറുണ്ട്, ചര്‍ച്ച ചെയ്യാറുണ്ട്. മലയാളിയുടെ ശുചിത്വബോധം വൈയക്തിമാണെന്നും അന്തരീക്ഷമോ വെള്ളമോ ഭൂമിയോ അശുദ്ധമാകുന്നതിലെ ആശങ്ക കേരളീയനില്ലെന്നും നാം നമ്മെത്തന്നെ പലവുരു ബോധ്യപ്പെടുത്താറുമുണ്ട്. എന്നിട്ടും പരിസ്ഥിതി നിയമലംഘനങ്ങള്‍ നാം നിര്‍ബാധം തുടരുന്നു. നമ്മുടെ തൊണ്ണൂറു ശതമാനം കിണറുകളിലെയും ജലം മലിനമാണെന്നറിഞ്ഞിട്ടും നാം കുറ്റകരമായ നിസ്സംഗത പുലര്‍ത്തുന്നു. ഭൂരിപക്ഷം നദികളിലെയും ആറുകളിലെയും ജലം കോളിഫോം ബാക്റ്റീരിയകളാല്‍ സമൃദ്ധമാണെന്നറിഞ്ഞിട്ടും നാം നദികളിലേക്കും നീരുറവകളിലേക്കും മാലിന്യങ്ങള്‍ തുടര്‍ച്ചയായി ഒഴുക്കിക്കൊണ്ടിരിക്കുന്നു.  (കേരള റൂറല്‍ വാട്ടര്‍ സപ്ലൈ ആന്‍ഡ് സാനിറ്റേഷന്‍സ് ഏജന്‍സി (കെ.ആര്‍.ഡബ്ല്യു.എസ്.എ) നടത്തിയ ഗുണമേന്മ പരിശോധനയിലും കേരള വാട്ടര്‍ അതോറിറ്റി നടത്തിയ പഠനത്തിലും തെളിഞ്ഞ വസ്തുത).

ദിനംപ്രതി 6756 ടണ്‍ നഗരമാലിന്യം സൃഷ്ടിക്കപ്പെടുന്ന കേരളത്തില്‍ പൂര്‍ണതോതില്‍ മാലിന്യ സംസ്‌കരണം ശാസ്ത്രീയമായ രീതിയില്‍ നടത്താന്‍ സംവിധാനമുള്ള ഒറ്റ കോര്‍പ്പറേഷനോ മുനിസിപ്പാലിറ്റിയോ ഗ്രാമപ്പഞ്ചായത്തോ ഇല്ല എന്നറിഞ്ഞിട്ടും നാം മണ്ണിനെയും വെള്ളത്തെയും വായുവിനെയും കൂടുതല്‍ മലിനമാക്കിക്കൊണ്ടേയിരിക്കുകയാണ്.  ഇത്രയും മാലിന്യം നമ്മള്‍ ഇതുവരെ എന്തുചെയ്യുകയായിരുന്നു എന്നു ചോദിച്ചാല്‍‍, മലിനമായ കിണറുകളും പുഴകളും ഭൂഗര്‍ഭജലവും ഒക്കെ അതിന്റെ മറുപടിയാണ്. പകര്‍ച്ചവ്യാധികള്‍ കൂടെക്കൂടെ താണ്ഡവമാടുന്നതില്‍ അദ്ഭുതം പോലുമില്ല നമുക്ക്.

മാലിന്യാവതാരങ്ങളില്‍ ഏറ്റവും അപകടകാരിയായതും സംസ്‌കരിക്കാന്‍ വിഷമമുള്ളതുമായ ആശു​പത്രി മാലിന്യങ്ങളും ഇലക്ട്രോണിക് മാലിന്യങ്ങളും (ഇ-മാലിന്യം) നമ്മുടെ ഉറക്കം കെടുത്താന്‍ തുടങ്ങിയിട്ടുണ്ട്. മാലിന്യസംസ്‌കരണം മാറ്റിനിര്‍ത്തിക്കൊണ്ട് ഇനിയുള്ള കാലം മുന്നോട്ടുപോകാനാവില്ല എന്നൊരു ചിന്ത ശക്തിപ്പെടുമ്പോള്‍ മാലിന്യസംസ്‌കരണത്തിനുള്ള പുതിയ പദ്ധതികളുമായി  ജനങ്ങളും ഭരിക്കുന്നവരും രംഗത്തെത്തുമെന്ന് ന്യായമായും ആശിക്കാം നമുക്ക്.

അങ്ങനെ മാലിന്യചിന്തകളാല്‍ മലിനമായ മനസ്സുമായി പത്രം തുറന്ന ഒരു പ്രഭാതത്തിലാണ് കേന്ദ്രസര്‍ക്കാര്‍ മറ്റൊരു മലിനീകരണം തടയാന്‍ നിയമം കൊണ്ടുവന്നതറിഞ്ഞത്. ശബ്‌ദമലിനീകണം. ഈ ലേഖനത്തിന് ആധാരവും ശബ്‌ദമലിനീകരണത്തെക്കുറിച്ചുള്ള ആശങ്കയാണ്.

