Aug 13, 2009

വിസ്റ്റയിലെ സാറ്റയും എക്സ്പിയിലെ ആറ്റയും!

വിന്‍ഡോസ് വി‌സ്റ്റയെ വെറുക്കുന്നവരും വിന്‍‌ഡോസ് എക്‍സ് പിയെ അഗാധമായി പ്രണയിക്കുന്നവരുമായ ഒരു കൂട്ടം മാന്യ ഉപയോക്താക്ക‌ള്‍ അവരുടെ നീറുന്ന പ്രശ്‌നത്തിന് പരിഹാരം തേടി നമ്മുടെ ടെക്യാശ്രമത്തില്‍ വന്നു. ഒന്നും രണ്ടുമല്ല, ഒരൊന്നൊന്നര മാസത്തിനുള്ളില്‍ നാലഞ്ചു പേര്‍.

വാങ്ങിയ ലാപ്‌ടോപ് കമ്പ്യൂട്ടറുകളില്‍ സ്വതവേ വിന്യസിച്ചിട്ടുള്ള വിന്‍ഡോസ് വിസ്റ്റ എന്ന പ്രവര്‍ത്തന പദ്ധതി (ഓപറേറ്റിംഗ് സിസ്റ്റം) ! കുരിശായി ഭവിച്ചതിന്റെ വ്യാകുലതകളില്‍ നിന്ന് മുക്തി നേടാന്‍ പൂര്‍വ്വാശ്രമത്തിലെ എക്സ് പി എന്ന പ്രവര്‍ത്തനമികവേറിയ വിദ്വാനെ ആവാഹിക്കുന്നതില്‍ നേരിടുന്ന ക്ലേശങ്ങളും സങ്കടങ്ങളും ഉണര്‍ത്തിക്കുന്നതിനായിട്ടായിരുന്നു മേപ്പടി വത്സന്മാര്‍ എഴുന്നള്ളിയത് എന്ന് അരുള്‍ ചെയ്തു കൊള്ളുന്നു.

സംഗതി എന്താച്ചാല്‍ ഈ അശ്രീകരം വിസ്റ്റയെ മാറ്റി എക്സിപിയെ പ്രതിഷ്‌ടിക്കാന്‍ ശ്രമിക്കുമ്പോള്‍ ദേവീ കോപം! സ്ക്രീനിലാകെ നീലനിറം (ബ്ലൂ സ്ക്രീന്‍)! ശിവ! ശിവ! കൂട്ടത്തില്‍ ഒരു എറര്‍ മെസ്സേജും. സംഗതി ഒരു കാരണവശാലും മുന്നോട്ട് പോകില്ല്യാത്രേ. പെട്ടി പെട്ടെന്ന് അടച്ചു കൊള്ളാന്‍ ഒരു താക്കീതും :)

സംഗതി വിസ്റ്റ മാറ്റി എക്സ് പി വിന്യസിക്കല്‍ പലതവണ ആയപ്പോള്‍ വല്ലപ്പളും പച്ചരി വാങ്ങാന്‍ തുട്ട് കിട്ടണ വകുപ്പാണെങ്കിലും സംഗതി ഒരു പോസ്റ്റങ്ങ‌ട് ആക്യാല്‍ പലര്‍ക്കും പ്രയോജനപ്പെടുമല്ലോ എന്ന ചിന്തവന്നതിനാല്‍ ഈ സംഗതികളെക്കുറിച്ച് ചില സംഗതികള്‍ അങ്ങ്‌ട് എഴുതുന്നു എന്ന് മാത്രം. (ഇനിയങ്ങ്‌ട് മംഗ്ലീഷില്‍ പറഞ്ഞാലേ സംഗതി നടക്കൂ. പരിഭാഷ ഉണ്ടായിരുന്നതല്ല).

