Oct 24, 2011

അറബി പാഠം മൂന്ന്

വീട്

ബൈത് = വീട് (House)
ദാര്‍ = വീട് (home)
മന്‍സില്‍ = വസതി
ബെനായ = കെട്ടിടം
ഗുര്‍ഫ (غرفة) = മുറി
ശിഗ്ഗ (شقة) = ഫ്ലാറ്റ്
ഗസ്വ്‌ര്‍ = കൊട്ടാരം
മത്വ്‌ബഖ് = അടുക്കള
ഗുര്‍ഫതിന്നൌം = കുറപ്പു മുറി
ഗുര്‍ഫത്തില്‍ ജുലൂസ് = സ്വീകരണ മുറി
ഹമ്മാം = കുളിമുറി
തുവാലീത്ത് = റ്റോ‌യ്‌ലറ്റ്
ശുര്‍ഫ = ബാല്‍ക്കണി
ജിദാര്‍ = ചുമര്‍
സഗഫ് = മച്ച്
ബവാബ = ഗേറ്റ്
ബാബ് = വാതില്‍
നാഫിദ = ജനല്‍
ശുബാക്ക് = ഗ്രില്‍‌സ്
സിതാര= കര്‍ട്ടന്‍
ഹാജസ് = സ്ക്രീന്‍
സരീര്‍ = കട്ടില്‍
ഫിറാശ് = കിടക്ക
മാഇദ, തറാബീസ, ത്വാവ്‌ല = മേശ
കുര്‍സി = കസേര
ദിക്ക = ബെഞ്ച്
ഇസ്‌കം‌ല = സ്റ്റൂള്‍
റഫ് = ഷെല്‍ഫ്
കനബ = സോഫ
മഫ്‌റൂശാത്ത് = ഫര്‍ണിച്ചര്‍
ദൂലാബ് = അലമാരി
മിറായ = കണ്ണാടി
സിജ്ജാദ = വിരിപ്പ്
ശര്‍ശഫ് =കിടക്കവിരി
ലെഹാഫ് = പുതപ്പ്
മിഖദ്ദ (مخدة) = തലയിണ
ഫിരിന്‍ = അടുപ്പ്
മിത്വ്‌ബഖ = സ്റ്റൌ
മിദ്‌ഫ‌അ = ഹീറ്റര്‍
തല്ലാജ = റഫ്രിജറേറ്റര്‍
ഇനാ = പാത്രം
സ്വഹന്‍ = തളിക
കാസ് = ഗ്ലാസ്സ്
ഗര്‍ശ = കുപ്പി
മിഗ്‌റഫ = തവി
ഫിന്‍‌ജാന്‍ = പിഞ്ഞാണം, സോസര്‍
മല്‍‌അഗ (ملعقة) = സ്പൂണ്‍
മിഫ്‌താഹ് = താക്കോല്‍
ഗഫ്‌ല്‍ = പൂട്ട്

ബൈതുക ഗരീബ്?
= നിന്റെ വീട് അടുത്ത് തന്നെയാണോ. (ഗരീബ് =അടുത്ത്)

ഗുര്‍ഫതുക മുരീഹ?
= നിന്റെ മുറി സൌകര്യപ്രദമാണോ? (റാഹ = Comfort. മുരീഹ = Comfortable)

അന ഉരീദ് ശിഗ്ഗ സഗീറ
= എനിക്ക് ചെറിയ ഒരു ഫ്ലാറ്റാണ് വേണ്ടത്. (അന ഉരീദ് = ഞാന്‍ ആഗ്രഹിക്കുന്നു, ആവശ്യപ്പെടുന്നു etc)

ഫീ അഹദ് ദാഖില്‍ ഹമ്മാം?
=കുളിമുറിക്കകത്ത് ആരെങ്കിലുമുണ്ടോ? (ദാഖില് (داخل) = അകത്ത്)

ഇസ്‌തറഹ് അലല്‍ കുര്‍സി ബര്‍‌റ
= പുറത്ത് കസേര മേല്‍ ഇരിക്കൂ (ഇസ്‌തറഹ് = വിശ്രമിക്കൂ, ഇരിക്കൂ. ഇസ്‌തിറാഹ= വിശ്രമാലയം. ബര്‍‌റ = പുറത്ത്)

അഖൂയ നായിം ഫീ ഗുര്‍ഫതുഹ്
=എന്റെ സഹോദരന്‍ അവന്റെ മുറിയില്‍ ഉറങ്ങുകയാണ്.

