Feb 6, 2008

ഹിപ്‌നോട്ടിക്ക് അനുഭവങ്ങള്‍ - 1

എല്‍.പി സ്കൂളില്‍ പഠിക്കുന്ന കാലം മുതലേ മനഃശാസ്ത്രം മാസിക വായിക്കാനുള്ള അവസരം എനിക്കു കിട്ടിയിരുന്നു. കൊട്ടാരക്കരയില്‍ ജോലിയുള്ള അമ്മാവന്‍ വീട്ടില്‍ വരുമ്പോള്‍ കൊണ്ടുവരുന്ന മനഃശാസ്ത്രം മാസിക തട്ടിപ്പറിച്ചെടുത്ത് ആകെക്കൂടി വായിക്കുന്നതാകട്ടെ കാര്‍ട്ടൂണിസ്റ്റ് സുകുമാറിന്റെ ‘ഡോ.മനഃശാസ്ത്രി’ എന്ന കാര്‍ട്ടൂണ്‍ മാത്രവും. വളര്‍ന്നു വരവേ മറ്റു ലേഖനങ്ങളും വായിക്കാന് ‍ തുടങ്ങി.

മനഃശാസ്ത്രത്തോട് ഒരു താല്‍പ്പര്യം തോന്നാന്‍ അടിസ്ഥാന കാരണം ഇതാണെന്ന് എനിക്കു തോന്നുന്നു. മലയാളമനോരമ ദിനപ്പത്രത്തിലെ മാന്ത്രികനായ മാന്‍ഡ്രേക്ക്, മനോരമ ആഴ്ചപ്പതിപ്പിലെ മനഃശാസ്ത്രഞ്ജനൊട് ചോദിക്കുക എന്ന ഡോ.പി.എം.മാത്യി വെല്ലൂരിന്റെ പംക്തി തുടങ്ങിയവയൊക്കെ കുട്ടിക്കാലത്ത് മുടങ്ങാതെ വാ‍യിച്ചിരുന്ന ശീലമാവണം പില്‍ക്കാലത്ത് കൂടുതല്‍ മനഃശാസ്ത്ര പുസ്തകങ്ങള്‍ വായിക്കാനുള്ള പ്രേരണയായത്.

ഹൈസ്കൂള്‍ കാലത്ത് ഡോ.ജോണ്‍സണ്‍ ഐരൂര്‍ എഴുതിയ ലേഖനപരമ്പരകളും പുസ്തകങ്ങളും വായിക്കാനിടയായത് ഹിപ്‌നോട്ടിസത്തില്‍ അതിയായ താത്പര്യം ജനിപ്പിച്ചു. മുനിസിപ്പല്‍ ലൈബ്രറിയില്‍ ലഭ്യമായിരുന്ന പുസ്തകങ്ങളില്‍ നിന്നാണ് ഫ്രോയ്‌ഡിനെയും യുങ്ങിനേയും ഐ.പി.പാവ്‌ലോവിനെയുമൊക്കെ ഞാനറിയുന്നത്.

ആയിടക്ക് മതപണ്ഡിതനായ എന്റെ പിതാവിന്‍ പാലക്കാട്ടു നിന്നും ഒരു കത്തു ലഭിച്ചു. ഹിപ്‌നോട്ടിസം മതപരമായി അനുവദനീയമായ കാര്യമാണോ എന്നാരാഞ്ഞു കൊണ്ടായിരുന്നു ആ എഴുത്ത്. ഈ വക കാര്യങ്ങളില്‍ എന്റെ താല്പര്യം മനസ്സിലാക്കിയ പിതാവ് മറുപടി എഴുതാന്‍ എന്നെ ചുമതലപ്പെടുത്തി. ഒരല്പം ഗൌരവത്തോടെ പുസ്തകങ്ങള്‍ റെഫര്‍ ചെയ്യുവാന്‍ ഈ സംഭവം എന്നെ സഹായിച്ചു. ഹിപ്‌നോട്ടിസത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കണമെന്ന ആഗ്രഹം അന്നു തുടങ്ങിയതാണ്.

പിന്നീടെ കോഴിക്കോട്ട് പഠിക്കുന്ന കാലത്ത് മനഃശാസ്ത്രത്തിലും ഹിപ്‌നോട്ടിസത്തിലും അതീവതത്പരനും നിപുണനമായിരുന്ന ഇസ്മായില്‍ വഫ എന്ന എന്റെ അധ്യാപകനുമാനുമായുള്ള സഹവാസം കുറേയേറെ കാര്യങ്ങള്‍ പ്രായോഗികമായി മനസ്സിലാക്കാന്‍ എന്നെ സഹായിച്ചു. കോഴിക്കോട്ടെ പ്രശസ്തമനഃശാസ്ത്രജ്ഞന്‍ ഡോ.മുഹമ്മദ് ഹസ്സന്‍, കായംകുളത്തെ മനോരോഗവിദ്ഗ്ധന്‍ ഡോ.രാമന്‍ തുടങ്ങിയവരെ സംശയനിവൃത്തിക്കായി ഞാന്‍ സമീപിക്കാറുണ്ടായിരുന്നു.

