Dec 20, 2009
മുത്തശ്ശിയും മാവും
പാറയ്ക്കാട്ടെ വല്യ പറമ്പിലെ വല്യ വീട്ടിലെ കുഞ്ഞായി മുത്തശ്ശി, കൂട്ടിന് ഏകമകള്‍ കൊച്ചായിയും.
കഴിഞ്ഞ കൊല്ലം മാങ്ങക്കച്ചവടക്കാരന്‍ പുരുഷന് മൂവാണ്ടന്‍ മാവിലെ മൊത്തം മാങ്ങകള്‍ക്കും കൂടി ഒരോട വില അങ്ങ് പറഞ്ഞത്രേ.രണ്ടായിരം രൂപ. മുത്തശ്ശിക്ക് സന്തോഷമായി. അഞ്ഞൂറ് അഡ്വാന്‍സും കൊടുത്ത് പിറ്റേ ദിവസം മാങ്ങ പറിയ്ക്കാനെത്തിയ പുരുഷന് മൊത്തം മാങ്ങകളും പറിച്ച് കുട്ടയിലാക്കിയിട്ട് മാങ്ങാ പറിക്കുന്ന തോട്ടിയും ഇടുന്ന ഷര്‍ട്ടും മാവിന് ചോട്ടില് വെച്ചിട്ടു പറഞ്ഞു : “അമ്മേ, തോട്ടിയും ഉടുപ്പും ഇവിടിരിക്കട്ടെ, ഞാനീ കൊട്ടയെല്ലാം കൈവണ്ടീ കേറ്റി വെച്ചിട്ട് വരാം”. മാങ്ങാക്കുട്ടകള്‍ കൈവണ്ടീല്‍ കയറ്റാന്‍ പോയ പുരുഷനെ കൊല്ലമൊന്നു കഴിഞ്ഞിട്ടും മഷിയിട്ടു നോക്കിയിട്ടും ആ ഭാഗത്തൊന്നും കണ്ടില്ലത്രേ! കണ്ണ് നട്ടു കാത്തിരുന്ന മുത്തശ്ശിയുടെ മങ്ങിയ കാഴ്ച്ചക്ക് കൂടുതല്‍ മങ്ങലേറ്റത് മിച്ചം.
ഇക്കൊല്ലം മാവില്‍ മാങ്ങാ നിറഞ്ഞപ്പോള്‍ വിലപറയാനെത്തിയത് മാങ്ങാ ഇന്ഡസ്ട്രിയിലെ പുതുമുഖങ്ങള്‍ അശോകനും.ഷറഫും. മുത്തശ്ശി നല്ല കണക്കു കൂട്ടലില്‍ തന്നെ ആയിരുന്നു. മൂവായിരം രൂപ മുത്തശ്ശി ചോദിച്ചു. ആയിരത്തഞ്ഞൂറ് അഡ്വാന്‍സ്. ബാക്കി തുക മാങ്ങാപറിക്കുന്നതിന് മുമ്പ് പേ ചെയ്തിരിക്കണം. രണ്ടായിരത്തഞ്ഞൂറിന് ഉറപ്പിച്ചു. അശോകനും ഷറഫും നോക്കുമ്പോള്‍ ഈ വില വന്‍ ലാഭമെന്ന് കണ്ടു. മുത്തശ്ശി ആവശ്യപ്പെട്ട അഡ്വാന്‍സ് ആയിരത്തഞ്ഞൂറും നല്കി.
പിറ്റേ ദിവസം ഷറഫും അശോകനും മാങ്ങാ പറിക്കാനെത്തിയപ്പോള്‍ മാവ് നിന്നിടത്ത് മാവില പോലുമില്ലെന് കണ്ട് ആശ്ചര്യപ്പെട്ടു, പരിഭ്രാന്തരുമായി! തത്സമയം പുളിന്തറയിലെ വാസു മൂവാണ്ടന്‍ മാവിന്റെ നീളന്‍ തടി വെട്ടിക്കീറി തെക്കേപ്പറമ്പില്‍ കുഞ്ഞായി മുത്തശ്ശിക്ക് ചിതയൊരുക്കുകയായിരുന്നു!
Sep 5, 2009
ഫോട്ടോഷോപ്പ് ടിപ്സ് . 3 (Photoshop Tips. 3)
മുടങ്ങിക്കിടന്ന ഫോട്ടോഷോപ്പ് ടിപ്സ് വീണ്ടും :)
മുമ്പ് പ്രസിദ്ധീകരിച്ച INTERFACE TIPS, TOOLS TIPS എന്നിവ കണ്ടിരിക്കാന്‍ ഇടയില്ലാത്തവര്‍ അതു കൂടി നോക്കുമല്ലോ...
COMMAND TIPS
1.നാം ഒരിക്കല്‍ പ്രയോഗിച്ച ഫില്‍റ്റര്‍ കമാന്‍ഡ് (Filter) ഒന്നു കൂടി അപ്ലൈ ചെയ്യാന്‍ Ctrl+F. (Filter >Last Filter). പുതിയ സെറ്റിംഗ്സോടെ വീണ്ടും അപ്ലൈ ചെയ്യാന്‍ Ctrl+Alt+F.
അവസാനം പ്രയോഗിച്ച ഫില്‍റ്ററിന്റെ ഇഫക്റ്റുകള്‍ Fade ചെയ്യുന്നതിനോ അല്ലെങ്കില്‍ Blending Mode മാറ്റുന്നതിനോ Ctrl+Shift+F.(Edit>Fade "Filter ")
2.നിങ്ങള്‍ ഒരു ഇമേജ് കോപ്പി ചെയ്തിട്ട് പുതിയൊരു ഫയല്‍ ഉണ്ടാക്കുകയാണെങ്കില്‍ കോപ്പി ചെയ്ത ഇമേജിന്റെ അളവുകള്‍ (ക്ലിപ് ബോര്‍ഡിലുള്ള ഇമേജിന്റെ വലിപ്പം അനുസരിച്ച്) ഫോട്ടോഷോപ്പ് സ്വയം പുതിയ ഡോക്കുമെന്റിനു നല്‍കുന്നതായിരിക്കുമല്ലോ. ഇതൊഴിവാക്കി പഴയ അളവ് തിരിച്ചുവിളിക്കാന്‍ ആള്‍ട്ട് കീ കൂടി ഉപയൊഗിക്കുക. Ctrl+Alt+N.
അതേപോലെ പുതിയ ഡോകുമെന്റിനു നിലവില്‍ ഓപണ്‍ ചെയ്തിട്ടുള്ളതായ ഏതെങ്കിലും ഡോകുമെന്റിന്റെ അളവാണ് വേണ്ടതെങ്കില്‍ Ctrl+N പറയുമ്പോള്‍ വരുന്ന ഡയലോഗ് ബോക്സിലെ Preset എന്നിടത്തു ഏറ്റവും താഴെ നിന്നും ഓപണ്‍ ചെയ്തിട്ടുള്ളതായ ഡോക്കുമെന്റിന്റെ പേര് സെലക്റ്റ് ചെയ്താല്‍ മതി.
3.ഫോട്ടോഷോപ് കീബോഡ് ഷോട്ട്കട്ടുകള്‍ എഡിറ്റ് ചെയ്താല്‍ ജോലിയുടെ വേഗത കൂട്ടാം. Edit> Keyboard Shortcuts. ഉദാഹരണത്തിനു അണ്‍ഡു / റീ ഡു എന്നതിന് Ctrl+Z ആണ് Default. എന്നാല്‍ Undo എന്നതിനു Ctrl+Z ഉം Step Backward എന്നതിനു Ctrl+Z ഉം Step Forward എന്നതിനു Shift+Ctrl+Z ഉം അസൈന്‍ ചെയ്താല്‍ ഹിസ്റ്ററി സ്റ്റേറ്റുകളിലൂടെ പുറകോട്ടു പോകുന്നതിനു Ctrl+Z അടിച്ചു കൊണ്ടിരുന്നാല്‍ മതിയല്ലോ. ഡീഫാള്‍ട്ടായി 20 ഹിസ്റ്ററി സ്റ്റേറ്റുകള്‍ വരെ പുറകോട്ടു പോകാനേ പറ്റൂ. എന്നാല്‍ അത് ആയിരം വരെയായി നിജപ്പെടുത്താം. Edit>Preferences>General>History States.
4.കീബോഡ് ഷോട്ട്കട്ടുകള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ഇഷ്ടപ്രകാരം മാറ്റാവുന്നതും പുതിയവ നല്കാവുന്നതുമാണ്. Edit> Keyboard Shortcuts. ഇങ്ങനെ മാറ്റി അസൈന്‍ ചെയ്യുന്ന ഷോട്കട്ടുകള്‍ ഇഷ്ടമുള്ള പേരു കോടുത്ത് ഒരു ഫയലായി സേവ് ചെയ്യാം. ഇത് ഫോട്ടോഷോപ്പ് ഇന്സ്റ്റലേഷന് ഫോള്‍ഡറിലെ (?:\Program Files\Adobe\Adobe Photoshop CS2\Presets\Keyboard Shortcuts) എന്ന ലൊക്കേഷനില്‍ കാണും. നിങ്ങള്‍ക്കത് കോപ്പി ചെയ്തു സൂക്ഷിക്കാം. ഏതു കമ്പ്യൂട്ടറിലും ഇതേ ലൊക്കേഷനിലേക്ക് (?:\Program Files\Adobe\Adobe Photoshop CS2\Presets\Keyboard Shortcuts) പേസ്റ്റ് ചെയ്തിട്ട് കീ ബോഡ് ഷോട്ട് കട്ടിലെ Set എന്നിടത്ത് പ്രസ്തുത ഫയല്‍ നെയിം സെലക്റ്റ് ചെയ്താല്‍ നിങ്ങള്‍ക്ക് എവിടെയും നിങ്ങളുടെ സ്വന്തം ഷോട്കട്ട്സ് ഉപയോഗിക്കാം.
(Note:- ഇത് CS വേര്‍ഷനുകളുടെ വിന്‍ഡോസ് സെറ്റിംഗ്സ് ആണ്. "?" Program Files ഉള്ള ഡ്രൈവിനെ കുറിക്കുന്നു. CS 4 വേര്‍ഷനില്‍ Presets ലൊക്കേഷന്‍ ഇതാണ്. C:\Documents and Settings\"Computer name" \Application Data\Adobe\Adobe Photoshop CS4\Presets\Keyboard Shortcuts).
5.ഫോര്‍ഗ്രൌണ്ട് കളര്‍ ഫില്‍ ചെയ്യുന്നതിനു Alt+Delete (അല്ലെങ്കില്‍ Backspace) (Edit>Fill>. ബാക്ക്ഗ്രൌണ്ട് കളര്‍ ഫില്‍ ചെയ്യുന്നതിന് Ctrl+Delete (അല്ലെങ്കില്‍ Backspace). Shift+Backspace ഉപയോഗിച്ചാല്‍ ഫില്‍ ഡയലോഗ് ബോക്സ് വരും. ഇനിയൊരു വിശേഷപ്പെട്ട സംഗതി പറയാം. മേല്‍പ്പറഞ്ഞ ഷോട്ട്കട്ടുകള്‍ ഉപയൊഗിച്ച് ഫില്‍ ചെയ്യുമ്പോള്‍ ഡോകുമെന്റിലൊന്നാകെ അല്ലെങ്കില്‍ സെലക്റ്റ് ചെയ്ത ഭാഗത്ത് മാത്രം കളര്‍ നിറയും. എന്നാല്‍ ഒരു ഡോകുമെന്റില്‍ ലേയറിലെ പിക്സല്‍ ഉള്ള സ്ഥലത്തു മാത്രം സെലക്റ്റ് ചെയ്യാതെ തന്നെ കളര്‍ നിറയാന്‍ Shit+Alt+Delete (ഫോര്‍ഗ്രൌണ്ട് കളറിന്) Shift+Ctrl+Delete (ബാക്ക്ഗ്രൌണ്ട് കളറിനു). മുമ്പ് ലേയറിന്റെ പാഠത്തില്‍ പറഞ്ഞ Lock Transparent Pixels ഓര്‍ക്കുക.