വിന്‍ഡോസ് വിസ്റ്റ ഓപറേറ്റിംഗ് സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്തു വരുന്ന നോട്ട് ബുക്കുകള്‍ ഉപയോഗിക്കുന്ന പലരും വിസ്‌റ്റ മാറ്റി എക്സ് പി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശ്രമിക്കുന്നതായി കണ്ടു വരുന്നുണ്ട്. വിസ്റ്റ ഉപയോഗിക്കാനുള്ള പ്രയാസവും എക്സ് പി ഉപയോഗിക്കാനുള്ള എളുപ്പവുമാണിതിന് കാരണം. എന്നാല്‍ മിക്ക നോട്ട്ബുക്കുകളിലും എക്സ് പി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയാത്തതായി കാണപ്പെടുന്നുണ്ട്. ഇന്‍സ്റ്റലേഷന്‍ പുരോഗമിക്കുമ്പോള്‍ പെട്ടെന്ന് എറര്‍ മെസേജുമായി ബ്ലൂ സ്ക്രീന്‍ പ്രത്യക്ഷമാകുക, ഹാര്‍ഡ് ഡിസ്‌ക് കാണപ്പെടുന്നില്ല എന്ന മെസേജ് വരിക തുടങ്ങിയവയൊക്കെ ആയിരിക്കും പ്രശ്‌നങ്ങള്‍.എന്താണിതിന് കാരണം?

പുതിയ കമ്പ്യൂട്ടറുകളിലെല്ലാം ഉപയോഗിക്കുന്നത് പരമ്പരഗത IDE ഹാര്‍ഡ് ഡിസ്‌കിന് പകരം സീരിയല്‍ ATA അഥവാ SATA ഹാര്‍ഡ് ഡിസ്‌കുകളും അവയെ നിയന്ത്രിക്കുന്ന SATA കണ്ട്രോളറുകളുമാണ്. അശ്ശശ്ശോ! അങ്ങനെ പറഞ്ഞാ ഇപ്പോ എങ്ങനാ?
എന്നാല്‍ ദേ ദിങ്ങനെ പറയാം.

പ്രോസസര്‍, മെമ്മറി, വീഡിയോ കാര്‍ഡ് അങ്ങനെ നമ്മുടെ കമ്പ്യൂട്ടറിന്റെ പല ഭാഗങ്ങളും കാലാകാലത്ത് രൂപവും ഭാവവും മാറി പുതിയ പുതിയ വേഗങ്ങള്‍ കൈവരിച്ചപ്പോള്‍ ഒരു പ്രധാനസംഗതി മാത്രം അവഗണിക്കപ്പെട്ടു കിടന്നു. അതത്രേ ഹാര്‍ഡ് ഡ്രൈവ്! പുത്തന്‍ കമ്പ്യൂട്ടറുകളില്‍ പോലും അടിസ്ഥാന ഹാര്‍ഡ് ഡ്രൈവുകളായിരുന്നു നമുക്ക് കാണാനായി കഴിഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഹാര്‍ഡ് ഡ്രൈവില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കണ്ടു തുടങ്ങി. സ്പിന്‍ഡിലുകലുടെ കൂടുതല്‍ വേഗത, വലിയ ക്യാഷെ, കൂടുതല്‍ വേഗതയില്‍ വിവരകൈമാറ്റം, കൂടുതല്‍ പ്രവര്‍ത്തനക്ഷമത, കുറഞ്ഞ വൈദ്യുതോപയോഗം അങ്ങനെ കുറേയെറെ മാറ്റങ്ങള്‍.