കേവലം കൌതുകവും താല്പര്യവും കൊണ്ടുമാത്രം അറിയാന്‍ ശ്രമിച്ച ഒരു മനഃശാസ്ത്രശാഖയായിരുന്നു ഹിപ്‌നോട്ടിസം എന്നാണു പറഞ്ഞുവന്നത്. പരിശീലനത്തിനു വേണ്ടി ആദ്യകാലത്ത് ചില അടുത്തസുഹൃത്തുക്കളില്‍ പരീക്ഷിച്ചിരുന്നുവെങ്കിലും പ്രാരാബ്‌ധങ്ങള്‍ നിറഞ്ഞ ജീവിതപ്പാതയില്‍ മറ്റു പലതുമെന്ന പോലെ ഹിപ്‌നോട്ടിസവും ഞാന്‍ കൈവിട്ടു. എങ്കിലും പല ഘട്ടങ്ങളിലും സ്വയം പ്രത്യയനം (ഓട്ടോ സജഷന്‍) എന്ന രീതിയിലൂടെ സ്വയം ഹിപ്‌നോസിസിനു വിധേയനാകാറുണ്ടായിരുന്നു ഞാന്‍. ടെന്‍ഷന്‍ മറികടക്കുവാനും സമചിത്തതയോടെ തീരുമാനങ്ങളേടുക്കാനും പുകവലി ഉപേക്ഷിക്കുവാനും ഇതെന്നെ വളരെ സഹായിച്ചിട്ടുണ്ട്.

മറ്റുള്ളവരെ പറഞ്ഞു ബോധ്യപ്പെടുത്തി ഹിപ്‌‌നോട്ടൈസ് ചെയ്യണം എന്ന വാശിയൊന്നുമില്ലാതിരുന്നതിനാല്‍ ഹിപ്നോട്ടിസം എന്റെ മനസ്സില്‍ മാത്രമായി അവശേഷിച്ചു. തികച്ചും അവിചാരിതമായി രണ്ടു വ്യക്തികളെ ഹിപ്നോട്ടൈസ് ചെയ്യേണ്ടി വന്ന അനുഭവമാണ് ഇവിടെ കുറിക്കുന്നത്.

വര്‍ഷങ്ങള്‍ക്കു ശേഷം പണ്ട് ഹിപ്‌നോട്ടിക് പരീക്ഷണങ്ങളില്‍ സഹകരിക്കാറുണ്ടായിരുന്ന എന്റെയൊരു ആത്മസുഹൃത്ത് സഹായം തേടിയ കഥ ഓര്‍മ്മ വരുന്നു. അവന്‍ ഗള്‍ഫില്‍ പോകാനുള്ള എല്ലാ രേഖകളും ശരിയായി. എന്നാല്‍ ഗള്‍ഫ് ജോലി വേണ്ടെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് അവന്‍. എന്നോടു പറഞ്ഞിതങ്ങനെ: “എനിക്ക് ഗള്‍ഫില്‍ പോകണമെന്നും നല്ലജോലി സമ്പാദിക്കണമെന്നുമൊക്കെയുണ്ട്. എന്നാല്‍ പോകാന്‍ എനിക്കു പേടിയാണ്. നീയാ ഹിപ്‌നോട്ടിസം കൊണ്ടെങ്ങാനും എന്റെ പേടി മാറ്റിത്തരാമോ?”
ഞാന്‍ ചിരിച്ചു. പൂര്‍ണ്ണവിധേയത്വത്തോടെ തയ്യാറായി വന്നിരിക്കുന്ന അവനെ ഹിപ്‌നോട്ടൈസ് ചെയ്താല്‍ എന്തെങ്കിലും ഫലം കിട്ടുമെന്ന് എനിക്കു തോന്നി.
അവനെ ഹിപ്‌നോഅനലൈസിസിനു വിധേയനാക്കി. ഗള്‍ഫ് പേടിയുടെ കാരണം വ്യക്തമായി. വിമാനത്തില്‍ കയറാനുള്ള പേടിയായിരുന്നു വില്ലന്‍.
പേടിമറികടക്കാനുള്ള ചില നിര്‍ദ്ദേശങ്ങള്‍ ഹിപ്നോട്ടിക് അവസ്ഥയില്‍ നല്‍കി. സ്വയം പ്രത്യയനത്തിനുള്ള മാര്‍ഗ്ഗങ്ങളും നിര്‍ദ്ദേശിച്ചു. രണ്ടാഴ്ച്ചക്കകം സന്തോഷത്തോടെ അവന്‍ ഗള്‍ഫിലേക്ക് യാത്രയായി.

ഏറ്റവും തീവ്രവും ഹ്ഹിപ്നോട്ടിസത്തിന്റെ സാദ്ധ്യതകള്‍ പരമാവധി പരീക്ഷിക്കപ്പെട്ടതും അത്ഭുതകരവുമായ അടുത്ത അനുഭവം എനിക്കൊരിക്കലും മറക്കാന്‍ കഴിയില്ല.