ബന്നദ് അല്‍ ബവാബ
=ഗേറ്റ് അടക്കൂ

അന ഉരീദു ശര്‍ശഫ് സൈന്‍
=എനിക്ക് നല്ലൊരു ബെഡ് ഷീറ്റ് വേണം (സൈന്‍ = നല്ലത്, അഴകുള്ളത്)

ശീല്‍ ഹാദല്‍ കറാസി ഇലാ ഗുര്‍ഫത്തില്‍ ജുലൂസ്
= ഈ കസേരകള്‍ സ്വീകരണമുറിയിലേക്ക് കൊണ്ടു പോകൂ. (കുര്‍സി= കസേര, കറാസി= കസേരകള്‍)

അസ്സന്ദുഖ് ഫീ ശൈ ആനിയ
= പെട്ടിയില്‍ കുറച്ച് പാത്രങ്ങളുണ്ട്. സന്‍‌ദുഖ് = പെട്ടി. ഇന=പാത്രം ആനിയ = പാത്രങ്ങള്‍)

ഹുവ യസ്‌തരീഹ് അലല്‍ കനബ
=അദ്ദേഹം സോഫയില്‍ ഇരിക്കുന്നു.

അറബി പാഠം - രണ്ട്

കുടുംബം
ആ‌ഇല = കുടുംബം
ബൈത്ത് = വീട്
അബു = പിതാവ്
ഉമ്മ്‌ = മാതാവ്
വാലിദൈന്‍ = മാതാപിതാക്കള്‍
അഖ് (اخ) = സഹോദരന്‍
ഉഖ്‌ത് (اخت) = സഹോദരി
ഇബ്‌ന്‍ = മകന്‍
ബി‌ന്‍ത് = മകള്‍
സൌജ് = ഭര്‍ത്താവ്
സൌജ, ഹറം = ഭാര്യ
ഗുലാം (غلام) = ആണ്‍കുട്ടി
ജാരിയ = പെണ്‍കുട്ടി
ശായിബ് = വൃദ്ധന്
അജൂസ് (عجوس) =വൃദ്ധ
ജദ്ദ് = അപ്പൂപ്പന്‍
ജദ്ദ = അമ്മൂമ്മ
ഖാല്‍ (خال) =അമ്മാവന്‍
ഖാല = മാതൃ സഹോദരി
അം (عم) =പിതൃ സഹോദരന്‍
അമ്മ (عمة) = പിതൃസഹോദരി
അരീസ് = മണവാളന്‍
അറൂസ് = മണവാട്ടി
സ്വിഹ്‌റ് = അളിയന്‍
ഖതന്‍ = അമ്മായി അപ്പന്‍
കന്ന = പുത്രവധു
ഹഫീദ് = പൌത്രന്‍
ഹഫീദ = പൌത്രി

അബൂയ = എന്റെ പിതാവ്
അഖൂയ = എന്റെ സഹോദരന്‍
ഹറമക് = നിന്റെ ഭാര്യ
ബിന്‍‌തക് = നിന്റെ മകള്
മിന്‍ ഹാദല്‍ വലദ് ? = ഈ കുട്ടി ആരാണ്?
മിന്‍ ഹാദാക് അശ്ശായിബ്? ഈ വൃദ്ധന്‍ ആരാണ്?
വെയ്‌ന്‍ യജ്‌ലിസ് അഖൂക്ക്? = നിന്റെ സഹോദരന്‍ എവിടെ താമസിക്കുന്നു.
വെയ്‌ന്‍ യസീര്‍ ഖാലക്? നിന്റെ അമ്മാവന്‍ എവിടെ പോകുന്നു?
മിന്‍ ഹാദില്‍ ജാരിയ? =ഈ പെണ്‍‌കുട്ടി ആരാണ്?
ഇന്‍‌ത ബിന്‍ മിന്‍? = നീ ആരുടെ മകനാണ്?
അന അഖൂ റാഷിദ് = ഞാന്‍ റാഷിദിന്റെ സഹോദരനാകുന്നു.
നഹ്‌നാ അബ്‌നാ അദ്ദുക്‍തൂര്‍ = ഞങ്ങള്‍ ഡോക്റ്ററുടെ പുത്രന്മാരാകുന്നു.
എഹ്‌നാ ബനാത്ത് സലീം = ഞങ്ങള്‍ സലീമിന്റെ പുത്രിമാരാകുന്നു.
ഹുവ ഖാല്‍ ഹാദല്‍ വലദ് = അയാള്‍ ഈ കുട്ടിയുടെ അമ്മാവനാകുന്നു.
ഹിയ ഉഖ‌ത്ത് ശരീകി = അവള്‍ എന്റെ കൂട്ടുകാരന്റെ സഹോദരി ആകുന്നു.