“ശബ്ദമലിനീകരണത്തിനു തടയിടാന്‍ പുതിയ നിയമങ്ങള്‍. നഗരങ്ങളിലെ ശബ്ദസംവിധാനം നിയന്ത്രിക്കാന്‍ ദേശീയ ഏജന്‍സിക്കു രൂപം കൊടുത്തിട്ടുണ്ട്. വീട്ടില്‍ സംഗീതം ആസ്വദിക്കുന്നവര്‍ക്ക് അനുവദിച്ചിരിക്കുന്നത് 5 ഡെസിബെല്‍ ഫ്രീക്വന്‍സി. രാത്രി 10 മണിക്കുശേഷം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതിയില്ല. നിര്‍മാണപ്രവര്‍ത്തനങ്ങളോടൊപ്പം സംഗീതം, സംഗീത ഉപകരണങ്ങള്‍ എന്നിവയുടെ ശബ്ദം, പടക്കം പൊട്ടിക്കല്‍ തുടങ്ങി ഉറക്കത്തിന് തടസ്സമുണ്ടാക്കുന്ന ശബ്ദങ്ങളും മലിനീകരണത്തിന്റെ പരിധിയില്‍ പെടുത്തിയതായി കേന്ദ്ര വനം - പരിസ്ഥിതി മന്ത്രി ജയറാം രമേശ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജനവാസ പ്രദേശങ്ങളില്‍ രാത്രി പത്തിനും പുലര്‍ച്ചെ ആറിനുമിടയില്‍ ഈ വിലക്ക് ലംഘിക്കുന്നവര്‍ക്ക് ഏഴു വര്‍ഷംവരെ തടവോ ലക്ഷം രൂപവരെ പിഴയോ ലഭിക്കും. ഹോട്ടലുകള്‍, മാളുകള്‍, മറ്റു പൊതു പരിപാടികള്‍ എന്നിവിടങ്ങളിലും ശബ്ദനിയന്ത്രണമുണ്ട്” ഇങ്ങനെയാണ് വാര്‍ത്ത.

ശബ്ദമലിനീകരണത്തിന്റെ ഗൌരവം തികച്ചും ബോധ്യപ്പെട്ടതു കൊണ്ടാവണം ഇങ്ങനെ നിയമങ്ങള്‍. ഇവയൊക്കെ ഫലപ്രദമായി നടപ്പാക്കപ്പെടുമോ എന്നത് കണ്ടറിയേണ്ട കാര്യമാണ്.

ശബ്ദശല്യം കേരളത്തില്‍ വളരെക്കൂടുതലാണെന്ന് പറയാതെ തരമില്ല. ജനങ്ങളുടെ സ്വൈരം കെടുത്തുന്ന, ഭ്രാന്ത് പിടിപ്പിക്കും വിധമുള്ള ശബ്ദകോലാഹലങ്ങളാണ് കേരളത്തിലെവിടെയും, എല്ലായ്‌പ്പോഴും. ശബ്ദമുഖരിതമാണ് നമ്മുടെ നാട്. നിരത്തുകളിലെ നിരന്തരമായ ഹോണടി ശല്യം, കാതടപ്പിക്കുന്ന മൈക്ക് അനൌണ്‍സ്‌മെന്റുകള്‍, പരസ്യപ്രഘോഷണങ്ങള്‍, കവലപ്രസംഗങ്ങള്‍, സമ്മേളനങ്ങള്‍, പ്രകടനങ്ങള്‍, മുദ്രാവാക്യങ്ങള്‍, ആരാധാനാലയങ്ങളിലെ അനാവശ്യ ശബ്ദഘോഷം...നമുക്ക് സ്വൈരമില്ല.

കേരളത്തില്‍ ഇപ്പോള്‍ ഉത്സവക്കാലമാണ്. പൊട്ടിത്തെറിക്കുന്ന ശബ്ദം ഇല്ലാത്ത ഉത്സവങ്ങള്‍ ചിന്തിക്കാനാവാത്ത സാംസ്കാരിക ബോധമാണല്ലോ നമ്മുടേത്. ശബ്ദഘോഷം ഉത്സവപരിസരത്ത് മാത്രം ഒതുങ്ങുന്നില്ല ഇപ്പോള്‍. രണ്ട് കിലോമീറ്റര്‍ ചുറ്റളവിലെ ടെലഫോണ്‍ പോസ്റ്റുകളിലുടനീളം കോളാമ്പി സ്പീക്കറുകളാണ്. ശബ്ദം നിയന്ത്രിച്ചു വേണം ആഘോഷങ്ങളും ഉത്സവങ്ങളും നടത്താന്‍ എന്ന നിലപാടുകള്‍ വലിയ കോലാഹലമാണ് നമ്മുടെ സമൂഹത്തില്‍ ഉണ്ടാക്കുന്നത്.

ഈ ശബ്ദജാലങ്ങള്‍  മനുഷ്യന്റെ ശാരീരിക-മാനസികാരോഗ്യത്തെ ബാധിക്കുന്നതിനെക്കുറിച്ച് നാം എത്രത്തോളം ബോധവാന്മാരാണെന്നെനിക്കറിയില്ല. ദീര്‍ഘനാള്‍ ഒരേ ശബ്ദം ഏറ്റു കൊണ്ടിരിക്കുന്നത്  ആയുസ്സ് കുറയ്ക്കുന്നതായും മനുഷ്യനെ രോഗത്തിനടിമയാക്കുന്നതായും ലോകാരോഗ്യസംഘടന പുറത്തുവിട്ട പുതിയ തെളിവുകള്‍ പറഞ്ഞു തരുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകത്താകമാനം ഓരോ വര്‍ഷവും നടക്കുന്ന ഏതാണ്ട് എഴുപത് ലക്ഷം ഹൃദ്രോഗമരണങ്ങളില്‍ രണ്ട് ലക്ഷവും നിരന്തരമായ ശബ്ദത്തിന്റെ ശാരീരിക പ്രത്യാഘാതങ്ങളില്‍ നിന്ന് വികസിക്കുന്നതാണ്.