1997 ല്‍ കുറച്ചു നാള്‍ ഒരു ബന്ധുവിനോടൊപ്പം ഞാന്‍ ബാംഗ്ലൂരില്‍ ഉണ്ടായിരുന്നു. ശിവാജി നഗറില്‍. അന്ന് അവിടുത്തെ ബ്രോഡ്‌വേ ജുമാ മസ്‌ദിലാണ് ഞാന്‍ നിസ്കരിക്കാന്‍ പോകാറുണ്ടായിരുന്നത്. അവിടെ വെച്ച് തൃശൂര്‍ക്കാരനായ ഒരു സൈനുവിനെ പരിചയപ്പെട്ടു. ഒരുനാള്‍ മഗ്‌രിബ് എന്ന സന്ധ്യാപ്രാര്‍ത്ഥനക്ക് സൈനുവിനോടൊപ്പം വന്ന ഒരു കൌമാരക്കാരനെ കണ്ട് എനിക്കെന്തോ പന്തികേട് തോന്നി.
മയക്കുമരുന്നു ഉപയോഗിക്കുന്നവന്റേതു പോലെയായിരുന്നു അവന്റെ ഭാവഹാവാദികള്‍. ഉറക്കം തൂങ്ങിയ കണ്ണുകള്‍, വീങ്ങിയ കണ്‍‌പോളകള്‍, ചീര്‍ത്ത് വിളറിയ മുഖം, ക്ഷീണിച്ച ശരീരം….
ഞാന്‍ സൈനുവിനോട് അന്വേഷിച്ചു, പയ്യനെന്തോ പ്രശ്നമുണ്ടോ?
അന്നു രാത്രി സൈനു എന്നോട് അവനെക്കുറിച്ചു പറഞ്ഞു. കാസര്‍കോഡ് സ്വദേശിയാണ്. ജ്യേഷ്‌ടന്മാര്‍ക്ക് ഇവിടെ പാല്‍ വിതരണമാണ് ജോലി. ഉമ്മ മരിച്ചു. നാട്ടില്‍ ഒറ്റക്കായ അനുജനെ അവര്‍ കൂടെകൊണ്ടുവന്നു നിര്‍ത്തിയിരിക്കുകയാണ്. അവന്‍ മാനസികമായി എന്തോ പ്രശ്‌നമുണ്ട്. ഉറക്കമില്ലായ്മയാണ് പ്രശ്‌നം. വല്ലപ്പോഴും ഉറങ്ങിയാല്‍ തന്നെ അലറിക്കൊണ്ട് ഞെട്ടിയുണരും. ശുചീകരണാവശ്യങ്ങള്‍ക്കു വേണ്ടി ജ്യേഷ്‌ടന്മാര്‍ സംഭരിച്ചുവെക്കുന്ന ബാരല്‍ കണക്കിനു വെള്ളം ഡിസംബറിലെ കൊടും തണുപ്പിലും അവന്‍ തലവഴിയേ ഒഴിക്കും…രാത്രി രണ്ടു മണി മൂന്നു മണി നേരത്ത്…

പൊറുതിമുട്ടിയ ജ്യേഷ്‌ടന്മാര്‍ അവനെ ഒരു മാനസികാരോഗ്യകേന്ദ്രത്തില്‍ കൊണ്ടുപോയി. അവര്‍ സെഡേറ്റീവ് നല്‍കുമ്പോള്‍ മയങ്ങും. മരുന്നിന്റെ ശക്തി കുറയുമ്പോള്‍ വീണ്ടും പഴയ പടി….അവര്‍ എല്ലാവരും മാനസികമായി ആകെ ബുദ്ധിമുട്ടി നില്‍ക്കുകയാണ്.

എല്ലാം കേട്ട് ഞാന്‍ കുറെനേരം ആലോചിച്ചു. ഇതാ ഒരു റിയല്‍ പേഷ്യന്റിനെ കയ്യില്‍ കിട്ടിയിരിക്കുന്നു. നമ്മടെ ഹിപ്‌നോട്ടിസം ഒന്നു പരീക്ഷിച്ചാലോ? പോയാല്‍ കുറേ വാക്കുകള്‍….കിട്ടിയാല്‍ ഒരുപാടുപേര്‍ക്കു സമാധാനം.
സൈനുവിനോടു വിവരം പറഞ്ഞു. ആദ്യം അയാള്‍ അമ്പരന്നു. ഞാന്‍ ആത്മവിശ്വാസത്തൊടെ ധൈര്യം കൊടുത്തപ്പോള്‍ അയാള്‍ പയ്യന്റെ ജ്യേഷ്‌ടന്മാരോട് വിവരം പറഞ്ഞു. അവര്‍ എന്നെ വന്നു കണ്ടു. ഒന്നു പരീക്ഷിക്കാമെന്ന എന്റെ നിര്‍ദ്ദേശം അവര്‍ അംഗീകരിച്ചു.

അടുത്ത ദിവസം വൈകുന്നേരം പയ്യനുമായി അവര്‍ എന്റെ മുറിയില്‍ വന്നു.

(തുടരും)

No comments: