Jan 6, 2008

അങ്ങനെ ഒരു ഡയറക്റ്റ് മാര്‍ക്കറ്റിംഗ് - 1

2007 ജനുവരി 27 ന് ‘അങ്ങനെ ഓരോന്നില്‍ ’ പ്രസിദ്ധീകരിച്ചത്

കൌമാരമൊക്കെ കഴിഞ്ഞു യുവത്വത്തിലേക്കു പ്രവേശിക്കുന്ന സുരഭില കാ‍ലഘട്ടം പ്രാരബ്ധങ്ങളുടേത് കൂടിയാ‍യിരുന്നു. “എത്ര കാലമാടാ തന്തേടേം തള്ളേടേം ചെലവില്‍” എന്ന മാതാജിയുടെ മന്ത്രോച്ചാരണം പുളകിതമാ‍ക്കിയിരുന്ന പുലര്‍വേളകള്‍. പുറത്തിറങ്ങുമ്പോള്‍ എതിരേ വരുന്ന മൂപ്പിത്സിന്റെ കുശലാന്വേഷണം.“ ജോലിയൊന്നുമായില്ല, ഇല്ലിയോ മോനേ…” ഒന്നും മിണ്ടാതെ നടന്നു നീങ്ങുമ്പോള്‍ മൂ‍പ്പിലാന്റെ ആത്മഗതം കേള്‍ക്കാം…“കാല്‍ സറായീം കേറ്റി രാവിലെ എറങ്ങിക്കോളും, നാട്ടുകാരുടെ നെഞ്ചത്തു കേറാന്‍…എവനെക്കൊണ്ടൊന്നും ജോലീം വേലേമെടുക്കാന്‍ ആകത്തില്ല…”

തങ്കപ്പണ്ണന്റെ മുറുക്കാന്‍ കടേലെ ബെഞ്ചിലിരുന്ന് തല ചൊറിയും. “അമ്മാ വല്ലതും തരണേക്ക്” അമ്പത് പൈസാ കൈവെള്ളയിലേക്കെറിഞ്ഞു കൊടുക്കുന്ന ധനിക വീട്ടമ്മയുടെ ധാര്‍ഷ്ട്യത്തോടെ തങ്കപ്പണ്ണന്‍ കയ്യിലേക്കെറിഞ്ഞു തരും…ഒരു പൊതി മൈസൂര്‍ ബീഡി! മുറുക്കാന്‍ കടേലെ പറ്റുപടി റോക്കറ്റ് കണക്കേ മുകളിലേക്കുയരുന്നതിന്റെ സന്തോഷപ്രകടനം മാത്രമാണത്. വില്‍സ് , സിസര്‍ ഫില്‍ട്ടര്‍ തുടങ്ങിയ ആഡ്യ മഞ്ഞപ്പഞ്ഞിക്കാരില്‍ നിന്നും ഫില്‍ട്ടറില്ലാത്ത സാദാ സിസര്‍, നാലണയുടെ ചാര്‍മിനാര്‍ എന്നിവര്‍ വഴി ഇപ്പോള്‍ എത്തി നില്‍ക്കുന്നത് നാലണക്ക് നാലുള്ള മൈസൂ‍ര്‍ ബീഡിയിലാണ്.

ജോലിക്കൊന്നും ശ്രമിക്കാഞ്ഞിട്ടല്ല. മഹത്തായതെന്നു ലോകം വാഴ്ത്തുന്ന വാധ്യാരു പണിയില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് താ‍നും. വീടു വീടാന്തരം കയറിയിറങ്ങി കുട്ടികളെ പഠിപ്പിക്കുന്ന ‘ഹോം ട്യൂഷന്‍’ എന്ന കലാപരിപാടിക്ക് ‘കറവ’ എന്നാണ് നാട്ടുകാര്‍ കല്‍പ്പിച്ചു നല്‍കിയിരിക്കുന്ന ഓമനപ്പേര്. ‘കറക്കു’ന്നത് പശുക്കളെയല്ല, പിഞ്ചുപൈതങ്ങളെയാണെന്ന് മാത്രം. ഒന്നു രണ്ടു കറവ സ്വന്തമായി ഉണ്ടെങ്കിലും കറവക്കാശ് മൂക്കിപ്പൊടിക്കു പോലും തികയുന്നില്ല.

ട്യൂട്ടോറിയല്‍ കോളജില്‍ പഠിപ്പിക്കുന്നത് കൊണ്ട് രണ്ട് ലാഭമുണ്ട്. “വാധ്യാരേ…..”ന്ന് നാട്ടുകാരുടെ നീട്ടിയുള്ള പരിഹാസവിളിയും അരുതാത്തിടങ്ങളില്‍ അരുമശിഷ്യന്മാരെയെങ്ങാനും കണ്ടുപോയാല്‍ “ഇങ്ങേര്‍ക്കിതെന്തിന്റെ കേടാ, എഴുന്നെള്ളാന്‍ കണ്ട നേരമെന്ന” അവന്മാരുടെ കുശുകുശുപ്പും. ‘അക്ഷരാ കോളജില്‍‘ നിന്ന് മൊത്തത്തില്‍ കിട്ടുന്ന ഫീസ് പ്രിന്‍സിപ്പാളിന്റെ സഹധര്‍മ്മിണിക്ക് കണ്മഷി വാങ്ങാന്‍ പോലും തികയുന്നില്ലത്രേ. അങ്ങേരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. ഉത്സവക്കമ്മിറ്റിക്ക് പിരിവു കൊടുക്കാന്‍ അറുക്കി ആനവാരി രാമന്‍നായര്‍ക്കുണ്ടാകുന്ന മന:പ്രയാസത്തേക്കാള്‍ ഒത്തിരി കൂടുതലാണ് ഫീസു കൊടുക്കുന്ന കാര്യത്തില്‍ വത്സലശിഷ്യന്മാര്‍ക്കുണ്ടാകുന്നത്.

അങ്ങനെ കഴിഞ്ഞുകൂടുന്ന സമ്മോഹന കാലഘട്ടത്തിലാണ് പതിവുള്ള പത്രവായനക്കിടയില്‍ പതിവില്ലാത്തൊരു ശീലം പിടികൂടിയത്- ക്ലാസിഫൈഡ്സ് പേജ് അരിച്ചുപെറുക്കല്‍. ഏതൊക്കെ തൊഴിലുടമകള്‍ എന്തൊക്കെ തൊഴിലുകള്‍ വെച്ചു നീട്ടിയാണ് നമ്മെ മാടി മാടി വിളിക്കുന്നത് എന്ന ആത്മാര്‍ത്ഥമായ ഒരന്വേഷണം. ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ എന്ന വേദവാക്യം അന്വര്‍ത്ഥമാ‍ക്കിക്കൊണ്ട് ഒരുനാള്‍ ഞാനും കണ്ടെത്തി; ഒരു എമണ്ടന്‍ പരസ്യം!

“മാനേജ്മെന്റ് ട്രെയിനികളെ ആവശ്യമുണ്ട്
നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റിംഗ് കമ്പനിയിലേക്ക് മാനേജ്മെന്റ് ട്രെയിനികളെ ആവശ്യമുണ്ട്. തെരെഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 3 മാസത്തെ ട്രെയ്നിംഗിനു ശേഷം മാനേജര്‍ തസ്തികയില്‍ 15000 രൂപ ശമ്പളത്തില്‍ സ്ഥിര നിയമനം. ട്രെയ്നിംഗ് കാലയളവില്‍ പ്രതിമാസം 6000 രൂപ സ്റ്റൈപ്പന്റ്. ഉടന്‍ അപേക്ഷിക്കുക…”