ഉച്ചത്തിലുള്ള ശബ്ദങ്ങള്‍ ഭയത്തിന്റെ സംവേദനമാണ് സൃഷ്‌ടിക്കുന്നത്. വലിയ ശബ്ദങ്ങള്‍ ഗര്‍ഭത്തിലായിരിക്കുമ്പോള്‍ പോലും കുട്ടിയുടെ ശരീരത്തെ ഞെട്ടിത്തരിപ്പിക്കുന്നു. കഠിനമായ ശബ്ദം കേട്ടാല്‍ അതിഗാഢമായ നിദ്രയില്‍ നിന്നു പോലും ഞെട്ടിയുണര്‍ന്ന് ചാടിയെഴുന്നേറ്റ് സംഭവിക്കാന്‍ പോകുന്നതിന്റെ ശരിതെറ്റുകള്‍ അളക്കാന്‍ നില്‍ക്കാതെ ഓടിമാറുന്ന പ്രവണത സാധാരണമാണ്. ശബ്ദത്തിന് നമ്മുടെ ശരീരത്തിനുള്ളില്‍ സ്ഥിരമായി നിലനില്‍ക്കുന്ന ജാഗരൂകതയുടെ ഒരവസ്ഥ സൃഷ്ടിക്കാന്‍ കഴിയുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. നാം ഉറങ്ങിക്കിടക്കുമ്പോഴും നമ്മുടെ മസ്തിഷ്‌‌‌കവും ശരീരവും ശബ്ദത്തോട് പ്രതികരിക്കുന്നുണ്ട്. ശരീരത്തിലെ കോര്‍ട്ടിസോള്‍, അഡ്രിനാലിന്‍, നോര്‍ അഡ്രിനാലിന്‍ എന്നീ സ്ട്രെസ്സ് ഹോര്‍മോണുകളുടെ അളവ് വര്‍ദ്ധിപ്പിച്ചു കൊണ്ടാണിത് നടക്കുന്നത്. ഭയസന്ധികളില്‍ ഓടി രക്ഷപ്പെടാന്‍ ശരീരത്തെ സജ്ജമാക്കുന്ന ഹോര്‍മോണുകളാണിവ. ഊര്‍ജ്ജപ്രവര്‍ത്തനങ്ങള്‍ വളരെ കാര്യക്ഷമമാക്കുക, അതിനായി രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുക, രക്തസമ്മര്‍ദ്ദം പെരുപ്പിച്ച് നിര്‍ത്തുക, അതോടൊപ്പം പ്രത്യുത്പാദനം, ദഹനം, വളര്‍ച്ച തുടങ്ങിയ പ്രവര്‍ത്തനങ്ങളെ താല്‍ക്കാലികമായി നിര്‍ത്തി വെക്കുക എന്നിങ്ങനെയൊക്കെ പെട്ടെന്നൊരു ആക്ഷന് ശരീരത്തെ ഒരുക്കുന്നവയാണ് ഈ ഹോര്‍മോണുകള്‍.

ഒരു ശബ്ദം ഒരാളെ നിരന്തരം ശല്യപ്പെടുത്തുന്നു എന്ന് കരുതുക. ഉദാഹരണത്തിന് റെയില്‍‌വേ ലൈനിനരുകില്‍ താമസിക്കുന്ന ഒരാളുടെ കാര്യമെടുക്കാം. ആദ്യമാദ്യം തീവണ്ടി ശബ്ദം അയാളെ വല്ലാതെ അലോസരപ്പെടുത്തും. ആഴത്തില്‍ നിന്നുള്ള ഉറക്കത്തില്‍ നിന്നു പോലും ഞെട്ടി എഴുന്നേല്‍ക്കും. ഓരോ ഞെട്ടിയുണരലിന്റെ നേരത്തും ആദ്യം പറഞ്ഞ സ്ട്രെസ്സ് ഹോര്‍മോണുകള്‍ അയാളുടെ ശരീരത്തില്‍ ചംക്രമണം നടത്തും. കാലം കഴിയുന്തോറും  ആ ശബ്ദം അയാള്‍ക്ക് ശീലമാകും. അത് അയാളെ ശല്യപ്പെടുത്താതാകും. പക്ഷേ ശരീരത്തില്‍ സൃഷ്‌ടിക്കപ്പെടുന്ന ഹോര്‍മോണ്‍ മാറ്റങ്ങള്‍ മാറില്ല. എത്ര പഴകിയാലും തീവണ്ടിയുടെ ഓരോ പാച്ചിലും അയാളില്‍ ഭയത്തിന്റെ സംവേദനങ്ങള്‍ സൃഷ്‌‌ടിച്ചു കൊണ്ടിരിക്കും. രക്ഷപ്പെടാനുള്ള ചോദന ഓരോ സമയത്തും ഹോര്‍മൊണ്‍ സ്രവിപ്പിക്കും. പക്ഷേ ഓരോ സമയത്തും മസ്തിഷ്‌കം ബോധ്യപ്പെടുത്തും, അത് തീവണ്ടിയാണ്, ഭയപ്പെടേണ്ട, ഇങ്ങോട്ട് വരില്ല. ശരീരത്തിലെ ഹോര്‍മോന്‍ അളവിലെ മാറ്റങ്ങള്‍ക്കനുസരിച്ച് ഉറക്കം കളയണ്ട. ശീലം മാനസികമായ ശല്യം കുറയ്ക്കും. പക്ഷേ ശാരീരികമായി ഉണ്ടാവുന്ന മാറ്റങ്ങള്‍ക്ക് ഒരു കുറവും വരുത്തുന്നില്ല.               

