May 5, 2008

ആവിഷ്‌കാരം

ആത്മാവിലിന്ധനം കത്തിച്ച്
തലച്ചോറ്‌ വേവിച്ച്
സിരകള്‍ പൊള്ളിച്ച്
വാക്കുകള്‍ ആവിയാക്കി
തൂലികത്തുമ്പിലൂടെ സ്വതന്ത്രമാക്കി
ആ വേവില്‍
സ്വയമൊരു ബാഷ്‌പമായ് തപിച്ച്...

ഒന്നാം വരിയില്‍
നിറമില്ലാത്ത ബാല്യം
മുലപ്പാലു രുചിക്കാതെ
താരാട്ട് കേള്‍ക്കാതെ
ഐതിഹ്യവും പുരാണവും
യക്ഷിക്കഥയുമറിയാതെ
ഇരയുടെ ദൈന്യതയോടെ.

പിന്നെ വേട്ടക്കാരന്റെ യൌവനം
സിരയുറയുന്ന ലഹരിയും
പ്രണയം മറച്ച്
കരിമ്പടം പുതച്ച മനസ്സും
ഉടഞ്ഞ കുപ്പിവളകളും
തകര്‍ത്ത കിനാക്കളും

അടയുന്ന വാതിലില്‍ മുട്ടാതെ
കണ്ണാടി കാണാതെ
പുസ്തകം നോക്കാതെ
അര്‍ത്ഥമില്ലായ്‌മയുടെ അര്‍ത്ഥങ്ങള്‍
അക്ഷരമാക്കുന്ന വേദനയറിയാതെ
നീലച്ചായം നിറഞ്ഞൊരു
കാന്‍‌വാസില്‍ നോക്കിയിരിക്കേ
കവിത ജനിച്ചു, സുഖപ്രസവം

അര്‍ത്ഥം ചോദിച്ചാല്‍
ചിരിക്കാനേ കഴിയൂ
വായിക്കുന്നവന്റെ തലച്ചോറില്‍
ആശയം നിക്ഷേപിച്ച് തലയറഞ്ഞ് ചിരിക്കാന്‍.
കുത്തും കോമയും ഇടാതെ
വൃത്തവും പ്രാസവും പാലിക്കാതെ
താളരഹിതമായൊരു തേങ്ങല്‍.
താളം പാപമാണ്.

10 comments:

Ziya said...

ആത്മാവിലിന്ധനം കത്തിച്ച്
തലച്ചോറ്‌ വേവിച്ച്
സിരകള്‍ പൊള്ളിച്ച്
വാക്കുകള്‍ ആവിയാക്കി
തൂലികത്തുമ്പിലൂടെ സ്വതന്ത്രമാക്കി
ആ വേവില്‍
സ്വയമൊരു ബാഷ്‌പമായ് തപിച്ച്...

സാല്‍ജോҐsaljo said...

ഹാവൂ സുഖപ്രസവം. കുട്ടിയും മിടുക്കനായിരിക്കുന്നു. :)

കുറുമാന്‍ said...

കുത്തും കോമയും ഇടാതെ
വൃത്തവും പ്രാസവും പാലിക്കാതെ
താളരഹിതമായൊരു തേങ്ങല്‍.
താളം പാപമാണ് -

ഈ കവിതയില്‍ മൊത്തം താളമാണല്ലോ.
നിന്റെ തലയില്‍ തളം വക്കാറായി :)

പാപം ചെയ്യാത്തവര്‍ ഉണ്ടെങ്കില്‍ നിന്നെ കല്ലെറിയട്ടെ!

മഴത്തുള്ളി said...

സിയ,

അത് ശരി,

"വായിക്കുന്നവന്റെ തലച്ചോറില്‍
ആശയം നിക്ഷേപിച്ച് തലയറഞ്ഞ് ചിരിക്കാന്‍.
കുത്തും കോമയും ഇടാതെ"

വായിക്കുന്നവര്‍ ചിന്തിച്ച് ചിന്തിച്ച് അന്തം വിട്ട നാരായണന്‍ വണ്ടി വിട്ടപോലെ പൊക്കോട്ടേന്ന് അല്ലേ.. ഉം മനസ്സിലായി ഉള്ളിലിരുപ്പ്. എന്നിട്ടിരുന്നു ചിരിച്ചോ ;)

എന്റെ തല പൊകഞ്ഞ് തുടങ്ങുന്നതിനു മുന്‍പ് ഞാന്‍ തടി തപ്പട്ടെ ;) ഹീ ഹി...