ഒരാന്തലോടെ കിടക്കപ്പായയില്‍ നിന്നു ചാടിയെഴുന്നേല്‍ക്കാന്‍ തുനിഞ്ഞതാണ്. എന്നാല്‍ ആത്മസംയമനം പാലിക്കാന്‍ പൂര്‍വ്വാനുഭവങ്ങള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചവശ്യപ്പെട്ടതിനാല്‍ വലിയ ആമോദമൊന്നും പുറത്തു കാട്ടാതെ പതുക്കെമാത്രം എഴുന്നേറ്റു. അനുഭവം ഗുരു…ഓരോ പി.എസ്.സി വിജ്ഞാപനം പുറത്തിറങ്ങുമ്പോഴും പൊറുതിമുട്ട് വീട്ടുകാര്‍ക്കാണ്.
ലോട്ടറിയടിച്ച വിവരം പറയാന്‍ പാഞ്ഞു വരുന്ന ഏജന്റിനെപ്പോലെ കുതിച്ചൊരു വരവാണ് വീട്ടിലേക്ക്…പിതാജി കഴുത്തിനു പിടിക്കുമെന്നതിനാല്‍ ഇടപാടുകളത്രയും മാതാശ്രീയുമായാണ്.
ഓടിയണച്ച് വന്നിട്ട് ഒറ്റപ്പറച്ചിലാണ്..
“എട്, എട് അഞ്ചു രൂപയെട്..”
“ങ് ഹാ അഞ്ചു രൂപയോ, എന്തോത്തിനാ?”
“വിസ്തരിക്കാനൊന്നും സമയമില്ല, സര്‍ക്കാരിനെന്നെ ആവശ്യമുണ്ട്…ഇന്നയച്ചില്ലേപ്പിന്നെ പറഞ്ഞിട്ടു കാര്യമില്ല. പി.എസ്.സി ഫോം മേടിക്കണം”
“രണ്ട് രുവാടെ ഫോമിനെന്തിനാടാ അഞ്ചു രൂഫാ?”
“ങേ, വിജ്ഞാന ഭവന്‍ വരെ പോകാന്‍ സൈക്കിളു വാടക കൊടുക്കണ്ടായോ. അഞ്ചു രുവാ എടുക്കുന്നൊണ്ടോ ഇല്ലിയോ…”
പാവം, ജോലി കിട്ടുന്ന കാര്യമല്ലിയോന്നു വിചാരിച്ചു അഞ്ച് രൂപ എടുത്തു തരും. അതും മേടിച്ച് ‘കൂട്ടുകാരന്റെ സൈക്കിളുമെടുത്ത് ‘ പോകാന്‍ പോകുന്നതിനു മുമ്പ് ഉമ്മയോട് ഒരു സമാശ്വാസ ചോദ്യം ചോദിക്കും. “ഞാന്‍ കമ്പോളത്തില്‍ പോകുവാ, വീട്ടിലേക്കു വല്ലോം മേടിക്കണോ?”
വീട്ടുകാര്യങ്ങളിലുള്ള ഉത്തരവാദിത്വം കൊണ്ടൊന്നുമല്ല ഈ അന്വേഷണം; മറിച്ച് ഒരു കുംഭകോണ സാധ്യതയെ മുന്‍ നിര്‍ത്തിയാണ്. സാധനങ്ങളുടെ പുറത്തു രണ്ടു രൂപ വീതം കൂട്ടിപ്പറഞ്ഞ് ഇങ്ങനെ കുംഭകോണിക്കുന്നത് കൂട്ടുകാരോടൊപ്പം ചായക്കടേല്‍ പോകുമ്പം നാണംകെടാതിരിക്കാന്‍ മാത്രമാണ്.

ഒരു പി.എസ്.സി ഫോം അയച്ചു കഴിഞ്ഞാല്‍ പിന്നെ സര്‍ക്കാരുദ്യോഗസ്ഥനെപ്പോലെയാണ് നടപ്പും ഇരിപ്പും. വീട്ടില്‍ വരുത്തുന്ന പത്രത്തിനോപ്പം എന്റെ സ്പെഷലായി വരുത്തുന്ന ബാലരമ, പൂമ്പാറ്റ, മാതൃഭൂമി വാരിക തുടങ്ങിയ പീരിയോഡിക്കത്സിന്റെ കിട്ടാക്കടം പത്രക്കാരന്‍ പയ്യന്‍ ചോദിക്കുമ്പോള്‍ അവജ്ഞയോടെ ഒരു പറച്ചിലുണ്ട്…”ഡേയ് പയ്യന്‍സ്, അധികം ഞെളിയല്ലേ, അപ്പോയിന്റ്മെന്റ് ഓര്‍ഡര്‍ കയ്യിക്കിട്ടാന്‍ പോകുവാ. നീ പോയിട്ടു പിന്നെ വാ..” ഇന്‍സ്റ്റാള്‍മെന്റിനു പുസ്തകം തരുന്ന മോഹന്‍ ചേട്ടന്‍ റെവന്യൂ റിക്കവറിക്ക് മുതിരുമ്പോള്‍ പിടിച്ചു നില്‍ക്കാനുള്ള കച്ചിത്തുരുമ്പും ഇതുതന്നെ.
ടെസ്റ്റിനു പോകാന്‍ വണ്ടിക്കൂലി, വഴിച്ചെലവ്, പള്ളീലെ കാണിക്കവഞ്ചിയില്‍ നേര്‍ച്ച (ദൈവമേ ക്ഷമിക്കണേ) തുടങ്ങിയ ഇനങ്ങളിലായി വന്‍ സാമ്പത്തിക ബാ‍ധ്യത വീട്ടുകാര്‍ക്കു നിരന്തരം വരുത്തിവെച്ചിട്ടും സര്‍ക്കാരിന്റെ അനുഗ്രഹത്താല്‍ ഇതുവരെ യാതൊരു ഉള്‍വിളിയും കേള്‍ക്കേണ്ടി വന്നിട്ടില്ലാത്തതിനാലാണ് പുതിയ സ്വകാര്യ ജോലിപ്പരസ്യത്തെക്കുറിച്ച് വീട്ടില്‍ പറയാന്‍ അശേഷം ധൈര്യമില്ലാതെ പോയത്. എന്തായാലും ഈ വിവരം ഇപ്പോള്‍ പറയണ്ട. കൂടുതല്‍ സാധ്യതകള്‍ അറിഞ്ഞിട്ടു പറഞ്ഞാല്‍ മതിയെന്നു ഉറപ്പിച്ചു.

ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റിംഗ് കമ്പനിക്കാരെ ഫോണില്‍ വിളിച്ച് വിവരങ്ങളന്വേഷിച്ചു. ചെങ്ങന്നൂരിലാണ് ആപ്പീസ്. ഇന്റര്‍വ്യൂവിന്റെ തീയതിയും പറഞ്ഞുതന്നു. ഇന്റര്‍വ്യൂവിന് അറ്റന്‍ഡ് ചെയ്തു. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജിനടുത്താണ് ഓഫീസ്. ഇന്റര്‍വ്യൂ ബോര്‍ഡില്‍ സിമ്പളന്മാരായ രണ്ടു ചെറുപ്പക്കാര്‍. അവര്‍ സാ‍യിപ്പിന്‍ കുഞ്ഞുങ്ങളെപ്പോലെ വാ തോരാതെ ഇംഗ്ലീഷ് പറഞ്ഞുകോണ്ടേയിരുന്നു. വലിയ മാര്‍ക്കറ്റിംഗ് കമ്പനിയാണ്. എറണാകുളത്താണ് ഹെഡ്ഡാപ്പീസ്. ഇന്ത്യയിലെ കണ്ണായ സ്ഥലങ്ങളിലെല്ലാം ഓഫീസുകളുണ്ട്. നിയമനം അവിടെ എവിടേക്കുമാകാം. തയ്യാറാണെങ്കില്‍ ട്രെയ്നിംഗിനു ചേരാം. മാസം ആറായിരം രൂപ സ്റ്റൈപന്‍ഡ് തരുന്നതായിരിക്കും. ട്രെയ്നിംഗ് സമയത്ത് മിടുക്ക് തെളിയിക്കുന്നവര്‍ക്ക് മാനേജരായി പോസ്റ്റിംഗ്. ഞാന്‍ മനസ്സില്‍ കണക്കു കൂട്ടി. ഇനി മാനേജരായി ജോലി ലഭിച്ചില്ലെങ്കിലെന്ത്? കുറേക്കാലം ഈ ട്രെയ്നിപ്പണി തന്നെ ധാരാളം…ആറായിരമല്ലേ ഉറപ്പായിട്ടുംകിട്ടാന്‍ പോകുന്നത്. അത്യാവശ്യം ഇടപാടുകള്‍ക്കൊരു നിവൃത്തിയാകും.ചേരേണ്ട ദിവസം അവര്‍ അറിയിക്കും. നല്ല എക്സ്ക്യൂട്ടീവ് വേഷവിധാനങ്ങള്‍ ആയിരിക്കണം. ടൈ വേണം, ഷൂസ് വേണം, ഫുള്‍ക്കൈ ഷര്‍ട്ട് വേണം. ഉള്ളിലൊരാന്തലുണ്ടായെങ്കിലും നന്ദി പറഞ്ഞു ഞാന്‍ പുറത്തിറങ്ങി. മടക്കയാത്രയില്‍ ചിന്ത മുഴുവന്‍ ടൈയിനെയും ഷൂസിനെയും പുതിയ ഡ്രെസ്സിനെയും കുറിച്ചായിരുന്നു. എന്തായാലും വീട്ടുകാരോട് ചോദിക്കാന്‍ ധൈര്യമില്ല. തന്നെയുമല്ല, എവിടുന്നെങ്കിലും അഡ്ജസ്റ്റ് ചെയ്ത് ഇതെല്ലാം മേടിച്ചാലും മുപ്പതാം പക്കം കടം വീട്ടാമല്ലോ? ബാക്കി നല്ലൊരു തുക വീട്ടില്‍ കൊടുക്കുമ്പോള്‍ അവര്‍ കണ്ണു മിഴിക്കുന്നത് എനിക്കൊന്നു കാണുകേം ചെയ്യാം.