6.Transform നമുക്കറിയാം. Ctrl+T ആണ് ഷോട്ട്കട്ട്. (Edit>Transform> Free Transform). ലേയറിന്റെ ഒരു ഡ്യൂപ്ലിക്കേറ്റെടുത്ത് Transform പ്രയോഗിക്കുവാന്‍ Alt+Ctrl+T. അവസാന Transformation ആവര്‍ത്തിക്കുവാന്‍ Shift+Ctrl+T. ലേയര്‍ ഡ്യൂപ്ലിക്കേറ്റുകള്‍ ഉണ്ടാക്കി Transformation ആവര്‍ത്തിക്കുവാന്‍ Shift+Ctrl+Alt+T. പ്രയോഗിച്ചു നോക്കൂ…രസകരമാണ്. ഒരു ഹിന്റ് തരാം. ഒരു ഡോക്കുമെന്റില്‍ പുതിയൊരു ലേയര്‍ ഉണ്ടാക്കുക. (Shift+Ctrl+N). എന്നിട്ട് റെക്റ്റാംഗുലര്‍ മാര്‍ക്യൂ റ്റൂള്‍ എടുത്ത് നന്നേ കുറഞ്ഞ വീതിയില്‍ ഇത്തിരി നീളത്തില്‍ ഒരു സെലക്ഷന് ഉണ്ടാക്കുക. ഫോര്‍ഗ്രൌണ്ട് കളര്‍ സെലക്റ്റ് ചെയ്ത് Alt+Delete (Backspace) പറയുക. സെലക്ഷന് വിടാതെ തന്നെ Alt+Ctrl+T പറയുക. ഒരു പന്ത്രണ്ട് ഡിഗ്രി ആങ്കിളില്‍ (ഏകദേശം) വലത്തോട്ട് ചരിക്കുക.ഓപ്ഷന് ബാറിലെ ശരിയില്‍ ക്ലിക്ക് ചെയ്യുക അല്ലെങ്കില്‍ രണ്ടു തവണ എന്റര്‍ പ്രെസ്സ് ചെയ്യുക. സെലക്ഷന് വിടരുത്. ഇനി Shift+Ctrl+Alt+T മൂന്നു നാലു തവണ പറയുക. എന്തു സംഭവിച്ചു? സെലക്ഷന് വിടാതെയിരുന്നാല്‍ ഈ കറക്കമെല്ലാം ഒറ്റ ലേയറില് കിട്ടും. സെലെക്ഷന്‍ ഒഴിവാക്കിയിട്ടാണ് ചെയ്യുന്നതെങ്കില്‍ ഒത്തിരി ലേയറുകള്‍ ഉണ്ടാവും.
7.ക്രോപ്പ് റ്റൂള്‍ ഉപയോഗിച്ച് ക്രോപ്പ് ചെയ്യുമ്പോള്‍ ഇമേജ് ബോര്‍ഡറുകളില്‍ സ്നാപ്പ് ചെയ്യുന്നതായി തോന്നും.(തട്ടി നില്‍ക്കുന്നത് പോലെ). ഇതൊഴിവാക്കാന്‍ ക്രോപ്പ് ഹാന്‍ഡില്‍സ് ഡ്രാഗ് ചെയ്യുമ്പോള്‍ Ctrl കീ അമര്‍ത്തിപ്പിടിച്ചാല്‍ മതി.
8.ചരിഞ്ഞോ വളഞ്ഞോ ഇരിക്കുന്ന ഒരു ഇമേജ് ഒരു പരിധി വരെ നേരെയാക്കാന്‍ :
മെഷര്‍ റ്റൂള്‍ എടുത്ത് ചരിവിന് അനുസൃതമായി (വെര്‍ട്ടിക്കലായോ ഹോരിസോന്‍ഡലായോ) ഒരു വര വരയ്ക്കുക. ഉദാഹരണത്തിന് ഇമേജിന്റെ വശങ്ങളിലേക്കൊ, ഒരു വാതിലിന്റെ ഫ്രെയിമുകളിലേക്കോ അല്ലെങ്കില്‍ ഒരു ചിത്രത്തിലെ ഒരാളിന്റെ കണ്ണുകള്‍ തമ്മിലോ മെഷര്‍ റ്റൂള്‍ കൊണ്ട് വര വരയ്ക്കുക) എന്നിട്ട് Image>Rotate Canvas>Arbitary…എന്നിട്ട് അങ്ങനെതന്നെ OK പറയുക.
ക്രോപ്പ് റ്റൂള്‍ ഉപയോഗിച്ചും ചരിവു നേരെയാക്കാം. ക്രോപ്പ് റ്റൂള്‍ [C] എടുത്ത് ചതുരത്തില്‍ ഡ്രാഗ് ചെയ്യുക. ഇമേജിന്റെ ചരിവിനനുസരിച്ച് ക്രോപ്പ് മാര്‍ക്യൂ റൊട്ടേറ്റ് റൊട്ടേറ്റ് ചെയ്യുക. (റൊട്ടേറ്റ് ചെയ്യുന്നതിനായി മൌസ് പോയിന്റര്‍ ക്രോപ്പ് മാര്‍ക്യൂവിനു പുറത്തേക്ക് കൊണ്ടുവന്നാല്‍ മതി). ചരിവു ശരിയായിതോന്നുമ്പോള്‍ എന്റര്‍ പ്രെസ്സ് ചെയ്യുക. ദാ ചരിഞ്ഞവന്‍ നിവര്‍ന്നു.
9.ക്രോപ്പ് ചെയ്യുമ്പോള്‍ ക്രോപ്പ് ബൌണ്ടറിയുടെ പുറത്തുള്ള പിക്സലുകള്‍ നഷ്ടപ്പെടും. ഇതൊഴിവാക്കാന്‍ കാന്‍വാസ് സൈസ് കമാന്‍ഡ് ഉപയോഗിക്കാം.
(Image > Canvas Size). എന്നിട്ട് കാന്‍വാസ് സൈസ് ചെറുതാക്കുക. പുറത്തുള്ള ചില ഭാഗങ്ങള്‍ നഷ്ടപ്പെടുമെന്ന് ഫോട്ടോഷോപ്പ് നമ്മെ ഭീഷണിപ്പെടുത്തുമെങ്കിലും ഒന്നും സംഭവിക്കില്ല. ഇമേജുകള്‍ സുരക്ഷിതമായിരിക്കും.
10.കോപ്പി പേസ്റ്റും കട്ട് പേസ്റ്റും ഒറ്റയടിക്ക് ചെയ്യാന്‍: Layer Via Copy [Ctrl+J]
(Layer > New >Layer Via Copy) അല്ലെങ്കില്‍ Layer Via Cut [Ctrl+Shift+J] (Layer > New > Layer Via Cut).
Aug 13, 2009
വിസ്റ്റയിലെ സാറ്റയും എക്സ്പിയിലെ ആറ്റയും!
വാങ്ങിയ ലാപ്ടോപ് കമ്പ്യൂട്ടറുകളില്‍ സ്വതവേ വിന്യസിച്ചിട്ടുള്ള വിന്‍ഡോസ് വിസ്റ്റ എന്ന പ്രവര്‍ത്തന പദ്ധതി (ഓപറേറ്റിംഗ് സിസ്റ്റം) ! കുരിശായി ഭവിച്ചതിന്റെ വ്യാകുലതകളില്‍ നിന്ന് മുക്തി നേടാന്‍ പൂര്‍വ്വാശ്രമത്തിലെ എക്സ് പി എന്ന പ്രവര്‍ത്തനമികവേറിയ വിദ്വാനെ ആവാഹിക്കുന്നതില്‍ നേരിടുന്ന ക്ലേശങ്ങളും സങ്കടങ്ങളും ഉണര്‍ത്തിക്കുന്നതിനായിട്ടായിരുന്നു മേപ്പടി വത്സന്മാര് എഴുന്നള്ളിയത് എന്ന് അരുള്‍ ചെയ്തു കൊള്ളുന്നു.
സംഗതി എന്താച്ചാല് ഈ അശ്രീകരം വിസ്റ്റയെ മാറ്റി എക്സിപിയെ പ്രതിഷ്ടിക്കാന്‍ ശ്രമിക്കുമ്പോള്‍ ദേവീ കോപം! സ്ക്രീനിലാകെ നീലനിറം (ബ്ലൂ സ്ക്രീന്‍)! ശിവ! ശിവ! കൂട്ടത്തില്‍ ഒരു എറര്‍ മെസ്സേജും. സംഗതി ഒരു കാരണവശാലും മുന്നോട്ട് പോകില്ല്യാത്രേ. പെട്ടി പെട്ടെന്ന് അടച്ചു കൊള്ളാന്‍ ഒരു താക്കീതും :)
സംഗതി വിസ്റ്റ മാറ്റി എക്സ് പി വിന്യസിക്കല്‍ പലതവണ ആയപ്പോള്‍ വല്ലപ്പളും പച്ചരി വാങ്ങാന്‍ തുട്ട് കിട്ടണ വകുപ്പാണെങ്കിലും സംഗതി ഒരു പോസ്റ്റങ്ങട് ആക്യാല്‍ പലര്‍ക്കും പ്രയോജനപ്പെടുമല്ലോ എന്ന ചിന്തവന്നതിനാല്‍ ഈ സംഗതികളെക്കുറിച്ച് ചില സംഗതികള്‍ അങ്ങ്ട് എഴുതുന്നു എന്ന് മാത്രം. (ഇനിയങ്ങ്ട് മംഗ്ലീഷില്‍ പറഞ്ഞാലേ സംഗതി നടക്കൂ. പരിഭാഷ ഉണ്ടായിരുന്നതല്ല).
വിന്‍ഡോസ് വിസ്റ്റ ഓപറേറ്റിംഗ് സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്തു വരുന്ന നോട്ട് ബുക്കുകള്‍ ഉപയോഗിക്കുന്ന പലരും വിസ്റ്റ മാറ്റി എക്സ് പി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശ്രമിക്കുന്നതായി കണ്ടു വരുന്നുണ്ട്. വിസ്റ്റ ഉപയോഗിക്കാനുള്ള പ്രയാസവും എക്സ് പി ഉപയോഗിക്കാനുള്ള എളുപ്പവുമാണിതിന് കാരണം. എന്നാല്‍ മിക്ക നോട്ട്ബുക്കുകളിലും എക്സ് പി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയാത്തതായി കാണപ്പെടുന്നുണ്ട്. ഇന്സ്റ്റലേഷന് പുരോഗമിക്കുമ്പോള്‍ പെട്ടെന്ന് എറര്‍ മെസേജുമായി ബ്ലൂ സ്ക്രീന്‍ പ്രത്യക്ഷമാകുക, ഹാര്‍ഡ് ഡിസ്ക് കാണപ്പെടുന്നില്ല എന്ന മെസേജ് വരിക തുടങ്ങിയവയൊക്കെ ആയിരിക്കും പ്രശ്നങ്ങള്‍.എന്താണിതിന് കാരണം?
പുതിയ കമ്പ്യൂട്ടറുകളിലെല്ലാം ഉപയോഗിക്കുന്നത് പരമ്പരഗത IDE ഹാര്‍ഡ് ഡിസ്കിന് പകരം സീരിയല്‍ ATA അഥവാ SATA ഹാര്‍ഡ് ഡിസ്കുകളും അവയെ നിയന്ത്രിക്കുന്ന SATA കണ്ട്രോളറുകളുമാണ്. അശ്ശശ്ശോ! അങ്ങനെ പറഞ്ഞാ ഇപ്പോ എങ്ങനാ?
എന്നാല്‍ ദേ ദിങ്ങനെ പറയാം.
പ്രോസസര്‍, മെമ്മറി, വീഡിയോ കാര്‍ഡ് അങ്ങനെ നമ്മുടെ കമ്പ്യൂട്ടറിന്റെ പല ഭാഗങ്ങളും കാലാകാലത്ത് രൂപവും ഭാവവും മാറി പുതിയ പുതിയ വേഗങ്ങള്‍ കൈവരിച്ചപ്പോള്‍ ഒരു പ്രധാനസംഗതി മാത്രം അവഗണിക്കപ്പെട്ടു കിടന്നു. അതത്രേ ഹാര്‍ഡ് ഡ്രൈവ്! പുത്തന്‍ കമ്പ്യൂട്ടറുകളില്‍ പോലും അടിസ്ഥാന ഹാര്‍ഡ് ഡ്രൈവുകളായിരുന്നു നമുക്ക് കാണാനായി കഴിഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഹാര്‍ഡ് ഡ്രൈവില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കണ്ടു തുടങ്ങി. സ്പിന്‍ഡിലുകലുടെ കൂടുതല്‍ വേഗത, വലിയ ക്യാഷെ, കൂടുതല്‍ വേഗതയില്‍ വിവരകൈമാറ്റം, കൂടുതല്‍ പ്രവര്‍ത്തനക്ഷമത, കുറഞ്ഞ വൈദ്യുതോപയോഗം അങ്ങനെ കുറേയെറെ മാറ്റങ്ങള്‍.
മിക്ക കമ്പ്യൂട്ടറുകളിലും ഉപയോഗിച്ചിരുന്നത് ATA (Advanced Technology Attachment)
ടൈപ് ഡ്രൈവുകള്‍ അഥവാ IDE (Integrated Drive Electronics) ഡ്രൈവുകള്‍ ആയിരുന്നു. 16 ബിറ്റ് പാരലല്‍ ഇന്റര്‍ഫേസില്‍ അധിഷ്ടിതമായ ഈ സ്റ്റാന്‍ഡേഡ് രൂപം കൊള്ളുന്നത് 1986 ല്‍ ആണ്. ഇതില്‍ തന്നെ സ്പീഡും സൈസും വര്‍ദ്ധിപ്പിക്കുന്ന നിരവധി പരിണാമങ്ങള്‍ പിന്നീടുണ്ടായി. ഏറ്റവും പുതിയ സ്റ്റാന്‍ഡേഡ് ATA-7 രണ്ടായിരത്തിഒന്നില്‍ ആണ് അവതരിപ്പിക്കപ്പെട്ടത്. 133MB/sec വരെ ഡാറ്റാ ട്രാന്‍സ്ഫര്‍ സ്പീഡ് സപ്പോര്‍ട്ട് ചെയ്യുന്ന ഈ സ്റ്റാന്‍ഡേഡ് ആണ് ATA യിലെ അവസാന അപ്ഡേറ്റ്.
