Jun 15, 2009

ബ്ലോഗ് മീറ്റിന് ഉജ്ജ്വല സമാപനം.

ബ്ലോഗേഴ്‌സ് ഇരമ്പി: ദമ്മാം വീര്‍പ്പു മുട്ടി

ദമ്മാം : അറബിക്കടലല പോലെ ഇരമ്പിയാര്‍ത്ത മലയാ‍ളം ബ്ലോഗേഴ്‌സിന്റെ മഹാപ്രവാഹത്തില്‍ നഗരം വീര്‍പ്പുമുട്ടിനില്‍ക്കേ പ്രഥമ സൌദി ബ്ലോഗേഴ്സ് മീറ്റിന് പ്രൌഢോജ്ജ്വല സമാപനം. മീറ്റിനോടനുബന്ധിച്ച് വൈകുന്നേരം നാലു മണിക്ക് ദമ്മാം കോര്‍ണീഷ് കടപ്പുറത്ത് നിന്നാരംഭിച്ച ബഹുജന റാലിയും ബ്ലോഗ് സേനാ മാര്‍ച്ചും പാരഗണ്‍ ഓഡിറ്റോറിയത്തില്‍ എത്തിച്ചേര്‍ന്നതോടെയാണ് സമാപനസമ്മേളനത്തിന് തുടക്കമായത്. സമ്മേളനം പ്രശസ്ത ബ്ലോഗര്‍ മറ്റൊരാള്‍ ഉദ്‌ഘാടനം ചെയ്തു.

അറേബ്യയുടെ നാനാഭാഗങ്ങളില്‍ നിന്ന് വന്നണഞ്ഞ ബ്ലോഗേഴ്‌സിനെ സ്വീകരിക്കാന്‍ നഗരം നേരത്തെ തന്നെ അണിഞ്ഞൊരുങ്ങി. പതാകകളും തോരണങ്ങളും മീറ്റിന് അഭിവാദ്യമര്‍പ്പിച്ചുള്ള ഫ്ലെക്സ് ബോര്‍ഡുകളും കമാനങ്ങളും ബ്ലോഗ് സ്നേഹികളുടെ ആവേശം വിളിച്ചോതുന്നതായിരുന്നു. ഗതാഗതനിയന്ത്രണം ശക്തമായിരുന്ന നഗരത്തില്‍ ദമ്മാം ട്രാഫിക് എസ്സൈ അല്‍ മുറൂര്‍ ബിന്‍ കാം‌റി അല്‍ തൊയൂത്തയുടെ നേതൃത്വത്തില്‍ ആയിരത്തോളം ട്രാഫിക് പോലീസുകാര്‍ ഏറെ പണിപ്പെട്ടിട്ടാണ് ഗതാഗതം നിയന്ത്രിച്ചത്. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്റ്റര്‍ അല്‍ ഫലാഫില്‍ ബിര് യാനി ബിന്‍ മുശക്കല്‍ ഇന്നലെ അവധി പ്രഖ്യാപിച്ചിരുന്നു.

പതിനായിരങ്ങള്‍ അണിനിരന്ന ബഹുജന റാലി ഒരു പോയിന്റ് കടക്കാന്‍ മണിക്കൂറുകളെടുത്തു. ആവേശോജ്ജ്വലമായ റാലിയിലെ മുദ്രാവാക്യങ്ങള്‍ കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യം വിളിച്ചോതുന്നതായിരുന്നു.

“ബ്ലോഗറ്‌ ഞങ്ങള് മണിമേടയാക്കി
പോസ്റ്റുകള്‍ ഞങ്ങള് പൂമാലയാക്കി
അറേബ്യയിയിലും ബ്ലോഗുന്നൂ
മലയാളത്തിന്‍ പ്രിയ മക്കള്‍“

“അടിയുടെ ഇടിയുടെ വെടിയുടെ മുന്നില്‍
അടിപതറാത്തൊരു ബ്ലസ്ഥാനം
ഈറ്റും മീറ്റും ഏറെക്കണ്ടൊരു
ബ്ലോഗിന്‍ മക്കള്‍ ഓര്‍ത്തോളൂ”

“വര്‍മ്മേയെന്ന് വിളിപ്പിക്കും
അനോണിക്കമന്റുകള്‍ ഇടുവിക്കും
വര്‍മ്മാലയത്തിന്‍ മുറ്റത്തങ്ങനെ
വര്‍മ്മ മീറ്റ് നടത്തിക്കും...”

“അനോണിമാഷേ നേതാവേ
ആര്‍മ്മാദത്തിന്നുസ്താദേ
ധീരതയോടെ പോസ്റ്റിക്കോ
ലക്ഷം കമന്റുകള്‍ പിന്നാലേ...”