ഈ സ്ട്രെസ്സ് ഹോര്‍മോണുകള്‍ ശരീരത്തില്‍ സ്ഥിരമായോ ഇടവിട്ടോ നിലനില്‍ക്കുന്നത്
ശരീരത്തിന്റെ സാധാരണമട്ടിലുള്ള പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കുന്നു. (സ്ട്രെസ്സ് ഹോര്‍മോണുകളുടെ ഉത്പാദനത്തില്‍ റ്റെലിവിഷന്‍ കാഴ്‌ച്ചക്കുള്ള പങ്കിനെക്കുറിച്ച് മുമ്പ് എഴുതിയിട്ടുണ്ട് ഇവിടെ)  രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതിനായി നടക്കുന്ന വാസോകോണ്ട്രാക്ഷന്‍ ആത്യന്തികമായി ഹൃദ്രോഗത്തിലേക്ക് നയിക്കപ്പെടുന്നു. പെട്ടെന്നുള്ള ഊര്‍ജ്ജാവശ്യങ്ങള്‍ നിറവേറ്റാനായി നടത്തുന്ന ശ്രമങ്ങള്‍പ്രമേഹത്തിലേക്കെത്തിപ്പെടുന്നു. ദഹനം തടഞ്ഞു നിര്‍ത്തുന്നത് അള്‍സറിലേക്കും നയിക്കും. മസ്തിഷ്‌കത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഓര്‍മ്മയുടെ പ്രശ്‌നങ്ങളിലേക്കും ആത്മഹത്യാപ്രവണതയിലേക്കും പഠനവൈകല്യങ്ങളിലേക്കും ഒക്കെ നയിക്കും. മാനസികമായ നിലയില്‍ ആക്രമണസ്വഭാവത്തിന്റെ വര്‍ദ്ധനയും സഹകരണ സ്വഭാവത്തിന്റെ കുറവും കാണാനാകും. ചുറ്റുപാടും നിന്നുയരുന്ന ശബ്ദം ശല്യമാണെന്ന് നിരന്തരം തോന്നുകയും അതിനെതിരേ കഠിനമായ രോഷം തോന്നുകയും എന്നാല്‍ ശബ്ദശല്യത്തെ തടയാനാകാതെ വരികയും ചെയ്യുന്ന അവസ്ഥ സമ്മര്‍ദ്ദത്തെ പെരുപ്പിക്കും.

ശബ്ദശല്യം പഠനത്തിന്റെ കഴിവിനെയും ബാധിക്കും. അതികഠിനമായ ശബ്ദം ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളെ നേരിട്ട് ബാധിക്കുന്നു.  ശബ്ദസമ്മര്‍ദ്ദം മാനസികമായ താളപ്പിഴകള്‍ക്കും കാരണമാകുന്നു. വലിയ ശബ്ദങ്ങള്‍ കേള്‍വിയെ ബാധിക്കുന്നത് സര്‍വ്വസാധാരണമാണെന്ന് നമുക്കറിയാം. വെടിയൊച്ച കേട്ട് ചെവിക്കല്ല് തകര്‍ന്ന വ്യക്തിയാണ് നമ്മുടെ കരസേനാ മേധാവി ദീപക് കപൂര്‍. ശബ്ദം സൃഷ്‌ടിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് കൂടുതല്‍ ഗൌരവതരമായി നമ്മുടെ സമൂഹം ചിന്തിക്കണം. ഹൃദ്രോഗികളുടെയും പ്രമേഹരോഗികളുടെയും പറുദീസയായി കേരളം മാറിയതില്‍ ശബ്ദമലിനീകരണത്തിനുള്ള പങ്കിനെക്കുറിച്ചും നാം ആലോചിക്കേണ്ടതാണ്‍.
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ള പുതിയ ശബ്ദമലിനീകരണ നിയന്ത്രണ നിയമങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുമെന്ന് പ്രത്യാശിയ്‌ക്കാം.

Jan 24, 2010

ഇന്ദിരയെ വിളിക്കൂ, ഇന്ത്യയെ രക്ഷിക്കൂ...


കായംകുളത്തിനടുത്ത് ചൂനാട് ജംഗ്‌ഷനിലെ മുപ്പതു വര്‍ഷം പഴക്കമുള്ളൊരു ചുവരെഴുത്ത്...
 
1980 ലെ ലോക്‍സഭാ തെരഞ്ഞെടുപ്പ് പ്രചരണമാണ്.

 
തേവള്ളി മാധവന്‍ പിള്ള ഇന്ദിരാ കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ത്ഥി. ചിഹ്നം ആന. ആന്റണി അന്ന് ഇടതിന്റെ കൂടെ. പി.ജെ.കുര്യന്‍ സ്ഥാനാര്‍ത്ഥി.