അക്കാലയളവില്‍ തന്നെ ATA സ്റ്റാന്‍ഡേഡ് അതിന്റെ പരിമിതികളുടെ പാരമ്യത്തിലെത്തിയിരുന്നു. ഒരു പാരലല്‍ കേബിള്‍ വഴി 133MB/sec കടത്തിവിടുമ്പോള്‍ ഉളകുവാകുന്ന പ്രശ്നങ്ങള്‍ അനവധിയായിരുന്നു. അങ്ങനെ ഇന്ഡസ്ട്രിയിലെ നേതാക്കളെല്ലാം ഒത്തു കൂടി പുതിയ ഒരു സ്റ്റാന്‍ഡേഡിന് രൂപം കൊടുത്തു. അതാണ് SATA അഥവാ Serial ATA.
രൂപം കൊണ്ടിട്ട് കുറച്ച് കാലമേ ആയുള്ളുവെങ്കിലും വളരെയധികം ഗുണമേന്മയും പ്രവര്‍ത്തനമികവും ഉള്ളതായതിനാല്‍ SATA വേഗത്തില്‍ ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേഡ് ആയി മാറി. ഡാറ്റാ ട്രാന്‍സ്ഫര്‍ സ്പീഡ് കൂടുതല്‍, നല്ല പവര്‍മാനേജ്മെന്റ് തുടങ്ങി IDE യെക്കാളും എന്തുകൊണ്ടും വളരെ മികച്ചതാണ് SATA.
കൂടുതല്‍ അറിയാന്‍ അതത് ലിങ്കുകളില്‍ ക്ലിക്ക് ചെയ്താല്‍ മതി.
ഇനി നമുക്ക് പ്രശ്നത്തിലേക്ക് വരാം. ഇന്നത്തെ ലാപ് ടോപിലെല്ലാം SATA സ്റ്റാന്‍ഡേഡ് ആണ് ഉപയോഗിക്കുന്നത് . ആദ്യമൊക്കെ വിലപിടിച്ചതായിരുന്നെങ്കിലും ഇന്ന് വില വളരെ തുഛമായതും വേഗതയും ബാറ്ററി ലൈഫിന് അനുയോജ്യമായതും ഒക്കെയാണ് SATA വ്യാപകമാകാന്‍ കാരണം. മിക്ക ലാപ്ടോപ്പുകളും SATA HDD കണ്ട്രോളര് ആക്റ്റീവ് ആക്കിയായിരിക്കും പുറത്തിറങ്ങുക. എക്സ് പിയാകട്ടെ SATA കണ്ട്രോളറിന് ചേരുന്ന ഡ്രൈവറുകള്‍ നല്‍കുന്നുമില്ല. ഇതാണ് എക്സ് പി ഇന്സ്റ്റലേഷന് തടസ്സപ്പെടാനുള്ള കാരണം.
ഈ പ്രശ്നത്തിന് രണ്ട് രീതിയില്‍ പരിഹാരം കാണാം.
1. BIOS സെറ്റപ്പില്‍ SATA ഡിസേബിള്‍ ചെയ്തതിന് ശേഷം വിന്‍ഡോസ് എക്സ് പി ഇന്‍സ്റ്റാള്‍ ചെയ്യുക. പിന്നീട് SATA വിന്‍ഡോസില്‍ നിന്ന് കൊണ്ട് SATA എനേബിളാക്കുക.
2. വിന്‍ഡോസ് എക്സ് പി സി ഡിയില്‍ SATA ഡ്രൈവര്‍ കൂടി സംയോജിപ്പിച്ച് ഒരു ബൂട്ടബിള്‍ സി ഡി ഉണ്ടാക്കി അതില്‍ നിന്ന് ബൂട്ട് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. (Sliptream).
ഒന്നാമത്തെ മാര്‍ഗ്ഗം
നിങ്ങള്‍ക്ക് BIOS സെറ്റിംഗ്സില് SATA Mode ഡിസേബിള്‍ ചെയ്ത് എക്സ് പി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയുമെങ്കില്‍ ഈ മാര്‍ഗ്ഗമാണ് എളുപ്പം. ഇന്‍സ്റ്റലേഷനു ശേഷം എക്സ് പിയില്‍ നിന്നു കൊണ്ട് SATA ഡ്രൈവര്‍ അപ്ഡേറ്റ് ചെയ്താല്‍ മതി.
1. ഇതിനായി ആദ്യം BIOS സെറ്റിംഗ്സിലേക്ക് പോകണം. സിസ്റ്റം ബൂട്ട് ആകുമ്പോള്‍ F2, F10 Del അല്ലെങ്കില്‍ നിങ്ങളുടെ കമ്പ്യൂട്ടര്‍ നിര്‍ദ്ദേശിക്കുന്ന കീ പ്രെസ്സ് ചെയ്ത് BIOS സെറ്റിംഗ്സില് പ്രവേശിക്കുക. Advanced എന്ന മെനുവില്‍ Internal Device Configurations എന്നോ Serial ATA Controller എന്നോ SATA Controller Mode എന്നോ AHCI Configuration എന്നോ കാണുന്നിടത്ത് ഓപ്ഷന് Disable ആക്കുക. അതിനു ശേഷം ഒരു ബൂട്ടബില്‍ എക്സ് പി സിഡീയിലൂടെ വിന്‍ഡോസ് ഇന്‍സ്റ്റാള്‍ ചെയ്യുക.
2. ഇനി വിന്‍ഡോസ് എക്സ് പിയില്‍ നിന്നു കൊണ്ട് SATA Driver അപ്ഡേറ്റ് ചെയ്യാം. നിങ്ങളുടെ കമ്പ്യൂട്ടര്‍ നിര്‍മ്മാതാവ് നിര്‍ദ്ദേശിക്കുന്ന വിന്‍ഡോസ് എക്സ് പിക്കുള്ള SATA Controller Driver ഹാഡ് ഡിസ്കിലോ സി ഡിയിലോ സൂക്ഷിച്ചിരിക്കാന്‍ മറക്കരുത്. മെയിന്‍ബോഡ് സിഡിയില്‍ ഈ ഡ്രൈവര്‍ ഇല്ലെങ്കില്‍ ഡൌണ്‍ലോഡ് ചെയ്യുക.
ഇനി My Computer റൈറ്റ് ക്ലിക്ക് ചെയ്ത് Properties ക്ലിക്ക് ചെയ്ത് System Properties എടുക്കുക. (or press Win key+Pause) . Hardware റ്റാബില്‍ നിന്ന് Device Manager ക്ലിക്ക് ചെയ്യുക.
3. IDE ATA/ATAPI controllers എക്സ്പാന്‍ഡ് ചെയ്ത് Primary IDE channel ല്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Update driver ഞെക്കുക.
4. No, not this time ഞെക്കുക.
5. Install from a list or specific location (Advanced) തെരഞ്ഞെടുക്കുക.
6. Don´t search, I will choose the driver to install സെലക്റ്റ് ചെയ്യുക. Next ഞെക്കുക.
7. Show compatible hardware എന്നത് ടിക് മാര്‍ക്ക് എടുത്തു കളയുക. Have Disk ല്‍ ഞെക്കുക.
8. Browse ല്‍ ഞെക്കുക.
9. SATA Driver സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തേക്ക് വഴി കാണിച്ചു കൊടുക്കുക.
10. Open ഞെക്കുക
11. നിങ്ങളുടെ കമ്പ്യൂട്ടര്‍ നിര്‍മ്മാതാവ് നിര്‍ദ്ദേശിക്കുന്ന ഡ്രൈവര്‍ തെരഞ്ഞെടുക്കുക. ഇതിനായി കമ്പ്യൂട്ടറിന്റെ കൂടെ കിട്ടുന്ന മെയിന്‍ബോഡ് സി ഡിയില്‍ നോക്കുക. ഇല്ലെങ്കില്‍ കമ്പ്യൂട്ടറിന്റെ കൂടെയുള്ള കൊച്ചുപുസ്തകമോ (അതല്ല, മാനുവല്‍) സൈറ്റോ പരതിയാല്‍ മതി.
12. പടം ധൈര്യമായി Yes അടിക്കുക.
ഇനി കമ്പ്യൂട്ടര്‍ റീ സ്റ്റാര്‍ട്ട് ആകുന്ന ഉടന്‍ തന്നെ വീണ്ടും BIOS സെറ്റിംഗ്സില് പോയി നേരത്തേ ഡിസേബിളാക്കിയ SATA എനേബിളാക്കുക. ഒരിക്കല്‍ കൂടി ഡിവൈസ് മാനേജര്‍ എടുത്തു നോക്കിയാല്‍ SATA Controller നിലവില്‍ വന്നതായി കാണാം :)
രണ്ടാമത്തെ മാര്‍ഗ്ഗം
SATA Mode ഡിസേബിള്‍ ചെയ്തിട്ടും എക്സ് പി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയാതിരിക്കുന്ന സന്ദര്‍ഭങ്ങളില്‍ ഈ രീതി ഉപകാരപ്പെടും. വിന്‍ഡോസ് എക്സ് പി സി ഡിയില്‍ SATA ഡ്രൈവര്‍ കൂടി സംയോജിപ്പിച്ച് ഒരു ബൂട്ടബിള്‍ സി ഡി ഉണ്ടാക്കി അതില്‍ നിന്ന് ബൂട്ട് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുന്ന Sliptream എന്ന വിദ്യയാണിത്.
ഇതിനായി നമുക്ക് nLite എന്നൊരു റ്റൂള്‍ ആവശ്യമാണ്. വിന്‍ഡോസ് സിഡിയില്‍ നിലവിലില്ലാത്ത ഡ്രൈവറുകള്‍, സെര്‍വീസ് പാക്കുകള്‍, പാച്ചുകള്‍ മുതലായവ സിഡീയിലേക്ക് കൂട്ടിച്ചേര്‍ക്കുന്നതിനും Unattended Setup ഉണ്ടാക്കുന്നതിനും വിന്‍ഡോസിനൊപ്പമുള്ള പല Component കളും റിമൂവ് ചെയ്യുന്നതിനും സഹായിക്കുന്ന ഒരു ഫ്രീ വെയറാണിത്. ഉദാഹരണം Media Player, Internet Explorer, Outlook Express, MSN Explorer മുതലായവ നമുക്ക് വേണ്ടെങ്കില്‍ സിഡിയില്‍ നിന്ന് നീക്കം ചെയ്യാം. അതു പോലെ ഇല്ലാത്ത ഡ്രൈവറുകളും മറ്റ് ട്വീക്കുകളും മറ്റും കൂട്ടിച്ചേര്‍ക്കുകയും ആവാം.
nLite ഡൌണ്‍ലോഡ് ചെയ്യുക. വിന്‍ഡോസ് സിഡിയും SATA ഡ്രൈവറും ഒരു ബ്ലാങ്ക് സിഡിയും കരുതാന്‍ മറക്കരുത് :)
1. nLite ഓണാക്കുക. വെല്‍ക്കം സ്ക്രീനില്‍ നിന്ന് നെക്സ്റ്റ് അടിക്കുമ്പോള്‍ Windows installation package ഉള്ള കാണിച്ചു കൊടുക്കാന്‍ ആവശ്യപ്പെടും. ഇവിടെ F ഡ്രൈവ് സെലക്റ്റ് ചെയ്തിരിക്കുന്നു. ആ ഡ്രൈവില്‍ വിന്‍ഡോസ് എക്സ് പി സിഡി ഉണ്ട്.
2. (SATA ഡ്രൈവര്‍ ഇന്സേര്ട്ട് ചെയ്യാനായി ഇന്സ്റ്റലേഷന് പാക്കേജ് നമ്മുടെ ഹാഡ് ഡിസ്കില്‍ സേവ് ചെയ്യേണ്ടതുണ്ട്. ആയതിനാല്‍ ഹാഡ് ഡിസ്കില്‍ ഒരു ഫോള്‍ഡര്‍ ഉണ്ടാക്കുക. ഇന്സ്റ്റലേഷന് സിഡിയിലെ മുഴുവന്‍ ഫയലുകളും സൂക്ഷിക്കാന്‍ മാത്രം സ്ഥലം ഈ ഫോള്‍ഡര്‍ ഉള്ള ഡ്രൈവിന് ഉണ്ടെന്ന് ഉറപ്പ് വരുത്തുക)
വാണിംഗ് വിന്‍ഡോ വരുമ്പോള്‍ OK പറഞ്ഞിട്ട് നാം ഉണ്ടാക്കിയ ഡെസിനേഷന്‍ ഫോള്‍ഡര്‍ സെലക്റ്റ് ചെയ്യുക. അപ്പോള്‍ കോപി ചെയ്യാന്‍ തുടങ്ങും.
3. കോപിയിംഗ് കഴിയുമ്പോള്‍ പുതുതായി ഉണ്ടാക്കാന്‍ പോകുന്ന സിഡിയുടെ ചില വേര്‍ഷന്‍ ഇന്‍ഫര്‍മേഷന്‍ കാണിക്കും.
4. ഇനി രണ്ട് തവണ നെക്സ്റ്റ് അടിക്കുക. ഇങ്ങനെയൊരു സ്ക്രീന്‍ കിട്ടും. Driver ബട്ടണ്‍ സെലക്റ്റ് ചെയ്യുക. നമ്മള് ഡ്രൈവര്‍ ഇന്റഗ്രേറ്റ് ചെയ്യാനാണ് പോകുന്നത്. ഇനി നെക്സ്റ്റ് അടിക്കുക.