(ടിപ്പ്: അറബി ഉച്ചാരണം മനസ്സിലാക്കാന്‍ അറബിയില്‍ കൊടുത്തിട്ടുള്ള ഭാഗം കോപ്പി ചെയ്ത് ഗൂഗിള്‍ ട്രാന്‍‌സ്ലേറ്റിലേക്ക് പേസ്റ്റ് ചെയ്‌തിട്ട് Listen ബട്ടണ്‍ അമര്‍ത്തിയാല്‍ മതി. From: English To: Arabic ആയിരിക്കട്ടെ ട്രാന്‍‌സ്ലേറ്ററില്‍ :) )

അറബി പാഠം 1

ഗള്‍ഫിലെ സംസാരഭാഷ

ആറു മലയാളിക്ക് നൂറു മലയാളം എന്നാണ് ചൊല്ല്. അങ്ങനെയെങ്കില്‍ പശ്‌ചിമേഷ്യയുടെ വിസ്തൃതിക്കും ഭൂപ്രദേശങ്ങളുടെ വൈവിധ്യത്തിനുമനുസരിച്ച് എണ്ണിയാലൊടുങ്ങാത്ത രൂപഭേദങ്ങള്‍ ഭവിച്ച അറബി ഭാഷയുടെ വൈവിധ്യമാര്‍ന്ന വാമൊഴിശൈലികള്‍ ഒരു പഠനസഹായിയില്‍ ഉള്‍ക്കൊള്ളിക്കാന്‍ ആര്‍ക്കു സാധിക്കും !

സംസാരഭാഷക്ക് അതിന്റേതായ പദസമ്പത്തും ശൈലികളുമുണ്ട്. ഗള്‍ഫിലെ അറബി സംസാരഭാഷ പരിചയപ്പെടുത്താനുള്ള ലളിതമായ ഒരുദ്യമമാണിത്. അക്ഷരമാലയോ എഴുത്തോ ഗഹനമായ വ്യാകരണനിയമങ്ങളോ പഠിപ്പിക്കാനല്ല ഉദ്ദേശിക്കുന്നത്. അറബി നാടുകളില്‍ ജോലി ചെയ്യുന്ന, അറബി തീരെ അറിയാത്ത മലയാളി സുഹൃത്തുക്കള്‍ക്ക് പ്രയോജനമാവുന്ന വിധം ധാരാളം അത്യാവശ്യമായ ഒറ്റവാക്കുകളും ലഘുവാചകങ്ങളും ചോദ്യോത്തരങ്ങളും ഉള്‍ക്കൊള്ളിച്ച് വാക്യങ്ങളും വാക്യാംശങ്ങളും ഉദാഹരണമായി പറഞ്ഞ് കൊണ്ട് സംസാരഭാഷ പരിചയപ്പെടുത്തുക മാത്രമാണ്. സംസാരഭാഷയില്‍ ഉപയോഗപ്പെടുന്ന പദസമ്പത്ത് പരമാവധി ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കാം. വാക്കുകളുടെ അറബി രൂപം വേണ്ടിടത്ത് മാത്രം ചേര്‍ക്കുവാനേ ഉദ്ദേശിക്കുന്നുള്ളൂ.
എന്തായാലും നിങ്ങളുടെ അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ അറിയിക്കുക.

നമുക്ക് തുടങ്ങാം.
ആദ്യം സര്‍വ്വനാമങ്ങള്‍.

അവന്‍ =ഹുവ
അവര്‍ = ഹും
അവള്‍ = ഹിയ
നീ (പുരുഷനോട്) = ഇന്‍‌ത
നിങ്ങള്‍ = ഇന്‍‌തൂ
നീ (സ്ത്രീയോട്) = ഇന്‍‌തി
ഞാന്‍ = അന
ഞങ്ങള്‍ = എഹ്‌നാ (നഹ്‌‌നു എന്നാണ് യഥാര്‍ത്ഥ രൂപം)

ഉദാഹരണങ്ങള്‍:

ഹുവ ദുക്‍തൂര്‍ = അവന്‍ ഒരു ഡോക്റ്ററാകുന്നു
ഹുവ മുഹന്‍‌ദിസ് = അവന്‍ ഒരു എഞ്ചിനിയര്‍ ആകുന്നു)
ഹുവ സായിഖ് = അവന്‍ ഒരു ഡ്രൈവര്‍ ആകുന്നു
ഹിയ മുമത്തല (ممثلة) = അവള്‍ ഒരു നടി ആകുന്നു.
ഹിയ മുമര്‍‌രിദ (ممرضة) = അവള്‍ ഒരു നേഴ്‌സ് ആകുന്നു.
ഇന്‍‌ത ത‌അ‌ബാന്‍? = നീ ക്ഷീണിതനാണോ?
ഇന്‍‌ത ജൂആന്‍? = നീ വിശന്നിരിക്കുകയാണോ?
ഇന്‍‌ത സ‌(Z)അ്‌ലാന്‍? = നീ പിണങ്ങിയിരിക്കുകയാണോ?
ഇന്‍‌തി ഉഖ്‌ത് സലീം? = നീ സലീമിന്റെ സഹോദരിയാണോ?
ഇന്‍‌തൂ താലിബാന്‍ ഫീ മദ്രസ? = നിങ്ങള്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളാണോ?
ഇന്‍‌തൂ മുവദ്ദിഫീന്‍ ഹുകൂമ? = നിങ്ങള്‍ ഗവണ്മെന്റ് ഉദ്യോഗസ്ഥരാണോ?
അന ത്വയ്യാര്‍ ഫീ ത്വൈറാനുല്‍ ഹിന്ദ് = ഞാന്‍ എയര്‍ ഇന്ത്യയിലെ പൈലറ്റ് ആകുന്നു.
എഹ്‌നാ ഫര്‍ഹാനീന്‍ വാജിദ് = ഞങ്ങള്‍ വളരെ സന്തുഷ്ടരാണ്.
എഹ്‌നാ അത്വ്‌ശാനീന്‍ വാജിദ് = ഞങ്ങള്‍ നന്നായി ദാഹിക്കുന്നു.

Jul 14, 2011

കൃഷ്‌ണനും രാധയും: കലഹത്തിന്റെ ബൌദ്ധികപ്രണയോന്മുഖ നിദര്‍ശനം.

കാലം അങ്ങനെയാണ്. നവം‌നവമായിട്ടുള്ള പരിഷ്‌കാരപ്രക്രിയകള്‍ക്ക് പരിണിതപ്രാപ്തമാകുമ്പോള്‍ സ്ഥാപിതമായ സമൂഹപരിപ്രേഷ്യത്തില്‍ (Social indestructibilitical system) മാറ്റങ്ങളുടെ നവോത്ഥാനാനന്തരമുഖം (Post-modern face) ആര്‍ജ്ജിതമാകുന്നതിലെ ഗതിവേഗം കൂടുകകയും ഇന്നലെ വരെ പ്രാന്തവത്കരിച്ച് മുഖ്യഭാവധാരയില്‍ നിന്ന് വിളിപ്പാടകലെ നിര്‍ത്തിയിരുന്ന അനന്യസാധാരണമായ ജീവിതപശ്‌ചാത്തലങ്ങള്‍ ചര്‍വ്വിതചര്‍വ്വിതമാകുകയും ചെയ്യും. കോരന് മട്ടണ്‍‌ബിരിയാനി വെള്ളിത്തളികയില്‍ വിളമ്പുന്ന രസതന്ത്രമാണത്. ഈ അര്‍ത്ഥത്തിലാണ് ഇനിയും പിറക്കാത്ത ഒരു ചലച്ചിത്രകാവ്യത്തിന്റെ പ്രതീക്ഷാത്മക മുന്നെഴുത്തിന്റെ (Anticipative preview) പ്രസക്തി. എന്നാല്‍ ഇതൊരു പുതിയ പ്രവണത അല്ലെന്ന് Sulliven Hippocurata യെ അറിയുന്നവര്‍ക്കറിയാം. പൊതുബോധത്തിന്റെ കരള്‍ സഞ്ചിയില്‍ മുള്ളാണി കൊണ്ടൊരു കുത്ത് വെച്ചു കൊടുത്ത Sulliven Hippocurata.

പറഞ്ഞു വരുന്നത് മുഴുവന്‍ കൃഷ്‌ണനും രാധയും എന്ന റിലീസാവാനിരിക്കുന്ന സിനിമയെക്കുറിച്ചാണ്. പ്രമേയപരമായ തെരഞ്ഞെടുപ്പ് കൊണ്ട് പ്രത്യക്ഷത്തില്‍ പ്രകടനാത്മകമായ ഉപരിപ്ലവതയുടെ പുനരാവിഷ്‌കാരം എന്ന് തോന്നാമെങ്കിലും ആഖ്യാ‍നവിപഞ്ചികങ്ങളിലെ അതിനൂതനമായ ശൈലീസങ്കേതങ്ങളെ കോര്‍ത്തിണക്കി അതിഭാവുകത്വത്തിന്റെ അല്‍പ്പകണങ്ങളെപ്പോലും അരിച്ചെറിയുന്ന തരത്തില്‍ മിശ്രസങ്കേതങ്ങളിലെ സമ്മോഹനമായ സൌന്ദര്യബോധം പിന്തുടരുന്ന ഒരു റൊമാന്റിക് ത്രില്ലര്‍ എന്ന നിലയില്‍ ഈ ചിത്രത്തിന്റെ സ്ഥാ‍നം കാസബ്ലാങ്കയോടൊപ്പമോ അല്ലെങ്കില്‍ ഗോൺ വിത്ത് ദ വിൻഡിനോടൊപ്പമോ അതുമല്ലെങ്കില്‍അതിനുമുയരത്തിലോ ആയിരിക്കും.