“മാക്രീ മാക്രീ മരമാക്രീ
ക്രോമില്‍ ബ്രൌസും മരമാക്രീ
ചുക്ക് പെണ്ണിനെ തൊട്ടെന്നാകില്‍
അക്കൈ വെട്ടും അവനെത്തട്ടും”

തുടങ്ങി അനോണിയും സനോണിയുമായ നിരവധിമുദ്രാവാക്യങ്ങളാല്‍ മുഖരിതമായിരുന്നു നഗരമുഖം.

സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ടു സംസാരിച്ച മറ്റൊരാള്‍ “മീറ്റില്‍ ഈറ്റിന്റെ പ്രധാന്യം” എന്ന വിഷയത്തിന്റെ മര്‍മ്മമാണ് പ്രധാനമായും അവതരിപ്പിച്ചത്. ആധ്യക്ഷം വഹിച്ച പ്രയാസി അനോണി ഓപ്‌ഷനുകള്‍ ഇല്ലാത്ത ബ്ലോഗില്‍ കമന്റിടുന്നതിന്റെ പ്രയാസം സദസ്യരുമായി പങ്കുവെച്ചു. “ആധുനിക ബൂലോഗത്തില്‍ വര്‍മ്മമാരുടെ പ്രസക്തി” എന്ന വിഷയത്തെ ആസ്‌പദമാക്കി സിയ നടത്തിയ ഘോരപ്രസംഗം അക്ഷരാര്‍ത്ഥത്തില്‍ സദസ്സിനെ പ്രകമ്പനം കൊള്ളിച്ചു.
പ്രമുഖ ബ്ലോഗര്‍ ജെസ്സി നന്ദി പറഞ്ഞു. മീറ്റില്‍ പ്രത്യേകക്ഷണിതാക്കളായ മറ്റൊരാളിന്റെ പത്നി ബെറ്റിയും പുത്രി നോറയും സന്നിഹിതരായിരുന്നു.

അന്തരാത്മാക്കളില്‍ ഈറ്റിന്റെ ഉള്‍‌വിളി പ്രകമ്പനം കൊള്ളിച്ചിരുന്നതിനാല്‍ മീറ്റും പ്രസംഗചടങ്ങുകളുമെല്ലാം ഒരു ചടങ്ങിന് വേഗം നടത്തിയിട്ട് ഈറ്റ് ഹാളിലേക്ക് തള്ളിക്കയറുകയായിരുന്നു ബ്ലോഗേഴ്‌സ്.

സൌദി ബ്രോഡ്‌കാസ്‌റ്റ് കമ്പനി പകര്‍ത്തിയ മീറ്റിന്റെ വിവിധദൃശ്യങ്ങള്‍ താഴെ കുഞ്ഞു പടത്തില്‍ ക്ലിക്ക് ചെയ്താല്‍ കാണാവുന്നതാണ്.
Saudi Bloggers Meet ' 09

18 comments:

Ziya said...

അറബിക്കടലല പോലെ ഇരമ്പിയാര്‍ത്ത മലയാ‍ളം ബ്ലോഗേഴ്‌സിന്റെ മഹാപ്രവാഹത്തില്‍ നഗരം വീര്‍പ്പുമുട്ടിനില്‍ക്കേ പ്രഥമ സൌദി ബ്ലോഗേഴ്സ് മീറ്റിന് പ്രൌഢോജ്ജ്വല സമാപനം.

Norah Abraham | നോറ ഏബ്രഹാം said...

ഞങ്ങളുടെ കൊച്ചിനെക്കൊണ്ട് തന്നെ ഇവിടെ ഒരു തേങ്ങയടിച്ചേക്കാം. ((((..O..))))

kichu / കിച്ചു said...

ഇത്രേം ജനങ്ങള്‍ ഒത്തുകൂടിയ ഒരു മീറ്റ് ബൂലോഗം ഇതു വരെ കണ്ടിട്ടില്ല.:)

അഭിവാദനങ്ങള്‍

ജിജ സുബ്രഹ്മണ്യൻ said...

ഈ മീറ്റിന്റെ കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുന്നു

കുഞ്ഞന്‍ said...

സൌദിയെ പ്രകമ്പനം കൊള്ളിപ്പിച്ച ബ്ലോഗ് മീറ്റ്..!

ചെറായി മീറ്റില്‍ പങ്കെടുക്കുന്നവര്‍ ഇതൊക്കെ കണ്ടു പഠിച്ചിരുന്നെങ്കില്‍.. ആ ഒത്തൊരുമയും സ്നേഹ പ്രകടനങ്ങളും..!

കുഞ്ഞന്‍ said...

ആ ലിങ്കന്‍ വര്‍ക്കുചെയ്യുന്നില്ല, അല്ല ലിങ്കം എവിടെ...

ഷിജു said...