5. ഇനി Insert ക്ലിക്ക് ചെയ്ത് (ചിത്രത്തില്‍ Insert കാണുന്നില്ല.ക്ഷമിക്കണം) Multiple drive folder ഓപ്ഷന് തെരഞ്ഞെടുക്കുക. എന്നിട്ട് SATA ഡ്രൈവര്‍ സൂക്ഷിച്ചിട്ടുള്ള സ്ഥലം കാണിച്ചു കൊടുക്കുക.
6. ഡയറക്റ്ററി സെലക്റ്റ് ചെയ്ത ശേഷം OK പറയുക.
7. ലിസ്റ്റില്‍ നിന്ന് നമുക്ക് വേണ്ട ഡ്രൈവര്‍ സെലക്റ്റ് ചെയ്യുക. OK. Next.
8. അനുവാദം കൊടുക്കുക. Yes.
9. പരിപാടി പുരോഗമിക്കുന്നു. കാത്തിരിക്കുക. Next. Finish.
10. ഇപ്പോള്‍ നമുക്ക് വേണ്ട സാധനം ഹാഡ് ഡിസ്കിലായിട്ടുണ്ട്. ഇതിനെ നമുക്ക് ഒരു ബൂട്ടബിള്‍ സിഡി ആക്കണം. അതിനായി nLite വീണ്ടും തുറക്കുക. നമ്മളുണ്ടാക്കിയ ഹാഡ് ഡിസ്ക് ഇന്സ്റ്റലേഷന് ഫോള്‍ഡര്‍ സെലക്റ്റഡ് ആണെന്ന് ഉറപ്പ് വരുത്തുക. Next. ഇനി "Last session" സെലക്റ്റ് ചെയ്യുക.Next.
11. ഓപ്ഷന് മെനുവില്‍ നിന്ന് Create > Bootable ISO സെലക്റ്റ് ചെയ്യുക. Next.
12. Make ISO ക്ലിക്ക് ചെയ്യുക. ISO ഇമേജ് സേവ് ചെയ്യേണ്ട ഡെസ്റ്റിനേഷന്‍ ഫോള്‍ഡര്‍ സെലക്റ്റ് ചെയ്യുക. കാത്തിരിക്കുക. Next.
ഇനി നമുക്ക് കിട്ടിയ ISO ഇമേജിനെ നീറോ അല്ലെങ്കില്‍ ഏതെങ്കിലും സിഡി ബേണിംഗ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഒരു ബ്ലാങ്ക് സിഡിയിലേക്ക് പകര്‍ത്താം.
ഈ സിഡി ഉപയോഗിച്ച് യാതൊരു ബുദ്ധിമുട്ടുമില്ലാതെ എക് പി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കും.
Jun 15, 2009
ബ്ലോഗ് മീറ്റിന് ഉജ്ജ്വല സമാപനം.
ദമ്മാം : അറബിക്കടലല പോലെ ഇരമ്പിയാര്‍ത്ത മലയാളം ബ്ലോഗേഴ്സിന്റെ മഹാപ്രവാഹത്തില്‍ നഗരം വീര്‍പ്പുമുട്ടിനില്‍ക്കേ പ്രഥമ സൌദി ബ്ലോഗേഴ്സ് മീറ്റിന് പ്രൌഢോജ്ജ്വല സമാപനം. മീറ്റിനോടനുബന്ധിച്ച് വൈകുന്നേരം നാലു മണിക്ക് ദമ്മാം കോര്‍ണീഷ് കടപ്പുറത്ത് നിന്നാരംഭിച്ച ബഹുജന റാലിയും ബ്ലോഗ് സേനാ മാര്‍ച്ചും പാരഗണ്‍ ഓഡിറ്റോറിയത്തില്‍ എത്തിച്ചേര്‍ന്നതോടെയാണ് സമാപനസമ്മേളനത്തിന് തുടക്കമായത്. സമ്മേളനം പ്രശസ്ത ബ്ലോഗര്‍ മറ്റൊരാള്‍ ഉദ്ഘാടനം ചെയ്തു.
അറേബ്യയുടെ നാനാഭാഗങ്ങളില്‍ നിന്ന് വന്നണഞ്ഞ ബ്ലോഗേഴ്സിനെ സ്വീകരിക്കാന്‍ നഗരം നേരത്തെ തന്നെ അണിഞ്ഞൊരുങ്ങി. പതാകകളും തോരണങ്ങളും മീറ്റിന് അഭിവാദ്യമര്‍പ്പിച്ചുള്ള ഫ്ലെക്സ് ബോര്‍ഡുകളും കമാനങ്ങളും ബ്ലോഗ് സ്നേഹികളുടെ ആവേശം വിളിച്ചോതുന്നതായിരുന്നു. ഗതാഗതനിയന്ത്രണം ശക്തമായിരുന്ന നഗരത്തില്‍ ദമ്മാം ട്രാഫിക് എസ്സൈ അല്‍ മുറൂര്‍ ബിന്‍ കാംറി അല്‍ തൊയൂത്തയുടെ നേതൃത്വത്തില്‍ ആയിരത്തോളം ട്രാഫിക് പോലീസുകാര്‍ ഏറെ പണിപ്പെട്ടിട്ടാണ് ഗതാഗതം നിയന്ത്രിച്ചത്. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്റ്റര്‍ അല്‍ ഫലാഫില്‍ ബിര്‍ യാനി ബിന്‍ മുശക്കല്‍ ഇന്നലെ അവധി പ്രഖ്യാപിച്ചിരുന്നു.
പതിനായിരങ്ങള്‍ അണിനിരന്ന ബഹുജന റാലി ഒരു പോയിന്റ് കടക്കാന്‍ മണിക്കൂറുകളെടുത്തു. ആവേശോജ്ജ്വലമായ റാലിയിലെ മുദ്രാവാക്യങ്ങള്‍ കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യം വിളിച്ചോതുന്നതായിരുന്നു.
“ബ്ലോഗറ് ഞങ്ങള്‍ മണിമേടയാക്കി
പോസ്റ്റുകള്‍ ഞങ്ങള്‍ പൂമാലയാക്കി
അറേബ്യയിയിലും ബ്ലോഗുന്നൂ
മലയാളത്തിന് പ്രിയ മക്കള്‍“
“അടിയുടെ ഇടിയുടെ വെടിയുടെ മുന്നില്‍
അടിപതറാത്തൊരു ബ്ലസ്ഥാനം
ഈറ്റും മീറ്റും ഏറെക്കണ്ടൊരു
ബ്ലോഗിന് മക്കള്‍ ഓര്‍ത്തോളൂ”
“വര്‍മ്മേയെന്ന് വിളിപ്പിക്കും
അനോണിക്കമന്റുകള്‍ ഇടുവിക്കും
വര്മ്മാലയത്തിന് മുറ്റത്തങ്ങനെ
വര്‍മ്മ മീറ്റ് നടത്തിക്കും...”
“അനോണിമാഷേ നേതാവേ
ആര്‍മ്മാദത്തിന്നുസ്താദേ
ധീരതയോടെ പോസ്റ്റിക്കോ
ലക്ഷം കമന്റുകള്‍ പിന്നാലേ...”
“മാക്രീ മാക്രീ മരമാക്രീ
ക്രോമില്‍ ബ്രൌസും മരമാക്രീ
ചുക്ക് പെണ്ണിനെ തൊട്ടെന്നാകില്‍
അക്കൈ വെട്ടും അവനെത്തട്ടും”
തുടങ്ങി അനോണിയും സനോണിയുമായ നിരവധിമുദ്രാവാക്യങ്ങളാല്‍ മുഖരിതമായിരുന്നു നഗരമുഖം.
സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ടു സംസാരിച്ച മറ്റൊരാള്‍ “മീറ്റില്‍ ഈറ്റിന്റെ പ്രധാന്യം” എന്ന വിഷയത്തിന്റെ മര്‍മ്മമാണ് പ്രധാനമായും അവതരിപ്പിച്ചത്. ആധ്യക്ഷം വഹിച്ച പ്രയാസി അനോണി ഓപ്ഷനുകള്‍ ഇല്ലാത്ത ബ്ലോഗില്‍ കമന്റിടുന്നതിന്റെ പ്രയാസം സദസ്യരുമായി പങ്കുവെച്ചു. “ആധുനിക ബൂലോഗത്തില്‍ വര്‍മ്മമാരുടെ പ്രസക്തി” എന്ന വിഷയത്തെ ആസ്പദമാക്കി സിയ നടത്തിയ ഘോരപ്രസംഗം അക്ഷരാര്‍ത്ഥത്തില്‍ സദസ്സിനെ പ്രകമ്പനം കൊള്ളിച്ചു.
പ്രമുഖ ബ്ലോഗര്‍ ജെസ്സി നന്ദി പറഞ്ഞു. മീറ്റില്‍ പ്രത്യേകക്ഷണിതാക്കളായ മറ്റൊരാളിന്റെ പത്നി ബെറ്റിയും പുത്രി നോറയും സന്നിഹിതരായിരുന്നു.
അന്തരാത്മാക്കളില്‍ ഈറ്റിന്റെ ഉള്‍വിളി പ്രകമ്പനം കൊള്ളിച്ചിരുന്നതിനാല്‍ മീറ്റും പ്രസംഗചടങ്ങുകളുമെല്ലാം ഒരു ചടങ്ങിന് വേഗം നടത്തിയിട്ട് ഈറ്റ് ഹാളിലേക്ക് തള്ളിക്കയറുകയായിരുന്നു ബ്ലോഗേഴ്സ്.
സൌദി ബ്രോഡ്കാസ്റ്റ് കമ്പനി പകര്‍ത്തിയ മീറ്റിന്റെ വിവിധദൃശ്യങ്ങള്‍ താഴെ കുഞ്ഞു പടത്തില്‍ ക്ലിക്ക് ചെയ്താല്‍ കാണാവുന്നതാണ്.
![]() |
Saudi Bloggers Meet ' 09 |
Apr 30, 2009
കുഞ്ഞുങ്ങളെ റ്റിവി കാണിക്കരുത്
87 ലെ ലോകകപ്പ് ക്രിക്കറ്റ് സമയത്ത് യുവാക്കളും കുട്ടികളും റ്റെലിവിഷനു മുന്നില്‍ തപസ്സിരുന്നു.ജനക്കൂട്ടത്തെ പേടിച്ച് പല റ്റെലിവിഷന് ഉടമകളും വീടടച്ചു കുറ്റിയിട്ടു.ജനാലച്ചില്ലിലൂടെ റ്റിവിയുടെ പ്രകാശം കണ്ട കുട്ടികള്‍ വീടിനു ചുറ്റും മണ്ടി നടന്നു.കളിപ്രാന്തന്മാര് ലോകകപ്പ് മുതല്‍ സന്തോഷ് ട്രോഫി വരെയുള്ള ഫുട്ബോളും വിംബിള്‍ഡണ്‍, ഫ്രെഞ്ചോപ്പണ്‍ ടെന്നിസും തുടങ്ങി കെ എസ് ഈ ബിയുടെ വോളിബോള്‍ മാച്ച്, ആനന്ദിന്റെ ചെസ് മത്സരം വരെ ദൂരര്‍ശനില്‍ മുടങ്ങാതെ കണ്ടു.തിരുവനന്തപുരം ഡിഡിക്ക് കൂടുതല്‍ സമ്പ്രേഷണ സമയം കിട്ടി. സന്ധ്യകള്‍ മധുമോഹനസീരിയലുകളാല്‍ സമൃദ്ധമായിത്തുടങ്ങി. സന്ധ്യാനാമങ്ങള്‍ അകന്നു മാറി.
അപ്പോഴേക്കും വീടിനുമുകളില്‍ വമ്പന്‍ കുടകള്‍ വന്നു.
കുടയിലൂടെ ലോകം വിരുന്നുമുറിയിലെത്തിയെന്നായി.കേരളത്തില്‍ വിഷനെറ്റുകള്‍ മുളയെടുത്തു.പിന്നെ റോഡിലെങ്ങും കാറ്റാടിക്കമ്പ് നാട്ടി കേബിളെത്തി.കേബിള്‍ എല്ലാ കൂരയിലുമെത്തി.പിന്നെയും ചാനലുകള്‍. പിന്നെയും സീരിയലുകള്‍.അയല്‍ക്കൂട്ടങ്ങള്‍ വഴിപിരിഞ്ഞു. ഏഷണി സദസ്സില്‍ പേന്‍ നോക്കാന്‍ തരുണികളണയാതായി.ബന്ധു-സുഹൃദ് ജന സന്ദര്‍ശങ്ങള്‍ കുറഞ്ഞു.വിരുന്നുകാര് വരാതായി. വരുന്നവരെ ശപിക്കലായി...സീരിയലിന്റെ നേരത്ത് കാലന്...!വളിച്ചു നാറിയ വാര്‍ത്തകള്‍ വിളമ്പി വാര്‍ത്താചാനലുകള്‍ സായാഹ്നങ്ങളെ കലുഷിതമാക്കി.ഇല്ലാത്ത വിവാദങ്ങളുടെ ഹരം പിടിപ്പിക്കുന്ന ചര്‍ച്ചകളില്‍ വാര്‍ത്താകുതുകികള്‍ ഞെളിപിരി കൊണ്ടു.