ബസ്സിറങ്ങി ആദ്യം പോയത് ട്യൂട്ടോറിയല്‍ കോളജിലേക്കാണ്. പ്രിന്‍സി സ്ഥലത്തുണ്ട്.
“സാറേ, ഞാന്‍ രാജി വെക്കുകയാണ്”.
രാജിക്കാര്യം പറയുമ്പോള്‍ പ്രിന്‍സിപ്പാള്‍ ഓമനപ്പിള്ള സാര്‍ അമ്പരക്കുമെന്നും ഏതുവിധേനയും കാലുപിടിച്ചും എന്റെ സേവനം തുടര്‍ന്നും ആവശ്യപ്പെടുമെന്നും വിചാരിച്ച എനിക്കു തെറ്റി. പ്രതീക്ഷിച്ച ഭാവമാറ്റമൊന്നും ഓമനപ്പിള്ള സാറിന്റെ മുഖത്ത് ഉണ്ടായില്ല.
“രാജിയൊന്നും വേണ്ട, എവിടാന്നു വെച്ചാല്‍ അങ്ങു പോയിത്തന്നാല്‍ മതി”.
സര്‍ക്കാരു സ്കൂളിലായിരുന്നെങ്കില്‍ അധ്യാപക അവാര്‍ഡിനു വരെ പരിഗണിച്ചേക്കാവുന്ന തരത്തില്‍ സ്തുത്യര്‍ഹമായ സേവനം ചെയ്തുകൊണ്ടിരിക്കുന്ന ഒരധ്യാപകനോടാണ് ഈ അപഹാസം.
‘അയ്യടാ, അല്ലങ്കിലീ കുട്ടിപ്പെരേല് എന്നും ഓസിനു ഒലത്താന്‍ എനിക്കെന്താ തല കടിക്കുന്നോ‘ എന്നൊരു വാചകം മനസ്സില്‍ തികട്ടിയെങ്കിലും ശമ്പളബാക്കിയുടെ പകുതിയെങ്കിലും വാങ്ങിയെടുക്കാന്‍ അനുനയമേ പാടുള്ളൂ എന്ന വിചാരത്താല്‍ ഞാന്‍ പറയാന്‍ വന്നതു വിഴുങ്ങി.

“അപ്പം സാറേ, എനിക്കൊരു ജോലി കിട്ടി. അത്യാവശ്യമായും കുറെ രൂപാ വേണമായിരുന്നു”
പ്രിന്‍സിപ്പാള്‍ തുറിച്ചു നോക്കി. “തനിക്കൊക്കെ അഞ്ചു പൈസ കടം തരുന്ന പ്രശ്നമില്ല”
“അയ്യോ സാറേ, കടം വേണ്ട, എന്റെ ശമ്പള ബാക്കി മതി”
പ്രിന്‍സി ഒന്നു പരുങ്ങി. “ഇപ്പം എക്സാം നടക്കുവല്ലിയോ…പുള്ളാരുടെ ഫീസൊന്നും കിട്ടുന്നില്ല”
“അങ്ങനെ പറയല്ലേ സാറേ, മൊത്തോം വേണ്ട, ഒരഞ്ഞൂറു രൂപ മതി. ഒരു ജോലിക്കാര്യത്തിനല്ലേ”
“അഞ്ഞൂറു രൂപയോ? അതുണ്ടേല്‍ ഞാന്‍ രാജാവായിരുന്നു. പത്തോ ഇരുപത്തഞ്ചോ വേണേല്‍ തരാം”
എനിക്കു കലിച്ചു. ഭീഷണി പ്രയോഗിച്ചാലോ. “ഇരുപത്തഞ്ച് ഉലുവാ സാറ് വായിലോട്ടിട്ടു വെള്ളമൊഴി. എടോ പ്രിന്‍സിപ്പാളേ, താന്‍ ഈ അധ്യാപകരെയെല്ലാം വഞ്ചിച്ചു എത്രനാള് ഈ കാളേജ് നടത്തുമെന്നു എനിക്കൊന്നു കാണണം. ഞാനീ സാറന്മാരെയെല്ലാം ചേര്‍ത്ത് അപ്പുറത്തു വേറെ ടൂട്ടോറി കെട്ടും. കാണണോടോ തനിക്ക്”
“എന്നാ ഇവരേം വിളിച്ച് താന്‍ ചെന്നു ടൂട്ടോറി കെട്ടിയാട്ടെ. കൊറേ നാളായി ഒരു കോഴിക്കട നടത്തണമെന്നും പറഞ്ഞിരിക്കുവാ…ഇവിടെ കോഴിയെ വളത്തിയാ എന്റെ ജീവിതം പച്ചപിടിക്കും. വിളിച്ചോണ്ട് പോടോ സാറന്മാരെ”

ആ വഴിയും അടഞ്ഞു. ഒത്തിരി ആലോചിച്ചു. ഒടുക്കം ഒരു വഴി തെളിഞ്ഞു; ഒടുക്കത്തെ വഴി. ഇതെന്തായാലും അങ്ങനെ ചീറ്റിപ്പോകത്തില്ല.
“ടീ മോളൂ, നിന്റെ ആ മോതിരം ഇഞ്ഞോട്ടൊന്നു താ…അടുത്ത മാസം പണയമെടുത്തു തരാം…” അവള്‍ അമ്പരപ്പോടെ നോക്കി.
“എനിക്കൊരു ജോലി കിട്ടിയെടീ, ഇച്ചിരി ചെലവുണ്ട്. പ്ലീസ്”
“അയ്യോ, മോതിരം വീട്ടില്‍ ചോദിച്ചാല്‍ ഞാന്‍ എന്തോ പറയും?”
പെട്ടൊന്നൊരുപായം.“കളഞ്ഞു പോയെന്നു പറ, അപ്പം പണയത്തീന്നു തിരിച്ചെടുത്തില്ലെങ്കിലും പ്രശ്നമില്ലല്ലോ” ഞാന്‍ മാനത്ത് നോക്കി ഒരു വിഡ്ഡിച്ചിരി ചിരിച്ചു.

മോതിരം പണയം വെച്ച കാശിനു അത്യാവശ്യം ഒരു ജോടി ഡ്രെസ്സും ടൈയും വാങ്ങി. ഷൂ നിലവിലുള്ളത് തന്നെ ധാ‍രാളം. വീട്ടില്‍ ലളിതമായി കാര്യം പറഞ്ഞു. ജോലിയെന്നല്ല, ട്രെയ്നിംഗ് ആണെന്നു മാത്രം. ഇനി ഉദ്ദേശിക്കുന്നതു പോലെ ഒന്നും നടന്നിലെങ്കിലും വീട്ടുകാരുടെ സപ്പോര്‍ട്ട് നമുക്കുണ്ടായല്ലേ പറ്റൂ. വീട്ടുകാര്‍ക്ക് പ്രതീക്ഷ നല്‍കി പറ്റിക്കരുതെന്ന ആഗ്രഹവും ഉണ്ടായിരുന്നു.