ആയിരമല്ല പതിനായിരമല്ല നാലഞ്ചെണ്ണം പിന്നാലെ......

ഫോട്ടോസ് കണ്ടിട്ട് അങ്ങനാണല്ലോ മാഷേ തോന്നുന്നത് :)

സൌദിയിലുള്ള എല്ലാ ബ്ലോഗേഴസും ഇതില്‍ പങ്കെടുത്തോ എന്ന് എനിക്ക് സംശയം ഉണ്ട്. അറിയാഞ്ഞതാണോ, അറിയിക്കാഞ്ഞതാണോ ആവോ ?

പകല്‍കിനാവന്‍ | daYdreaMer said...

മീറ്റുന്നെങ്കില്‍ ഇങ്ങനെ മീറ്റണം.. കണ്ടു പഠിക്കട്ടെ..
:)

അരവിന്ദ് :: aravind said...

:-)

രണ്ട് ബ്ലോഗര്‍മാര്‍ക്ക് കാണാന്‍ പറ്റാത്ത സ്ഥിതിയായല്ലോ.
കണ്ടാല്‍ ഉടന്‍ അത് മീറ്റായി! കാലം പോയ പോക്കേ.

അഗ്രജന്‍ said...

ആശംസകൾ, അഭിനന്ദങ്ങൾ, അനുമോദനങ്ങൾ (വല്ലതും വിട്ടുപോയിട്ടുണ്ടെങ്കിൽ ക്ഷമിക്കുക)
ഞാനും അവിടെ ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോയി... -ഇമ്മാതിരിയുള്ള- -സൌഹൃദം- ... ആ അല്ലെങ്കി വേണ്ട തൽക്കാലം ഇത്രേം മതി

:)

പ്രയാസി said...

അതെ അതെ
ദമ്മാം ട്രാഫിക് എസ്സൈ അല്‍ മുറൂര്‍ ബിന്‍ കാം‌റി അല്‍ തൊയൂത്തയും കളക്റ്റര്‍ അല്‍ ഫലാഫില്‍ ബിര് യാനി ബിന്‍ മുശക്കലും ഇല്ലാതിരുന്നെ പെട്ടു പോയേനെ..:)

തറവാടി said...

നന്നായിരിക്കുന്നു ;)

ബഷീർ said...

കണ്ടു. വായിച്ചു. അസൂയപ്പെട്ടു. :)

Cartoonist said...

അല്ല ഈ പടങ്ങളില് ആരൊക്ക്യാന്ന് ??
ഒരു വിവരണം തരൂന്ന്, സ്യ

Cartoonist said...

ഒരബദ്ധം പറ്റി..
പറഞ്ഞത് കമ്പ്ലീറ്റ്ലി തിരിച്ചെടുത്തു. :)

sHihab mOgraL said...

സൗദി ബ്ലോഗ് മീറ്റിനെക്കുറിച്ച് പരസ്യത്തിലൂടെ അറിഞ്ഞപ്പോള്‍ ഇതിത്രയും ഗം‌ഭീരപരിപാടിയായിരിക്കുമെന്ന് ഊഹിക്കാന്‍ സാധിച്ചില്ല. പ്രൗഢഗം‌ഭീരമായ സദസ്സിനെ മുന്‍‌നിര്‍ത്തി സിയ സംസാരിക്കുന്ന ചിത്രവും കൂടുതല്‍ പ്രതീക്ഷ തന്നില്ല. പക്ഷേ പോസ്റ്റിലെ ഈ വിവരണം അക്ഷരാര്‍ത്ഥത്തില്‍ അസൂയപ്പെടുത്തുന്നതാണ്‌.
ആ റാലിയില്‍ പങ്കെടുത്ത് രണ്ട് മുദ്രാവാക്യം വിളിക്കാന്‍ കൊതിച്ചു പോവുന്നു.
ഏതായാലും "ഈറ്റിന്റെ പ്രാധാന്യം" എന്ന സാര്‍‌വ്വകാലികപ്രസക്തമായ വിഷയം ചര്‍ച്ചയ്ക്കു തെരഞ്ഞെടുത്ത കമ്മറ്റി ഭാരവാഹികളെ മുക്ത‌കുംഭം പ്രശംസിക്കാന്‍ ഈ അവസരം ഉപയോഗിക്കട്ടെ.. മീറ്റില്‍ ഉരുത്തിരിഞ്ഞു വന്ന പുതിയ ആശയങ്ങളുടെ പി.ഡി.എഫ് ഫയല്‍ അയച്ചു തരണമെന്ന് വിനയപൂര്‍‌വ്വം അപേക്ഷിക്കുകയും ചെയ്തു കൊള്ളുന്നു..

Unknown said...

അഭിവാദനങ്ങള്‍

Thasleem said...

Good Blog