ഇന്ദിരയുടെ തെളിച്ചം ഇന്ത്യയുടെ വെളിച്ചം!
80ല്‍ ഇന്ദിര ഇന്ത്യ ഭരിക്കും
അത് കണ്ട് നമ്പൂരി ഞെട്ടി വിറയ്‌ക്കും
എം.എന്‍.പിന്നെയും വാലാട്ടും
ആന്റണി അതു കണ്ട് തൂങ്ങി മരിക്കും!
(സി.എം.സ്റ്റീഫന്‍, എച്ച്.എന്‍.ബഹുഗുണ, ബ്രഹ്മാനന്ദ റെഡ്ഡി, കെ.കരുണാകരന്‍, കെ.എം. ചാണ്ടി എന്നിവര്‍ക്ക് സിന്ദാബാദുമുണ്ട്)


നിരണം പടയുടെ കാളരാത്രി ആവര്‍ത്തിക്കാതിരിക്കാന്‍
ഗുണ്ടാത്തലവന്‍ പി.ജെ.കുര്യനെ കെട്ടുകെട്ടിക്കുക.
അലഹബാദ് ഹൈക്കോടതി വിധിക്കെതിരേ ഇന്ദിര തന്നെ തുടരണമെന്ന് പറഞ്ഞ അന്തോണിയുടെ വിഴുപ്പ് ചുമക്കലാണോ മാര്‍ക്സിസം?
ഇടത് തട്ടിപ്പ്,വെട്ടിപ്പ് കറക്ക്കമ്പനിയെ അമ്പേ പരാജയപ്പെടുത്തുക.

(ഫലം വന്നപ്പോ കുര്യന്‍ ജയിച്ചു)

Jan 20, 2010

കായംകുളത്ത് നിന്നും പുറപ്പെടുന്ന ബസ്സുകളുടെ സമയവിവരം


കായംകുളത്ത് നിന്നും പുറപ്പെടുന്ന ഓര്‍ഡിനറി ബസ്സുകളുടെ സമയവിവരം.
കായംകുളം KSRTC സ്റ്റാന്റിലെ സമയവിവര ഫലകം!

Dec 20, 2009

മുത്തശ്ശിയും മാവും

പാറയ്‌ക്കാട്ടെ മുത്തശ്ശിയുടെ മൂവാണ്ടന്‍ മാവില്‍ കല്ലെറിഞ്ഞ വകയില്‍ വാങ്ങിക്കൂട്ടിയ ശകാരങ്ങള്‍ക്കും ശാപവചസ്സുകള്‍ക്കും കയ്യും കണക്കുമില്ലായിരുന്നല്ലോ എന്ന് ചിന്തിച്ചങ്ങനെ നിന്നത് അമ്മയുടെ തറവാട്ടില്‍ പോയനേരം പടിഞ്ഞാറ് വശത്തെ മുത്തശ്ശിയുടെ പറമ്പിലേക്കങ്ങനെ നോക്കി നിന്നപ്പോഴാണ്.
പാറയ്‌ക്കാട്ടെ വല്യ പറമ്പിലെ വല്യ വീട്ടിലെ  കുഞ്ഞായി മുത്തശ്ശി, കൂട്ടിന് ഏകമകള്‍ കൊച്ചായിയും.

കഴിഞ്ഞ കൊല്ലം മാങ്ങക്കച്ചവടക്കാരന്‍ പുരുഷന്‍ മൂവാണ്ടന്‍ മാവിലെ മൊത്തം മാങ്ങകള്‍ക്കും കൂടി ഒരോട വില അങ്ങ് പറഞ്ഞത്രേ.രണ്ടായിരം രൂപ. മുത്തശ്ശിക്ക് സന്തോഷമായി. അഞ്ഞൂറ്‌ അഡ്വാന്‍സും കൊടുത്ത് പിറ്റേ ദിവസം മാങ്ങ പറിയ്ക്കാനെത്തിയ പുരുഷന്‍ മൊത്തം മാങ്ങകളും പറിച്ച് കുട്ടയിലാക്കിയിട്ട് മാങ്ങാ പറിക്കുന്ന തോട്ടിയും ഇടുന്ന ഷര്‍ട്ടും മാവിന്‍ ചോട്ടില്‍ വെച്ചിട്ടു പറഞ്ഞു : “അമ്മേ, തോട്ടിയും ഉടുപ്പും ഇവിടിരിക്കട്ടെ, ഞാനീ കൊട്ടയെല്ലാം കൈവണ്ടീ കേറ്റി വെച്ചിട്ട് വരാം”. മാങ്ങാക്കുട്ടകള്‍ കൈവണ്ടീല്‍ കയറ്റാന്‍ പോയ പുരുഷനെ കൊല്ലമൊന്നു  കഴിഞ്ഞിട്ടും മഷിയിട്ടു നോക്കിയിട്ടും ആ ഭാഗത്തൊന്നും കണ്ടില്ലത്രേ! കണ്ണ് നട്ടു കാത്തിരുന്ന മുത്തശ്ശിയുടെ മങ്ങിയ കാഴ്‌ച്ചക്ക് കൂടുതല്‍ മങ്ങലേറ്റത് മിച്ചം.

ഇക്കൊല്ലം മാവില്‍ മാങ്ങാ നിറഞ്ഞപ്പോള്‍ വിലപറയാനെത്തിയത് മാങ്ങാ ഇന്‍ഡസ്‌ട്രിയിലെ പുതുമുഖങ്ങള്‍ അശോകനും.ഷറഫും.  മുത്തശ്ശി നല്ല കണക്കു കൂട്ടലില്‍ തന്നെ ആയിരുന്നു. മൂവായിരം രൂപ മുത്തശ്ശി ചോദിച്ചു. ആയിരത്തഞ്ഞൂറ്‌ അഡ്‌വാന്‍സ്. ബാക്കി തുക മാങ്ങാപറിക്കുന്നതിന് മുമ്പ് പേ ചെയ്തിരിക്കണം.  രണ്ടായിരത്തഞ്ഞൂറിന് ഉറപ്പിച്ചു. അശോകനും ഷറഫും നോക്കുമ്പോള്‍ ഈ വില വന്‍ ലാഭമെന്ന് കണ്ടു. മുത്തശ്ശി ആവശ്യപ്പെട്ട അഡ്വാന്‍സ് ആയിരത്തഞ്ഞൂറും നല്‍കി.

