Feb 6, 2008

ഹിപ്‌നോട്ടിക്ക് അനുഭവങ്ങള്‍ - 2

ലഘുമാനസിക പ്രശ്‌നം തന്നെയാണ് അവനെന്നു ഉറപ്പുവരുത്താനായി കുറേ നേരം സധാരണരീതിയില്‍ അവനോടു സംസാരിച്ചു.

മാനസികമായും ശാരീരികമായും ആകെ അവശനായിരുന്ന ആ പയ്യന് ഒരു ഹിപ്‌നോ അനലൈസിസിനു വിധേയനാകാന്‍ കഴിയില്ല എന്നെനിക്കു തോന്നി. ഏകാഗ്രതയോടെ എന്റെ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കാനുള്ള അവസ്ഥയിലായിരുന്നില്ല അവന്‍. ആകയാല്‍ അവനു വേണ്ടത്ര വിശ്രമം നല്‍കുവാന്‍ ഞാന്‍ തീരുമനിച്ചു. ചില റിലാക്‍സേഷന്‍ ടെക്‍നിക്കുകള്‍ ഉപയോഗിച്ച് അവനെ ഞാന്‍ മെല്ലെ ഉറക്കി.

ഹിപ്‌നോസിസെന്നാല്‍ ഉറക്കമല്ലാതെ മറ്റൊന്നുമല്ല. യ്ഥാര്‍ത്ഥത്തില്‍ സ്വാഭാവിക നിദ്രയും ഹിപ്‌നോട്ടിക് നിദ്രയും തമ്മില്‍ ഗാഢമായ അന്തരമില്ല. സ്വാഭാവിക നിദ്രക്കു വേണ്ട ആന്തരികവും ബഹ്യവുമായ പ്രേരണകളെ കൃത്രിമമായി സൃഷ്‌ടിച്ചുകൊണ്ട് വ്യക്തിയെസ്വാഭാവിക നിദ്രയിലേക്ക് തന്നെ വീഴ്ത്തുകയാണ് ഹിപ്‌നോട്ടിസ്റ്റ് ചെയ്യുന്നത്.

ഹിപൊസിസിനെകുറിച്ച് പറയുമ്പോള്‍ സാധാരണ നിദ്രയെക്കുറിച്ച് പറയണമല്ലോ? എന്താണീ സ്വാഭാവിക നിദ്ര?

പ്രവര്‍ത്തന നിരതമായ മസ്തിഷ്‌കത്തിന്റെയും ശരീരത്തിന്റെയും ക്ഷീണം തീര്‍ക്കുവനുള്ള വിശ്രമമല്ലാതെ മറ്റൊന്നുമല്ല നിദ്ര. ഉണര്‍ന്നിരിക്കുമ്പോള്‍ മനുഷ്യന്റെ പഞ്ചേന്ദ്രിയങ്ങളും അതിന്റെ ജോലി നിര്‍വ്വഹിക്കുകയും മസ്തിഷ്‌കത്തിലെ കേന്ദ്രനാഡീവ്യൂഹം അതിന്റെപ്രവര്‍ത്തനങ്ങളെ ഉള്‍ക്കൊള്ളുകയും ചെയ്യുന്നു. എന്നാല്‍ നിദ്രാവസ്ഥ എന്നു പറയുന്നത് മസ്തിഷ്‌കത്തിന്റെ ഉന്നത നാഡീ വ്യൂഹം പ്രവര്‍ത്തനരഹിതമാകുന്ന അവസ്ഥയെയാണ്. കേന്ദ്രനാഡീവ്യൂഹം പ്രവര്‍ത്തന രഹിതമാകുന്നത് മൂലം പഞ്ചേന്ദ്രിയപ്രവര്‍ത്തനങ്ങള്‍ മസ്തിഷ്‌കത്തില്‍ പ്രതിഫലിക്കയില്ല.

മനുഷ്യന്റെ എല്ലാ പ്രവര്‍ത്തനങ്ങളും കേന്ദ്രനാഡീവ്യൂഹത്തിന്റെ നിയന്ത്രണത്തിലാണ്. അധ്വാനിക്കുമ്പോഴും ഒന്നും ചെയ്യാതെ ഉണര്‍ന്നിരിക്കുമ്പോഴും ഉന്നതനാഡീകേന്ദ്രം പ്രവര്‍ത്തനനിരതമാണ്. ഏറെനേരത്തെ പ്രവര്‍ത്തന നിരത കൊണ്ട് ക്ഷീണിക്കുന്ന നാഡീകേന്ദ്രത്തിനു വിശമം ആവശ്യമായിത്തീരുന്നു.