ജോലിക്ക് ചേരേണ്ട ദിവസം രാവിലെ അനുഗ്രഹവും വാങ്ങി പുറപ്പെട്ടു. ഓഫീസിലെത്തി, നിയമന രേഖകളില്‍ ഒപ്പുവെച്ചു. അപ്പുറത്തെ ഹാളിലേക്ക് ചെല്ലാന്‍ നിര്‍ദ്ദേശം കിട്ടി. മീറ്റിംഗുണ്ടത്രേ. ഞാന്‍ മീറ്റിംഗ് ഹാളിലേക്ക് നടന്നു. അവിടെ പത്തുപന്ത്രണ്ട് ചെറുപ്പക്കാര്‍ എന്‍.സി.സി കേഡറ്റുകളെപ്പോലെ വരിയായി നില്‍ക്കുന്നുണ്ടായിരുന്നു. വരിയില്‍ നില്‍ക്കാന്‍ എനിക്ക് നിര്‍ദ്ദേശം കിട്ടി. ആരും ഒന്നും മിണ്ടിയില്ല. ആദ്യമായി പള്ളിക്കൂടത്തിലെത്തിയ ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിയെപ്പോലെ ഞാന്‍ പരിഭ്രമിച്ചു. അല്പനിമിഷങ്ങള്‍ക്കകം ചെറുപ്പക്കാരനായ മനേജര്‍ സാര്‍ ആഗതനായി. ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിക്കുന്ന രാഷ്ട്രത്തലവനെപ്പോലെ ഞങ്ങള്‍ക്കു മുന്നിലൂടെ അയാള്‍ രണ്ടു ചാല്‍ നടന്നു. എന്നിട്ടു അഭിമുഖമാ‍യി നിന്നിട്ട് ചിരി താഴെ വീണു പോകാതിരിക്കാന്‍ പ്രയാസപ്പെട്ടെന്ന വണ്ണം ഒന്നു പുഞ്ചിരിച്ചു. ഞാന്‍ കണ്ണുകള്‍ താഴ്ത്തി.

“പുതിയവര്‍ക്ക് ഇന്നും നാളെയും പേഴ്സണാലിറ്റി ഡെവലപ്മെന്റ് ക്ലാസ്സാണ്. സീനിയേഴ്സിനു ഫീല്‍ഡില്‍ പോകാം”. ഉടന്‍ കുറെയെണ്ണം അപ്പുറത്തൊരു മുറിയിലേക്കു പായുന്നത് കണ്ടു.

ഹാളില്‍ പുതിയവര്‍ മാത്രമായപ്പോള്‍ മനേജര്‍ സാര്‍ ഞങ്ങളെ അലിവോടെ ഒന്നുനോക്കിയിട്ട് ഇപ്രകാരം പ്രസംഗം തുടങ്ങി.
“പ്രിയ കാണ്ടാമൃഗങ്ങളേ…”
ങ് ഹേ! ഞാന്‍ അമ്പരപ്പില്‍ മുഖമുയര്‍ത്തി. അയാള്‍ പിന്നില്‍ ഒളിപ്പിച്ചു വെച്ച കാണ്ടാമൃഗത്തിന്റെ ഒരു ശില്പം പുറത്തെടുത്തു.
“ഈ കമ്പനിയിലേക്ക് പുതുതായി വന്നവര്‍ക്ക് സ്വാഗതം. ഹാവ് യു എവെര്‍ സീന്‍ റൈനോസെര്‍സ്… റൈനൊ..കാണ്ടാമൃഗം…ഇതു നമ്മുടെ കമ്പനിയുടെ എംബ്ലമാണ്. എന്താണ് കാണ്ടാമൃഗത്തിന്റെ പ്രത്യേകത? പറയൂ…”
“തൊലിക്കട്ടി..” ആരോ ഒരുവന്‍ പ്രതിവചിച്ചു.
“കറക്റ്റ് ! നിങ്ങള്‍ ഈ കമ്പനിയില്‍ ജോലി ചെയ്യുന്ന കാലത്തോളം കാണ്ടാമൃഗങ്ങളായിരിക്കണം. അതായത് നല്ല തൊലിക്കട്ടിയുണ്ടായിരിക്കണം“

ഞാന്‍ ചിന്താക്കുഴപ്പത്തിലായി. എന്തൊക്കെയാണ് സംഭവിക്കുന്നത്? തൊലി സീല്‍ ചെയ്യുന്ന പരിപാടിക്കാണോ പേഴ്സണാലിറ്റി ഡെവലപ്മെന്റ് എന്നു പറയുന്നത്? എന്താണ് ഇവിടുത്തെ ജോലി..കാണ്ടമൃഗമാകാനുള്ള ട്രെയ്നിംഗ് എന്തിനു വേണ്ടി?
അദ്ദേഹം തുടര്‍ന്നു: “ഡിയര്‍ ഫ്രണ്ട്സ്…ഓള്‍ ഇന്ത്യാ ലെവലില്‍ മാര്‍ക്കറ്റിംഗ് നടത്തുന്ന പ്രമുഖ സ്ഥാപനമാണ് നമ്മുടേത്. വിവിധങ്ങളായുള്ള ഉത്പന്നങ്ങള്‍ മാര്‍കറ്റിലെത്തിക്കുവാന്‍ കമ്പനി ഉദ്ദേശിക്കുന്നു. നമ്മുടെ ഉത്പന്നങ്ങള്‍ മാര്‍ക്കറ്റിലെത്തും മുമ്പ അതിനുള്ള കാമ്പൈന്‍ പ്രവര്‍ത്തനങ്ങളാണ് നിങ്ങള്‍ ചെയ്യേണ്ടത്.“
എനിക്ക് കാര്യങ്ങള്‍ അത്രക്കങ്ങോട്ടു വിളങ്ങിയില്ല.
“ഇപ്പോള്‍ നാം ഡയറക്ട് മാര്‍ക്കറ്റിംഗാണ് ചെയ്യുന്നത്. അതായത് നമ്മുടെ പ്രത്യേകതരം പ്രോഡക്റ്റുകള്‍ നിങ്ങള്‍ നേരിട്ടു വീടുകളിലെത്തിക്കണം”.
ങ് ഹേ! ഞാന്‍ ഞെട്ടി. ഇപ്പോള്‍ സംഗതിയുടെ കിടപ്പു മനസ്സിലായി. നാലണക്ക് കൊള്ളാത്ത നാലാംകിട സാധനങ്ങള്‍ വീടു വീടാന്തരം കയറിയിറങ്ങി കച്ചോടം ചെയ്യണ പണിയാണ് ഡയറക്റ്റ് മാര്‍ക്കറ്റിംഗ്; മുതുകില്‍ ഒരു മാറാപ്പും തൂക്കി എക്സിക്യൂട്ടീവ് ആയി വേണം പോകാനെന്നു മാത്രം. ദൈവമേ! അന്യായ പണിയാണല്ലോ കിട്ടിയത്. എനിക്കു സങ്കടവും നിരാശയും ഒക്കെയുണ്ടായി. അപ്പോള്‍ത്തന്നെ അവിടം കാലിയാക്കാന്‍ തുനിഞ്ഞതാണ്. ഒന്നു തിരിഞ്ഞപ്പോഴേക്കും തലച്ചോറില്‍ ഒരു മണി മുഴങ്ങി…അവളുടെ മോതിരം! ഓമനപ്പിള്ള സാറിനോടുള്ള വെല്ലുവിളി…അടുത്ത നിമിഷം ഇങ്ങനെ ചിന്തിച്ചു…എന്തു പണ്ടാരമെങ്കിലുമാകട്ടെ…ഒന്നു നോക്കിയേക്കാം…മോതിരത്തിന്റെ കാശ് വസൂല്‍ ആകുന്നതു വരെ ഒന്നു പിടിച്ചു നിന്നേ പറ്റൂ…