മലയാളിയുടെ ജീവിതശൈലി ആകെ മാറി.പ്രവാസി മലയാളിയുടെയും.റ്റെലിവിഷന് തലച്ചോറുകളെ വന്ധ്യംകരിച്ചു, സമയങ്ങളെ അപഹരിച്ചു, സംസ്കാരത്തെ അപഹസിച്ചു.പണിയൊടുങ്ങിയ ദിനാന്ത്യങ്ങളില്‍ വിശ്രമേകാകാനാണ് റ്റെലിവിഷനെന്നായി.വിനോദവും വിജ്ഞാനവും നുകരാനാണെന്നായി.ലോകത്തെ വിരല്‍ത്തുമ്പിലൊതുക്കാനായെന്നായി.വിഡ്ഡിപ്പെട്ടി സ്വര്‍ഗ്ഗമേകുന്നത് വിഡ്ഡികള്‍ക്കാണെന്ന് ഇന്ന് ഏറെക്കുറേ അംഗീകരിക്കപ്പെട്ടു.
സെക്കന്റില്‍ എട്ട് ഫ്രെയിമുകള്‍ പ്രോസസ് ചെയ്യാന്‍ കഴിവുള്ള നമ്മൂടെ തലച്ചോറിനെ സെക്കന്റില്‍ മുപ്പത് ഫ്രെയിമുകളുള്ള പ്രോഗ്രാമുകള്‍ ഉദ്ദീപിപ്പിക്കുന്നു, പ്രചോദിപ്പിക്കുന്നു. ഈ പ്രചോദനം തലച്ചോറിന്റെ പിന്‍വശത്ത്-സഹജവികാരങ്ങളും ആവശ്യങ്ങളും സംസ്കരിക്കുന്നിടത്ത്- ഇടം
പിടിക്കുന്നു. റ്റെലിവിഷന് തുടര്‍ച്ചയായ പ്രചോദന-പ്രതികരണങ്ങള്‍ തലച്ചോറിലുണ്ടാക്കുന്നു.ഫലമോ, നാം റ്റെലിവിഷന് കാഴ്ച്ചക്ക് അടിമകളാവുന്നു അല്ലെങ്കില്‍ അഡിക്റ്റാവുന്നു.
മുതിര്‍ന്നവരുടെ കാര്യം ഇങ്ങനെ.മുതിര്‍ന്നവര്‍ക്ക് വിനോദവും ചിരിയും കണ്ണീരും തരുന്ന റ്റെലിവിഷന് കുട്ടികളില്‍ എന്തു ഫലമാണുളവാക്കുക?മനഃക്ലേശമല്ലാതെ മറ്റൊന്നുമല്ല.തലച്ചോറിന്റെ ആരോഗ്യകരമായ വികസനത്തിന്, വളര്‍ച്ചക്ക് തികച്ചും വിപരീതഫലമാണ് ഈ മനഃക്ലേശം നല്‍കുന്നത്.ജനനം മുതല്‍ അഞ്ചു വയസ്സു വരെയുള്ള കാലം ഒരു കുഞ്ഞിന്റെ തലച്ചോര്‍ വളര്‍ച്ചയില്‍ അതിനിര്‍ണ്ണായകമായ സമയമാണ്.തലച്ചോറിന്റെ വികസനത്തില്‍ ചുറ്റുപാടുകള്‍ക്ക് ഗംഭീരമായ സ്ഥാനമാണുള്ളത്.സാഹചര്യങ്ങളാല്‍ എളുപ്പം സ്വാധീനിക്കപ്പെടാവുന്ന ഒന്നാണ് കുഞ്ഞിന്റെ തലച്ചോര്‍. ആവശ്യമില്ലാത്ത കോശങ്ങള്‍ അതിവേഗം ഉപേക്ഷിക്കപ്പെട്ട് കൂടുതല്‍ ശക്തമായ കോശങ്ങള്‍ രൂപം പ്രാപിക്കുന്നത് നന്നേ ചെറുപ്പത്തിലാണ്.കുപ്പിപ്പാലു കുടിക്കുന്ന സമയത്തുള്ള ബ്രെയിന്‍ സെല്‍ നടക്കാറാവുമ്പോഴേക്കും കൂടുതല്‍ ശക്തിയുള്ളതായി മാറും എന്ന് സാരം.
ഇന്നത്തെ റ്റെലിവിഷന് സംസ്കാരത്തില്‍ കുഞ്ഞിന് ലഭിക്കുന്നതാകട്ടെ ‘കാണുന്നതിനുള്ള‘ അവസരം മാത്രമാണ്.
വളരുന്ന തലച്ചോറിന റ്റെലിവിഷന് സമ്മാനിക്കുന്ന മറ്റൊരു ദുരന്തമറിയാമോ?ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവില്ലായ്മയാണത്. ഒരലിവുമില്ലാത്ത ഒരു സംഗതിയാണ് റ്റെലിവിഷന് പ്രോഗ്രാം. കുട്ടിയാണെന്നോ വലിയവനാണെന്നോ ഉള്ള ഒരു നോട്ടവുമില്ല.വളരെ വേഗം, സെക്കന്റുകള്‍ക്കുള്ളില്‍ മാറി മറിയുന്ന വിവരങ്ങളാണ് റ്റിവി പ്രോഗ്രാമുകള്‍. കുട്ടി ശ്രദ്ധിച്ചിരിക്കണം.ഒന്ന് മനസ്സിലായി വരുമ്പോഴേക്കും അടുത്തത്.പെട്ടെന്ന് വന്നു മറിയുന്ന പരസ്യങ്ങള്‍. കുട്ടിയുടെ ശ്രദ്ധ ചിതറിയകലും.അധികനേരം ശ്രദ്ധകേന്ദ്രീകരിക്കാനാവാത്ത ഒരവസ്ഥയിലേക്ക് റ്റെലിവിഷന് കാഴ്ച കുട്ടിയെ എത്തിക്കും. പഠനത്തെ ഇത് എങ്ങനെ ബാധിക്കുമെന്ന് പറയേണ്ടതില്ലല്ലോ?
പരസ്യത്തെക്കുറിച്ച് മറ്റൊന്ന് കൂടി പറയണം.ചൊട്ടയിലേ പിടികൂടുക എന്നതാണ് പരസ്യക്കാരുടെ തന്ത്രം.സംസാരിക്കാറാവുമ്പോഴേക്കും കുട്ടികള്‍ ബ്രാന്‍ഡ് പേരുകള്‍ ഹൃദിസ്ഥമാക്കിയിരിക്കണം എന്ന രീതിയിലാണ് അവര്‍ പരസ്യങ്ങള്‍ തയ്യാറാക്കുന്നത്.എല്‍കെജിയില്‍ പോകാറാവുമ്പോഴേക്കും കുഞ്ഞ് കുടക്ക് പകരം ജോണ്‍സ് അല്ലെങ്കില്‍ പോപ്പി വേണം എന്ന് പറയണം.
തുടര്‍ച്ചയായ സ്ട്രെസ്സ് തലച്ചോറിന്റെ വളര്‍ച്ചയെ അത്യധികം പ്രതികൂലമായി ബാധിക്കുന്നതായി ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.ഇമേജുകളും ഫ്രെയിമുകളും മാറിമറിയുന്നതിനാല്‍ സംഗതികള്‍ മനസ്സിലാക്കാന്‍ കുട്ടിക്കുണ്ടാവുന്ന ബുദ്ധിമുട്ടാണ് റ്റെലിവിഷന് കാഴ്ച്ചയിലൂടെ ലഭിക്കുന്ന സ്ട്രെസ്സ്.വിവരങ്ങളുടെയും പ്രചോദനത്തിന്റെയും അധിഭാരം.വികസ്വരമായ ഒരു ന്യൂറോളജിക്കല്‍ സിസ്റ്റത്തിനെ തളര്‍ത്താനാണ് ഇവ ഉപകരിക്കുക.അമിതമായ സ്ട്രെസ്സിനെത്തുടര്‍ന്ന് സ്ട്രെസ്സ് ഹോര്‍മോണ്‍ (Cortisol) തലച്ചൊറിലാകെ വ്യാപിക്കും. പ്രത്യേകിച്ചും Hippocampus എന്ന ഓര്‍മ്മ കേന്ദ്രത്തില്‍.കൂട്ടുകാരന്റെ പേര് പോലെ, നമ്മുടെ വീട്ടു വിലാസം പോലെ, ദീര്‍ഘകാലം ഓര്‍ത്തു വെക്കേണ്ട സംഗതികള്‍ സൂക്ഷിക്കുന്ന ഇടമാണിത്.ഇതെല്ലാം നമുക്കറിയാമെന്നും ഓര്‍ത്തുവെക്കുന്നതും തലച്ചോറിലെ പരമപ്രധാനമായ ഈ കേന്ദ്രമാണ്.സ്ട്രെസ്സ് തകരാറിലാക്കുന്നതും ഈ ഭാഗത്തെ തന്നെയാണ്.ഓര്‍മ്മയും ഓജസ്സുമില്ലാത്ത മന്ദബുദ്ധികളായിപ്പോവാതിരിക്കാന്‍ നമ്മുടെകുഞ്ഞുങ്ങളെ അധികസമയം റ്റെലിവിഷനു മുന്നില്‍ ഇരുത്താതിരിക്കുക നാം.മുതിര്‍ന്നവര്‍ക്കും ഇത് ബാധകമാണെന്നും ഓര്‍ക്കുക.
നാമെന്തു ചെയ്യും?
ഈ ദൃശ്യമാധ്യമങ്ങള്‍ എവിടെയും പോകാന്‍ പോകുന്നില്ല. കുട്ടികളെ ‘മീഡിയഫ്രീ’ ആയി വളര്‍ത്തുക എന്നത് ഏറെക്കുറേ അസാധ്യമാണ് താനും.
കുഞ്ഞുങ്ങളെ റ്റിവിയില്‍ എന്തു കാണിക്കണം, എത്ര നേരം റ്റിവി കാണാന്‍ അനുവദിക്കണം എന്നൊക്കെ മാതാപിതാക്കള്‍ തീരുമാനിച്ചു നടപ്പില്‍ വരുത്തണം.രണ്ട് വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളെ ഒരു കാരണവശാലും റ്റെലിവിഷന് കാണിക്കരുത്. ഇതൊരു വെല്ലുവിളി തന്നെയായിരിക്കും.
റ്റെലിവിഷനില് നല്ല നല്ല വിജ്ഞാനപ്രദമായ പ്രോഗ്രാമുകളും ചര്‍ച്ചകളും കുഞ്ഞുങ്ങള്‍ കണ്ടാലെന്താണ് കുഴപ്പമെന്ന് ചോദ്യമുയരാം?ചോദ്യങ്ങള്‍ ചോദിക്കാന്‍ കുട്ടിയെ സഹായിക്കുന്ന പരിപാടികള്‍ നല്ലതാണെങ്കിലും അത്തരത്തില്‍ കുഞ്ഞുങ്ങളുടെ മാനസികവികസനത്തിനുതകുന്ന പ്രോഗ്രാമുകള്‍ വളരെ വിരളമാണ്. തന്നെയുമല്ല, പ്രകൃതിയില്‍ നിന്നും ജീവിതസാഹചര്യങ്ങളില്‍ നിന്നും ചോദ്യങ്ങളുന്നയിക്കുകയും സംശയനിവാരണം വരുത്തുകയും ചെയ്യുന്നതിനോളം സഹായമൊന്നും റ്റെലിവിഷന് നല്‍കുന്നില്ല.
റ്റെലിവിഷന് കണ്ടുകഴിയുമ്പോള്‍ കുട്ടിയില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുന്നുണ്ടോ എന്ന് നിരീക്ഷിക്കണം. ചിലപ്പോള്‍ നിര്‍ബന്ധബുദ്ധി കൂടാം, കുഞ്ഞ് അസ്വസ്ഥനാകാം, കളിപ്പാട്ടങ്ങള്‍ വലിച്ചെറിയാം. റ്റിവിയുടെ ഉപയോഗം പരമാവധി കുറയ്ക്കുക. പാരന്റല്‍ കണ്ട്രോള് സംവിധാനം സമര്‍ത്ഥമായി ഉപയോഗിക്കുന്നത് പലവഴിക്കുള്ള അപകടങ്ങള്‍ കുറയ്ക്കും.
ഒരുമനുഷ്യന്റെ തലച്ചോറ് ഏറ്റവും വേഗത്തില്‍ വികാസം പ്രാപിക്കുന്ന സമയത്ത്-കുട്ടിക്കാലത്ത്- തന്നെ ആ വളര്‍ച്ചക്ക് വിഘാതമാകാന്‍ റ്റെലിവിഷനെ അനുവദിച്ചു കൂടാ. പുറം സാഹചര്യങ്ങള്‍ മനസ്സിനെ ഏറ്റവും സ്വാധീനിക്കുന്ന സമയവുമാണത്.