മിക്ക കമ്പ്യൂട്ടറുകളിലും ഉപയോഗിച്ചിരുന്നത് ATA (Advanced Technology Attachment)
ടൈപ് ഡ്രൈവുകള്‍ അഥവാ IDE (Integrated Drive Electronics) ഡ്രൈവുകള്‍ ആയിരുന്നു. 16 ബിറ്റ് പാരലല്‍ ഇന്റര്‍ഫേസില്‍ അധിഷ്ടിതമായ ഈ സ്റ്റാന്‍ഡേഡ് രൂപം കൊള്ളുന്നത് 1986 ല്‍ ആണ്. ഇതില്‍ തന്നെ സ്പീഡും സൈസും വര്‍ദ്ധിപ്പിക്കുന്ന നിരവധി പരിണാമങ്ങള്‍ പിന്നീടുണ്ടായി. ഏറ്റവും പുതിയ സ്റ്റാന്‍ഡേഡ് ATA-7 രണ്ടായിരത്തിഒന്നില്‍ ആണ് അവതരിപ്പിക്കപ്പെട്ടത്. 133MB/sec വരെ ഡാറ്റാ ട്രാന്‍സ്ഫര്‍ സ്പീഡ് സപ്പോര്‍ട്ട് ചെയ്യുന്ന ഈ സ്റ്റാന്‍ഡേഡ് ആണ് ATA യിലെ അവസാ‍ന അപ്‌ഡേറ്റ്.

അക്കാലയളവില്‍ തന്നെ ATA സ്റ്റാന്‍ഡേഡ് അതിന്റെ പരിമിതികളുടെ പാരമ്യത്തിലെത്തിയിരുന്നു. ഒരു പാരലല്‍ കേബിള്‍ വഴി 133MB/sec കടത്തിവിടുമ്പോള്‍ ഉളകുവാകുന്ന പ്രശ്‌നങ്ങള്‍ അനവധിയാ‍യിരുന്നു. അങ്ങനെ ഇന്‍ഡസ്ട്രിയിലെ നേതാക്കളെല്ലാം ഒത്തു കൂടി പുതിയ ഒരു സ്റ്റാന്‍ഡേഡിന് രൂപം കൊടുത്തു. അതാണ് SATA അഥവാ Serial ATA.
രൂപം കൊണ്ടിട്ട് കുറച്ച് കാലമേ ആയുള്ളുവെങ്കിലും വളരെയധികം ഗുണമേന്മയും പ്രവര്‍ത്തനമികവും ഉള്ളതായതിനാല്‍ SATA വേഗത്തില്‍ ഇന്‍ഡസ്‌ട്രി സ്റ്റാന്‍ഡേഡ് ആയി മാറി. ഡാ‍റ്റാ ട്രാന്‍സ്ഫര്‍ സ്പീഡ് കൂടുതല്‍, നല്ല പവര്‍മാനേജ്‌മെന്റ് തുടങ്ങി IDE യെക്കാളും എന്തുകൊണ്ടും വളരെ മികച്ചതാണ് SATA.

കൂടുതല്‍ അറിയാന്‍ അതത് ലിങ്കുകളില്‍ ക്ലിക്ക് ചെയ്താല്‍ മതി.

ഇനി നമുക്ക് പ്രശ്‌നത്തിലേക്ക് വരാം. ഇന്നത്തെ ലാപ് ടോപിലെല്ലാം SATA സ്റ്റാന്‍ഡേഡ് ആണ് ഉപയോഗിക്കുന്നത് . ആദ്യമൊക്കെ വിലപിടിച്ചതായിരുന്നെങ്കിലും ഇന്ന് വില വളരെ തുഛമായതും വേഗതയും ബാറ്ററി ലൈഫിന് അനുയോജ്യമായതും ഒക്കെയാണ് SATA വ്യാപകമാകാന്‍ കാരണം. മിക്ക ലാപ്‌ടോപ്പുകളും SATA HDD കണ്ട്രോളര്‍ ആക്റ്റീവ് ആക്കിയായിരിക്കും പുറത്തിറങ്ങുക. എക്സ് പിയാകട്ടെ SATA കണ്ട്രോളറിന് ചേരുന്ന ഡ്രൈവറുകള്‍ നല്‍കുന്നുമില്ല. ഇതാണ് എക്സ് പി ഇന്‍സ്റ്റലേഷന്‍ തടസ്സപ്പെടാനുള്ള കാരണം.

ഈ പ്രശ്‌നത്തിന് രണ്ട് രീതിയില്‍ പരിഹാരം കാണാം.