“ലിസണിയര്‍..” മനേജര്‍ തുടരുകയാണ്. “നോക്കൂ, നിങ്ങള്‍ക്ക് ഈ ട്രെയ്നിംഗ് കാലയളവില്‍ മാസം കുറഞ്ഞത് 6000 രൂപ വരെ സമ്പാദിക്കാം. നിങ്ങളുടെ കഴിവും മിടുക്കുമനുസരിച്ച് അത് എത്ര വേണമെങ്കിലും ഉയര്‍ത്താം. അതായത് നിങ്ങള്‍ 150 രൂപ വിലയുള്ള ഒരു പ്രോഡക്റ്റ് വില്‍ക്കുമ്പോള്‍ 10% കമ്മീഷന്‍ നിങ്ങള്‍ക്ക് കിട്ടുന്നു. ശരാശരി 20 പ്രൊഡക്റ്റ് ഒരു ദിവസം മാര്‍കറ്റ് ചെയ്താല്‍ നിങ്ങള്‍ക്ക് കിട്ടുന്നത് 300 രൂപ. ഒരു മാസത്തിലോ? 9000. അവധി
ദിവസങ്ങളും മാര്‍കറ്റിംഗിലെ വ്യതിയാനങ്ങളും ഒഴിച്ചാല്‍ ശരാശരി 6000 ഉറപ്പായിട്ടും കിട്ടും…”

അതുശരി, അപ്പോള്‍ 6000 ത്തിന്റെ ഗുട്ടന്‍സ് പിടികിട്ടി. ഇമ്മിണി പുളിക്കുമെന്നേയുള്ളൂ…

“ഫ്രണ്ട്സ്, നിങ്ങള്‍ ഫീല്‍ഡില്‍ പോകുമ്പോള്‍ ഒരു ദിവസം ശരാശരി 100 പേരെയെങ്കിലും നിങ്ങള്‍ക്ക് സന്ദര്‍ശിക്കാന്‍ കഴിയും. ഒരു മാസത്തിലോ? 3000. മാസം മൂവായിരത്തിലധികം ആളുകളുമായി ഇടപെടാന്‍ കഴിയുക എന്നത് മഹാകാര്യമാണ്. നിങ്ങള്‍ക്ക് ആളുകളുടെ പെരുമാറ്റം മനസ്സിലാകും, അവരോട് എങ്ങനെ പെരുമാറണമെന്നു നിങ്ങള്‍ പഠിക്കും…അതിലൂടെ നിങ്ങളുടെ വ്യക്തിത്വം വികസിക്കും.”
പേഴ്സണാലിറ്റി ഡെവല്പ്മെന്റ് ക്ലാസ് അവിടെത്തീര്‍ന്നു. ഇനി എന്താണാവോ?
അയാള്‍ തുടരുകയാണ്: “ നോക്കൂ, നിങ്ങളോട് ആള്‍ക്കാര്‍ പലതരത്തില്‍ പ്രതികരിച്ചുവെന്നു വരും. നിങ്ങള്‍ അതൊന്നും മൈന്‍ഡ് ചെയ്യരുത്. ബികോസ്..യു ആര്‍ റൈനോസ്…”
ഹെന്റമ്മേ എനിക്കു കരച്ചില്‍ വന്നു. നാട്ടുകാരുടെ ചീത്തവിളി ഉറപ്പ്. എന്നാലും ഒരു കൈനോക്കിക്കളയാം. കായകുളത്തുകാരുടെ കണ്ണില്‍ അത്രയെളുപ്പം പെടാത്ത ആറന്മുള, തിരുവല്ല, കോടഞ്ചേരി, ചെങ്ങന്നൂര്‍ കിഴക്കന്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുവാന്‍ ഞാന്‍ തീരുമാനിച്ചു; അത്യാവശ്യം കടങ്ങള്‍ ഒന്നു വീടുന്നതു വരെ മാത്രം…..

(തീരുന്നില്ല. ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു ക്ലൈമാക്സില്‍ പര്യവസാനിച്ച ഡയറക്റ്റ് മാര്‍ക്കറ്റിംഗ് മാര്‍ഗ്ഗമധ്യേ ഞാനനുഭവിച്ച ഏതാനും സംഗതികള്‍ കൂടി പറഞ്ഞാലേ ഇതു പൂര്‍ണ്ണമാകൂ…അടുത്ത പോസ്റ്റില്‍ അത് പറഞ്ഞു നിങ്ങളെ കൊല്ലുന്നതായിരിക്കും…‍അതിനാല്‍ ഇതു തുടരും)

13 Comments »

1.

കൌമാരമൊക്കെ കഴിഞ്ഞു യുവത്വത്തിലേക്കു പ്രവേശിക്കുന്ന സുരഭില കാ‍ലഘട്ടം പ്രാരബ്ധങ്ങളുടേത് കൂടിയാ‍യിരുന്നു. “എത്ര കാലമാടാ തന്തേടേം തള്ളേടേം ചെലവില്‍” എന്ന മാതാജിയുടെ മന്ത്രോച്ചാരണം പുളകിതമാ‍ക്കിയിരുന്ന പുലര്‍വേളകള്‍. പുറത്തിറങ്ങുമ്പോള്‍ എതിരേ വരുന്ന മൂപ്പിത്സിന്റെ കുശലാന്വേഷണം.“ ജോലിയൊന്നുമായില്ല, ഇല്ലിയോ മോനേ…” ഒന്നും മിണ്ടാതെ നടന്നു നീങ്ങുമ്പോള്‍ മൂ‍പ്പിലാന്റെ ആത്മഗതം കേള്‍ക്കാം…“കാല്‍ സറായീം കേറ്റി രാവിലെ എറങ്ങിക്കോളും, നാട്ടുകാരുടെ നെഞ്ചത്തു കേറാന്‍…എവനെക്കൊണ്ടൊന്നും ജോലീം വേലേമെടുക്കാന്‍ ആകത്തില്ല…”

Comment by സിയ — January 27, 2007 @ 10:51 am
2.

കൊള്ളാം സിയ.
ജീവിതാനുഭവങ്ങള്‍ അത് അനുഭവിച്ചവര്‍ തന്നെ അല്‍പ്പം നര്‍മ്മത്തിന്റെ മേമ്പൊടിയോടെ വിവരിക്കുമ്പൊ അത് വായിക്കാനും നല്ല സുഖമുണ്ട്.
തുടരൂ.

Comment by ഇക്കാസ് — January 27, 2007 @ 11:33 am
3.

എന്നിട്ട്‌ അവസാനം എന്ത്‌ ഉണ്ടായി…???. വളരെ പച്ചയായ അവതരണം…http://ente-vishesham.blogspot.com

Comment by Deepu — January 27, 2007 @ 11:49 am
4.

കയ്ക്കുന്ന ജീവിതാനുഭവങ്ങള്‍ ഹാസ്യത്തില്‍ പൊതിഞ്ഞു് ലളിതമായി പറഞ്ഞിരിക്കുന്നു. സിയാ അടുത്തതു പോരട്ടെ.

Comment by venu — January 27, 2007 @ 11:57 am
5.

അപ്പോ നീയും മോശമല്ല അല്ലേ .. ഡാ.. ആരാ ഈ ടി … ???
അവ്വല്‍ സുബഹിക്ക് ഗള്‍ഫില്‍ വന്നതുകൊണ്ട് ആ പരിപാടികളെല്ലാം (ജോലിക്ക് തെണ്ടല്‍) ഇവിടെയായിരുന്നു
കൊള്ളാം നല്ല വിവരണം അസ്സലായി
വരട്ടെ അടുത്തത്

Comment by വിചാരം — January 27, 2007 @ 12:47 pm
6.

കൊള്ളാം,അടുത്ത ഭാഗം പോരട്ടെ

Comment by വല്യമ്മായി — January 27, 2007 @ 1:01 pm
7.

എന്റെയും ഒരു ട്യൂട്ടോറിയല്‍ കാല്‍ഘട്ടത്തിലേക്ക്‌ ഓര്‍മകളെ തിരികെ കൊണ്ടുപോയതിന്‌ നന്ദി. സിയാ… ഈ വഴി താങ്കള്‍ക്ക്‌ നന്നാകുമെന്ന്‌ തോന്നുന്നു. അല്‍പ്പം ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയും കൂടി ആവാം.

Comment by പി. ശിവപ്രസാദ്‌ — January 27, 2007 @ 2:35 pm
8.

ഒള്ളാം വളരെ നന്നായിട്ടുണ്ട്‌ സിയ

Comment by കേരളഫാര്‍മര്‍ — January 27, 2007 @ 2:36 pm
9.

ആ പൂതിയങ്ങു മനസ്സി വെച്ചാ മതി വിചാരം. ആ ‘ടീ’യെക്കുറിച്ചു ഞാന്‍ പറഞ്ഞിട്ട്റ്റു വേണം എന്റെ ‘ടി’ എന്നെ ടിഷ്യൂം ടിഷ്യൂമെന്ന് മോളി നിര്‍ത്താന്‍…അയ്യട

Comment by സിയ — January 27, 2007 @ 2:56 pm
10.

എന്റെ കടിഞ്ഞൂല്‍ പോസ്റ്റിനെ കാണാന്‍ വരികയും അഭിനന്ദനങ്ങളും വിലയിരുത്തലുകളും കാണിക്കവെക്കുകയും ഓസിനു നിര്‍ദ്ദേശങ്ങള്‍ തരികയും ചെയ്ത ഇക്കാസ്,ദീപു,വേണു നായരെന്ന വേണുച്ചേട്ടന്‍,വിചാരമെന്ന റെബല്‍ ഫാറൂഖ്, എന്റെ വല്യമ്മായി, പി.ശിവപ്രസാദ് എന്ന എന്റെ ശിവേട്ടന്‍, ഞങ്ങളൊക്കെ ഒത്തിരി ബഹുമാനിക്കുന്ന പ്രിയങ്കരനായ ചന്ദ്രേട്ടന്‍ എന്നിവര്‍ക്കും പോസ്റ്റ് വായിച്ചു സമയക്കുറവ് മാത്രം കാരണം കമെന്റ് എഴുതാന്‍ കഴിയാതെ പോയ ലക്ഷോപലക്ഷം മലയാളി വായനക്കാര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദ് പ്രകാശിപ്പിച്ചു കൊണ്ട് ഞാന്‍ ഓഫീസിലെ കാര്യപരിപാടികളിലേക്ക് കടക്കുകയാണ്….നന്ദി, നമസ്കാരം…(മൈക്ക് ഓഫ് ചെയ്യെടാ… ;)

Comment by സിയ — January 28, 2007 @ 5:25 am
11.

ഓരോരുത്തരുടേയും ജീവിതം അവലോകനം ചെയ്തു നോക്കുമ്പോള്‍ ഇതുാലെയോ, ഇതിലും വലിയതോ ആയ കഥകള്‍ ചിലപ്പോള്‍ കിട്ടിയേക്കും.
പക്ഷെ പിന്നോട്ടു നോക്കി രസിക്കാന്‍ ഒരു രസം തന്നെയാണേ

Comment by indiaheritage — January 28, 2007 @ 5:48 am
12.

:-)
ഈ ഡയറക്റ്റ് മാര്‍ക്കറ്റിംഗുമായി വരുന്നവരോട് വേണ്ടാന്നു പറഞ്ഞു തിരിച്ചയക്കുമ്പോള്‍ ഇവന്മാരെന്തിനു ഇതുമായി ഇറങ്ങുന്നെന്നോര്‍ക്കാറില്ല

എന്നാലും ആ “ടി” ഏതാണെന്ന് …

Comment by സിജു — January 28, 2007 @ 7:23 am
13.

കൗമാരം- എങ്ങട്ടു തിരിഞ്ഞാലും നമ്മുടെ തലയിലായിരിക്കും ഇടിത്തീ, നാട്ടുകാരു ഒരുഭാഗത്തു, വീട്ടുകാരു ഒരു ഭാഗത്തു, എന്റെ വീടും നാടും ഞാനൊക്കെ തീയിടാത്തതു ഭാഗ്യം.അപ്രതീക്ഷിതമായി ഒരുവീട്ടുപടിക്കല്‍ ചെന്നു ബെല്ലടിച്ചാലുണ്ടകുന്ന അനുഭവങ്ങളുടെ ബാക്കി തുടരുക.

Comment by bayan — January 28, 2007 @ 8:34 am

Dec 29, 2007

ഫോട്ടോഷോപ്പ് ടിപ്‌സ് . 1 (Photoshop Tips. 1)

നിങ്ങള്‍ വര്‍ഷങ്ങളായി ഫോട്ടോഷോപ്പ് ഉപയോഗിക്കുന്ന വ്യക്തി ആയിരുന്നാലും ശരി, ഓരോ ദിവസവും പുതിയ പുതിയ കാര്യങ്ങള്‍ നിങ്ങള്‍ ഫോട്ടോഷോപ്പില്‍ കണ്ടെത്തിക്കൊണ്ടേയിരിക്കും. അതിശയകരമായ ധാരാളം പ്രയോഗങ്ങള്‍ ഫോട്ടോഷോപ്പിലുണ്ട്. നിങ്ങള്‍ ഒരു തുടക്കക്കാരനോ എക്സ്പേര്‍ട്ടോ ആവട്ടെ, താഴെ പരിചയപ്പെടുത്തുന്ന ഫോട്ടോഷോപ്പിലെ രസകരമായ ടിപ്‌‌സുകളിലൂടെ പ്രയാസകരമായ ജോലികള്‍ പോലും എളുപ്പത്തില്‍ ചെയ്യാന്‍ നിങ്ങള്‍ പ്രാപ്തരാവുന്നു.

ഈ ടി‌പ്‌സുകളെ പത്തായി തരം തിരിച്ചിരിക്കുന്നു.

Interface Tips [ 18 Tips ]

Tool Tips [ 11 Tips ]

Command Tips [ 21 Tips ]

Selection Tips [ 8 Tips ]

Layer Tips [ 14 Tips ]

Tips for Guides & Rulers [ 7 Tips ]

Navigation & HotKey Tips [ 7 Tips ]

Tips for Duplicating [ 10 Tips ]

Type Tips [ 10 Tips ]

ImageReady Tips [ 14 Tips

ആദ്യം ഇന്റെര്‍ഫെയ്സ് ടിപ്സ് 18 എണ്ണം ഇതാ പിടിച്ചോളൂ…ബാക്കിയുള്ളവ പിന്നാലെ.

INTERFACE TIPS

1. റ്റാ‍ബ് കീ പ്രെസ്സ് ചെയ്താല്‍ റ്റൂള്‍ബാര്‍ ഹൈഡ് ആകുമെന്നു നിങ്ങള്‍ക്കറിയാം. എന്നാല്‍ Shift+Tab പ്രെസ്സ് ചെയ്താല്‍ പാലറ്റുകള്‍ (palettes) മാത്രം hide ചെയ്യാം. toolbar മാത്രം visible ആകും.

2. പാലറ്റുകള്‍ സ്ക്രീനിന്റെ ഏറ്റവുമടുത്ത വശത്തേക്ക് Snap ചെയ്യുവാന്‍ പാലറ്റിന്റെ റ്റൈറ്റില്‍ ബാറില്‍ Shift-click ചെയ്താല്‍ മതി.

3. പാലറ്റുകള്‍ Minimize ചെയ്യാന്‍ പാലറ്റിന്റെ റ്റൈറ്റില്‍ ബാറില്‍ double-click ചെയ്താല്‍ മതി.

4. അതത് റ്റൂളുമായി ബന്ധപ്പെട്ട ഓപ്ഷന്‍ ബാര്‍ പ്രത്യക്ഷപ്പെടാന്‍ റ്റൂള്‍ബാറിലെ റ്റൂള്‍ ഐക്ക്ണില്‍ Enter അല്ലെങ്കില്‍ double-clickചെയ്താല്‍ മതി.
അല്ലെങ്കില്‍ മെനുവില്‍ Window » Show Options.

5. ഫോട്ടോഷോപ്പ് വിന്‍ഡോയിലൂടെ നാവിഗേറ്റു ചെയ്യാന്‍ ഫോട്ടോഷോപ്പ് വിന്‍ഡോയുടെ താഴെ ഇടതു വശത്തായുള്ള സൂം ഫീല്‍ഡ് ഉപയോഗിക്കുക. എത്ര സൂം ആണോ വേണ്ടത് ആ നമ്പര്‍ എന്റര്‍ ചെയ്യുക. Shift+Enter ചെയ്താല്‍ സൂം ഫീല്‍ഡ് ആക്റ്റീവ് ആയിത്തന്നെ നില്‍ക്കും, നിങ്ങള്‍ക്ക് മറ്റു സൂം ലെവലുകള്‍ നല്‍കാം.