Sharu (Ansha Muneer) said...

:) കൊള്ളാം

Rasheed Chalil said...

1. ആത്മാവിലിന്ധനം കത്തിച്ച്
ഇന്ധനം സൂക്ഷിച്ച് ഉപയോഗിക്കുക. (ക്ഷാമത്തിന് സാധ്യതയുണ്ട്.)

2 . തലച്ചോറ്‌ വേവിച്ച്
സിരകള്‍ പൊള്ളിച്ച്
വാക്കുകള്‍ ആവിയാക്കി
തൂലികത്തുമ്പിലൂടെ സ്വതന്ത്രമാക്കി
ആ വേവില്‍
ഉപ്പ് ചേര്‍ക്കാന്‍ മറക്കരുത്.

3 സ്വയമൊരു ബാഷ്‌പമായ് തപിച്ച്...
ഇത് ചൂടുകാലത്തെ സ്ഥിരം പ്രതിഭാസം.

സമയക്കുറവ് കൊണ്ട് ഇവിടെ നിര്‍ത്തുന്നു.

ഓടോ : കവിത നന്നായിട്ടുണ്ട്... ആശയവും.

കരീം മാഷ്‌ said...

ബ്ലോഗിലെഴുതിയ കവിതയും
നടവഴിയില്‍ ഉണക്കാനിട്ട വൈക്കോലിലും
കണ്ടോരൊക്കെ ചവിട്ടി നാശകോശമാക്കും എന്നിപ്പോള്‍ മനസ്സിലായില്ലെ?
സിയ.
തലച്ചോറു നല്ലോണം വെന്തതാണെങ്കില്‍
ഒരു പ്ലേറ്റിങ്ങെറ്റുക്ക്!
വിശന്നിട്ടു വയ്യ.

Ziya said...

ആഹാ, കരീമാഷ്‌ക്ക് തലച്ചോറാണോ പഥ്യം?
അങ്ങനെയെങ്കില്‍ മാഷ്‌ടെ തലയിലുള്ളതിനേക്കാള്‍ ബുദ്ധി വയറ്റിലായിരിക്കുമല്ലോ :)
(കട്. വിന്‍സ്റ്റന്‍ ചര്‍ച്ചില്‍)
ചുമ്മാ ഒരു വളിപ്പടിച്ചതാ മാഷേ, കെറുവിക്കരുത്.
പിന്നെ മാഷ് പറഞ്ഞതില്‍ കാര്യമുണ്ട്. എന്നാലും വൈക്കോലല്ലേ നമ്മള്‍ നടവഴിയില്‍ നിരത്തൂ? വൈഢൂര്യം നിരത്തില്ലല്ലോ :)

നന്ദു said...

സൌദിയിൽ “ ചൂട് തുടങ്ങീ“ ന്ന് മനുഷ്യരെക്കൊണ്ട് പറേപ്പിക്കാ‍ന് തീരുമാനിച്ചിറങ്യേക്കാ അല്ലെ?..

ഈശ്വരാ...തുടക്കത്തിലെ ഇങ്ങനെയെങ്കിൽ ജൂൺ ജൂലൈ ആവുമ്പോഴേക്ക് എന്തായിത്തീരുമോ?.

“വായിക്കുന്നവന്റെ തലച്ചോറില്‍
ആശയം നിക്ഷേപിച്ച് തലയറഞ്ഞ് ചിരിക്കാന്‍.“

ചിരിക്ക് ...ചിരിക്ക്... ചുമ്മാ ചിരിക്ക് :)

എന്തായാലും കവിത് ഇഷ്ടായി!!

നന്ദു said...

ഇന്ന് (20 മേയ്) രഹസ്യമായി ജന്മദിനം ആഘോഷിച്ചുകൊണ്ടിരിക്കുന്ന സിയ യ്ക്ക് എന്റ്റെ സ്നേഹം നിറഞ്ഞ ജന്മദിനാശംസകൾ!!