ബാഹ്യലോകത്തിനു അപരിചിതമായ കെട്ടുപാടുകളാൽ നിയന്ത്രിതമായ ഒരു ലോകത്തിൽ (a strange wolrd controlled by ties and marks) ലോല വികാരങ്ങൾ എപ്രകാരം ഒരു വ്യക്തിയുടെ ജീവിതത്തെ മാറ്റിമറിക്കുന്നു എന്ന് അമൂർത്തമായ ചില ബിംബങ്ങളിലൂടെ - സെക്സ് ആന്‍ഡ് ഫിലോസഫിയില്‍ മക്മല്‍ബഫ് കാണിച്ചതുപോലുള്ള തീ പിടിച്ച നിറമുള്ള ഇലകളിലൂടെയും മറ്റും - കോറിയിടുകയാണു് സംവിധായകനായ സന്തോഷ് പണ്ഡിറ്റ്. ഇതിന്റെ ഇതിവൃത്തം മുഴുവന്‍ സംവിധായകനായ സന്തോഷ് പണ്ഡിറ്റ് പറഞ്ഞ് തന്നെയാണ് നാം അറിയുന്നത്. ആ കഥപറച്ചിലുകളില്‍ത്തന്നെ ഡുക്കിന്റെ സ്പ്രിങ്ങിൽ നമ്മളെല്ലാം അനുഭവിച്ച മഞ്ഞ് അതിനേക്കാൾ തീവ്രതയോടെ നമ്മുടെ മനസിലേക്ക് പെയ്തിറങ്ങുന്ന അനുഭവമാണെന്നത് എത്ര അവാച്യ സുന്ദരമാണ്. ഈ നൂറ്റാണ്ടിന്റെ തന്നെ സിനിമ എന്ന് വിശേഷിപ്പിക്കാവുന്ന ക്ലാസ്സിക് മൂവി തന്നെ ആയിത്തീരും കൃഷ്ണനും രാധയും. തീവ്രമായ ജീവിതാനുഭങ്ങൾ നല്ല സിനിമയ്ക്ക് വളമാകാറുണ്ടെന്ന് പണ്ട് ഗോൾബർഗർ പറഞ്ഞതെത്ര സത്യം!

ഭിന്നസമുദായങ്ങളില്‍ ജനിച്ച കമിതാക്കളുടെ കഥയാണ് കൃഷ്‌ണനും രാധയും പറയുന്നത്. പക്ഷേ വ്യത്യസ്തതയുടെ അനന്യമായ സന്നിവേശമാണ് ഈ ചിത്രത്തെ മാറ്റിനിര്‍ത്തുന്നത്. ജോണ്‍ അഥവാ കൃഷ്‌ണന്‍ എന്ന നായകനെ കാമിക്കുന്നത് വെറുമൊരു രാധ മാത്രമല്ല, ഒമ്പത് രാധമാരാണ്. രാധമാരുടെ പ്രണയചാപല്യങ്ങള്‍ക്ക് വശംവദനാകുന്നതോ വാര്‍ദ്ധക്യം വന്നുദിച്ചിട്ടും കൈവിട്ടില്ല യുവത്വം എന്ന മട്ടില്‍ ഓടക്കുഴല്‍ വായിച്ചും കൊത്തങ്കല്ല് കേളിക‌ളിലേര്‍പ്പെട്ടും ജീവിതം തള്ളി നീക്കുന്ന ഒരു പാവം മനുഷ്യന്‍. ശരിക്കും ഇങ്ങനെയൊരു മധ്യവയസ്കനെ കൌമാരക്കാരായ ഒമ്പത് പെണ്‍കുട്ടികള്‍ ഒന്നിച്ച് പ്രണയിക്കുന്നതിന്റെ Psycho-sexual mental disorder നെക്കുറിച്ച് , ഈ വിഷയത്തില്‍ ആധികാരികമായി പഠനം നടത്തിയ ഡോക്റ്റര്‍ മാത്യു മറ്റം അദ്ദേഹത്തിന്റെ അഞ്ചു സുന്ദരികള്‍ എന്ന ജേണലില്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. Obsessive Compulsive Disorder എങ്ങനെ ഒരു സാമൂഹ്യരോഗമായി മാറുന്നു എന്ന് തെളിയിക്കേണ്ട കടമ തന്നെ സംവിധായകന്‍ ഏറ്റെടുക്കുന്നു.