6. ഡോകുമെന്റ് സൈസ് വിവരങ്ങള്‍ മാറ്റാന്‍ ഫോട്ടോഷോപ്പ് വിന്‍ഡോയുടെ താഴ് ഭാഗത്തെ സ്റ്റാറ്റസ് ബാറിലെ സൂം ഫീല്‍ഡിനു വലതു വശത്തുള്ള ബാറിലെ > (ആരോ) ബട്ടണില്‍ ക്ലിക്ക് ചെയ്ത് മെനുവില്‍ നിന്നു ഇഷ്ടമുള്ള ഇന്‍ഫര്‍മേഷന്‍ തെരെഞ്ഞെടുക്കാം.
ആ ബാറില്‍ വെറുതേ ക്ലിക്ക് ചെയ്താല്‍ പ്രിന്റ് സൈസ് കാണാം. Alt-clickചെയ്താല്‍ image dimensions ഉം resolution നും Ctrl-click ചെയ്താല്‍ Tile information അറിയാം.

7. Foreground കളര്‍ കൊണ്ട് ഡോകുമെന്റിനു ചുറ്റുമുള്ള gray കാന്‍ വാസ് ബോര്‍ഡറുകള്‍ ഫില്‍ ചെയ്യണമെങ്കില്‍ അവിടെ Paint Bucket tool [K] ടൂള്‍ കൊണ്ട് Shift-click ചെയ്താല്‍ മതി.
പഴയ ഗ്രേ കളര്‍ തിരികെ വേണമെങ്കില്‍ foreground കളര്‍ 25% ഗ്രേ (R192,G192,B192) Paint Bucket tool [K] ടൂള്‍ കൊണ്ട് വീണ്ടും Shift-click ചെയ്താല്‍ മതി.

8. ഏതു ഡയലോഗ് ബോക്സിലേയും കാന്‍സല്‍ ബട്ടണ്‍ റീസെറ്റ് ബട്ടണാക്കി മാറ്റാന്‍ Alt key അമര്‍ത്തിപ്പിടിച്ചാല്‍ മതി. ഇങ്ങനെ നിങ്ങള്‍ക്ക് ഡയലോഗ് ബോക്സ് കാന്‍സല്‍ ചെയ്ത് വീണ്ടും വരാതെ തന്നെ കൊടുക്കുന്ന വാല്യൂകള്‍ മാറ്റിക്കൊടുക്കാന്‍ (റീസെറ്റ് ചെയ്യാന്‍) കഴിയും. വളരെ ഉപകാരപ്രദമാണിത്.

9. Precise Cursors ഓണ്‍/ഓഫ് ചെയ്യാന്‍ Caps Lock key ഉപയോഗിക്കുക.

10. ഫുള്‍സ്ക്രീന്‍ മോഡുകളിലൂടെ മാറി മാറിപ്പോകാന്‍ “F” കീ ബട്ടണ്‍ ഉപയോഗിക്കുക. ഫുള്‍സ്ക്രീന്‍ മോഡില്‍ നിന്നു കൊണ്ടു മെനു കാണണമെങ്കില്‍ Shift+F പ്രെസ്സ് ചെയ്താല്‍ മതി.

11. ഫോട്ടോഷോപ്പിന്റെ ഗ്രേ ബാക്ഗ്രൌണ്ടില്‍ Double-click ചെയ്താല്‍ Open കമാന്റ് ദൃശ്യമാകും.[Ctrl+O] (File » Open…).

12. Ctrl+Double-click ചെയ്താല്‍ പുതിയ ഡോകുമെന്റിനുള്ള ബോക്സ് വരും. .(ctrl+N) (File » New…).

13. കളര്‍ പാലറ്റിലെ (Color palette [F6] (Window » Show Color) കളര്‍ റാമ്പില്‍ Shift-click ചെയ്താല്‍ RGB, CMYK…എന്നിങ്ങനെ സ്പെക്ട്രം മാറി മാറി വരും. അല്ലെങ്കില്‍ കളര്‍ റാമ്പില്‍ right-click ചെയ്തും ഇഷ്ടമുള്ള കളര്‍ മോഡ് തെരഞ്ഞെടുക്കാം.

14. ഒരു ഇമേജ് വിന്‍ഡോയുടെ റ്റൈറ്റില്‍ ബാറില്‍ Right-click ചെയ്ത് Canvas Size, Image Size, Duplicate തുടങ്ങിയ ഫീച്ചേഴ്സ് എളുപ്പം തെരെഞ്ഞെടുക്കാം.

15. മൌസ് പോയിന്റര്‍ ഒരു ഇമേജ് വിന്‍ഡോയുടെ റ്റൈറ്റില്‍ ബാറില്‍ ഒന്നു ‘പോസ് ‘ ചെയ്താല്‍ (നിര്‍ത്തിവെച്ചാല്‍) ആ ഇമേജിന്റെ ഫുള്‍ പാത്ത് (ലൊക്കേഷന്‍) തെളിഞ്ഞു വരും.

16. കളര്‍ സ്വാഷസ് പാലറ്റില്‍ (Window » Show Swatches) ഇഷ്ടമുള്ള കളര്‍ കൂട്ടിച്ചേര്‍ക്കാന്‍ Foreground കളര്‍ സെലെക്റ്റ് ചെയ്തിട്ട് സ്വാഷസ് പാലറ്റിന്റെ ഒഴിഞ്ഞ ഗ്രേ സ്ഥലത്ത് വെറുതേ ക്ലിക്ക് ചെയ്താല്‍ മതി. ആഡ്ഡ് ചെയ്ത കളര്‍ റിമൂവ് ചെയ്യാന്‍ സ്വാഷസ് പാലറ്റില്‍ ആ കളറില്‍ Alt+click ചെയ്താല്‍ മതി.

17. ഫോട്ടോഷോപ്പിലെ ഒരു സ്ഥലത്തു നിന്നും മറ്റൊരിടത്തേക്കോ അല്ലെങ്കില്‍ മറ്റൊരു ആപ്ലിക്കേഷനിലേക്കൊ കളര്‍ വാല്യൂ കോപി പേസ്റ്റ് ചെയ്യാന്‍ കളര്‍ പിക്കറിലെ ഹെക്സാഡെസിമല്‍ കളര്‍ ഫീല്‍ഡ് ( # ) ഉപയോഗിക്കുക.

18. കര്‍വ് വിന്‍ഡോയുടെ Curves window [Ctrl+M] (Image » Adjust » Curves…) വലിപ്പം കൂട്ടുന്നതിനും കുറക്കുന്നതിനും കര്‍വ് വിന്‍ഡോയിലെ maximize / minimize button ഉപയോഗിക്കുക. ഗ്രിഡ് സൈസ് കൂട്ടുന്നതിനു കര്‍വ് വിന്‍ഡോയില്‍ Alt-click ചെയ്യുക.

Dec 27, 2007

നാ‍ടകീയ നാടകങ്ങള്‍ !

പള്ളിപ്പെരുന്നാളിനു നാടകം കളിക്കുന്നു ഇടവകയിലെ അമേച്ചര്‍ പയ്യന്മാര്. ബൈബിള് കഥ. ഇടവകേലെ പ്രമാണീടെ മകനു യേശു ആകണം. അറ്റ് ലീസ്റ്റ് ജോസഫ്.കാശിന്റെ അഹങ്കാരമാണ്. അവനാണ് നാടക സ്പോണ്‍സര്‍. 3 ദിവസം റിഹേഴ്സിയിട്ടും ലവന് ശരിയാകുന്നില്ല. ഒടുക്കം അവനു ഒരു സത്രക്കാരന്റെ റോള് നല്കി സത്രക്കാരനായിരുന്ന സണ്ണിക്കുട്ടിയെ ജോസഫാക്കി. അപ്പളേ പ്രമാണി മഹന് മനസ്സില് പറഞ്ഞു: നാടകം തട്ടേക്കേറട്ടെ, കാണിച്ചു തരാം.