1. BIOS സെറ്റപ്പില്‍ SATA ഡിസേബിള്‍ ചെയ്തതിന് ശേഷം വിന്‍ഡോസ് എക്സ് പി ഇന്‍സ്റ്റാള്‍ ചെയ്യുക. പിന്നീട് SATA വിന്‍ഡോസില്‍ നിന്ന് കൊണ്ട് SATA എനേബിളാക്കുക.

2. വിന്‍ഡോസ് എക്സ് പി സി ഡിയില്‍ SATA ഡ്രൈവര്‍ കൂടി സംയോജിപ്പിച്ച് ഒരു ബൂട്ടബിള്‍ സി ഡി ഉണ്ടാക്കി അതില്‍ നിന്ന് ബൂട്ട് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. (Sliptream).


ഒന്നാമത്തെ മാര്‍ഗ്ഗം

നിങ്ങള്‍ക്ക് BIOS സെറ്റിംഗ്‌സില്‍ SATA Mode ഡിസേബിള്‍ ചെയ്ത് എക്സ് പി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയുമെങ്കില്‍ ഈ മാര്‍ഗ്ഗമാണ് എളുപ്പം. ഇന്‍സ്റ്റലേഷനു ശേഷം എക്‍സ് പിയില്‍ നിന്നു കൊണ്ട് SATA ഡ്രൈവര്‍ അപ്‌ഡേറ്റ് ചെയ്താല്‍ മതി.

1. ഇതിനായി ആദ്യം BIOS സെറ്റിംഗ്‌സിലേക്ക് പോകണം. സിസ്റ്റം ബൂട്ട് ആകുമ്പോള്‍ F2, F10 Del അല്ലെങ്കില്‍ നിങ്ങളുടെ കമ്പ്യൂട്ടര്‍ നിര്‍ദ്ദേശിക്കുന്ന കീ പ്രെസ്സ് ചെയ്ത് BIOS സെറ്റിംഗ്സില്‍ പ്രവേശിക്കുക. Advanced എന്ന മെനുവില്‍ Internal Device Configurations എന്നോ Serial ATA Controller എന്നോ SATA Controller Mode എന്നോ AHCI Configuration എന്നോ കാണുന്നിടത്ത് ഓപ്‌ഷന്‍ Disable ആക്കുക. അതിനു ശേഷം ഒരു ബൂട്ടബില്‍ എക്സ് പി സിഡീയിലൂടെ വിന്‍‌ഡോസ് ഇന്‍സ്റ്റാള്‍ ചെയ്യുക.


2. ഇനി വിന്‍ഡോസ് എക്സ് പിയില്‍ നിന്നു കൊണ്ട് SATA Driver അപ്‌ഡേറ്റ് ചെയ്യാം. നിങ്ങളുടെ കമ്പ്യൂട്ടര്‍ നിര്‍മ്മാതാവ് നിര്‍ദ്ദേശിക്കുന്ന വിന്‍ഡോസ് എക്സ് പിക്കുള്ള SATA Controller Driver ഹാഡ് ഡിസ്‌കിലോ സി ഡിയിലോ സൂക്ഷിച്ചിരിക്കാന്‍ മറക്കരുത്. മെയിന്‍ബോഡ് സിഡിയില്‍ ഈ ഡ്രൈവര്‍ ഇല്ലെങ്കില്‍ ഡൌണ്‍‌ലോഡ് ചെയ്യുക.
ഇനി My Computer റൈറ്റ് ക്ലിക്ക് ചെയ്ത് Properties ക്ലിക്ക് ചെയ്ത് System Properties എടുക്കുക. (or press Win key+Pause) . Hardware റ്റാബില്‍ നിന്ന് Device Manager ക്ലിക്ക് ചെയ്യുക.




3. IDE ATA/ATAPI controllers എക്സ്പാന്‍ഡ് ചെയ്ത് Primary IDE channel ല്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Update driver ഞെക്കുക.