രാധികമാരുടെ ചേലകള്‍ കവര്‍ന്നെടുത്ത് ( ഗ്രാമ്യമായ കവര്‍ച്ചയെ “ചേല അടിച്ചു മാറ്റിയ കുഞ്ഞിക്കൃഷ്‌ണാ” എന്ന അതിസാധാരണമായ സ്ലാംഗ് കൊണ്ടാണ് സന്തോഷ് പണ്ഡിറ്റ് 
കവിത്വപൂര്‍ണ്ണമാക്കുന്നത്) അവരുടെ സ്നാനരംഗങ്ങള്‍ വീക്ഷിക്കുന്ന ദ്വാപരയുഗത്തിലെ കൃഷ്‌ണനെ ഈ ചിത്രത്തില്‍ നമുക്ക് കാണാന്‍ കഴിയില്ല. പെരുന്തച്ചനിലും വടക്കന്‍ വീരഗാഥയിലും എം ടി ചെയ്തത് പോലെ ചരിത്രത്തിന്റെ പുനര്‍നിര്‍മ്മിതി എന്ന അക്ഷന്തവ്യമായ കര്‍മ്മമാണ് പണ്ഡിറ്റ് ജി ഈ ചിത്രത്തില്‍ നിര്‍വ്വഹിക്കുന്നത്. രാധയുടെ നഗ്നസ്നാനം അവഹൂളിതനായി ഒളിച്ചിരുന്നു നിരീക്ഷിക്കുന്നതിലൂടെയുള്ള ആനന്ദം- voyeuristic pleasure- ആണ് കൃഷ്‌ണന് ലഭിക്കുന്നത്. എന്നാല്‍ ഈ സിനിമയിലെ നായകന്‍ ജോണ്‍ കിണഞ്ഞു ശ്രമിച്ചിട്ടും ഒമ്പത് രാധികമാരില്‍ ആരും തന്നെ ചന്ദനക്കല്ലിന്മേല്‍ ചേലയഴിച്ച് വെച്ച് മുങ്ങിക്കുളിക്കാന്‍ വന്നില്ല എന്നത് തീര്‍ച്ചയായും അമേയപ്രാര്‍ത്ഥനകമായ ദ്വാപരയുഗദ്വാരകരാധമാരുടെ സങ്കല്‍പ്പനങ്ങളോട് കലഹിക്കുന്ന റെബല്‍ മാധ്യമ അറ്റാക്ക് തന്നെയാണ്.

വെറുമൊരു റൊമാന്റിക് ത്രില്ലര്‍ സൃഷ്ടിക്കുകയല്ല സംവിധായകന്റെ ഉദ്ദേശ്യം എന്ന് വ്യക്തമാണ്. കഥ, തിരക്കഥ, അസാധാരണമായ രീതിയിലുള്ള സ്വയം Editing, സംഗീതം, ഞൊടിയിടയില്‍ സിനിമയില്‍ കടന്നുവരുന്ന ഗാനങ്ങള്‍ എന്നിവയിലൂടെ ഒരു Famliy Entertainer ആണ് തന്റെ സൃഷ്ടി എന്നദ്ദേഹം പ്രഖ്യാപിക്കുന്നു. രാധമാരുടെ പിതാക്കന്മാരായ ഒമ്പത് കഥാപാത്രങ്ങളുടെ ‍- അവരാണ് വില്ലന്മാരെ അയക്കുന്നത്- ബൂര്‍ഷ്വാ ജീവിതത്തെ പ്രതീകമാക്കി, യാഥാസ്ഥിതിക കേരളീയ സമൂഹത്തെ കീറിമുറിച്ച്‌, കിഴക്കിനോടും പടിഞ്ഞാറിനോടും മലയാളത്തിന്റെ സമീപനത്തെ ഓരോ ഫ്രെയിമിലൂടെയും പരിശോധിക്കുന്നു അദ്ദേഹം. ബൂര്‍ഷ്വാസികമായ ഈ മാനത്തിനു പുറമെ, വര്‍ഗ്ഗീയമായ പ്രണയധ്വംസനങ്ങള്‍ സാമൂഹികജീവിതത്തില്‍ എങ്ങനെ പരിവര്‍ത്തനത്തിനു വിധേയമാകുന്നു, ആശുപത്രി ജീവിതത്തിന് അത് എങ്ങനെസഹായകമാകുന്നു എന്നൊരു മനശാസ്‌ത്രപരമായ പഠനമാനം കൂടി ഈ ചിത്രത്തിനുണ്ട്‌.

ഇവിടെയാണ് സംഗീതത്തെപ്പറ്റി എടുത്ത് പറയേണ്ടത്. പ്രാര്‍ത്‌ഥനാനിര്‍ഭരമായ, മന്ദതാളത്തിലുള്ള സംഗീതം പ്രതിനിധീകരിക്കുന്ന വ്യക്തിബോധത്തെ(personal psyche)യും അവാച്യമായ ആന്തരജീവിതത്തെയും അടയാളപ്പെടുത്തുമ്പോള്‍ കൂടുതല്‍ ദ്രുതതാളത്തിലുള്ള ടര്‍ബോ-ഫോക്ക്‌ സംഗീതം സമൂഹത്തിന്റെ പൊതുബോധത്തെ(collective psyche) കുറിക്കുന്നു. രാത്രി ശുഭരാത്രിയുടെ collective psyche മന്ദതാരുണ്യത്തിന്റെ ടര്‍ബോ-ഫോക്ക്‌ സംഗീതമാണെങ്കിലും personal psyche യെയും അവാച്യമായ ആന്തരജീവിതത്തെയും അടയാളപ്പെടുത്തുന്നു. ആയതിനാല്‍ തന്നെ ഈ ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഹിറ്റാകുമെന്ന് ഉറപ്പാണ്. ഓ പ്രിയേ എന്ന ഗാനം അവതരിപ്പിക്കപ്പെടുന്നത് സമൂഹനിര്മ്മാണത്തില് കലയെ എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നതിന്റെ പ്രോജ്വലമാതൃക ആയിട്ടാണ്.