താളലയത്തില്‍ പാട്ടുപാടുമ്പോള്‍ കുഞ്ഞ് ഉറങ്ങുന്നത് ഒരേ രീതിയിലുള്ള ഉത്തേജനം അധികരിക്കുന്നത് മൂലം കുഞ്ഞിന്റെ
നാഡീവ്യൂഹകേന്ദ്രത്തിനു ക്ഷീണം സംഭവിക്കുകയും തന്മൂലം പ്രസ്തുത നാഡീവ്യൂഹകേന്ദ്രത്തില്‍ ഒരു തരം നിരോധനം വന്നു ഭവിക്കുകയും ചെയ്യുന്നു. അതായത് ആഭാഗം പ്രവര്‍ത്തനരഹിതമായി അഥവാ ഉറങ്ങി എന്നര്‍ത്ഥം. ആ നിരോധനം ക്രമേണ മസ്തിഷ്‌കത്തെ മൊത്തം വ്യാപിക്കുന്നതോടെ പൂര്‍ണ്ണമായ ഉറക്കമായി മാറുന്നു. നമ്മള്‍ ഒരേ വിഷയത്തില്‍ ഏറെ നേരം ശ്ര‍ദ്ധിച്ചിരുന്നാല്‍ ക്രമേണ ബോറടിച്ച് ഉറങ്ങുന്നതിനെപുറകിലുള്ള ശാസ്ത്രവും ഇതു തന്നെ.

ഉറക്കം, ഹിപ്‌നോട്ടിസം തുടങ്ങിയവയെ സംബന്ധിച്ച് ധാരാളം അന്ധവിശ്വാസങ്ങള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്.
ബോധമനസ്സ്, ഉപബോധ മനസ്സ്, അബോധ മനസ്സ് തുടങ്ങിയ ഫ്രോയിഡിയന്‍ അസംബന്ധങ്ങള്‍ ചില മനഃശാ‍സ്ത്രജ്ഞര്‍ പോലും ഇന്നും വിശ്വസിക്കുന്നു. അതേക്കുറിച്ച് നമുക്ക് മറ്റൊരിക്കല്‍ പറയാം.

ആധുനിക ഗവേഷണങ്ങളുടെ വെളിച്ചത്തില്‍ ഉറക്കത്തെ പ്രധാനമായും മൂന്നായി തരം തിരിച്ചിരിക്കുന്നു. അതിലൊന്നാണ് ഗാഢനിദ്ര. മസ്തിഷ്‌കം പൂര്‍ണ്ണമായും നിരോധിക്കപ്പെടുന്ന അവസ്ഥയെയാണ് ഗാഢനിദ്ര എന്നു പറയുന്നത്. മസ്തിഷ്‌കത്തിന്റെ കുറേ ഭാഗങ്ങള്‍ ഉണര്‍ന്നിരിക്കുകയും മറ്റുചില ഭാഗങ്ങള്‍ നിരോധിതാവസ്ഥയിലായിരിക്കുകയും ചെയ്യുന്ന സ്ഥിതി വിശേഷമാണ് മറ്റൊന്ന്.

ഇതു രണ്ടുമല്ലാത്ത മറ്റൊരവസ്ഥയാണ് ജാഗ്രതയുള്ള ഗാഢനിദ്ര. മസ്തിഷ്‌കത്തിലെ ഒരു ചെറിയ കേന്ദ്രം ഏതെങ്കിലും പ്രത്യേക വസ്തുവിനോടോ പ്രതിഭാസത്തോടോ ജാഗ്രത പുലര്‍ത്തിക്കൊണ്ട് ഉണര്‍ന്നിരിക്കുകയും ബാക്കി എല്ലാ ഭാഗവും നിരോധിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയാണത്. മസ്തി‌കത്തിലെ ഉണര്‍ന്നിരിക്കുന്ന ആ ഭാഗത്തെ സെന്‍‌ട്രി പോസ്റ്റ് (Centry Post) എന്നാണ് മനഃശാസ്ത്രജ്ഞന്മാര്‍ വിളിക്കുക.

ഒരുദാഹരണം പറയാം. ശിശുവിനോടൊത്ത് ഉറങ്ങിക്കിടക്കുന്ന അമ്മയുടെ നിദ്ര ഈ മൂന്നാമത്തെ വിഭാഗത്തിലുള്ളതാണ്. കുഞ്ഞിന്റെ ചെറിയ അനക്കങ്ങള്‍ക്കും ശബ്‌ദങ്ങള്‍ക്കും ഉണരുന്ന അമ്മ അതിലും വലിയ ശബ്ദം മറ്റൊരാളുണ്ടാക്കിയാലും അറിയണമെന്നില്ല.