4. No, not this time ഞെക്കുക.



5. Install from a list or specific location (Advanced) തെരഞ്ഞെടുക്കുക.



6. Don´t search, I will choose the driver to install സെലക്റ്റ് ചെയ്യുക. Next ഞെക്കുക.



7. Show compatible hardware എന്നത് ടിക് മാര്‍ക്ക് എടുത്തു കളയുക. Have Disk ല്‍ ഞെക്കുക.



8. Browse ല്‍ ഞെക്കുക.




9. SATA Driver സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തേക്ക് വഴി കാണിച്ചു കൊടുക്കുക.




10. Open ഞെക്കുക



11. നിങ്ങളുടെ കമ്പ്യൂട്ടര്‍ നിര്‍മ്മാതാവ് നിര്‍ദ്ദേശിക്കുന്ന ഡ്രൈവര്‍ തെരഞ്ഞെടുക്കുക. ഇതിനായി കമ്പ്യൂട്ടറിന്റെ കൂടെ കിട്ടുന്ന മെയിന്‍ബോഡ് സി ഡിയില്‍ നോക്കുക. ഇല്ലെങ്കില്‍ കമ്പ്യൂട്ടറിന്റെ കൂടെയുള്ള കൊച്ചുപുസ്തകമോ (അതല്ല, മാനുവല്‍) സൈറ്റോ പരതിയാല്‍ മതി.




12. പടം ധൈര്യമായി Yes അടിക്കുക.


ഇനി കമ്പ്യൂട്ടര്‍ റീ സ്റ്റാര്‍ട്ട് ആകുന്ന ഉടന്‍ തന്നെ വീണ്ടും BIOS സെറ്റിംഗ്സില്‍ പോയി നേരത്തേ ഡിസേബിളാക്കിയ SATA എനേബിളാക്കുക. ഒരിക്കല്‍ കൂടി ഡിവൈസ് മാനേജര്‍ എടുത്തു നോക്കിയാല്‍ SATA Controller നിലവില്‍ വന്നതായി കാണാം :)



രണ്ടാമത്തെ മാര്‍ഗ്ഗം

SATA Mode ഡിസേബിള്‍ ചെയ്തിട്ടും എക്സ് പി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയാതിരിക്കുന്ന സന്ദര്‍ഭങ്ങളില്‍ ഈ രീതി ഉപകാരപ്പെടും. വിന്‍ഡോസ് എക്സ് പി സി ഡിയില്‍ SATA ഡ്രൈവര്‍ കൂടി സംയോജിപ്പിച്ച് ഒരു ബൂട്ടബിള്‍ സി ഡി ഉണ്ടാക്കി അതില്‍ നിന്ന് ബൂട്ട് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുന്ന Sliptream എന്ന വിദ്യയാണിത്.

ഇതിനായി നമുക്ക് nLite എന്നൊരു റ്റൂള്‍ ആവശ്യമാണ്. വിന്‍ഡോസ് സിഡിയില്‍ നിലവിലില്ലാത്ത ഡ്രൈവറുകള്‍, സെര്‍വീസ് പാക്കുകള്‍, പാച്ചുകള്‍ മുതലായവ സിഡീയിലേക്ക് കൂട്ടിച്ചേര്‍ക്കുന്നതിനും Unattended Setup ഉണ്ടാക്കുന്നതിനും വിന്‍ഡോസിനൊപ്പമുള്ള പല Component കളും റിമൂവ് ചെയ്യുന്നതിനും സഹായിക്കുന്ന ഒരു ഫ്രീ വെയറാണിത്. ഉദാഹരണം Media Player, Internet Explorer, Outlook Express, MSN Explorer മുതലായവ നമുക്ക് വേണ്ടെങ്കില്‍ സിഡിയില്‍ നിന്ന് നീക്കം ചെയ്യാം. അതു പോലെ ഇല്ലാത്ത ഡ്രൈവറുകളും മറ്റ് ട്വീക്കുകളും മറ്റും കൂട്ടിച്ചേര്‍ക്കുകയും ആവാം.