പിറ്റേ ദിവസം ഷറഫും അശോകനും മാങ്ങാ പറിക്കാനെത്തിയപ്പോള്‍ മാവ് നിന്നിടത്ത് മാവില പോലുമില്ലെന്‍ കണ്ട് ആശ്‌ചര്യപ്പെട്ടു, പരിഭ്രാന്തരുമായി! തത്സമയം പുളിന്തറയിലെ വാസു മൂവാണ്ടന്‍ മാവിന്റെ നീളന്‍ തടി വെട്ടിക്കീറി  തെക്കേപ്പറമ്പില്‍ കുഞ്ഞായി മുത്തശ്ശിക്ക് ചിതയൊരുക്കുകയായിരുന്നു!

Sep 5, 2009

ഫോട്ടോഷോപ്പ് ടിപ്‌സ് . 3 (Photoshop Tips. 3)

മുടങ്ങിക്കിടന്ന ഫോട്ടോഷോപ്പ് ടിപ്‌സ് വീണ്ടും :)

മുമ്പ് പ്രസിദ്ധീകരിച്ച INTERFACE TIPS, TOOLS TIPS എന്നിവ കണ്ടിരിക്കാന്‍ ഇടയില്ലാത്തവര്‍ അതു കൂടി നോക്കുമല്ലോ...


COMMAND TIPS

1.നാം ഒരിക്കല്‍ പ്രയോഗിച്ച ഫില്‍റ്റര്‍ കമാന്‍‌ഡ് (Filter) ഒന്നു കൂടി അപ്ലൈ ചെയ്യാന്‍ Ctrl+F. (Filter >Last Filter). പുതിയ സെറ്റിംഗ്‌സോടെ വീണ്ടും അപ്ലൈ ചെയ്യാന്‍ Ctrl+Alt+F.

അവസാനം പ്രയോഗിച്ച ഫില്‍റ്ററിന്റെ ഇഫക്റ്റുകള്‍ Fade ചെയ്യുന്നതിനോ അല്ലെങ്കില്‍ Blending Mode മാറ്റുന്നതിനോ Ctrl+Shift+F.(Edit>Fade "Filter ")

2.നിങ്ങള്‍ ഒരു ഇമേജ് കോപ്പി ചെയ്തിട്ട് പുതിയൊരു ഫയല്‍ ഉണ്ടാക്കുകയാണെങ്കില്‍ കോപ്പി ചെയ്ത ഇമേജിന്റെ അളവുകള്‍ (ക്ലിപ് ബോര്‍ഡിലുള്ള ഇമേജിന്റെ വലിപ്പം അനുസരിച്ച്) ഫോട്ടോഷോപ്പ് സ്വയം പുതിയ ഡോക്കുമെന്റിനു നല്‍കുന്നതായിരിക്കുമല്ലോ. ഇതൊഴിവാക്കി പഴയ അളവ് തിരിച്ചുവിളിക്കാന്‍ ആള്‍ട്ട് കീ കൂടി ഉപയൊഗിക്കുക. Ctrl+Alt+N.

അതേപോലെ പുതിയ ഡോകുമെന്റിനു നിലവില്‍ ഓപണ്‍ ചെയ്തിട്ടുള്ളതായ ഏതെങ്കിലും ഡോകുമെന്റിന്റെ അളവാണ് വേണ്ടതെങ്കില്‍ Ctrl+N പറയുമ്പോള്‍ വരുന്ന ഡയലോഗ് ബോക്സിലെ Preset എന്നിടത്തു ഏറ്റവും താഴെ നിന്നും ഓപണ്‍ ചെയ്തിട്ടുള്ളതായ ഡോക്കുമെന്റിന്റെ പേര് സെലക്റ്റ് ചെയ്താല്‍ മതി.

3.ഫോട്ടോഷോപ് കീബോഡ് ഷോട്ട്കട്ടുകള്‍ എഡിറ്റ് ചെയ്താല്‍ ജോലിയുടെ വേഗത കൂട്ടാം. Edit> Keyboard Shortcuts. ഉദാഹരണത്തിനു അണ്‍‌ഡു / റീ ഡു എന്നതിന് Ctrl+Z ആണ് Default. എന്നാല്‍ Undo എന്നതിനു Ctrl+Z ഉം Step Backward എന്നതിനു Ctrl+Z ഉം Step Forward എന്നതിനു Shift+Ctrl+Z ഉം അസൈന്‍ ചെയ്താല്‍ ഹിസ്റ്ററി സ്റ്റേറ്റുകളിലൂടെ പുറകോട്ടു പോകുന്നതിനു Ctrl+Z അടിച്ചു കൊണ്ടിരുന്നാല്‍ മതിയല്ലോ. ഡീഫാള്‍ട്ടായി 20 ഹിസ്റ്ററി സ്റ്റേറ്റുകള്‍ വരെ പുറകോട്ടു പോകാനേ പറ്റൂ. എന്നാല്‍ അത് ആയിരം വരെയായി നിജപ്പെടുത്താം. Edit>Preferences>General>History States.

