ദമ്മാം : അറബിക്കടലല പോലെ ഇരമ്പിയാര്‍ത്ത മലയാളം ബ്ലോഗേഴ്സിന്റെ മഹാപ്രവാഹത്തില്‍ നഗരം വീര്‍പ്പുമുട്ടിനില്‍ക്കേ പ്രഥമ സൌദി ബ്ലോഗേഴ്സ് മീറ്റിന് പ്രൌഢോജ്ജ്വല സമാപനം. മീറ്റിനോടനുബന്ധിച്ച് വൈകുന്നേരം നാലു മണിക്ക് ദമ്മാം കോര്‍ണീഷ് കടപ്പുറത്ത് നിന്നാരംഭിച്ച ബഹുജന റാലിയും ബ്ലോഗ് സേനാ മാര്‍ച്ചും പാരഗണ്‍ ഓഡിറ്റോറിയത്തില്‍ എത്തിച്ചേര്‍ന്നതോടെയാണ് സമാപനസമ്മേളനത്തിന് തുടക്കമായത്. സമ്മേളനം പ്രശസ്ത ബ്ലോഗര്‍ മറ്റൊരാള്‍ ഉദ്ഘാടനം ചെയ്തു.
അറേബ്യയുടെ നാനാഭാഗങ്ങളില്‍ നിന്ന് വന്നണഞ്ഞ ബ്ലോഗേഴ്സിനെ സ്വീകരിക്കാന്‍ നഗരം നേരത്തെ തന്നെ അണിഞ്ഞൊരുങ്ങി. പതാകകളും തോരണങ്ങളും മീറ്റിന് അഭിവാദ്യമര്‍പ്പിച്ചുള്ള ഫ്ലെക്സ് ബോര്‍ഡുകളും കമാനങ്ങളും ബ്ലോഗ് സ്നേഹികളുടെ ആവേശം വിളിച്ചോതുന്നതായിരുന്നു. ഗതാഗതനിയന്ത്രണം ശക്തമായിരുന്ന നഗരത്തില്‍ ദമ്മാം ട്രാഫിക് എസ്സൈ അല്‍ മുറൂര്‍ ബിന്‍ കാംറി അല്‍ തൊയൂത്തയുടെ നേതൃത്വത്തില്‍ ആയിരത്തോളം ട്രാഫിക് പോലീസുകാര്‍ ഏറെ പണിപ്പെട്ടിട്ടാണ് ഗതാഗതം നിയന്ത്രിച്ചത്. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്റ്റര്‍ അല്‍ ഫലാഫില്‍ ബിര്‍ യാനി ബിന്‍ മുശക്കല്‍ ഇന്നലെ അവധി പ്രഖ്യാപിച്ചിരുന്നു.
പതിനായിരങ്ങള്‍ അണിനിരന്ന ബഹുജന റാലി ഒരു പോയിന്റ് കടക്കാന്‍ മണിക്കൂറുകളെടുത്തു. ആവേശോജ്ജ്വലമായ റാലിയിലെ മുദ്രാവാക്യങ്ങള്‍ കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യം വിളിച്ചോതുന്നതായിരുന്നു.
“ബ്ലോഗറ് ഞങ്ങള്‍ മണിമേടയാക്കി
പോസ്റ്റുകള്‍ ഞങ്ങള്‍ പൂമാലയാക്കി
അറേബ്യയിയിലും ബ്ലോഗുന്നൂ
മലയാളത്തിന് പ്രിയ മക്കള്‍“
“അടിയുടെ ഇടിയുടെ വെടിയുടെ മുന്നില്‍
അടിപതറാത്തൊരു ബ്ലസ്ഥാനം
ഈറ്റും മീറ്റും ഏറെക്കണ്ടൊരു
ബ്ലോഗിന് മക്കള്‍ ഓര്‍ത്തോളൂ”
“വര്‍മ്മേയെന്ന് വിളിപ്പിക്കും
അനോണിക്കമന്റുകള്‍ ഇടുവിക്കും
വര്മ്മാലയത്തിന് മുറ്റത്തങ്ങനെ
വര്‍മ്മ മീറ്റ് നടത്തിക്കും...”
“അനോണിമാഷേ നേതാവേ
ആര്‍മ്മാദത്തിന്നുസ്താദേ
ധീരതയോടെ പോസ്റ്റിക്കോ
ലക്ഷം കമന്റുകള്‍ പിന്നാലേ...”
“മാക്രീ മാക്രീ മരമാക്രീ
ക്രോമില്‍ ബ്രൌസും മരമാക്രീ
ചുക്ക് പെണ്ണിനെ തൊട്ടെന്നാകില്‍
അക്കൈ വെട്ടും അവനെത്തട്ടും”
തുടങ്ങി അനോണിയും സനോണിയുമായ നിരവധിമുദ്രാവാക്യങ്ങളാല്‍ മുഖരിതമായിരുന്നു നഗരമുഖം.
സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ടു സംസാരിച്ച മറ്റൊരാള്‍ “മീറ്റില്‍ ഈറ്റിന്റെ പ്രധാന്യം” എന്ന വിഷയത്തിന്റെ മര്‍മ്മമാണ് പ്രധാനമായും അവതരിപ്പിച്ചത്. ആധ്യക്ഷം വഹിച്ച പ്രയാസി അനോണി ഓപ്ഷനുകള്‍ ഇല്ലാത്ത ബ്ലോഗില്‍ കമന്റിടുന്നതിന്റെ പ്രയാസം സദസ്യരുമായി പങ്കുവെച്ചു. “ആധുനിക ബൂലോഗത്തില്‍ വര്‍മ്മമാരുടെ പ്രസക്തി” എന്ന വിഷയത്തെ ആസ്പദമാക്കി സിയ നടത്തിയ ഘോരപ്രസംഗം അക്ഷരാര്‍ത്ഥത്തില്‍ സദസ്സിനെ പ്രകമ്പനം കൊള്ളിച്ചു.
പ്രമുഖ ബ്ലോഗര്‍ ജെസ്സി നന്ദി പറഞ്ഞു. മീറ്റില്‍ പ്രത്യേകക്ഷണിതാക്കളായ മറ്റൊരാളിന്റെ പത്നി ബെറ്റിയും പുത്രി നോറയും സന്നിഹിതരായിരുന്നു.
അന്തരാത്മാക്കളില്‍ ഈറ്റിന്റെ ഉള്‍വിളി പ്രകമ്പനം കൊള്ളിച്ചിരുന്നതിനാല്‍ മീറ്റും പ്രസംഗചടങ്ങുകളുമെല്ലാം ഒരു ചടങ്ങിന് വേഗം നടത്തിയിട്ട് ഈറ്റ് ഹാളിലേക്ക് തള്ളിക്കയറുകയായിരുന്നു ബ്ലോഗേഴ്സ്.
സൌദി ബ്രോഡ്കാസ്റ്റ് കമ്പനി പകര്‍ത്തിയ മീറ്റിന്റെ വിവിധദൃശ്യങ്ങള്‍ താഴെ കുഞ്ഞു പടത്തില്‍ ക്ലിക്ക് ചെയ്താല്‍ കാണാവുന്നതാണ്.
![]() |
Saudi Bloggers Meet ' 09 |