nLite ഡൌണ്‍‌ലോഡ് ചെയ്യുക. വിന്‍‌ഡോസ് സിഡിയും SATA ഡ്രൈവറും ഒരു ബ്ലാങ്ക് സിഡിയും കരുതാന്‍ മറക്കരുത് :)

1. nLite ഓണാക്കുക. വെല്‍ക്കം സ്ക്രീനില്‍ നിന്ന് നെക്സ്റ്റ് അടിക്കുമ്പോള്‍ Windows installation package ഉള്ള കാണിച്ചു കൊടുക്കാന്‍ ആവശ്യപ്പെടും. ഇവിടെ F ഡ്രൈവ് സെലക്റ്റ് ചെയ്തിരിക്കുന്നു. ആ ഡ്രൈവില്‍ വിന്‍‌ഡോസ് എക്സ് പി സിഡി ഉണ്ട്.





2. (SATA ഡ്രൈവര്‍ ഇന്‍‌സേര്‍ട്ട് ചെയ്യാനായി ഇന്‍സ്റ്റലേഷന്‍ പാക്കേജ് നമ്മുടെ ഹാഡ് ഡിസ്കില്‍ സേവ് ചെയ്യേണ്ടതുണ്ട്. ആയതിനാല്‍ ഹാഡ് ഡിസ്കില്‍ ഒരു ഫോള്‍ഡര്‍ ഉണ്ടാക്കുക. ഇന്‍സ്റ്റലേഷന്‍ സിഡിയിലെ മുഴുവന്‍ ഫയലുകളും സൂക്ഷിക്കാന്‍ മാത്രം സ്ഥലം ഈ ഫോള്‍ഡര്‍ ഉള്ള ഡ്രൈവിന് ഉണ്ടെന്ന് ഉറപ്പ് വരുത്തുക)
വാണിംഗ് വിന്‍ഡോ വരുമ്പോള്‍ OK പറഞ്ഞിട്ട് നാം ഉണ്ടാക്കിയ ഡെസിനേഷന്‍ ഫോള്‍ഡര്‍ സെലക്റ്റ് ചെയ്യുക. അപ്പോള്‍ കോപി ചെയ്യാന്‍ തുടങ്ങും.



3. കോപിയിംഗ് കഴിയുമ്പോള്‍ പുതുതായി ഉണ്ടാക്കാന്‍ പോകുന്ന സിഡിയുടെ ചില വേര്‍ഷന്‍ ഇന്‍ഫര്‍മേഷന്‍ കാണിക്കും.



4. ഇനി രണ്ട് തവണ നെക്സ്റ്റ് അടിക്കുക. ഇങ്ങനെയൊരു സ്ക്രീന്‍ കിട്ടും. Driver ബട്ടണ്‍ സെലക്റ്റ് ചെയ്യുക. നമ്മള്‍ ഡ്രൈവര്‍ ഇന്റഗ്രേറ്റ് ചെയ്യാനാണ് പോകുന്നത്. ഇനി നെക്സ്റ്റ് അടിക്കുക.




5. ഇനി Insert ക്ലിക്ക് ചെയ്ത് (ചിത്രത്തില്‍ Insert കാണുന്നില്ല.ക്ഷമിക്കണം) Multiple drive folder ഓപ്ഷന്‍ തെരഞ്ഞെടുക്കുക. എന്നിട്ട് SATA ഡ്രൈവര്‍ സൂക്ഷിച്ചിട്ടുള്ള സ്ഥലം കാണിച്ചു കൊടുക്കുക.




6. ഡയറക്റ്ററി സെലക്റ്റ് ചെയ്ത ശേഷം OK പറയുക.



7. ലിസ്റ്റില്‍ നിന്ന് നമുക്ക് വേണ്ട ഡ്രൈവര്‍ സെലക്റ്റ് ചെയ്യുക. OK. Next.