Apr 20, 2009
സ്വതന്ത്ര വര്‍ണ്ണങ്ങള്‍
കൂള്‍ കളേഴ്സിന്റെ കൂട്ടത്തില്‍ ഉള്‍പ്പെടുന്ന ന്യൂട്രല്‍ കളറുകളെക്കുറിച്ച് പറയാമെന്നാണ് കഴിഞ്ഞ പോസ്റ്റിന്റെ അവസാനം പറഞ്ഞത്. അപ്പോള്‍ ന്യൂട്രല്‍ കളറുകളെന്താണ് നോക്കണം. നോക്കിക്കളയാം അല്ലേ :)
ഒരു പക്ഷവും പിടിക്കാത്ത ഈ സ്വതന്ത്രന്മാര് ഐക്യത്തിന്റെ നിറങ്ങളെന്നാണ് അറിയപ്പെടുന്നത്.
വര്‍ണ്ണങ്ങളുടെ നാനാത്വത്തില്‍ ഒരു ഏകത്വം പ്രദാനം ചെയ്യുന്ന ഈ സ്വതന്ത്രവര്‍ണ്ണങ്ങള്‍ ഡിസൈനുകളില്‍ ഒരു യൂണിറ്റി അഥവാ ഐക്യം ഉണ്ടാക്കുവാന്‍ വളരെ സഹായകമാണ്.
Black,Gray, White, Ivory, Brown, Beige തുടങ്ങിയവയാണ് ന്യൂട്രല്‍ കളറുകളുടെ പട്ടികയില്‍ വരുന്നത്. നല്ല നല്ല പശ്ചാത്തലമൊരുക്കാന്‍ ഈ ന്യൂട്രല്‍ കളറുകളെ കഴിഞ്ഞേയുള്ളൂ ആരും. പലപ്പോഴും ആശന് ഒറ്റക്ക് നിന്ന് ഡിസൈനുകളിലെ ശ്രദ്ധാകേന്ദ്രമാവുകയും ചെയ്യുമെന്നത് വേറെ കാര്യം. ഡിസൈനുകളില്‍ മറ്റ് നിറങ്ങള്‍ക്ക് പ്രാധാന്യം കൈവരാനും മുഴച്ചു നില്ക്കുന്ന വര്‍ണ്ണങ്ങളുടെ തീവ്രത കുറയ്ക്കാനുമൊക്കെ ന്യൂട്രല്‍ കളറുകള്‍ പ്രയോഗിക്കാറുണ്ട്. ബ്ലാക്ക്, ബ്രൌണ്‍, ഗോള്‍ഡ്, ബേയ്ജ്,റ്റാന്‍ തുടങ്ങിയവ പൊതുവേ വാം കളറുകളായി പരിഗണിക്കപ്പെടാറുണ്ട്. വൈറ്റ്, ഐവറി,ഗ്രേ മുതലായവ കൂള്‍ നിറങ്ങളുടെ സ്വഭാവ വിശേഷങ്ങള്‍ ഉള്ളവയാണെന്നും പറയപ്പെടുന്നു.
കൂള്‍ കളേഴ്സിന്റെ കൂട്ടത്തില്‍ ഉള്‍പ്പെടുന്ന ന്യൂട്രല്‍ കളറുകളായ വൈറ്റ്, ഗ്രേ എന്നിവയെക്കുറിച്ച് പറയാം.
വെളുപ്പ്.
വെളുപ്പ് നിറം ശുഭസൂചകമാണ്. പരിശുദ്ധിയുടെയും ശുചിത്വത്തിന്റെയും നിഷ്കളങ്കതയുടെയും സമാധാനത്തിന്റെയും പ്രതീകമാണ് വെളുപ്പ്. പരിപൂര്‍ണ്ണതയെ ദ്യോതിപ്പിക്കുന്ന നിറമാണ് വെളുപ്പ് എന്ന് പറയപ്പെടുന്നു. കറുപ്പിനെപ്പോലെ തന്നെ എല്ലാവര്‍ണ്ണങ്ങളോടും വെളുപ്പ് യോജിക്കും.വളരെ ക്രിയാത്മകമായ ലക്ഷ്യാര്‍ത്ഥങ്ങളാണ് വെളുപ്പിനുള്ളത്.
മിക്ക രാജ്യങ്ങളിലും വിവാഹവസ്ത്രങ്ങള്‍ക്ക് വെളുപ്പ് നിറമാണ്. ചിലയിടങ്ങളില്‍ ശവസംസ്കാരവേളയില്‍ വെളുപ്പ് ധരിക്കാറുണ്ട്. ആശുപത്രിയുമായി ഈ നിറം വളരെ ബന്ധപ്പെട്ടിരിക്കുന്നു. ഡോക്റ്റര്‍, നഴ്സ് മുതല്‍ ഫാര്‍മസിസ്റ്റ്, അറ്റന്‍ഡര്‍ വരെ വെളുപ്പ് ധരിക്കുന്നു. മെഡിക്കല്‍ ഉത്പന്നങ്ങള്‍ പ്രൊമോട്ട് ചെയ്യുമ്പോള്‍ സേഫ്റ്റിയെ സൂചിപ്പിക്കാന്‍ വെളുപ്പ് ഉപയോഗിക്കാറുണ്ട്.
പരസ്യവിപണിയില്‍ വെളുപ്പ് വൃത്തിയും ശീതളിമയും ഉള്ള നിറമായാണ് അറിയപ്പെടുന്നത്. ഹൈ-ടെക് ഉത്പന്നങ്ങളില്‍ ലാളിത്യത്തെ സൂചിപ്പിക്കാന്‍ വെളുപ്പ് ഉപയോഗിക്കപ്പെടുന്നു. ജീവകാരുണ്യപ്രസ്ഥാനങ്ങള്‍ക്ക് വളരെ അനുയോജ്യമായ വര്‍ണ്ണമാണ് വെളുപ്പ്.
പാലും പാലുത്പ്പന്നങ്ങളും വെളുപ്പുമായി വളരെ ബന്ധപ്പെട്ടിരിക്കുന്നു. കുറഞ്ഞ കൊഴുപ്പുള്ള ആഹാരം, കുറഞ്ഞ തൂക്കം തുടങ്ങിയവയെ സൂചിപ്പിക്കാനും വെളുപ്പ് ഉപയോഗിക്കാറുണ്ട്.
ഗ്രേ.
ലക്ഷണവത്തായ ഒരു ന്യൂട്രല്‍ കളറാണ് ഗ്രേ അഥവാ ചാരനിറം. തീവ്രവികാരങ്ങളൊന്നും ആവാഹിക്കാത്ത ഒരു തണുപ്പന്‍ നിറമാണ് ഗ്രേ എങ്കിലും മേഘാവൃതമായ ആകാശമെന്ന പോലെ സുഖകരമായ ഒരു വിഷാദഭാവം ഈ നിറത്തിന്റെ ചാരുതയാണ്.
കറുപ്പ് നിറത്തിന്റെ നിഷേധാത്മകത അധികമില്ലാത്ത ഒരു പരിഷ്കൃത വര്‍ണ്ണമാണ് കടും ചാരനിറം അഥവാ ഡാര്‍ക് ഗ്രേ. കോര്‍പറേറ്റ് ലോകത്ത് ഡാര്‍ക് ഗ്രേ സൂട്ടിന് പ്രത്യേക സ്ഥാനമുണ്ട്.
ഇളം ചാരനിറത്തിന് വെള്ളയോടാണ് സാമ്യം.
ഗ്രേയുടെ എല്ലാ ഷേഡുകളും നല്ല ബാക്ഗ്രൌണ്ട് നിറങ്ങളാവും. ഇളം ചാരനിറം ഇളം പിങ്ക്,ഇളംനീല, ഇളംലാവന്‍ഡര്‍, ഇളം പച്ച എന്നീ നിറങ്ങളോടൊപ്പം ഉപയോഗിച്ചാല്‍ ഒരു സ്ത്രൈണത ഉളവാകും. ഇതേ നിറങ്ങളുടെ കടും ഷേഡാണെങ്കില്‍ പൌരുഷം നിറയും.
അടുത്തത് ആവേശമുണര്‍ത്തുന്ന ചൂടന്‍ നിറങ്ങള്‍...(Warm colours)
Apr 14, 2009
ഈ തണുത്ത നിറങ്ങള്‍ക്കൊപ്പം...
ഇനി പച്ച.
പച്ച പ്രകൃതിയുടെ വര്‍ണ്ണമാണ്. അഭിവൃദ്ധിയുടെയും സമൃദ്ധിയുടെയും നിറം. ആരോഗ്യം, പരിസ്ഥിതി, മൈത്രി, ഫലസമൃദ്ധി, നവത്വം, വസന്തം, സ്ഥൈര്യം, സഹനശേഷി എന്നിവയുടെയൊക്കെ പ്രതീകമാണിത്. മനുഷ്യനേത്രങ്ങള്‍ക്ക് ഏറ്റവും സ്വസ്ഥതയേകുന്ന നിറമാണ് പച്ച. ശമനശേഷിയുള്ള വര്‍ണ്ണമാണത്രേ ഇത്. നീല നിറത്തിന്റെ ശാന്തസ്വഭാവങ്ങള്‍ മിക്കതും പച്ചയ്ക്കുമുണ്ട്.
സുരക്ഷയുമായി വളരെ വൈകാരികമായ ഒരു ചേര്‍ച്ച തന്നെ പച്ചനിറത്തിനുണ്ട്. ചുവപ്പ് നിറത്തിന് കടക വിരുദ്ധമാണ് പച്ച. സുരക്ഷിതമെന്നര്‍ത്ഥം. റോഡ് ഗതാഗതത്തില്‍ സ്വതന്ത്രസഞ്ചാരത്തിനുള്ള അനുമതിയാണ് പച്ച. റോഡില്‍ മാത്രമല്ല; ഏതൊരു ദൌത്യത്തിനുമുള്ള അനുമതി. പച്ചക്കൊടി കാണിക്കുക എന്ന പ്രയോഗം ഓര്‍ക്കുക. എങ്ങാനും പച്ചകത്തിച്ചാല്‍ ചാടി വീഴുന്ന ജീടോക്ക് ബഡ്ഡികളെയും ഓര്‍ക്കുക.
മരുന്നുകളും മെഡിക്കല്‍ ഉത്പന്നങ്ങളും പരസ്യം ചെയ്യുമ്പോള്‍ സുരക്ഷയെ സൂചിപ്പിക്കാന്‍ പച്ചനിറം ഉപയോഗിക്കാം. പ്രകൃതിയുമായി നേരിട്ട് ബന്ധപ്പെട്ട നിറമായതിനാല്‍ പ്രകൃതിദത്തമായ ഉത്പന്നങ്ങള്‍ക്കെല്ലാം പച്ച ഒരവിഭാജ്യഘടകമായിട്ടുണ്ട്. അയുര്‍വേദത്തിന്റെയും ടൂറിസത്തിന്റെയും പരസ്യത്തിലെങ്കിലും പച്ചയുണ്ടെന്നുള്ളത് ആശ്വാസം തന്നെ!
കടും പച്ച നിറം പൊതുവേ പണവുമായും സാമ്പത്തിക ലോകവുമായും ബാങ്കിംഗുമായും ബന്ധപ്പെട്ടിരിക്കുന്നു. അതുപോലെ തന്നെ ആഗ്രഹം, അത്യാഗ്രഹം, അസൂയ എന്നിവയുമായും ബന്ധപ്പെട്ടതാണ് കടും പച്ച.
യെല്ലോ ഗ്രീന്‍ രോഗത്തെയും ഭീരുത്തത്തെയും സൂചിപ്പിക്കുന്നു.
ഒലീവ് പച്ച സമാധാനത്തിന്റെ നിറമാണ്.
പച്ചയോടൊപ്പം നീല നിറം ഉപയോഗിച്ചാല്‍ പ്രകൃതിയുടെ പ്രതിധ്വനി തന്നെയാവുമെന്നതിനാല്‍ അത് ഐശ്വര്യത്തെയും അഭിവൃദ്ധിയെയും സൂചിപ്പിക്കും. പച്ചയും മഞ്ഞയും കറുപ്പ് അല്ലെങ്കില്‍ വെള്ളയും ചേര്‍ന്നാല്‍ സ്പോര്‍ട്ടി കളര്‍സ്കീമായി. പര്‍പ്പിളും പച്ചയും വളരെ കോണ്ട്രാസ്റ്റ് ഉണ്ടാക്കും. ലൈം ഗ്രീനും ഓറഞ്ചും ചേര്‍ന്നാല്‍ ഒരു ഫ്രൂട്ടി പാലറ്റായി.
അടുത്തത് വൈഢൂര്യ വര്‍ണ്ണം (Turquoise)
ഒരു തരം ഹരിതനീലിമയാണിത്. ഉത്സാഹജനകമായ ഒരു വര്‍ണ്ണം. നീലയുടെയും പച്ചയുടെയും ഒരു സങ്കലനം. ഈ വര്ണ്ണത്തിന് ഒരു സ്ത്രൈണഭാവമുണ്ട്. പച്ചയുടെയും നീലയുടെ സങ്കലനമായതിനാല്‍ അവയുടെ ശാന്തതയും ഈ നിറത്തിനുമുണ്ട്.
ഈ വര്‍ണ്ണത്തിന്റെ പര്യായങ്ങളെന്നോണം ഇതിന്റെ വിവിധ ഷേഡുകള്‍ വിവിധ പേരുകളില്‍ അറിയപ്പെടുന്നു. Pale Turquoise , Bright Turquoise , Dark Turquoise, Aqua, Aquamarine, Teal എന്നിങ്ങനെ. ചിത്രം ശ്രദ്ധിക്കുക.