നാടകം തുടങ്ങി. ജോസഫും മറിയവും സത്രങ്ങള് കയറി ഇറങ്ങുന്നു. ആരും മുറി കൊടുക്കുന്നില്ല. അവസാനം പ്രമാണി മകന്റെ സത്രത്തിലുമെത്തി. അവനും അവരെ അടിച്ചിറക്കണം. അങ്ങനെ പുല്‍‌ക്കൂട്ടില് പോയി പ്രസവിക്കണം.

അവര് സത്രത്തില് മുറിയുണ്ടോ എന്നന്വേഷിച്ചപ്പോള് സത്രക്കാരന്: "മുറിയുണ്ടോന്നോ? കൊള്ളാം നിങ്ങളെപ്പോലുള്ളവര്ക്കല്ലേ ഇവിടെ നറച്ചും മുറി....വന്നാട്ടെ,വന്നാട്ടെ, കേറിയാട്ടെ, വിശ്രമിച്ചാട്ടെ..."

ജോസഫ് ഞെട്ടി. മറിയം ഞെട്ടി. സംവിധായകന് ഞെട്ടി. അച്ചന് ഞെട്ടി. നാടകം ഇനി എങ്ങനെ മുന്നോട്ട് നീങ്ങും കര്‍ത്താവേ!

ജോസഫ് സത്രക്കാരന്റെ കാതില് പറഞ്ഞു: “റാസ്‌കല്‍, നാടകം കഴിയട്ടെ, കാണിച്ചു തരാം”. എന്നിട്ട് അകത്തേക്ക് കയറിയിട്ട് പെട്ടെന്ന് തിരികെ വന്നു:
“ഹും പന്നികള് പോലും കിടക്കാത്ത വൃത്തികെട്ട മുറികള്..അയ്യേ, മറിയേ, നമുക്കിവിടെ കിടക്കണ്ട. വാ വല്ല പുല്‍‌ക്കൂട്ടിലും പോയി കിടക്കാം...”

*******************

ഈശോ ചരിതം പുരോഗമിക്കുന്നു. ക്ലൈമാക്സായി. യേശുവിനെ കുരിശില് തറക്കുന്ന സീന്. അരങ്ങൊരുങ്ങിയപ്പോളാണ് ഒരു പ്രശ്നം എല്ലാവരും ശ്രദ്ധിക്കുന്നത്. കുട്ടിത്തോര്ത്തുടുത്തു നില്ക്കുന്ന യേശുവിന് കുടവയര്. ഫുള് ടൈം ളോഹ ആയിരുന്നതു കാരണം ആരുമത് ശ്രദ്ധിച്ചില്ല. കുടവയറുള്ള യേശുവോ!!! കുരിശായല്ലോ! ഒറ്റ സീനിനു വേണ്ടി നായകനെ മാറ്റാനും വയ്യ.
നായകന് തന്നെ ഉപായം പറഞ്ഞു: രണ്ടു മിനിട്ടത്തെ കാര്യമല്ലേ ഉള്ളൂ, അത്രോം സമയം ഞാന് വയര് ചൊട്ടിച്ചു പിടിച്ചോളാം...
സംവിധായകനു സന്തോഷമായി.
കര്ട്ടണ് പൊങ്ങി. കുരിശില് ചേര്ന്നു കിടക്കുന്ന നായകന് വയര് ഉള്ളിലേക്ക് വലിച്ചു.
ഠിം!
കുട്ടിത്തോര്ത്ത് ഉരിഞ്ഞ് താഴെ...

കാര്‍ന്നോന്മാര്‍ അവരുടെ തോര്‍ത്ത് മുണ്ട് കൊണ്ട് അമ്മച്ചിമാരുടെ കണ്ണു പൊത്തിയെന്നു ചരിത്രം.

(കടപ്പാട്: തോമസ് പാല. അദ്ദേഹത്തിന്റെ നാടകത്തെ സംബന്ധിച്ച ഹാസ്യ ലേഖനങ്ങളില്‍ നിന്ന്).

Dec 26, 2007

കുറേ പൂക്കള്‍...

കഴിഞ്ഞ വെക്കേഷന്‍ കാലത്ത് വീട്ടുമുറ്റത്ത് നിന്നും എടുത്ത കുറേ പടങ്ങള്‍.
കാമറ നേരേ പിടിക്കാന്‍ അറിയാത്തവന്റെ അതിമോഹമാണെന്ന് കരുതിയാല്‍ മതി.
ഇത് ഞാന്‍ അപ്പുമാഷ്‌ക്ക് സമര്‍പ്പിക്കുന്നു....
വന്‍‌പുലികളുടെ ഉപദേശങ്ങള്‍ക്ക് കാതോര്‍ക്കുന്നു.













Dec 25, 2007

ലബ്ബക്കഥകള്‍ 2

ആദ്യമായി ഒരു ട്രെയിന്‍ യാത്രക്ക് തയ്യാറെടുക്കുന്നു ലബ്ബ. കായംകുളത്തു നിന്നും കോട്ടയത്തേക്ക് ലോക്കല്‍ ട്രെയിനിലാണ് പോകേണ്ടത്. ലബ്ബ പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുമ്പോള്‍ അന്നു കായംകുളത്ത് സ്റ്റോപ്പില്ലാത്ത മദ്രാസ് മെയില്‍ പാഞ്ഞു വന്നു. അത് കഴിഞ്ഞിട്ടാണ് ലോക്കല്‍ വണ്ടി. കഥയറിയാതെ ലബ്ബ ട്രെയ്‌നിനു കൈ കാണിച്ചു. വണ്ടിയുണ്ടോ നിര്‍ത്തുന്നു! സ്റ്റേഷനായതിനാല്‍ ഉച്ചത്തില്‍ സൈറനിട്ടു ട്രെയിന്‍ പാഞ്ഞു പോയി.

അരിശം കൊണ്ട് വിറച്ച ലബ്ബ പ്ലാറ്റ്‌ഫോമില്‍ ആഞ്ഞു ചവിട്ടി....

“കഴുവര്‍ഡ മോനേ, കൈ കാണിച്ചിട്ട് നിര്‍ത്തീമില്ല, കൂവിക്കളിയാക്കുന്നോ?!!!”

*********************************************************
ലബ്ബ നടന്നു വരുമ്പോള്‍ ഒരു സ്ത്രീ കവുങ്ങ് പിടിച്ച് കുലുക്കുന്നു. ലബ്ബയെ കണ്ട സ്ത്രീ ഒരു അടക്ക പറിച്ചു കൊടുക്കാന്‍ ലബ്ബയോട് പറഞ്ഞു. ഒരു കമ്പെടുത്ത് ലബ്ബ കുറേ എറിഞ്ഞു. അടക്ക വീണില്ല. വീണ്ടുമെറിഞ്ഞപ്പോ കമ്പ് അടക്കാമരത്തിന്റെ മണ്ടയില്‍ തങ്ങി. ഉടന്‍ ലബ്ബ കവുങ്ങില്‍ കയറി കമ്പെടുത്ത് താഴെ വന്ന് വീണ്ടും എറിഞ്ഞു തുടങ്ങി!
**********************************************************

ലബ്ബ പശുവിനെ വില്‍ക്കാന്‍ പോകുന്നു. വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ ഭാര്യയെ വിളിച്ചു.
“എടിയേ, നീ ഇതിനൊരു വെല പറയെടീ”
“എന്തിനാ?”
“പറയെടീ, ഒരു മൂവായിരം പറ”
“ഉം, മൂവായിരം”
“അള്ളാണെ, റസൂലിനാണേ മൂവായിരത്തിനു തരില്ല”

ലബ്ബ ചന്തയിലെത്തി.
“പശുവിനെ കൊടുക്കുന്നോ?” ഒരാള്‍ ചോദിച്ചു.
“എന്തു തരും?” ലബ്ബ.
“ഒരു രണ്ടായിരത്തഞ്ഞൂറു തരാം”
“അള്ളാണെ, റസൂലിനാണേ ഒരാള്‍ മൂവായിരം പറഞ്ഞിട്ട് കൊടുത്തില്ല, പിന്നാ രണ്ടായിരത്തഞ്ഞൂറു രൂഫ”.

നമ്മുടെ ലബ്ബ കള്ളയാണ ഇടില്ല.