8. അനുവാദം കൊടുക്കുക. Yes.



9. പരിപാടി പുരോഗമിക്കുന്നു. കാത്തിരിക്കുക. Next. Finish.




10. ഇപ്പോള്‍ നമുക്ക് വേണ്ട സാധനം ഹാഡ് ഡിസ്കിലായിട്ടുണ്ട്. ഇതിനെ നമുക്ക് ഒരു ബൂട്ടബിള്‍ സിഡി ആക്കണം. അതിനായി nLite വീണ്ടും തുറക്കുക. നമ്മളുണ്ടാക്കിയ ഹാഡ് ഡിസ്ക് ഇന്‍സ്റ്റലേഷന്‍ ഫോള്‍ഡര്‍ സെലക്റ്റഡ് ആണെന്ന് ഉറപ്പ് വരുത്തുക. Next. ഇനി "Last session" സെലക്റ്റ് ചെയ്യുക.Next.





11. ഓപ്ഷന്‍ മെനുവില്‍ നിന്ന് Create > Bootable ISO സെലക്‍റ്റ് ചെയ്യുക. Next.


12. Make ISO ക്ലിക്ക് ചെയ്യുക. ISO ഇമേജ് സേവ് ചെയ്യേണ്ട ഡെസ്റ്റിനേഷന്‍ ഫോള്‍ഡര്‍ സെലക്റ്റ് ചെയ്യുക. കാത്തിരിക്കുക. Next.



ഇനി നമുക്ക് കിട്ടിയ ISO ഇമേജിനെ നീറോ അല്ലെങ്കില്‍ ഏതെങ്കിലും സിഡി ബേണിംഗ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഒരു ബ്ലാങ്ക് സിഡിയിലേക്ക് പകര്‍ത്താം.

ഈ സിഡി ഉപയോഗിച്ച് യാതൊരു ബുദ്ധിമുട്ടുമില്ലാതെ എക് പി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കും.

12 comments:

സുല്‍ |Sul said...

നല്ല പോസ്റ്റ് മച്ചു.
ഒരു വര്‍ഷം മുന്‍പായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. അന്ന് 3-4 ദിവസം ഇരുന്ന് മൊത്തം ഗൂഗിള്‍ സെര്‍ച്ച് ചെയ്തിട്ടാണ് ഒരു ഏസര്‍ ലാപ്ടോപ് എക്സ്പിയിലേക്ക് മാറ്റിയത്.
എന്തായാലും നല്ലപോസ്റ്റ് എന്നെപ്പോലെ പലര്‍ക്കും ഉപകരിക്കും.

വിസ്റ്റക്കു പകരം വിന്‍ഡോസ് സെവന്‍ ഉപയോഗിക്കുന്നതാണ് എക്സ്പിയേക്കാള്‍ അഭികാമ്യം. വിന്‍ 7 ഇപ്പോഴും ഫ്രീഡൌണ്‍ലോഡ് ആണല്ലോ.

-സുല്‍

മഴത്തുള്ളി said...

ഇതൊക്കെ വായിച്ച് വായിച്ച് വിസ്റ്റ ആക്കാന്‍ നോക്കുന്നതിലും നല്ലത് എക്സ്പിയാ. ഡെല്‍ വാങ്ങുമ്പോഴേ പലരും പറഞ്ഞു വിസ്റ്റ ഇടീക്കല്ലേ എന്ന്. അതിനാല്‍ ഇപ്പോളും എക്സ്പി തന്നെ.

എന്തായാലും നല്ല പോസ്റ്റ് മച്ചു.

ഇതിനു വേണ്ടി കുറേ പണിപ്പെട്ടുട്ടുണ്ടല്ലോ. അതിനൊരു നമസ്കാരം.

Haree said...