കാഴ്ചയ്ക്കിടയിൽ പ്രേക്ഷകരുടെ പങ്കാളിത്തം ഇടയ്ക്കിടെ ആവശ്യപ്പെടുന്ന ഈ പ്രണയകാവ്യം സന്തോഷാതിരേകത്താൽ ഉൾപുളകിതമായ ഒരു ഹൃദയത്തോടെയല്ലാതെ ഒരു പ്രേക്ഷകനും കണ്ടിരിക്കാനാവില്ല, ഇത് തീർച്ചയായും സകുടുംബം കണ്ടിരിക്കാവുന്ന ഒരു എന്റർടെയ്‌നര്‍ തന്നെയാണ്. തന്റെ സിനിമയുടേ പ്രേക്ഷകർ ആരായിരിക്കണമെന്ന് പണ്ഡിറ്റിനു നന്നായി ബോധ്യമുണ്ടെന്ന് ആദ്യ ചില സീനുകൾ കഴിയുമ്പോൾ തന്നെ മനസിലാക്കാം.

എ റിക്വസ്റ്റ് ഫ്രം പത്മനാഭന്‍

സുപ്രഭാതം സഹോദരാ,
സുഖമായിരിക്കുന്നോ? എന്റെ കൃപയാല്‍ താങ്കള്‍ക്കും കുടുംബത്തിനും സുഖം എന്ന് കരുതുന്നു.
എന്റെ പേര് പത്മനാഭന്‍. ഭക്തര്‍ എന്നെ ശ്രീ പത്മനാഭന്‍ എന്നും ചില അഹങ്കാരികള്‍ എന്നെ പപ്പനാവനെന്നും പപ്പുവെന്നും വിളിക്കും.
ഒരു പ്രത്യേക കാര്യത്തിനായിട്ടാണ് ഞാന്‍ താങ്കള്‍ക്ക് ഈ ഇ-മെയില്‍ അയക്കുന്നത്.

താങ്കളുടെ പ്രൊഫൈലും ഇ മെയില്‍ കോണ്ടാക്റ്റ് ഡീറ്റയിത്സും വഴിപാട് ബുക്കിംഗ് പുസ്തകത്തില്‍ നിന്നാണ് ഞാന്‍ മനസ്സിലാക്കിയത്. ഞാനിപ്പോള്‍ അകപ്പെട്ടിരിക്കുന്ന ഗുരുതരമായ ഒരു പ്രതിസന്ധിയില്‍ നിന്ന് എന്നെ കരകയറ്റാന്‍ നിങ്ങള്‍ക്കാവുമെന്ന് തികഞ്ഞ വിശ്വാസമുള്ളത് കൊണ്ടാണ് താങ്കള്‍ക്ക് നേരിട്ട് ഞാന്‍ മെയില്‍ അയക്കുന്നത്.

നിങ്ങള്‍ക്കെല്ലാവര്‍ക്കുമറിയുന്നത് പോലെ നൂറ്റാണ്ടുകളായി നിങ്ങളേവര്‍ക്കും അനുഗ്രഹം ചൊരിഞ്ഞും രാജകുടുംബത്തിന്റെ സകലസ്വത്തുക്കള്‍ സൂക്ഷിച്ചും സമ്പാദ്യപ്പെട്ടിക്ക് മീതേ ഇത്തിരി നിവേദ്യം കഴിക്കാന്‍ പോലും എഴുന്നേറ്റു പോകാതെ കിടന്നുസൂക്ഷിക്കുന്നവനുമായ ഒരു വിനീതനാണല്ലോ ഞാന്‍. അതു കൊണ്ട് ഈ സന്ദേശം കിട്ടിക്കഴിഞ്ഞാല്‍ നിങ്ങളെന്നോട് കനിവ് കാണിച്ച് എന്നെ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്.

നൂറ്റാണ്ടുകളായി ഞാന്‍ സൂക്ഷിച്ചു വെച്ചിരിക്കുന്ന ലക്ഷം കോടികള്‍ വിലയുള്ള സ്വത്തുക്കള്‍ ഈയടുത്ത് ചിലര്‍ പരിശോധിച്ച് കണക്കെടുക്കുന്ന വിവരം താങ്കളറിഞ്ഞിരിക്കുകയും വിവരങ്ങളൊക്കെയറിഞ്ഞ് കണ്ണ് തള്ളുകയും ഉറക്കം നഷ്ടപ്പെടുകയും ചെയ്തിരിക്കുമല്ലോ? ഇത്രയും ഭാരിച്ച മൊതല് എന്ത് ചെയ്യുമെന്ന ചര്‍ച്ചയാണല്ലോ എല്ലായിടത്തും. ചിലര്‍ എനിക്ക് തന്നെ തരണമെന്ന് പറയുന്നു. വേറെ ചിലര്‍ മഹാരാജാവിന് കൊടുക്കണമെന്നും ഇനിയും ചിലര്‍ സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടണമെന്നും. എന്തായാലും ആ സ്വത്തുക്കള്‍ ഇനി ഗോവിന്ദ! ഇതിനി ഒരുത്തനും കിട്ടാന്‍ പോകുന്നില്ല. അഥവാ എന്തെങ്കിലും ചെയ്യാമെന്ന് വെച്ചാല്‍ത്തന്നെ കേസും കൂട്ടവുമായി ഒരു തീരുമാനത്തിലെത്താന്‍ ഇനിയും നൂറ്റാണ്ടുകള്‍ കഴിയും.