4.കീബോഡ് ഷോട്ട്കട്ടുകള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ഇഷ്ടപ്രകാരം മാറ്റാവുന്നതും പുതിയവ നല്‍കാവുന്നതുമാണ്. Edit> Keyboard Shortcuts. ഇങ്ങനെ മാറ്റി അസൈന്‍ ചെയ്യുന്ന ഷോട്കട്ടുകള്‍ ഇഷ്ടമുള്ള പേരു കോടുത്ത് ഒരു ഫയലായി സേവ് ചെയ്യാം. ഇത് ഫോട്ടോഷോപ്പ് ഇന്‍സ്റ്റലേഷന്‍ ഫോള്‍ഡറിലെ (?:\Program Files\Adobe\Adobe Photoshop CS2\Presets\Keyboard Shortcuts) എന്ന ലൊക്കേഷനില്‍ കാണും. നിങ്ങള്‍ക്കത് കോപ്പി ചെയ്തു സൂക്ഷിക്കാം. ഏതു കമ്പ്യൂട്ടറിലും ഇതേ ലൊക്കേഷനിലേക്ക് (?:\Program Files\Adobe\Adobe Photoshop CS2\Presets\Keyboard Shortcuts) പേസ്റ്റ് ചെയ്തിട്ട് കീ ബോഡ് ഷോട്ട് കട്ടിലെ Set എന്നിടത്ത് പ്രസ്തുത ഫയല്‍ നെയിം സെലക്റ്റ് ചെയ്താല്‍ നിങ്ങള്‍ക്ക് എവിടെയും നിങ്ങളുടെ സ്വന്തം ഷോട്കട്ട്സ് ഉപയോഗിക്കാം.

(Note:- ഇത് CS വേര്‍ഷനുകളുടെ വിന്‍ഡോസ് സെറ്റിംഗ്സ് ആണ്. "?" Program Files ഉള്ള ഡ്രൈവിനെ കുറിക്കുന്നു. CS 4 വേര്‍ഷനില്‍ Presets ലൊക്കേഷന്‍ ഇതാണ്. C:\Documents and Settings\"Computer name" \Application Data\Adobe\Adobe Photoshop CS4\Presets\Keyboard Shortcuts).

5.ഫോര്‍ഗ്രൌണ്ട് കളര്‍ ഫില്‍ ചെയ്യുന്നതിനു Alt+Delete (അല്ലെങ്കില്‍ Backspace) (Edit>Fill>. ബാക്ക്ഗ്രൌണ്ട് കളര്‍ ഫില്‍ ചെയ്യുന്നതിന് Ctrl+Delete (അല്ലെങ്കില്‍ Backspace). Shift+Backspace ഉപയോഗിച്ചാല്‍ ഫില്‍ ഡയലോഗ് ബോക്സ് വരും. ഇനിയൊരു വിശേഷപ്പെട്ട സംഗതി പറയാം. മേല്‍പ്പറഞ്ഞ ഷോട്ട്കട്ടുകള്‍ ഉപയൊഗിച്ച് ഫില്‍ ചെയ്യുമ്പോള്‍ ഡോകുമെന്റിലൊന്നാകെ അല്ലെങ്കില്‍ സെലക്റ്റ് ചെയ്ത ഭാഗത്ത് മാത്രം കളര്‍ നിറയും. എന്നാല്‍ ഒരു ഡോകുമെന്റില്‍ ലേയറിലെ പിക്സല്‍ ഉള്ള സ്ഥലത്തു മാ‍ത്രം സെലക്റ്റ് ചെയ്യാതെ തന്നെ കളര്‍ നിറയാന്‍ Shit+Alt+Delete (ഫോര്‍ഗ്രൌണ്ട് കളറിന്) Shift+Ctrl+Delete (ബാക്ക്ഗ്രൌണ്ട് കളറിനു). മുമ്പ് ലേയറിന്റെ പാഠത്തില്‍ പറഞ്ഞ Lock Transparent Pixels ഓര്‍ക്കുക.

6.Transform നമുക്കറിയാം. Ctrl+T ആണ് ഷോട്ട്കട്ട്. (Edit>Transform> Free Transform). ലേയറിന്റെ ഒരു ഡ്യൂപ്ലിക്കേറ്റെടുത്ത് Transform പ്രയോഗിക്കുവാന്‍ Alt+Ctrl+T. അവസാന Transformation ആവര്‍ത്തിക്കുവാന്‍ Shift+Ctrl+T. ലേയര്‍ ഡ്യൂപ്ലിക്കേറ്റുകള്‍ ഉണ്ടാക്കി Transformation ആവര്‍ത്തിക്കുവാന്‍ Shift+Ctrl+Alt+T. പ്രയോഗിച്ചു നോക്കൂ…രസകരമാണ്. ഒരു ഹിന്റ് തരാം. ഒരു ഡോക്കുമെന്റില്‍ പുതിയൊരു ലേയര്‍ ഉണ്ടാക്കുക. (Shift+Ctrl+N). എന്നിട്ട് റെക്റ്റാംഗുലര്‍ മാര്‍ക്യൂ റ്റൂള്‍ എടുത്ത് നന്നേ കുറഞ്ഞ വീതിയില്‍ ഇത്തിരി നീളത്തില്‍ ഒരു സെലക്ഷന്‍ ഉണ്ടാക്കുക. ഫോര്‍ഗ്രൌണ്ട് കളര്‍ സെലക്റ്റ് ചെയ്ത് Alt+Delete (Backspace) പറയുക. സെലക്ഷന്‍ വിടാതെ തന്നെ Alt+Ctrl+T പറയുക. ഒരു പന്ത്രണ്ട് ഡിഗ്രി ആങ്കിളില്‍ (ഏകദേശം) വലത്തോട്ട് ചരിക്കുക.ഓപ്‌ഷന്‍ ബാറിലെ ശരിയില്‍ ക്ലിക്ക് ചെയ്യുക അല്ലെങ്കില്‍ രണ്ടു തവണ എന്റര്‍ പ്രെസ്സ് ചെയ്യുക. സെലക്ഷന്‍ വിടരുത്. ഇനി Shift+Ctrl+Alt+T മൂന്നു നാലു തവണ പറയുക. എന്തു സംഭവിച്ചു? സെലക്ഷന്‍ വിടാതെയിരുന്നാല്‍ ഈ കറക്കമെല്ലാം ഒറ്റ ലേയറില്‍ കിട്ടും. സെലെക്ഷന്‍ ഒഴിവാക്കിയിട്ടാണ് ചെയ്യുന്നതെങ്കില്‍ ഒത്തിരി ലേയറുകള്‍ ഉണ്ടാവും.