:-)
ഹ ഹ ഹ... എഴുതി എഴുതി ബോറടിച്ചിട്ടുണ്ടാവും. ഞാനുമെഴുതാനൊന്ന് നോക്കിയതാണ്, കുറേ നാള്‍ മുന്‍പ്. സ്ലിപ്‌സ്ട്രീം ചെയ്ത ഒരു സി.ഡി.യുമുണ്ടാക്കി. സംഗതി രസമായിരുന്നു. പക്ഷെ എഴുതാന്‍ മടിയായി. ഏതായാലും എഴുതിയല്ലോ... അതു വളരെ നന്നായി.

പിന്നെ ഈ സ്ലിപ്സ്ട്രീം ചെയ്ത സി.ഡി.യെടുത്ത് പഴയ സിസ്റ്റങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്യുവാന്‍ നോക്കരുതേ... കുഴപ്പമൊന്നും വരില്ല, ഇന്‍സ്റ്റലേഷന് വെറുതേ കുറേ സമയം അധികമെടുക്കും, പിന്നെ ഇന്‍സ്റ്റാള്‍ ചെയ്യുന്ന പാര്‍ട്ടീഷനില്‍ കുറേ സ്ഥലം വെറുതേ നഷ്ടമാവും.

@ മഴത്തുള്ളി,
മാഷേ, ഇതു വായിച്ച് വിസ്റ്റയാക്കാനല്ല. പുതിയ സിസ്റ്റങ്ങള്‍ വിസ്റ്റയോടെ കിട്ടിയാല്‍ തിരിച്ച് എക്സ്.പി.യിലേക്ക് പോകുവാനുള്ള പണിയാണിവിടെ പറഞ്ഞത്. :-)
--

അരവിന്ദ് :: aravind said...

കൊള്ളാം.
പൈറേറ്റഡ് വിന്‍‌ഡോസ് വിസ്റ്റയില്‍ നിന്ന് പൈറേറ്റഡ് എക്‌സ്പിയിലേക്ക് പോകാനും ഇത് ഉപകരിക്കുമോ ഗുരോ?
(എനിക്കല്ല..പൊതുവായി ഒരു സംശയം ചോദിച്ചതാ)

:-)

Ziya said...

പിന്നില്ലാതെ അരേ
(ഞാന്‍ ചെയ്തതല്ല... പൊതുവായി മറുപടി പറഞ്ഞതാ)
:-)

ചന്തു said...

നല്ല വിശദീകരണം. മലയാളത്തിലും ഇത്ര നല്ല ടെക്നിക്കല്‍ ബ്ളോഗ്ഗ് ഉണ്ടോ :)

ശ്രീ said...

ഉപകാരപ്രദമായ പോസ്റ്റ്!

നന്ദി.

മാത്തപുരാണം ഒന്നാം ഭാഗം said...

കൊള്ളാം സിയാദ്‌, വളരെ ഉപകാരപ്രദമായ ഒരു പോസ്റ്റിംഗ്‌.....

VYSAKH said...

siya,

12. പടം ധൈര്യമായി Yes അടിക്കുക.
ee vidhathil nammade malayala bhasha lalithamayi upayogichu vrithikedaakkaruthe

annyann said...

ഇപ്പോളും നമ്മുടെ നാട്ടുകാര്‍ക്ക് ലിനക്സ് എന്താണ് എന്ന് അറിയില്ല... :(

saifudheen said...

ഇങ്ങിനെ വിമർഷിക്കാനായി മാത്രം വായ തുറക്കുന്ന മലയാളിയുടെ ഈ സ്വഭാവം മാറണം ആദ്യം. ഇത്ര നല്ല രീതിയിൽ ഇത് വിശദീകരിച് എഴുതാൻ എത്ര കഷ്ട്ടപീട്ടിട്ടുണ്ടാവും എന്ന് ചിന്തിച് നോക്കിക്കേ.. വളരെ നല്ല ഒരു പോസ്റ്റ്‌ ആണിത്. സംശയമില്ല.

saifudheen said...

വളരെ നല്ല ഒരു പോസ്റ്റ്‌ ആണിത്. സംശയമില്ല.