ഇനിയാണ് എനിക്ക് നിങ്ങളോട് വളരെ കോണ്‍ഫിഡന്‍ഷ്യല്‍ ആയി ഒരു കാര്യം പറയാനുള്ളത്. ഇപ്പോള്‍ കണ്ടെടുത്തത് ഒരു ഐസ് ബെര്‍ഗിന്റെ ഏതാനും ശകലങ്ങള്‍ മാത്രമാണ്. ബാക്കി പത്തിലൊമ്പതും ആര്‍ക്കുമറിയാതെ ഞാന്‍ സൂക്ഷിക്കുന്നുണ്ട്. എത്ര ലക്ഷം കോടി വരുമെന്ന് ഊഹിച്ചു നോക്കൂ. എനിക്ക് മാത്രമേ സ്ഥലം അറിയാവൂ. പക്ഷേ ഈ രാജ്യത്തിലെ നിയമപ്രകാരം ആ സ്വത്തുക്കള്‍ ക്രയവിക്രയം ചെയ്യാനുള്ള അവകാശം എനിക്കില്ല. എനിക്ക് വിശ്വാസമുള്ള മറ്റാരെയും കണ്ടെത്താനുമാവുന്നില്ല.

അതു കൊണ്ട് താങ്കള്‍ എന്നെ സഹായിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. മറ്റു സ്വത്തുക്കള്‍ സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തിന്റെ സ്കെച്ചും എടുക്കേണ്ട വഴികളും ഞാന്‍ പറഞ്ഞു തരാം. നിങ്ങള്‍ അതെടുത്ത് സുരക്ഷിതമായി കച്ചവടമാക്കിത്തന്നാല്‍ ആയതിന്റെ മുപ്പത് ശതമാനം നിങ്ങള്‍ക്ക് നല്‍കിക്കൊള്ളാമെന്ന് ഞാന്‍ സത്യമായും വാഗ്‌ദാനം ചെയ്യുന്നു. അതിനായി നിങ്ങളുടെ പൂര്‍ണ്ണവിവരങ്ങള്‍ എനിക്കാ‍വശ്യമുണ്ട്. താഴെപ്പറയുന്ന വിവരങ്ങള്‍ എന്നെ അറിയിക്കുക.
1. നിങ്ങളുടെ പൂര്‍ണ്ണമായ പേര്.
2. നിങ്ങളുടെ വയസ്
3 .നിങ്ങളുടെ പൂര്‍ണ്ണവിലാസം.
4. നിങ്ങളുടെ മൊബൈല്‍ നമ്പര്‍
5. നിങ്ങളുടെ ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍.
ഇത്രയും വിവരങ്ങളോടൊപ്പം ഒന്നു കൂടി നിങ്ങള്‍ ചെയ്യേണ്ടതുണ്ട്. ഇപ്പോള്‍ ഇവിടെ ഏര്‍പ്പെടുത്തിയിട്ടുള്ള ഹൈ ടെക് സുരക്ഷാസംവിധാനങ്ങളുടെ കണ്ണ് വെട്ടിച്ച് നിങ്ങള്‍ക്ക് ഇവിടെയെത്തിച്ചേരാന്‍ വേണ്ടിയിട്ടുള്ള അത്യന്താധുനിക സജ്ജീകരണങ്ങളും ഉപകരണങ്ങളും ഞാന്‍ നിങ്ങള്‍ക്ക് അയച്ചു തരുന്നതാണ്. അതിന്റെ ചെലവിലേക്കായി ഒരു ലക്ഷം രൂപയുടെ ഡ്രാഫ്‌റ്റ് കൂടി നിങ്ങളുടെ വിവരങ്ങളോടൊപ്പം അയച്ചു തരിക. വമ്പിച്ച സ്വത്തുക്കള്‍ കരഗതമാക്കുന്നതിനായി തീരെച്ചെറിയ ഒരു മുന്നൊരുക്കത്തുക മാത്രമാണിത്.

ഈ വിവരങ്ങള്‍ അതീവരഹസ്യമായി സൂക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
നിങ്ങളുടെ ക്രിയാത്മകമായ മറുപടി പ്രതീക്ഷിച്ചു കൊണ്ട്,
സ്വന്തം
ശ്രീ പത്മനാഭന്‍.