സ്നേഹം, കാരുണ്യം, ഉത്തരവാദിത്തം, ക്രിയാത്മകത, സ്വാതന്ത്ര്യം എന്നിവയുടെയൊക്കെ പ്രതീകമായി റ്റേര്‍ക്വൊയിസിനെ കണക്കാക്കുന്നു. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കുമിടയില് ഒരുപോലെ പ്രചാരമുള്ള നിറമാണ് റ്റേര്‍ക്വൊയിസ്. ഒരു സ്ത്രൈണഭാവം ജനിപ്പിക്കാനായി ഈ നിറത്തോടൊപ്പം ലാവന്‍ഡര്‍ അല്ലെങ്കില്‍ ഇളം പിങ്ക് കൂടി ചേര്‍ത്താല്‍ മതി. ഈ നിറക്കൂട്ട് സ്ത്രീകള്‍ക്കുള്ള ഉത്പന്നങ്ങള്‍ പരസ്യം ചെയ്യാനും പാക്കേജ് ഡിസൈനിനും മറ്റും സാര്‍വത്രികമായി ഉപയോഗിക്കുന്നു.
ഓറഞ്ചോ മഞ്ഞയോ നിറമാണ് റ്റേര്‍ക്വൊയിസിനൊപ്പം ഉപയോഗിക്കുന്നതെങ്കില്‍ കായികവിനോദ സംബന്ധമായ ഡിസൈനുകള്‍ക്ക് നന്നായി ചേരും. Teal വളരെ സഭ്യവും പരിഷ്കൃതവുമായ നിറമായി അറിയപ്പെടുന്നു. Aquaഎന്നാല്‍ ജലം. മനോഹരമായ ഒരു തെളിഞ്ഞദിനത്തിലെ കടലിന്റെ വര്‍ണ്ണം. സ്വച്ഛതയും നിഗൂഢഭാവവുമുള്ള വര്‍ണ്ണമാണ് അക്വ. ഈ വര്‍ണ്ണം രോഗശമനം, സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.
സില്‍വര്‍
തിളക്കവും മൃദുത്വവുമുള്ള ഒരു ശീതവര്‍ണ്ണമാണ് സില്‍വര്‍. കണ്ണിനെ പെട്ടെന്നാകര്‍ഷിക്കുന്ന വര്‍ണ്ണം. അലങ്കാരവിതാനങ്ങളുടെ ഒരു ഭാവം പകരാന്‍ ഈ നിറത്തിന് കഴിയും. ഗ്ലാമര്‍, പ്രശസ്തി, ഉന്നതസാങ്കേതിക വിദ്യ, റ്റെലിപ്പതി, അതീന്ദ്രിയജ്ഞാനം, ആശയവിനിമയം, സ്വപ്നം, സ്ത്രീശക്തി, തിളക്കം എനിവയെയൊക്കെ പ്രതിനിധീകരിക്കുന്നു സില്‍വര്‍. വെള്ളി നിറം പലപ്പോഴും ധനാഢ്യതയെ പ്രതിനിധീകരിക്കുന്നു. ഭൂമിയുമായും പ്രകൃതിരമണീയതയുമായും ബന്ധപ്പെട്ടും വെള്ളിനിറം ഉപയോഗിക്കാറുണ്ട്.
നിയന്ത്രണത്തിന്റെയും ശക്തിയുടെയും ഭാവം പകരാന്‍ വെള്ളിനിറവും സ്വര്‍ണ്ണം അല്ലെങ്കില്‍ വെളുപ്പ് നിറവും ചേര്‍ന്ന ഡിസൈനിന് കഴിയും.
പ്രധാന കൂള്‍ കളേഴ്സ് കഴിഞ്ഞു. ഇനി കൂള്‍ കളേഴ്സിന്റെ കൂട്ടത്തില്‍ ഉള്‍പ്പെടുന്ന ന്യൂട്രല്‍ കളറുകളെക്കുറിച്ച് അടുത്ത എപ്പിഡോസില്...
Apr 12, 2009
നിറങ്ങളേ പാടൂ...
ഓരോ വര്‍ണ്ണത്തെയും നമ്മുടെ കണ്ണും മനസ്സും എങ്ങനെയാണ് ഉള്‍ക്കൊള്ളുന്നതെന്നും നിറങ്ങളുടെ അര്‍ത്ഥവ്യാപ്തി എന്തെന്നും മനസ്സിലാക്കുന്നത് ഒരു ഡിസൈനറെ സംബന്ധിച്ച് വളരെയധികം ഉപകാരപ്രദമായിരിക്കും.
ചിലപ്പോള്‍ നിറങ്ങള്‍ നമ്മില്‍ ചില ശാരീരികപ്രതിപ്രവര്ത്തനങ്ങള് ഉണ്ടാക്കിയെന്നിരിക്കും. തീയുടെയും രക്തത്തിന്റെയും നിറമായ ചുവപ്പ് പൊതുവേ രക്തസമ്മര്‍ദ്ദം ഉയര്‍ത്താറുണ്ട് . മറ്റുചിലപ്പോള്‍ ചില സാംസ്കാരികമായ പ്രതികരണങ്ങള്‍ നിറങ്ങളിലൂടെ പ്രകടിപ്പിക്കപ്പെടാം. വിവാഹവേളയില്‍ ശുഭ്രവസ്ത്രം ധരിക്കുന്നതും മരണപ്പെട്ടവനോടുള്ള അനുശോചനാര്‍ത്ഥം കറുത്ത മുദ്ര അണിയുന്നതും ഉദാഹരണം. സമൂഹത്തിലെ ട്രെന്‍ഡുകളെ പ്രതിനിധാനം ചെയ്യാന്‍ നിറങ്ങളെ എത്ര സമര്‍ത്ഥമായാണ് ഉപയോഗപ്പെടുത്തുന്നത് ! വസ്ത്രം, വാഹനം മുതല്‍ ആഹാരസാധനം വരെ നമ്മുടെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന നിര്‍ണ്ണായക ഘടകം നിറം തന്നെയാണ്.
നിറങ്ങള്‍ ശരിയായി സംയോജിപ്പിക്കാനും ചേരുംപടി ചേര്‍ക്കാനും നിറങ്ങള്‍ തമ്മിലുള്ള പൊരുത്തവും പൊരുത്തക്കേടുകളുമൊക്കെ അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
അതിനു മുമ്പായി കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഡിസൈന്‍ ചെയ്യുവാന്‍ ആഗ്രഹിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട അടിസ്ഥാനപരമായ ചില കാര്യങ്ങള്‍ വെറുതേ ഒന്ന് പറഞ്ഞു പോകാം.
നിറസിദ്ധാന്തമൊക്കെ അറിഞ്ഞിരിക്കണമെന്നാണ് വെപ്പ് ! നിറസിദ്ധാന്തമെന്തെന്നറിയണമെങ്കില് നിറമെന്തെന്നറിയണം. നിറങ്ങളുടെ അര്ത്ഥമെന്തെന്നറിയണം.പ്രൈമറി ക്ലാസ്സിലെ പുസ്തകത്താളുകളില്‍ നിന്ന് നാം പഠിച്ച നിറസിദ്ധാങ്ങളല്ല രൂപകല്പ്പനാവിദഗ്ദ്ധന്മാരുടെ കളര്‍തിയറി. അന്ന് പഠിച്ച കളര്വീലല്ല വെബ് സൈറ്റും ബ്ലോഗും കൊണ്ടമ്മാനമാടുന്ന ഹൈടെക് വെബ്ഡിസൈനര്മാരുടെ കളര്‍വീല്‍. കുട്ടിയായിരുന്നപ്പോള്‍ ക്രയോണ്‍ കൊണ്ട് കളര്‍ ഉരച്ചു ചേര്‍ത്തത് പോലല്ല പ്രിംന്റിംഗിന് മഷി കൂട്ടുന്നത്. ഇതൊക്കെ അറിയണമെങ്കില്‍ ആര് ജി ബിയും സി എം വൈ കെയും അഡ്ജസന്റും കോമ്പ്ലിമെന്ററിയുമൊക്കെ അറിയാനുള്ള സെന്‍സ് ഉണ്ടാവണം..(ഠേം ഡേം)സെന്സിക്കിലിബ്ലിറ്റി ഉണ്ടാവണം...(ഠേം ഡേം) സെന്സര്റ്റിവിക്കിറ്റി ഉണ്ടാവണം...(ഠേം ഠേം ഡേം..!)
പ്രാഥമിക വര്‍ണ്ണങ്ങള്‍ ഏതൊക്കെയെന്ന് നമുക്കറിയാം. ചുവപ്പ്, മഞ്ഞ പിന്നെ നീല.
രണ്ട് പ്രൈമറി കളറുകളെ സംയോജിപ്പിച്ചാല്‍ സെക്കന്ററി കളര്‍ കിട്ടും.
പാരമ്പര്യ സെക്കന്ററി കളറുകള്‍ ഓറഞ്ച് (ചുവപ്പ്+മഞ്ഞ), പച്ച (മഞ്ഞ+നീല), പര്‍പ്പിള്‍ (നീല+ചുവപ്പ്) എന്നിവയാണല്ലോ?

പ്രൈമറി കളേഴ്സ് സംയോജിപ്പിച്ച് എത്ര നിറങ്ങള്‍ വേണമെങ്കിലും നമുക്ക് ഉണ്ടാക്കാമെന്നും നമുക്കറിയാം.
നിറങ്ങളെ നാം ദര്‍ശിക്കുന്നത് ഒരല്‍പ്പം വ്യത്യസ്തരീതിയിലാണ്. പ്രകാശം ഒരു പ്രതലത്തില്‍ നിന്നും പ്രതിഫലിച്ച് കണ്ണിന്റെ റെറ്റിനയില്‍ പതിക്കുമ്പോള്‍ അനുഭവിക്കുന്ന കാഴ്ചക്കാണ് നിറം എന്നു പറയുന്നത്
ഒരു പ്രിസത്തിലൂടെ പ്രകാശം കടത്തിവിടുമ്പോള്‍ പ്രിസം പ്രകാശത്തെ മഴവില്‍ നിറങ്ങളായി വിഭജിക്കുന്നത് നാം കണ്ടിട്ടുണ്ടാവും. ഈ വര്‍ണ്ണരാജി പ്രധാനമായും മൂന്ന് വര്ണ്ണമേഖലകളായിരിക്കും. ചുവപ്പ്, പച്ച, നീല. (Red, Green, Blue – RGB).
ചുവപ്പ്, പച്ച, നീല (RGB) നിറമുള്ള പ്രകാശം ചേര്‍ന്ന് വെള്ള നിറമുള്ള പ്രകാശം സൃഷ്ടിക്കുന്നു. അഥവാ വെളുപ്പ് നിറം കിട്ടാനായി ചുവപ്പ്, പച്ച, നീല എന്നിവ സംയോജിക്കപ്പെട്ടു. അത് കൊണ്ട് ഇവയെ സംയോജിത പ്രാഥമിക വര്‍ണ്ണങ്ങള്‍ (additive primaries) എന്ന് വിളിക്കപ്പെടുന്നു.
ഇനി ഈ മൂന്ന് വര്‍ണ്ണങ്ങളില്‍ നിന്ന് ഏതെങ്കിലുമൊന്ന് ഒഴിവാക്കുക. അപ്പോള്‍ നമുക്ക് മറ്റു ചില നിറങ്ങള്‍ കിട്ടും. അതായത് ആര് ജി ബിയില്‍ നിന്ന് റെഡ് കിഴിക്കുക. അപ്പോള്‍ കിട്ടുന്നത് CYAN എന്നൊരു നിറമായിരിക്കും. (Green+Blue).
RGB-Green= Magenta. (Red+Blue)
RGB-Blue= Yellow.(Red+Green)
ഈ നിറങ്ങളെ subtractive primaries എന്ന് വിളിക്കപ്പെടുന്നു.(CMY). ചിത്രം ശ്രദ്ധിക്കുക.

കാഴ്ചയില്‍ നമുക്ക് അനുഭവേദ്യമാകുന്ന നിറം പ്രകാശത്തിന്റെ പ്രതിഫലനമാണ്. പെയിന്റ് അഥവാ മഷി പ്രകാശമല്ലല്ലോ !
ഇതവിടെ നില്ക്കട്ടെ.
പ്രിന്റിനും വെബിനും വേണ്ടി കളറുകള്‍ പുനര്നിര്മ്മിക്കുന്നതെങ്ങനെയെന്ന് നോക്കാം.
നമ്മുടെ കമ്പ്യൂട്ടര്‍ മോണിറ്റര്‍ പ്രവഹിപ്പിക്കുന്നത് പ്രകാശമാണ്. അതു കൊണ്ട് തന്നെ നാം കാണുന്ന നിറങ്ങള്‍ നിര്‍മ്മിക്കുവാന്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നത് RGB എന്ന നിറമേഖലയാണ് എന്ന് മനസ്സിലാക്കാം. വെബിലേക്കോ സ്ക്രീനിലേക്കോ വേണ്ടി ഇമേജുകള്‍ തയ്യാറാക്കുമ്പോള്‍ RGB നിറങ്ങളുടെ വിവിധ അളവുകളാണ് നാം നീക്കിവെക്കുന്നത്.