7.ക്രോപ്പ് റ്റൂള്‍ ഉപയോഗിച്ച് ക്രോപ്പ് ചെയ്യുമ്പോള്‍ ഇമേജ് ബോര്‍ഡറുകളില്‍ സ്നാപ്പ് ചെയ്യുന്നതായി തോന്നും.(തട്ടി നില്‍ക്കുന്നത് പോലെ). ഇതൊഴിവാക്കാന്‍ ക്രോപ്പ് ഹാന്‍ഡില്‍‌സ് ഡ്രാഗ് ചെയ്യുമ്പോള്‍ Ctrl കീ അമര്‍ത്തിപ്പിടിച്ചാല്‍ മതി.

8.ചരിഞ്ഞോ വളഞ്ഞോ ഇരിക്കുന്ന ഒരു ഇമേജ് ഒരു പരിധി വരെ നേരെയാക്കാന്‍ :
മെഷര്‍ റ്റൂള്‍ എടുത്ത് ചരിവിന് അനുസൃതമായി (വെര്‍ട്ടിക്കലായോ ഹോരിസോന്‍‌ഡലായോ) ഒരു വര വരയ്ക്കുക. ഉദാഹരണത്തിന് ഇമേജിന്റെ വശങ്ങളിലേക്കൊ, ഒരു വാതിലിന്റെ ഫ്രെയിമുകളിലേക്കോ അല്ലെങ്കില്‍ ഒരു ചിത്രത്തിലെ ഒരാളിന്റെ കണ്ണുകള്‍ തമ്മിലോ മെഷര്‍ റ്റൂള്‍ കൊണ്ട് വര വരയ്ക്കുക) എന്നിട്ട് Image>Rotate Canvas>Arbitary…എന്നിട്ട് അങ്ങനെതന്നെ OK പറയുക.
ക്രോപ്പ് റ്റൂള്‍ ഉപയോഗിച്ചും ചരിവു നേരെയാക്കാം. ക്രോപ്പ് റ്റൂള്‍ [C] എടുത്ത് ചതുരത്തില്‍ ഡ്രാഗ് ചെയ്യുക. ഇമേജിന്റെ ചരിവിനനുസരിച്ച് ക്രോപ്പ് മാര്‍ക്യൂ റൊട്ടേറ്റ് റൊട്ടേറ്റ് ചെയ്യുക. (റൊട്ടേറ്റ് ചെയ്യുന്നതിനായി മൌസ് പോയിന്റര്‍ ക്രോപ്പ് മാര്‍ക്യൂവിനു പുറത്തേക്ക് കൊണ്ടുവന്നാല്‍ മതി). ചരിവു ശരിയായിതോന്നുമ്പോള്‍ എന്റര്‍ പ്രെസ്സ് ചെയ്യുക. ദാ ചരിഞ്ഞവന്‍ നിവര്‍ന്നു.

9.ക്രോപ്പ് ചെയ്യുമ്പോള്‍ ക്രോപ്പ് ബൌണ്ടറിയുടെ പുറത്തുള്ള പിക്സലുകള്‍ നഷ്‌ടപ്പെടും. ഇതൊഴിവാക്കാന്‍ കാന്‍‌വാസ് സൈസ് കമാന്‍ഡ് ഉപയോഗിക്കാം.
(Image > Canvas Size). എന്നിട്ട് കാന്‍‌വാസ് സൈസ് ചെറുതാക്കുക. പുറത്തുള്ള ചില ഭാഗങ്ങള്‍ നഷ്‌ടപ്പെടുമെന്ന് ഫോട്ടോഷോപ്പ് നമ്മെ ഭീഷണിപ്പെടുത്തുമെങ്കിലും ഒന്നും സംഭവിക്കില്ല. ഇമേജുകള്‍ സുരക്ഷിതമായിരിക്കും.

10.കോപ്പി പേസ്റ്റും കട്ട് പേസ്റ്റും ഒറ്റയടിക്ക് ചെയ്യാന്‍: Layer Via Copy [Ctrl+J]
(Layer > New >Layer Via Copy) അല്ലെങ്കില്‍ Layer Via Cut [Ctrl+Shift+J] (Layer > New > Layer Via Cut).