ശിശുവിന്റെ ചലനത്തിനു പോലും അമ്മ ഉണരുന്നത് സെന്‍‌ട്രി പോസ്റ്റിന്റെ പ്രവത്തനം കൊണ്ടും തല്‍ഫലമായി കുഞ്ഞിനോട് ഒരു പ്രത്യേക ബന്ധം നിലനില്‍ക്കുന്നത് കൊണ്ടുമാണ്. റപ്പോര്‍ (Rapport) എന്നാണ് ഈ ജാഗ്രതാവസ്ഥക്ക് പറയുന്ന പേര്.

അമ്മക്ക് ശിശുവിനോടുള്ള ജാഗ്രത -റപ്പോര്‍- ഹിപ്‌നോട്ടിക് നിദ്രാവസ്ഥയില്‍ നിദ്രാവിധേയന് ഹിപ്‌നോട്ടൈസറോടും ഉണ്ടാവും.

സാധാരണ ഉറക്കത്തിന്റെ കാരണങ്ങള്‍ തന്നെയാണ് ഹിപ്‌നോട്ടിക് നിദ്രയുടെയും കാരണങ്ങള്‍. ഒരേ ശബ്‌ദം തന്നെ ആവര്‍ത്തിച്ചു കേള്‍പ്പിക്കുന്നതിലൂടെയോ പ്രകാശമുള്ള ഒരു വസ്തുവില്‍ ദൃഷ്‌ടി കേന്ദ്രീകരിപ്പിക്കുന്നതിലൂടെയോ മസ്തിഷ്‌കത്തിന്റെ കേന്ദ്രനാഡീ വ്യൂഹത്തിന്റെ ദൃശ്യ-ശ്രാവ്യ കോശങ്ങള്‍ക്ക് തളര്‍ച്ച ബാധിപ്പിക്കുന്നു. പ്രസ്തുത തളര്‍ച്ച കാരണം ആ മേഖലയില്‍ നിരോധനം ഏര്‍പ്പെടുത്തുന്നു. ആ നിരോധനം മസ്തിഷ്‌ക്കാസകലം വ്യാപിക്കുന്നതിനിടയില്‍ ഹിപ്നോട്ടൈസറുമായി റപ്പോര്‍ ബന്ധം സ്ഥപിക്കുന്നതിനു വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുക മൂലം സെന്‍‌ട്രി പോസ്റ്റ് നിലനില്‍ക്കുന്നു. ഈ സെന്‍‌ട്രിപോസ്റ്റിന്റെ പ്രവര്‍ത്തനഫലമാണ് ഉറക്കത്തില്‍ ഹിപ്‌ട്ടൈസര്‍ക്ക് നിദ്രാവിധേയനുമായി അശയവിനിമയം നടത്താന്‍ കഴിയുന്നത്.

നിദ്രാവിധേയന്റെ മസ്തിഷ്‌‌കത്തിന്റെ ഭൂരിഭാഗവും നിരോധിതാവസ്ഥയില്‍ ആ‍യിരിക്കയാല്‍ ഹിപ്‌നോട്ടൈസറുടെ നിര്‍ദ്ദേശങ്ങള്‍ യാതൊരു ചെറുത്തുനില്‍പ്പിനും വിധേയമാകാതെ നിദ്രാവിധേയനില്‍ പ്രായോഗികമാകുന്നു.

ഹിപ്‌നോട്ടിസത്തിന്റെ നന്മതിന്മകളെക്കുറിച്ചും ഉപയോഗത്തെക്കുറിച്ചും ഫലപ്രാപ്തിയെക്കുറിച്ചും പിന്നാലെ പറയാം….കാരണം നമ്മുടെ പയ്യന്‍ ഉറങ്ങുകയാണ്…അവനെ ഉണര്‍ത്തണ്ടേ???

അവനെ ഉണര്‍ത്തി. പിറ്റേന്നു വീണ്ടും വരാന്‍ പറഞ്ഞു. അന്നും റിലാക്‍സേഷന്‍ മാത്രം കൊടുത്തു. അവന്‍ നിദ്രയിലായിരിക്കേ പെട്ടെന്ന് കറന്റ് പോയി. ഞാന്‍ വല്ലാതെ പരിഭ്രമിച്ചു. അവന്‍ ഉറങ്ങാന്‍ പോകുമ്പോള്‍ വെളിച്ചമുണ്ടായിരുന്നു. ഈ ഇരുട്ടത്ത്, ഇപ്പോഴെങ്ങാനും അവന്‍ ഉണര്‍ന്നാല്‍…???

(തുടരും)
Post a Comment