FF FF 00
എന്നായി മാറും. ആദ്യ ജോഡി FF എന്നത് Red. രണ്ടാമത്തെ FF Green. 00 എന്നത് Blue.
255 നു തുല്യമായ ഹെക്സാ ആണ് FF. 0 നു തുല്യമായത് 00.

ഇങ്ങനെ പ്രകാശരൂപത്തില് നാം കാണുന്ന നിറങ്ങളെ പ്രിന്റിനു വേണ്ടി പുനര്നിര്മ്മിക്കുന്നതെങ്ങനെ? നേരത്തേ Additive Primaries ല്‍ നിന്ന് നിറങ്ങള്‍ കുറച്ച് Subtractive primaries നിര്‍മ്മിക്കുന്നത് നാം കണ്ടു. പ്രകാശം യോജിച്ച് വര്‍ണ്ണങ്ങളുണ്ടാകുന്നത് പോലെയുള്ള നിറം പ്രിന്റിനു വേണ്ടി മഷി കൂട്ടുമ്പോള്‍ കിട്ടില്ല. ആയതിനാല്‍ CMY നിറങ്ങളുടെ വിവിധങ്ങളായ അളവുകള്‍ കറുപ്പ് മഷി (ബ്ലാക്കിനെ K എന്ന അക്ഷരം കൊണ്ട് സൂചിപ്പിക്കുന്നു. B എന്ന അക്ഷരം ബ്ലൂ കൊണ്ടുപോയത് കൊണ്ടാവാമിത്) കൂടി ചേര്‍ത്താണ് പ്രിന്റിനു വേണ്ട മഷി കൂട്ടുന്നത്. നിറങ്ങള്‍ ശതമാനക്കണക്കില്‍ കൂട്ടിയോജിപ്പിക്കുകയാണ് ചെയ്യുന്നത്.
ഉദാ:- 50% CYAN 100% YELLOW 25% MAGENTA.
അപ്പോള്‍ CMYK എന്ന കളര്‍ മോഡല്‍ എന്താണെന്ന് മനസ്സിലായി. പ്രിന്റിനുപയോഗിക്കുന്ന അനേകം കളര്‍ മോഡലുകളില്‍ ഒന്ന് മാത്രമാണ് CMYK.
ഇനി താഴെ ചിത്രങ്ങള്‍ ഒന്ന് നോക്കുക. അടുത്ത മൂന്ന് ഖണ്ഡികയില്‍ ഓരോന്ന് വായിക്കുമ്പോഴും ഈ കളര്‍ വീല്‍ ശ്രദ്ധിക്കണം.

Adjacent colours
ഒരു കളര്‍ വീലില്‍ അടുത്തടുത്തായി കാണപ്പെടുന്ന നിറങ്ങളെയാണ് Adjacent colours (തൊട്ടു കിടക്കുന്ന വര്‍ണ്ണങ്ങള്‍) എന്ന് പറയുന്നത്. ഇവ പരസ്പരം പൊരുത്തപ്പെടുന്നതിനാല്‍ ഇവയെ harmonizing colours എന്നും പറയാറുണ്ട്. ഉദാഹരണം പച്ചയും മഞ്ഞയും, പര്‍പ്പിളും മജന്റയും. സാധാരണഗതിയില്‍ ഒന്ന് മറ്റൊന്നിനോട് നന്നായി ചേര്‍ന്ന് പോകും. എന്നാല്‍ അടുത്തടുത്തുള്ള നിറങ്ങളുടെ മൂല്യം ഏറെ സമാനമാണെങ്കില്‍ ഒരു വാഷ്ഡ് ഔട്ട് എന്നപോലെയോ വ്യതിരിക്തത (കോണ്ട്രാസ്റ്റ്) കുറവായതു പോലെയോ തോന്നാം.
Complementary colours
കളര്വീലില് ചില നിറങ്ങള്‍ മറ്റു നിറങ്ങളാല്‍ വേര്‍തിരിക്കപ്പെടുന്നുണ്ട്. അത്തരം വര്‍ണ്ണങ്ങളെ കോമ്പ്ലിമെന്ററി കളേഴ്സ് എന്ന് പറയാം. (Complementary colours). ചുവപ്പും പച്ചയും കോമ്പ്ലിമെന്ററി കളറുകളാണ്. ഈ കളറുകള്‍ അടുത്തടുപയോഗിച്ചാല് ഒരു ‘വര്ണ്ണപ്രകമ്പനം‘ തന്നെ ഉളവായെന്ന് വരാം. കണ്ണിന് ക്ഷീണമുണ്ടാവുകയും ചെയ്യും. അതേ സമയം ഒരു പേജില്‍ മറ്റു നിറങ്ങളുമായി വേര്‍തിരിച്ച് ഉപയോഗിച്ചാല്‍ ഇവ ഒരുമിച്ച് പോകുകയും ചെയ്യും.
Clashing colours
കളര്വീലില് ഒരു നിറത്തിന്റെ തികച്ചും എതിര്‍വശത്ത് നിലകൊള്ളുന്ന നിറങ്ങളെ ക്ലാഷിംഗ് കളേഴ്സ് (Clashing colours) എന്ന് വിളിക്കാം. ഉദാഹരണം മഞ്ഞയും നീലയും, പച്ചയും മജന്റയും.
മുട്ടന്‍ ഇടികൂടുന്ന നിറങ്ങളെന്നാണ് പേരെങ്കിലും ശ്രദ്ധയോടെ ഉപയോഗിക്കുമെങ്കില്‍ ഈ നിറങ്ങള്‍ മോശം കോംബിനേഷന്‍ ആവുകയില്ല. ഈ വര്‍ണ്ണങ്ങള്‍ നല്ല കോണ്ട്രാസ്റ്റും ദൃശ്യപരതയും പ്രദാനം ചെയ്യുന്നു.
ഇനി നമുക്ക് വര്‍ണ്ണങ്ങളുടെ അര്‍ത്ഥതലങ്ങളിലേക്ക് വരാം.
വര്‍ണ്ണങ്ങളെ അവയുടെ സ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ നാലു ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു. Cool, Warm, Mixed Cool/Warm, Neutral എന്നിങ്ങനെയാണ് ഗ്രൂപ് തിരിച്ചിരിക്കുന്നത്. ഓരോ ഗ്രൂപ്പിലെയും വര്ണ്ണങ്ങളേതെന്നും അവയുടെ അര്‍ത്ഥവും സവിശേഷതകളും എന്തെന്നും നമുക്ക് നോക്കാം.
Cool Colours.
നീല, പച്ച, വൈഢൂര്യം, വെള്ളി തുടങ്ങിയവും നിഷ്പക്ഷ നിറങ്ങളായ ഗ്രേ, വെളുപ്പ് മുതലായവയും കൂള്‍ കളേഴ്സിന് ഉദാഹരണമാണ്. (Blue, Green, Turquoise, Gray, Silver, White). ശാന്തമായ ഒരു ഭാവമാണ് കൂള്‍ കളേഴ്സിനുള്ളത്. ജലത്തിന്റെ നീലിമ. സസ്യ ജാലകങ്ങളുടെ ഹരിതം. പ്രകൃതിയുടെ, ജീവന്റെ വര്‍ണ്ണങ്ങള്‍. ഈ തണുത്ത നിറങ്ങള്‍ക്ക് ചൂടുപകരാന്‍ ഇവയ്ക്കൊപ്പം ചുവപ്പോ കുങ്കുമമോ പോലെയുള്ള ഊഷ്മള വര്‍ണ്ണങ്ങള്‍ ഉപയോഗിക്കാം. പശ്ചാത്തലത്തിലേക്ക് ഉള്‍വലിയുന്ന തണുത്ത വര്‍ണ്ണങ്ങളില്‍ അധീശത്വഭാവത്തോടെ അരുണവര്‍ണ്ണം വിലസും.
ഓരോ നിറങ്ങളുടെയും സ്വഭാവവും പ്രത്യേകതയും അര്‍ത്ഥവും ഉപയോഗരീതിയുമൊക്കെ മനസ്സിലാക്കല്‍ രസകരം തന്നെയാണ്.
ആദ്യമായി നീല തന്നെയാവട്ടെ.
നീല. പ്രശാന്തമായ നിറം. ഉറപ്പിന്റെയും സ്ഥൈര്യത്തിന്റെയും വര്‍ണ്ണമെന്നാണ് നീലയെ പറയുക. അതേ പോലെ തന്നെ ഹൃദ്യവുമാണ്. എല്ലാപേരും തന്നെ നീലയെ ഇഷ്ടപ്പെടുന്നു. നീല ഒരു പ്രകൃതി വര്‍ണ്ണമാണ്. ആകാശത്തിന്റെയും കടലിന്റെയും നിറം. അതു കൊണ്ട് തന്നെ ഇതൊരു യൂണിവേഴ്സല്‍ കളറാണ്. വിശ്വാസത്തിന്റെയും കൂറിന്റെയും വിജ്ഞാനത്തിന്റെയും പ്രതിപത്തിയുടെയും ധിഷ്ണയുടെയും സ്വര്‍ഗ്ഗത്തിന്റെയും പ്രതീകമാണ് നീല. ശരീരത്തിനും മനസ്സിനും ഗുണദായകമായ നിറമാണ് നീലയെന്നാണ് പറയപ്പെടുന്നത്. നീല മനുഷ്യ ശരീരത്തിലെ ചയാപചയങ്ങളെ ( human metabolism) മന്ദീഭവിപ്പിക്കുകയും ശാന്തത പ്രദാനം ചെയ്യുകയും ചെയ്യുന്നു.
നീല നിറം വൃത്തിയുമായും ആകാശം, വായു, വെള്ളം മുതലായവുമായും ബന്ധപ്പെട്ട ഉത്പന്നങ്ങള്‍ പ്രൊമോട്ട് ചെയ്യാന്‍ ഉപയോഗിക്കാവുന്നതാണ്. ഉദാ:- വാട്ടര്‍ പ്യൂരിഫിക്കേഷന്‍ ഫില്‍ട്ടറുകള്‍, ക്ലീനിംഗ് ലിക്വിഡ്, എയര്‍ ലൈനുകള്‍, എയര്‍ പോര്‍ട്ട്, മിനറല്‍ വാട്ടര്‍ മുതലായവ.
കോര്‍പ്പറേറ്റ് നിറമെന്നും നീല അറിയപ്പെടുന്നു. ഹൈടെക് ഉത്പന്നങ്ങള്‍ പ്രൊമോട്ട് ചെയ്യുവാന്‍ നീല ഉപയോഗിക്കപ്പെടുന്നു. നീല ഒരു മസ്കുലിന്‍ നിറമായതിനാല്‍ പുരുഷന്മാര്ക്കിടയില് ഈ നിറത്തിന് നല്ല സ്വീകാര്യതയുണ്ട്.
ആഹാരവും പാചകവുമായി ബന്ധപ്പെട്ട ഉത്പന്നങ്ങള്‍ പ്രൊമോട്ട് ചെയ്യുമ്പോള്‍ നീല ഉപയോഗിക്കരുത്. കാരണം നീല നിറം വിശപ്പിനെ കെടുത്തുന്നതായി പറയപ്പെടുന്നു. ചുവപ്പ് , മഞ്ഞ തുടങ്ങിയ വാം കളറുകളോടൊപ്പം ഉപയോഗിക്കുമ്പോള്‍ വളരെയധികം ഇമ്പാക്റ്റ് ഉണ്ടാവും. ഡിസൈനുകളില്‍ ആവേശമുണര്‍ത്തുന്ന കളര്‍ സ്കീമാണീത്. ഉദാഹരണം ഒരു സൂപ്പര്‍ ഹീറോയ്ക്ക് യോജിച്ച നിറങ്ങളാണ് നീലയും മഞ്ഞയും ചുവപ്പും.
ഇളം നീല ആരോഗ്യം, രോഗശമനം, മൃദുലത മുതലായവുമായി ബന്ധപ്പെട്ടിരിക്കുന്നു.
കടും നീല വിജ്ഞാനം, ശക്തി, ഗൌരവം, ആര്‍ജവം മുതലായവയെ സൂചിപ്പിക്കുന്നു.
ഇനി കൂള്‍ കളേഴ്സിലെ മറ്റു നിറങ്ങള്‍, മറ്റു ഗ്രൂപ്പുകള്‍-അതിലെ നിറങ്ങള്‍-അര്‍ത്ഥങ്ങള്‍ ഇവയൊക്കെ ദൈവമനുവദിക്കുമെങ്കില് പിന്നാലെ. അതു കൊണ്ട് (തുടരും)
Jan 25, 2009
താമരശ്ശേരിയില്‍ ഒരു ഹര്‍ത്താല്‍ കാലത്ത്...
ഞാനങ്ങനെ തരിച്ചു നില്‍ക്കുകയാണ്.
കാരുണ്യവാനായ ദൈവത്തിന്റെ സഹായം വന്നിറങ്ങുന്ന വഴികളേതേതെന്ന് ഗണിക്കാനാവാതെ...
പരിചിതരും അപരിചിതമായവരുടെ സ്നേഹവായ്പ്പില്‍ കൃതജ്ഞതാനിര്‍ഭരനായി...
അവഗണിച്ചവരോട് ദ്വേഷമേതുമില്ലാതെ...
എല്ലാവര്ക്കും നന്മ വരുത്തേണമേ എന്ന പ്രാര്‍ത്ഥനയോടെ...